Saturday, December 26, 2009

വീണ്ടെടുക്കേണ്ട പൊതുസ്ഥലങ്ങള്‍ - 1

പൊതുവിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കപ്പെടുന്നതിന് കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളായി നാം സാക്ഷ്യം വഹിക്കുകയാണ്‌. എണ്‍പതുകളില്‍ മന്ദഗതിയിലാരംഭിച്ച്‌ തൊണ്ണൂറുകളില്‍ ഗതിവേഗമാര്‍ജ്ജിച്ച ഈ പ്രക്രിയ 2010ലെത്തുമ്പോഴേക്കും സര്‍ക്കാര്‍ സ്കൂളെന്ന നിലവിട്ട്‌ എയ്ഡഡ്‌ സ്കൂളുകളെപ്പോലും പിന്തള്ളിക്കൊണ്ട്‌ വളര്‍ന്നിരിക്കുന്നു. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍പോലും നല്ലൊരു ശതമാനം കുട്ടികളും ഇന്ന്‌ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത്‌ അണ്‍ എയ്ഡഡ്‌ സ്കൂളുകളെയാണ്‌.

സര്‍ക്കാര്‍ സ്കൂളുകളുടെ ശോചനീയമായ ഭൌതികസാഹചര്യങ്ങളും അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിഷേധാത്മകമായ തൊഴില്‍ നിലപാടുകളും ആണ്‌ ഈ അവസ്ഥയ്ക്ക്‌ കാരണമായതെന്ന്‌ ആരെങ്കിലും വാദിച്ചാല്‍ അതിനെ തള്ളിക്കളയാനാവില്ല. പക്ഷെ ഈ അവസ്ഥയില്‍ കാലികമായി ഇടപെടേണ്ട, ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരുകളുടേതായിരുന്നു. അതവര്‍ ശരിയാംവണ്ണം ചെയ്തില്ലെന്നു മാത്രമല്ല, സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിനെ ഡിവിഷന്‍ ഫാള്‍, തസ്തിക വെട്ടിക്കുറക്കല്‍ തുടങ്ങിയ നടപടികളിലൂടെ തങ്ങളുടെ ചെലവു കുറക്കല്‍ പദ്ധതികളുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിലെന്താണിത്ര വലിയ പ്രശ്നമെന്ന്‌ നിഷ്കളങ്കമായി ചിന്തിക്കുന്ന ആര്‍ക്കും തോന്നാം. പഠിക്കാന്‍ കുട്ടികളില്ലാതാവുമ്പോള്‍ ഡിവിഷനുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വരും. അതിനനുസരിച്ച്‌ അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെട്ടെന്നുമിരിക്കും. ഇതൊക്കെ സ്വാഭാവികമാണെന്ന മട്ടിലാണ്‌ സര്‍ക്കാരിന്റെയും സമീപനം. ഈയൊരു സാഹചര്യത്തില്‍നിന്ന്‌ നോക്കിക്കാണുമ്പോഴാണ്‌ നമ്മളുടെ സ്കൂളുകളുടെ നിലവിലുള്ള അവസ്ഥയെ കൂടുതല്‍ ദയനീയമാക്കും വിധത്തിലുള്ള സിലബസ്‌ പരിഷ്കാരങ്ങള്‍ക്ക്‌ പിന്നില്‍ ഒരു രഹസ്യ അജണ്ടയുണ്ടോയെന്ന്‌ നമുക്ക്‌ സംശയിക്കേണ്ടിവരുന്നത്‌.

സേവനമേഖലകളിലെ ക്ഷേമനടപടികള്‍ക്കായി ധനം ‘ദുര്‍വ്യയം’ ചെയ്യാന്‍ പാടില്ലെന്നത്‌ അന്താരാഷ്ട്ര നാണയനിധിയടക്കമുള്ള ഏജന്‍സികള്‍ വായ്പ ലഭ്യമാക്കാനായി വെക്കുന്ന ഒരു മുന്നുപാധിയാണ്‌. ജനപക്ഷത്ത്‌ നില്‍ക്കുന്നുവെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബാധ്യതയുള്ള സര്‍ക്കാരുകള്‍ക്ക്‌ അവ പ്രത്യക്ഷത്തില്‍ നടപ്പിലാക്കാനാവില്ല. പ്രശ്നപരിഹാരത്തിനുള്ള എളുപ്പവഴിയെന്ന നിലയ്ക്ക്‌ അത്തരം സാമ്പത്തിക സ്രോതസ്സുകളെ വേണ്ടെന്നു വെയ്ക്കാനുമാവില്ല. അപ്പോള്‍ ഇതിനു രണ്ടിനുമിടയില്‍ ഒരു എളുപ്പവഴിയുണ്ട്‌. വേണ്ടത്ര ജീവനക്കാരോ ആവശ്യമായ ഭൌതികസാഹചര്യങ്ങളോ ഇല്ലാത്ത ആശുപത്രികളും സ്കൂളുകളും താനെ വിജനമായിക്കൊള്ളുമെന്ന്‌ അവര്‍ക്കറിയാം. സമാന്തരമായി, വ്യവസ്ഥകളും നിയന്ത്രണങ്ങളും ഉദാരമാക്കിക്കൊണ്ട്‌ സ്വകാര്യ ആശുപത്രികള്‍ക്കും വിദ്യാലയങ്ങള്‍ക്കും മറ്റും പടര്‍ന്നുവളരാനുള്ള സാഹചര്യം കൂടി ഒരുക്കിക്കൊടുത്താല്‍ ഇതിനെതിരെയുള്ള പ്രതിഷേധങ്ങളും സ്വാഭാവികമായും ദുര്‍ബലമായിക്കൊള്ളും. ആര്‍ക്കും വേണ്ടാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു എന്ന ഭാഷ്യത്തോടുകൂടി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കെല്ലാം സമൂഹത്തോടുള്ള ഈ പ്രാഥമിക ഉത്തരവാദിത്തത്തില്‍നിന്ന്‌ കൈകഴുകുകയുമാവാം.

ഇതുവരെ പറഞ്ഞുവന്നതൊക്കെ നാം നിരന്തരം കണ്ടുകൊണ്ടിരിക്കുന്നതും, പലവട്ടം ചര്‍ച്ച ചെയ്തിട്ടുള്ളതുമായ കാര്യങ്ങളുടെ ഒരു വശം. സേവനമേഖലയില്‍നിന്നുള്ള സര്‍ക്കാരിന്റെ പിന്‍മാറ്റത്തിന് സാമൂഹികമായി മറ്റു ചില മാനങ്ങള്‍ കൂടിയുണ്ട്. ബഹുസ്വരമായ നമ്മുടെ സമൂഹത്തെ മത,സമുദായ കേന്ദ്രീകൃതമായ ചെറുഘടകങ്ങളാക്കി വിഭജിച്ചെടുക്കാന്‍ മതസാമുദായികസംഘടനകള്‍ കാലങ്ങളായി നടത്തിവരുന്ന ശ്രമങ്ങള്‍ക്ക്‌ ഇതിലൂടെ സര്‍ക്കാര്‍ കുടപടിക്കുന്നുവന്നതാണ് അതിലൊന്ന്.

