Tuesday, March 2, 2010

ഉടലില്‍തന്നെ തടവിലാക്കപ്പെട്ടവര്‍

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കണ്ണൂരിലെ തളിപറമ്പില്‍ മൊറാഴയെന്ന ഉള്‍നാടന്‍ ഗ്രാമപ്രദേശത്ത് ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇത് വസ്തുത. ഈ പെണ്‍കുട്ടിയുള്‍പ്പെടുന്ന ചില അശ്ലീലരംഗങ്ങള്‍ മൊബൈല്‍കാമറ വഴിയും ഇന്റെര്‍നെറ്റ് വഴിയും പ്രചരിച്ചിരുന്നുവെന്നതും അതിനോടനുബന്ധിച്ച് ഈ പറഞ്ഞ രംഗങ്ങളില്‍ ഉണ്ടായിരുന്ന അവളുടെ സഹപാഠി അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റിലായി(പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നതിനും മുന്‍പെ) എന്നതും വസ്തുത. ഇവയെ ആധാരമാക്കി പിന്നെ വന്ന പല വാര്‍ത്തകളും ഊഹാപോഹങ്ങളായിരുന്നു. കേസ് അന്വേഷണത്തിലാണെന്നതിനാലാവാം ഇപ്പോള്‍ മാധ്യമങ്ങള്‍ ഇതിനെക്കുറിച്ച് ഒന്നും മിണ്ടുന്നുമില്ല. ഇനിയിപ്പോ ഇതിനെ സംബന്ധിച്ച് എന്തൊക്കെയായിരിക്കാം നടക്കാന്‍ പോകുന്നത്? ചിലപ്പോള്‍ അന്വേഷണത്തിലൂടെ സത്യം പുറത്തുവന്നേക്കാം. പുറത്തുവരുന്നതൊരു പക്ഷേ സത്യമല്ലെങ്കിലും നമ്മളത് സത്യമെന്ന് വിശ്വസിച്ചേക്കാം. ചിലപ്പോള്‍ സത്യം എന്നെന്നേക്കുമായി ഈ അന്വേഷണത്തോടെ കുഴിച്ചുമൂടപ്പെട്ടേക്കാം. ഇതു പോലെയുള്ള പല കേസുകളുടെയും വിവാദങ്ങളുടെയും കാര്യത്തില്‍ നമ്മള്‍ സാധാരണക്കാരുടെ അവസ്ഥ ‘പൊട്ടന്‍ പൂവെടി കണ്ടതു പോലെ’യും! ഇത്രയുമെഴുതിയാല്‍ മേല്പറഞ്ഞ സംഭവത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിന് തരക്കേടില്ലാത്ത ആമുഖമാവും. പക്ഷേ ഒരു സ്ത്രീയെ, അവള്‍ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, എവിടെ വച്ചും പിടികുടാവുന്ന അപകടങ്ങളെക്കുറിച്ചുള്ള സൂചനയാവില്ല.

നമ്മുടെയീ ഉത്തരാധുനികസമൂഹത്തിലും സ്ത്രീ ഒരു ശരീരം മാത്രമായി തുടരുന്നുവെന്നു പറഞ്ഞാല്‍ അത് ദുര്‍ബലമായൊരു ഏറ്റുപറച്ചില്‍ മാത്രമായിരിക്കും. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും തൊട്ട് ചിന്തയിലും സാംസ്കാരികമണ്ഡലങ്ങളിലും വരെ ഉണ്ടാവുന്ന വികാസങ്ങള്‍ മുഴുവന്‍ അവളെ ശരീരം മാത്രമായി നിജപ്പെടുത്താന്‍ വ്യയം ചെയ്യപ്പെടുന്നു എന്നത് കണ്ടില്ലെന്നു നടിക്കാനാവാത്തവണ്ണം പ്രകടമാണ് ഇന്ന്. നമ്മുടേത് ധ്രുതവിനിമയശൃംഘലകളുടെ ഒരു കാലമാണ്. ദൌര്‍ഭാഗ്യവശാല്‍ യാഥാസ്ഥിതികമൂല്യങ്ങളിലേക്ക് അതിവേഗം മടങ്ങിപ്പോയിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ ഈ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുണ്ടാക്കുന്ന വിപ്ലവം പുത്തന്‍ വെളിച്ചങ്ങളിലേക്കുള്ള ഒരു തുറക്കലല്ല, പഴയ ഇരുട്ടുകളിലേക്കുള്ള ഒരു അടയ്ക്കലാണ്. യു ട്യൂബില്‍ ചുടപ്പം പോലെ പങ്കിടപ്പെടുന്നത് പെണ്ണുടലുകളോടൊപ്പം നരകത്തിലെ ശബ്ദവും മത്സ്യകന്യയുടെ അസ്ഥികൂടവുമൊക്കെയാണെന്നതുതന്നെ ഇതിനു തെളിവ്.

ഒന്നു കണ്ടാല്‍ മതി, കീഴടക്കാവുന്നതാണ് പെണ്ണായി പിറന്നവളുടെ അസ്തിത്വമെന്ന് നിര്‍വചിച്ചത് ‘വന്നു കണ്ടു കീഴടക്കി’ എന്ന സിനിമയല്ലായിരിക്കാം, എന്നാല്‍ നായികയുടെ നഗ്നശരീരം സാന്ദര്‍ഭികമായി കാണാനിടയായി എന്നതുകൊണ്ടുമാത്രം അവളുടെ ഉടലിനും പ്രണയത്തിനും മേല്‍ ഉടമസ്ഥാവകാശം നേടിയെടുത്ത നായകകഥാപാത്രങ്ങളെയുള്‍ക്കൊള്ളുന്ന ഒരു പറ്റം സിനിമകളുണ്ട് ഈ ബഹുമതിക്ക് അര്‍ഹരായി. അവളുടെ തുടയില്‍ ഒരു കറുത്ത മറുകുണ്ട് എന്ന് ഒരൊളിഞ്ഞുനോട്ടക്കാരന്‍ തെമ്മാടി ഒന്നുറക്കെ പറഞ്ഞാല്‍ മതി നമ്മുടെ സദാചാരക്കണ്ണുകളില്‍ ഒരു പെണ്ണിന്റെ മാനവും ജീവിതവും ഒരുപോലെ തകര്‍ന്നുവീഴാന്‍! ഉടുപ്പിടാതെ തെരുവില്‍ വേണമെങ്കിലും ഇറങ്ങി നടക്കാവുന്ന, നിര്‍ബന്ധമാണെങ്കില്‍ മാത്രം ഒരു നിഴലിന്റെ മറയെങ്കിലും നോക്കി മൂത്രമൊഴിക്കേണ്ട, വേണ്ടിവന്നാല്‍ വഴിപ്പെടാത്ത പെണ്ണുങ്ങളെ സൂത്രത്തില്‍ ജനനേന്ദ്രിയം പെരുപ്പിച്ച് കാട്ടി ഭീഷണിപ്പെടുത്താവുന്ന (തീര്‍ച്ചയായും പ്രലോഭിപ്പിക്കുകയല്ല)പുരുഷന്‍ അവന്റെ ഉടലിനെ ആഘോഷിക്കുക തന്നെയാണ്. ഒരു കുന്തം പോലെ തുളച്ചുകയറുന്നതും അധിനിവേശോന്മുഖവുമാണ് അവന്റെ പൌരുഷം എന്ന് സൈദ്ധാന്തികവും ജീവശാസ്ത്രപരവുമായ ന്യായീകരണങ്ങള്‍ ചമയ്ക്കുകയാണ് വിരല്‍തുമ്പിലുള്ള ആധുനിക വാര്‍ത്താവിനിമയ വിപ്ലവവും. ഇതിന്റെ ഇരകള്‍ എല്ലായ്പോഴും സ്ത്രീകള്‍ മാത്രമാണ്. അല്ല എന്നു പറയുന്നവര്‍ മൊബൈലും ഇന്റര്‍നെറ്റും വഴി പ്രചരിച്ച തങ്ങളുടെ അശ്ലീലരംഗങ്ങള്‍ ഉണ്ടാക്കിയ അപമാനഭാരത്താല്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന നിരവധി സ്ത്രീകളുണ്ടെന്നിരിക്കെ ആ ലിസ്റ്റില്‍ എത്ര പുരുഷന്മാര്‍ പെടുമെന്ന് വ്യക്തമാക്കണം.

