Friday, January 29, 2010

ഇഷ്ടമല്ലാത്ത ഫെമിനിസ്റ്റ് തൊട്ടതെല്ലാം കുറ്റം: ഭാഗം രണ്ട്

ലോകത്തെ മിക്ക സാമൂഹ്യസ്ഥാപനങ്ങളും പിതൃകേന്ദ്രീകൃതമായ ഒരധികാരവ്യവസ്ഥയുടെ സൃഷ്ടികളായതുകൊണ്ടു തന്നെ അയഥാസ്ഥിതികങ്ങളായ ചിന്താപദ്ധതികളെയും പ്രസ്ഥാനങ്ങളെയുമൊക്കെ അവയും അവയുടെ വക്താക്കളും എന്നും എതിര്‍ത്തിട്ടേയുള്ളൂ. മുന്‍കാലങ്ങളില്‍ ഈ എതിര്‍പ്പ് പ്രത്യക്ഷമായിരുന്നുവെങ്കില്‍ മാനവികതാപ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവം മൂല്ല്യബോധത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് ശേഷം ഇന്നത് പരോക്ഷമാവാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. ഫെമിനിസ്റ്റ്, ദളിത,പരിസ്ഥിതി ഉള്‍പ്പെടെയുള്ള പുരോഗമനപ്രസ്ഥാനങ്ങളെ ചെറുത്തുതോല്പിക്കാന്‍ യാഥാസ്ഥിതികര്‍ ഇന്ന് കണ്ടെത്തുന്ന വഴികള്‍ അതുകൊണ്ടുതന്നെ ചുഴിഞ്ഞുനോക്കാതെ കണ്ണില്‍ പെടാത്തത്ര പരോക്ഷമാണ്. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ പുരുഷമേധാവിത്വവാദികള്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളെ പരിശോധിച്ചാല്‍ മതി ഇതു മനസ്സിലാക്കാന്‍.

മാനവികതയിലൂന്നിയുള്ള സമത്വമെന്ന ആശയത്തെ നേരിട്ടെതിര്‍ക്കുക വര്‍ത്തമാനസാംസ്കാരിക സാഹചര്യങ്ങളില്‍ അത്ര എളുപ്പമാവില്ല. അതുകൊണ്ട് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ കാര്യത്തില്‍ അവര്‍ അവലംബിക്കുന്ന മാര്‍ഗം അവ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു ആശയങ്ങളുമായോ മൂല്ല്യങ്ങളുമായോ പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളെ അവയുമായി കൂട്ടിക്കെട്ടി അതിന് തങ്ങളുടേതായ ഒരു നിര്‍വചനമുണ്ടാക്കുകയും അതിനെ പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കുകയും ചെയ്യുകയെന്നതാണ്. നായകന്റെയും നായികയുടെയും ജീവിതത്തില്‍ സംഭവിച്ച ചെറിയ ചില സൌന്ദര്യപിണക്കങ്ങളിലേക്ക് തോളറ്റം വെട്ടിയ മുടിയും ലിപ്സ്റ്റിക്കും മൂക്കറ്റം പൊങ്ങച്ചവുമായി കയറിവന്ന് രണ്ടിനെയും രണ്ട് വഴിക്കാക്കാന്‍ പാടുപെടുന്നവരാണ് നമ്മുടെ ജനപ്രിയസിനിമകള്‍ മുന്നോട്ടുവെക്കുന്ന ഫെമിനിസ്റ്റുകള്‍. വളര്‍ത്തുദോഷം കൊണ്ടോ വ്യക്തിഗത അനുഭവങ്ങള്‍ കൊണ്ടോ ഒക്കെ പുരുഷവിദ്വേഷികളായി മാറിയ എത്ര ഫെമിനിസ്റ്റുകളാണ് നായകന്റെ കൈവീശിയുള്ള ഒരൊറ്റയടികൊണ്ട് ‘സാരിയുടുക്കുന്ന’ ഉത്തമകുടുംബിനികളായിട്ടുള്ളത്, നമ്മുടെ ജനപ്രിയസാഹിത്യത്തിലും സിനിമയിലും! ഇത്തരം വികലമായ വീക്ഷണങ്ങള്‍ തന്നെ നമ്മുടെ സാംസ്കാരികനായകന്മാരും ‘ശാസ്ത്രജ്ഞന്മാ’രും ഒക്കെ ഏറ്റെടുക്കുന്നതോടെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയാവുന്നു. അതിനൊരുദാഹരണമാണ് ശാസ്ത്രവിരുദ്ധമായ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലോകപുരോഗതിക്കുതന്നെ വെല്ലുവിളിയുയര്‍ത്തുന്ന, അതുകൊണ്ടുതന്നെ ശാസ്ത്രബോധവും പുരോഗമനേച്ഛയുമുള്ള ഏവരും പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കേണ്ടുന്ന ഒന്നാണ് ഫെമിനിസം എന്ന നിലക്കുള്ള ബ്രൈറ്റിന്റെ ലേഖനം.

ലോകത്തെമ്പാടുനിന്നും ഉയര്‍ന്നുവന്ന നൂറുകണക്കിന് ധിഷണാശാലികളുടെ പിന്തുണയും ആശിര്‍വാദവുമുണ്ടായിരുന്ന ഒരു സാമൂഹ്യപ്രസ്ഥാനത്തെയാണ് അതുയര്‍ന്നുവന്ന സാമൂഹ്യപശ്ചാത്തലവും ഇന്നും നിലനില്‍ക്കുന്ന അതിന്റെ പ്രസക്തിയും ഒന്നും പരിഗണിക്കാതെ തനിക്കാവശ്യമുള്ള ചില ഘടകങ്ങളെ മാത്രം അടര്‍ത്തിയെടുത്തുകൊണ്ട് ഇദ്ദേഹം അടച്ചാക്ഷേപിക്കുന്നത്. ലേഖകന്‍ പരിപൂര്‍ണ്ണ ആധികാരികതയോടെ തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഫെമിനിസ്റ്റ് ധാരകളെ മുഴുവന്‍ രണ്ടായി തിരിക്കുന്നു. ഒന്ന് ഇക്വിറ്റി ഫെമിനിസം, രണ്ട് ജെന്‍ഡര്‍ ഫെമിനിസം. സ്ത്രീപീഢനത്തിനെതിരായി രൂപം കൊണ്ട ഫെഡറല്‍ നിയമങ്ങളെ പോലും വിമര്‍ശിക്കാന്‍ പോന്നവിധം മൂത്ത ഒരു ആന്റി ഫെമിനിസ്റ്റെന്ന നിലക്ക് പ്രശസ്തയായ അമേരിക്കക്കാരി ക്രിസ്റ്റീന ഹോഫ് സൊമേഴ്സ് തന്റെ നാട്ടിലെ രണ്ടാം വേവ് ഫെമിനിസത്തെ അടച്ചാക്ഷേപിച്ചുകൊണ്ട് എഴുതിയ ‘ഹു സ്റ്റോള്‍ ഫെമിനിസം?’ എന്ന പുസ്തകത്തിലൂടെ മുന്നോട്ടുവെക്കുന്നതാണ് ഈ വര്‍ഗീകരണം എന്നോര്‍ക്കണം. സ്വന്തം ഉദ്ദേശത്തിന് ഉതകുന്നത് എന്ന നിലയിലല്ലാതെ മറ്റൊരുവിധത്തിലും വസ്തുനിഷ്ഠമെന്ന് അവകാശപ്പെടാനാവാത്തതാണ് ഈ തരംതിരിവ് എന്നറിയാന്‍ ഒരുപാടൊന്നും തല പുകയ്ക്കേണ്ടതില്ല. ലിബറല്‍ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളിലൂന്നിക്കൊണ്ട് നിയമത്തിന്റെയും പൌരാവകാശത്തിന്റെയും കാര്യത്തില്‍ ലിംഗതുല്ല്യത ലക്ഷ്യംവെക്കുന്ന പ്രത്യയശാസ്ത്രങ്ങളെയൊക്കെ ചേര്‍ത്ത് ഇക്വിറ്റി ഫെമിനിസമെന്ന് നിര്‍വചിക്കുന്ന അവര്‍ ജെന്‍ഡര്‍ ഫെമിനിസത്തെ പുരുഷവിദ്വേഷവും സ്ത്രീകേന്ദ്രീകരണവുമായി തുലനപ്പെടുത്തുന്നു. എന്നാല്‍ ഇതില്‍ രണ്ടിലും പെടുത്താനാവാത്ത നിരവധി ഫെമിനിസ്റ്റ് വിഭാഗങ്ങളുമുണ്ട്. ഒരുപോലെ ചൂഷണംചെയ്യപ്പെടുന്ന സ്ത്രീക്കും പരിസ്ഥിതിക്കുമിടയില്‍ ഉര്‍വരത പോലുള്ള ഘടകങ്ങളെ മുന്‍നിര്‍ത്തി സമാനതകള്‍ കണ്ടെത്തുന്ന ഇക്കോഫെമിനിസവും, വര്‍ണ്ണവിവേചനവും ലിംഗവിവേചനവും പരസ്പരബന്ധികളാണെന്നും ആദ്യത്തേത് ഇല്ലാതാവാതെ രണ്ടാമത്തേതിന് പരിഹാരം കണ്ടെത്താനാവില്ലെന്നും വാദിക്കുന്ന ബ്ലാക്ക് ഫെമിനിസവും കേവലം സ്ത്രീകേന്ദ്രീകരണത്തിന്റെതോ ലിംഗതുല്യതയുടെതോ മാത്രമായ പ്രത്യയശാസ്ത്രങ്ങളല്ല മുന്നോട്ടുവെക്കുന്നത്. പോസ്റ്റ് കൊളോണിയല്‍ ലോകത്ത് സാമ്രാജ്യത്വം നടത്തുന്ന അധിനിവേശങ്ങളെ പിതൃകേന്ദ്രീകൃതമായ ഒരു അധികാരക്രമം സ്ത്രീകളുടെ അവകാശങ്ങളുടെമേല്‍ നടത്തുന്ന കടന്നുകയറ്റങ്ങളുമായി കൂട്ടിവായിക്കുന്ന പോസ്റ്റ് കൊളോണിയല്‍ ഫെമിനിസത്തെയും മേല്പറഞ്ഞ തരംതിരിവില്‍ പെടുത്താനാവില്ല.

