Monday, February 15, 2010

ഭാഷയില്‍ മേയുന്ന കറുത്തു തടിച്ച എരുമകള്‍

ചലച്ചിത്രതാരം ജയറാമിന്റെ ‘കറുത്ത് തടിച്ച് എരുമയെപ്പോലെയുള്ള ഒരു തമിഴത്തി’ എന്ന പരാമര്‍ശത്തെതുടര്‍ന്ന് ‘നാം തമിഴരെ’ന്നൊരു സംഘടന അദ്ദേഹത്തിന്റെ വീടും ഓഫീസും തല്ലിത്തകര്‍ത്തത് ഈയിടെ വിവാദമായിരുന്നല്ലോ. ജനങ്ങള്‍ സംഘം ചേര്‍ന്ന് നീതി നടപ്പിലാക്കുന്നതിന്റെ മറ്റൊരുദാഹരണം കൂടി. ആവര്‍ത്തിച്ചുവരുന്ന ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ അത്യന്തം അപകടകരവും അരാഷ്ട്രീയവുമായ ഒരാള്‍ക്കൂട്ടമനശ്ശാസ്ത്രം പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ആശങ്കാജനകം തന്നെയാണ്. ഇത് തനതായൊരു സാമൂഹ്യപ്രശ്നമായി കണ്ട് അടിയന്തിരപഠനങ്ങളും പരിഹാരനിര്‍ദ്ദേശങ്ങളും ഉണ്ടാവേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഇതും നമ്മുടെ ജനാധിപത്യവ്യവസ്ഥക്കെതിരെ കനംകൊണ്ടുവരുന്ന പ്രവണതകളില്‍ ഒന്നായി മാറിയേക്കാം. അതേ സമയം ഈ സംഭവം മറ്റൊരു കോണില്‍നിന്നു കൂടി വീക്ഷിക്കപ്പെടേണ്ടതുണ്ടെന്നു തോന്നുന്നു;ഭാഷാപരമായ ഒന്ന്.

ദ്രാവിഡഭാഷയിലോ സംസ്കാരത്തിലൊ കറുത്ത, കുറിയ, തടിച്ച തുടങ്ങിയ വിശേഷണങ്ങള്‍ നാമങ്ങള്‍ക്ക് അപമാനകരമായി മാറേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ ഇവ ദ്രാവിഡന്റെ ജനിതകപരമായ സവിശേഷതകള്‍ തന്നെയാണ്. പക്ഷേ ദ്രാവിഡഭാഷകളിലൊന്നായ മലയാളത്തിന്റെ ലാവണ്യശീലങ്ങള്‍ക്ക് പുറത്തുതന്നെയായിരുന്നു എന്നും ഇവയ്ക്ക് സ്ഥാനം. മാത്രമല്ല, നമ്മുടെ ഭാഷാപരവും സൌന്ദര്യശാസ്ത്രപരവുമായ പൊതുബോധം പലപ്പോഴും അവയെ അയല്‍ക്കാരനായ തമിഴനുമേല്‍ കെട്ടിവച്ച് രസിക്കുകയും ചെയ്യുന്നു. ഇതെങ്ങനെ സംഭവിക്കുന്നു? ഭാഷയെന്ന നിലയ്ക്കുള്ള വികാസത്തില്‍ മലയാളം അതിന്റെ ദ്രാവിഡമൂലരൂപത്തേക്കാള്‍ ആശ്രയിച്ചത് ആര്യഭാഷയായ സംസ്കൃതത്തെ ആണെന്നതും സംസ്കാരികവികാസത്തിനായി മലയാളിയുടെ പൊതുബോധം സ്വാംശീകരിച്ചത് ദ്രാവിഡസംസ്കൃതിയേക്കാള്‍ ആര്യന്മാരുടെ സവര്‍ണ ബ്രാഹ്മണിക മൂല്യങ്ങളാണെന്നതുമൊക്കെ തന്നെയാവണം ഇതിനു കാരണം. അതായത് സവര്‍ണ ബ്രാഹ്മണിക അധിനിവേശത്തിന്റെ ഇരകളാണ് ഇന്നും നമ്മുടെ ഭാഷയും സംസ്കാരവും സൌന്ദര്യബോധവും ഒക്കെ.

ദ്രാവിഡവിരുദ്ധമെന്ന നിലക്ക് വംശീയവും ദളിതവിരുദ്ധമെന്ന നിലക്ക് ജാതീയവും ആയ നിരവധി വാക്കുകളും പ്രയോഗങ്ങളും ദ്രാവിഡഭാഷകളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന മലയാളത്തിലേക്ക് കടന്നുകൂടിയതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. കേവലം ഭാഷാപ്രയോഗങ്ങള്‍ എന്ന നിലക്ക് ഒട്ടൊക്കെ ‘നിഷ്കളങ്കമായി’തന്നെ ഇത്തരം പല പ്രയോഗങ്ങളും നമ്മുടെ നിത്യവ്യവഹാരങ്ങളില്‍ കടന്നുവരാറുണ്ട്. ‘പാണ്ടിലുക്ക്’, ‘കൊറവന്‍ കൊല്ലത്ത് പോയ പോലെ’ തുടങ്ങി ഇപ്പോള്‍ വിവാദമായ ‘കറുത്ത് തടിച്ച് എരുമയെ പോലൊരു തമിഴത്തി’ വരെ ഇതിനുദാഹരണങ്ങളാണ്.