തന്റെ അവയവങ്ങളെയും ശരീരത്തെത്തന്നെയും അശ്ലീലമായി കാണേണ്ടിവരുന്ന ഒരവസ്ഥയിലേക്കാണ് പുരുഷനിര്‍മിതമായ സ്വന്തം സദാചാരബോധം അവളെ കൊണ്ടടച്ചിടുന്നത്. ഇതിന് ഇരയായ നിരവധി സ്ത്രീകളെ നമുക്ക് നമ്മുടെയിടയില്‍നിന്നുതന്നെ കണ്ടെടുക്കാവുന്നതാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ബസ് യാത്രക്കാരിയായ ഒരു സ്ത്രീ യാത്രക്കിടെ കുഴഞ്ഞുവീണു മരിച്ചതു തന്നെ ഒരുദാഹരണം. അടിവസ്ത്രത്തിനുള്ളില്‍ ഒരു വിഷജീവി കടന്നുകൂടിയിട്ടും വേദന കടിച്ച് നില്ക്കാനല്ലാതെ മറ്റാരോടെങ്കിലും പറയാനോ ബസ്സു നിര്‍ത്തിക്കാനോ സദാചാരബോധം അനുവദിച്ചില്ല, അവരെ. സ്വന്തം ജനനേന്ദ്രിയത്തെക്കുറിച്ച് പൊതുസ്ഥലത്തുവെച്ച് സംസാരിക്കുവാന്‍ ഇത്തരമൊരു അടിയന്തിരഘട്ടത്തില്‍ പോലും മടിച്ച അവര്‍ അപമാനത്തിലും ഭേദം മരണം തന്നെയെന്ന് തീരുമാനിച്ച് യാത്രയായി!

ബലാത്സംഗം ചെയ്യപ്പെടുന്ന ഒരു പെണ്‍കുട്ടിക്ക് നമ്മുടെ സാമൂഹ്യനീതി(നിയമവ്യവസ്ഥയല്ല) വിധിക്കുന്ന ആനുകൂല്യം അവളുടെ ‘എല്ലാം കവര്‍ന്നെടുത്തവന്‍’ തന്നെ അവള്‍ക്കൊരു ജീവിതവും നല്‍കട്ടെ എന്നതാണ്. ഇവിടെ ഒരു സ്ത്രീയുടെ വ്യക്തിത്വവും അസ്തിത്വം തന്നെയും കേവലം അവളുടെ ഉടലിലേക്ക് മാത്രമായി ചുരുക്കപ്പെടുകയാണ്. സ്ത്രീക്ക് വേറെ പോംവഴികളൊന്നുമില്ല ഇവിടെ. ഏതു ഭിത്തിയിലും തന്റെ സ്വകാര്യതയിലേക്ക് തുറക്കാവുന്ന ഒളികണ്ണുകളുണ്ടാവാമെന്നതും ഏതു നിഴലിലും തന്റെ ഉടലിനെ ലൈംഗികമായി ആക്രമിക്കാന്‍ തയ്യറായ മൃഗങ്ങള്‍ ഉണ്ടാവാമെന്നതുമായ ബോധ്യങ്ങള്‍ ഈ ഉത്തരാധുനികകാലത്തും എത്ര അരക്ഷിതമാ‍യ ഒരു ജീവിതത്തിലേക്കാണ് സ്ത്രീജന്മങ്ങളെ കൈപിടിച്ച് നടത്തുന്നത്. സ്ത്രീക്ക് ഏറ്റവും വലിയ ശത്രു അവള്‍ തന്നെ പരിപാലിക്കുന്ന തന്റെ ശരീരമാകുന്ന അവസ്ഥ. ബ്ലോഗര്‍ വെള്ളെഴുത്ത് തന്റെ കഥ എഴുതുമ്പോള്‍ എന്ന ലേഖനത്തില്‍ (വ്യത്യസ്തമായൊരു സന്ദര്‍ഭത്തിലാണെങ്കിലും) പറഞ്ഞതുപോലെ “എന്നെ ആണ്‍കുട്ടികളെല്ലാം ഒരു മാതിരി നോക്കുന്നത് ഞാന്‍ ചീത്തക്കുട്ടിയായതു കൊണ്ടല്ലേ” എന്നു ശങ്കിച്ച് ഓരോ പെണ്ണിനും കൌമാരം മുതല്‍ തന്റെ ഉടലിനെ പ്രതിസ്ഥാനത്തുനിര്‍ത്തേണ്ടിവരുന്ന ഒരു സാംസ്കാരികാവസ്ഥ. ഇതെത്ര ഭീകരമാണ്. ഇതിലും ഭീകരമാണ് ഇതിനൊക്കെയൊരു പോവഴിയെന്നത് പുരുഷന് ഒട്ടും പ്രകോപനം തോന്നാത്തവണ്ണം ഉടലാകമാനം പൊതിഞ്ഞുസൂക്ഷിക്കുക എന്നതു മാത്രമാണ് എന്ന വാദം. പുത്തന്‍ സാമ്പത്തികാവസ്ഥകള്‍ സ്ത്രീ വീടിനു പുറത്തിറങ്ങേണ്ടവളല്ല എന്ന് ശഠിക്കുന്ന തരം സദാചാരങ്ങളെ അപ്രസക്തമാക്കിയിട്ടുണ്ട്. എങ്കിലും പുറത്തിറങ്ങിയാല്‍ സൂക്ഷിക്കണമെന്നും കഴിയുന്നത്ര ഒറ്റക്ക് നടക്കരുതെന്നും അതികാലത്തോ അസ്തമനശേഷമുള്ളതോ ആയ യാത്രകള്‍ ഒഴിവാക്കണമെന്നും ഒക്കെയുള്ള നൂറുനൂറു നിബന്ധനകള്‍ പെണ്മനസ്സുകളെ ക്ഷണിക്കുന്നത് അനിവാര്യമായ ഒരു ബോധ്യത്തിലേക്കാണ്. നീ നിന്റെ ഉടലില്‍ തന്നെ തടവിലാക്കപ്പെട്ടിരിക്കുന്നു, വീട്ടിനകത്തും പുറത്തും നിന്റെ സ്വാതന്ത്ര്യത്തിനു മാത്രം നിരവധി അതിര്‍വരമ്പുകളുണ്ട്! സ്വാതന്ത്ര്യം നിന്റെ അവകാശമല്ല, അത് പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹം അനുവദിച്ചുകൊടുക്കുമ്പോള്‍ മാത്രം ഉപാധികളോടെ ആസ്വദിക്കാവുന്ന ഒരൌദാര്യം മാത്രമാണ്!

