നൂറിൽപരം കുട്ടികളെ കൊന്നുതള്ളുകകയും, അതിലേറെപ്പേരെ
ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുക എന്ന നികൃഷ്ട
കൃത്യത്തിന്റെ ഉത്തരവാദിത്തം അഭിമാനപൂർവ്വം ഏറ്റെടുത്ത പാകിസ്ഥാനി താലിബാൻ അതിനെ
ന്യായീകരിക്കുന്നത് വിശുദ്ധയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന തങ്ങളുടെ പോരാളികളെ കൂട്ടക്കൊലചെയ്ത പാക്ക്
പട്ടാളത്തെ ഉറ്റവരുടെ വേർപാടിന്റെ വേദന എങ്ങനെയിരിക്കുമെന്ന് മനസിലാക്കി
കൊടുക്കുന്നതും, രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കുന്നതും അവരുടെ നിയോഗമാണെന്ന് വാദിച്ചുകൊണ്ടാണ്. ശത്രുക്കളുടെ മക്കളായാലും പന്ത്രണ്ടിൽ താഴെയുള്ള കുട്ടികളെ
കൊല്ലാൻ പാടില്ല എന്ന മതനിയമപ്രകാരം മുതിർന്ന കുട്ടികളെ
മാത്രമേ ലക്ഷ്യമാക്കിയുള്ളൂ എന്നത് അവർ തങ്ങളിൽ അന്തർലീനമായ നന്മയുടെ, വിശുദ്ധകല്പനകളോടുള്ള ബഹുമാനത്തിന്റെ,
അചഞ്ചലവിശ്വാസത്തിന്റെ നിദാനമായി
മുന്നോട്ട് വയ്ക്കുന്നു!
ഒരു
രാജ്യത്തിലെ പട്ടാളം അവരുടെ നയപരവും, രാഷ്ട്രീയവുമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ
കൂട്ടക്കൊലയുടെ കർതൃത്വത്തിന്റെ പങ്ക് തങ്ങളുടെതല്ലാത്ത ഒരു തിരഞ്ഞെടുപ്പിന്റെ
ഭാഗമായി പട്ടാളക്കാരുടെ മക്കളായി ജനിച്ചുപോയ കുട്ടികളുടെ മേൽ എങ്ങനെ വരും?
ഉറ്റവരുടെ മരണത്തിന്റെ വേദന അറിയിക്കാനായാണെങ്കിൽ, അവരും പങ്കു വയ്ക്കുന്ന വിശ്വാസപ്രകാരം ആ കുട്ടികൾ പട്ടാളക്കാരുടെതിനുപരി ആത്യന്തികമായി അള്ളാഹുവിന്റെ
മക്കളായതിനാൽ ഈ വേദനയുടെ മുന ആദ്യം തിരിയുക സൃഷ്ടാവായ ദൈവത്തിനു നേരേ
തന്നെയായിരിക്കും എന്ന് വിശ്വാസത്തിന്റെ തീവ്രവക്താക്കളായിട്ടും
ഇവർക്ക് മനസിലാകാത്തതെന്ത്? പട്ടാളക്കാരുടെ മക്കൾ എന്ന
നിലയിൽ പൈതൃകമായി വന്നുചേർന്ന കർതൃത്വത്തിന്റെ പേരിലാണ് അവർ ഉന്നം
വയ്ക്കപ്പെടുന്നതെങ്കിൽ അതിൽ മുതിർന്നവർ മാത്രം ഉൾപ്പെടുന്നതെങ്ങനെ? പന്ത്രണ്ടിനുമുകളിൽ പ്രായമുള്ള കുട്ടികൾക്ക് തങ്ങളുടെ രക്ഷിതാക്കളുടെ
പ്രവർത്തികളുടെ ശരിതെറ്റുകൾ മനസിലാക്കി അതിൽ നിലപാടെടുക്കാനുള്ള വളർച്ചയായി
എന്നാണോ, അതോ ശത്രു കൂടുതൽ
മുതൽ മുടക്കിയ അവന്റെ സ്വത്തിനെ നശിപ്പിക്കുക എന്നതാണോ ഇത്തരം ഒരു
തിരഞ്ഞെടുപ്പിന്റെ യുക്തി?
തീവ്രവാദിയോടാണോ യുക്തിയെക്കുറിച്ച് ചോദിക്കുന്നതെന്ന്
ചിരിച്ച് തള്ളാൻ വരട്ടെ. തീവ്രവാദിയിൽനിന്ന് യുക്തി ചോർന്നുപോകുന്നത് അവനെടുത്ത
ഒരു വ്യക്തിഗത തീരുമാനത്തിലൂടെയല്ല. തനിക്ക് ശരി എന്ന് തോന്നുന്നതിന്റെ പക്ഷത്ത്
തീവ്രമായി നിലയുറപ്പിക്കുന്നത് ഒരു യുക്തിരാഹിത്യവുമല്ല. എന്നിട്ടും പെഷവാർ സ്കൂൾ
ആക്രമണമുൾപ്പെടെ നാം ഇതുവരെ കണ്ട നിരവധിയായ തീവ്രവാദപ്രവർത്തനങ്ങളിൽ ഒന്നിനും യുക്തിഭദ്രമായ ഒരു
പശ്ചാത്തലമില്ലെങ്കിൽ അതിന് കാരണം തീവ്രവാദി എന്ന വ്യക്തിയല്ല. പിടിച്ചുകെട്ടി
വധിച്ച് വിജയം ആഘോഷിക്കേണ്ടത് അവന്റെ വ്യക്തിഗത ദുരന്തത്തിനുമേലുമല്ല. ഒരുതരം
തീവ്രവാദവും നിലനില്ക്കുന്നത് കേവലം കായികശേഷിയുടെയും ആയുധങ്ങളുടെയും മാത്രം ബലത്തിലല്ല. അത് തളിർക്കുന്നത് കായികമായി തീവ്രവാദവുമായി ഒരു
ബന്ധത്തിലും ഏർപ്പെടാതെ മാറിനിന്നുകൊണ്ട് അതിനെ പരോക്ഷമായി
പിന്തുണയ്ക്കുകയും അതിലൂടെ അത്തരം പ്രസ്ഥാനങ്ങൾക്കും അതിന്റെ പ്രവർത്തകർക്കും
ഒരുതരം വ്യാജ സാംസ്കാരിക പരിവേഷം നല്കുകയും ചെയ്യുന്ന
കുറെ ബുദ്ധിജീവികൾ ഉണ്ടാക്കുന്ന സൈദ്ധാന്തിക പടപ്പുകളുടെ തണലുകൂടി ഉപയോഗിച്ചാണ്. ഇത്തരം
സംഘടനകൾ നടത്തുന്ന ഹിംസാത്മക പ്രവർത്തികളിലൊന്നും നേരിട്ട് പങ്കാളിത്തമില്ലാത്തതിനാൽ അവർ നിയമപരമായും സാംസ്കാരികമായും
സുരക്ഷിതരായിരിക്കും. വ്യവസ്ഥയ്ക്കുള്ളിൽ ഭദ്രരായിരുന്നുകൊണ്ട് തങ്ങളുടെ
ബുദ്ധിജീവി പരിവേഷം ഉപയോഗിച്ച് സാധാരണ മനുഷ്യരിൽ വൈകാരികവും, യുക്തിപരവുമായ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ ഇത്തരം ഹിംസകളുടെ പ്രചാരവേലയെ സമൂഹത്തിന്റെ
സാംസ്കാരിക മുഖ്യധാരയിലേയ്ക്ക് ഒളിച്ച് കടത്തുകയും ചെയ്യുന്ന ഈ 'ബുദ്ധിജീവി'വിഭാഗം പെഷവാറിൽ
നടന്നതുപോലെയുള്ള നീചമായ കൂട്ടക്കൊലകൾ എത്രതവണ
ആവർത്തിയ്ക്കപ്പെട്ടാലും, സാംസ്കാരികമായി പോലും വിചാരണ
ചെയ്യപ്പെടില്ല. അവരാണ് മേല്പറഞ്ഞ ചോദ്യങ്ങൾക്ക്, അവയ്ക്ക്
പിന്നിലുള്ള അവയുടെ പ്രഭവകേന്ദ്രങ്ങളുടെ സൈദ്ധാന്തികയുക്തികളെക്കുറിച്ചുള്ള
ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത്.