ഒരു പരിഷ്കൃതരാജ്യമെന്ന നിലയില്‍ അമേരിക്കയില്‍ നിലനില്‍ക്കുന്ന സവിശേഷസാഹചര്യങ്ങളെ അഭിസംബോധന ചെയ്യുന്നവയാണ് സൊമേഴ്സിന്റെ വാദങ്ങള്‍ ഏതാണ്ട് എല്ലാം തന്നെയും. അവയെ മുന്‍നിര്‍ത്തിയാണ് ഇന്ത്യയിലെയുള്‍പ്പെടെയുള്ള ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെല്ലാം നേരെ ബ്രൈറ്റ് വാളുയര്‍ത്തുന്നത്. ഫെമിനിസത്തെ മുഴുവന്‍ അടിച്ചുതകര്‍ക്കാനുള്ള വ്യഗ്രതക്കിടയില്‍ വസ്തുതാപരമായ പല പിഴവുകളും പറ്റിയിട്ടുണ്ട് ഇദ്ദേഹത്തിന്. ഈ വാചകം നോക്കുക: ‘ഫെമിനിസത്തില്‍ പ്രധാനമായും രണ്ടു ധാരകളുണ്ട്.(1) Equity feminism.(2) Gender feminism.രണ്ടാമത്തേതിന് Difference feminism എന്ന പേരില്‍ കൂടുതല്‍ കടുത്ത മറ്റൊരു ചെറു ശാഖയുമുണ്ട്.’ സ്ത്രീസഹജമായ കരുണ, ആര്‍ദ്രത, മാതൃത്വം തുടങ്ങിയ സവിശേഷതകളെയും ഗൃഹഭരണം,കുട്ടികളെ വളര്‍ത്തല്‍ തുടങ്ങി സ്ത്രീകള്‍ക്കായി മാറ്റിവെക്കപ്പെട്ട ജോലികളെയും മൂല്യവത്തായി കാണണമെന്ന് വാദിക്കുന്ന ഡിഫറന്‍സ് ഫെമിനിസ്റ്റുകള്‍ സ്ത്രീയും പുരുഷരും തുല്യരാണെന്ന ഒരു വാദമേ മുന്നോട്ടുവെക്കുന്നില്ല. ബ്രൈറ്റ് ഉദ്ദേശിക്കുന്ന ‘തീവ്രവാദികള്‍’ സെപറേറ്റിസ്റ്റുകള്‍ എന്നറിയപ്പെടുന്ന ഒരു ചെറുവിഭാഗമാണ്. സെക്കന്റ് വേവ് ഫെമിനിസം എന്നുവച്ചാല്‍ ജെന്‍ഡര്‍ ഫെമിനിസമാണെന്ന വാദവും വസ്തുതാപരമായി തെറ്റാണ്, അത് മുന്‍പ് വിശദമാക്കിയിട്ടുണ്ട്. മുട്ടിന് മുട്ടിന് ശാസ്ത്രം ശാസ്ത്രമെന്ന് ഉരുക്കഴിക്കുന്ന ബ്രൈറ്റ് എത്ര വസ്തുതാവിരുദ്ധമായ ഒരു വര്‍ഗീകരണത്തെയാണ് തന്റെ ലേഖനത്തിന് ആധാരമാക്കിയതെന്ന് നോക്കുക!

ലോകത്തെല്ലായിടത്തുമെന്നപോലെ ഇന്ത്യയിലും ഫെമിനിസം എന്ന പദത്തിന്റെ ആവിര്‍ഭാവത്തിനും എത്രയോ മുന്‍പ് തന്നെ സ്ത്രീകളുടെ സാമൂഹ്യമായ പിന്നോക്കാവസ്ഥയും, അവര്‍ അനുഭവിച്ചുകൊണ്ടിരുന്ന ചൂഷണങ്ങളും നീതിനിഷേധവും കണ്ടറിഞ്ഞ മാനവികതാവാദികള്‍ അവരുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവച്ചിരുന്നു. സതി,ശൈശവ വിവാഹം,വിധവാവിവാഹനിഷേധം തുടങ്ങിയ സാമുഹിക ദുരാചാരങ്ങള്‍ക്കെതിരേ നടന്ന സമരങ്ങള്‍ ഇതില്‍ പെടുന്നു. ഗാന്ധിജിയടക്കമുള്ള ദേശീയ നേതാക്കള്‍ സ്ത്രീകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരായിരുന്നു. അവരുടെ ശ്രമങ്ങളുടെ ഭാഗമായി ദേശീയപ്രസ്ഥാനത്തിലേയ്ക്ക് നിരവധി സ്ത്രീകള്‍ കടന്നുവരികയുണ്ടായി. സരോജിനി നായിഡുവിനെപ്പോലുള്ളവര്‍ അത്തരം ഒരു ബോധം സ്ത്രീസമൂഹത്തിലുണ്ടാക്കുന്നതില്‍ വഹിച്ച പങ്ക് നിസ്സീമമാണ്. കേരളത്തിലെ സാഹചര്യങ്ങളും വ്യത്യസ്ഥമായിരുന്നില്ല.സമൂഹത്തിന്റെ മുകള്‍തട്ടിലുള്ള സ്ത്രീകള്‍ക്ക് പോലും വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. മനകളുടെയും, ഇല്ലങ്ങളുടെയും അകത്തളങ്ങളിലും, മറക്കുടയ്ക്കുള്ളിലുമായി ശ്വാസം മുട്ടി കഴിഞ്ഞിരുന്ന നമ്പൂതിരി സ്ത്രീകളെ വീ.ടീ യുടെയും മറ്റും രചനകളില്‍ കാണാം. സ്മാര്‍ത്തവിചാരം പോലെയുള്ള കൊടിയ നീതിനിഷേധങ്ങളുടെ ചരിത്രം മറക്കാനാവാത്തത്ര അടുത്താണ്. മരുമക്കത്തായവ്യവസ്ഥ വഴി താരതമ്യേനെ ചില പരിരക്ഷകള്‍ ലഭിച്ചിരുന്നെങ്കിലും നായര്‍ സ്ത്രീകളുടെ കാര്യവും ഏറെയൊന്നും മെച്ചമായിരുന്നില്ല. അവര്‍ണ്ണരായ സ്ത്രീകളുടെ അവസ്ഥയാവട്ടെ, മാറുമറയ്ക്കാനായി പോലും സമരം നടത്തേണ്ടുന്നത്ര ദയനീയമായിരുന്നു.

നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് സ്ത്രീ,ദളിത് അനുകൂലമായ ഒരു സമൂഹമനസ്സ് രൂപപ്പെടുത്തുന്നതില്‍ ഒരു പരിധിവരെ വിജയിക്കാനായെങ്കിലും പ്രശ്നങ്ങള്‍ പിന്നെയും ബാക്കിനിന്നു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ തനത് സ്വഭാവമുള്ളവയാണെന്നും അതിന്റെ പരിഹാരത്തിന് നിലവിലുള്ള സാമൂഹ്യ പുരോഗമന പ്രസ്ഥാനങ്ങള്‍ മാത്രം പോരാ എന്നുമുള്ള തിരിച്ചറിവ് ഇവിടെ രൂപപ്പെടുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിലാണ്. ഗാര്‍ഹിക പീഡനങ്ങളും, അപകടമെന്ന വ്യാജേനെയുള്ള കൊലപാതകങ്ങളും തൊട്ട് പെണ്‍ഭ്രൂണഹത്യയുള്‍പ്പെടെ നിരവധി ഉപോല്‍പ്പന്നങ്ങളെ സൃഷ്ടിച്ചു, സ്ത്രീധനസമ്പ്രദായമെന്ന സാമൂഹ്യതിന്മ. മാറിയ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളില്‍ നല്ലൊരു ശതമാനം സ്ത്രീകള്‍ക്കും ഗൃഹഭരണത്തില്‍ ഒതുങ്ങിനില്‍ക്കാതെ തൊഴില്‍ മേഖലയിലേയ്ക്ക് പ്രവേശിക്കേണ്ടിവന്നതോടെ അത് പുതിയ പ്രശ്നങ്ങളുണ്ടാക്കി. പുരുഷനെ മാത്രം മുന്നില്‍ക്കണ്ട് നിര്‍മ്മിക്കപ്പെട്ട തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പ്രാഥമികാവശ്യങ്ങള്‍ പോലും അവഗണിക്കപ്പെട്ടു. തുല്യജോലിക്ക് തുല്യവേദനമെന്ന അടിസ്ഥാനാവശ്യം ഇന്നും മിക്ക തൊഴില്‍ മേഖലകളിലും നിഷേധിക്കപ്പെടുന്നു. സ്വന്തം വീടുതൊട്ട് തൊഴിലിടങ്ങളടക്കമുള്ള പൊതുസ്ഥലങ്ങളില്‍ വരെ സ്ത്രീ മാനസികമായും ശാരീരികമായും പലപ്പോഴും ലൈംഗികമായും പീഢനങ്ങള്‍ക്ക് വിധേയയാവേണ്ടിവരുന്നതുള്‍പ്പെടെയുള്ള ഇത്തരം വിവിധ പ്രശ്നങ്ങളെയാണ് കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇന്ന് അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാതെ പുരുഷവിരോധത്തിന്റെയോ സ്വവര്‍ഗരതിയുടെയോ പെണ്മാത്ര ഇടങ്ങളുടെയോ പ്രത്യയശാസ്ത്രമല്ല. മറിച്ചുള്ള പ്രചരണങ്ങള്‍ വസ്തുതാവിരുദ്ധങ്ങളും ഒരു സാമൂഹ്യപ്രസ്ഥാനത്തെ തകര്‍ക്കാനായി മാത്രം കെട്ടിച്ചമയ്ക്കപ്പെട്ടവയുമാണ്.

ഈ പറഞ്ഞ മിക്ക വാദങ്ങളെയും ബ്രൈറ്റും അംഗീകരിക്കുന്നുണ്ട്. അതേ സമയം ശാസ്ത്രത്തിനുവേണ്ടിയാണ് എന്ന വ്യാജേന ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെ അടച്ചാക്ഷേപിക്കയും ചെയ്യുന്നു. അമേരിക്കയിലെ സെപ്പറേറ്റിസ്റ്റുകളുടെ വാദങ്ങളെ അടിസ്ഥാനമാക്കി കേരളത്തിലെ സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളേയും അവയെ അനുകൂലിക്കുന്നവരേയും ആക്രമിക്കുന്നതിന്റെ യുക്തി വിചിത്രമെന്നേ പറയേണ്ടു. റിവേഴ്സ് ഗിയറില്‍ വന്ന പോസ്റ്റിലെ പിതൃകേന്ദ്രീകൃതമായ ഒരു സമൂഹം സ്ത്രീസഹജമെന്ന്‌ കല്‍പിച്ചുകൊടുത്ത പെരുമാറ്റഘടനകളുടെ ആകെത്തുകയാണ് ഫെമിനിന്‍ എന്ന നിര്‍വചനമാണ് ശാസ്ത്രവിരുദ്ധമെന്ന നിലയ്ക്ക് ബ്രൈറ്റിനെ ചൊടിപ്പിക്കുന്നത്. സാരിയുടുക്കാത്തവളും, നിലത്ത് നോക്കി നഖംകൊണ്ട് കളമെഴുതാതെ മുഖത്തുനോക്കി സംസാരിക്കുന്നവളും, കുടുംബത്തിലെയും പൊതുസമൂഹത്തിലേയും പ്രശ്നങ്ങളില്‍ ഇടപെടുകയും സ്വന്തം അഭിപ്രായം പറയുകയും ചെയ്യുന്നവളുമായ സ്ത്രീക്ക് ‘സ്ത്രീത്വമില്ല’ എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ ജീവിക്കുമ്പൊഴും ഫെമിനിന്‍ എന്ന പദത്തെ ജീവശാസ്ത്രം വച്ചേ നിര്‍വചിക്കാവൂ എന്ന് ഒരാള്‍ക്ക് വേണമെങ്കില്‍ പറയാം, അങ്ങനെ വിശ്വസിക്കാം, പക്ഷേ അതുമാത്രമാണ് ശരി എന്ന വാദം എല്ലായിടത്തും വിലപ്പോകില്ലെന്ന് മാത്രം. കേംബ്രിഡ്ജ് അഡ്വാസ്ഡ് ലേണേര്‍സ് ഡിക്ഷ്ണറിയില്‍ ഫെമിനിന്‍ എന്ന പദത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക: 'acting or having qualities which are traditionally considered to be suitable for a woman'. ഇനി നിഘണ്ടു തന്നെ ശാസ്ത്രവിരുദ്ധമാണോ എന്തോ!

ഉത്തരാധുനികചിന്താപദ്ധതികളുടെ ഒരു ഭാഗമാണ് ശാസ്ത്രത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ, ചരിത്രത്തിന്റെ തന്നെയും നിരാസം. ഒരു നവസാമൂഹ്യപ്രസ്ഥാനമെന്ന നിലക്ക് അതിനോടൊത്ത് പ്രവര്‍ത്തിക്കുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനവും ചിലയിടങ്ങളില്‍ ശാസ്ത്രത്തെയും പ്രത്യയശാസ്ത്രത്തെയുമൊക്കെ നിഷേധിക്കുന്നുണ്ട്. അതിന് അവര്‍ക്ക് അവരുടേതായ ന്യായീകരണങ്ങളുമുണ്ട്. അവയിലൊന്ന് പോലും പരിശോധിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യാതെ ഫെമിനിസ്റ്റ് പ്രസ്ഥാനം മുഴുവന്‍ ശാസ്ത്രവിരുദ്ധമാണെന്ന് കാടടച്ച് വെടിവെക്കുന്നത് കാണുമ്പോള്‍ ചില മെയില്‍ ഷോവനിസ്റ്റുകള്‍ക്കൊഴിച്ച് മറ്റെല്ലാവര്‍ക്കും ചിരിയേ വരൂ. പ്രത്യേകിച്ചും അതിനദ്ദേഹം ഉപകരണമാക്കുന്ന ഇവല്യൂഷണറി സൈക്കോളജിയുടെ ആധികാരികത തന്നെ ശാസ്ത്രലോകത്ത് പരക്കെ ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തില്‍.