ഈ പറഞ്ഞ സാംസ്കാരിക അവസ്ഥകളില്‍ മാതാപിതാക്കള്‍ പെണ്‍കുട്ടികള്‍ക്ക് ഒസ്യത്തായി നല്‍കേണ്ടുന്നത് കക്കൂസില്‍ പോലും ഒളിക്യാമറകളുള്ള കാലമാണെന്ന താക്കീതല്ല, സ്വന്തം ഉടല്‍ തീര്‍ത്ത തടവറയില്‍നിന്ന് പുറത്തിറങ്ങാന്‍ ഒരു താക്കോലാണ്. നിന്റെ ഉടലോ നിന്റെ ലൈംഗികതയോ പാപമല്ലെന്നും നിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങള്‍ കുറ്റകൃത്യങ്ങളാണെന്നും അത് ചെയ്യുന്ന പന്നികള്‍ക്കെതിരെയുള്ള സമരത്തില്‍ ഞങ്ങള്‍ കൂടെയുണ്ടായിരിക്കുമെന്നും നമ്മള്‍ നമ്മുടെ പെണ്മക്കളോട് പറയേണ്ടിയിരിക്കുന്നു. അല്ലാതെ ക്യാമറാഫോണ്‍ നിരോധനം കൊണ്ടോ മുട്ടിന് മുട്ടിനുള്ള നിയമനിര്‍മാണം കൊണ്ടോ സ്കൂളുകളില്‍ ഉടുതുണിയഴിച്ചുള്ള മൊബൈല്‍ വേട്ട കൊണ്ടോ പുതിയ ഇരകളെ സൃഷ്ടിക്കാമെന്നല്ലാതെ പ്രശ്നപരിഹാരമാകില്ലെന്ന് ഉറപ്പ്(സ്കൂളുകളില്‍ മൊബൈല്‍ നിരോധനം കര്‍ശനമാക്കണമെന്നും അതിന് അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പേര്‍ത്തും പേര്‍ത്തും പറയുന്നവര്‍ കുറച്ചുകാലം മുന്‍പ് ഒരു ടീച്ചര്‍, ഫോണ്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഉടുതുണിയഴിച്ച് പരിശോധിച്ചതില്‍ മനം നൊന്ത് ഒരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതും ഓര്‍ക്കണം). വാര്‍ത്താവിനിമയവിപ്ലവങ്ങളേയോ ജൈവികമായ ലൈംഗികചോദനയെയോ നിരോധിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ അല്ല, നമ്മുടെ പിതൃകേന്ദ്രീകൃതമായ ഏകപക്ഷസദാചാരത്തെ പുതുക്കിപണിയുകയാണ് വേണ്ടത്. അതിന് പെണ്ണുങ്ങളോ പെണ്മക്കളുള്ളവരോ മാത്രം ശ്രമിച്ചാല്‍ പോര താനും.

17 comments:

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

സ്ത്രീകളോടുള്ള പുരുഷന്റെ സമീപനമല്ലേ മാറേണ്ടത്?? അത് മാറിയാല്‍ തന്നെ സ്വതന്ത്രമായി അവള്‍ക്ക് എവിടേയും ഏത് സമയത്തും പോകാം.

രാജേഷ് കെ ആർ said...

തീപ്പൊരിപ്പോസ്റ്റ്...ബൗധിക വിശകലനങ്ങള്‍ക്കിടയില്‍ വൈകാരികത ചോര്‍ന്നുപോയിട്ടില്ല...എഴുതിയ ആള്‍ക്ക് എഴുതിയ വിഷയത്തോടുള്ള ആത്മാര്‍ത്ഥത ഫീല്‍ ചെയ്യുന്നുണ്ട്....പറഞ്ഞകാര്യങ്ങളോട് ഞാനും സ്‌നേഹപൂര്‍വ്വം യോജിക്കുന്നു.

അരുണ്‍ / Arun said...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

സ്ത്രീകളോടുള്ള പുരുഷന്റെ സമീപനമല്ലേ മാറേണ്ടത്?? അത് മാറിയാല്‍ തന്നെ സ്വതന്ത്രമായി അവള്‍ക്ക് എവിടേയും ഏത് സമയത്തും പോകാം.

signed

Jijo said...

നമ്മുടെ ബൂലോകം എന്ന സൈറ്റില്‍ മൊബൈല്‍ ഫോണിന്റെ അമിതോപയോഗത്തെ കുറിച്ചും അപകടങ്ങളെകുറിച്ചും ജസ്റ്റിന്‍ പെരേര ഒരു പോസ്റ്റിട്ടിരുന്നു.പ്രസ്തുത പോസ്റ്റില്‍ തൊലിപ്പുറമേയുള്ള സദാചാരത്തിനേയും അതു മൂലം ആത്മഹത്യ ചെയ്യേണ്ടി വരുന്ന ഒരു സാഹചര്യത്തേയും കുറിച്ച് ഒരു കമന്റിട്ടതിന് അടി കിട്ടി വരുന്ന വഴിയാണ്. ഈ വിഷയത്തില്‍ ഒരു പോസ്റ്റ് ഇടണമെന്ന (നടക്കാത്ത) സ്വപ്നവുമായി ഇരിയ്ക്കുമ്പോഴാണ് ഇത് കാണുന്നത്. ഇതിന്റെ ഒരു ലിങ്ക് അവിടെയിട്ട് വിഷമം തീര്‍ത്തിട്ടുണ്ട്.
ആഗോളമായി ടെക്നോളജി പുരോഗമിച്ചതിനേക്കാളും വളരെ വേഗത്തിലാണ് ഇന്ത്യയില്‍ അതിന്റെ പുരോഗതി. സാങ്കേതികയുടെ ലോകത്ത് വൈകി പ്രവേശിച്ചതും, ഉദാരവല്‍ക്കരണം മൂലം സാങ്കേതികതയുടെ കുത്തൊഴുക്കുണ്ടായതും, സ്വകാര്യ കമ്പനികള്‍ ലാഭം മാത്രം നോക്കി (അതവരുടെ കുറ്റമല്ല) ഉല്‍പ്പന്നങ്ങള്‍ എങിനെയെങ്കിലും വിറ്റഴിക്കാന്‍ ശ്രമിച്ചതിനാലും, പിന്നേയും കുറേ സവിശേഷ സഹചര്യങ്ങള്‍ കൊണ്ടും മറ്റു ഡെവലപ്പ്ഡ് രാജ്യങ്ങളിലെ പോലെ ഒരു നാച്ച്വറല്‍ പ്രോഗ്രെഷന്‍ നമുക്കുണ്ടായില്ല. ഓരോ സങ്കെതങ്ങളുമായി പൊരുത്തപ്പെടാന്‍ നമുക്ക് അവസരം ലഭിക്കുന്നതിനു മുന്‍പായി അടുത്തത് വന്ന് കഴിഞ്ഞിരുന്നു. വ്യക്തി സ്വാതന്ത്ര്യം, സ്വകാര്യത, ലിംഗസമത്വം, തുടങ്ങിയവയില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിനാവശ്യമായ തരത്തിലുള്ള നിയമനിര്‍മ്മാണങ്ങളില്ലാതെയും, അതിനു പക്വമായ മന:സ്ഥിതിയില്ലാതെയും കഴിയുന്ന സമൂഹത്തില്‍, സാങ്കേതികതയുടെ മലവെള്ളപ്പാച്ചില്‍ സൃഷ്ടിച്ച അമ്പരപ്പും അരാജകത്തവുമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കാലക്രമേണ ഒരു സമൂഹമെന്ന നിലയില്‍ നാം സമനില വീണ്ടെടുക്കുമെന്നും, സ്വാതന്ത്ര്യത്തേയും സങ്കേതങ്ങളേയും ഉത്തരവാദിത്തത്തോടു കൂടി ഉപയോഗിക്കുമെന്നും പ്രതീക്ഷിക്കാം. അതിനും മുന്‍പേ സദാചാരം, പെണ്‍‌മാനം, സ്ത്രീത്വം, എന്നിവയില്‍ യാഥാര്‍ത്ഥ്യബോധത്തോടു കൂടിയ ഒരു കാഴ്ചപ്പാട് കൈവരിക്കാന്‍ നമുക്ക് കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശിക്കുന്നു. അതിന് ഇത്തരം പോസ്റ്റുകളും സംവാദങ്ങളും കാരണമാകട്ടെ.