നിഴൽ
കുത്ത്
നിഴൽ
കുത്ത് സിനിമയിലൂടെ അടൂർ വിമർശന വിധേയമാക്കുന്ന ഒരു ഭരണകൂട തന്ത്രമുണ്ട്. തൂക്കിക്കൊല്ലാൻ
വിധിക്കുന്ന ഭരണകൂടം തന്നെ വിധി നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് പ്രതിയുടെ ദയാഹർജി
അനുവദിച്ചുകൊണ്ട് ഒരു ദൂതനെ അയക്കും. ഒപ്പം അയാൾ എത്തുന്നതിനു മുമ്പ് ശിക്ഷ നടന്നിരിക്കത്തക്കവണ്ണം
കർശനമായ സമയനിഷ്ഠ ജയിലധികൃതർക്കും ആരാച്ചാർക്കും നിയമം മൂലം തന്നെ
നിർബന്ധമാക്കുകയും ചെയ്യും. ചുരുക്കത്തിൽ ഹിംസയുടെ കർതൃത്വം അരിച്ചിറങ്ങി
ആരാച്ചാരിൽ ഘനീഭവിക്കും. ഇത് തന്നെയാണ് ഈ ബുദ്ധിജീവികളും ചെയ്യുന്നത്. ഇത്തരം
ഹീനകൃത്യങ്ങളുടെ ഒരുതരം വിചാരണകളിലും അവർ കാണില്ല. അവിടെ കുറേ ആരാച്ചാരന്മാർ മാത്രം.
ഇത്തരം
കൃത്യങ്ങളുടെ പശ്ചാത്തലത്തിൽ ഇവർ ഒന്നുകിൽ നിശബ്ദരാവും. അല്ലെങ്കിൽ ഒരേ സമയം ഈ തരം
ദുരന്തങ്ങളുടെ കർത്താവും ഇരയുമായ ഒറ്റപ്പെട്ട മനുഷ്യരെ തള്ളിപ്പറഞ്ഞ്
മനുഷ്യമനസാക്ഷിയുടെ, വൈകാരികതയുടെ പൊതുപക്ഷം ചേരും. ഹിംസ
ഏതർത്ഥത്തിലും അധികാരയുക്തമായ അനീതിയുടെ പ്രയോഗം
മാത്രമാണെന്ന യുക്തിയെ അംഗീകരിച്ചു കൊണ്ടൊന്നുമല്ല താല്കാലികമായ ആ മറുകണ്ടം ചാട്ടം. ദുരന്തത്തിന്റെ വൈകാരിക, സാമൂഹ്യ തിരമാലകൾ ഒന്ന് അടങ്ങിക്കഴിഞ്ഞാൽ അവർ വീണ്ടും, സംവാദങ്ങളുടെ സാധ്യതകളെ തന്നെ യുക്തി
എന്നത് പടിഞ്ഞാറൻ അധിനിവേശമാണെന്ന്
പ്രഖ്യാപിച്ചുകൊണ്ട് നിഷേധിക്കും. പിന്നെ ഏകപക്ഷീയമായ
സൈദ്ധാന്തിക കസർത്തുകൾ മാത്രമാണ്. അത് മുഴുവൻ ആകട്ടെ മതേതരത്വം, ജനാധിപത്യം, ബഹുസ്വരത തുടങ്ങിയ
ആശയങ്ങളുടെ എമ്പെരിക്കലായ സംവാദസ്ഥലിയെ പൂർണ്ണമായും നിഷേധിക്കുവാൻ വേണ്ടിയും.
ഇടയ്ക്ക് ഒന്ന് നിശബ്ദമായാലും അത്തരം മൂല്യങ്ങൾ
ഒന്നും കടന്നുകയറാത്ത വണ്ണം പഴുതുകൾ അടച്ച, വിശ്വാസമാത്രമായ
ഒരു യുക്തിപദ്ധതിയിലേയ്ക്ക് ജനതയെ, പൊതുബോധത്തെ
വഴക്കിയെടുക്കുക എന്ന കർമ്മം അവർ തുടരുക തന്നെ ചെയ്യും.
പൊതുവിദ്യാഭ്യാസത്തിന്
സമാന്തരമായി, അനുകൂലസാഹചര്യങ്ങളിൽ അതിനെ പകരം വച്ചുകൊണ്ട് വ്യാപകമായി നടക്കുന്ന
മതവിദ്യാഭ്യാസത്തിലൂടെ ഒരുപറ്റം പരമ്പരാഗത ബുദ്ധിജീവികളും, വിശ്വാസവുമായി
പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ലാത്ത സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ സിദ്ധാന്ത നിർമ്മിതികളിലൂടെ
വ്യാജ ജൈവബുദ്ധിജീവികളും ചേർന്നുണ്ടാക്കുന്ന ഹെഗമണിയാണ്
ഇത്തരം 'വിശുദ്ധ പോരാളി 'കളുടെ അധികാരജന്യമായ ഗർഭപാത്രം. എന്നാൽ നാം തീവ്രവാദത്തെ ഇപ്പോഴും
അത്തരമൊരു സമഗ്രമായ അർത്ഥത്തിൽ കാണുന്നതിന് പകരം തീവ്രവാദിയെ ഒറ്റതിരിച്ച് സ്വയം
വഴിതെറ്റി സഞ്ചരിച്ച ഒരു വിശ്വാസിയായി കാണുന്നു. അതിൽനിന്ന് വ്യത്യസ്തമായ
വിശകലനശ്രമങ്ങളെ മുഴുവൻ വിശ്വാസിയുടെ അപരവൽക്കരണമായി കാണുന്നു. ഇവിടെ വിശ്വാസമോ,
വിശ്വാസിയോ അല്ല പ്രശ്നം; വിശ്വാസിയെ സ്വന്തം
വിശ്വാസത്തിന്റെ ഇരയാക്കുന്ന മതാധികാരത്തിന്റെയും, അതിന്റെ
ഹെഗമണികളുടെയും അവയുടെ വ്യാജ ജൈവബുദ്ധിജീവികളുടെയുമാണ്.