ഫെമിനിസം വിമര്‍ശനങ്ങള്‍ക്ക് അതീതരാണെന്നൊന്നും ആരും വാദിക്കുന്നില്ല. മറ്റേതൊരു സാമൂഹ്യപ്രസ്ഥാനത്തിലുമെന്ന പോലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലേക്കും നിക്ഷിപ്തതാല്പര്യങ്ങള്‍ മുന്‍ നിര്‍ത്തി കടന്നുവരുന്ന സെക്റ്റുകള്‍ ഉണ്ടെന്നത് നിഷേധിക്കുന്നുമില്ല. അരാഷ്ട്രീയത ഉള്‍പ്പെടെയുള്ള എല്ലാ തനത് മധ്യവര്‍ഗസ്വഭാവങ്ങളും പേറുന്ന, ഹിന്ദുത്വവാദം പോലുള്ള മനുഷ്യവിരുദ്ധസിദ്ധാന്തങ്ങളെപ്പോലും പിന്തുണക്കുന്ന പല വിഭാഗങ്ങളും തങ്ങളുടെ താല്പര്യങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ മാത്രം ഫെമിനിസ്റ്റായിതീരുന്നത് പിങ്ക് ജെട്ടി പോലുള്ള സമരങ്ങളില്‍ നാം കാണുന്നുണ്ട്. ഒരു പ്രശ്നാ‍ധിഷ്ഠിതനിലപാടെന്ന നിലയ്ക്ക് പിങ്ക് ജെട്ടി സമരത്ത പിന്തുണയ്ക്കുമ്പോഴും ഇത്തരം വിഭാഗങ്ങളുടെ രാഷ്ട്രീയം മുഖ്യധാരാ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെതില്‍നിന്ന് വ്യത്യസ്തമാണെന്ന് തിരിച്ചറിയുന്നുമുണ്ട്. പക്ഷേ ഇത്തരം ചെറു ഗ്രൂപ്പുകളുടെയും അവരുടെ പ്രവര്‍ത്തനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും അടിസ്ഥാനത്തിലല്ല ലോകത്തെമ്പാടും വേരുകളുള്ള ബൃഹത്തായ ഒരു മാനവികതാപ്രസ്ഥാനത്തെ വിലയിരുത്തേണ്ടത്. ഏതൊരു വിമര്‍ശനവും ഉണ്ടാവേണ്ടത് പ്രസ്തുതവിഷയെത്തെക്കുറിച്ചുള്ള സമഗ്രമായ പഠനത്തില്‍ നിന്നാവണം. അല്ലാതെ മുന്വിധികളുടെ അടിസ്ഥാനത്തില്‍ എന്തിനെയെങ്കിലുമൊക്കെ അടര്‍ത്തിയെടുത്തുകൊണ്ട് നടത്തപ്പെടുന്ന കസര്‍ത്തുകള്‍ക്ക് കേവലം പല പോക്കലിന്റെ വില മാത്രമെ ഉണ്ടാവൂ. ബ്രൈറ്റിന്റെ ലേഖനത്തില്‍ ഉടനീളം നിലനില്‍ക്കുന്ന ഔദ്ധത്യവും ഭാഷാപ്രയോഗങ്ങളിലെ ആക്രമണോത്സുകതയും പ്രതിപക്ഷബഹുമാനമില്ലായ്മയും ഇതിന് അടിവരയിടുന്നു. ഫെമിനിസമെന്ന പ്രസ്ഥാനത്തൊടെന്നല്ല, അതിനനുകൂലമായി സംസാരിക്കുകയോ നിലപാടെടുക്കുകയോ ചെയ്യുന്നവരോടൊക്കെയും പരമപുച്ഛവും ശത്രുതയും വിളിച്ചോതുന്നു എന്നല്ലാതെ ധനാത്മകമായ ഒന്നും മുന്നോട്ടുവെക്കുന്നില്ല ഇദ്ദേഹത്തിന്റെ ലേഖനം. അറിവും അവബോധവും രണ്ടും രണ്ടാണ്. അവബോധമില്ലാത്ത അറിവ് ഒരു വ്യക്തിഗതാലങ്കാരമെന്ന നിലയില്‍ കവിഞ്ഞ് സാമൂഹ്യമായി നിഷ്ഫലമായിരിക്കുമെന്ന് മാത്രമല്ല, പലപ്പോഴും അത് ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യും.

ഒരു സാമൂഹ്യപ്രസ്ഥാനത്തെ അതിന്റെ സാമൂഹ്യവും ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി ജീവശാസ്ത്രവും ഇവല്യൂഷനറി സൈക്കോളജിയുമൊക്കെ കൂട്ടിക്കലര്‍ത്തി അലക്കുന്നതിനുപിന്നില്‍ ഒരു അജണ്ടയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. DHRM എന്ന സംഘടനയുടെ പേരില്‍ ആരോ ചിലര്‍ വെറുതെ നടന്നുപോയൊരാളെ വെട്ടിക്കൊന്നു എന്നതുകൊണ്ട് ദളിത് പ്രസ്ഥാനങ്ങള്‍ മുഴുവന്‍ വഴിയെ പോകുന്ന മനുഷ്യരെ വെട്ടിക്കൊല്ലാന്‍ നടക്കുന്നവരാണെന്ന് പ്രചരിപ്പിക്കും പോലെ, ഒരു തടിയന്റവിട നസീറും ഷഫാസും, കൂട്ടാളികളും ചേര്‍ന്ന് നടത്തിയ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ എല്ലാ മുസ്ലിംകളും രാജ്യദ്രോഹികളാണെന്ന് പ്രചരിപ്പിക്കും പോലെ ഒരു അജണ്ട.

Thursday, January 28, 2010

ഇഷ്ടമല്ലാത്ത ഫെമിനിസ്റ്റ് തൊട്ടതെല്ലാം കുറ്റം: ഭാഗം ഒന്ന്

‘പാന്റ് ഇക്വാളിറ്റി:ഒരു അഴീക്കോടന്‍ തമാശ’എന്ന പോസ്റ്റില്‍ കമന്റിട്ട ചിത്രകാരന്‍, ജോക്കര്‍ തുടങ്ങിയവര്‍ തന്ന ലിങ്കിലൂടെ ബ്രൈറ്റ് എന്ന ബ്ലോഗിലെത്താനിടയായി. ഫെമിനിസം ശാസ്ത്രത്തിന്റെ നിരാസമാണെന്നും അത് മനസ്സിലാക്കാതെ കുറെ ‘യൂസ്ഫുള്‍ ഇഡിയട്സ്’ ബ്ലൊഗില്‍ ലേഖനങ്ങള്‍ എഴുതി നിറയ്ക്കുന്നുവെന്നും ഒക്കെ ധാര്‍മികരോഷം കൊള്ളുന്നുണ്ടായിരുന്നു ആ പോസ്റ്റ്. അത്തരം ലേഖനങ്ങളുടെ കൂട്ടത്തിലൊന്നായി ലിങ്ക് സഹിതം റിവേഴ്സ് ഗിയറില്‍ വന്ന മേല്പറഞ്ഞ ലേഖനവും പരാമര്‍ശിക്കപ്പെട്ടു കണ്ടു. ഫെമിനിസമെന്നാല്‍ തോളറ്റം മുടിവെട്ടി പാന്റും ഉടുപ്പും ധരിച്ച് നടക്കുന്ന ചില കൊച്ചമ്മമാര്‍ ചൊവ്വയില്‍നിന്നെങ്ങാന്‍ കണ്ടെടുത്ത് കൊണ്ടുവന്ന് ഇവിടെ വച്ചലക്കുന്ന എന്തോ അസംബന്ധമാണെന്നും ആണായി പിറന്നവനൊക്കെ ഇതിനെ എതിര്‍ക്കാനും ഇവളുമാരെ ‘നിലയ്ക്ക്’നിര്‍ത്താനും ബാധ്യതപ്പെട്ടവരാണെന്നും ഉള്ള നിലക്ക് പൊടിപൂരമാകുന്ന ആഘോഷങ്ങളും കൂടി കണ്ടപ്പോള്‍ എങ്ങനെ ഇങ്ങനെയൊരു പ്രസ്ഥാനം ലോകത്തെമ്പാടും രൂപം കൊണ്ടു എന്നതിനെക്കുറിച്ച് തന്നാലാവുംവിധമുള്ള ഒരു എളിയ അന്വേഷണമെങ്കിലും മുന്നോട്ടുവെക്കണമെന്നു തോന്നി. അതിന്റെ ഫലമാണീ പോസ്റ്റ്. ബ്രൈറ്റിന്റെ ലേഖനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും മേല്പറഞ്ഞ പോസ്റ്റിനെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ക്കും ഇതിന്റെ രണ്ടാം ഭാഗത്തില്‍ മറുപടി പറയുന്നതാണ്.

ഫെമിനിസം ഒരു സാമൂഹ്യപ്രസ്ഥാനമാണ്. മറ്റേതൊരു വിമോചനപ്രസ്ഥാനത്തെയുമ്പോലെ അത് ഉരുവംകൊള്ളുന്നത് നില്‍നില്പിനും മനുഷ്യാവകാശങ്ങള്‍ക്കുമായുള്ള സമരത്തിന്റെ ഭാഗമായിട്ടാണ്. ആദ്യഫെമിനിസ്റ്റ് രചനയെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന മേരി വൂള്‍സ്റ്റണ്‍ക്രാഫ്റ്റിന്റെ ‘എ വിന്‍ഡിക്കേഷന്‍ ഓഫ് ദ റൈറ്റ്സ് ഓഫ് വുമണി’(1792)ലൂടെ അവര്‍ മുന്നോട്ടുവെക്കുന്നത് പ്രധാനമായും വിദ്യാഭ്യാസ അവകാശമാണ്. സാമുവല്‍ ജോണ്‍സണെപ്പോലുള്ള നിയോക്ലാസിക്കല്‍ എഴുത്തുകാര്‍ അവരെ പരിഹസിച്ചത് സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നതിലുള്ള എതിര്‍പ്പുകൊണ്ടായിരുന്നില്ല, മറിച്ച് നാളതുവരെ മുഖ്യമായും പുരുഷന്റേതു മാത്രമായി കരുതപ്പെട്ടിരുന്ന എഴുത്തെന്ന പ്രവൃത്തിമേഖലയിലേക്ക് സ്ത്രീകളുടെ പരക്കെയുള്ള കടന്നുവരവിന് അത് ഇടയാക്കാം എന്നതുകൊണ്ടായിരുന്നുവെന്നത് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പത്തൊന്‍പതാം നൂറ്റാണ്ടിലെ ഫെമിനിസ്റ്റ് പ്രവര്‍ത്തകര്‍ മുഖ്യമായും ലക്ഷ്യംവച്ചത് വോട്ട് ചെയ്യാനുള്ള അവകാശത്തെയായിരുന്നു. അക്കാലത്തെ പുരോഗമനവാദികളായ സാമൂഹ്യപ്രവര്‍ത്തകരായിരുന്നു പിന്നീട് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ വക്താക്കളായി മാറിയതെന്നത് ചരിത്രം. അമേരിക്കയിലും മറ്റും അടിമകളുടെ വിമോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നവര്‍ പിന്നീട് തങ്ങളുടെ പ്രവര്‍ത്തനമേഖല സ്ത്രീകളുടെ വിമോചനത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നുവെന്നത് അക്കാലത്തെ സ്ത്രീകളുടെ സാമൂഹ്യാവസ്ഥ എന്തായിരുന്നുവെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ തരുന്നുണ്ട്. ആദ്യകാലഫെമിനിസ്റ്റുകളുടെ കൂട്ടത്തില്പെടുത്താവുന്ന സൂസന്‍ ആന്തണിയെപ്പോലുള്ളവര്‍ക്ക് ഗുരുതുല്യയായിരുന്ന മാര്‍ഗരറ്റ് ഫുള്ളര്‍ സ്ത്രീകളുടെ വോട്ടവകാശത്തിനും തൊഴില്‍, വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും വേണ്ടിയായിരുന്നു വാദിച്ചിരുന്നത്.

