Friday, September 12, 2014

രക്ഷകാ, എന്റെ പാപഭാരമെല്ലാം നിരോധിക്കണേ..


യു ഡി എഫ്   തിരക്കിട്ട് നടപ്പിലാക്കിയ മദ്യനിരോധനത്തിന്റെപിന്നിലെ ആത്മാർത്ഥതയെക്കുറിച്ച് സംശയങ്ങൾ ഉള്ളപ്പോഴും നമ്മുടെ ഇടത് വലത് രാഷ്ട്രീയ സംഘടനകൾക്കും, മത, സാംസ്കാരിക മണ്ഡലങ്ങൾക്ക് പൊതുവിലും മദ്യമൊരു വൻ സാമൂഹ്യ വിപത്താണ് എന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ എന്ത് പഠനത്തിന്റെ, ഏത് ഡാറ്റയുടെ പിൻബലത്തിലാണ് സാംസ്കാരിക കേരളം ഒന്നാകെ  ഇത്തരമൊരു നിഗമനത്തിൽ എത്തിയത് എന്നത് വ്യക്തവുമല്ല. മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്നത് ഒരു ശാസ്ത്രീയ സത്യം തന്നെ എന്ന് അംഗീകരിച്ചാലും ആ നിലയ്ക്ക് അത് കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും ലോകത്താകമാനവും ഒരുപോലെ  ഒരു സാമൂഹ്യ വിപത്ത് ആയിരിക്കണം. അങ്ങനെ കരുതപ്പെടുന്നില്ല എന്ന് മാത്രമല്ല, പലതരം സമ്മർദ്ദങ്ങളാൽ മുൻപ് മദ്യ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങൾ പിന്നീട് അത് പിൻവലിച്ചതിന്റെ ചരിത്രവും നമുക്ക് മുന്നിലുണ്ട്. അപ്പോൾ പിന്നെ എന്താവും കേരളത്തിൽ മദ്യനിരോധനം അനിവാര്യമാക്കിതീർത്ത സവിശേഷസാഹചര്യം?

ആളോഹരി ഉപഭോഗം 

മദ്യത്തിന്റെ ആളോഹരി ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്താണ് കേരളം എന്ന് സ്ഥിതിവിവര കണക്കുകളെ അവലംബിക്കുന്ന പല പഠനങ്ങളും പറയുന്നു. ശരി. ചാരായ നിരോധനവും, നമ്മുടെ ഭരണകൂടങ്ങളുടെ വികലമായ കാർഷിക നയങ്ങളിലൂടെ കേര കൃഷി തകർന്നതിന്റെ പശ്ചാത്തലത്തിൽ പൊടിക്കള്ളല്ലാതെ ശുദ്ധമായ തെങ്ങിൻ കള്ള് ലഭ്യമല്ലാതായതും ഒക്കെ ചേർന്ന് മലയാളിയുടെ മദ്യ ഉപഭോഗം  ഏതാണ്ട് പൂർണ്ണമായും ബാറുകളെയും ബീവരെജസ് ഔട്ട്ലെട്ടുകളെയ്യും ആശ്രയിക്കേണ്ട അവസ്ഥയുണ്ടാക്കി. വാറ്റ് ചാരായം കേരളത്തിൽ എങ്ങും ലഭ്യമല്ല എന്നൊന്നും ഇതുകൊണ്ട് അർത്ഥമാക്കുന്നില്ല. പോലീസിന്റെയും, എക്സൈസുകാരുടെയും, വിദേശ മദ്യ ലോബികളുടെ വാടക ഗുണ്ടകളുടെയും കണ്ണുവെട്ടിച്ച് ചാരായ വാറ്റ് നടത്തുന്നതിലും ലാഭം കിളയ്ക്കാൻ പോകുന്നതാണ് എന്നതിനാൽ അതിന്റെ ലഭ്യത കുറഞ്ഞു. ഏതാണ്ട് ഇതേ മുടക്കിൽ  ബാറിൽനിന്ന് വിലകുറഞ്ഞ റം കിട്ടും എന്നതുകൊണ്ട് വാറ്റുചാരായത്തിന്റെ ഉപഭോക്തക്കളുടെ എണ്ണവും അവഗണിക്കാവുന്നത്ര ചെറുതായി കുറഞ്ഞു. ഈ സാഹചര്യങ്ങളിൽ  നമ്മുടെ  മദ്യ ഉപഭോഗത്തിന്റെ താരതമ്യേനെ കൃത്യമായ ഒരു  കണക്കെടുപ്പ് സാധ്യമാണ്. എന്നാൽ  യാതൊരു കണക്കെടുപ്പും സാധ്യമല്ലാത്തവണ്ണം നാടൻ മദ്യത്തിന്റെ ഒഴുക്ക് വ്യാപകമായ മറ്റു പല സംസ്ഥാനങ്ങളിലെയും അവസ്ഥ  ഇതിന് നേർ വിപരീതമാണ്. 

നാനാത്വത്തിൽ ഏകത്വം; നാടൻ മദ്യത്തിലൂടെ  

വിവിധ കാരണങ്ങളാൽ കേരളത്തിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെങ്കിലും പുറത്ത്  ഇന്ത്യയിൽ ഉടനീളം പല തരം നാടൻ മദ്യങ്ങൾ വ്യാപകമായി ലഭ്യമാണ്.  അത് സ്വാഭാവികമായും കുടിക്കാൻ ആളുള്ളതുകൊണ്ടാവണമല്ലൊ. ഓരോരോ പ്രദേശത്തും സുലഭമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള ഈ മദ്യോത്പാദനത്തിന്റെ രീതിശാസ്ത്രം ഏതാണ്ട് ഒന്ന് തന്നെയെങ്കിലും രുചിയിലും വീര്യത്തിലും വലിയ വൈവിദ്ധ്യമുള്ളതാണ്. തമിഴ് നാട്ടിലും ആന്ധ്രപ്രദേശിലുമൊക്കെ പരക്കെ ലഭ്യമായ പനങ്കള്ള് നാലഞ്ച് ശതമാനം മാത്രം ആൾക്കഹോൾ ഉള്ള വീര്യം കുറഞ്ഞ മദ്യമാണ്. നേപ്പാളിലും സിക്കിമിലും ഒക്കെ സുലഭമായി കിട്ടുന്ന  ചാങ്ങും ഇതുപോലെ  ഒരു വീര്യം കൂറഞ്ഞ നാടൻ മദ്യമാണ്. വീര്യം കുറവാണെങ്കിലും കുടിച്ചുകഴിഞ്ഞാൽ ഉള്ളിൽ സുഖകരമായ ഒരു ഇളം ചൂട് അനുഭവപ്പെടും എന്നതിനാൽ കൊടും ശൈത്യത്തിൽ ഒരാശ്വാസം എന്ന നിലയ്ക്ക് സ്ത്രീ പുരുഷ ഭേദമില്ലാതെ തദ്ദേശീയർ ഉപയോഗിക്കുന്ന ഒന്നാണത്. ബീഹാർ, ഒറീസ, ഝാർഖണ്ട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ലഭ്യമായ 'ഹദിയ 'മറ്റൊരു നാടൻ മദ്യമാണ്.