വിചാരണ ചെയ്യപ്പെടെണ്ടത് വിശ്വാസികളല്ല, അവരെ അധികാരത്തിന്റെ
ആവശ്യങ്ങൾക്കനുസരിച്ച് തീവ്രവാദികളായി വികസിപ്പിച്ചെടുത്ത് വിതരണം ചെയ്യുന്ന,
വിശ്വാസിവർഗ്ഗത്തിന്റെ ജൈവബുദ്ധിജീവികളായി നടിക്കുന്ന
അധികാരത്തിന്റെ സ്വന്തം ബുദ്ധിജീവികളാണ്. അവർ പക്ഷേ
അധികാരത്തിനൊപ്പം എന്നും അധികാര ബന്ധിയായ ഹിംസകളുടെ ഉത്തരവാദത്തിൽനിന്ന്
വിദഗ്ധമായി രക്ഷപ്പെടുന്നു. കുറ്റമല്ല, പാപബോധം പോലും
ഹിംസയുടെ അവസാന കണ്ണിയായ ആരാച്ചാരിലേയ്ക്ക് ഒളിച്ചു കടത്തപ്പെടുന്നു.
യുക്തിയും
ദേശീയതയും
പരസ്പരം മനസിലാകുന്ന ഒരു പൊതുഭാഷയിൽ സംസാരിക്കുന്നവരുടെ
ഇടയിൽ നടക്കുന്ന ആശയവിനിമയങ്ങളിൽ ഒക്കെ ഭാഷ മാത്രമല്ല യുക്തിയും ഒരുപകരണമായി
പ്രവർത്തിയ്ക്കുന്നുണ്ട്. ഇന്നത്തെപ്പോലൊരു തണുപ്പ് ചരിത്രത്തിൽ ഇന്നുവരെ
ഉണ്ടായിട്ടില്ല എന്ന് പറയുന്ന ആളിനോട് ഇന്നലെ പതിനെട്ട് ഡിഗ്രിയായിരുന്നു, ഇന്നത് ഇരുപത്തിനാലാണെന്നിരിക്കെ ഇതെങ്ങനെ
ചരിത്രത്തിലെ ഏറ്റവും തണുത്ത ദിവസമാകും എന്ന് ചോദിക്കുന്നിടത്ത് ആ യുക്തിയുണ്ട്.
അതിനെ ഉഷ്ണമാപിനികൾകൊണ്ട് യൂറോപ്പ് കാലാവസ്ഥയിൽ നടത്തുന്ന അധിനിവേശത്തിന്റെ
യുക്തിയാണ് നിന്റേത്, അത് അപര ഹിംസയാണ് എന്നൊക്കെ
വ്യാഖ്യാനിക്കുന്നതിലും ഉപകരണം യുക്തി തന്നെ. പക്ഷേ അതിന്റെ രീതിശാസ്ത്രം
എമ്പെരിക്കൽ അല്ല എന്ന് മാത്രം. ഇവർ നിരസിക്കുന്നത് സ്വാഭാവികമായും
യുക്തിയെ അല്ല. അതിന്റെ രീതിശാസ്ത്രത്തെയാണ്.
ഒരു
സംവേദനോപകരണം എന്ന നിലയിൽ ഭാഷയിൽ ചിഹ്നവ്യവസ്ഥയ്ക്കൊപ്പം യുക്തിയും ഉൾചേരുന്നുണ്ടെന്ന് നാം
കണ്ടുകഴിഞ്ഞു. പക്ഷേ ഈ യുക്തിയെ ആര് നിർണ്ണയിക്കും? സാമാന്യവ്യവഹാരങ്ങളിലൂടെ
സജീവമായി നിലനില്ക്കുന്ന ഒരു ഭാഷയുടെ യുക്തിവ്യവസ്ഥ അതിന്റെ ഉപഭോക്താക്കളായ സാമാന്യജനം നിശ്ചയിക്കുന്നതാവണമെന്നില്ല. അത് എല്ലായിപ്പോഴും അധികാരം
നിർണ്ണയിക്കുന്നതും പൊതുബോധം നടപ്പിലാക്കുന്നതുമായ ഒന്നായിരിക്കും. ആ നിലയ്ക്കാണ് പൊതുബോധത്തിന് അധികാരവുമായുള്ള ചാർച്ചകളെ
വിലയിരുത്തേണ്ടതും. പൊതുബോധത്തിന്റെ യുക്തിപദ്ധതി അധികാരത്തിന്റെ
നിയന്ത്രണപരിധിയ്ക്ക് പുറത്ത് പോകാതിരിക്കാൻ അത് കണ്ടുപിടിച്ച ഒരു പ്രതിരോധ
തന്ത്രമാണ് യുക്തിയുടെ ദേശീയത. ദേശീയവും, മതപരവും, വംശീയവും, വർഗ്ഗീയവും, ജാതീയവും,
ലിംഗപരവുമായ പരിധികൾക്ക് ഉള്ളിലല്ലാതെ ഒരു യുക്തിയ്ക്കും ജൈവമായ
നിലനിൽപ്പില്ലെന്നും, അല്ലാത്ത യുക്തികളൊക്കെ അധിനിവേശ യുക്തികളാണെന്നും
പ്രചരിപ്പിക്കുന്നത് അധികാരത്തിന്റെ മറുപക്ഷമല്ല, അധികാരം
തന്നെയാണ്.
അധികാരത്തിന്
അദൃശ്യമായ പരിധികൾ ഉണ്ടെന്നും അത് നിരന്തരം അധികാരവിരുദ്ധമായ സംവർഗ്ഗങ്ങളെ
സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്നും സാമ്രാജ്യങ്ങൾക്കറിയാം. അവരുടെ അധികാര
താല്പര്യങ്ങൾ തുറന്നിട്ട സങ്കേതങ്ങളുടെ സാധ്യതകൾ ഉപയോഗിച്ച് തന്നെ ഈ
വിരുദ്ധചേരിയും ആഗോളവൽക്കരിക്കപ്പെട്ടേയ്ക്കാം എന്ന സാധ്യതയെക്കുറിച്ച് അവർക്ക്
ബോധ്യമുണ്ട്. അപ്പോൾ അത്തരം ഒരു കേന്ദ്രീകരണത്തെ എങ്ങനെ ചെറുക്കാം എന്നതാണ്
പ്രശ്നം. അതിന്റെ ഏറ്റവും ലളിതമായ മറുപടിയാണ് യുക്തിയുടെ വികേന്ദ്രീകരണം.
അധികാരവികേന്ദ്രീകരണം എന്നത് അതിന്റെ കൊഴിഞ്ഞുപോക്കല്ല. മറിച്ച് സാമ്രാജ്യത്വം എന്ന ബ്രഹദാഖ്യാനത്തിന്റെ ഘടനാപരമായ
സങ്കീർണ്ണതകളെ അധികാരം മുൻനിർത്തി ഏകോപിപ്പിക്കുവാനുള്ള ഒരു ഭരണപദ്ധതി മാത്രമാണ്.
ഒരുവശത്തുകൂടി സാമ്രാജ്യം എന്ന ബ്രഹദാഖ്യാനത്തിന്റെ
സാധ്യതകളെ അധികാരമുപയോഗിച്ച് നിലനിർത്തുകയും എന്നാൽ ആ
പ്രക്രിയയിൽ പ്രശ്നാധിഷ്ഠിതമായി ഉണ്ടാകുന്ന പ്രതിഷേധങ്ങളുടെ സൂക്ഷ്മാഖ്യാനങ്ങളെ
വികേന്ദ്രീകൃതവും പ്രാദേശികവുമായി വിഭജിച്ച്
നേരിടാൻ സഹായിക്കുകയും ചെയ്യുന്ന ഒരു ഭരണപദ്ധതിയാണത്. ദേശീയവും, മതപരവും, ജാതീയവും,
ലിംഗപരവും, വർഗ്ഗപരവും, വംശീയവുമായ
ജൈവസങ്കീർണ്ണതകൾ ഉല്പാദിപ്പിക്കുന്ന വൈകാരിക വൈരുദ്ധ്യങ്ങളെ മറ്റുപലതിനും എന്നപോലെ അധികാരം ഇതിനും മറയാക്കുന്നു.