18 - 19 നൂറ്റാണ്ടുകളില്‍ അമേരിക്കയിലും യൂറോപ്പിലെയും സ്ത്രീകളുടെ പിന്നോക്കാവസ്ഥ വരച്ചുകാട്ടുന്നുണ്ട് അക്കാലത്തെ സാഹിത്യകൃതികള്‍. ജെയ്ന്‍ ഓസ്റ്റന്റെയും എമിലി ബ്രോണ്ടിയുടെയും മറ്റും നോവലുകളില്‍ കാണുന്നതുപോലെ ഉപരി-മധ്യവര്‍ഗങ്ങളില്‍ പെടുന്ന സ്ത്രീകള്‍ പോലും സ്ത്രീവിരുദ്ധ സമൂഹ്യ, സദാചാരനിയമങ്ങളുടെ ഇരകളായിരുന്നു. വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട് ശരീരത്തെ അണിയിച്ചൊരുക്കി കുലീനമെന്ന് സമൂഹം ശഠിക്കുന്ന രീതികളിലേക്ക് പെരുമാറ്റത്തെയും അംഗചലനങ്ങളെയും, എന്തിന് ചിരിയെപ്പോലും ചിട്ടപ്പെടുത്തി ഭര്‍ത്തൃസമ്പാദനമെന്ന ഒറ്റലക്ഷ്യത്തിലേക്ക് മനസ്സിനെയും ശരീരത്തെയും കേന്ദ്രീകരിച്ച് ജീവിക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ പെണ്‍സമൂഹത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട് ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ തന്റെ ‘ദ സബ്ജക്ഷന്‍ ഓഫ് വുമണ്‍’(1861) എന്ന ലേഖനത്തില്‍. വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്ത്രീക്കും പുരുഷനും വ്യത്യസ്തമായ കാഴ്ചപ്പാടുകളും നിയമങ്ങളും സൂക്ഷിക്കുന്ന ഒരു സമൂഹത്തില്‍ ലിംഗനിര്‍മിതി തന്നെ സ്ത്രീവിരുദ്ധമാവുന്നതെങ്ങനെയെന്ന് മില്‍ ഇവിടെ വ്യക്തമാക്കുന്നുണ്ട്.

രാഷ്ട്രീയവും സാംസ്കാരികവുമായ അസമത്വങ്ങള്‍ പരസ്പരബന്ധികളാണെന്ന് കണ്ട ഫെമിനിസ്റ്റുകള്‍ സ്ത്രീവിമോചനം എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുന്നത് അറുപതുകളിലാണ്. ഉന്നതവിദ്യാഭ്യാസം നേടിയിട്ടുപോലും സ്ത്രീകളായിപ്പോയി എന്നതുകൊണ്ടുമാത്രം ഗാര്‍ഹികജോലികളിലേക്ക് മാത്രമായി തളച്ചിടപ്പെടുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചകളുടെ മുഖ്യധാരയിലേക്ക് വന്നു. സാമ്പത്തികമായ വ്യതിയാനങ്ങള്‍ സാമൂഹ്യമായ കാഴ്ചപ്പാടുകളെ മാറാന്‍ നിര്‍ബന്ധിതമാക്കിയതോടെ സ്ത്രീകളുടെ തൊഴിലിടങ്ങളിലേക്കുള്ള വരവ് പിന്നീട് സുഗമമായി. അപ്പോഴും സ്ത്രീക്ക് തുല്യത ലഭിച്ചില്ല, തൊഴിലിടത്തിലും വീട്ടിലും. സര്‍ക്കാര്‍ ജോലിയുള്‍പ്പെടെ ചുരുക്കം ചില മേഖലകള്‍ മാറ്റിവച്ചാല്‍ ഇന്നും തുല്യജോലിക്ക് തുല്യവേദനമെന്ന അവകാശം അവര്‍ക്ക് മാത്രം നിഷേധിക്കപ്പെടുന്നു. ഭര്‍ത്താവിനെപ്പോലെ തൊഴിലെടുത്ത് മടങ്ങിവരുന്നവളാണെങ്കിലും സ്ത്രീകളുടെ മാത്രമെന്ന നിലയ്ക്ക് ഗാര്‍ഹികജോലികള്‍ അവള്‍ക്ക് തനിച്ച് നിര്‍വഹിക്കേണ്ടി വരുന്നു. ഇതൊക്കെ സ്വാഭാവികം മാത്രം എന്ന് കണ്ണടച്ചുപിടിച്ചിരുന്ന സമൂഹത്തിന്റെ മുന്നിലേക്ക് ഇത്തരം പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് നിസ്സീമമാണ്.

സമഗ്രമായ ഒരു സാമൂഹ്യമാറ്റമൊന്നും കൂടാതെതെന്നെ വ്യക്തിഗതമുന്നേറ്റങ്ങളിലൂടെ പടിപടിയായി തുല്യതയെന്ന ലക്ഷ്യമാര്‍ജ്ജിക്കാമെന്ന് വിശ്വസിക്കുന്ന ലിബറല്‍ ഫെമിനിസ്റ്റുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രാഥമികമായും വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ ലിംഗവ്യത്യാസമില്ലാതുള്ള പ്രവേശനമാണ്. അവര്‍ അവരുടെ വളര്‍ച്ചയെ വിലയിരുത്തുന്നതു തന്നെ ഉന്നത വിദ്യാഭ്യാസ,തൊഴില്‍ മേഖലകളിലുള്ള സ്ത്രീസാന്നിധ്യത്തെ ആസ്പദമാക്കിയാണ്. മുതലാളിത്തവ്യവസ്ഥ തകരുകയും സമ്പത്തും അധികാരവും പുനര്‍വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നതോടെ സ്ത്രീപുരുഷബന്ധങ്ങളിലുള്‍പ്പെടെ സമൂലമായ ഒരു മാറ്റം സാധ്യമാവുമെന്നും അതിലൂടെ ലിംഗവിവേചനമുള്‍പ്പെടെയുള്ള സാമൂഹ്യതിന്മകള്‍ ഒപ്പം ഇല്ലാതാവുമെന്നും വിശ്വസിക്കുന്ന മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റുകളില്‍ നിന്ന് വേറിട്ടുള്ളൊരു വീക്ഷണമാണ് ഗെയില്‍ റൂബിനെപ്പോലുള്ളവര്‍ മുന്നോട്ടുവെക്കുന്നത്. സിമോണ്‍ ദ ബുവ്വെ തന്റെ വിഖ്യാതഗ്രന്ധമായ ‘സെക്കന്റ് സെക്സില്‍’ പറയുന്നതുപോലെ സ്ത്രീ ജനിക്കുകയല്ല, ആയിത്തീരുകയാണ് എന്ന വാദം മുന്നോട്ടുകൊണ്ടുപോവുകയാണ് റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍. പിതൃകേന്ദ്രീകൃതമായ അധികാരവ്യവസ്ഥയെ നിരാകരിക്കുന്ന അവര്‍ ആ അധികാരവ്യവസ്ഥ നിര്‍വചിക്കുന്ന ‘സ്ത്രീ’ എന്നത് ഒരു ജീവശാസ്ത്രനിര്‍മിതിയെന്നതിലപ്പുറം സാമൂഹ്യനിര്‍മിതിയാണ് എന്ന് വാദിക്കുന്നു. ഇവിടെ അവര്‍ നിഷേധിക്കുന്നത് സ്ത്രീയുടെ ജീവശാസ്ത്രപരമായ നിലനില്പിനെയോ സവിശേഷതകളെയോ അല്ല. സ്ത്രീയും പുരുഷനും ഉള്‍പ്പെടെയുള്ള സകലജീവജാലങ്ങള്‍ക്കും ജീവശാസ്ത്രപരമായ ഒരു നിലനില്പുണ്ട്. മനുഷ്യന്റെ കാര്യത്തില്‍ അത് സാമൂഹികവും കൂടിയാണ്. ജീവശാസ്ത്രപരമായ പല അടിസ്ഥാനചോദനകളെയും സാമൂഹിക സദാചാര സംഹിതകള്‍ക്കനുസരിച്ച് അവന് നിയന്ത്രിക്കാനാവുന്നത് അതുകൊണ്ടാണ്. ഇവിടവും കഴിഞ്ഞ് സെപറേറ്റിസ്റ്റ് ഫെമിനിസം പോലുള്ള ചില അപ്രസക്തമാംവണ്ണം ചെറിയ ഗ്രൂപ്പുകളിലെത്തുമ്പോഴാണ് സ്ത്രീപക്ഷവാദം ഒരുതരം മൌലികവാദമായി മാറുന്നത്. പൂര്‍ണ്ണമായും സ്ത്രീകേന്ദ്രീകൃതമായ ഈ പ്രത്യയശാസ്ത്രം മാത്രമാണ് പെണ്മാത്രഇടങ്ങള്‍ക്കും ലൈംഗികതയ്ക്കും ഒക്കെ വേണ്ടി വാദിക്കുന്നത്.

