Monday, March 22, 2010

ബച്ചന്‍ വിവാദത്തിലെ രാഷ്ട്രീയം

‘വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം നോക്കരുത്’. കഴിഞ്ഞ കുറേ കൊല്ലങ്ങളായി നമ്മുടെ മധ്യവര്‍ഗ്ഗസമൂഹം തലയില്‍ കൈവച്ച് പറഞ്ഞുകൊണ്ടിരിക്കുന്നൊരു വാചകമാണിത്. ഇതിനെ ആറ്റിക്കുറുക്കി ‘വികസനത്തിന് രാഷ്ട്രീയമില്ല’ എന്നു മുറുക്കിയെടുത്തവരില്‍ ബുദ്ധിജീവികളും പ്രൊഫഷണലുകളും ബ്യൂറോക്രാറ്റുകളും ശാസ്ത്രജ്ഞരും തൊട്ട് രാഷ്ട്രീയക്കാര്‍ വരെയുണ്ട്. ചാനലുകളിലും പൊതുസമൂഹത്തിലുമുള്‍പ്പെടെ ഇത് ചര്‍ച്ചകളിലാകെ നിറഞ്ഞുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ അടുത്തിടെ നടന്ന ബച്ചന്‍ വിവാദത്തിലും ഇതാവര്‍ത്തിച്ചു കേട്ടതില്‍ അതിശയിക്കാനൊന്നുമില്ല. പ്രശ്നമതല്ല. ഒരു സമൂഹത്തിന്റെ വികസനമെന്നത് പല തലങ്ങളിലാണ് നടപ്പിലാവുന്നത്. വിദ്യാഭ്യാസവും ആരോഗ്യവും മുതല്‍ കൃഷിയും വ്യവസായവുംവരെ ഇതില്‍ പെടുന്നു. ആദ്യം പറഞ്ഞത് പോലെ വികസനത്തില്‍ രാഷ്ട്രീയം പാടില്ലെങ്കില്‍ ഈ മേഖലകളിലൊന്നും തന്നെ അതു പാടില്ല. അപ്പോള്‍പിന്നെ ഒരു വികസ്വരസമൂഹത്തില്‍ രാഷ്ട്രീയം അനുവദനീയമാവുന്നത് എവിടെയാണ്? തിരഞ്ഞെടുപ്പില്‍ മാത്രമോ?

വോട്ടുചെയ്യുക എന്നതില്‍ കവിഞ്ഞ് നമ്മുടെ രാഷ്ട്രീയത്തില്‍ നമുക്ക് പങ്കില്ല എന്നുവരുന്നത് അപകടകരമായ ഒരവസ്ഥയാണ്. അതിലും അപകടകരമാണ് മത്സരിക്കുന്ന ഒരു കക്ഷിയിലും മുന്നണിയിലും വിശ്വാസമില്ലാത്തതുകൊണ്ട് വോട്ടേ ചെയ്യാതെ മാറിനില്‍ക്കുന്നത്. നിലവിലുള്ള രാഷ്ട്രീയസാഹചര്യങ്ങളില്‍ ഒരു മനുഷ്യന്‍ പിന്നെ എന്താണ് ചെയ്യേണ്ടത് എന്നൊരു ചോദ്യം സ്വാഭാവികമായും ഉയരാം. പക്ഷേ അതിനു മറുപടിയില്ല എന്ന് വിശ്വസിക്കുന്നത് ഒരുതരം കണ്ണടച്ച് ഇരുട്ടാക്കലാണ്. ഒരു ജനാധിപത്യസമൂഹത്തിന്റെ രാഷ്ട്രീയത്തില്‍നിന്ന് അതിന്റെ അടിസ്ഥാനഘടകമായ പൊതുജനത്തിന് അവര്‍ ഇച്ഛിച്ചാല്‍ തന്നെ എങ്ങനെ മാറിനില്‍ക്കാനാവും? നമ്മുടെ നാട്ടിലെ വിവിധരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ വാര്‍ഡ്തലം മുതല്‍ ദേശീയതലം വരെയുള്ള അംഗത്വത്തില്‍ പിതാവിനുശേഷം പുത്രനെന്ന പ്രവേശനപദ്ധതിയല്ല നിലവിലുള്ളത് എന്നിരിക്കെ അവയില്‍ വന്നുപെട്ട ജീര്‍ണ്ണതകള്‍ക്ക് ഉത്തരവാദികള്‍ ഏതെങ്കിലും ചില വ്യക്തികളോ കുടുബങ്ങളോ മാത്രമാണോ? ആശയംതൊട്ട് പ്രയോഗംവരെ അവയുടെ നയരൂപീകരണത്തിലും നടത്തിപ്പിലും ഏതൊരു സാധാരണപൌരനും തന്റേതായ പങ്കാളിത്തം വഹിക്കാനാവുമെന്നിരിക്കെ എല്ലാറ്റില്‍നിന്നും മാറിനിന്ന് എല്ലാം കണക്കാണ്, നല്ല കാര്യങ്ങളില്‍ രാഷ്ട്രീയം നോക്കരുത് എന്നൊക്കെ കാടടച്ച് വെടിവെക്കുന്നത് നമ്മുടെ ജനാധിപത്യത്തെ എവിടെ കൊണ്ടെത്തിക്കും? ഒരുപടിയുംകൂടി കടന്ന് ജനാധിപത്യത്തിലേ കാര്യമില്ലെന്ന് പറഞ്ഞാല്‍ ചര്‍ച്ചയവസാനിപ്പിച്ച് എഴുന്നേല്‍ക്കുകയേ നിവര്‍ത്തിയുള്ളൂ.