യുക്തിനിഷേധത്തിലെ
അധികാരമൂലധനനിക്ഷേപം
യുക്തി അതിന്റെ രീതിശാസ്ത്രത്തിനനുസരിച്ച് സത്താപരമായി
മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഒരു നിലയിലും അത് ശാസ്ത്രമാത്രമായ ഒന്നല്ല.
മാനുഷികമായ എല്ലാ വ്യവഹാരങ്ങളിലും യുക്തിയുണ്ട്; വിശ്വാസത്തിലുമുണ്ട്. ഒരു
യുക്തിയുമില്ലാതെയല്ല പന്ത്രണ്ട് ചാവേറുകൾ പെഷവാറിലെ
പട്ടാള വിദ്യാലയത്തിലേയ്ക്ക് കയറിവന്നതും കണ്ണിൽ കണ്ടവരെയൊക്കെ കൊന്നുതള്ളിയതും.
ഇവിടെ വ്യത്യാസം അവരുടെ യുക്തിയുടെ രീതിശാസ്ത്രം വിശ്വാസാധിഷ്ഠിതമാണെന്നതാണ്.
വിശ്വാസത്തിന്റെയും, ശാസ്ത്രത്തിന്റെയും വഴി വേർപെടുന്നത് യുക്തിയുടെ
സാന്നിദ്ധ്യവും അസാന്നിദ്ധ്യവും അവലംബമാക്കിയല്ല, മറിച്ച്
അവയുടെ രീതിശാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയാണ്. സൃഷ്ടിവാദം അംഗീകരിക്കുന്ന
വിശ്വാസിയുടെ യുക്തി ദൈവത്തിന്റെ അതിഭൗതികതയിൽ
വിശ്വസിക്കുകയും അവിടം തൊട്ട് മുന്നോട്ടുള്ള കാര്യങ്ങളെയൊക്കെ ഈ വിശ്വാസം നല്കുന്ന
സൗകര്യം ഉപയോഗിച്ച് ഭൗതികമായി തന്നെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഈ രീതിശാസ്ത്രം ഉല്പാദിപ്പിക്കുന്ന സത്താപരമായ പൂർണ്ണത ജീവിതത്തിന്റെ
അനിശ്ചിതത്വങ്ങളെ നിസ്സഹായമായി അനുഭവിക്കുന്ന മനുഷ്യകുലത്തിന്റെ അവലംബത്തിനായുള്ള ആഗ്രഹത്തിന്റെ
സിദ്ധാന്തരൂപം എന്ന നിലയിൽ മനുഷ്യന്റെ ഒരു വൈകാരിക ആവശ്യമാണ്. എമ്പെരിസിസത്തിന്റെ പക്കൽ ഈ വൈകാരിക
ആവശ്യത്തിന് പരിഹാരമില്ല. വ്യാജപരിഹാരങ്ങളുടെ സാംസ്കാരികയുക്തികളെ ആ
രീതിശാസ്ത്രത്തിന് അംഗീകരിക്കാനുമാവില്ല. ഇത്രയും നാൾ നാം അനുഭവിച്ച, ജീവിച്ച സ്വത്വം, അത് കടന്നുപോയ വൈകാരികവും, കായികവുമായ അസ്തിത്വം, അതിനുള്ളിൽ നാം
സങ്കല്പിച്ചെടുത്ത് പ്രണയിച്ച ഞാൻ എന്ന ബോധം ഒക്കെയും മരണത്തോടെ ഒരുദിവസം ഇല്ലാതാവുമെന്നത്, അത് തന്നെ പൊടുന്നനെ ഒരു
ദിവസം സംഭവിക്കുന്നതല്ല, അതൊരു തുടർച്ചയാണെന്നത്, ജീവിതമെന്ന
നിരന്തര സമരത്തിന് നല്കുന്നത് വല്ലാത്തൊരു അനാഥത്വ, അന്യഥാത്വ
ബോധമാണ്. ആ യാഥാർത്ഥ്യത്തെ അംഗീകരിക്കാൻ അവരവരുടെ ചുരുങ്ങിയ ജീവിത ഇടങ്ങളിൽ തങ്ങളെ നായികാനായകരൂപങ്ങളിൽ മാത്രം കണ്ട്
ശീലിച്ച മനുഷ്യന്റെ ദർശനപരിസരം മാറണം. അതൊരു വലിയ
വെല്ലുവിളിയാണ്. വ്യക്തി തലത്തിൽ മനുഷ്യൻ ഒറ്റയ്ക്ക് ഏറ്റെടുക്കുകയും ഒറ്റയ്ക്ക്
ചെയ്യുകയും ചെയ്യേണ്ട യുദ്ധം. ഇതിനെ റദ്ദ് ചെയ്യുകയാണ് മറ്റൊരു യുക്തിയെ
മുന്നോട്ട് വയ്ക്കുന്നതിലൂടെ മതം ചെയ്യുന്നത്.
അധികാരത്തിന്റെ ഒരു ഉപകരണമെന്ന നിലയിൽ മതം മുന്നോട്ട്
വയ്ക്കുന്ന ഈ വ്യാജ സാന്ത്വനം യഥാർത്ഥത്തിൽ അധികാരത്തിന്റെ ഭരണപരമായ ആവശ്യം
മാത്രമാണ് . പ്രതിഷേധങ്ങളെ, അവയ്ക്ക് പിന്നിലുള്ള
നീതിനിഷേധങ്ങളുടെ അനുഭവതലത്തിലുള്ള യുക്തിയുടെ വസ്തുനിഷ്ഠതയെ തടയുകയാണ് ലക്ഷ്യം. മരണാനന്തര ജീവിതം വ്യക്തിഗതമായ ഒരു വാഗ്ദാനമാണ്.