ഇന്ത്യക്കുതന്നെ മാതൃകയായ കേരളാമോഡലിന്റെ സൃഷ്ടിക്കുപിന്നില്‍ സുശക്തമായ ഒരു പൊതുവിദ്യാഭ്യാസസമ്പ്രദായമുണ്ടായിരുന്നു. അത്‌ മുന്നോട്ടുവെച്ച മതേതരമൂല്യങ്ങളുണ്ടായിരുന്നു. നാനാജാതിമതസ്ഥര്‍ ഒരു ബെഞ്ചിലിരുന്ന്‌ പഠിക്കുകവഴി ബഹുസ്വരതയെന്ന വിശാലമായ ആശയത്തെ ഉള്‍ക്കൊള്ളാന്‍ ബാല്യം തൊട്ടേ മനസ്സുകള്‍ പരുവപ്പെടുമായിരുന്നു. അനുഷ്ഠാനങ്ങള്‍ക്ക്‌ പകരം മൂല്യങ്ങള്‍ക്‌ പ്രാമുഖ്യം നല്‍കുന്ന മതേതരപാഠ്യസമ്പ്രദായം എല്ലാ മതങ്ങളുടെയും മൂല്യവ്യവസ്ഥ ഒന്നാണ്‌, അത്‌ നന്‍മയിലധിഷ്ഠിതമാണ്‌ എന്ന ധനാത്മകമായ ബോധ്യം ഉല്‍പാദിപ്പിച്ചിരുന്നു. ഇന്നും നമ്മുടെ പൊതുസമൂഹത്തില്‍നിന്ന്‌ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിട്ടില്ലാത്ത മതേതരമൂല്യങ്ങളുടെ നിര്‍മിതിയില്‍ ഇത്തരം പൊതുവിദ്യാലയങ്ങള്‍ വഹിച്ച പങ്ക്‌ നിര്‍ണായകമാണ്‌. ഈ ഇടമാണ്‌ ഇന്ന്‌ മതസാമുദായികസംഘടനകള്‍ ചേര്‍ന്ന്‌ കയ്യടക്കിക്കൊണ്ടിരിക്കുന്നത്‌.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ കേരളീയവിദ്യാഭ്യാസരംഗത്ത്‌ കൃസ്ത്യന്‍മിഷനറിമാരുടേതടക്കമുള്ള മതസംഘടനകളുടെ സാന്നിധ്യം പ്രബലമായിരുന്നു. മതപരമായ അനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനകളുമൊക്കെ ഏറിയും കുറഞ്ഞും അന്നുമുണ്ടായിരുന്നുവെങ്കിലും അത്‌ നാനാജാതിമതസ്ഥരായ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിടവ്‌ സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ ഇന്ന്‌ വിദ്യാഭ്യാസരംഗം കൈയ്യടക്കിക്കഴിഞ്ഞ ഹിന്ദു-മുസ്ളിം-കൃസ്ത്യന്‍ സാമുദായികസംഘടനകളുടെ വിദ്യാലയങ്ങള്‍ പൊതുസമൂഹത്തില്‍നിന്നുള്ള മതേതരമൂല്യങ്ങളുടെ ശോഷണത്തെ തീവ്രഗതിയിലാക്കുകയാണ്‌. കൃസ്ത്യാനികളുടെ കുട്ടികള്‍ ക്രൈസ്തവവിദ്യാലയങ്ങളില്‍തന്നെ പഠിക്കണമെന്ന്‌ പവ്വത്തിലിനെപ്പോലുള്ള പുരോഹിതര്‍ ഉളുപ്പില്ലാതെ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പ്രസ്താവനകളിറക്കുന്നത്‌ ഈയൊരു സാംസ്കാരിക അന്തരീക്ഷത്തില്‍ നിന്നാണ്‌. അമൃതാസ്കൂളുകളും സരസ്വതീവിദ്യാമന്ദിറുകളുമൊക്കെ മറയാക്കി ഹിന്ദുത്വവാദം പോലുള്ള പ്രതിലോമരാഷ്ട്രീയം കുരുന്നിലെ നട്ടുവളര്‍ത്തപ്പെടുന്നതിനെയും സുന്നി, മുജാഹിദ്‌, ജമാ അത്തെ ഇസ്ളാമി തുടങ്ങിയ സംഘടനകള്‍ അവരവരുടെ സ്കൂളുകളെ മുന്‍നിര്‍ത്തി മതരാഷ്ട്രീയം വളര്‍ത്തുന്നതിനെയും ഫലപ്രദമായി സര്‍ക്കാറുകള്‍ക്ക്‌ തടയാന്‍ കഴിയാത്തതിന്റെയും കാരണം മറ്റൊന്നല്ല.

വേദപഠനക്ളാസ്സുകളും സണ്‍ഡേസ്കൂളുകളും മദ്രസകളുമൊക്കെ പണ്ടുമുണ്ടായിരുന്നെങ്കിലും അവ കുട്ടികളുടെ സാമൂഹ്യബോധത്തെ അന്യവല്‍ക്കരിക്കാതിരുന്നത്‌ ഇതൊക്കെ കഴിഞ്ഞ്‌ അവര്‍ മടങ്ങിവന്നിരുന്നത്‌ നാനാജാതിമതസ്ഥര്‍ ഒരുമിച്ചിരുന്ന്‌ പഠിക്കുന്ന ബൃഹത്തും മതേതരവുമായ ഒരു പൊതുവിദ്യാഭ്യാസസമ്പ്രദായത്തിലേക്കാണ്‌ എന്നതുകൊണ്ടായിരുന്നു. ആ നിലയ്ക്ക്‌ ബഹുസ്വരതയെ അംഗീകരിക്കാന്‍ വിമുഖതയില്ലാത്ത അഖണ്ഡവും മതനിരപേക്ഷവുമായ ഒരു ദേശീയബോധത്തിന്റെ പ്രഭവകേന്ദ്രം ആയിരുന്നു നമ്മുടെ വിദ്യാലയങ്ങള്‍. അത്തരമൊരു സാംസ്കാരികഇടമാണ്‌ ഭരണകൂടങ്ങളുടെ അനാസ്ഥവഴി നമുക്ക്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്‌. അതിന്റെ പ്രതിപ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ണ്ണമായിട്ടില്ലെന്നിരിക്കെ നിലനില്‍ക്കുന്ന ദുരവസ്ഥയില്‍നിന്നുകൊണ്ട്‌ ഇനിയും മുന്നോട്ട്‌ നോക്കുമ്പോള്‍ നമ്മുടെ ഭാവി എത്രത്തോളം ഇരുളടഞ്ഞതായേക്കാമെന്ന് ഊഹിക്കാനെങ്കിലും കഴിയുന്നുണ്ടോ?

Monday, December 21, 2009

ഒളിഞ്ഞുനോക്കുന്ന സദാചാരക്കണ്ണുകള്‍

കഴിഞ്ഞ ദിവസം വരെ വേദികളില്‍നിന്ന്‌ വേദികളിലേക്ക്‌ ഘോരഘോരം സദാചാരം പ്രസംഗിച്ചുനടന്ന, മറ്റുള്ളവര്‍ക്കുമേല്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചിരുന്ന ഒരാള്‍ ഇരുട്ടിവെളുക്കും മുന്‍പെ അതേ കൃത്യത്തിന്‌ പിടിക്കപ്പെട്ട്‌ മുഖം മറച്ച്‌ പോലീസ്‌ ജീപ്പിലിരിക്കുന്ന കാഴ്ച കണ്ടുകൊണ്ടാണ്‌ ഇന്ന്‌ കേരളം പുലര്‍ന്നത്‌. സ്ത്രീകളെക്കുറിച്ച്‌ പൊതുവിലും രാഷ്ട്രീയ എതിരാളികളായ പുരുഷന്‍മാരെക്കുറിച്ച്‌ പ്രത്യേകിച്ചും അശ്ളീലം പ്രസംഗിച്ച്‌ ഒരുപാട്‌ കൈയ്യടിനേടിയയാളാണ്‌ രാജ്‌ മോഹന്‍ ഉണ്ണിത്താന്‍. അര്‍ദ്ധരാത്രിയില്‍ കാരാട്ട്‌ ബൃന്ദയുടെ തുടയില്‍തൊട്ടുണര്‍ത്തിയാല്‍ അവൈലബിള്‍ പൊളിറ്റ്ബ്യൂറൊ ആയി എന്ന സൂപ്പര്‍ഹിറ്റ്‌ മുതല്‍ സൂഫിയയിലാണ്‌ പിണറായിക്ക്‌ കണ്ണെന്ന്‌ ധ്വനിപ്പിക്കുന്ന ലേറ്റസ്റ്റ്‌ ഹിറ്റ്‌ വരെ രാജ്മോഹന്‍ വേദികളില്‍നിന്ന്‌ വേദികളിലേക്ക്‌ പ്രകമ്പനങ്ങളാക്കി കൊണ്ടുനടന്നു. കേരളീയന്റെ കപടസദാചാരബോധത്തെയും സ്ത്രീവിരുദ്ധതയെയും ഇത്ര സമര്‍ത്ഥമായി പൊതുവേദികളില്‍ ഉപയോഗപ്പെടുത്തിയ മറ്റൊരു നേതാവിനെ സമീപകാലരാഷ്ട്രീയചരിത്രത്തില്‍നിന്ന്‌ കണ്ടെടുക്കുക പ്രയാസം. അങ്ങനെയുള്ള ഉണ്ണിത്താന്‍ ഒടുവില്‍ താന്‍ കുഴിച്ച കുഴിയില്‍ തന്നെ വീണെന്നതില്‍ ഒരു കാവ്യനീതിയൊക്കെയുണ്ട്‌.

പക്ഷേ ഈ പോസ്റ്റ്‌ ഉന്നയിക്കാന്‍ ശ്രമിക്കുന്ന വിഷയം അതല്ല. അതിന്റെ പശ്ചാത്തലം രാജ്മോഹന്‍ ഉണ്ണിത്താന്റേതുപോലെ ഒരു പിന്തിരിപ്പന്‍ വ്യക്തിത്വം ചെന്നുപെട്ട അബദ്ധത്തിന്റേതായിപ്പോയത്‌ ചര്‍ച്ചയുടെ ഗൌരവം കുറയ്ക്കുമോ എന്നൊരു ഭയം ന്യായമായും നിലനില്‍ക്കുമ്പോഴും സമീപകാലത്തായി നടന്ന പല സംഭവങ്ങളുമായി പ്രതിസ്ഥാനത്ത്‌ ഇയാളെപ്പോലൊരു ബോറനല്ലായിരുന്നുവെങ്കില്‍ ഈ സംഭവത്തെയും കൂട്ടിവായിക്കാം എന്നതുകൊണ്ട്‌ ഉദ്യമവുമായി മുന്നോട്ടുപോവുന്നു.