ഇത്രയും പറഞ്ഞുവന്നത് തനതായ ചില സാമൂഹ്യസാഹചര്യങ്ങളില്‍നിന്ന് സ്വാഭാവികമായി ഉരുത്തിരിഞ്ഞുവന്ന ഒരു ചെറുത്തുനില്പ് പ്രസ്ഥാനമാണ് ഫെമിനിസവുമെന്ന് സൂചിപ്പിക്കാനാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു പ്രസ്ഥാനത്തെ വിലയിരുത്തേണ്ടതും സമൂഹികമായി തന്നെയാണ്. സ്ത്രീകളോടുള്ള വിവേചനവും ലൈംഗികചൂഷണവുമൊക്കെ സാമൂഹ്യയാഥാര്‍ഥ്യങ്ങളായി നിലനില്‍ക്കുന്ന ഓരോ സമൂഹത്തിലും അതിനു പ്രസക്തിയുമുണ്ട്.

Friday, January 22, 2010

‘പാന്റ് ഇക്വാളിറ്റി’: ഒരു അഴീക്കോടന്‍ തമാശ

സ്ത്രീകള്‍ ഫെമിനിസ്റ്റാവണ്ട, ഫെമിനിനായാല്‍ മതി പോലും!
യാഥാസ്ഥിതികതയുടെ വിഴുപ്പുനാറുന്ന ഇത്തരമൊരു വാചകം ആരെങ്കിലും പ്രസംഗിച്ചുവെന്ന്‌ കേട്ടാല്‍ അതാ അഴീക്കോട്‌ വല്ലതുമായിരിക്കും എന്ന്‌ ഉടന്‍ പ്രതികരിക്കാനാവുംവിധം കേരളത്തിലെ പുരോഗമനമനസ്സുകള്‍ സുകുമാര്‍ അഴീക്കോടെന്ന 'സാംസ്കാരിക'നായകനെ തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്‌. അതുകൊണ്ടുതന്നെ സദാചാരത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ഒക്കെയുള്ള ചര്‍ച്ചകളില്‍ അഴീക്കോടിനെപ്പോലുള്ളവരില്‍നിന്ന്‌ അറുപിന്തിരപ്പന്‍ നിലപാടേ പ്രതീക്ഷിക്കേണ്ടതുള്ളൂവെന്ന്‌ അവര്‍ക്കറിയാം. അപകടം പക്ഷേ ഇവിടെയല്ല; കേരളത്തിലങ്ങോളമിങ്ങോളം ധാരാളം ശ്രോതാക്കളുള്ള ഒരു പ്രഭാഷകനെന്ന നിലക്ക്‌ തലമുതിര്‍ന്ന സാംസ്കാരികനായകനെന്ന വിശേഷണവും പേറി, താളവും ഒഴുക്കുമുള്ള ഭാഷയില്‍ ഇദ്ദേഹം എഴുന്നള്ളിക്കുന്ന എന്തു വിഡ്ഡിത്തവും സാംസ്കാരികഈടുവെയ്പുകളായി കുറെപ്പേരെങ്കിലും ഏറ്റെടുത്തേക്കാമെന്നിടത്താണ്‌. വില്‍പനസാധ്യതയുള്ള വിവാദങ്ങള്‍ക്കായി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്ന മാധ്യമങ്ങള്‍ ചര്‍ച്ചയും അഭിപ്രായവോട്ടെടുപ്പുമൊക്കെയായി ഇതിനെയാഘോഷിക്കുകയുംകൂടി ചെയ്താല്‍പിന്നെ പറയുകയും വേണ്ട.

എന്താണീ ഫെമിനിന്‍?
പിതൃകേന്ദ്രീകൃതമായ ഒരു സമൂഹം സ്ത്രീസഹജമെന്ന്‌ കല്‍പിച്ചുകൊടുത്ത പെരുമാറ്റഘടനകളുടെ ആകെത്തുകയാണത്‌. വസ്ത്രധാരണത്തിലും വര്‍ത്തമാനത്തിലുമൊക്കെ ഒരു സ്ത്രീ എന്തായിരിക്കണമെന്നതിനെക്കുറിച്ച്‌ അതിന്‌ അനിഷേധ്യമായ ധാരണകളുണ്ട്‌. വൈകാരികവും ചിന്താപരവും ബൌദ്ധികവുമായിട്ടുള്ള അവളുടെ അസ്തിത്വത്തെതന്നെ അത്‌ മുന്‍ കൂര്‍ നിര്‍വചിക്കുന്നു. ഇതിനെയൊക്കെ പിന്‍പറ്റിക്കൊണ്ടാണ്‌ സ്ത്രീ ജന്‍മനാ 'ഫെമിനിനാണ്‌',അതുകൊണ്ടുതന്നെ അവള്‍ക്ക്‌ ഫെമിനിസ്റ്റാവേണ്ട കാര്യമില്ല, ഫെമിനിന്‍ ആവാന്‍ കഴിയാത്തവരാണ്‌ ഫെമിനിസ്റ്റുകളാവുന്നത്‌ എന്നൊക്കെ അഴീക്കോട്‌ തട്ടിവിടുന്നത്‌. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്ത്രീത്വം എന്നത്‌ ഒരു സ്ത്രീ സ്ത്രീയായിരിക്കുന്ന ജീവശാസ്ത്രപരവും മനശ്ശാസ്ത്രപരവുമായ അവസ്ഥയല്ല. മറിച്ച്‌ യാഥാസ്ഥിതികത എങ്ങനെയായിരിക്കണമെന്ന്‌ പറയുന്നുവോ അങ്ങനെ ഒരു സ്ത്രീ സ്വയം പരുവപ്പെടേണ്ട അവസ്ഥയാണ്‌. സ്ത്രീയെ സുന്ദരിയാക്കുന്നത്‌ അവളുടെ ലജ്ജയാണ്‌, ലജ്ജയില്ലാത്ത സ്ത്രീക്ക്‌ എന്തു സൌന്ദര്യം, സൌന്ദര്യമില്ലാതെപിന്നെ എന്തു സ്ത്രീ തുടങ്ങിയ ചില വാചകങ്ങളിലൂടെ മലയാളികളുടെ മഹാനടന്‍ തിലകന്‍ ഒരു ചാനല്‍ പരിപാടിയില്‍ തന്റെ 'സാമൂഹ്യനിരീക്ഷണം' അവതരിപ്പിച്ചത്‌ ഏതുമൂല്യങ്ങളില്‍ നിന്നാണോ അതേ മൂല്യങ്ങള്‍ തന്നെയാണ്‌ അഴീക്കോടിന്റെ 'പെണ്‍മ'വാദത്തിലും പ്രതിഫലിക്കുന്നത്‌.