അതിന്റെ വിശദാംശങ്ങളും കരാറും, വ്യവസ്ഥകളും ഒക്കെ
വ്യക്തിഗതമാണ്. ഒരു സമൂഹത്തിന് മുഴുവനായി സ്വർഗ്ഗം വാഗ്ദാനം
ചെയ്യുന്ന ഒരു മതത്തെയും നാം നാളിതുവരെ കണ്ടിട്ടില്ല. ദൈവീകമായ പരീക്ഷണങ്ങൾ വ്യക്തിതലത്തിലാണ്. പ്രതിഫലവും അതേ. എന്നാൽ ശിക്ഷ മാത്രം
സാമൂഹ്യമായിരിക്കും. ഒരു ഗ്രാമത്തെ, ഒരു ഗോത്രത്തെ, വേണമെങ്കിൽ ഒരു വൻകരയെ തന്നെ ഇല്ലാതാക്കാവുന്ന ദൈവീക ശിക്ഷകൾ പലപ്പോഴും
വന്നുഭവിക്കുന്നത് വ്യക്തികൾ ചെയ്ത കുറ്റത്തിനാവും. ആ നിലയിലാണ് മതം യുക്തിയുടെ വ്യക്തിതല സംവാദസാധ്യതകളെ
നിഷേധിക്കുകയും അതിനെ സാമൂഹ്യ സാംസ്കാരിക ഹെഗമണികളിൽ
നിക്ഷേപിക്കുകയും ചെയ്യുന്നത്. പൊതുബോധമായി പരിവർത്തിക്കുന്ന
അത്തരം ഹെഗമണികളിലൂടെയാണ് അധികാരം അതിന്റെ സാമൂഹ്യാംഗീകാരവും കേന്ദ്രീകരണവും
ഉറപ്പ് വരുത്തുന്നത്. അപ്പോൾ സ്വാഭാവികമായും അതിന് യുക്തിയെ
ദേശീയവും, മതപരവും, വംശീയവും, വർഗ്ഗീയവും, ലിംഗപരവുമായ അധികാര നിർമ്മിതങ്ങളായ
സ്വത്വവിഭജനങ്ങളിലേയ്ക്ക് വികേന്ദ്രീകരിക്കേണ്ടിവരും. അതിന്റെ യുക്തി
എല്ലായിടത്തും ഒന്നാവാൻ സാധ്യമല്ല. അതുകൊണ്ട് തന്നെ ഫലത്തിൽ ജീവിതത്തിന്റെ
സാംസ്കാരിക മൂലധനം മുഴുവൻ ചിലവാക്കപ്പെട്ടിട്ടുള്ള യുക്തിയെ, അതിന്റെ സാർവ്വജനീനതയെ വിഘടിപ്പിച്ച് അതിൽ വികേന്ദ്രീകൃതമായി തന്റെ മൂലധനം നിക്ഷേപിക്കുക എന്നത് അധികാരത്തിന്റെ ആവശ്യമാണ്.
മതേതരത്വം എന്ന 'ബുൾഷിറ്റ്''
മതേതരത്വം വെറും ബുൾ ഷിറ്റാണെന്ന് കാഞ്ചാ ഏലയ്യ അഭിപ്രായപ്പെടുന്നു. എന്നാൽ മതങ്ങളിൽ
നിലനില്ക്കുന്ന സാമ്രാജ്യത്വ, അധികാര
താല്പര്യങ്ങൾ ബഹുസ്വരതയുടെ ജനാധിപത്യ, സാംസ്കാരിക സംവാദ സ്ഥലങ്ങളെ എങ്ങനെ അഭിസംബോധന ചെയ്യും എന്നതിനെക്കുറിച്ച്
അദ്ദേഹത്തിനോ മതസ്വത്വവാദത്തിനോ മറുപടികളില്ല. സ്വത്വത്തിന്റെ വിവിധങ്ങളായ അടരുകളെയും അവ തമ്മിലുള്ള വൈരുദ്ധ്യങ്ങളെയും
നേരിടുന്ന ഒരു യുക്തി പദ്ധതിയില്ല. ന്യൂനപക്ഷ മതസ്വത്വത്തിന്റെ പേരിൽ, ദളിത് സ്വത്വത്തിന്റെ പേരിൽ, ലൈംഗീക
ന്യൂനപക്ഷസ്വത്വത്തിന്റെ പേരിൽ ഒക്കെയുള്ള അനീതികൾ ഒരുവശത്ത് നിലനില്ക്കുമ്പോഴും
ഇതിന്റെ ഇരകളിലെ സ്ത്രീയും പുരുഷനും അനുഭവിക്കുന്നത് ഒരേ പ്രശ്നമല്ല. വിശദാംശങ്ങളെ
സംബന്ധിച്ചിടത്തോളം കറുത്ത വർഗ്ഗത്തിൽ പെട്ട
സ്ത്രീയനുഭവിക്കുന്ന പ്രശ്നമല്ല വെളുത്ത സ്ത്രീയുടേത്, കറുത്ത
ഗേയുടെയല്ല വെളുത്തവന്റേത്, കറുത്ത ലെസ്ബിയൻ സ്ത്രീയുടെതല്ല
വെളുത്തവളുടേത്. സൂക്ഷ്മങ്ങളായ ഇത്തരം ആഖ്യാന സങ്കീർണ്ണതകളെ നേരിടാൻ ഇവരുടെ
പക്കലും സൈദ്ധാന്തികമോ, പ്രായോഗികമോ ആയ ഉപകരണങ്ങളില്ല.
ഉള്ളത് ദളിതന്റെ, മതന്യൂനപക്ഷങ്ങളുടെ, ലൈംഗീക
ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളെ ആ നിലയിലുള്ള വർഗ്ഗീകരണത്തിന്റെ
രാഷ്ട്രീയത്തിനുള്ളിൽ നിന്ന് സ്ത്രീയും പുരുഷനും നേരിട്ടുകൊള്ളണമെന്നും അല്ലാത്തവർ
സ്വത്വ വഞ്ചകരായിരിക്കുമെന്നുമുള്ള തിട്ടൂരമാണ്. ഇത് ഇവർ അടിമുടി എതിർക്കുന്ന കമ്യൂണിസ്റ്റ് വർഗ്ഗസിദ്ധാന്തത്തിന്റേതിന് സമാനമാംവിധം
യാന്ത്രികമായ ഒരു സൈദ്ധാന്തിക ചട്ടക്കൂടാണ്. ഇതിനെതിരേ ഉയരുന്ന സ്വാഭാവികമായ
ചോദ്യങ്ങളെ ഇടത്, കമ്യൂണിസ്റ്റ്
മതേതര യുക്തികൾ എന്നുവിളിച്ച് ശത്രുപക്ഷത്ത് പെടുത്തി അവർ റദ്ദ് ചെയ്തെടുക്കുന്നത് അധികാരത്തിന്റെ സംവാദ വിമുഖമായ രീതിശാസ്ത്രമവലംബിച്ചാണ് എന്നതിലാണ് മൗലീകമായ തമാശ!
ബഹുസ്വരമായ ഒരു സമൂഹത്തിൽ മതപരമായ യുക്തികളുടെ ഏകശിലോന്മുഖത
ഉയർത്തുന്ന വെല്ലുവിളികളെയും ആശയക്കുഴപ്പങ്ങളെയും ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന
നീതി നിഷേധങ്ങളെയും കാര്യ-കാരണപ്പൊരുത്തത്തിന്റെ വിശാലമായ സംവാദയുക്തികളിൽ നിന്ന്
കേവലം പ്രശ്നങ്ങളിലേയ്ക്ക് മാത്രമായി ചുരുക്കി സംവദിക്കുന്നതിൽ ഒരു അധികാര തന്ത്രമുണ്ട്. മനുഷ്യന്റെ വൈകാരിക ആവശ്യങ്ങളുടെ ഭാഗമായി
മതത്തെയും, വിശ്വാസത്തെയും വ്യക്തിഗത സ്വകാര്യ ഇടങ്ങളിൽ
നിലനിർത്തിക്കൊണ്ട് തന്നെ ബഹുസ്വരമായ ദേശീയ ഇടങ്ങളിൽ മതേതരമായ എമ്പെരിക്കൽ
യുക്തികളുടെ സംവാദസ്ഥലം നിലനിർത്തുക എന്ന നീക്ക്പോക്ക് പോലും മതസ്വത്വവാദത്തിന്റെ വ്യാജ
ജൈവബുദ്ധിജീവികൾക്ക് സ്വീകാര്യമല്ല. അതിന് കാരണം മറ്റൊന്നുമല്ല; അധികാരവും, പ്രതിനിധാനത്തിലൂടെ അതിൽ ഉറപ്പാക്കാവുന്ന
പങ്കും തന്നെ. പക്ഷെ സമഗ്രമായ ഒരു സാംസ്കാരികപരിണാമത്തിന്റെ തുറസ്സിൽ വച്ചല്ലാതെ
പ്രതിനിധാനത്തിലൂടെ ലഭിക്കുന്ന അധികാരത്തിന്റെ പങ്ക് ഒരു സ്വത്വവിഭാഗത്തിന്റെയും
സമഗ്രവികസനത്തിലേയ്ക്ക് കലാശിക്കില്ല എന്ന് മാത്രം. അതിന് ഇന്ത്യൻ പാർലമെന്ററി
ജനാധിപത്യത്തിന്റെ ചരിത്രത്തിൽ തന്നെ നിരവധി
തെളിവുകളുണ്ട്.