ഉണ്ണിത്താനെയും അയാളുടെ സദാചാരമുഖംമൂടിയെയുമൊക്കെ മാറ്റിവെച്ചാല്‍ ഇവിടെ പ്രശ്നം മനുഷ്യാവകാശത്തിന്റേതാണ്. ഉഭയസമ്മതപ്രകാരം ഒരു പുരുഷനും സ്ത്രീയും ഒരുമിച്ചു താമസിക്കുന്നതോ ലൈംഗികബന്ധം പുലര്‍ത്തുന്നതോ നമ്മുടെ നിയമവ്യവസ്ഥയനുസരിച്ച്‌ കുറ്റകരമല്ല. ലൈംഗികവിപണനവുമായി ബന്ധപ്പെട്ട്‌ പണം വാങ്ങിയുള്ള ലൈംഗികബന്ധം മാത്രമേ അനാശാസ്യപ്രവര്‍ത്തനമായി കരുതാന്‍ പറ്റൂ എന്നിരിക്കേ ഈ പറഞ്ഞ കേസില്‍ പോലും സദാചാരകമ്മിറ്റിക്കാരായ ജനക്കൂട്ടത്തെ പിരിച്ചുവിട്ട്‌ ഉണ്ണിത്താനും കൂട്ടുകാരിക്കും സ്വസ്ഥമായി അന്തിയുറങ്ങാനുള്ള സൌകര്യമൊരുക്കുകയാണ്‌ മനുഷ്യാവകാശസംരക്ഷണത്തിന്റെ ഭാഗമായി പോലീസിനു ചെയ്യാനുണ്ടായിരുന്നത്‌; പൊതുസമൂഹത്തില്‍ ഇത്തരമൊരു മനുഷ്യത്വവിരുദ്ധമായ കപടസദാചാരബോധം അരക്കിട്ടുറപ്പിക്കാന്‍ കാരണക്കാരനായ ഒരു വ്യക്തിയെന്ന നിലയില്‍ അയാള്‍ അതര്‍ഹിക്കുന്നില്ലെങ്കില്‍പോലും.

ജോളി ചിറയത്ത്‌ ഈ ലക്കം പച്ചക്കുതിരയില്‍ എഴുതിയ 'നെല്ലിയാമ്പതിയില്‍ ഒരു സദാചാരക്കാലത്ത്‌' എന്ന ലേഖനമുള്‍പ്പെടെ നേരിട്ടറിയാവുന്നതും കേട്ടറിവുള്ളതുമായ നിരവധി സംഭവങ്ങളില്‍ പോലീസിന്റെയോ നാട്ടുകാരുടെയോ ആയ ഇത്തരം അറുപിന്തിരിപ്പന്‍ സദാചാരസംസ്ഥാപനശ്രമങ്ങളുണ്ട്‌. സ്വവര്‍ഗരതിവരെ നിയമസാധുത നേടിക്കഴിഞ്ഞിട്ടും നമ്മുടെ പൊതുബോധം ഇപ്പോഴും പഴയ വിക്റ്റോറിയന്‍ മൂല്ല്യങ്ങളില്‍ കിടന്നുകറങ്ങുകയാണെന്നുള്ളത്‌ പരിതാപകരമാണ്‌. അന്യന്റെ സ്വകാര്യതയിലേക്ക്‌ സദാ തുറന്നുപിടിച്ചിരിക്കുന്ന കണ്ണായിരിക്കുന്നു മലയാളിയുടെ സദാചാരം. ഇക്കാര്യത്തില്‍ പുരോഗമനപരമായ നിലപാടെടുക്കേണ്ട സംഘടനയെന്ന നില വിട്ട്‌ ഇടതുയുവജനസംഘടനകള്‍ വരെ പഴഞ്ചന്‍ കാഴ്ചപ്പാടുകള്‍ പിന്തുടരുന്നു എന്നത്‌ അതിലേറെ പരിതാപകരം. ഇത്തരമൊരു വിഷയത്തില്‍പോലും ഉടനടി അഭിപ്രായവോട്ടെടുപ്പ്‌ നടത്തിയേക്കാവുന്ന നിലയ്ക്ക്‌ പ്രതിബദ്ധതകളൊക്കെ നഷ്ടപ്പെട്ടുകഴിഞ്ഞ മാധ്യമങ്ങളും കൂടിയാവുമ്പോള്‍ സാക്ഷരകേരളം ഇരുണ്ട കാലഘട്ടത്തിലേക്ക്‌ തിരിഞ്ഞുനടക്കുന്ന കാഴ്ച പൂര്‍ണ്ണമാകുന്നു.

Friday, December 18, 2009

പര്‍ദയണിഞ്ഞ സ്ത്രീ...

മാധ്യമങ്ങല്‍ക്കിത് ചാകരക്കാലം. കായികമാമാങ്കങ്ങള്‍, പ്രശസ്തരുടെ ശവസംസ്കാരചടങ്ങുകള്‍, മകരവിളക്ക് പോലുള്ള ആത്മീയറിയാലിറ്റിഷോകള്‍ തുടങ്ങിയവ മാത്രം തത്സമയം കണ്ട് ശീലിച്ചിട്ടുള്ള മലയാളിക്ക് ഒരറസ്റ്റ് ലൈവായി കാണാന്‍ ഭാഗ്യം സിദ്ധിച്ചത് ഇന്നലെയാണ്. കള്ളനും പോലീസും കളിക്കുന്ന കുട്ടികള്‍ ഓടിച്ചിട്ട് പിടിച്ച കള്ളന്റെ ഉച്ചിയിലടിച്ച് അറസ്റ്റെന്ന് പറയുമ്പോലെയെങ്ങാനുമാണോ സംഭവമെന്ന് അറിയാനായി ഉദ്വേഗപൂര്‍വം കാത്തിരുന്നവര്‍ പക്ഷേ നിരാശരായി. സൂഫിയാമദനിയെ അറസ്റ്റ് ചെയ്തത് കാറിനുള്ളില്‍ വച്ചായിപ്പോയതുകൊണ്ട് കൊണ്ടുപിടിച്ച് ശ്രമിച്ചിട്ടും ക്യാമറകള്‍ക്ക് ക്ലൈമാക്സ് ഒപ്പിയെടുക്കാനായില്ല. കഷ്ടം!

കളമശ്ശേരി ബസ്സ് കത്തിക്കലുമായും ലഷ്കര്‍ ഭീകരന്‍ തടിയന്റവിട നസീറുമായും ഒക്കെ മദനി കുടുംബത്തിന് ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബന്ധവും അതിന്റെ പശ്ചാത്തലത്തില്‍ ഇരുമുന്നണികളും ഒരുപോലെ പിടിച്ച പുലിവാലും അനുബന്ധ ആരോപണപ്രത്യാരോപണങ്ങളും ഒക്കെയായി ഒന്നു മുള്ളാന്‍ പോലും ടിവിയുടെ മുന്‍പില്‍നിന്ന് എഴുന്നേല്‍ക്കാന്‍ വയ്യാതെ പോയ ഏതാനും ദിവസങ്ങളുടെ പരിസമാപ്തി കുറിച്ചു, അറസ്റ്റ് വാര്‍ത്ത. ഇനിയൊന്ന് നടുനിവര്‍ത്താം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് വിചാരണയെക്കുറിച്ചുള്ള വിശദാംശങ്ങളുമായി ടിവി ലേഖകന്‍.
സൂഫിയാമദനിക്കുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദത്തോടെയാണ് വിചാരണ തുടങ്ങിയതെന്ന് അറിയിച്ച ലേഖകന്‍ സൂഫിയ രണ്ടു കുട്ടികളുടെ മാതാവായ സ്ത്രീയാണ്, രോഗിയാണ് തുടങ്ങിയ വാദങ്ങള്‍ക്കൊപ്പം മുന്‍കൂര്‍ ജാമ്യം അഭ്യര്‍ത്ഥിച്ചുകൊണ്ട് വിചിത്രമായ ഒരു വാദം കൂടി ഉന്നയിച്ചതായി പറഞ്ഞു. അവര്‍ ഒരു പര്‍ദാധാരിയായ സ്ത്രീയാണ് എന്നതായിരുന്നു ആ വാദം. ആദ്യം കേട്ടപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കിക്കൊണ്ടുള്ള വാദത്തിനിടയിലും വക്കീല്‍ ഇതേ വാദം ആവര്‍ത്തിച്ചുവെന്ന് ടിവി വഴിയറിഞ്ഞപ്പോള്‍ അതല്പം അസ്വാഭാവികമായി തോന്നുകതന്നെ ചെയ്തു. രണ്ടു കുട്ടികളുടെ മാതാവ്, രോഗിണി തുടങ്ങിയ വാദങ്ങള്‍ കോടതിയുടെ അനുകമ്പ അര്‍ത്ഥിച്ചുകൊണ്ടായിരുന്നെങ്കില്‍ പര്‍ദാധാരിണിയായ സ്ത്രീയാണ് എന്നവാദം എന്തായിരിക്കാം ലക്ഷ്യംവെച്ചത്?