കഷായക്കാരൻ said...

sthree vimochanakkarude prayatnam sabhalamai.....
pennine udalaakki mattan kazhinjallo

കാക്കര - kaakkara said...

തൊലിപുറമെയല്ല മാനം എന്ന്‌ ഞാനും വിശ്വാസിക്കുന്നു.

ഇരയെ വധിക്കുന്ന സാമൂഹ്യചിട്ടവട്ടങ്ങൾ!

secular politics said...

കഷായക്കാരാ,
വാദിയെ പ്രതിയാക്കുന്നതില്‍ പോലീസുകാര്‍ക്ക് മാത്രമല്ല മിടുക്കെന്നു മനസ്സിലായി. അപ്പോ പെണ്ണിനെ ഉടലാക്കി മാറ്റാന്‍ പ്രയത്നിച്ചുകൊണ്ടിരുന്നതും ഒടുവില്‍ അത് സഫലീകരിച്ചതുമൊക്കെ സ്ത്രീവിമോചനക്കാരാണല്ലേ!

കഷായക്കാരൻ said...

kazhinja 50 varshathinidayil kudumba bandhangal sidhilamakkan kazhinjathallathe streekku enthu nettam avar (vimochana pulikal) undakki koduthu?
Kuttikale kudumbathe sthreeye thanne peedippikkunnathil innaranu munnil(Keralathilenkilum)
Sex Power & Money
itharam sangadanakal lekshyamittirunnathum nediyathum athanu. allathe streeyude nilayonnum mechappettittilla.

secular politics said...

കഷായക്കാരാ,
കഴിഞ്ഞ അന്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ സ്ത്രീയും ഒരു മനുഷ്യജീവിയാണെന്നും അവള്‍ക്കും വ്യക്തിത്വവും പൌരാവകാശങ്ങളും ഉണ്ടെന്നും ഉള്ള അറിവ് സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിലേക്കെങ്കിലും എത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതുതന്നെ അവര്‍ നേടിയതും. കേരളത്തിലെ കുടുംബബന്ധങ്ങള്‍ ശിഥിലമാക്കിയത് സ്ത്രീവിമോചനക്കാരാണത്രെ! വ്യക്തിത്വവും പൌരബോധവുമുള്ള സ്ത്രീയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവണ്ണം ഫ്യൂഡലും പിതൃകേന്ദ്രീകൃതവുമാണ് കുടുംബമെങ്കില്‍ ആ സ്ഥാപനം തകരുക തന്നെ വേണം.

‘Kuttikale kudumbathe sthreeye thanne peedippikkunnathil innaranu munnil(Keralathilenkilum)’
ഈ പറഞ്ഞതെന്താണെന്ന് മനസ്സിലായില്ല. ഏതു സ്ത്രീവിമോചനക്കാരാണാവോ കുട്ടികളെയും സ്ത്രീകളെയുമൊക്കെ പീഢിപ്പിച്ചത്?

'Sex Power & Money
itharam sangadanakal lekshyamittirunnathum nediyathum athanu.'
ഇത്തരം ആരോപണങ്ങള്‍ വസ്തുതകളുടെ പിന്‍ബലമില്ലാതെ ഉന്നയിക്കുന്നതിനെയാണ് typical male chauvinistic nausea എന്നു പറയുന്നത്.

കഷായക്കാരൻ said...

secular politicse,
pakachitto, prakopithanayitto karyamilla....
keralathile sannadha sangatanakalekkurichu avarkku panam varunna vazhi avar purathu parayunnathum akathu cheyyunnathumaya karyangal ennivayekkurichu oru report undu. chodichal kittum. allenkil vivaravakasa niyamam onnu prayogikku. ennittu athonnu vayichittu ethirkkuka.

secular politics said...

കഷായക്കാരാ,
പകപ്പും പ്രകോപനവുമൊന്നുമില്ല. പറയാനുള്ളത് പറഞ്ഞുവെന്നു മാത്രം. താങ്കള്‍ പറയുന്ന റിപ്പോര്‍ട്ട് എവിടെ, എപ്പോള്‍ പ്രസിദ്ധീകരിച്ചു, അതില്‍ എന്താണ് പറയുന്നത് എന്നൊക്കെ ഒന്നു വിശദീകരിച്ചാല്‍ കൊള്ളാം. NGO കള്‍ക്ക് ലഭിക്കുന്ന ഫണ്ടിംഗിനെയും മറ്റും കുറിച്ച് വായിച്ചിട്ടുണ്ട്, പി.ജെ ജെയിംസിന്റെ പുസ്തകം ഉള്‍പ്പെടെ. പക്ഷെ അതിന് ഇവിടെന്തു പ്രസക്തി? ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ ലക്ഷ്യമിടുന്നതും നേടിയതും സെക്സും പവറും മണിയുമാണ് എന്നതാണ് താങ്കളുടെ ആരോപണം. അപ്പോള്‍ ഏത് ഫെമിനിസ്റ്റ് സംഘടന,എവിടെനിന്നുള്ള ഫണ്ട് മേല്പറഞ്ഞ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചു എന്ന് താങ്കള്‍ വ്യക്തമാക്കേണ്ടതുണ്ട്. ചില കൊച്ചമ്മമാര്‍ ചേര്‍ന്ന് ഉണ്ടാക്കിയ നേരമ്പോക്ക് സംഘടനകളുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ലോകമെമ്പാടും പരന്നുകിടക്കുന്ന ഫെമിനിസ്റ്റ് ചിന്താധാരകളെയും പ്രസ്ഥാനങ്ങളെയും അടച്ചാക്ഷേപിക്കുന്നതില്‍ കാര്യമില്ല. താങ്കള്‍ ഉന്നയിക്കുന്ന വാദങ്ങളെ വിശദീകരിക്കുക താങ്കളുടെ തന്നെ ഉത്തരവാദിത്തമാണ്. അല്ലാതെ ഞങ്ങള്‍ തന്നെ വിവരാവകാശകമ്മീഷനില്‍നിന്നോ മറ്റോ അവയ്ക്കുള്ള ന്യായീകരണങ്ങള്‍ കണ്ടെത്തിക്കൊള്ളണമെന്ന് പറയുന്നത് വിചിത്രമായൊരു യുക്തി തന്നെ. അത്തരം യുക്തി ഉപയോഗിച്ചാണെങ്കില്‍ താങ്കളുടെ ആദ്യകമന്റിന് ഞങ്ങള്‍ നല്‍കേണ്ടിയിരുന്ന മറുപടി നാട്ടിലൊരുപാട് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുണ്ട്, അവയുടെ ലക്ഷ്യത്തെയും പ്രവര്‍ത്തനങ്ങളെയും അപഗ്രഥിച്ചുകൊണ്ട് ധാരാളം ലേഖനങ്ങളും പുസ്തകങ്ങള്‍ തന്നെയും ഇറങ്ങിയിട്ടുണ്ട്, വല്ല ലൈബ്രറിയിലും പോയി അതെടുത്ത് വായിച്ചുനോക്കൂ എന്നാവണമായിരുന്നല്ലോ.