കുങ്കുമവും, സുഗന്ധ ദ്രവ്യങ്ങളും, ഉണക്കിയ ഫലവർഗ്ഗങ്ങളും, ക്ഷീരോൽപ്പന്നങ്ങളും ഒക്കെ ചേർത്ത് വാറ്റിയെടുക്കുന്ന കേസർ കസ്തൂരി രാജസ്ഥാനിലെ ഒരു രാജകീയ മദ്യമാണ്. നോർത്തിന്ത്യൻ നഗരങ്ങളിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന മറ്റൊരു നാടൻ മദ്യമാണ് ഭാങ്ങ്; ഇതുവരെ പറഞ്ഞവയിൽ ഏറ്റവും വീര്യം കൂടിയത്. ഗോവയിലേയ്ക്ക് വിനോദസഞ്ചാരത്തിനെത്തുന്ന  നാടൻ   ടൂറിസ്റ്റുകളിലെങ്കിലും  നല്ലൊരു വിഭാഗത്തിന്റെ മുഖ്യ ആകർഷണം അവിടെ വ്യാപകമായി ലഭ്യമായ ഗോവൻ ഫെനി എന്ന നാടൻ മദ്യമാണെന്നത് ഒരു രഹസ്യമല്ല. വീടുകളിൽ ഉണ്ടാക്കി ഉപയോഗിക്കപ്പെടുകയും ഒപ്പം ഔദ്യോഗികവും അനൗദ്യോഗികവുമായി വിറ്റഴിക്കപ്പെടുകയും ചെയ്യുന്ന ഇത്തരം മദ്യങ്ങളും അവയുടെ ഉപഭോഗവും  ഔദ്യോഗിക കണക്കെടുപ്പുകൾക്ക് പുറത്ത് നിൽക്കുമ്പൊഴാണ് ഇന്ത്യയിൽ ആളോഹരി മദ്യ ഉപഭോഗത്തിൽ കേരളം ഒന്നാം സ്ഥാനത്ത് എന്ന കണ്ടുപിടിത്തം വരുന്നത്. സ്റ്റാറ്റിസ്റ്റിക്സ് അനുപാതങ്ങളെ മുന്നോട്ട് വയ്ക്കുന്നത് ലഭ്യമായ ഡാറ്റയുടെ വിശകലനത്തിലൂടെയാണ്; കവിടി നിരത്തിയല്ല. അതായത് ലഭ്യമായ കണക്കുകൾ ഒരുപോലെ ഭദ്രമായിരുന്നാലേ അവയുടെ വിശകലനവും ഭദ്രമാവു. ഇവിടെ കൃത്യമായ മദ്യ ഉപഭോഗത്തിന്റെ കണക്കുകൾ ഒരുപരിധിവരെയെങ്കിലും ലഭ്യമായ ഒരു സംസ്ഥാനത്തിൽ നിന്ന് ശേഖരിച്ച ഡാറ്റയെ അത്തരം ഒരു കണക്കും ലഭ്യമല്ലാത്ത ഇതര സംസ്ഥാനങ്ങളിൽനിന്ന് ലഭ്യമായ, വസ്തുതയുമായി പലപ്പോഴും വിദൂര ബന്ധം പോലുമില്ലാത്ത  ഔദ്യോദിക കണക്കുകളു മായി താരതമ്യപഠനം നടത്തിയാണ് നിഗമനങ്ങളിൽ എത്തുന്നത്. അവ എത്രത്തോളം അബദ്ധജഡിലമാണെന്ന് ഇനിയും വിശദീകരിക്കേണ്ടതില്ലല്ലൊ.

മദ്യം; ഒരു സാമൂഹ്യ വിപത്ത് 

മദ്യത്തിന്റെ ഉപഭോഗം ഗാർഹിക പീഠനം, വാഹനാപകടങ്ങൾ തുടങ്ങിയ പല സാമൂഹ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു എന്നത് കുറെ നാളുകളായി നാം കേൾക്കുന്ന ഒരു വാദമാണ് . എന്നാൽ ആത്യന്തികമായി ഇത് വെറുമൊരു ലോജിക്കൽ  ഫാലസി മാത്രമാണ്. രാജു മദ്യം കഴിക്കും. രാജു ഗാർഹികപീഢനവും നടത്തും. അതുകൊണ്ട് ഗാർഹികപീഢനത്തിന് കാരണം മദ്യമാണ്  എന്ന് പറയുമ്പോലെ ഒന്ന് തന്നെയാണ് വാഹനാപകടങ്ങൾക്ക് കാരണം മദ്യപാനമാണെന്ന് പറയുന്നതിന്റെ യുക്തിയും. കാരണം മദ്യം ഗാർഹികപീഢനങ്ങൾക്കും അതുപോലുള്ള സാമൂഹ്യവിപത്തുകൾക്കും കാരണമാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടണമെങ്കിൽ സ്ഥല, കാല, വ്യക്തി  വ്യത്യാസങ്ങൾക്കപ്പുറം ആര് മദ്യപിച്ചാലും അവർ മേൽപ്പറഞ്ഞ വിപത്തുകൾ ഉണ്ടാക്കണം. പൊട്ടാസ്യം സയനൈഡ് രുചിക്കുന്നത് രുചിക്കുന്ന ആളിന്റെ മരണത്തിന് കാരണമാകുമെന്നത് ഒരു ശാസ്ത്രീയസത്യമാകുന്നത് സമാനസാഹചര്യങ്ങളിൽ  അത് ലോകത്തിന്റെ ഏത് കോണിൽ വച്ച് ആര് രുചിച്ചാലും മരിക്കും എന്നതുകൊണ്ടാണ്. അതുപോലൊരു നിശ്ചിതവും, സ്ഥിരവും, സാമാന്യവുമായ പ്രതിപ്രവർത്തനം മദ്യത്തിന് അതിന്റെ ഉപഭോക്താക്കളിൽ ഉണ്ടാക്കാനാവുമെന്ന് തെളിഞ്ഞാൽ അതിന്റെ നിരോധനം സാധൂകരിക്കപ്പെടാം. അതില്ലാത്തിടത്തോളം ഇല്ല. കണവ, കക്കാ ഇറച്ചി തുടങ്ങിയ ഷെൽ ഫിഷ്, കൂണുകൾ തുടങ്ങിയവയൊക്കെ പല മനുഷ്യരിലും അപകടകരമായ അലർജികൾ ഉണ്ടാക്കാറുണ്ട് എന്നുവച്ച് അത്തരം പ്രശ്നങ്ങൾ ഇല്ലാത്തവർ കൂടി എന്തിന് അവ കഴിക്കുന്നതിൽനിന്ന് വിലക്കപ്പെടണം? ഇവിടെ പ്രശ്നം അവനവന്റെ വിവേചനാധികാരമാണ്. അത് മനസിലാക്കാതെയുള്ള നിരോധനങ്ങൾ ഏകപക്ഷീയവും അശാസ്ത്രീയവുമാണ്.