സ്ത്രീയും പുരുഷനും തുല്യരല്ല എന്ന്‌ 'അസന്ദിഗ്ദ്ധമായി' പ്രഖ്യാപിക്കുന്ന അഴീക്കോട്‌ തുടര്‍ന്ന്‌ സ്ത്രീക്ക്‌ പ്രകൃതി സവിശേഷമായ പല ശക്തികളും നല്‍കിയിട്ടുണ്ട്‌ എന്നൊക്കെയൊന്ന്‌ മയപ്പെടുത്തിയ ശേഷം തുല്യതയ്ക്കുവേണ്ടിയുള്ള അവളുടെ സമരം വെറും ബുദ്ധിശൂന്യതയില്‍നിന്നുണ്ടാവുന്നതാണെന്ന്‌ പരിഹസിക്കുന്നു. ഫെമിനിസമെന്നത്‌ പുരുഷനെ അനുകരിക്കലാണത്രെ! ഫെമിനിസ്റ്റുകള്‍ ഈ യുദ്ധമൊക്കെ ചെയ്യുന്നത്‌ 'പാന്റ് ഇക്ക്വാളിറ്റി'ക്ക്‌ വേണ്ടിയാണെന്നാണ്‌ ഇത്രയും കാലത്തെ ബൌദ്ധിക,സാംസ്കാരികജീവിതത്തില്‍നിന്ന്‌ അദ്ദേഹം പഠിച്ചെടുത്തത്‌. അഭിപ്രായം പറയുന്ന വിഷയത്തെക്കുറിച്ച്‌ ഒരു മിനിമം ധാരണയെങ്കിലും ഉണ്ടാക്കിയെടുക്കാന്‍ മിനക്കെടാതെ പൊതുവേദിയില്‍ ഇത്തരം ബാലിശമായ നിരീക്ഷണങ്ങള്‍ വിളമ്പുന്നത് കേള്‍വിക്കാരെമുഴുവന്‍ കുറച്ചുകാണുന്ന ബൌദ്ധികമായ ധാര്‍ഷ്ട്യമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?

പുതിയ ആശയങ്ങള്‍ക്ക്‌, അവ എത്രത്തോളം മനുഷ്യപക്ഷത്ത്‌ നില്‍ക്കുന്നവയാണെങ്കില്‍പോലും ഒരു പൊതുസമൂഹത്തില്‍ സ്വീകാര്യത നേടിക്കൊടുക്കുകയെന്നത്‌ ശ്രമകരമായ ഒരുദ്യമമാണ്. കാരണം അതിന് നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ പലതാണ്. ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടാണോ ഇത്തരമാശയങ്ങള്‍ രൂപംകൊള്ളുന്നത്‌ അവര്‍ പോലും അവയെ ഏറ്റെടുക്കാന്‍ പലപ്പോഴും വിമുഖതകാണിക്കുന്നു എന്നതാണൊന്ന്. ജന്‍മിത്തത്തിനെതിരെയുള്ള സമരത്തില്‍ ജന്‍മിയുടെ പക്ഷംപിടിക്കുന്ന അടിയാനും സ്ത്രീപക്ഷചര്‍ച്ചകളില്‍ പിതൃകേന്ദ്രീകൃത അധികാരവ്യവസ്ഥയുടെ വക്താക്കളായിനിന്നുകൊണ്ട്‌ അടക്കത്തിനും ഒതുക്കത്തിനുമൊക്കെ വേണ്ടി വാദിക്കുന്ന സ്ത്രീകളും ഒക്കെയുണ്ടാവുന്നു എന്നത്‌ നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥ അവരെ വാര്‍ത്തെടുത്തിരിക്കുന്നത്‌ എത്രത്തോളം ഉറപ്പുള്ള അച്ചുകളിലാണ്‌ എന്നതാണ്‌ സൂചിപ്പിക്കുന്നത്‌. സ്റ്റോക് ഹോം സിന്‍ഡ്രോമെന്ന് വിളിക്കാവുന്ന ഈ മനോനിലയുടെ സൃഷ്ടിക്കുപിന്നില്‍ നൂറ്റാണ്ടുകള്‍നീണ്ട സാമൂഹ്യമായ ഒരു പരിണാമപ്രക്രിയ തന്നെയുണ്ട്.

പിതൃകേന്ദ്രീകൃതമായ അധികാരവ്യവസ്ഥ നല്‍കുന്ന സൌകര്യങ്ങള്‍ വേണ്ടുവോളം ആസ്വദിച്ചുകൊണ്ട്‌ ഉണ്ടാക്കിയെടുത്ത സാംസ്കാരികമൂലധനം ഉപയോഗിച്ച്‌ ഫെമിനിസമടക്കമുള്ള പ്രതിരോധപ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ കച്ചകെട്ടി നില്‍ക്കുന്ന യാഥാസ്ഥിതികവിഭാഗങ്ങളാണ് രണ്ടാമത്തെ വെല്ലുവിളി. യാഥാസ്ഥിതികമായ ഒരു മൂല്യവ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടു മാത്രമേ മൂലധനകേന്ദ്രീകൃതമായ ഏതൊരു സമൂഹ്യക്രമത്തിനും മുന്നോട്ടുപോകാനാവൂ എന്നതുകൊണ്ടുതന്നെ നീതിന്യായ,നിയമനിര്‍മാണ, കാര്യനിര്‍വഹണ വിഭാഗങ്ങള്‍ക്കൊപ്പം നാലാമത്തെ തൂണായ മാധ്യമങ്ങളുടെയും പിന്തുണ അവര്‍ക്കുണ്ട്. സിനിമ, ടിവി, പത്രം, ആനുകാലികങ്ങള്‍ തുടങ്ങി ലഭ്യമായ മാധ്യമങ്ങളെയൊക്കെ പ്രത്യക്ഷമോ പരോക്ഷമോ ആയ തങ്ങളുടെ ജിഹ്വകളാക്കി ഉപയോഗിക്കാന്‍ ഇവര്‍ക്കാവുന്നതും അതുകൊണ്ടാണ്.

ഇക്കാരണങ്ങളാല്‍തന്നെ ഫെമിനിസമുള്‍പ്പെടെയുള്ള പുത്തന്‍ ആശയങ്ങള്‍ നല്‍കുന്ന പരിപ്രേക്ഷ്യങ്ങളിലൂടെ ഇത്തരം മാധ്യമങ്ങളേയും അവയുടെ സൃഷ്ടികളേയും ഒക്കെ നാം നിരന്തരം അപനിര്‍മിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്‌. മനുഷ്യപക്ഷത്ത്‌ നില്‍ക്കുന്ന പുരോഗമനപ്രസ്ഥാനങ്ങള്‍ നയിക്കുന്ന ആശയസമരത്തെ സാംസ്കാരികലോകം ഒറ്റക്കെട്ടായി പിന്തുണക്കേണ്ടതുണ്ടെന്നിരിക്കെ വര്‍ത്തമാനസമൂഹത്തെ ബഹുദൂരം പിന്നിലേക്ക് തള്ളിവിടാന്‍ പോന്ന പ്രയോഗങ്ങള്‍ ആരു നടത്തിയാലും അത് എതിര്‍ക്കപ്പെടേണ്ടതാണ്. അതുകൊണ്ടുതന്നെ അധ്യാപകന്‍, ഭാഷാപണ്ഡിതന്‍, നിരൂപകന്‍, പ്രഭാഷകന്‍ തുടങ്ങി പല നിലകളില്‍ സുകുമാര്‍ അഴീക്കോട്‌ നല്‍കിയിട്ടുള്ള സംഭാവനകളെ മറക്കാതിരിക്കുമ്പോഴും മാനവികതാവിരുദ്ധമായ യാഥാസ്ഥിതികവാദങ്ങള്‍ക്ക്‌ ഊര്‍ജ്ജംപകരുംവിധമുള്ള അദ്ദേഹത്തിന്റെ സാംസ്കാരിക ഇടപെടലുകള്‍ നിശിതമായി വിമര്‍ശിക്കപ്പെടേണ്ടവ തന്നെയാണ്.

Thursday, January 14, 2010

മാറ്റൊലിക്കുന്ന നായര്‍ സേവാ ശബ്ദം

ഉന്നതവിദ്യാഭ്യാസരംഗത്ത്‌ സാമ്പത്തികസംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജമാ അത്തെ മുസ്ളിം കൌണ്‍സില്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ട്‌ കേരളഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍(ആ വിധി തന്നെയും) അടിയന്തിരചര്‍ച്ച ആവശ്യപ്പെടുന്ന ചില പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. ഈ വിധി വന്നത്‌ കേരളസര്‍ക്കാരിന്റെ വാദങ്ങളെ അംഗീകരിച്ചുകൊണ്ടാണെന്നിരിക്കെ ഇടതുപക്ഷത്തിന്‌ പൊതുവിലും സിപിയെമ്മിന്‌ പ്രത്യേകിച്ചും ഉള്ള നിലപാടും ഇതിനോടനുബന്ധിച്ച്‌ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്‌.