കഷായക്കാരൻ said...

“താങ്കള്‍ ഉന്നയിക്കുന്ന വാദങ്ങളെ വിശദീകരിക്കുക താങ്കളുടെ തന്നെ ഉത്തരവാദിത്തമാണ്...”
സെക്കുലർ പൊളിറ്റിക്സ് പറയുന്നത് നേരാണു. പക്ഷെ ഞാൻ ആലൊചിച്ചിട്ട് അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. കാരണം അത്ര പ്രാധാന്യം ഈ പെൺസംഘടനകൾക്കുണ്ടോ? കഴിഞ്ഞ 50 വർഷത്തിനിടയിൽ സാമൂഹികമായി ഗുണകരമായ എന്ത് മാറ്റം അവർ കൊണ്ടുവന്നു? പണ്ടത്തെ അപേക്ഷിച്ച് കുടുംബന്ധങ്ങൾ സ്നേഹത്തിലും വിശ്വാസത്തിലും കു‍ടുതൽ അടിയുറച്ചതായോ? കുട്ടികൾ കൂടുതൽ സ്നേഹിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്യുന്നതായിട്ടുണ്ടോ? സ്ത്രീയുടെ ശാരീരിക അവസ്ഥകൾ മെച്ചപ്പെട്ടിട്ടുണ്ടോ? അതായത് പുകയൂതിയും വെള്ളം കോരിയും കഴിൺജിരുന്ന കാലത്തേ അപേക്ഷിച്ച് അവർക്ക് രോഗങ്ങൾ കുരയുകയും പൂർണ്ണആരോഗ്യത്തോടെ ഇരിക്കുകയും 50 വയസുവരെയെങ്കിലും ശരീരത്തിനു അകത്തും പുറത്തുമുള്ള അവയവങ്ങൾ അതേപോലെ നിലനിൽക്കുകയും ചെയ്യുന്നുണ്ടോ? നിലവറയ്ക്കുള്ളിൽ സ്ത്രീത്വം അപമാനിക്കപ്പെടുകയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ജീവിക്കാൻ വെണ്ടി സ്ത്രീ വഴങ്ങുകയായിരുന്നു എന്നാണു അതിനുള്ള വിശദീകരണം. ഇന്നിപ്പോൾ അത് പുറത്തും തൊഴിലിടങ്ങളിലും വ്യാപിച്ചത് സ്ത്രീപക്ഷ സംഘടനകളുടെ ഒരു മികവായി എടുക്കാമോ? ബൌദ്ധികമായി സ്ത്രീ ഉയർച്ച നേടീ എന്ന് വിചാരിക്കാം, സംഘടയുടെ സഹായം കൊണ്ട്... യാതൊരുവിധ സഹായവും ഇല്ലാതിരുന്ന കാലത്ത് ഉയർന്നു വന്നവരുടെ എണ്ണത്തിനു ആനുപാതികമായി ആ രംഗത്ത് ഇന്ന് സ്ത്രീയുടെ ഉഅയർച്ച എത്ര? അതിനു സ്ത്രീപക്ഷ സംഘടനകൾ നല്കിയ ഇന്ധനം എന്തു? എഴുത്തും വായനയും മാത്രം അറിയാവുന്നവരുടെ കാലത്തെ മലയാളത്തിൽ നിന്ന് ഇന്നത്തെ ‘മല്‌യാല’ത്തിലേക്ക് സ്ത്രീയെ വളർത്തിയെടുക്കാൻ കഴിഞ്ഞു എന്നത് ഒരു മെച്ചമായി എടുക്കുമോ? ഇതൊക്കെ ചിന്തിക്കുമ്പോൾ ആ സംഘടനകൾ എന്തു ചെയ്തു എന്നെനിക്ക് മനസിലാകുന്നില്ല. സ്ത്രീ ഒരു ചരക്കാണെന്നും ചൂഷണം ചെയ്യപ്പെടേണ്ടവളാണെന്നും ഉള്ള സന്ദേശത്തെ സ്വന്തം ജീവിതം കൊണ്ടോ‍ വേഷഭൂഷകൾ കൊണ്ടോ എതിർക്കുന്ന ഒന്നോ രണ്ടോ വിശിഷ്ടവ്യക്തികൾ കാണും. അവരുടെ മറവുപിടിച്ച് തങ്ങളെല്ലാം സുഗതകുമാരിയും അജിതയുമാണെന്നും വരുത്തിതീർക്കാനുള്ള ശ്രമമല്ലെ പല സഘടനക്കാരും ചെയ്യുന്നത്? കാഷായവസ്ത്രം ധരിച്ച് കാമം തീർക്കുന്നവർ ചെയ്യുന്ന ചതിപോലെ ഒന്നല്ലെ ഇതും? അതു കൊണ്ട് താങ്കൾക്ക് ഇത് സ്വയം ബോദ്ധ്യമാകുന്നകാലം വരും. ഇപ്പോൾ അവരോടൊപ്പം ലയിച്ച് നിൽക്കുകയാണു. മാറിനിന്ന് നോക്കിയാലേ പലതിന്റേയും യഥാർത്ഥ ചിത്രം കിട്ടു. അതുവരെ എന്റെ ഒരു വിചാരമെന്നോ അഭ്യൂഹമെന്നോ കരുതിയാൽ പോരെ. ഇനി ഇത്തരം സംഘടനകളുടെ പ്രവർത്തങ്ങൾ നിരീക്ഷിക്കുമ്പോൾ എന്റെ അഭ്യൂഹം തിരുത്താനുള്ള വാദമുഖങ്ങൾ കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കുകയും ആകാം. അങ്ങനെ കിട്ടുമ്പോൾ അത് പങ്കുവച്ചാൽ എനിക്കെന്റെ അഭിപ്രായം തിരുത്തുകയും ആവാം. അതല്ലെ അതിന്റെ ഒരു നാട്ടു നടപ്പ്?

secular politics said...

കഷായക്കാരാ,
ഈ അന്‍പതു വര്‍ഷക്കാലം കൊണ്ട് പിതൃകേന്ദ്രീകൃതമായ നമ്മുടെ അധികാരവ്യവസ്ഥയെ സ്വതന്ത്ര അസ്തിത്വമുള്ള വ്യക്തികളാണ് സ്ത്രീകളുമെന്ന് ഭാഗികമായെങ്കിലും പഠിപ്പിക്കാനായതുതന്നെ ഫെമിനിസത്തിന്റെ നേട്ടം.