കേരളത്തിലെ വാഹനാപകടങ്ങളിൽ  ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത് ബസ് അപകടങ്ങളിലാണ്. അത് കെ എസ് ആർ ടീ സി, സ്വകാര്യ ബസ് ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിച്ചിട്ടാണോ?  അത്തരം എത്ര കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്? അല്ല എങ്കിൽ പിന്നെ അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾ നിരോധിക്കുക എന്നതല്ലേ മേല്പറഞ്ഞതരം യുക്തിവച്ച് കരണീയം? മദ്യം ആരോഗ്യത്തിന് ഹാനികരമാണ് എന്നതുപോലെ സാമാന്യമായി പറയാവുന്ന ഒന്നാണ് വാഹനങ്ങൾ അപകടമുണ്ടാക്കുമെന്നും, ഫാക്ടറികൾ അന്തരീക്ഷമലിനീകരണമുണ്ടാക്കുമെന്നതും തൊട്ട് പശുവിന്റെ വളി ആഗോളതപനത്തിനാക്കം കൂട്ടും എന്നത് വരെ. അപ്പോൾ ഇവയൊക്കെ നിരോധിക്കപ്പെടാത്തതിന്റെ യുക്തി എന്താണ്? ഇവയൊക്കെ മനുഷ്യപുരോഗതിയ്ക്കും വികസനത്തിനും അത്യന്താപേക്ഷിതമാണെന്നും മദ്യം അതിനെ തുരങ്കം വയ്ക്കുന്ന ഒന്നാണെന്നും ആവാം അത്. പക്ഷേ, വാഹനങ്ങൾക്കും, വ്യവസായവിപ്ളവത്തിനും, ക്ഷീരവിപ്ളവത്തിനും ഒക്കെ മുൻപേ നിലനിന്നിരുന്ന ഒന്നാണ് മദ്യ ഉപഭോഗം.അത് ഈ പറയുന്നതുപോലെ ഒരു വലിയ സാമൂഹ്യവിപത്ത് ആയിരുന്നുവെങ്കിൽ ഇത്ര നീണ്ട ഒരു ചരിത്രത്തിനുള്ളിൽ അത് ഉണ്ടാക്കുമായിരുന്ന ആപത്തുകളെ ലോകസമൂഹം അതിജീവിക്കുമായിരുന്നില്ല എന്ന് വ്യക്തം.

തീർചയായും മദ്യപിച്ച് വാഹനം ഓടിക്കുന്നത് അപകടം ഉണ്ടാക്കാറുണ്ട്. അതിന് കാരണം മദ്യമായതുകൊണ്ട് അത് നിരോധിക്കുന്നു എന്നതാണ് യുക്തിയെങ്കിൽ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നതുകൊണ്ട് അപകടങ്ങൾ ഉണ്ടാകാരുണ്ട് എന്ന കാരണം കൊണ്ട് മൊബൈൽ ഫോണും നിരോധിക്കണ്ടേ? ഓവർ ടേക്കിങ്ങിനിടയിൽ അപകടങ്ങളുണ്ടാകാറുണ്ട് എന്നതുകൊണ്ട് അത് നിരോധിക്കണ്ടേ? മദ്യപിച്ച് വാഹനം ഓടിക്കാൻ പാടില്ലെന്നും, ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോണ്‍ ഉപയോഗിക്കാൻ പാടില്ലെന്നും, ഓവർ ടേക്കിങ്ങ് അനുവദനീയമായ ഇടങ്ങളിലല്ലാതെ അത് പാടില്ലെന്നും നിയമങ്ങളുണ്ട്. അത് പാലിക്കാൻ പൌരന്മാരും, അത് തെറ്റിക്കുന്നവരെ ശിക്ഷിക്കാൻ നിയമസംവിധാനവും സജ്ജമാകുന്നതിനുപകരം നിരോധനം ആണ് എളുപ്പവഴിയെങ്കിൽ മദ്യത്തിനും മുൻപേ നിരോധിക്കേണ്ട മറ്റൊന്നുണ്ട്.

പ്രബുദ്ധ കേരളം സമം പ്രായപൂർത്തിയാവാത്ത കേരളം 

അഴിമതികളെയും കുംഭകോണങ്ങളെയും കുറിച്ചുള്ള ആരോപണങ്ങൾ  പുറത്ത് വരുമ്പോൾ അധികാരിവർഗ്ഗം പൊതുവിലും  പ്രത്യേകിച്ച്  കേരളത്തിലും പറയുന്ന ഒരു സ്ഥിരം ഡയലോഗുണ്ട്. ഇവിടത്തെ പ്രബുദ്ധരായ പൊതുജനം ഇതൊന്നും വിശ്വസിക്കില്ല. അവർക്ക് ശരി തെറ്റുകൾ തിരിച്ചരിയാനുള്ള ബുദ്ധിയുണ്ട്, യുക്തിയുണ്ട്. ഒരു വ്യാജ പ്രചരണവും അവരുടെ മുൻപിൽ വിലപ്പോവില്ല എന്ന് . അങ്ങനെ പ്രബുദ്ധരും, അതിസങ്കീർണ്ണമായ കണക്കുകളും, നിയമവശങ്ങളും, സാങ്കേതികതകളും ഉൾക്കൊള്ളുന്ന ആരോപണങ്ങളിൽനിന്ന് പോലും രേഖകൾ പരിശോധിച്ച് ശരിതെറ്റുകൾ തിരിച്ചറിയാൻ തക്ക ക്ഷമയും  വിവേചനബുദ്ധിയുമുള്ളവരുമായ ഒരു സമൂഹത്തിലേയ്ക്ക് അവർ ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഒരു സർക്കാരിന് ഏതെങ്കിലും തരത്തിലുള്ള നിരോധനങ്ങൾ ഏർപ്പെടുത്തേണ്ടിവരുന്നു എങ്കിൽ അതിൽ ഒരു വൈരുദ്ധ്യമില്ലേ? പ്രത്യേകിച്ച് സമൂഹനമയ്ക്ക് എന്ന ഭാഷ്യത്തിലൂടെ അത് നടപ്പിലാക്കപ്പെടുമ്പോൾ ഭരണകൂടം ഒരു രക്ഷകർത്താവിന്റെ വേഷമാണണിയുന്നത്. പൗരസമൂഹത്തെ അപക്വം, അല്ലെങ്കിൽ പ്രായപൂർത്തിയാവത്തതായി നിർവചിക്കുന്നതാണ് ഭരണകൂടത്തിന്റെ പൊടുന്നനേ ഉള്ള  ഈ വേഷപ്പകർച്ച.

മദ്യം ലഭ്യമായിരിക്കുന്നിടത്തോളം അത് യാതൊരു നിയന്ത്രണവും, യുക്തിയും, തത്വദീക്ഷയുമില്ലാതെ ഉപയോഗിച്ച് ലക്ക് കെട്ട് തെരുവിൽ കിടക്കുക എന്നതാണ് മലയാളിയുടെ മദ്യപാന ശീലം എന്നതുകൊണ്ടാവണമല്ലൊ ഇവിടെ മദ്യം സവിശേഷമായ  ഒരു സാമൂഹ്യ വിപത്താവുന്നത്. അതുകൊണ്ടാവണമല്ലോ, വിശുദ്ധ നഗരമായ വത്തിക്കാനിൽ പോലും ഇല്ലാത്ത മദ്യനിരോധനം തനത് സവിശേഷസാഹചര്യങ്ങൾ മുൻനിർത്തി കേരളത്തിൽ വേണമെന്ന് ക്രൈസ്തവ സഭകൾ പറയുന്നത്. അതേ കാരണങ്ങൾ കൊണ്ടാവുമല്ലൊ ഗാന്ധിയുടെ ജന്മനാട് എന്ന നിലയിൽ  ഗുജറാത്ത്  ഒഴിച്ചുനിർത്തിയാൽ തങ്ങൾ ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഇല്ലാത്ത മദ്യ നിരോധനം കോൺഗ്രസ് സർക്കാർ തീരുമാനിച്ചതിലും ഗംഭീരമായി നടപ്പിലാക്കണമെന്ന് കേരളത്തിൽ ബി ജെ പിക്കാർ തീരുമാനിക്കുന്നതും അവരുടെ യുവജന സംഘടന അതിന്റെ നടത്തിപ്പിന്റെ ചുക്കാൻ പിടിക്കുന്നതും. 