പര്‍ദധരിക്കുന്ന ഒരു സ്ത്രീയെന്ന നിലയ്ക്ക് ഇവരെ ജയിലിലേക്ക് അയക്കുകയാണെങ്കില്‍ ജയില്‍ വസ്ത്രത്തിനുമുകളിലും പര്‍ദ ധരിക്കാന്‍ അവരെ അനുവദിക്കുംവണ്ണം ജയില്‍ചട്ടങ്ങള്‍ മാറ്റേണ്ടിവരും എന്നതുകൊണ്ടാവുമോ? അതോ പര്‍ദ ധരിക്കുന്നൊരു സ്ത്രീക്ക് കുറ്റകൃത്യങ്ങള്‍ ചെയ്യാനാവില്ലെന്നത് മുഖവിലയ്ക്കെടുക്കണമെന്നതോ? ആണെങ്കില്‍ അത് അപകടകരമായ ഒരു തുടര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. മലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയായ സ്ത്രീയുടെ പ്രതിരോധത്തിനായി കാവിവസ്ത്രം ഉയര്‍ത്തിക്കാണിക്കുന്നതും അഭയക്കേസില്‍ പ്രതിയാക്കപ്പെട്ട സ്ത്രീയുടെ പ്രതിരോധത്തിനായി തിരുവസ്ത്രം ഉയര്‍ത്തിക്കാണിക്കുന്നതും പോലെയുള്ള ഒരസംബന്ധം തന്നെയാണിതും. കുറ്റം തെളിയിക്കപ്പെടുന്നതുവരെ ആരും കുറ്റവാളിയല്ല. എങ്കിലും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടിയുള്ള കുറ്റാരോപിതരുടെ ശ്രമങ്ങള്‍ കൂടുതല്‍ വസ്തുനിഷ്ഠമാവേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഉത്തരേന്ത്യയിലെ ഒരു ബലാത്സംഗക്കേസിലുയര്‍ന്ന, പ്രതിയായ പെണ്‍കുട്ടി അധകൃതവിഭാഗത്തില്‍പ്പെട്ടതാണെന്നും സവര്‍ണനായപ്രതിക്ക് അയിത്തം നോക്കേണ്ടതുള്ളതു കൊണ്ട് പ്രഥമദൃഷ്ട്യാതന്നെ കേസിനാധാരമായ കുറ്റകൃത്യം നടന്നിട്ടില്ലെന്നതുപോലുള്ള വാദങ്ങളിലേക്ക് നമ്മുടെ കോടതിമുറികള്‍ അധപതിക്കും. അവരവരുടെ വിശുദ്ധഗ്രന്ഥങ്ങള്‍ തൊട്ട് ആണയിട്ടാല്‍പിന്നെ വിചാരണയൊന്നും വേണ്ടെന്ന നിലയിലേക്ക് നിയമവ്യവസ്ഥിതി എത്തിച്ചേരാന്‍ പിന്നെ അധികമൊന്നും സഞ്ചരിക്കേണ്ടി വരില്ല.

ക്രിമിനല്‍ കുറ്റങ്ങളുടെ കാര്യത്തില്‍ കുറ്റാരോപിതരുടെ മതവിശ്വാസത്തെ കണക്കിലെടുക്കുന്ന പതിവ് നമ്മുടെ നിയമവ്യവസ്ഥയില്‍ ഇല്ലെന്നിരിക്കെ ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്ന അഭിഭാഷകര്‍ തെറ്റായൊരു കീഴ്വഴക്കമാണ് തുടരുന്നത്. മതപരമായൊരു സ്വത്വബോധത്തിലേക്ക് നമ്മുടെ ബഹുസ്വരസമൂഹത്ത്തിന്റെ മനസ്സിനെ പരുവപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യംവെച്ചുകൊണ്ട് യാഥാസ്ഥിതിക മതമൌലികവാദികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒത്താശചെയ്തുകൊടുക്കുകയാണ് തങ്ങളെന്ന് അഭിഭാഷകരും നിയമവ്യവസ്ഥയും തിരിച്ചറിഞ്ഞില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും.

Friday, December 11, 2009

മതാഭിമാനത്തിന്റെ പ്രച്ഛന്നവേഷങ്ങള്‍

മലയാളിയുടെ സമൂഹമനസ്സിലാകെ മുസ്ലിംനാമധാരികള്‍ ഭീകരരൂപമാര്‍ജ്ജിച്ചതിന് ജി പി രാമചന്ദ്രന്‍ തന്റെ "ലേഖനത്തില്‍"സൂചിപ്പിച്ചതുപോലെ സുദീര്‍ഘമായ ഒരു ചരിത്രം തന്നെയുണ്ട്. ഒരു മതേതരവാദിയായിരിക്കുകയെന്നത് ഒരു സമൂഹത്തിലും ആര്‍ക്കും എളുപ്പത്തില്‍ ആര്‍ജ്ജിക്കാവുന്ന ഒരു ഗുണമല്ല. സ്ത്രീവാദവും ദളിതവാദവുമുള്‍പ്പെടെയുള്ള മാനവികതയുടെ ഉത്തരാധുനികപരിപ്രേക്ഷ്യങ്ങള്‍ സ്വന്തം കാഴ്ചയിലേക്കും ചിന്തയിലേക്കും ആവാഹിക്കുവാന്‍ ഓരോ മനുഷ്യനും നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. ഇതിലുണ്ടാവുന്ന നേരിയ ഉദാസീനതകള്‍ പോലും നമ്മെ യാഥാസ്ഥിതികതയുടെ പിന്തിരിപ്പന്‍ ധാരകളിലേക്ക് പിടിച്ചുതള്ളിയേക്കാം. പരോക്ഷമായി സംഭവിക്കുന്ന ഇത്തരം അധപതനങ്ങള്‍ നമ്മള്‍ തിരിച്ചറിയുന്നതിനു മുന്‍പെ നമ്മളുള്‍പ്പെടെയുള്ള ഒരു ബഹുസ്വരസമൂഹത്തിന്റെ വിധിയെത്തന്നെ മാറ്റിമറിച്ചേക്കാം. മനസ്സിലാക്കിയാലും ഇല്ലെങ്കിലും ലൌജിഹാദ് വിവാദം നമ്മുടെ സമൂഹത്തില്‍ നടത്തുന്നത് അത്തരമൊരു ഇടപെടലാണ്.

2005ന് ശേഷമുള്ള നാലുവര്‍ഷത്തിനിടയില്‍ നാലായിരത്തോളം നിര്‍ബന്ധിതമതപരിവര്‍ത്തനങ്ങള്‍ പ്രണയസംബന്ധിയായി നടന്നിട്ടുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ടെന്ന് ഇക്കഴിഞ്ഞ ദിവസം കോടതി വെളിപ്പെടുത്തുകയുണ്ടായി. അങ്ങനെയെങ്കില്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും ഉന്നയിക്കാവുന്ന ഒരു സംശയം പ്രഥമദൃഷ്ട്യാതന്നെ പൌരാവകാശ ലംഘനമായി വെളിപ്പെടാവുന്ന അത്തരം കുറ്റകൃങ്ങള്‍ എന്തുകൊണ്ട് കേസായി രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല എന്നതാണ്. ഇനി അഥവാ അങ്ങനെ ധാരാളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ 2009ന് മുന്‍പുതന്നെ ഇതില്‍ തുടരന്വേഷണവും തീര്‍പ്പും ഉണ്ടാവേണ്ട്തായിരുന്നില്ലേ? കഴിഞ്ഞ ഏ താനും മാസങ്ങള്‍ക്ക് മുന്‍പ് വരെ ഇത്തരം ചര്‍ച്ചകള്‍ ഒരു മാധ്യമത്തിലും പ്രത്യക്ഷപ്പെടാതിരുന്നതെന്ത്?