ഒരു സമൂഹത്തിന്റെ നിലനില്പിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന ഒന്നാണ് അതിന്റെ രാഷ്ട്രീയം. അതുകൊണ്ടുതന്നെ അതിലൊന്നായ വികസനത്തിലും ആരംഗീകരിച്ചാലും ഇല്ലെങ്കിലും ഒരു രാഷ്ട്രീയമുണ്ടാവും. ആ രാഷ്ട്രീയമാവട്ടെ എല്ലാം കണക്കാണ് എന്ന ഒഴുക്കന്‍മട്ടില്‍ ഒഴിവാക്കിക്കളയാനാവാത്തവണ്ണം ഓരോ മനുഷ്യനെയും സ്പര്‍ശിക്കുന്നതും. ജിഡിപിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ തിളങ്ങുന്നുവെന്നും ലോകശക്തിയായി വളരുന്നുവെന്നും ഒക്കെ അവകാശപ്പെടുന്നവരുടെ വികസനസങ്കല്പങ്ങള്‍ക്ക് അതിന്റെതായ ഒരു രാഷ്ട്രീയമുണ്ട്. ആഗോളതലത്തില്‍ അതിന്റെ വിളിപ്പേര് വലതുരാഷ്ട്രീയം എന്നാണ്. അതേസമയം ജിഡിപിയിലെ വളര്‍ച്ച സമൂഹത്തില്‍ തുല്യമായി വീതിക്കപ്പെടാത്തിടത്തോളം കാലം അത് വിവിധവിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം കുറക്കാന്‍ സഹായകമാകില്ലെന്നും അതുകൊണ്ടുതന്നെ എല്ലാ മനുഷ്യരുടെയും ജീവിതനിലവാരം ഒരുപോലെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതല്ലാത്ത വികസനപദ്ധതികള്‍ സ്വീകാര്യമല്ലെന്നും വാദിക്കുന്നവരുടെ രാഷ്ട്രീയം മേല്പറഞ്ഞതില്‍നിന്ന് വ്യത്യസ്തവും ഇടതുപക്ഷവുമാണ്. അതായത് കുടുംബശ്രീമുതല്‍ ആണവക്കരാറുവരെയുള്ള എല്ലാ വികസനപദ്ധതികളിലും രാഷ്ട്രീയമുണ്ട്. നടപ്പാക്കലില്‍ എത്രയൊക്കെ വെള്ളം ചേര്‍ന്നാലും ഇവ വ്യത്യസ്തങ്ങള്‍ തന്നെയാണ്.

വികസനകാര്യങ്ങളില്‍ രാഷ്ട്രീയം നോക്കരുതെന്ന വാദം രാഷ്ട്രീയവിമുക്തമല്ലെന്നതിനും അത് നൂറുശതമാനം വലതുപക്ഷം ചേര്‍ന്നുനില്‍ക്കുന്നതാണെന്നതിനും ഏറെ വിശദീകരണങ്ങളാവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇവിടെയാണ് കേരളത്തിലെ ഇടതുപക്ഷസര്‍ക്കാറിന്റെ ടൂറിസം അംബാസഡറായി അമിതാഭ് ബച്ചനെത്തുന്നത് അതിന്റെ രാഷ്ട്രീയവുമായി പൊരുത്തപ്പെടാതെ മുഴച്ചുനില്‍ക്കുന്നത്. ഇതൊന്നും കണക്കിലെടുക്കാത്ത അപക്വമായ ആ തീരുമാനത്തെ അല്പം വൈകിയാണെങ്കിലും കേന്ദ്രനേതൃത്വം തിരുത്തിയത് രാഷ്ട്രീയവരട്ടുവാദമല്ല, രാഷ്ട്രീയം തന്നെയാണ്. അതിനോട് അവനവന്റെ രാഷ്ട്രീയകാഴ്ചപ്പാടുകള്‍ക്കനുസരിച്ച് ആര്‍ക്കും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയം നോക്കരുത് എന്നത് ഒരു പൊതുതത്വമായി മുന്നോട്ടുവെക്കരുത്. കാരണം അങ്ങനെ ചെയ്യുന്നതിലൂടെ അവര്‍ നിര്‍ദ്ദേശിക്കുന്നത് രാഷ്ട്രീയത്തിന്റെ പൊതുവായ ഇല്ലാതാവലല്ല, മറിച്ച് ഇടതുപക്ഷരാഷ്ട്രീയത്തിന്റെ മാത്രം ഇല്ലാതാവലാണ് എന്നതുതന്നെ.

Thursday, March 4, 2010

വെളിച്ചത്തിരുന്ന് സിനിമ കാണുമ്പോള്‍...

കഴിഞ്ഞ ഒന്നുരണ്ടാഴ്ചകളായി നമ്മുടെ മാധ്യമങ്ങള്‍ ഒരു മുഖ്യധാരാസാംസ്കാരികപ്രതിസന്ധിയെന്ന നിലയ്ക്ക് മുന്നോട്ടുവെച്ചുകൊണ്ടിരിക്കുന്നതാണ് തിലകന്‍-അമ്മ-അഴീക്കോട് വിവാദം. എന്നിട്ടും സാധാരണക്കാര്‍ പോലും ഇതില്‍ അഭിപ്രായം പറയാന്‍ മടിക്കുന്നത് ഇക്കാലത്തെ ഏതു മുഖ്യധാരാസിനിമയെയും പോലെ യുക്തിക്കു നിരക്കുന്നതല്ല ഈ വിവാദത്തിന്റെ ഇരുപക്ഷത്തും നിരക്കുന്നവര്‍ മുന്നോട്ടുവെക്കുന്ന കാര്യകാരണപൊരുത്തങ്ങള്‍ എന്നതുതന്നെയാവും.

തനിക്കു തൊഴില്‍ നിഷേധിക്കുന്നു, തന്നെ സിനിമകളില്‍നിന്ന് വിലക്കുന്നു എന്നിങ്ങനെയുള്ള മുറവിളികള്‍ തിലകന്‍ ഉയര്‍ത്താന്‍ തുടങ്ങിയത് ഈയിടെയൊന്നുമല്ല. നാമിത് ആദ്യമായി കേള്‍ക്കുന്നത് ഒരു വര്‍ഷത്തിനോ മറ്റോ മുന്‍പാണ്. അതൊന്നു കെട്ടടങ്ങിയ ശേഷം കുറെ കാലം തിലകന്‍ മിണ്ടാതിരുന്നു. ഈ കാലയളവില്‍ സൂപ്പര്‍താരങ്ങളുടേതുള്‍പ്പെടെ പല സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. പ്രശ്നം വീണ്ടും ഉയര്‍ന്നുവന്നത് ‘കൃസ്ത്യന്‍ ബ്രദേര്‍സ്’ എന്ന ജോഷിചിത്രത്തിന്റെ ഷൂട്ടിംഗിനോടനുബന്ധിച്ചാണ്. ചില സൂപ്പര്‍ താരങ്ങളുടെ ഇടപെടലുകള്‍ കാരണമാണ് തനിക്ക് ഈ സിനിമ നഷ്ടപ്പെട്ടതെന്ന് തിലകന്‍ മാധ്യമങ്ങളിലൂടെ തുറന്നടിച്ചതോടുകൂടിയാണ് വിവാദം വീണ്ടും കത്തിപ്പിടിച്ചത്.