“പണ്ടത്തെ അപേക്ഷിച്ച് കുടുംബന്ധങ്ങൾ സ്നേഹത്തിലും വിശ്വാസത്തിലും കു‍ടുതൽ അടിയുറച്ചതായോ? കുട്ടികൾ കൂടുതൽ സ്നേഹിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്യുന്നതായിട്ടുണ്ടോ?”
എത്രത്തോളം പുരുഷകേന്ദ്രീകൃതമാ‍ണ് താങ്കളുടെ യുക്തിയും പരിപ്രേക്ഷ്യവുമെന്ന് വെളിപ്പെടുത്തുന്നു ഈ വാചകങ്ങള്‍. കുടുംബങ്ങളില്‍ സ്നേഹവും വിശ്വാസവും ഊട്ടിയുറപ്പിക്കേണ്ടതിന്റെയും കുട്ടികളെ കൂടുതല്‍ സ്നേഹിക്കേണ്ടതിന്റെയും പരിഗണിക്കേണ്ടതിന്റെയും ഒക്കെ ഉത്തരവാദിത്തം സ്ത്രീകള്‍ക്ക് മാത്രമാണല്ലേ?

“നിലവറയ്ക്കുള്ളിൽ സ്ത്രീത്വം അപമാനിക്കപ്പെടുകയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ജീവിക്കാൻ വെണ്ടി സ്ത്രീ വഴങ്ങുകയായിരുന്നു എന്നാണു അതിനുള്ള വിശദീകരണം. ഇന്നിപ്പോൾ അത് പുറത്തും തൊഴിലിടങ്ങളിലും വ്യാപിച്ചത് സ്ത്രീപക്ഷ സംഘടനകളുടെ ഒരു മികവായി എടുക്കാമോ?”
ഇത് വളരെ വിചിത്രമായ ഒരു ഷോവനിസ്റ്റ് വരട്ടുയുക്തി തന്നെ. ജീവിക്കാന്‍ വേണ്ടി കുടുംബത്തിനുള്ളില്‍ മാത്രം വഴങ്ങിക്കൊടുക്കേണ്ടിവന്നിരുന്ന സ്ത്രീകള്‍ക്ക് പുറത്തേക്കിറങ്ങിയതോടുകൂടി തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും കൂടി അത് വേണ്ടിവരുന്നു. അതിനുത്തരവാദികള്‍ സ്ത്രീപക്ഷസംഘടനകളും! ഗംഭീരം തന്നെ ഈ യുക്തി. കുടുംബത്തിനകത്തും പുറത്തും വെച്ച് സ്ത്രീയെ നിരന്തരം ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന പുരുഷന്‍ ഈ യുക്തിയുടെ പരിസരത്തൊന്നുമില്ല. പുറത്തുവെച്ച് പെണ്ണ് ബലാത്സംഗം ചെയ്യപ്പെട്ടാല്‍ അത് വീട്ടിലിരുന്നില്ല എന്ന കുറ്റം കൊണ്ടാണ്. വീട്ടിനുള്ളില്‍ വെച്ചാണെങ്കിലോ അത് സ്ത്രീയായി ജനിച്ചുവെന്ന കുറ്റം കൊണ്ടാവും! ചുരുക്കം പറഞ്ഞാല്‍ സ്ത്രീയനുഭവിക്കുന്ന എല്ലാ കഷ്ടപ്പാടുകള്‍ക്കും യാതനകള്‍ക്കും കാരണം സ്ത്രീകളോ സ്ത്രീസംഘടനകളോ ആണ്.

“എഴുത്തും വായനയും മാത്രം അറിയാവുന്നവരുടെ കാലത്തെ മലയാളത്തിൽ നിന്ന് ഇന്നത്തെ ‘മല്‌യാല’ത്തിലേക്ക് സ്ത്രീയെ വളർത്തിയെടുക്കാൻ കഴിഞ്ഞു എന്നത് ഒരു മെച്ചമായി എടുക്കുമോ?”
ഏത് ഫെമിനിസ്റ്റാണ് മല്യാലത്തില്‍ സംസാരിച്ച് കേട്ടിട്ടുള്ളത് താങ്കള്‍? മലയാളത്തെ മല്യാലമാക്കിയതില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന് എന്ത് പങ്കാണുള്ളത്?

“അവരുടെ മറവുപിടിച്ച് തങ്ങളെല്ലാം സുഗതകുമാരിയും അജിതയുമാണെന്നും വരുത്തിതീർക്കാനുള്ള ശ്രമമല്ലെ പല സഘടനക്കാരും ചെയ്യുന്നത്? കാഷായവസ്ത്രം ധരിച്ച് കാമം തീർക്കുന്നവർ ചെയ്യുന്ന ചതിപോലെ ഒന്നല്ലെ ഇതും? അതു കൊണ്ട് താങ്കൾക്ക് ഇത് സ്വയം ബോദ്ധ്യമാകുന്നകാലം വരും.”
സുഗതകുമാരി ഫെമിനിസ്റ്റാണെന്ന് അവര്‍ പോലും അവകാശപ്പെട്ടിട്ടില്ല. അപ്പോള്‍ സംഗതി ഇതാണ്. ഫെമിനിസം എന്താണെന്നോ ഫെമിനിസ്റ്റുകള്‍ ആരൊക്കെയാണെന്നോ അറിയാനോ അന്വേഷിക്കാനോ ഉള്ള ക്ഷമയോ താത്പര്യമോ ഇല്ല. എന്നാല്‍ പെണ്‍സംഘടനകളെ മുഴുവന്‍ ഒറ്റ തച്ചിന് തരിപ്പണമാക്കുകയും വേണം! എന്നിട്ട് ഇത്തരം കുയുക്തികള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാവാത്തതാണെന്ന ടിപ്പിക്കല്‍ അമ്മാവന്‍ സിന്‍ഡ്രോമും.

സുഹൃത്തെ, ഒരുപാട് അധ്വാനിച്ചിട്ടാണ് അറുപഴഞ്ചനും യാഥാസ്ഥിതികവുമായ പിതൃകേന്ദ്രീകൃതമൂല്യബോധത്തില്‍നിന്ന് പുറത്തുകടന്നതുതന്നെ. വീണ്ടും അത്തരമൊരു ബൌദ്ധികമായ കെട്ടിക്കിടക്കലിലേക്ക് തിരിഞ്ഞുനടക്കാന്‍ ആരാഹ്വാനം ചെയ്താലും ഞങ്ങളെക്കിട്ടില്ല, അതുകൊണ്ട് അത്തരം നാട്ടുനടപ്പിന് നല്ല നമസ്കാരം.

കഷായക്കാരൻ said...

1.പിതൃകേന്ദ്രീകൃതമായ നമ്മുടെ അധികാരവ്യവസ്ഥയെ .........
(ജനകീയ ജനാധിപത്യ ഗവ. കളേയാണോ ഉദ്ദേശിക്കുന്നത്? അതോ കുടുംബമോ? മലയാളി സമൂഹം എന്നാണു പിതൃകേന്ദ്രികൃതമാകാൻ തുടങ്ങിയത്? ചരിത്രത്തെ പുസ്തകത്തിൽ നിന്നും മാത്രം പഠിക്കുന്നവർക്ക് ഇത്തരം അബദ്ധമുണ്ടാകും.)