ഭാഷ ഒരു സാമൂഹ്യനിര്‍മിതിയാണ് എന്നതുകൊണ്ടുതന്നെ അതിന്റെ വ്യവഹാരങ്ങള്‍ക്ക് വലിയ വൈകാരികപ്രസക്തിയുണ്ട്. ഒരു സാംസ്കാരികപശ്ചാത്തലത്തില്‍ നിര്‍ദ്ദോഷമായി കാണപ്പെടുന്ന ഒരു വാക്കോ പ്രയോഗമോ മറ്റൊരിടത്ത് സ്ഫോടനാത്മകമായി മാറാം. പഴയ ഹര്‍ഭജന്‍ - സൈമണ്‍സ് വിവാദത്തില്‍ സംഭവിച്ചത് അത്തരമൊന്നാണ്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഹിന്ദിയില്‍ വിളിക്കാവുന്ന ഏറ്റവും വലിയ തെറിയായ ‘മാ കീ ചൂത്’ ആണ് ഹര്‍ഭജന്‍ സൈമണ്‍സിനെതിരെ കാച്ചിയത്. പുള്ളി കേട്ടതോ എല്ലാം കൂടെ ചേര്‍ത്ത് ‘മങ്കി’യെന്നും. ഏയ് നിന്റെ തള്ളയ്ക്കാ ഞാന്‍ വിളിച്ചത്, അല്ലാതെ കൊരങ്ങനെന്നൊന്നുമല്ല! ഇതൊരു തമാശയാവുന്നത് നമുക്കാണ്. നാഴികക്ക് നാല്പതുവട്ടം ‘ഫക്ക്’ പ്രയോഗിക്കുന്ന സായിപ്പിന് ‘മാ കീ ചൂത്’ ഒരു പ്രശ്നമല്ല, പാക്കിസ്ഥാനിക്ക് ‘ബഹന്‍ ചൂത്’എന്ന പോലെ. പക്ഷേ ‘മങ്കി’പ്രയോഗം ഓസ്ട്രേലിയന്‍ ആദിവാസിവംശജനായ സൈമണ്‍സിന് വംശീയാധിക്ഷേപമാണ്. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, ഭാഷ എന്നത് സാമൂഹ്യമായ ഒരു വിനിമയോപാധിയായിരിക്കെ നാം പറയുന്ന ഓരോ വാക്കിനെയും വാചകത്തെയും സംബന്ധിച്ചേടത്തോളം നാം എന്തുദ്ദേശിക്കുന്നു എന്നതുപോലെ, അല്ലെങ്കില്‍ അതിലുപരി പ്രസക്തമാണ് കേള്‍ക്കുന്നവര്‍ക്ക് അതെന്തായി അനുഭവപ്പെടുമെന്നത്. അത്തരമൊരു വീക്ഷണകോണില്‍നിന്നുകൂടി സ്വന്തം ഭാഷയെ നോക്കിക്കാണാന്‍ ഒരു സമൂഹജീവിയെന്ന നിലയില്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്.

വ്യത്യസ്ത വംശങ്ങളും ജാതി-മതങ്ങളും ലിംഗങ്ങളും ഉള്‍പ്പെടുന്ന ഒരു ബഹുസ്വരസമൂഹത്തില്‍ ജീവിക്കുന്ന ഒരാളിന്റെ ഭാഷ വംശ,ജാതി,മത,ലിംഗവിവേചനങ്ങളില്‍നിന്ന് സ്വതന്ത്രമായിരിക്കേണ്ടതുണ്ട്. ഇവിടെയാണ് നിര്‍ദ്ദോഷമായി പറഞ്ഞുപോയ ഒരു വാചകം എന്ന ആനുകൂല്യം തന്റെ ഭാഷയ്ക്കായി ആവശ്യപ്പെടുന്ന ഏതൊരാളും അവനവനോടുതന്നെ ചെയ്യുന്നത് അക്ഷന്തവ്യമായ ഉത്തരവാദിത്തമില്ലായ്മയാവുന്നത്. തന്റെ ഭാഷ തന്നില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. ആത്മഗതം, ആത്മഭാഷണം തുടങ്ങിയ ആഖ്യാനോപാധികളെ വിസ്മരിക്കാതെ തന്നെ പറയട്ടെ, അതിന്റെ പ്രസക്തി പൂര്‍ണ്ണമായും സാമൂഹികമാണ്. ആ നിലക്ക് വാവിട്ട വാക്കും കൈവിട്ട കല്ലും എന്ന പഴഞ്ചൊല്ല് താക്കീത് ചെയ്യും വിധമുള്ള അവധാനതയെങ്കിലും ഓരോരുത്തരും അവനവന്റെ ഭാഷയോട് പുലര്‍ത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ തന്റെ ഭാഷ പ്രതിനിധാനം ചെയ്യുന്ന അധികാരവ്യവസ്ഥക്കും രാഷ്ട്രീയത്തിനും ഒപ്പം നില്‍ക്കുന്നതാണ് തന്റെ സാംസ്കാരികമൂലധനമെന്ന് അവനോ അവള്‍ക്കോ സമ്മതിക്കേണ്ടിവരും. അല്ലെങ്കില്‍ ജയറാം ചെയ്തതുപോലെ ഒരു വാചകം ചെയ്ത കേടു മാറ്റാന്‍ മറ്റൊരു പത്രസമ്മേളനം തന്നെ നടത്തേണ്ടിവരും.