തിലകനെപ്പോലൊരു നടനെ എന്തിന് ആരെങ്കിലും സിനിമയില്‍നിന്ന് വിലക്കണമെന്നതാണ് ഉത്തരമാവശ്യപ്പെടുന്ന ആദ്യചോദ്യം. അതിനു തിലകന്‍ നല്‍കുന്ന മറുപടി തന്റെ അഭിനയം സൂപ്പര്‍ താരങ്ങളെ കവച്ചുവക്കുമോ എന്ന അവര്‍ക്കുണ്ടായ സംശയത്തില്‍നിന്നുണ്ടായതാണീ വിലക്ക് എന്നതാണ്. അങ്ങനെയെങ്കില്‍ തിലകന്‍ തന്റെ അഭിനയ ജീവിതത്തിന്റെ ഉജ്ജ്വലകാലഘട്ടത്തിലും ഇപ്പറഞ്ഞ താരങ്ങള്‍ക്കൊത്ത് ഒരുപാടു ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. അന്നൊന്നും അവര്‍ക്കുണ്ടാവാത്ത സംശയം ഇപ്പോഴെങ്ങനെ ഉണ്ടായി എന്ന് ആരും ചോദിച്ചോ പറഞ്ഞോ കേട്ടില്ല. ഇതേ പ്രശ്നത്തില്‍ സിനിമാസംഘടനകളായ അമ്മയും ഫെഫ്കയും പറഞ്ഞുകൊണ്ടിരിക്കുന്നത് തങ്ങള്‍ ആരെയും വിലക്കിയിട്ടില്ല എന്നാണ്. പിന്നെയെന്തിന് തിലകന്‍ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നുവെന്ന് ചോദിച്ചാല്‍ ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടെന്ന് ധരിക്കുന്ന തരമൊരു മനോനിലയിലാണ് കുറെ കാലമായി തിലകന്‍ എന്നതാണ് അവരുടെ മറുപടി. അങ്ങനെയെങ്കില്‍ സംഗതി മനോരോഗം തന്നെയാണ്. താന്‍ ‘വേണ്ടിവന്നാല്‍ നിരത്തു’മെന്ന് പറഞ്ഞ രേഖകളും തെളിവുകളുമൊന്നും ഈ വിവാദത്തിന്റെ ഒരു ഘട്ടത്തിലും അദ്ദേഹം നിരത്തിയിട്ടില്ല എന്നത് ഈ സംശയത്തിനു ബലമേകുന്നു.

ഇങ്ങനെയിരിക്കുമ്പോഴാണ് കാര്യങ്ങള്‍ക് കൊഴുപ്പേകിക്കൊണ്ട് സുകുമാര്‍ അഴീക്കോടിന്റെ രംഗപ്രവേശം. ഒരു സാംസ്കാരികപ്രശ്നത്തിലിടപെടാനും അഭിപ്രായം പറയാനുമൊന്നും അറിയപ്പെടുന്ന ഒരു സാംസ്കാരികനായകനെന്ന നിലയ്ക്ക് അദ്ദേഹത്തിന് ഒരു സംഘടനയുടെയും അംഗത്വമോ സ്വഭാവസര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല എന്നത് കാര്യം. എങ്കിലും കൊച്ചുപെണ്‍കുട്ടികളെ നായികമാരാക്കി ‘വിഗ്ഗുവെച്ച കപടയൌവന’ത്തില്‍ അഭിരമിച്ചുകൊണ്ടിരിക്കുന്നവര്‍ എന്നിങ്ങനെയൊക്കെയുള്ള അദ്ദേഹമുന്നയിക്കുന്ന ആക്ഷേപങ്ങളില്‍ പക്ഷേ സഭ്യതയെന്നല്ല യുക്തിയുമില്ല. സിനിമ ആത്യന്തികമായി സംവിധായകന്റെ സൃഷ്ടിയാണ്. അയാള്‍ക്ക് വേണ്ടുന്നത് പരമാവധി ഭംഗിയായി ചെയ്തു ഫലിപ്പിക്കുക എന്നതു മാത്രമാണ് അതുമായി സഹകരിക്കുന്ന ഓരോരുത്തരുടെയും ജോലി. തന്റെ കഥാപാത്രങ്ങള്‍ക്ക് ആരൊക്കെ ജീവന്‍ നലകണമെന്നത്, അവരുടെ ഭാവഹാവങ്ങള്‍ എന്തൊക്കെയായിരിക്കണമെന്നത് വിഗ്ഗും മേക്കപ്പും ഉടുപ്പിന്റെ നിറവുമുള്‍പ്പെടെ തീരുമാനിക്കുന്നത് അയാളാണ്. ആ നിലക്ക് അഴീക്കോടിന്റെ രോഷം കേന്ദ്രീകരിക്കപ്പെടേണ്ടത് പാവം നടീനടന്മാരിലല്ല, സംവിധായകരിലാണ്. മാത്രമല്ല, ഇപ്പറഞ്ഞ നടന്മാരൊക്കെ നല്ല പ്രായത്തില്‍ തലവടിച്ച് തൊലിയും ചുളുക്കി വടികുത്തിയും അഭിനയിച്ചിരുന്നു. അന്നൊന്നും ആരും കപടവാര്‍ദ്ധക്യമെന്ന് അപലപിച്ചു കേട്ടിരുന്നില്ല.