2.എത്രത്തോളം പുരുഷകേന്ദ്രീകൃതമാ‍ണ് താങ്കളുടെ യുക്തിയും പരിപ്രേക്ഷ്യവുമെന്ന്
(ഇത് വാചാടോപം - സ്നേഹവും വിശ്വാസവും വേണമെന്ന് പറയുന്നതിലെ പുരുഷകേന്ദ്രീകരണം എന്താണു?)
3.ഇത് വളരെ വിചിത്രമായ ഒരു ഷോവനിസ്റ്റ് വരട്ടുയുക്തി.....
(ഇഷ്ടപ്പെടാത്ത സത്യം പറയുമ്പോൾ എതിർക്കുന്നവർ ഇതിലപ്പുറവും പറയും. സെക്കുലർ പൊളിറ്റിക്സ് കണ്ണുതുറന്ന് ചുറ്റിനും നോക്കണം. 50 വർഷത്തിനു ശേഷം സ്ത്രീ കൂടുതൽ വാണിജ്യവൽക്കരിക്കപ്പെടുകയാണു ചെയ്തത്. അത് അവൾ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അതിലേക്ക് പ്രതിരോധത്തിന്റെ ഒരു തരിമ്പ് പോലും പ്രയൊഗിക്കാനും വിജയിക്കാനും സ്ത്രീ പക്ഷ സംഘടനകൾക്കായിട്ടില്ല. എന്നുമാത്രമല്ല ഇത്തരം വാണിജ്യവൽക്കരണത്തിനു പരോക്ഷമായ പ്രചരണവും നൽകുന്നു. കുടുംബങ്ങൾ തകർക്കാനും ഫ്രീസെക്സ് പ്രചരിപ്പിക്കാനും സെക്സ് വർക്കറന്മാരെ ഉദാത്തവൽക്കരിക്കുന്നതും കുടുംബത്തേക്കാൾ പ്രധാനം വർക്ക് പ്ലേസാണെന്ന് ധാരണ പരത്തുന്നതും അതിന്റെ ഭാഗമാണു. അതിനു നവസാമ്പത്തിക ലോകത്തിൽ നിന്നും അവർ പ്രതിഫലം പറ്റുന്നുമുണ്ടാകും. പണം, കോൺഫ്രസിനെന്ന വ്യാജേനയുള്ള ഉല്ലാസയാത്ര, ആഡംബര വസ്തുക്കൾ, മറ്റു സുഖങ്ങൾ എന്ന രൂപത്തിലൊക്കെ.)
4.സുഗതകുമാരി ഫെമിനിസ്റ്റാണെന്ന്....
(അജിത? ഇവർ 2 പേരും ഫെമിനിസ്റ്റായി അധ:പതിച്ചെന്ന് ഞാനും പറൺജിട്ടില്ല.
“....സ്ത്രീ ഒരു ചരക്കാണെന്നും ചൂഷണം ചെയ്യപ്പെടേണ്ടവളാണെന്നും ഉള്ള സന്ദേശത്തെ സ്വന്തം ജീവിതം കൊണ്ടോ‍ വേഷഭൂഷകൾ കൊണ്ടോ എതിർക്കുന്ന ഒന്നോ രണ്ടോ വിശിഷ്ടവ്യക്തികൾ കാണും. അവരുടെ മറവുപിടിച്ച് തങ്ങളെല്ലാം സുഗതകുമാരിയും അജിതയുമാണെന്നും വരുത്തിതീർക്കാനുള്ള ശ്രമമല്ലെ.......” ഇതാണു എന്റെ കുറിപ്പ്)
5.fem·i·nism
 the doctrine advocating social, political, and all other rights of women equal to those of men.
ഇന്ത്യൻ നിയമ ചരിത്രം ഒന്ന് മറിച്ചു നോക്കുക. യൂറോപ്പും അമേരിക്കയും അതിപ്രാകൃതമായിരുന്ന കാലത്ത് സ്ത്രീക്ക് ഉദാത്തസ്ഥാനം നൽകുന്ന നിയമങ്ങൾ ഇവിടെ നിലനിന്നിരുന്നു. അതു നശിച്ചു പോയിട്ടുണ്ടെങ്കില അതിനു കാരണം ബ്രിട്ടീഷ് അധിനിവേശമാണു. നിങ്ങളേപ്പോലുള്ളവർ ഇപ്പോഴും അവരുടെ ചിന്താധാരയിലാണു. ഫെമിസം ഒരു പാരീസ് ഫാഷൻ ആണെന്ന് വിസ്മരിച്ചു കൊണ്ടാണു ഇന്ത്യൻ ഫെമിനിസ്റ്റുകൾ തുള്ളുന്നത്. സ്വയം വഞ്ചിക്കപ്പെടുന്നത് എന്നാണു ആയമ്മമാർ തിരിച്ചറിയുക?

secular politics said...