പ്രായപൂർത്തി വോട്ടവകാശം 

നമ്മുടെ ഇലക്ഷൻ കമ്മിഷൻ ഇന്ത്യൻ പൌരന്റെ വോട്ടവകാശത്തെ നിർവചിക്കുന്നത് ഇങ്ങനെയാണ്.

The democratic system in India is based on the principle of universal adult suffrage; that any citizen over the age of 18 can vote in an election (before 1989 the age limit was 21). The right to vote is irrespective of caste, creed, religion or gender. Those who are deemed unsound of mind, and people convicted of certain criminal offences are not allowed to vote.
അതായത് മാനസീക ആരോഗ്യമില്ലാത്ത മനുഷ്യർക്ക് വോട്ടവകാശം ഇല്ലെന്ന്.

കേരളത്തിലെ മുഴുവൻ ജനസംഖ്യയുടെ പകുതിയോളം വരുന്ന പുരുഷന്മാരിൽ ബഹുഭൂരിപക്ഷവും മദ്യപാനികളായി തീർന്നിരിക്കുന്നു എന്നതാണ് കണക്കുകളെ ഉദ്ധരിച്ച് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്! .കേരളത്തിൽ  മദ്യം കഴിക്കാൻ തുടങ്ങുന്നവരുടെ ശരാശരി പ്രായം 13 ആണെന്നാണ് ഒരു ചാനൽ ചർച്ചയിൽ ( കണക്കുകൾ വച്ച് ആയിരിക്കും. ഇല്ലെങ്കിൽ പിന്നെ പതിനാലെന്നോ പതിനഞ്ചെന്നോ പറഞ്ഞുകൂടെ..! ) ശ്രീ കെ. പി അനിൽ കുമാർ പറയുന്നത്. അതായത്  കേരളത്തിലെ പുരുഷന്മാരിൽ പ്രായഭേദമെന്യേ  ബഹുഭൂരിപക്ഷത്തിനും തങ്ങളുടെ ആരോഗ്യത്തിനും, സാമൂഹ്യ ജീവിതത്തിനും, പാരമ്പര്യത്തിനും അനുയോജ്യമായ രീതിയിൽ ഭക്ഷണ, പാനീയങ്ങളെ തിരഞ്ഞെടുക്കാനുള്ള സ്വബുദ്ധി പോലും ഇല്ല എന്ന്. ഉണ്ടായിരുന്നെങ്കിൽ  മദ്യക്കുപ്പിയിൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് എഴുതിവച്ചിട്ടും  അവർ വാങ്ങി കുടിക്കില്ലായിരുന്നല്ലോ . വ്യക്തിഗത ജീവിതത്തിൽ പോലും ആരോഗ്യകരമായ തീരുമാനം എടുക്കാൻ ശേഷിയില്ലാത്ത ഈ മലയാളി പുരുഷവർഗ്ഗത്തിന്റെ മേലാണ് പതിനെട്ട് തികയുന്നതുമുതൽ ഒരു രാജ്യത്തിന്റെ മുഴുവൻ ഭാഗധേയം നിർണ്ണയിക്കുവാനുള്ള ആളോഹരി  ഉത്തരവാദിത്തം. കള്ളും, പാലും, പച്ചവെള്ളവും, വിദേശ മദ്യവും ഉള്ള വിപണിയിൽനിന്ന് തനിക്ക് ആവശ്യമുള്ളത് വാങ്ങാനും, വിഷം വാങ്ങി കുടിക്കാതിരിക്കാനും വേണ്ട വിവേചന ബുദ്ധിയോ, മാനസീക ആരോഗ്യമോ ഇല്ല മലയാളിയ്ക്ക് എന്നതുകൊണ്ട് ആവണമല്ലോ  മദ്യം നിരോധിച്ച് അവനെ ആ പ്രലോഭനത്തിൽനിന്ന് രക്ഷിച്ച സർക്കാരിന് നിരോധിക്കുവാനുള്ള അധികാരം 'ജനനന്മയെ' കരുതി എടുത്ത് ഉപയോഗിക്കേണ്ടിവന്നത്. ഈ വസ്തുത കണക്കിലെടുത്ത് അവർ ഇതിനൊപ്പം   ഒന്നുകൂടി ചെയ്യേണ്ടതുണ്ട്. 

വ്യക്തിപരമായി  തനിക്ക് നല്ലതെന്ത്‌ ചീത്തയെന്ത് എന്ന തിരിച്ചറിവില്ലാതെ കണ്ണിൽ കണ്ടത് വാങ്ങി കുടിച്ചാൽ അതിന്റെ ദോഷം പ്രത്യക്ഷത്തിലെങ്കിലും വ്യക്തി തലത്തിൽ ആയിരിക്കുമല്ലോ. എന്നാൽ ഈ തരം ഉന്മാദികളിൽ ഒരു ജനാധിപത്യ വ്യവസ്ഥയുടെ ഭാഗധേയം നിർണ്ണയിക്കുക എന്ന ഭാരിച്ച  ഉത്തരവാദിത്തം കൊണ്ട് എറിഞ്ഞുകളഞ്ഞാൽ  ആ രാജ്യത്തിന്റെ ഭാവി എന്താകും? അതുകൊണ്ട് ദയവുചെയ്ത് സർക്കാർ മദ്യത്തോടൊപ്പം മലയാളി പുരുഷന്റെ വോട്ടവകാശം കൂടി പറ്റുമെങ്കിൽ ഒറ്റയടിക്കോ, അല്ലെങ്കിൽ ഘട്ടം ഘട്ടമായോ നിരോധിച്ച് അവരെ രക്ഷിച്ചെടുക്കണം.പുനരധിവസിപ്പിക്കണം.

Saturday, September 6, 2014

സൽമാന്റെ അറസ്റ്റ്: ഒരു ഫാസിസ്റ്റ് രൂപകം


ഈ കഴിഞ്ഞ ആഗസ്റ്റ്‌ ഇരുപതാം തിയതി (2014) അർദ്ധരാത്രിയാണ് സല്മാൻ എന്ന യുവാവിനെ കേരളാ പോലീസ് കസ്റ്റഡിയിലെടുത്തത്. നടപടിക്രമങ്ങളൊന്നും പാലിക്കാതെ നടന്ന അറസ്റ്റ് എന്തിനായിരുന്നു എന്നുപോലും അറിയാതെ അയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും ആ രാത്രി മുഴുവൻ തലസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾ തോറും കയറിയിറങ്ങി നടന്നു. പിറ്റേന്ന് ഇന്ത്യൻ പീനൽ കോഡിന്റെ 124 A, 66 A കൂടാതെ 1971ൽ പാസാക്കിയ പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് തുടങ്ങിയവ പ്രകാരമാണ് അറസ്റ്റ് എന്ന് അവർക്ക് അറിയാൻ കഴിഞ്ഞുവെങ്കിലും പിന്നെയും ദിവസങ്ങളോളം അവർക്കോ, അഭിഭാഷകർക്കു പോലുമോ അവനെ കാണാനായില്ല. മാധ്യമങ്ങൾക്കും ഈ വാർത്തയിൽ താല്പര്യം നശിച്ചതോടെ അയാൾക്ക് എന്ത് സംഭവിച്ചു എന്നത് ഇന്ന് നമുക്ക് മുൻപിൽ ഒരു ചോദ്യ ചിഹ്നമായി നില്ക്കുന്നു.