ഇതൊന്നും കൂടാതെയാണ് ധാര്‍മികത നോക്കാതെ പരസ്യങ്ങളില്‍ അഭിനയിക്കുന്നുവെന്നും ജനപ്രീതി വിറ്റ് കാശാക്കുന്നുവെന്നുമൊക്കെയുള്ള ആരോപണങ്ങള്‍. പരസ്യത്തിന്റെ ധാര്‍മികതയെന്നത് അതിനായി പണം മുടക്കുന്നവന്‍ പരസ്യപ്പെടുത്താന്നാഗ്രഹിക്കുന്നതിനെ പരമാവധി ആളുകളിലേക്ക് ഫലപ്രദമായി കൊണ്ടെത്തിക്കുകയെന്നത് മാത്രമാണ്. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞതരം ധാര്‍മികതാസിദ്ധാന്തങ്ങള്‍ പരസ്യമേഖലയെ മുഴുവന്‍ ആദ്യം അഭിസംബോധന ചെയ്യണം. എന്നിട്ടുവേണം വിമര്‍ശനഖഡ്ഗം അതിലെ മോഡലിലേക്കും ക്യാമറാമാനിലേക്കും ലൈറ്റ്ബോയിയിലേക്കുമൊക്കെ നീട്ടേണ്ടത്. വിശാലമായ അര്‍ത്ഥത്തില്‍ അവതാരികയെഴുത്തും സ്വീകരണ,സമ്മാനദാനസമ്മേളനങ്ങളിലെ വേദിയറിഞ്ഞുള്ള നാലുവാക്കു പറഞ്ഞുപോക്കും ഒക്കെ പരസ്യാഭിനയം തന്നെ. ഇത്തരമൊരു സമ്മേളനത്തില്‍ വെച്ച് സാക്ഷാല്‍ അഴീക്കോട് മമ്മൂട്ടിയെ വര്‍ണ്ണിച്ചത് ‘മലയാളസിനിമയുടെ സൂര്യതേജസ്’ എന്നാണ്. അതേ മമ്മൂട്ടിയെയാണ് കൂ‍ളിംഗ്ലാസ് നടനെന്ന് തിലകന്‍ പരോക്ഷമായി ആക്ഷേപിച്ചതും അഴീക്കോട് പിന്നീട് ഏറ്റുപിടിച്ചതും. അപനിര്‍മ്മിക്കുമ്പോള്‍ എല്ലാം അപനിര്‍മ്മിക്കണ്ടേ!

എന്തൊക്കെ പറഞ്ഞാലും ‘സരസ്വതീകടാക്ഷമുള്ള’ നാവാണ് അഴീക്കോടിന്റേത്. ‘വല്ലവരും എഴുതിക്കൊടുക്കുന്നത്’ കേട്ടുപറഞ്ഞുമാത്രം ശീലമുള്ളവര്‍ അങ്ങനെയൊരാളിനെതിരെ വാക്പയറ്റിനിറങ്ങും മുന്‍പ് തങ്ങളുടെ ഡയലോഗ് കഴിഞ്ഞാലുടന്‍ കട്ട് പറയാന്‍ ഇവിടെ സംവിധായകരില്ലെന്നെങ്കിലും മനസ്സിലാക്കിയിരിക്കണം. ഇല്ലെങ്കില്‍ സ്ലോമോഷനില്‍ തിരിഞ്ഞുനടക്കുന്നതിനു പകരം മറുപക്ഷത്തുനില്‍ക്കുന്നവന്‍ പറയുന്ന മറുപടി കേട്ട് നാവിറങ്ങിപ്പോവുന്ന അവസ്ഥയാവുമെന്ന് ചുരുങ്ങിയത് ഇന്നസെന്റിനെങ്കിലും ഇപ്പോള്‍ മനസ്സിലായിക്കാണും(ഉവ്വോ..അതോ ഡിക്ഷ്ണറി അര്‍ത്ഥം പോലെ...).

നമ്മുടെ മാധ്യമങ്ങള്‍ ഈ നക്ഷത്രവിവാദത്തെ ശരിക്കും ആഘോഷിക്കുകയായിരുന്നു. തിലകനെങ്കിലും ഇപ്പോള്‍ അത് മനസ്സിലായിക്കാണും. ചര്‍ച്ചകളെ തനിക്ക് തൊഴില്‍നിഷേധിക്കപ്പെടുന്നുവെന്ന മുഖ്യപ്രശ്നത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ പല ചാനലുകളിലായി ഇദ്ദേഹം നടത്തുന്ന ദയനീയശ്രമങ്ങള്‍ തന്നെ ഇതിനു തെളിവ്. മാധ്യമങ്ങള്‍ തിലകന്‍ പ്രശ്നത്തെ ഏറ്റെടുത്തത് അതൊരു തൊഴില്പ്രശ്നമായതുകൊണ്ടല്ല, നക്ഷത്രപ്രശ്നമായതു കൊണ്ടാണ്. ഇതു മനസ്സിലാക്കാന്‍ ഇക്കഴിഞ്ഞ കുറെ ദിവസങ്ങളിലെ വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. വായില്‍നിന്ന് വീഴുന്നതിനെയൊക്കെ (വീഴാത്തതിനെയും) ചൂടാറും മുന്‍പ് മറുചെവിയിലെത്തിച്ച് അവിടെനിന്ന് തിളയ്ക്കുന്ന മറുപടികള്‍ ഇറ്റിച്ചെടുക്കുന്ന മാധ്യമതന്ത്രം അഴീക്കോടിനും താരങ്ങള്‍ക്കും മനസ്സിലായാലും ഇല്ലെങ്കിലും കണ്ടിരിക്കുന്നവര്‍ക്ക് വ്യക്തമായി മനസ്സിലാവുന്നുണ്ട്. മോഹന്‍ലാലിനെതിരെ സഹോദരന്റെ സ്വത്ത് അപഹരണം പോലെ ഗുരുതരമായ ആരോപനങ്ങള്‍ ഒരടിത്തറയുമില്ലാതെ ഉന്നയിച്ച് സാംസ്കാരികലോകത്തെ തന്റെ പ്രതിച്ഛായയെതന്നെ സ്വയം താറടിച്ചിട്ടും അഴീക്കോടിന് ഒന്നും മനസ്സിലായിട്ടില്ല. അതുകൊണ്ടാണല്ലോ മോഹന്‍ലാല്‍ തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാനാലോചിക്കുന്നു എന്ന ചാനല്‍ വാര്‍ത്ത കണ്ടയുടന്‍ താന്‍ തിരിച്ചും ഒന്ന് കാച്ചാന്‍ പോകുന്നുവെന്നൊക്കെ പറഞ്ഞ് അദ്ദേഹം വീണ്ടും അപഹാസ്യനായത്. ഊഹാപോഹം വാര്‍ത്തയാക്കിയ ചാനലുകാര്‍ ഊറിച്ചിരിക്കുന്നുണ്ടാവണം.