3000നും 4000നും ഇടയില്‍ നിരബന്ധിതമതപരിവര്‍ത്തനങ്ങള്‍ നടന്നു എന്ന് ഉത്തരവാദപ്പെട്ട ഒരു പോലീസ്മേധാവി തന്റെ റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്ത അതേ മാധ്യമങ്ങള്‍ ഇവയില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് പരാതികളായി രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്നും പറയുന്നു. അപ്പോള്‍ ബാക്കി ആയിരക്കണക്കിന് കേസുകളോ? ഇതില്‍നിന്നൊക്കെ നമുക്ക് പരമാവധി ഊഹിച്ചെടുക്കാവുന്നത് ഇക്കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ നാലായിരത്തോളം ഹിന്ദു-കൃസ്ത്യന്‍ യുവതികള്‍ വിവാഹത്തോടനുബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കാം എന്നു മാത്രമാണ്. അത്തരം കേസുകളൊക്കെ കുറ്റകൃത്യങ്ങളാണെന്നു വന്നാല്‍ മിശ്രവിവാഹവും മതം മാറ്റവുമൊക്കെ ഒപ്പം കുറ്റങ്ങളാവുന്നു. സ്നേഹിച്ച പുരുഷനോ സ്ത്രീക്കോവേണ്ടി സ്വമേധയാ തന്റെ മതം ഉപേക്ഷിക്കാന്‍ ഒരു വ്യക്തിയെടുക്കുന്ന തീരുമാനം അയാളുടെ പൌരാവകാശങ്ങളുടെ പരിധി കടന്ന് സാമൂഹ്യമായ ഒരു കുറ്റമായി തീരുന്നു. മതപരമായ മിഥ്യാഭിമാനങ്ങള്‍ വെച്ച് പുലര്‍ത്തുന്ന മൌലികവാദികള്‍ക്കല്ലാതെ ആര്‍ക്കാണിത് ഒരു ഭീഷണിയായും ക്രമസമാധാനപ്രശ്നമായും കാണാനാവുക?

കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കില്‍കൂടി ഹിന്ദുമുസ്ലിം പ്രണയങ്ങളിലൂടെ ഇസ്ലാമില്‍നിന്ന് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരെയും നമ്മുടെ ചുറ്റുവട്ടത്ത് നിന്നു തന്നെ ധാരാളമായി എണ്ണിയെടുക്കാവുന്നതാണ്. അവയെയൊക്കെയപ്പോള്‍ എന്ത് ജിഹാദായി എണ്ണണം?

ഒരു മനുഷ്യന്റെ പൌരാവകാശത്തിനുമേലുള്ള കടന്നുകയറ്റമെന്ന നിലയില്‍ നിര്‍ബന്ധിതമതപരിവര്‍ത്തനം നമ്മുടെ ഭരണഘടനാപ്രകാരം ഇപ്പോള്‍തന്നെ ഒരു കുറ്റകൃത്യമാണെന്നിരിക്കെ ഇതിനെ തടയാന്‍ പുതിയ നിയമം വേണമെന്ന വാദം ഏതു ദിശയിലേക്കാണ് സഞ്ചരിക്കുന്നത്? നിര്‍ബന്ധിതമതം മാറ്റം നിലവില്‍ നിയമാനുസൃതമാണോ? അങ്ങനെയാണെങ്കില്‍ നമ്മുടെ ഭരണഘടന നമുക്ക് ആവര്‍ത്തിച്ചുറപ്പുനല്‍കുന്ന മനുഷ്യാവകാശങ്ങള്‍ക്ക് എന്ത് വിലയാണുള്ളത്? അല്ലെങ്കില്‍ പിന്നെ നിര്‍ബന്ധിതമതപരിവര്‍ത്തനത്തിനെതിരെ നിര്‍മ്മിക്കപ്പെടേണ്ടതുണ്ടെന്ന് പറയപ്പെടുന്ന ഈ അധികനിയമം ഗുജറാത്തിലെയും മറ്റും പോലെ ഫലത്തില്‍ മതമ്മാറ്റത്തിനെതിരെയുള്ളൊരു നിയമം തന്നെയായിത്തീരില്ലേ?

ലൌ ജിഹാദ്, റോമിയൊ ജിഹാദ് തുടങ്ങിയ പേരുകളില്‍ ഒരു സംഘടനയും നിലനില്‍ക്കുന്നില്ലെന്ന് ഒരിടത്ത് ഉറപ്പ് നല്‍കുകയും മറ്റൊരിടത്ത് നിര്‍ബന്ധിതമതപരിവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് സൂചിപ്പിക്കുകയും ചെയ്യുന്ന അന്വേഷണ ഏജന്‍സികള്‍ യഥാര്‍ത്ഥത്തില്‍ സൃഷ്ടിക്കുന്നത് ആഴമുള്ള ആശയക്കുഴപ്പങ്ങളാണ്. സതിയും സാവിത്രിയും ഫാത്തിമയും ജമീലയുമായി മാറുന്നതില്‍, കുങ്കുമക്കുറി വിളങ്ങേണ്ട അവരുടെ നെറ്റികള്‍ തട്ടമിട്ട് മറയ്ക്കപ്പെടുന്നതില്‍ വേദനിക്കുകയും ആശങ്കപ്പെടുകയും ചെയ്യുന്ന മതാഭിമാനത്തിന്റെ അളവ് ഏറുന്നതിനനുസരിച്ച് അതൊരു ക്രമസമാധാനപ്രശ്നമായി മാറിയേക്കാം. പക്ഷേ അതിന് ഒത്താശചെയ്യുംവണ്ണം നിയമനിര്‍മാണം തന്നെ വേണമെന്ന ശാഠ്യങ്ങള്‍ക്ക് പിന്നിലുള്ളത് ഹിന്ദുത്വാജണ്ടകള്‍ക്ക് വശപ്പെട്ട മനസ്സ് തന്നെയാണ്. നാളെ പരിസരത്തെ പള്ളിയില്‍ നിന്നുയരുന്ന ബാങ്ക് വിളിയും പെന്തക്കോസ്ത്കാരന്റെ മുട്ടിപ്രാര്‍ത്ഥനയും ഒക്കെ ഇത്തരം ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കിയാല്‍ അവിടെയും നിയമം മേല്പറഞ്ഞതരത്തില്‍ ഇടപെടുമോ?

നിര്‍ബന്ധിതമതപരിവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ അത് കുറ്റകരമാണ് എന്ന നേര്‍ബുദ്ധി കൊണ്ട് വിശകലനം ചെയ്യാനാവുന്നതിലും വലിയ അജണ്ടകള്‍ ഇത്തരം വിവാദങ്ങള്‍ക്ക് പിന്നിലുണ്ട്. അവയുടെ പ്രവര്‍ത്തനപദ്ധതികള്‍ സങ്കീര്‍ണ്ണവും പരോക്ഷവുമാണ്. അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ബാധ്യതയുള്ള പോലീസിന്റെയും കോടതിയുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും അതിനോടുള്ള നിലപാടുകളും നിലപാടില്ലായ്മയും അശുഭകരങ്ങളായ എന്തിനെയൊക്കെയോ സൂചിപ്പിക്കുന്നില്ലേ?

Tuesday, December 1, 2009

പ്രണയവിവാദങ്ങള്‍ വറ്റിക്കുന്ന ഉറവകള്‍

ശ്രീരാമസേനയെന്ന വാനരസൈന്യം മാംഗ്ളൂരിലെ ബീര്‍ പാര്‍ലറുകളില്‍ നടത്തിയ നിന്ദ്യമായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ലൌ ജിഹാദ്, റോമിയോ ജിഹാദ്‌ തുടങ്ങിയ പ്രയോഗങ്ങള്‍ നമ്മള്‍ ആദ്യം കേള്‍ക്കുന്നത്‌. ഒറ്റനോട്ടത്തില്‍ തന്നെ അപലപനീയമായ ആ സംഭവത്തെയും ന്യായീകരിക്കാന്‍ നമ്മുടെ നാട്ടില്‍ ആളുകളുണ്ടായി. അവര്‍ മുന്നോട്ട്‌ വെച്ച വാദമാണ്‌ ഹിന്ദുയുവതികളെ പ്രണയം നടിച്ച്‌ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ വിധേയമാക്കുകയെന്ന ലക്ഷ്യത്തോടെ ചില സംഘടനകള്‍ തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌ എന്നത്‌. അതിനു തെളിവായി ഒന്നോ രണ്ടോ കേസുകളും അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. അര്‍ഹിക്കുന്ന അവജ്ഞയോടെ നമ്മുടെ പൊതുസമൂഹം അന്നു തള്ളിക്കളഞ്ഞ ആ വാദമാണ്‌ കോടതിയുടെ ഇടപെടലിലൂടെ വീണ്ടും സജീവമായി തിരിച്ചുവന്നിരിക്കുന്നത്‌.