ഈ കണ്ട വകുപ്പുകളൊക്കെ ചുമത്തപ്പെടാനും, വർഷങ്ങളായി പിടികിട്ടാപ്പുള്ളികളായി തുടരുന്ന ചില തീവ്രവാദികളൊക്കെ പൊടുന്നനേ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കാണുന്ന ബന്തവസ്സോടെയും അതീവ ജാഗ്രതയോടെയും കൈകാര്യം ചെയ്യപ്പെടാനും എന്താണ് സല്മാൻ ചെയ്ത ഉഗ്ര കൃത്യം? അറസ്റ്റ് നടക്കുന്നതിന് രണ്ട് ദിവസം മുമ്പ്, രണ്ടായിരത്തി പതിനാല് ഓഗസ്റ്റ് പതിനെട്ടാം തിയതി രണ്ട് പെൺകുട്ടികളുൾപ്പെടെ അഞ്ച് സുഹൃത്തുക്കളുമായി തിരുവനന്തപുരത്തെ ഒരു തീയറ്ററിൽ " ഞാൻ സ്റ്റീവ് ലോപ്പസ്" എന്ന സിനിമ കാണാൻ പോയി. പ്രദർശനത്തിനോട് അനുബന്ധിച്ച് ദേശീയ ഗാനം കേൾപ്പിച്ചപ്പോൾ അവർ ബഹുമാനസൂചകമായി എഴുന്നേറ്റ് നിന്നില്ല. കൂടാതെ ഗാനം കഴിഞ്ഞപ്പോൾ കൂകി വിളിച്ചു എന്നും ആരോപിക്കപ്പെടുന്നു. ഒപ്പം "ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരുപിടി മണ്ണല്ല" എന്നുതുടങ്ങുന്ന ഒരു സിനിമാ പാട്ടിലെ സ്ഥൂലവൽകൃതമായ ദേശീയതയ്ക്ക് പാരഡി തീർത്തുകൊണ്ട് ഫെയ്സ് ബുക്കിൽ പോസ്റ്റിടുകയും തുടർ ചർച്ചകളിൽ ദേശീയത എന്ന സാംസ്കാരിക ആശയത്തോടുള്ള തന്റെ വിയോജിപ്പ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു എന്നതും പ്രകോപനമായി. ഇതിനാലൊക്കെ വികാരം വൃണപ്പെട്ട ചില 'രാജ്യ സ്നേഹി'കൾ കൊടുത്ത പരാതിയിന്മേലായിരുന്നു അറസ്റ്റും, ദേശ സുരക്ഷയ്ക്കും, അഖണ്ഡതയ്ക്കും പ്രഖ്യാപിത വെല്ലുവിളിയായി തീർന്ന ഒരു ഉഗ്രതീവ്രവാദിയെ എന്നവണ്ണമുള്ള കൈകാര്യം ചെയ്യലും!

ദേശീയത
നാം ഇന്ന് പിന്തുടരുന്ന നേഷൻ സ്റ്റേറ്റ് എന്ന സങ്കല്പം ആധുനികതയുടെ കാലഘട്ടം മുതൽക്ക് മാത്രം നിലവിൽ വരാൻ തുടങ്ങുന്ന ഒന്നാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രായം വെറും ഏഴ് പതിറ്റാണ്ടിനുള്ളിൽ മാത്രമേ വരു. ഇത് ലോക മാനവികതയുടെ സാമൂഹ്യരാഷ്ട്രീയ പരിണാമങ്ങളുടെ ചരിത്രത്തിന്റെ മരണം കുറിക്കുന്ന അന്യൂനമായ ഒരു വ്യവസ്ഥയാണെന്ന് ദേശീയവാദം തിമിരമായി വികസിപ്പിച്ചവർ മാത്രമേ പറയു. പ്രത്യേകിച്ച് ആഗോളവല്ക്കരണം ദേശീയസീമകളെയും, സ്വാശ്രയത്തെ തന്നെയും അപ്രസക്തമാക്കിക്കൊണ്ടിരിക്കുന്ന കാലത്ത്.

ഒരു വശത്ത് ആഗോളവൽക്കരണത്തിനായി ദേശസീമകൾ മത്സരിച്ച് തുറന്നിടുന്ന ഭരണ വർഗ്ഗം തന്നെ മറുവശത്ത് ദേശീയതയെ ഏറ്റവും അക്രമാസക്തമായ രീതിയിൽ വളർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നത് വ്യക്തമായ ചില അജണ്ടകൾ മുൻനിർത്തിയാണ്. തീവ്രദേശീയതയുടെതായ ഒരു പൊതുബോധത്തിന് ദേശത്തെ ഭരണകൂടത്തിൽനിന്ന് വ്യതരിക്തമായി കാണാനുള്ള ശേഷി നഷ്ടമാകുന്നു. അതോടെ ഭരണകൂടത്തിന്റെ, ഭരണത്തലവന്റെ നയങ്ങൾക്കും ആശയങ്ങൾക്കും എതിരായ ഏത് വിമർശനവും ദേശത്തിനെതിരേയുള്ള വിമർശനമായി, ദേശദ്രോഹമായി വായിക്കപ്പെടും. തുടർന്ന് ജനാധിപത്യത്തിൽനിന്ന് ക്രമേണെ പ്രതിപക്ഷം പൂർണമായും ഉച്ചാടനം ചെയ്യപ്പെടും. അങ്ങനെ പൊതുബോധവും, ഭരണകൂട ഉപകരണങ്ങളും, മീഡിയയും, ജുഡീഷ്യറിയും ഒരുപോലെ ഉപയോഗിച്ചുകൊണ്ട് എതിർ ശബ്ദങ്ങളെ തമസ്കരിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നതിൽ വിജയിക്കുന്നതോടെയാണ് ഒരു ജനാധിപത്യ ഭരണകൂടം ഫാസിസ്റ്റായി മാറുന്നത്. അതിനവർ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നത് ദേശീയത എന്ന സങ്കൽപ്പത്തെയായിരിക്കും എന്നതിന് ചരിത്രത്തിൽ നിരവധി തെളിവുകളുണ്ട്.