മതേതരത്വം വെറും കാളത്തീട്ടമാണെന്ന് പറയുന്നവർ ദളിതരോ, മതന്യൂനപക്ഷങ്ങളൊ മാത്രമല്ല എന്നതാണ് ഇതിലെ
വൈചിത്ര്യം. സംഘപരിവാരങ്ങളുടെ ഹിന്ദുത്വ യുക്തികളിലേക്ക് നിർണ്ണായകമായ ഒരു സംഭാവന
എന്ന നിലയിൽ കപടമതേതരത്വം എന്ന കല്പന അദ്വാനി മുന്നോട്ട്
വച്ചത് ഒരു ദശാബ്ദം മുമ്പേ ആണ്. മതേതരത്വം എങ്ങനെ ഇരയ്ക്കും വേട്ടക്കാരനും ഒരുപോലെ
നിഷിദ്ധമാകും? മറുപടി ലളിതമാണ്. മതം ആത്യന്തികമായി ഒരു
അധികാരസ്ഥാപനമാണ്. അതിനെ അവലംബിച്ചുള്ള ഏത് സാമൂഹ്യ, രാഷ്ട്രീയ
സംവർഗ്ഗ നിർമ്മിതിയിലും ആ താല്പര്യവും കടന്നുകൂടും. അത് ആർക്കുവേണ്ടി
നിർമ്മിക്കപ്പെടുന്നോ അവരെയും മറികടന്ന് ഒടുവിൽ അധികാരത്തിന്റെ മാത്രം
താല്പര്യങ്ങളിലേയ്ക്ക് ചുരുങ്ങും. എണ്ണം വച്ച് നോക്കിയാൽ മതരാഷ്ട്രവാദം കൊന്നൊടുക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വവാദികളെയോ,
ഇതര മതസാമ്രാജ്യത്വ വാദികളെയോ അല്ല, അടിസ്ഥാനപരമായി അതാത് മതങ്ങളിലെ അതിന്റെ ഇരകളെ തന്നെയാണ്.
അതിൽനിന്ന് തന്നെ മതവാദവും, മതരാഷ്ട്രവാദവും അവയ്ക്ക്
സൈദ്ധാന്തിക പ്രതിരോധം തീർക്കുന്ന സ്വത്വവാദവും ഒക്കെ ആരെ
പ്രതിനിധാനം ചെയ്യുന്നു എന്നത് വ്യക്തമല്ലേ. മതേതരത്വം സ്വന്തം അതിജീവനത്തിന്റെ
സാംസ്കാരിക ഘടനയായി വികസിപ്പിച്ചെടുത്ത സാധാരണ വിശ്വാസികളുടെ ആവശ്യമല്ല അത്. അവരുടെ നിർമ്മിതിയല്ല
മതമൗലീകവാദവും. അവരുടെ മൗലീകമായ ആവശ്യം അതിജീവനമാണ്. അതിൽ സ്വന്തം താല്പര്യങ്ങൾ
മുൻനിർത്തി വിഷം കുത്തിവയ്ക്കുന്ന, പ്രതിരോധ കുത്തിവയ്പ്പ്
നടത്തുന്നവരെ സാംസ്കാരികമായി ഹിംസിക്കുന്ന ആക്രമണത്വരയാണ് മതേതരത്വത്തിന്റെ
ബഹുസ്വര, ജനാധിപത്യ മൂല്യങ്ങളെ കാളത്തീട്ടമാക്കി
അപഹസിക്കുന്നത്.
സാമ്രാജ്യത്വവും
മതമൗലീകവാദവും
എല്ലാ തരം തീവ്രവാദസംഘടനകളും നിലനില്ക്കുന്നതും
ഒത്തുകൂടുന്നതും സാമ്രാജ്യത്വ വിരുദ്ധതയുടെ ഒരു പൊതു
പ്ലാറ്റ്ഫോമിലാണ്. അവർ പ്രസംഗിക്കുന്നതും, സിദ്ധാന്തനിർമ്മാണം
നടത്തുന്നതും ഇതിനെ മുൻനിർത്തിയാണ്. സംഘപരിവാറിന്റെ ജൈവബുദ്ധിജീവികൾ എല്ലാത്തരം
ജ്ഞാനത്തിന്റെയും ഉറവിടം ഹൈന്ദവഗ്രന്ധങ്ങളാണെന്നും യൂറോപ്പിനോടുള്ള ധൈഷണികദാസ്യം
കൊണ്ടാണ് ഇന്ത്യയിലെ മതേതരവാദികൾ അതിനെ കണ്ടില്ലെന്ന് നടിക്കുന്നതെന്നും അഭിപ്രായപ്പെടുന്നത്
അതുകൊണ്ടാണ്. എന്നാൽ ഇവയും താലിബാനും, അൽഖ്വൈദയും ഉൾപ്പെടെയുള്ള വകഭേദങ്ങളൊക്കെയും അവയുടെ
വികാസത്തിന്റെ പല ഘട്ടങ്ങളിലായി സാമ്രാജ്യത്വത്തിന്റെ ഉപകരണങ്ങളായി
പ്രവർത്തിച്ചവയാണെന്നതും ഓർക്കണം. പ്രശ്നാധിഷ്ഠിതമായി
ആരുമായും സഹകരിക്കാൻ ബുദ്ധിമുട്ടില്ലാത്ത ഇവർക്ക് സൈദ്ധാന്തികമായി സഹകരിക്കാനേ പറ്റാത്തത് സാമ്രാജ്യത്വവുമായോ, കമ്പോളവുമായോ,
കോർപ്പറേറ്റുകളുമായോ ഒന്നുമല്ല; അത് മതേതരത്വം,
ജനാധിപത്യം, ബഹുസ്വരത തുടങ്ങിയ ചില
മൂല്യങ്ങളുമായാണ്. ഇവരുടെ വ്യവഹാര മണ്ഡലം സംവാദത്തിന്റെയല്ല, യുദ്ധത്തിന്റെ, ഹിംസയുടെയാണ്. അതിന്റെ യഥാർത്ഥ
യുക്തിയാണ് പാക് താലിബാൻ പെഷവാർ സ്കൂൾ ആക്രമണത്തെ ന്യായീകരിക്കാനായി മുന്നോട്ട്
വച്ചത്.