ഒരു മനുഷ്യന്റെ ശാരീരികവും ബൌദ്ധികവും ആയ വികാസത്തില്‍ പങ്കുവഹിക്കുന്ന വിവിധ ഘടകങ്ങളില്‍ മുഖ്യം അവന്റെ സാമൂഹ്യപശ്ചാത്തലം തന്നെയാണ്‌. ആ പശ്ചാത്തലം മാറ്റിയെടുക്കാനാവാത്തിടത്തോളം കാലം കേവലം സാമ്പത്തികസഹായങ്ങള്‍കൊണ്ട്‌ അവനെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിജയംകാണില്ല തന്നെ. കാലാകാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട്‌ കഴിഞ്ഞിരുന്ന കീഴാളസമൂഹത്തിന്റെ ഉന്നമനത്തിനായി ഏര്‍പ്പെടുത്തിയ സംവരണം ജാതിസമുദായ അടിസ്ഥാനത്തില്‍ തന്നെയാവണമെന്ന്‌ ഭരണഘടനാകര്‍ത്താക്കള്‍ നിഷ്കര്‍ഷിച്ചത്‌ അതുകൊണ്ടാണ്‌. അതായത്‌ സംവരണത്തെ സാമ്പത്തികസഹായങ്ങളില്‍നിന്ന്‌ വേറിട്ടുതന്നെ കാണേണ്ടതുണ്ട്‌. മുന്നോക്കസമുദായങ്ങളില്‍ പെട്ട സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കും സംവരണം നല്‍കണമെന്ന വാദം അതുകൊണ്ടുതന്നെ സംവരണമെന്ന ആശയത്തെതന്നെ തുരങ്കം വെക്കുന്ന ഒന്നാണ്‌. ദാരിദ്ര്യമനുഭവിക്കുന്ന മുന്നോക്കക്കാര്‍ക്കുവേണ്ടി സര്‍ക്കാരുകള്‍ ചെയ്യേണ്ടത്‌ അത്തരക്കാരുടെ വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങള്‍ക്കും വേണ്ട ധനസഹായം നല്‍ക്കുകയെന്നതാണ്‌; പിന്നോക്കവിഭാഗങ്ങളുടെ സംവരണമെന്ന അവകാശത്തിന്റെ ഒരു പങ്ക്‌ പിടിച്ചെടുത്ത്‌ അവര്‍ക്കിടയില്‍ വീതിച്ചു നല്‍കുകയെന്നതല്ല. അടിസ്ഥാനവര്‍ഗത്തോടൊപ്പം നില്‍ക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കളായിരുന്നിട്ടും ഇടതുപക്ഷത്തിനും അതിന്റെ യുവജനസംഘടനകള്‍ക്കും ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങളില്‍പോലും ആശയവ്യക്തതയില്ലെന്നത്‌ ഖേദകരമാണ്‌.

എല്ലാവര്‍ക്കും വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം തുടങ്ങിയവ ഉറപ്പുവരുത്തേണ്ടത്‌ ക്ഷേമരാഷ്ട്രമെന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഭരണകൂടങ്ങളുടെ കടമയാണ്‌. അതായത്‌ മുന്നോക്കവിഭാഗങ്ങളില്‍ പെട്ട ചിലര്‍ക്കെങ്കിലും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ ആ അവസ്ഥയെ നേരിടാനും പരിഹരിക്കാനുമുള്ള ഉത്തരവാദിത്തം അവയ്ക്കുണ്ട്. സവര്‍ണ്ണര്‍ക്ക്‌ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നത്‌ പിന്നോക്കവിഭാഗങ്ങള്‍ക്ക്‌ നല്‍കപ്പെടുന്ന സംവരണം മൂലമല്ല. അങ്ങനെയാണെന്നു വാദിക്കുന്ന എന്‍ എസ്‌ എസ്‌ പോലുള്ള സമുദായസംഘടനകള്‍ക്ക്‌ പരോക്ഷപിന്തുണ നല്‍കും വിധമുള്ള നിലപാടുകള്‍ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താനേ ഉപകരിക്കൂ. ദൌര്‍ഭാഗ്യവശാല്‍ മാറിമാറിവരുന്ന നമ്മുടെ സര്‍ക്കാരുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌ അതാണ്‌.

സംവരണമെന്നത്‌ പിന്നോക്കവിഭാഗങ്ങള്‍ക്ക്‌ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണ്‌. ഭരണകൂടം നല്‍കുന്ന ആനുകൂല്യമോ ഔദാര്യമോ ആയി അതിനെ പിശകി വ്യാഖ്യാനിക്കുമ്പോഴാണ്‌ ഗുണഭോക്താക്കളുടെ മത്സരക്ഷമത നശിക്കുമെന്നും അവര്‍ അലസജീവിതപ്രിയരാവുമെന്നും ഒക്കെയുള്ള ലളിതവല്‍ക്കരണങ്ങള്‍ സാധ്യമാവുന്നത്‌. ആ നിലയ്ക്കുള്ള ഓരോ പരാമര്‍ശവും ഭരണഘടനാവിരുദ്ധമാണ്‌.

ഭരണഘടനയെ മുന്‍നിര്‍ത്തി നിയമങ്ങള്‍ വ്യാഖ്യാനിച്ചുകൊണ്ട്‌ ഓരോ പൌരനും തുല്യനീതി ഉറപ്പാക്കുകയാണ്‌ കോടതികളുടെയും നിയമവ്യവസ്ഥയുടെ തന്നെയും ധര്‍മ്മം; സാമൂഹ്യാവസ്ഥകള്‍ പരിഗണിച്ചുകൊണ്ട്‌ കാലോചിതമായ നിയമങ്ങള്‍ നിര്‍മ്മിക്കുകയെന്നത്‌ നിയമനിര്‍മാണസഭയുടേതും. പരസ്പരപൂരകമായി പ്രവര്‍ത്തിക്കേണ്ടുന്ന ഇവയുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള കടന്നുകയറ്റങ്ങള്‍ അനഭിലഷണീയമായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുമെന്ന്‌ കോടതികള്‍തന്നെ പലതവണ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്‌. സംവരണമെന്നത്‌ ലോകാവസാനം വരെ നിലനിര്‍ത്തേണ്ട ഒന്നല്ലെന്നും അതിന്റെ ഉദ്ദേശ്യം ഫലപ്രാപ്തിയിലെത്തുന്നതോടെ അതെടുത്തുകളയേണ്ടതാണെന്നും ഭരണഘടന അനുശാസിക്കുന്നു. അതായത്‌ എടുത്തുകളയും മുമ്പ്‌ ഫലപ്രാപ്തി ഉറപ്പുവരുത്തേണ്ടതുണ്ട്‌. ഈ വിഷയം പരിശോധിക്കാനായി നമ്മുടെ സര്‍ക്കാര്‍ അവസാനം ചുമതലപ്പെടുത്തിയത്‌ ജസ്റ്റിസ്‌ നരേന്ദ്രന്‍ കമ്മീഷനെയാണ്‌. പ്രസ്തുത കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഈഴവരിലെ ഒരു വിഭാഗത്തിനല്ലാതെ മറ്റാര്‍ക്കും തൊഴില്‍ വിദ്യാഭ്യാസമേഖലകളില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നേടുവാനായിട്ടില്ലെന്ന വസ്തുത അടിവരയിട്ട്‌ പറയുന്നു. അപ്പോള്‍പിന്നെ സംവരണം എടുത്തുകളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നൊക്കെയുള്ള നിരീക്ഷണങ്ങള്‍ക്ക്‌ എന്താണാധാരം?

ക്ഷയിച്ചതറവാടുകളുടെയും ഇല്ലങ്ങളുടെയും ഇരുളടഞ്ഞ അകത്തളങ്ങളില്‍ ഹോമിക്കപ്പെടുന്ന പഴയ പ്രതാപങ്ങള്‍ എന്ന നിലയ്ക്കുള്ള പൈങ്കിളിവല്‍ക്കരണങ്ങളുമായി പടച്ചിറങ്ങുന്ന സിനിമകള്‍ തൊട്ട്‌ വിവിധമാധ്യമങ്ങളിലൂടെ(ദൃശ്യമാധ്യമങ്ങള്‍ പ്രത്യേകിച്ചും) അരങ്ങേറുന്ന ചര്‍ച്ചകള്‍വരെ സൃഷ്ടിക്കുന്ന പൊതുബോധം എത്രത്തോളം സവര്‍ണാഭിമുഖ്യം പുലര്‍ത്തുന്നുവെന്നതിന്‌ തെളിവാണ്‌ ഭരണഘടനാസ്ഥാപനങ്ങള്‍ക്കും ഡി വൈ എഫ്‌ ഐ പോലുള്ള പുരോഗമനയുവജനപ്രസ്ഥാനങ്ങള്‍ക്കുപോലും സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട സംവരണം പോലുള്ളൊരു പ്രശ്നത്തില്‍ വന്ന നിലപാടുമാറ്റം. ഏതാനും ദശകങ്ങള്‍ക്ക്‌ മുമ്പായിരുന്നുവെങ്കില്‍ ഇത്തരം സംഘടനകള്‍ക്ക്‌ ചിന്തിക്കാന്‍പോലും ആകുമായിരുന്നില്ലാത്തത്ര പിന്തിരിപ്പനായ ഈ വക നിലപാടുകള്‍ എന്താണ്‌ സൂചിപ്പിക്കുന്നത്‌?