സാംസ്കാരികലോകവും സിനിമാലോകവും തമ്മിലുള്ള ഉദ്വേഗജനകമായ ഒരു സംഘട്ടനം എന്ന നിലയ്ക്കുവരെ ഈ വിവാദത്തെ വളര്‍ത്തിവില്‍ക്കാന്‍ ശ്രമിച്ച മാധ്യമങ്ങളും വെറുതെ വിരലിട്ട് ആപ്പിലായ അഴീക്കോടും പറഞ്ഞുപറഞ്ഞ് കൈവിട്ടുപോയ നിലയ്ക്ക് തിലകനും ഒക്കെ പ്രത്യക്ഷമോ പരോക്ഷമോ ആയി ചേര്‍ന്ന് തമസ്കരിച്ചുകളഞ്ഞ(ഏതാണ്ട് അതുതന്നെയല്ലേ അവസ്ഥ)മുഖ്യപ്രശ്നത്തിലേക്കു വരാം. തിലകനെ അഭിനയിപ്പിച്ചാല്‍ തങ്ങളാരും സിനിമയുമായി സഹകരിക്കില്ലെന്ന് അറിയിച്ചുകൊണ്ട് ഫെഫ്ക അയച്ച കത്ത് കൈപ്പറ്റിയതിനു ശേഷം മാത്രമാണ് അദ്ദേഹത്തെ സിനിമയില്‍നിന്ന് ഒഴിവാക്കിയതെന്ന് സോഹന്‍ റോയ് എന്ന സംവിധായകന്‍ പരസ്യമായി ചാനലുകളിലൂടെ പറഞ്ഞതോടെ തങ്ങളാരെയും വിലക്കിയിട്ടില്ലെന്ന ഫെഫ്കയുടെ വാദം പൊളിയുകയാണ്. തിലകനെ അമ്മയില്‍നിന്ന് പുറത്താക്കുകയോ അകത്താക്കുകയോ ചെയ്യുന്നത് അവരുടെ സംഘടനക്കാര്യം. ഫെഫ്കയില്‍നിന്ന് ഒരാളെ പുറത്താക്കുന്നതിലും ഇതുതന്നെ നിലപാട്. എന്നുവെച്ച് തൊഴില്‍നിഷേധമെന്ന ഗൌരവമേറിയ മനുഷ്യാവകാശസംബന്ധിയായ വിഷയത്തില്‍ മൌനം പാലിക്കാന്‍ ജീവിച്ചിരിക്കുന്ന സമൂഹത്തോട് എന്തെങ്കിലും തരത്തില്‍ പ്രതിബദ്ധതയുള്ളവര്‍ക്ക് കഴിയില്ല. ഒരു തൊഴിലാളിസഘടനക്ക് ഇഷ്ടമല്ല എന്നതുകൊണ്ട് ഒരു തൊഴിലാളിയെ വേറൊരു തൊഴില്‍ സംരംഭകരും സഹകരിപ്പിക്കാന്‍ പാടില്ലെന്നും അങ്ങനെ വന്നാല്‍ തങ്ങളുടെ തൊഴിലാളികളാരും ആ സംരംഭവുമായി സഹകരിക്കില്ലെന്നും ഏതെങ്കിലും തൊഴിലാളിസംഘടന ഇണ്ടാസ് ഇറക്കുന്ന അവസ്ഥയെക്കുറിച്ച് ഓര്‍ത്തുനോക്കൂ. ഏറെ സംഘടനകളൊന്നുമില്ലാത്ത ചലച്ചിത്രം പോലൊരു വ്യവസായമേഖലയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായിരിക്കും.

തൊഴില്‍ചെയ്യാനുള്ള അവസരമെന്നത് തൊഴിലാളിയുടെ അവകാശവും അവന്റെ കര്‍മശേഷിക്കുള്ള അംഗീകാരവും എന്ന അവസ്ഥ വിട്ട് ആരുടെയൊക്കെയോ കാലുനക്കി നേടിയെടുക്കേണ്ട ഔദാര്യമായി മാറുന്നത് എത്ര അപമാനകരമാണ്. സൂപ്പര്‍സ്റ്റാര്‍ വരുമ്പോള്‍ എഴുന്നേറ്റുനിന്നില്ലെങ്കില്‍ അന്നേരം കട്ടാവും ഇരന്നുകിട്ടിയ റോളെന്ന ദുരവസ്ഥ സിനിമയിലുണ്ടെന്ന് കേട്ടിട്ടുണ്ട്. കേട്ടുകേള്‍വികളെക്കാളൊക്കെ എത്രയോ ഭീകരമാണ് യാഥാര്‍ത്ഥ്യമെന്ന് സൂചിപ്പിക്കുന്നു തിലകന്‍ വിവാദം. വെളിച്ചത്തില്‍ നിര്‍മിച്ച് ഇരുട്ടത്തുകാണേണ്ട ഒരു കലയാണ് സിനിമയെന്നത് നമുക്കും സിനിമാകാര്‍ക്കും ഒരുപോലെ ഉപകാരമായ ഒരു വ്യവസ്ഥയായിരിക്കണം. ഇല്ലെങ്കില്‍ ഒരുപക്ഷേ നമ്മളാ അഭ്രപാളികളില്‍ യുക്തിയെ സ്വമേധയാ മാറ്റിവെച്ച് പടച്ചെടുക്കുന്ന ആദര്‍ശലോകം പൊളിഞ്ഞുവീണേക്കാം. എങ്കിലും താരരാജാക്കന്മാര്‍ക്കുവേണ്ടി ഗ്വാഗ്വാ വിളിക്കാനും കോലം കത്തിക്കാനും തെരുവിലഴിഞ്ഞാടാനും ഒരുപാടാളുകളുള്ള ഇക്കാലത്ത് എന്തൊക്കെ കുറവുകളുണ്ടായാലും പത്തെഴുപത്തിമൂന്ന് വയസ്സുകഴിഞ്ഞ ഒരു വൃദ്ധന് തനിക്കറിയാവുന്ന ഏകതൊഴിലും നിഷേധിക്കപ്പെടുന്നതിനെ ഒരു തൊഴില്‍ പ്രശ്നമായിക്കണ്ട് പ്രതികരിക്കാനും ആരെങ്കിലുമൊക്കെ ഉണ്ടാവണ്ടേ?