മതവും
അധികാരവുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ കണക്കുപുസ്തകമാണ് ചരിത്രം. ഇവ രണ്ടല്ല, ഒന്ന് തന്നെയാണ്. പല രാഷ്ട്രീയവ്യവസ്ഥകളിലും
അവ നിലനിന്നത് അങ്ങനെയാണ്. ഇന്നും ഒരു മതരാഷ്ട്രത്തിൽ ഇത് രണ്ടായല്ല, ഒന്നായി തന്നെയാണ് നിലനില്ക്കുന്നത്. ഇത് രണ്ടായി നിലനില്ക്കുന്നത് ചില
പ്രതികൂല സാഹചര്യങ്ങളിൽ മാത്രമാണ്. അതാണ് മതേതരത്വത്തിലും,
ജനാധിപത്യത്തിലും, ബഹുസ്വരതയിലും അധിഷ്ഠിതമായ
സാംസ്കാരിക അന്തരീക്ഷം ഉല്പാദിപ്പിക്കുന്നത്. ആ
അന്തരീക്ഷത്തിലാണ്, അവിടെ മാത്രമാണ് ഒരു പ്രതിരോധതന്ത്രമെന്ന
നിലയിൽ മതം മൗലീകവാദത്തെ ചില വ്യക്തിഗത അപഭ്രംശങ്ങളായി കണ്ട് കയ്യൊഴിയുന്നത്.
പെഷവാർ സ്കൂൾ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ സർക്കാർ വിളിച്ചുകൂട്ടിയ
സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുമ്പോഴും ജമായത്തെ
ഇസ്ലാമിയുടെ മുൻതലവൻ മരിച്ച തീവ്രവാദികളെ രക്തസാക്ഷികൾ എന്നാണ് വിശേഷിപ്പിച്ചത്
എന്ന് പറയുന്നത് അവാമി വർക്കേഴ്സ് പാർട്ടിയുടെ സെക്രട്ടറിയായ, ഫറൂഖ് താരിഖ് എന്ന പാകിസ്ഥാനിയാണ്. അവരുടെ ആജന്മവൈരിയായ ഇന്ത്യയുടെ
തെക്കേയറ്റത്തുള്ള കേരളത്തിൽനിന്ന് ഇറങ്ങുന്ന തേജസ് പത്രവും താലിബാനികളെ
തീവ്രവാദികളെന്നല്ല പോരാളികൾ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാലും താലിബാന്
തെഹ്രീക്ക് താലിബാനുമായും, പാകിസ്ഥാനിലെ ജമായത്തെ
ഇസ്ലാമിക്ക് ഇന്ത്യൻ ജമായത്തെ ഇസ്ലാമിയുമായും ഒന്നും ഒരു ബന്ധവുമില്ല. മൗദുദിയുടെ
പുസ്തകത്തിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ പ്രസാധനത്തിനും വായനക്കാരുള്ള
പുസ്തകത്തിന്റെ പതിപ്പ് പിന്നെയും പിന്നെയും ഇറങ്ങും, അതിൽ
പ്രസാധകർക്ക് കച്ചവടതാല്പര്യമേ ഉള്ളു എന്ന വാദം മതിയാവും!
ഒരു
മതത്തിനും മറ്റൊരു ദൈവത്തെയോ,
അങ്ങനെയൊരു സാധ്യതയെയോ അംഗീകരിക്കാനാവില്ല. എല്ലാ മതങ്ങളും തങ്ങളുടെ
യുക്തിയെ തന്നെയാണ് അനിഷേധ്യമായ പ്രപഞ്ചയുക്തിയായി കാണുന്നത്. അവയെ
നിഷേധിക്കുന്നവർ ദൈവനിഷേധികളാണ്. ദൈവനിഷേധം എന്നത് വ്യക്തിതലത്തിൽ നടന്നാലും
അതിന്റെ പാർശ്വഫലങ്ങൾ വ്യക്തിയിൽ ഒതുങ്ങുന്നതായിരിക്കില്ല. അതാണ് മതം വിശ്വാസിയെ
പഠിപ്പിക്കുന്ന അതിന്റെ മൗലീകമായ അർത്ഥം. അതിനെ പിൻപറ്റുക ഒരു വിശ്വാസിയുടെ
കടമയാണ്. അപ്പൊ എങ്ങനെ ഏതെങ്കിലും ഒരു മതമൗലീകവാദി
വിശ്വാസത്തെ സംബന്ധിച്ച് നികൃഷ്ടനാവും?
അജ്ഞാനികളായ മനുഷ്യരെ ജ്ഞാനത്തിലേയ്ക്ക് ഉദ്ധരിക്കുവാനായി
കൈക്കൊള്ളാവുന്ന സാമ, ദാന, ഭേദ, ദണ്ഡ
മുറകളെക്കുറിച്ചൊക്കെ വിവിധ മതഗ്രന്ഥങ്ങൾ വിശദമായി
തന്നെ പ്രതിപാദിക്കുന്നുണ്ട്. ഈ ജ്ഞാനമെന്ന് പറയുന്നത്
ഒരോ മതത്തെ സംബന്ധിച്ചിടത്തോളവും അതുമാത്രമാണ്. അത് അന്തിമവുമാണ്. ലക്ഷ്യം മതരാഷ്ട്രമല്ല,
മതസാമ്രാജ്യവും ലോകം തന്നെയുമാണ്. തന്റെ ദൈവമാണ് യഥാർത്ഥത്തിൽ
പ്രപഞ്ചത്തെയും, മനുഷ്യരെയും സൃഷ്ടിച്ചതെങ്കിൽ ലോകം
ചലിക്കേണ്ടത് ആ ദൈവം തന്ന ഭരണഘടന അനുസരിച്ചാണ് എന്നതും, ആ
ഭരണഘടനയ്ക്കും ആ രാജ്യത്തിനും വേണ്ടി നിലകൊള്ളുക ഒരോ വിശ്വാസിപൗരന്റെയും കടമയാണ് എന്നതും
വ്യക്തമല്ലേ. ഏകശിലോന്മുഖവും, സംവാദാതീതവുമായ ഇത്തരം
യുക്തികളിലൂടെ, അവ വികസിപ്പിക്കുന്ന ഹെഗമണികളിലൂടെയാണ് മതം
അതിന്റെ സർവ്വാധികാരപ്രചോദിതമായ സാമ്രാജ്യ സ്വപ്നങ്ങൾ നെയ്തെടുക്കുന്നത്.
അതുകൊണ്ട് തന്നെ മതവും സാമ്രാജ്യവാദവും ഘടനാപരമായി ഒന്ന് തന്നെയാണ്. വ്യത്യാസം
സത്താപരം മാത്രമാണ്. സാമ്രാജ്യവാദത്തെ എതിർക്കുന്ന മതങ്ങൾ പറയുന്നത് സാമ്രാജ്യങ്ങൾ
വേണ്ട എന്നല്ല തങ്ങളുടെ ദൈവത്തിന്റെ സാമ്രാജ്യം വരേണം എന്ന് മാത്രമാണ്. താലിബാൻ
പറയുന്നത് സാമ്രാജ്യത്വം തുലയട്ടെ എന്നല്ല, അമേരിക്കൻ
സാമ്രാജ്യത്വം തുലയട്ടെ, പാശ്ചാത്യ സാമ്രാജ്യത്വം തുലയട്ടെ
എന്നാണ്. പകരം വരേണ്ടത് ഇസ്ലാമിക സാമ്രാജ്യമാണ്. ഇസ്ലാമിക നീതിസങ്കല്പമാണ്.