3 comments:

പാം‌യു said...

‘വാവിട്ട വാക്കും കൈവിട്ട കല്ലും എന്ന പഴഞ്ചൊല്ലി’നപ്പുറം ഒന്നുംതന്നെയില്ല ഈ ലേഖനത്തിൽ. കുറെ സാങ്കേതിക വാക്കുകളും,
ആര്യ-ദ്രാവീഡ ചിന്തനങ്ങളും ഇടയ്ക്കുതിരുകികയറ്റിയാൽ ലേഖനം ഒരിയ്ക്കലും പ്രസക്തമാകില്ല. കാമ്പിലാണ് കാര്യം. അല്ലാതെ വർണ്ണാഭമായ പുറംതൊലിയിലല്ല. ശ്രദ്ധിയ്ക്കുമല്ലോ. തുടക്കത്തിൽ എനിയ്ക്ക് പ്രതീക്ഷയുണ്ടായിരുന്ന ഒരു ബ്ലോഗാണിത്. എല്ലാ ആഴ്ചയും ഒരു ലേഖനമുണ്ടാകണം എന്ന ആഗ്രഹമാണോ ഇത്തരം ലേഖനങ്ങൾക്ക് പിന്നിൽ?

secular politics said...

പാംയൂ,
ജയറാമിന്റേത് ഒരു വാവിട്ട വാക്കാവാം. പക്ഷേ ആ വാക്കിന്റെ സൃഷ്ടിക്കുപിന്നില്‍ ജയറാമിനു ബോധ്യമുള്ളതോ ഇല്ലാത്തതോ ആയ ഒരുപാട് സാമൂഹ്യധാരകളുടെ സാന്നിധ്യമുണ്ട്. നിത്യജീവിതത്തില്‍ സ്ത്രീവിരുദ്ധതയോ ദളിതവിരുദ്ധതയോ ഒന്നും പ്രകടിപ്പിക്കാത്ത നിഷ്കളങ്കരുടെ ഭാഷയില്‍പോലും സ്ത്രീവിരുദ്ധവും ദളിതവിരുദ്ധവുമായ പ്രയോഗങ്ങള്‍ കടന്നുകൂടാറുണ്ട്. അതിനു കാരണം ഭാഷ ഒരു സാമൂഹ്യസൃഷ്ടിയാണെന്നതാണ്. ഒരാളിന്റെ ഭാഷ അയാളുടെ രാഷ്ട്രീയം പോലുമാണ്. അല്ലാതെ വാവിട്ട വാക്ക് പോലെ കേവലമൊരു സാന്ദര്‍ഭികതയുടെ സൃഷ്ടിയല്ല. അതാണ് പറയാന്‍ ശ്രമിച്ചത്. വിഷയം പ്രസക്തമാണെന്നു തന്നെയാണ് ഞങ്ങളുടെ വിശ്വാസം.

പ്രേമന്‍ മാഷ്‌ said...

ജയറാമിന്റെ പ്രയോഗം എന്താണെന്ന് ഇപ്പോഴാണ് മനസിലായത്. അങ്ങേയറ്റം അപലപനീയമായ ഒരു പ്രസ്താവന തന്നെയാണിത്.

കേവലം ഭാഷാശാസ്ത്രപരമായ ആലോചനകള്‍ക്ക് അപ്പുറം പോകേണ്ടുന്ന ഒന്ന്. അടിസ്ഥാന വര്‍ഗത്തിന് നേരെ എന്തും ആവാം- പറയാം, ചെയ്യാം, കാറിത്തുപ്പാം എന്ന ജന്മി മാടമ്പി മനോഭാവമാണ് ആദ്യം വിമര്‍ശന വിധേയമാവേണ്ടത്. ഭാഷയില്‍ മേയുന്നതിനു മുമ്പേ ഈ എരുമകള്‍ കിടന്നിരുന്നത് സാംസ്കാരിക കലാ നായകരായ ജന്മി- മാടമ്പിമാരുടെ മനസ്സാകുന്ന ചെളിക്കുളങ്ങളില്‍ ആണ്.