Tuesday, March 2, 2010

ഉടലില്‍തന്നെ തടവിലാക്കപ്പെട്ടവര്‍

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കണ്ണൂരിലെ തളിപറമ്പില്‍ മൊറാഴയെന്ന ഉള്‍നാടന്‍ ഗ്രാമപ്രദേശത്ത് ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇത് വസ്തുത. ഈ പെണ്‍കുട്ടിയുള്‍പ്പെടുന്ന ചില അശ്ലീലരംഗങ്ങള്‍ മൊബൈല്‍കാമറ വഴിയും ഇന്റെര്‍നെറ്റ് വഴിയും പ്രചരിച്ചിരുന്നുവെന്നതും അതിനോടനുബന്ധിച്ച് ഈ പറഞ്ഞ രംഗങ്ങളില്‍ ഉണ്ടായിരുന്ന അവളുടെ സഹപാഠി അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റിലായി(പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നതിനും മുന്‍പെ) എന്നതും വസ്തുത. ഇവയെ ആധാരമാക്കി പിന്നെ വന്ന പല വാര്‍ത്തകളും ഊഹാപോഹങ്ങളായിരുന്നു. കേസ് അന്വേഷണത്തിലാണെന്നതിനാലാവാം ഇപ്പോള്‍ മാധ്യമങ്ങള്‍ ഇതിനെക്കുറിച്ച് ഒന്നും മിണ്ടുന്നുമില്ല. ഇനിയിപ്പോ ഇതിനെ സംബന്ധിച്ച് എന്തൊക്കെയായിരിക്കാം നടക്കാന്‍ പോകുന്നത്? ചിലപ്പോള്‍ അന്വേഷണത്തിലൂടെ സത്യം പുറത്തുവന്നേക്കാം. പുറത്തുവരുന്നതൊരു പക്ഷേ സത്യമല്ലെങ്കിലും നമ്മളത് സത്യമെന്ന് വിശ്വസിച്ചേക്കാം. ചിലപ്പോള്‍ സത്യം എന്നെന്നേക്കുമായി ഈ അന്വേഷണത്തോടെ കുഴിച്ചുമൂടപ്പെട്ടേക്കാം. ഇതു പോലെയുള്ള പല കേസുകളുടെയും വിവാദങ്ങളുടെയും കാര്യത്തില്‍ നമ്മള്‍ സാധാരണക്കാരുടെ അവസ്ഥ ‘പൊട്ടന്‍ പൂവെടി കണ്ടതു പോലെ’യും! ഇത്രയുമെഴുതിയാല്‍ മേല്പറഞ്ഞ സംഭവത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിന് തരക്കേടില്ലാത്ത ആമുഖമാവും. പക്ഷേ ഒരു സ്ത്രീയെ, അവള്‍ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, എവിടെ വച്ചും പിടികുടാവുന്ന അപകടങ്ങളെക്കുറിച്ചുള്ള സൂചനയാവില്ല.

നമ്മുടെയീ ഉത്തരാധുനികസമൂഹത്തിലും സ്ത്രീ ഒരു ശരീരം മാത്രമായി തുടരുന്നുവെന്നു പറഞ്ഞാല്‍ അത് ദുര്‍ബലമായൊരു ഏറ്റുപറച്ചില്‍ മാത്രമായിരിക്കും. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും തൊട്ട് ചിന്തയിലും സാംസ്കാരികമണ്ഡലങ്ങളിലും വരെ ഉണ്ടാവുന്ന വികാസങ്ങള്‍ മുഴുവന്‍ അവളെ ശരീരം മാത്രമായി നിജപ്പെടുത്താന്‍ വ്യയം ചെയ്യപ്പെടുന്നു എന്നത് കണ്ടില്ലെന്നു നടിക്കാനാവാത്തവണ്ണം പ്രകടമാണ് ഇന്ന്. നമ്മുടേത് ധ്രുതവിനിമയശൃംഘലകളുടെ ഒരു കാലമാണ്. ദൌര്‍ഭാഗ്യവശാല്‍ യാഥാസ്ഥിതികമൂല്യങ്ങളിലേക്ക് അതിവേഗം മടങ്ങിപ്പോയിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ ഈ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുണ്ടാക്കുന്ന വിപ്ലവം പുത്തന്‍ വെളിച്ചങ്ങളിലേക്കുള്ള ഒരു തുറക്കലല്ല, പഴയ ഇരുട്ടുകളിലേക്കുള്ള ഒരു അടയ്ക്കലാണ്. യു ട്യൂബില്‍ ചുടപ്പം പോലെ പങ്കിടപ്പെടുന്നത് പെണ്ണുടലുകളോടൊപ്പം നരകത്തിലെ ശബ്ദവും മത്സ്യകന്യയുടെ അസ്ഥികൂടവുമൊക്കെയാണെന്നതുതന്നെ ഇതിനു തെളിവ്.