ഫാസിസത്തിന്റെ ലക്ഷണശാസ്ത്രം
പ്രശസ്ത ഇറ്റാലിയൻ സാഹിത്യകാരനായ ഉമ്പർട്ടോ എക്കോ തന്റെ ' എറ്റേണൽ ഫാസിസം' എന്ന പ്രശസ്ത ലേഖനത്തിലൂടെ ഫാസിസത്തിന്റെ ചില പൊതു സ്വഭാവങ്ങളെ അക്കമിട്ട് വിവരിക്കുന്നുണ്ട്. അതിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്ന് "Disagreement is treason" എന്നതാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 A എന്ന വകുപ്പിന്റെ സങ്കുചിതവും, ഭാവനാരഹിതവുമായ പ്രയോഗം കൊണ്ട് ഫലത്തിൽ സ്ഥാപിക്കപ്പെടുന്നത് ഭരണകൂടത്തോടുള്ള ഏതൊരെതിർപ്പും വിമർശനവും ദേശദ്രോഹമാണെന്ന ഫാസിസ്റ്റ് ആശയം തന്നെയാണ്. സല്മാൻ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പ്രകാശിപ്പിച്ചത് ദേശീയത എന്ന സാംസ്കാരിക ആശയത്തോടുള്ള വിയോജിപ്പും ആരാജകത്വവാദം എന്ന മറ്റൊരു ആശയത്തോടുള്ള താല്പര്യവുമാണ്. അയാൾ ദേശത്തിനെതിരേ കലാപം നയിക്കുകയോ, ഒരു കായിക കലാപത്തിന് ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടില്ല. പൊതുബോധത്തിന് ദഹിക്കാത്ത ആശയങ്ങളും, വീക്ഷണങ്ങളും ഉണ്ടാവുക എന്നാൽ രാജ്യദ്രോഹിയായിതീരുക എന്നാണോ? സൽമാന്റെ അറസ്റ്റ് ഉയർത്തുന്ന പ്രാഥമികമായ പ്രശ്നം ഇതാണ് .

രണ്ടാമത്തെ പ്രശ്നം ആശയപരമായ വിയോജിപ്പുകളുടെ കായികമായ സാക്ഷാത്കാരമാണ്. ദേശീയത എന്ന ആശയത്തോടുള്ള തന്റെ വിയോജിപ്പിന്റെ കായികമായ സാക്ഷാത്കാരമായിരുന്നു അത് കേൾപ്പിക്കുന്ന വേളയിൽ ബഹുമാന സൂചകമായി എഴുനേറ്റ് നില്ക്കുക എന്ന കൃത്യത്തിൽനിന്നുള്ള മാറി 'ഇരി'ക്കൽ. എന്നാൽ അപ്പോഴും അയാൾ ദേശിയ ഗാനം കേൾപ്പിക്കുന്നതിനെയോ, കേൾക്കുന്നതിനെയോ തടയാൻ ശ്രമിച്ചിട്ടില്ല. എല്ലാവരും എഴുനേറ്റ് നിന്നപ്പോൾ അയാളും സുഹൃത്തുക്കളും ഇരിപ്പ് തുടർന്നു എന്നതാണ് കുറ്റം. വ്യത്യസ്തതകളൊടുള്ള പൊതുസമൂഹത്തിന്റെ ഈ ഭയത്തെയും അസഹിഷ്ണുതയെയുമാണ് ഫാസിസത്തിന്റെ മറ്റൊരു ലക്ഷണമായി എക്കോ എണ്ണുന്നത്.

പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ടിനെ അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിച്ചാൽ സല്മാൻ ചയ്തത് കുറ്റമാണെന്ന് പറഞ്ഞൊപ്പിക്കാം. പക്ഷേ അത്തരം ഒപ്പിക്കലുകൾ ചിന്തിക്കാനും, സ്വതന്ത്രമായി അഭിപ്രായങ്ങൾ രൂപീകരിക്കാനും അവ പ്രകടിപ്പിക്കുവാനുമുള്ള ഭരണഘടനാപരമായ അവകാശവുമായി കലഹിക്കുന്നവയായിരിക്കും എന്ന് മാത്രം. നമ്മുടെ ഭരണഘടനയെ മഹത്തരമാക്കുന്നത് അതിന്റെ സത്താപരമായ പുരോഗമനാത്മകതയാണ്. എന്നാൽ ഈയിടെയായി നിരന്തരം ആവർത്തിച്ചുവരുന്ന അധികാരം ഉപയോഗിച്ചുള്ള ഭരണഘടനാ മൂല്യങ്ങളുടെ ദുർവ്യാഖ്യാനങ്ങളും, വളച്ചൊടിക്കലും അതിന് കിട്ടുന്ന പൊതുസമ്മതിയും നമ്മുടെ ജനാധിപത്യബോധത്തിന്റെ വളർച്ചയുടെ ദിശയെക്കുറിച്ച് ശുഭകരമായ സൂചനകളല്ല തരുന്നത്.

എവിടെയും എന്തിലും ഒരു ഗൂഢാലോചനാ ഗന്ധം!
ഉംബർട്ടോ എക്കോ മുന്നോട്ട് വയ്ക്കുന്ന Obsession with a plot and the hyping-up of an enemy threat എന്ന ഫാസിസ്റ്റ് സ്വഭാവവിശേഷമാണ് ഒരുപക്ഷേ വർത്തമാന ഭാരതത്തിന്റെ ഹിന്ദുത്വപൊതുബോധനിർമ്മിതിയുടെ ആണിക്കല്ല്. ദശാബ്ദങ്ങൾ നീണ്ട ആസൂത്രണത്തിലൂടെ ഹിന്ദുത്വ ഹെജമണി നമുക്ക് ഒരു ശത്രുവിനെ ഉണ്ടാക്കി തന്നു. അതാണ് ഇസ്ലാം. കേരളത്തെ സംബന്ധിച്ചിടത്തോളം സാംസ്കാരിക തലത്തിൽ അതിന്റെ വേരുകൾക്ക് ആശാനോളം ആഴമുണ്ട്. അദ്ദേഹത്തിന്റെ ദുരവസ്ഥ എന്ന കവിത അതിനൊരു ഉദാഹരണമാണ്. ഇസ്ലാമോഫോബിയ അമൂർത്തമായ ഒരു സംസ്കാരിക രോഗമാണെങ്കിൽ അതിനെ മൂർത്തവൽക്കരിക്കാൻ പറ്റിയ നല്ലൊരു ശത്രുവിനെ വിഭജനം ഹിന്ദുത്വ വാദികൾക്ക് സംഭാവന ചെയ്തു. അതാണ് പാകിസ്ഥാൻ. ഉത്തരാധുനികതയിലേയ്ക്ക് കടന്നതോടെ പാകിസ്ഥാനിൽനിന്നും, അഫ്ഗാനിസ്ഥാനിൽനിന്നും, ഇറാനിൽ നിന്നും, സൌദിയിൽ നിന്നും ഒക്കെയായി മുസല്മാൻ എന്ന സാമാന്യവൽക്കരിക്കപ്പെട്ട ശത്രു സ്വരൂപത്തിന് വ്യക്തി തലത്തിലും സംഘടനാ തലത്തിലും നിരവധി മൂർത്തമായ രൂപങ്ങൾ സംഭാവനചെയ്തു പാൻ ഇസ്ലാം എന്ന മറ്റൊരു ഫാസിസ്റ്റ് ഹെഗമണി.