ആരെന്ത്‌ പരാതി കൊടുത്താലും ഉടന്‍ അന്വേഷണത്തിന്‌ ഉത്തരവിടുകയെന്നത്‌ കോടതിയുടെ രീതിയല്ല. കിട്ടിയ പരാതിയില്‍ കഴമ്പുണ്ടെന്ന്‌ ബോധ്യപ്പെട്ടാലെ അന്വേഷണമുണ്ടാവൂ. അതായത്‌ ലൌ ജിഹാദിന്റെ കാര്യത്തില്‍ പ്രണയം നടിച്ച്‌ പെണ്‍കുട്ടികളെ വലയിലാക്കി നിര്‍ബന്ധിച്ച്‌ മതംമാറ്റുന്ന സംഘടനകള്‍ ഉണ്ടോ ഇല്ലയോ എന്ന്‌ അന്വേഷിച്ചറിയേണ്ടതുണ്ടെന്ന്‌ കോടതിക്ക്‌ ബോധ്യപ്പെട്ടു എന്ന്‌ ചുരുക്കം. പ്രണയം പോലെ നൈസര്‍ഗ്ഗികമായ ഒരു വികാരത്തെപോലും സ്ത്രീകള്‍ക്ക്‌ സ്വന്തം നിലയില്‍ വിശ്വസിക്കാനാവില്ലെന്നും അവരുടെ ബോധ്യങ്ങള്‍ എളുപ്പത്തില്‍ വഞ്ചിക്കപ്പെടാവുന്നവയാണെന്നും ഉറപ്പുള്ളതുകൊണ്ടാവണം പെണ്ണുങ്ങള്‍ക്കും പ്രണയിക്കാമെങ്കിലും തങ്ങളുടെ പങ്കാളികള്‍ അതിലൂടെ തങ്ങളെ പ്രണയിക്കുകയാണോ പ്രണയം നടിച്ച്‌ പറ്റിക്കുകയാണോ എന്നൊന്നും തിരിച്ചറിയാന്‍ തക്ക വിവേചനബുദ്ധി ഇല്ലാത്ത അവരുടെ കാര്യത്തില്‍ കൃത്യമായ നിരീക്ഷണം ആവശ്യമാണെന്ന്‌ ബോധ്യപ്പെട്ട കോടതി പിതൃസഹജമായ ഉത്തരവാദിത്തത്തോടുകൂടി അത്തരമൊരു നിരീക്ഷണത്തിന് പോലീസിനെ ചുമതലപ്പെടുത്തിയത്‌! മനുസ്മൃതിയില്‍ രേഖപ്പെടുത്തപ്പെട്ടതുപോലെ സ്ത്രീയെ അമ്മയും മകളും സഹോദരിയും ഭാര്യയും ഒക്കെയായി കണ്ട്‌ ബഹുമാനിച്ച്‌ സംരക്ഷിക്കുന്ന പിതൃകേന്ദ്രീകൃതമായ ആര്‍ഷസംസ്കാരപൈതൃകമാണ്‌ തങ്ങള്‍ക്കുമെന്ന്‌ ഒരിക്കല്‍കൂടി തെളിയിക്കുകയാണ്‌ കോടതി ഇവിടെ.

സ്വത്തു കൈക്കലാക്കാമെന്ന ആഗ്രഹവുമായി പ്രണയം നടിക്കുന്നവരുണ്ടാകാം. ശരീരം മാത്രം മോഹിച്ചുമുണ്ടാകാം അത്തരം നാട്യങ്ങള്‍. കൂട്ടത്തില്‍ ഒരു പക്ഷേ സാമൂഹികമോ, മതപരമോ, വര്‍ഗപരമോ ആയ കാരണങ്ങള്‍ കൊണ്ട്‌ ഈ നാടകം കളിക്കുന്നവരുമുണ്ടാകാം. എന്നാല്‍ തികച്ചും വ്യക്തിപരമായ കുറ്റവാസനകളുടെ പശ്ചാത്തലത്തില്‍ സമീപിക്കേണ്ട ഇത്തരം കേസുകള്‍ ലിംഗപരമായൊ വര്‍ഗീയമായോ സാമാന്യവല്‍ക്കരിച്ചുകൊണ്ട്‌ അന്വേഷിക്കപ്പെട്ട ഒരു ചരിത്രം നമുക്ക്‌ മുന്‍പിലില്ല. ലൌ ജിഹാദ്‌ വിവാദം അങ്ങനെയൊരു പാരമ്പര്യത്തിനു കൂടി തുടക്കം കുറിക്കുകയാണ്‌. പെണ്ണ്‌ ഒരു ചെറിയ അശ്രദ്ധകൊണ്ട്പോലും നിലത്തുവീണുടഞ്ഞുപോകാവുന്ന ഒരു സ്ഫടികപ്പാത്രമാണെന്നും പുറത്തിറക്കാതെ അതിനെ അടച്ച്‌ സൂക്ഷിക്കണമെന്നുമുള്ള പഴഞ്ചനും പിന്തിരിപ്പനുമെന്ന്‌ നമ്മള്‍ വിശ്വസിച്ചിരുന്ന ചില ബോധ്യങ്ങള്‍ പൊതുസമൂഹത്തില്‍ നിയമവ്യവസ്ഥയുടെ പിന്‍ബലത്തോടെ പുനര്‍ജ്ജനിക്കയാണിന്ന്‌. ആണും പെണ്ണും തമ്മിലുള്ള പ്രണയം ആത്മാര്‍ത്ഥമാണോ നാട്യമാണൊ എന്നത്‌ അവരുടെ പരസ്പരബോധ്യത്തെ മാത്രം ആശ്രയിച്ചിരിക്കുന്നതാണെന്നിരിക്കെ അതില്‍ പെണ്ണ്‌ കബളിക്കപ്പെടാവുന്നവളാണെന്നുള്ള പൊതുധാരണ ബാക്കിവരുന്ന ആണിന്റെ വാദത്തെ സ്വാഭാവികമായും അപ്രസക്തമാക്കുന്നു. അതായത്‌ വ്യത്യസ്ത മതസ്ഥര്‍ തമ്മിലുള്ള പ്രണയം പ്രണയേതരമായ ലക്ഷ്യങ്ങളോടു കൂടിയ ഒരു നാടകം മാത്രമാണെന്ന്‌ സ്ഥാപിക്കാന്‍ ഒരുപാട്‌ തെളിവുകളൊന്നും ആവശ്യമില്ലാത്ത അവസ്ഥ. വ്യത്യസ്തമതസ്ഥരായ കമിതാക്കള്‍ക്ക്‌ മുന്നില്‍ വിവാഹരജിസ്റ്റര്‍ തുറന്നുകൊടുക്കാന്‍ രജിസ്ട്രാര്‍ക്ക്‌ ഭയക്കേണ്ട നിലയിലേക്ക്‌, ഇത്തരം ബന്ധങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കുന്നവരുടെമേല്‍ തീവ്രവാദിബന്ധം പോലും ആരോപിക്കപ്പെടാവുന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു.

സന്ദര്‍ഭത്തിനനുസരിച്ച്‌ ചില്ലറ പുരോഗമനവാദമൊക്കെ പറയുമെങ്കിലും തത്വത്തില്‍ ഒരു മതവും മിശ്രവിവാഹങ്ങളെ അംഗീകരിക്കുന്നില്ല എന്നു മാത്രമല്ല ഭയക്കുകയും ചെയ്യുന്നു. ലൌ ജിഹാദ്‌ എന്ന ഉമ്മാക്കി അതുകൊണ്ടുതന്നെ അവര്‍ക്കൊക്കെ ഒരുപോലെ വീണുകിട്ടിയ ഉപകാരമാണ്‌. നിയമവും നിയമപാലകരും ഉള്‍പ്പെടെയുള്ള സാമൂഹ്യഘടകങ്ങളെല്ലാം തന്നെ ഇനി മുതല്‍ വ്യത്യസ്ത മതത്തില്‍പെട്ട കമിതാക്കളെ സംശയദൃഷ്ടിയോടെയേ നോക്കൂ എന്നത്‌ മിശ്രവിവാഹങ്ങളെ ചെറുക്കാനായി ഫലപ്രദമായി ഉപയോഗിക്കാനാവുമെന്ന്‌ അവര്‍ക്കറിയാം; അതുകൊണ്ടുതന്നെ, ലൌജിഹാദ്‌ വിവാദം മതേതരവും ബഹുസ്വരവുമായിരുന്ന ഒരു സമൂഹത്തെ മതകേന്ദ്രീകൃതവും ഏകസ്വരവുമായ നിരവധി ചെറുസമൂഹങ്ങളാക്കി പങ്കിട്ടെടുക്കുവാനുള്ള അവരുടെ ശ്രമങ്ങളെ ബഹുദൂരം മുന്നോട്ട്‌ കൊണ്ടുപോവുമെന്നും. ഇരുപക്ഷങ്ങളും ഈ വിഷയത്തെ അധികരിച്ച് ഉന്നയിക്കുന്ന ആരോപണപ്രത്യാരോപണങ്ങളൊന്നും അവനവന്റെ മതപരമായ മിഥ്യാഭിമാനത്തിനപ്പുറം പോകാത്തതും അതുകൊണ്ടുതന്നെ.