അതിലെന്താണ് തെറ്റ് എന്നാണ് പെഷവാർ സ്കൂൾ ആക്രമിച്ച ചാവേറുകൾ ഉച്ചരിക്കാതെ വിട്ട
ചോദ്യം.
ആ നിലയ്ക്ക് താലിബാൻ ചെയ്ത സൈദ്ധാന്തികമോ, പ്രയോഗപരമോ ആയ കുറ്റമെന്താണ്? ഉത്തരം വ്യക്തമാണ്. അത് കുറ്റമാകുന്നത് മതേതരയുക്തിയുടെ കണ്ണിലൂടെ
നോക്കുമ്പോൾ മാത്രമാണ്.
മതേതര ഹിംസകൾ
ഈ
പ്രയോഗം മലയാളത്തിന്റെ സാംസ്കാരിക വ്യവഹാരങ്ങളിൽ ഇത്രയ്ക്ക് പ്രചാരം നേടുന്നത് ഇരുപത്തിയൊന്നാം
നൂറ്റാണ്ടിലാണ്. ഇതിന്റെ ഉള്ളടക്കം പ്രാഥമികമായും മതേതരമായ യുക്തിയെ ഉയർത്തിപ്പിടിക്കുന്നവർ മതവിശ്വാസികളെ സാംസ്കാരികമായി
ഹിംസിക്കുകയാണ് എന്ന വിചിത്രമായ വാദമാണ്. മതവിശ്വാസികൾക്ക്
ഭൂരിപക്ഷമുള്ള, നാസ്തികർ ഒരു ശതമാനം പോലും ഇല്ലാത്ത
ലോകത്തിന്റെ സാംസ്കാരിക ഹെഗമണിയെക്കുറിച്ചാണ് ഈ നിരീക്ഷണം.
അതെത്രത്തോളം പരിഹാസ്യമാണ് എന്ന് സൂചിപ്പിച്ചാൽ അതും മതേതര ഹിംസയാകുമെന്നതിനാൽ
അതിന് തുനിയുന്നില്ല. കാരണം ഭൂരിപക്ഷത്തിനെതിരെയുള്ള വിമർശനങ്ങൾ പോലും ഹിംസയായി
കാണുന്ന ഈ ദർശനത്തിന് മതനിന്ദാനിയമം ഇല്ലാഞ്ഞിട്ടുകൂടി നിയമപരിരക്ഷയുണ്ട്.
മറുപക്ഷത്തിനാവട്ടെ പൗരാവകാശങ്ങൾ ക്രിമിനൽ നിയമപ്രകാരം മാത്രവും. സാംസ്കാരികമായി
അവർക്ക് വികാരങ്ങളുമില്ല. അത് വ്രണപ്പെടുന്നതിനെ ചെറുക്കാൻ നിയമങ്ങളുമില്ല.
അത്തരത്തിൽ സാംസ്കാരികമായും, നിയമപരമായും
പാർശ്വവൽക്കരിക്കപ്പെട്ട ഒരു ന്യൂനപക്ഷം പ്രതികൂലമായ സാഹചര്യങ്ങളിൽ ലഭ്യമായ
ചുരുങ്ങിയ പ്ലാറ്റ്ഫോമുകളിൽ വച്ച് നടത്തുന്ന ആത്മപ്രകാശനമാണ് മതേതരഹിംസ!
വിശ്വാസിയേയും വിശ്വാസത്തിനെയും ഒന്നായി കാണുന്നത് ഒരു
ലോജിക്കൽ ഫാലസിയാണ്. മതം എന്ന ലോകം കണ്ട ഏറ്റവും പ്രബലമായ അധികാരസ്ഥാപനം അതിന്റെ
ചൂഷണങ്ങളുടെ മുഴുവൻ അസംസ്കൃതവസ്തുവായി കാണുന്ന, സ്വന്തമായി ഏജൻസി ഇല്ലാത്ത ഉപകരണങ്ങൾ
മാത്രമാണ് വിശ്വാസികളായ മനുഷ്യർ. അവർ
തങ്ങളുടെ അതിജീവനത്തിനായി പലതരം അധികാരരൂപങ്ങളുമായി സമരസപ്പെടുകയും അതിന്റെ പ്രയോഗ
ചരിത്രത്തിന് ഒരു സാംസ്കാരികഘടന തന്നെയും ഉണ്ടാക്കുകയും ചെയ്യുന്നു. വിശ്വസികളുടെ
മതേതരത്വം അത്തരം ഒരു പ്രായോഗിക അതിജീവന ഘടനയാണ്. യഥാർഥവിശ്വസി വിശ്വാസത്തിന്റെ
മൗലീകമായ സത്തയെ തേടുകയും അതിനെ പിന്തുടരുകയും ചെയ്യുന്നു. അതിനെ
പ്രായോഗികവിശ്വാസി ചെറുക്കുന്നത് മതേതരത്വം എന്ന മൂല്യം നെഞ്ചോടടുക്കിയാണ്. കാരണം
അത് അവരുടെ അതിജീവനത്തിന്റെ തുലനസിദ്ധാന്തമാണ്. നിലനില്പ്പിന്റെ ആ ചോറിനെയാണ് ചില ബുദ്ധിജീവികൾ അധികാരത്തിനുവേണ്ടി അവരിൽനിന്ന് കൊള്ളയടിക്കുന്നത്. എന്നിട്ടും അവർ വിചാരണ
ചെയ്യപ്പെടുന്നില്ല.
തീവ്രവാദികൾ ഒന്നുകിൽ ഏറ്റുമുട്ടലിൽ മരിക്കും. അല്ലെങ്കിൽ
അധികാരം അതിന്റെ ആവശ്യം കഴിഞ്ഞ് തൂക്കിക്കൊല്ലും. അല്ലെങ്കിൽ ചാവേറുകൾ
ആക്കപ്പെടും. ഒരു ജീവശാസ്ത്രപ്രക്രിയയുടെയും ശാരീരിക, വൈകാരിക പ്രതിബന്ധങ്ങളില്ലാതെ അവരെ
പുനരുല്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ദുഷിച്ച മസ്തിഷ്കഫാക്ടറികൾ പല സാംസ്കാരിക
ഭാഷ്യങ്ങളിൽ വെടിയുണ്ട ഏല്ക്കാതെ, കയറിന്റെ മുറുകലറിയാതെ,
സ്വയം വിഘടിച്ചില്ലാതാവുന്ന അനുഭവമറിയാതെ ചാരുകസേരകളിൽ കിടന്നും
ഇരുന്നും സിദ്ധാന്തങ്ങൾ പടയ്ക്കും. പക്ഷേ ഇവരോട് ദയവായി ഞങ്ങളുടെ അപ്പന്മാരാവാൻ
വരരുത് എന്ന് പറയാൻ ഈ പാവം മനുഷ്യർക്കാവില്ല. കാരണം
അധികാരം തയ്യാർ ചെയ്ത് വച്ച രക്ഷാകർതൃത്വബന്ധിയായ
രേഖകളിൽ മുഴുവൻ അവരുടെ പ്രതിനിധാനം സ്വയം ഏറ്റെടുത്ത 'സ്വന്തം' ജൈവബുദ്ധിജീവികൾ മുമ്പേ ഒപ്പുവച്ച്കഴിഞ്ഞല്ലോ.
No comments:
Post a Comment