പരസ്പരാശ്രയത്തോടെ വളരുന്ന ഈ ഫാസിസ്റ് വ്യവസായം ( കൃത്യമായ അർത്ഥത്തിൽ ഫാസിസം എന്നത് കോർപ്പരെറ്റിസമാണെന്ന് പറഞ്ഞത് സാക്ഷാൽ മുസ്സോളിനിയാണ്) കോർപ്പരെറ്റ് വിപണി തലത്തിൽ ശത്രുവെന്ന ഈ സ്വന്തം ഉത്പന്നത്തെ അവരുടെ തന്നെ ഇതര ഉല്പന്നങ്ങളുടെ വിപണനത്തിന് ഒരു ത്വരകമായി ഉപയോഗിക്കുന്നു. ആയുധ വ്യാപാരം തൊട്ട് ആണവനിലയങ്ങൾ വരെ വ്യാപിക്കുന്നു ഈ വ്യവസായ ശൃംഖല. രാഷ്ട്രീയമായ അധികാരതലത്തിലാവട്ടെ അവർ ഇതിനെ ഉപയോഗിക്കുന്നത് ഭരകൂട ഭീകരതയ്ക്ക് ദേശസുരക്ഷ മുൻനിർത്തി ഒരു അനുകൂല സാംസ്കാരിക യുക്തിയുണ്ടാക്കാനും, അതുപയോഗിച്ച് അവരുടെ മറ്റ് താല്പര്യങ്ങൾ ഒളിച്ച് കടത്താനുമാണ്. അതിനുവേണ്ടി അവർ ശത്രു എന്ന രൂപകത്തെ ചില ബിംബങ്ങളിലേയ്ക്ക് വികസിപ്പിക്കുന്നു." ക്രൂര മുഹമ്മദർ" എന്ന രൂപകം പതുക്കെ പതുക്കെ താടി, തൊപ്പി, തലക്കെട്ട് തുടങ്ങിയ ബിംബങ്ങളിലേയ്ക്ക് ക്രൂരതയുടെ, ദേശദ്രോഹത്തിന്റെ, വിശ്വാസ വഞ്ചനയുടെ പ്രതിനിധാനങ്ങളെ പ്രതീകവൽക്കരിച്ച് ഉറപ്പിക്കുന്നു.

ഇത് തന്നെയാണ് സല്മാന് ജാമ്യം നിഷേധിക്കുവാനായി ഭരണകൂടം കണ്ടെത്തിയ, അയാളെ ചില താടിക്കാർ നിരന്തരം സന്ദർശിക്കാറുണ്ട് എന്ന വാദത്തിന്റെയും അത് അംഗീകരിച്ച് അയാൾക്ക് നീതി നിഷേധിച്ച നീതി പീഠത്തിന്റെയും യുക്തി. ലല്ലു പ്രസാദ് യാദവിനും റാബരീ ദേവിക്കുമെതിരേ ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് എടുത്ത കേസ് തള്ളിക്കൊണ്ട് 2005 ഇൽ ബീഹാറിൽ വന്ന കോടതിവിധിയിലെ പരാമർശം ഓർക്കുക:
"being seated during a national anthem, however seemingly repugnant, is not a crime against the law"

എന്നാലിന്ന് സല്മാന് ജാമ്യം നിഷേധിച്ചുകൊണ്ട് പ്രബുദ്ധ കേരളത്തിലെ ഒരു ജഡ്ജി നടത്തിയ പരാമർശം അയാൾ ചെയ്തത് കൊലപാതകത്തിലും വലിയ കുറ്റമാണെന്നാണ്. ഒൻപത് വർഷങ്ങൾ കൊണ്ട് നമ്മുടെ നീതിബോധം മുഴുവനായി കീഴ്മേൽ മറിഞ്ഞോ അതോ മുസ്ലീം നാമധാരികൾക്ക് മാത്രമാണോ ഈ പുതിയ നീതി ബാധകം?

ഏകീകൃത സിവിൽ കോഡ് അഥവാ ഹിന്ദുവിനും മുസ്ലീമിനും രണ്ട് ശിക്ഷാ നിയമം! 
സല്മാന് എതിരേ ചുമത്തപ്പെട്ട മൂന്ന് കുറ്റങ്ങളിൽ ആദ്യത്തേത് ദേശനിന്ദയാണ്. അതിന് നിദാനമായത് ദേശീയ ഗാനം കേട്ടിട്ട് എഴുനേൽക്കാതിരുന്നു എന്നതും. പക്ഷേ ഈ 'ദേശദ്രോഹ' വൃത്തിയിൽ അയാൾക്കൊപ്പം വേറെയും അഞ്ച് പേർ കൂടി പങ്കാളികളായി ഉണ്ടായിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അവർക്ക് പിന്നെ എന്ത് സംഭവിച്ചു? അവർ ആരും അറസ്റ്റ് ചെയ്യപ്പെട്ടതായി ഒരു മാധ്യമവും റിപ്പോർട്ട് ചെയ്ത് കണ്ടില്ല. പേരുകൾ പോലും വെളിപ്പെട്ടിട്ടില്ല. ഒരേ കുറ്റം ചെയ്ത ആറുപേരിൽ ഒരാളെ മാത്രം കുറ്റക്കാരനായിക്കണ്ട് അറസ്റ്റ് ചെയ്യുന്നതിന്റെ യുക്തി എന്താണ്? ദേശീയ ഗാനം കേട്ടിട്ടും എഴുനേൽക്കാതിരിക്കുന്നത് നികൃഷ്ടമായി കാണപ്പെടാമെങ്കിലും നിയമപരമായി ഒരു കുറ്റകൃത്യമല്ല എന്ന് കണ്ടെത്തിയ നീതിപീഠത്തിന്റെ ജനാധിപത്യബോധം ഒൻപത് വർഷങ്ങൾക്ക്ശേഷം അതേ കൃത്യം കൊലപാതകത്തെക്കാൾ ഹീനമായ കുറ്റകൃത്യമായി വിധിക്കുമ്പോൾ അതിനുപിന്നിലെ യുക്തി എന്താണ്?

ഉത്തരം പ്രകടമാണ്. അത് തന്നെയാണ് ഒരു ഫാസിസ്റ്റ് ഭരണകൂടം ആഗ്രഹിക്കുന്നതും. ഹിറ്റ്ലർ ജൂതന്മാരെ വേട്ടയാടിയത് മറ്റെന്തെങ്കിലും ഭരണകൂട ഭാഷ്യങ്ങൾ ചമച്ച് അതിന്റെ മറവിലായിരുന്നില്ല. ആഗോള വൽക്കരണാനന്തര നവ ഫാസിസത്തിന് ആ വഴി പ്രത്യക്ഷമായി പിന്തുടരനാവില്ല. അവർ അത് പ്രത്യക്ഷമായി സമ്മതിക്കുകയുമില്ല. എന്നാൽ സന്ദേശം ഏത് അന്ധനും വായിച്ചെടുക്കാനാവുംവിധം പ്രകടമായിരിക്കുകയും ചെയ്യും. അത് ഹിന്ദു രാഷ്ട്രത്തിൽ ഹിന്ദുവിനും മുസല്മാനും ഒരേ നീതി ആയിരിക്കില്ല എന്നത് തന്നെയാണ്.