ലൌജിഹാദ്‌ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ സംഘടിപ്പിച്ച ചര്‍ച്ചകളില്‍ പങ്കെടുത്ത സാംസ്കാരികനായകരൊന്നും തന്നെ അതിന്റെ സ്ത്രീവിരുദ്ധ പരിപ്രേക്ഷ്യത്തെ വലുതായി ഊന്നിക്കണ്ടില്ല. പിതൃകേന്ദ്രീകൃതമായ ഒരു സാമുഹ്യവ്യവസ്ഥയില്‍ ഇപ്പോഴും വിശ്വസിക്കുന്ന മുഖ്യധാരയാവട്ടെ അതിനെ തീര്‍ത്തും അവഗണിക്കുകയും ചെയ്തു. ഇതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമാണ്‌. കേരളത്തില്‍ ലൌ ജിഹാദെന്നോ റോമിയോ ജിഹാദെന്നോ പേരുള്ള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിക്ക് ഉറപ്പുനല്‍കിയതോടുകൂടി പ്രണയം നടിച്ച് ഹിന്ദുയുവതികളെ മതപരിവര്‍ത്തനം നടത്തുന്നവര്‍ എന്ന ദുഷ്പേരില്‍ നിന്ന് നിയമപരമായെങ്കിലും മുസ്ലിം ചെറുപ്പക്കാര്‍ മോചിതരായി; അത്രയും നന്ന്. എന്നാല്‍ ആരാലും വഞ്ചിക്കപ്പെടാവുന്നത്ര അപക്വമതികളാണ് തങ്ങള്‍ എന്ന അപമാനകരമായ അവസ്ഥയില്‍ നിന്ന് ഈ ഉറപ്പുകൊണ്ടൊന്നും ഇവിടത്തെ സ്ത്രീകള്‍ മോചിതരാവുന്നില്ല.മിശ്രവിവാഹങ്ങള്‍ക്കും പ്രണയവിവാഹങ്ങള്‍ക്ക് തന്നെയും മേല്‍ എടുത്തൊഴിച്ച കളങ്കങ്ങള്‍ ഇതു കൊണ്ടൊന്നും കഴുകപ്പെടുന്നുമില്ല. പ്രണയം ജാതി-മത-വംശ-വര്‍ഗ ഭേദമെന്യേ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് ഒഴുകുന്ന ജീവന്റെ ഉറവയാണ്. വറ്റിപ്പോയ ഉറവകളിലൊന്നായ് വരും നാളുകളില്‍ അത് മാറാതിരിക്കണമെങ്കില്‍ നമ്മുടെയിടയില്‍നിന്ന് തന്നെയുള്ള സജീവമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.

Sunday, November 22, 2009

റിവേഴ്സ് ഗിയർ









മലയാളി അവന്റെ ചരിത്രത്തിലൂടെ പിന്നോട്ട്‌ നടക്കുകയാണ്‌. എണ്‍പതുകള്‍ വരെ മന്ദഗതിയിലായിരുന്ന ഈ അധോഗമനം തൊണ്ണൂറുകളോടെ ഗതിവേഗമാര്‍ജ്ജിച്ച് സമൂഹത്തിന്റെ എല്ലാ തുറകളിലും പ്രതിഫലിക്കുംവിധം പ്രകടമായിക്കൊണ്ടിരിക്കുകയാണ്. പരോക്ഷമായെങ്കിലും ഉത്തരാധുനിക സിദ്ധാന്തങ്ങള്‍ ഇതിനൊരു ദാര്‍ശനിക വ്യാഖ്യാനം ഉണ്ടാക്കുകയും ആശങ്കപ്പെടാനൊന്നുമില്ലാത്തവണ്ണം സ്വാഭാവികമാണ്‌ ഈ പരിണിതി എന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്തു.

നാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍,അയ്യങ്കാളി തുടങ്ങിയ നിരവധി സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ മുന്‍ നിരയില്‍നിന്നു നയിച്ച സാംസ്കാരിക നവോത്ഥാനത്തില്‍നിന്ന്‌ മൂല്യങ്ങളാര്‍ജ്ജിച്ചുകൊണ്ടാണ്‌ കേരളത്തില്‍ ആധുനികത രൂപപ്പെടുന്നത്‌. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുണ്ടായ ഇടത്‌-പുരോഗമനപ്രസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മ അതിന്‌ രാഷ്‌ട്രീയവും സാംസ്കാരികവുമായ ഒരു ദിശാബോധം നല്‍കി. കോണ്‍ഗ്രസ്സ്‌, കമ്മ്യൂണിസ്റ്റ്‌ എന്നിങ്ങനെയുള്ള വിഭജനങ്ങള്‍ക്കപ്പുറം അന്ന്‌ വിവിധ രാഷ്‌ട്രീയ വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവര്‍ക്കിടയിലും പൊതുവായൊരു പുരോഗമനോന്‍മുഖത ദൃശ്യമായിരുന്നു. പ്രതീക്ഷാനിര്‍ഭരരും കര്‍മോന്‍മുഖരുമായിരുന്ന യുവാക്കളുടെ പുതിയ തലമുറ യാഥാസ്ഥിതിക മൂല്യങ്ങളെയൊക്കെ ചോദ്യം ചെയ്തു. രാഷ്‌ട്രീയവും സാംസ്കാരികവുമായ പുത്തന്‍ ബോധ്യങ്ങളുടെ പരിശീലനക്കളരിയെന്ന നിലയില്‍ സജീവമായി ക്യാമ്പസ്സുകൾ.




ശാസ്ത്രബോധവും യുക്തിചിന്തയും പ്രബലമായിരുന്ന ആ കാലഘട്ടത്തില്‍ പോലും മലയാളിസമൂഹം നാസ്തികമൊന്നുമായിരുന്നില്ല. പക്ഷേ അന്ന്‌ നമ്മള്‍ പ്രാമുഖ്യം കല്‍പിച്ചിരുന്നത്‌ മതങ്ങളുടെ പുറംചട്ടയായ ആചാരാനുഷ്ഠാനങ്ങള്‍ക്കുപരിയായി അവ മുന്നൊട്ട്‌ വെക്കുന്ന മൂല്യങ്ങളുടെ പൊതുവായ സ്വീകാര്യതയ്ക്കായിരുന്നു. വിശ്വാസിസമൂഹമായിരിക്കുമ്പോഴും മതചിഹ്നങ്ങള്‍ പരസ്പരം വേര്‍തിരിക്കുന്ന മതിലുകളായി മുഖ്യധാരയിലേക്ക്‌ അന്ന് ഉയര്‍ന്നുവരാതിരുന്നതും, മത സാമുദായിക സംഘടനകള്‍ക്ക് പൊതുസമൂഹത്തില്‍ ഇന്നുള്ളതുപോലെ സ്വീകാര്യത ലഭിക്കാതിരുന്നതും അതുകൊണ്ടായിരുന്നു.

മതങ്ങളിലെ സനാതനമായ അംശം അവ മുന്നോട്ട്‌ വെക്കുന്ന മൂല്യവ്യവസ്ഥയാണ്‌. ആചാരാനുഷ്ഠാനങ്ങളാവട്ടെ, കാലികവും, അധികാരം, രാഷ്‌ട്രീയം തുടങ്ങിയ പല ഘടകങ്ങളുമായി ബന്ധപ്പെട്ട്‌ നിലനില്‍ക്കുന്നവയുമാണ്‌. വിശ്വാസിസമൂഹങ്ങള്‍ക്കൊക്കെ അതുകൊണ്ട്‌ തന്നെ ഇവയെ കാലികമായി പരിഷ്കരിക്കുകയോ കാലഹരണപ്പെട്ടതായി ബോധ്യപ്പെട്ടവയെ തിരസ്കരിക്കുകയോ ചെയ്യേണ്ടിവരും. പക്ഷേ കേന്ദ്രീകൃതങ്ങളായ മതസ്ഥാപനങ്ങള്‍ക്ക്‌ ഇത്തരമൊരു സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കാനാവുമായിരുന്നില്ല. തങ്ങളുടെ മതങ്ങള്‍ അന്യൂനങ്ങളാണെന്നും അവയ്ക്കുള്ളില്‍തന്നെ ആദര്‍ശപരമായൊരു രാഷ്‌ട്രീയം നിലനില്‍ക്കുന്നുണ്ടെന്നും ഒരു മതരാഷ്‌ട്രത്തിന്റെ നിര്‍മിതിയിലൂടെ മാത്രമേ ആ ആദര്‍ശരാഷ്ട്രീയത്തെ സാക്ഷാത്കരിക്കനാവുകയുള്ളൂ എന്നുമുള്ള വാദങ്ങളിലൂടെ വ്യത്യസ്തമതങ്ങള്‍ പങ്കുവെക്കുന്ന മൂല്യങ്ങളുടെ തലത്തെ തമസ്കരിക്കാനും ആചാരാനുഷ്ഠാനങ്ങളില്‍ കേന്ദ്രീകരിച്ചുകൊണ്ട്‌ അവയ്ക്കിടയിലെ വൈജാത്യങ്ങളെ പെരുപ്പിച്ച്‌ കാട്ടാനും അവര്‍ ശ്രമിക്കുന്നത് അതുകൊണ്ടാണ്‌. നമ്മുടേതുപോലുള്ള ഒരു ബഹുസ്വരസമൂഹത്തെ സംബന്ധിച്ചേടത്തോളം ഇത്തരം വാദങ്ങളുടെ പ്രചാരം ആത്മഹത്യാപരമാണെന്നതിന്‌ ഏറെ വിശദീകരണം വേണമെന്നു തോന്നുന്നില്ല.

കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രം ലോകത്തെമ്പാടും അനുഭാവികളെ സൃഷ്ടിച്ചുവെങ്കില്‍ കമ്യൂണിസ്റ്റ്‌ ഭരണകൂടങ്ങള്‍ വിരുദ്ധരെയും സൃഷ്ടിച്ചു. വികാസപ്രക്രിയകളിലൂടെ സചേതനമായിരിക്കേണ്ടതെന്ന്‌ മാര്‍ക്സ്‌ വിഭാവനം ചെയ്ത പ്രത്യയശാസ്ത്രം കെട്ടിക്കിടക്കാന്‍ തുടങ്ങി. കമ്യൂണിസ്റ്റ്‌ ഭരണകൂടങ്ങള്‍ ഒന്നൊന്നായി തകര്‍ന്നു വീഴുകയോ വലതുവല്‍ക്കരിക്കപ്പെടുകയോ ചെയ്യുന്നത്‌ കൂടി കണ്ടുകൊണ്ടായിരുന്നു ആധുനികതയുടെ അന്ത്യം. എന്നാല്‍ ലോകം ഇന്നുവരെ കണ്ടവയില്‍ വെച്ച്‌ ഏറ്റവും കൂടുതല്‍ മനുഷ്യപക്ഷം ചേര്‍ന്നു നില്‍ക്കുന്ന ഒന്ന്‌ എന്ന നിലയില്‍ കമ്മ്യൂണിസത്തിന്റെ തുടര്‍ന്നുള്ള വികാസം കാലത്തിന്റെ ആവശ്യമായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, ഉത്തരാധുനിക ദാര്‍ശനികര്‍ പ്രത്യയശാസ്ത്രത്തെ ഒട്ടാകെ നിരാകരിച്ചു. ഈ നിരാസം സമൂഹത്തില്‍ പ്രതിഫലിച്ചത്‌ പടര്‍ന്നുപിടിക്കുന്ന അരാഷ്ട്രീയതയായിട്ടായിരുന്നു. കൂട്ടായ്മയുടെ തണലുകളൊക്കെ നഷ്ടപ്പെട്ട്‌ കമ്പോളത്തിന്റെ നിഷ്ഠൂരമായ മത്സരക്രമങ്ങളിലേക്ക്‌ ഇറക്കിവിടപ്പെട്ടവനായി ഉത്തരാധുനിക മനുഷ്യന്‍. സുഹൃത്തുക്കളോടും സഹോദരങ്ങളോട്‌ പോലും മത്സരിക്കാതെ നിലനില്‍പില്ല എന്ന ബോധ്യത്തിലേക്ക്‌ അവന്റെ സൂക്ഷ്മസ്വത്വം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. പിടിക്കാനൊരു തോളോ ചാരാനൊരു മുതുകോ ഇല്ലാതെ അണുകുടുംബങ്ങളില്‍ക്കിടന്ന്‌ വീര്‍പ്പുമുട്ടിയ അവന്റെ അരക്ഷിതത്വബോധം തുറന്നിട്ട ഇടത്തിലേക്കാണ് ഉച്ചാടനം ചെയ്യപ്പെട്ടവരെന്ന്‌ നാം വിശ്വസിച്ചിരുന്ന ആള്‍ ദൈവങ്ങളും മന്ത്രവാദികളും ഉൾ‍പ്പെടെയുള്ള സാമൂഹ്യതിന്‍മകള്‍ തിരികെ കയറിപ്പറ്റിയത്‌. ഇവരെയും ഉപകരണമാക്കാം എന്നതുകൊണ്ട്‌ തന്നെ ആധുനിക മതങ്ങള്‍പോലും ഇത് പ്രോത്സാഹിപ്പിക്കുകയോ ചുരുങ്ങിയ പക്ഷം വളരാനനുവദിച്ചുകൊണ്ട്‌ കണ്ടില്ലെന്നു നടിക്കുകയോ ചെയ്തു.അങ്ങനെയാണ്‌ നമ്മുടെ സമൂഹത്തില്‍ അമൃതാനന്ദമയിമാരും ധ്യാനകേന്ദ്രങ്ങളും തങ്ങള്‍മാരുമൊക്കെ സ്വയം പ്രഖ്യാപിത ആത്മീയകേന്ദ്രങ്ങളായി മാറിയത്‌.

ബൃഹതാഖ്യാനത്തിന്റെ നിരാസമെന്ന ഉത്തരാധുനിക ആശയത്തിന്റെ പ്രത്യയശാസ്ത്രതലത്തിലുള്ള ഉപോല്‍പന്നമാണ്‌ സ്വത്വരാഷ്ട്രീയം. സമഗ്രമായ കാഴ്ചപ്പാടുകളില്ലാതെ കേവലം പ്രശ്നാധിഷ്ഠിതം മാത്രമായി ഉയര്‍ന്നുവരുന്ന സമരങ്ങള്‍ അവയുണ്ടാക്കുന്ന തത്വദീക്ഷയില്ലാത്ത കൂട്ടുകെട്ടുകള്‍ ഒക്കെ ഇതിന്റെ ഭാഗമാണ്‌. ദളിത്‌, സ്ത്രീപക്ഷ,പാരിസ്ഥിതിക,നവസാമ്പത്തിക പ്രസ്ഥാനങ്ങള്‍ക്കൊക്കെ മുന്നോട്ട്‌ വെക്കുവാന്‍ തനത്‌ സവിശേഷതകളുള്ള സജീവപരിഗണനയര്‍ഹിക്കുന്ന പ്രശ്നങ്ങളുണ്ടെങ്കിലും അവയൊക്കെ സമഗ്രമായ മാനവികതയുടെ വിശാലമായ ഒരിടത്തുവെച്ച്‌ ഏകോപിപ്പിക്കപ്പെടേണ്ടതുണ്ട്‌. ഇവിടെയാണ്‌ പ്രത്യയശാസ്ത്രത്തിന്റെ പ്രസക്തി. അതിന്റെ നിരാസത്തിലൂടെ നാം ഒരുക്കുന്നത് ആഗോള മൂലധനതാല്‍പര്യങ്ങള്‍ക്ക്‌ എളുപ്പത്തില്‍ ഒളിച്ചുകയറാനും ഇത്തരം പ്രസ്ഥാനങ്ങളെ മുഴുവനായും ഹൈജാക്ക്‌ ചെയ്യാനുമുള്ള അവസരമാണ്‌. ഇതിനുള്ള തെളിവുകള്‍ നവസാമൂഹ്യപ്രസ്ഥാനങ്ങളുടെ വര്‍ത്തമാനചരിത്രത്തില്‍നിന്നു തന്നെ കണ്ടെടുക്കാവുന്നതാണ്.

സോഷ്യോപൊളിറ്റിക്കലായ ഒരു വീക്ഷണകോണില്‍നിന്നും ഇത്തരം പ്രശ്നങ്ങളെ സമീപിക്കുകയും അവയുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌ നിരന്തരജാഗ്രത പുലര്‍ത്തുന്നതുമായ ഒരു സാംസ്കാരിക മണ്ഡലം വര്‍ത്തമാനസമൂഹത്തിന്റെ അടിയന്തിരാവശ്യമാണ്‌. പ്രതിഭയുടെ സ്പര്‍ശം കൊണ്ട് സൂക്ഷ്മാഖ്യാനങ്ങളെ സമഗ്രമായ ഒരു സാര്‍വജനീനതയിലേക്ക് ഉയര്‍ത്താനായ ചില എഴുത്തുകാരും രചനകളും ഉണ്ടായിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ നമ്മുടെ ചിന്താലോകത്തിന്‌ അത്തരമൊരു പൊതുപരിപ്രേക്ഷ്യം നഷ്ടമായിരിക്കുന്നു. സാംസ്കാരികരംഗത്ത് ഈ ദിശയിലുള്ള ഇടപെടലുകള്‍ ഏതാനും ചിലരിലേക്ക് ഒതുങ്ങിയിരിക്കുന്നു. ഇത്തരം വ്യക്തികളും ഈയൊരു പരിപ്രേക്ഷ്യം തന്നെയും പഴഞ്ചനായി പരിഹസിക്കപ്പെടുന്നു. ഈ സാംസ്കാരികപരിസരത്തിലെക്കാണ് നാമൊരു റിവേഴ്സ്‌ ഗിയറിലാണെന്ന്‌ തിരിച്ചറിഞ്ഞുകൊണ്ട്‌ തന്നെ നമുക്ക് ഇടപെടേണ്ടതുള്ളത്. അത്തരം ശ്രമങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായി സമര്‍പ്പിക്കുന്നു, ഈ ബ്ളോഗ്‌.