ഒന്നു കണ്ടാല്‍ മതി, കീഴടക്കാവുന്നതാണ് പെണ്ണായി പിറന്നവളുടെ അസ്തിത്വമെന്ന് നിര്‍വചിച്ചത് ‘വന്നു കണ്ടു കീഴടക്കി’ എന്ന സിനിമയല്ലായിരിക്കാം, എന്നാല്‍ നായികയുടെ നഗ്നശരീരം സാന്ദര്‍ഭികമായി കാണാനിടയായി എന്നതുകൊണ്ടുമാത്രം അവളുടെ ഉടലിനും പ്രണയത്തിനും മേല്‍ ഉടമസ്ഥാവകാശം നേടിയെടുത്ത നായകകഥാപാത്രങ്ങളെയുള്‍ക്കൊള്ളുന്ന ഒരു പറ്റം സിനിമകളുണ്ട് ഈ ബഹുമതിക്ക് അര്‍ഹരായി. അവളുടെ തുടയില്‍ ഒരു കറുത്ത മറുകുണ്ട് എന്ന് ഒരൊളിഞ്ഞുനോട്ടക്കാരന്‍ തെമ്മാടി ഒന്നുറക്കെ പറഞ്ഞാല്‍ മതി നമ്മുടെ സദാചാരക്കണ്ണുകളില്‍ ഒരു പെണ്ണിന്റെ മാനവും ജീവിതവും ഒരുപോലെ തകര്‍ന്നുവീഴാന്‍! ഉടുപ്പിടാതെ തെരുവില്‍ വേണമെങ്കിലും ഇറങ്ങി നടക്കാവുന്ന, നിര്‍ബന്ധമാണെങ്കില്‍ മാത്രം ഒരു നിഴലിന്റെ മറയെങ്കിലും നോക്കി മൂത്രമൊഴിക്കേണ്ട, വേണ്ടിവന്നാല്‍ വഴിപ്പെടാത്ത പെണ്ണുങ്ങളെ സൂത്രത്തില്‍ ജനനേന്ദ്രിയം പെരുപ്പിച്ച് കാട്ടി ഭീഷണിപ്പെടുത്താവുന്ന (തീര്‍ച്ചയായും പ്രലോഭിപ്പിക്കുകയല്ല)പുരുഷന്‍ അവന്റെ ഉടലിനെ ആഘോഷിക്കുക തന്നെയാണ്. ഒരു കുന്തം പോലെ തുളച്ചുകയറുന്നതും അധിനിവേശോന്മുഖവുമാണ് അവന്റെ പൌരുഷം എന്ന് സൈദ്ധാന്തികവും ജീവശാസ്ത്രപരവുമായ ന്യായീകരണങ്ങള്‍ ചമയ്ക്കുകയാണ് വിരല്‍തുമ്പിലുള്ള ആധുനിക വാര്‍ത്താവിനിമയ വിപ്ലവവും. ഇതിന്റെ ഇരകള്‍ എല്ലായ്പോഴും സ്ത്രീകള്‍ മാത്രമാണ്. അല്ല എന്നു പറയുന്നവര്‍ മൊബൈലും ഇന്റര്‍നെറ്റും വഴി പ്രചരിച്ച തങ്ങളുടെ അശ്ലീലരംഗങ്ങള്‍ ഉണ്ടാക്കിയ അപമാനഭാരത്താല്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന നിരവധി സ്ത്രീകളുണ്ടെന്നിരിക്കെ ആ ലിസ്റ്റില്‍ എത്ര പുരുഷന്മാര്‍ പെടുമെന്ന് വ്യക്തമാക്കണം.

തന്റെ അവയവങ്ങളെയും ശരീരത്തെത്തന്നെയും അശ്ലീലമായി കാണേണ്ടിവരുന്ന ഒരവസ്ഥയിലേക്കാണ് പുരുഷനിര്‍മിതമായ സ്വന്തം സദാചാരബോധം അവളെ കൊണ്ടടച്ചിടുന്നത്. ഇതിന് ഇരയായ നിരവധി സ്ത്രീകളെ നമുക്ക് നമ്മുടെയിടയില്‍നിന്നുതന്നെ കണ്ടെടുക്കാവുന്നതാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ബസ് യാത്രക്കാരിയായ ഒരു സ്ത്രീ യാത്രക്കിടെ കുഴഞ്ഞുവീണു മരിച്ചതു തന്നെ ഒരുദാഹരണം. അടിവസ്ത്രത്തിനുള്ളില്‍ ഒരു വിഷജീവി കടന്നുകൂടിയിട്ടും വേദന കടിച്ച് നില്ക്കാനല്ലാതെ മറ്റാരോടെങ്കിലും പറയാനോ ബസ്സു നിര്‍ത്തിക്കാനോ സദാചാരബോധം അനുവദിച്ചില്ല, അവരെ. സ്വന്തം ജനനേന്ദ്രിയത്തെക്കുറിച്ച് പൊതുസ്ഥലത്തുവെച്ച് സംസാരിക്കുവാന്‍ ഇത്തരമൊരു അടിയന്തിരഘട്ടത്തില്‍ പോലും മടിച്ച അവര്‍ അപമാനത്തിലും ഭേദം മരണം തന്നെയെന്ന് തീരുമാനിച്ച് യാത്രയായി!