ആദ്യത്തെ കൈവിലങ്ങ് ആരെ അണിയിക്കാൻ? 
ഹിന്ദുവിനെയും മുസ്ലീമിനെയും വിപരീത ദ്വന്ദ്വങ്ങൾ ആയി നിർവചിക്കുക എന്നത് ഇന്ന് ഹിന്ദുത്വ ഹെഗമണിയുടെ ലക്ഷ്യമൊന്നുമല്ല.കാരണം അവർ അത് നേരത്തെ സാധിച്ചുകഴിഞ്ഞു. കേരളത്തിൽ സല്മാന്റെയും, കർണ്ണാടകയിൽ ജാബീർ ഖാന്റെയും അറസ്റ്റ് അത്തരം ഒരു ദ്വന്ദ്വനിർമ്മിതിയ്ക്കും അപ്പുറത്തേയ്ക്കാണ് ലക്ഷ്യം വയ്ക്കുന്നത്. മുൻപ് പറഞ്ഞ "Disagreement is treason" എന്ന ഫാസിസ്റ്റ് ആശയത്തെ പൊതുബോധത്തിൽ ഉറപ്പിക്കുക എന്നതാണ് ആ ലക്‌ഷ്യം. നമ്മുടെ നവ ഫാസിസ്റ്റ് ഭരണകൂടം തീർത്ത് വച്ച ആദ്യത്തെ കൈവിലങ്ങ് പണ്ടേ അവർ കാൽചങ്ങയും കൂച്ചുവിലങ്ങും അണിയിച്ചുകഴിഞ്ഞ ന്യൂനപക്ഷങ്ങൾക്കായല്ല. അത് ഭൂരിപക്ഷസമുദായമെന്ന് ഭരണകൂടം എണ്ണുന്ന സമുദായത്തിലെ സ്വതന്ത്ര യുക്തിയെ അണിയിക്കുവാനുള്ളതാണ്.

നിഷേധമെന്ന സാംസ്കാരിക പ്രക്രിയയിൽ പങ്കാളികളായ ഒരു കൂട്ടത്തിൽനിന്ന് ചിലരെ മാത്രം കുറ്റക്കാരാക്കുകയും, മറ്റുള്ളവരെ അർത്ഥഗർഭമായ നിശബ്ദതയോടെ വെറുതെ വിടുകയും ചെയ്യുന്ന ഭരണകൂടം അവർ തങ്ങളുടെ കൂടെ നിർത്താനാഗ്രഹിക്കുന്ന ഭൂരിപക്ഷവിഭാഗത്തിലെ വിപ്ലവകാരികൾക്ക് മേൽ പരോക്ഷമായ ഒരുതരം വിധേയത്വത്തിന്റെ വല നെയ്യുകയാണ് ചെയ്യുന്നത്. സല്മാനോടൊപ്പം തിരുവനന്തപുരത്തെ തീയറ്ററിൽ ഉണ്ടായിരുന്ന, അയാൾ ചെയ്ത കൃത്യത്തിൽ പങ്കാളികളായിട്ടും വെറുതേ വിടപ്പെട്ട ആ അഞ്ച് പേരും, ആ കർമ്മത്തിൽ ശരീരം കൊണ്ട് പങ്കാളികൾ ആയില്ലെങ്കിലും ആശയപരമായി അതിനോട് യോജിപ്പുള്ളവരും അടങ്ങുന്ന ഒരു വലിയ സമൂഹം അവർ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഭരണകൂടം വച്ചുനീട്ടുന്ന ആനുകൂല്യം പറ്റി മാത്രം സ്വതന്ത്രരായി തുടരുന്നവരാണ്. കുടുംബജീവിതം , തൊഴിൽ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലൂടെ ഭരണകൂടം മനുഷ്യനുമേൽ നടത്തുന്ന മെരുക്കലെന്ന അധികാരക്രിയയ്ക്ക് പുറത്ത് സ്വാതന്ത്ര്യം യുവത്വത്തിന് കൊടുക്കുന്ന വിപ്ലവകരമായ നിഷേധക്ഷമതയെ അധികാരത്തിനോടുള്ള കടപ്പാട് തിരുകി കയറ്റി മുളയിലേ നുള്ളിക്കളയുക എന്നതാണ് ഈ ആനുകൂല്യത്തിനുപിന്നിലുള്ള അജണ്ട. അതുകൊണ്ട് തന്നെ സല്മാനും, ജാബിർ ഖാനും,പേരറിയാത്ത മറ്റനേകം മനുഷ്യരും അന്യായമായി തടങ്കലിൽ കിടക്കുമ്പോൾ ഭരണകൂടവിധേയത്വത്തിന്റെ ധാർമ്മികവേദനയും അപമാനവും അനുഭവിക്കാതെ ഒരു മതേതര പുരോഗമനവാദിയ്ക്കും തന്റെ സ്വാതന്ത്ര്യത്തെ നോക്കികാണാനാവില്ല.

നഷ്ടപ്പെടുവാനില്ലൊന്നും ഈ കൈവിലങ്ങുകളല്ലാതെ...
കമ്യൂണിസ്റ്റ് ഗൃഹാതുരസ്മരണകളിൽനിന്ന് പൊടുന്നനേ പൊന്തിവന്ന ഒരു മുദ്രാവാക്യമല്ല ഇത്. നവ ഫാസിസത്തിന്റെ ഈ കാലഘട്ടത്തിൽ ഒരു സ്വതന്ത്ര മനുഷ്യനും അങ്ങനെ പറയാനുമാവില്ല. കാരണം നിങ്ങളിൽ ഇനിയും കൈവിലങ്ങ് വീണിട്ടില്ല എന്നതും അതിൽനിന്ന് നിങ്ങൾ ഒഴിവാക്കപ്പെടുന്നു എന്നതും പലപ്പോഴും തിരിച്ചറിയൽ രേഖകൾ പ്രകാരം നിങ്ങൾ ഭരണകൂടതാല്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു സ്വത്വ വിഭാഗത്തിൽ പെടുന്നു എന്നതുകൊണ്ടാണ് എന്നത് തന്നെ. അതായത് നിങ്ങളുടെ എല്ലാ മേധാശക്തിയ്ക്കും അപ്പുറം നിങ്ങൾ ഭരണകൂട വിധേയത്വത്തിന്റെ കൈവിലങ്ങുമായാണ് പിറക്കുന്നത് എന്ന്. ആ അർത്ഥത്തിൽ ഇനിയും രേഖകളിലെങ്കിലും ഹിന്ദുവായിരിക്കുന്ന ഒരോ മനുഷ്യനും സല്മാൻ, ജാബിർ ഖാൻ എന്നീ യുവാക്കൾ , മദനി എന്ന മധ്യവയസ്കൻ, കുറ്റവാളിയെന്ന് തെളിയിക്കാൻ പോലും മെനക്കെടാതെ പൊതുബോധത്തെ തൃപ്തിപ്പെടുത്താനായി ഭരണകൂടം കൊന്ന അഫ്സൽ ഗുരു എന്ന പരേതൻ തുടങ്ങിയ നിരവധി മനുഷ്യർ കടന്നുപോയ അനീതികളുടെ ചരിത്ര പുസ്തകത്തിന്റെ രചനയ്ക്ക് പരോക്ഷമായി റോയല്ടി കൈ പറ്റുന്നുണ്ട്.

ലജ്ജയുണ്ട്, ഇവിടെ ഇനിയും ഒരു ഹിന്ദുപേരുമായി ജീവിക്കുന്നതിൽ.