ബലാത്സംഗം ചെയ്യപ്പെടുന്ന ഒരു പെണ്‍കുട്ടിക്ക് നമ്മുടെ സാമൂഹ്യനീതി(നിയമവ്യവസ്ഥയല്ല) വിധിക്കുന്ന ആനുകൂല്യം അവളുടെ ‘എല്ലാം കവര്‍ന്നെടുത്തവന്‍’ തന്നെ അവള്‍ക്കൊരു ജീവിതവും നല്‍കട്ടെ എന്നതാണ്. ഇവിടെ ഒരു സ്ത്രീയുടെ വ്യക്തിത്വവും അസ്തിത്വം തന്നെയും കേവലം അവളുടെ ഉടലിലേക്ക് മാത്രമായി ചുരുക്കപ്പെടുകയാണ്. സ്ത്രീക്ക് വേറെ പോംവഴികളൊന്നുമില്ല ഇവിടെ. ഏതു ഭിത്തിയിലും തന്റെ സ്വകാര്യതയിലേക്ക് തുറക്കാവുന്ന ഒളികണ്ണുകളുണ്ടാവാമെന്നതും ഏതു നിഴലിലും തന്റെ ഉടലിനെ ലൈംഗികമായി ആക്രമിക്കാന്‍ തയ്യറായ മൃഗങ്ങള്‍ ഉണ്ടാവാമെന്നതുമായ ബോധ്യങ്ങള്‍ ഈ ഉത്തരാധുനികകാലത്തും എത്ര അരക്ഷിതമാ‍യ ഒരു ജീവിതത്തിലേക്കാണ് സ്ത്രീജന്മങ്ങളെ കൈപിടിച്ച് നടത്തുന്നത്. സ്ത്രീക്ക് ഏറ്റവും വലിയ ശത്രു അവള്‍ തന്നെ പരിപാലിക്കുന്ന തന്റെ ശരീരമാകുന്ന അവസ്ഥ. ബ്ലോഗര്‍ വെള്ളെഴുത്ത് തന്റെ കഥ എഴുതുമ്പോള്‍ എന്ന ലേഖനത്തില്‍ (വ്യത്യസ്തമായൊരു സന്ദര്‍ഭത്തിലാണെങ്കിലും) പറഞ്ഞതുപോലെ “എന്നെ ആണ്‍കുട്ടികളെല്ലാം ഒരു മാതിരി നോക്കുന്നത് ഞാന്‍ ചീത്തക്കുട്ടിയായതു കൊണ്ടല്ലേ” എന്നു ശങ്കിച്ച് ഓരോ പെണ്ണിനും കൌമാരം മുതല്‍ തന്റെ ഉടലിനെ പ്രതിസ്ഥാനത്തുനിര്‍ത്തേണ്ടിവരുന്ന ഒരു സാംസ്കാരികാവസ്ഥ. ഇതെത്ര ഭീകരമാണ്. ഇതിലും ഭീകരമാണ് ഇതിനൊക്കെയൊരു പോവഴിയെന്നത് പുരുഷന് ഒട്ടും പ്രകോപനം തോന്നാത്തവണ്ണം ഉടലാകമാനം പൊതിഞ്ഞുസൂക്ഷിക്കുക എന്നതു മാത്രമാണ് എന്ന വാദം. പുത്തന്‍ സാമ്പത്തികാവസ്ഥകള്‍ സ്ത്രീ വീടിനു പുറത്തിറങ്ങേണ്ടവളല്ല എന്ന് ശഠിക്കുന്ന തരം സദാചാരങ്ങളെ അപ്രസക്തമാക്കിയിട്ടുണ്ട്. എങ്കിലും പുറത്തിറങ്ങിയാല്‍ സൂക്ഷിക്കണമെന്നും കഴിയുന്നത്ര ഒറ്റക്ക് നടക്കരുതെന്നും അതികാലത്തോ അസ്തമനശേഷമുള്ളതോ ആയ യാത്രകള്‍ ഒഴിവാക്കണമെന്നും ഒക്കെയുള്ള നൂറുനൂറു നിബന്ധനകള്‍ പെണ്മനസ്സുകളെ ക്ഷണിക്കുന്നത് അനിവാര്യമായ ഒരു ബോധ്യത്തിലേക്കാണ്. നീ നിന്റെ ഉടലില്‍ തന്നെ തടവിലാക്കപ്പെട്ടിരിക്കുന്നു, വീട്ടിനകത്തും പുറത്തും നിന്റെ സ്വാതന്ത്ര്യത്തിനു മാത്രം നിരവധി അതിര്‍വരമ്പുകളുണ്ട്! സ്വാതന്ത്ര്യം നിന്റെ അവകാശമല്ല, അത് പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹം അനുവദിച്ചുകൊടുക്കുമ്പോള്‍ മാത്രം ഉപാധികളോടെ ആസ്വദിക്കാവുന്ന ഒരൌദാര്യം മാത്രമാണ്!

ഈ പറഞ്ഞ സാംസ്കാരിക അവസ്ഥകളില്‍ മാതാപിതാക്കള്‍ പെണ്‍കുട്ടികള്‍ക്ക് ഒസ്യത്തായി നല്‍കേണ്ടുന്നത് കക്കൂസില്‍ പോലും ഒളിക്യാമറകളുള്ള കാലമാണെന്ന താക്കീതല്ല, സ്വന്തം ഉടല്‍ തീര്‍ത്ത തടവറയില്‍നിന്ന് പുറത്തിറങ്ങാന്‍ ഒരു താക്കോലാണ്. നിന്റെ ഉടലോ നിന്റെ ലൈംഗികതയോ പാപമല്ലെന്നും നിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങള്‍ കുറ്റകൃത്യങ്ങളാണെന്നും അത് ചെയ്യുന്ന പന്നികള്‍ക്കെതിരെയുള്ള സമരത്തില്‍ ഞങ്ങള്‍ കൂടെയുണ്ടായിരിക്കുമെന്നും നമ്മള്‍ നമ്മുടെ പെണ്മക്കളോട് പറയേണ്ടിയിരിക്കുന്നു. അല്ലാതെ ക്യാമറാഫോണ്‍ നിരോധനം കൊണ്ടോ മുട്ടിന് മുട്ടിനുള്ള നിയമനിര്‍മാണം കൊണ്ടോ സ്കൂളുകളില്‍ ഉടുതുണിയഴിച്ചുള്ള മൊബൈല്‍ വേട്ട കൊണ്ടോ പുതിയ ഇരകളെ സൃഷ്ടിക്കാമെന്നല്ലാതെ പ്രശ്നപരിഹാരമാകില്ലെന്ന് ഉറപ്പ്(സ്കൂളുകളില്‍ മൊബൈല്‍ നിരോധനം കര്‍ശനമാക്കണമെന്നും അതിന് അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പേര്‍ത്തും പേര്‍ത്തും പറയുന്നവര്‍ കുറച്ചുകാലം മുന്‍പ് ഒരു ടീച്ചര്‍, ഫോണ്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഉടുതുണിയഴിച്ച് പരിശോധിച്ചതില്‍ മനം നൊന്ത് ഒരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതും ഓര്‍ക്കണം). വാര്‍ത്താവിനിമയവിപ്ലവങ്ങളേയോ ജൈവികമായ ലൈംഗികചോദനയെയോ നിരോധിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ അല്ല, നമ്മുടെ പിതൃകേന്ദ്രീകൃതമായ ഏകപക്ഷസദാചാരത്തെ പുതുക്കിപണിയുകയാണ് വേണ്ടത്. അതിന് പെണ്ണുങ്ങളോ പെണ്മക്കളുള്ളവരോ മാത്രം ശ്രമിച്ചാല്‍ പോര താനും.