കഷായക്കാരാ,
1. കുടുംബം മുതല്‍ സ്റ്റേറ്റ് വരെയുള്ള എല്ലാ സാമൂഹ്യസ്ഥാപനങ്ങളെയും പുരുഷാധിപത്യമൂല്യങ്ങള്‍ക്ക് വിധേയമായി മാത്രം നിലനിര്‍ത്തുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന അധികാരവ്യവസ്ഥയെയാണ് പിതൃകേന്ദ്രീകൃതമായ അധികാരവ്യവസ്ഥയെന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇന്ന് നിലനില്‍ക്കുന്ന ജനാധിപത്യ ഭരണവ്യവസ്ഥയോ കുടുംബങ്ങളോ ഇതിനൊരു അപവാദമല്ല. ഈ അവസ്ഥയ്ക്ക് അല്പമെങ്കിലും മാറ്റം വന്നു തുടങ്ങിയെങ്കില്‍ അത് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഇടപെടലുകളുടെ ഫലം തന്നെയാണ്, ഒന്നാം ഘട്ടം പിന്നിട്ട വനിതാസംവരണബില്ലടക്കം. ചാള മുതല്‍ ഇല്ലം വരെ കാലാകാലങ്ങളായി നമ്മുടെ സ്ത്രീകള്‍ അനുഭവിച്ചുവന്ന ചൂഷണങ്ങള്‍ക്ക് നിരവധി സാക്ഷ്യങ്ങളുണ്ട് ചരിത്രത്തിലും സാഹിത്യത്തിലുമൊക്കെ. (ചരിത്രം മനസ്സിലാക്കാന്‍ പുസ്തകം വായിക്കാതെ ടൈം മെഷീനിലൂടെ പുറകോട്ട് പോയാലും മതിയെന്ന് ചില സയിന്‍സ് ഫിക്ഷന്‍ പുസ്തകങ്ങളില്‍ വായിച്ചിട്ടുള്ളതല്ലാതെ അത്തരമൊന്ന് കൈവശമില്ലാത്തതുകൊണ്ട് ഞങ്ങളിപ്പോഴും പുസ്തകങ്ങളെയൊക്കെത്തന്നെയാണ് ആശ്രയിക്കാറ്. അതൊരു കുറവു തന്നെ...)
2. താങ്കളുടെ യുക്തിയും പരിപ്രേക്ഷ്യവും പുരുഷകേന്ദ്രീകൃതമാണെന്ന് പറഞ്ഞത് സ്നേഹവും വിശ്വാസവുമൊക്കെ വേണമെന്ന് പറഞ്ഞതുകൊണ്ടല്ല, അതൊക്കെ കാത്തുസൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം സ്ത്രീക്ക് മാത്രമാണെന്ന് പറഞ്ഞതുകൊണ്ടാണ്.
3. “50 വർഷത്തിനു ശേഷം സ്ത്രീ കൂടുതൽ വാണിജ്യവൽക്കരിക്കപ്പെടുകയാണു ചെയ്തത്. അത് അവൾ ഇഷ്ടപ്പെടുകയും ചെയ്യുന്നു.”
പറയുന്നതിനൊന്നും ഒരടിസ്ഥാനവുമില്ലെന്ന് ഇതിനോടകം മനസ്സിലായിക്കഴിഞ്ഞ സ്ഥിതിക്ക് ഇങ്ങനെയൊക്കെ അടിച്ചുവിടുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ചോദിക്കുന്നതില്‍ കാര്യമില്ലല്ലോ?
“അതിലേക്ക് പ്രതിരോധത്തിന്റെ ഒരു തരിമ്പ് പോലും പ്രയൊഗിക്കാനും വിജയിക്കാനും സ്ത്രീ പക്ഷ സംഘടനകൾക്കായിട്ടില്ല. എന്നുമാത്രമല്ല ഇത്തരം വാണിജ്യവൽക്കരണത്തിനു പരോക്ഷമായ പ്രചരണവും നൽകുന്നു.”
സ്ത്രീയുടെ വാണിജ്യവല്‍ക്കരണത്തിനെതിരെ ഫെമിനിസ്റ്റുകള്‍ നടത്തിയിട്ടുള്ള സമരങ്ങളെക്കുറിച്ചും അവയുണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ചും അത്യാവശ്യം പത്രം വായിക്കുന്ന ആര്‍ക്കും അറിവുണ്ടായിരിക്കേണ്ടതാണ്. പി ഇ ഉഷ കേസും ഐസ് ക്രീം പാര്‍ലറുമടക്കം എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നിരത്താം ഇതിനു തെളിവായി.
“കുടുംബങ്ങൾ തകർക്കാനും ഫ്രീസെക്സ് പ്രചരിപ്പിക്കാനും സെക്സ് വർക്കറന്മാരെ ഉദാത്തവൽക്കരിക്കുന്നതും കുടുംബത്തേക്കാൾ പ്രധാനം വർക്ക് പ്ലേസാണെന്ന് ധാരണ പരത്തുന്നതും അതിന്റെ ഭാഗമാണു. അതിനു നവസാമ്പത്തിക ലോകത്തിൽ നിന്നും അവർ പ്രതിഫലം പറ്റുന്നുമുണ്ടാകും. പണം, കോൺഫ്രസിനെന്ന വ്യാജേനയുള്ള ഉല്ലാസയാത്ര, ആഡംബര വസ്തുക്കൾ, മറ്റു സുഖങ്ങൾ എന്ന രൂപത്തിലൊക്കെ.”
ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഏത് സംഘടന, എപ്പോള്‍ എന്നൊക്കെ വസ്തുനിഷ്ഠമായി പറഞ്ഞുകൊണ്ടാവണമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അല്ലാതെ വായില്‍തോന്നിയത് ആണിന് പാട്ടെന്ന മട്ടില്‍ എന്തെങ്കിലും വിളിച്ചുപറയുന്നത് മറുപടിയര്‍ഹിക്കുന്നില്ല.
4. നാട്ടിലെ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഫെമിനിസ്റ്റ് സംഘടനകളിലൊന്നായ അന്വേഷിയുടെ നേതൃസ്ഥാനത്തിരിക്കുന്നയാളാണ് അജിത. താനൊരു ഫെമിനിസ്റ്റാണെന്ന് പറയുക മാത്രമല്ല, ഫെമിനിസത്തെക്കുറിച്ച് പല ലേഖനങ്ങളും പുസ്തകങ്ങളും എഴുതുകയും ചെയ്തിട്ടുണ്ട് അവര്‍. 5. ഈ പോയിന്റ് ഗംഭീരം, സമ്മതിക്കാതെ വയ്യ. ബ്രിട്ടീഷുകാരാണല്ലോ സ്ത്രീകള്‍ക്ക് തുല്യസ്ഥാനം നല്‍കി ബഹുമാനിക്കാനായി ആര്‍ഷഭാരതത്തിലെ സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ രൂപകല്പന ചെയ്ത സതി, വിധവാവിവാഹനിരോധനം മുതലായ മഹത്തായ നിയമങ്ങള്‍ റദ്ദു ചെയ്ത് നമ്മളെ ഈ നിലയിലാക്കിയത്. താങ്കള്‍ തന്നെ ഉദ്ധരിച്ചതു പ്രകാരമുള്ള സമൂഹ്യവും രാഷ്ട്രീയവുമടക്കമുള്ള എല്ലാ മേഖലകളിലെയും തുല്യതയ്ക്കു വേണ്ടി നടക്കുന്ന സമരമെന്ന പാരീസ് ഫാഷന്‍ഷോ കണ്ട് മനുസ്മൃതി പിറന്ന മണ്ണിലെ പെണ്ണുങ്ങള്‍ തുള്ളേണ്ടതുണ്ടോ. ഈ ഉള്‍ക്കാഴ്ചയ്ക്ക് നന്ദി.

കഷായക്കാരൻ said...

ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഏത് സംഘടന, എപ്പോള്‍ എന്നൊക്കെ വസ്തുനിഷ്ഠമായി പറഞ്ഞുകൊണ്ടാവണമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്.
(ഇതൊന്നും ആരോപണങ്ങളല്ല. ഫെമിനിസ്റ്റ് തീമിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണെങ്കിൽ താങ്കൾക്ക് ഈ കാര്യങ്ങളൊക്കെ നന്നായി അറിയാം. ഈ ചർച്ച താങ്കളുമായുള്ള നേരിട്ടുള്ള ഒരു ആശയവിനിമയം മാത്രമാണു. അതിനെ വിവാദമാക്കാൻ എനിക്ക് താല്പര്യമില്ല. ബ്ലോഗുകളും കമന്റുകളും പരതിയെടുത്ത് അതെഴുതിയ വ്യക്തികൾക്കെതിരെ ഉപയോഗപ്പെടുത്തുന്ന ഒരു പ്രവണത ഇ-ലോകത്തുണ്ട്. മലയാലിയുടെ തനിഗുണം. അതിനു ഒരിക്കൽ ഇരയായ വ്യക്തിയെന്ന നിലയിൽ ഈ പൊതുമാദ്ധ്യമത്തിൽ അത് തുറന്ന് പറയാ‍വില്ല. പ്രസിദ്ധീകരിക്കില്ല എന്നുറപ്പുള്ള ഏത് സാഹചര്യത്തിലും തെളിവുകൾ സഹിതം എന്റെ വാദങ്ങൾ താൾക്ക് മുൻപിൽ തെളിയിക്കാൻ ഒരുക്കമാണു. ഇനി ഈ ചർച്ച തുടരുന്നതിൽ അർത്ഥമില്ല.

secular politics said...

കഷായക്കാരാ,
താങ്കള്‍ സൂചിപ്പിച്ചപോലുള്ള ഒരു വ്യക്തി ഹത്യ ഇവിടെ സംശയിക്കേണ്ടതില്ല.എന്തെന്നാല്‍ ഇത് വ്യക്തിഗത സമരങ്ങളുടെ ഒരു സൈബര്‍ സ്പേയ്സല്ല.അതുകൊണ്ടാണ് ഇവിടെ പൊസ്റ്റിടാനും കമന്റുകള്‍ക്ക് മറുപടി പറയാനുമൊന്നും വ്യക്തികളില്ലാത്തതും.ഞങ്ങള്‍ എതിര്‍ക്കുന്നത് വ്യക്തികളെയല്ല.വ്യക്തിഗത ഉന്മൂലനസിദ്ധാന്തങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസവുമില്ല.എന്നാല്‍ താങ്കള്‍ ഇവിടെ ഉന്നയിച്ച ആരോപണങ്ങള്‍ ഒരു പൊതു ഇടത്തില്‍ ഉന്നയിക്കപ്പെട്ടവയാണ്.അതുകൊണ്ടുതന്നെ അതിന്റെ തുടര്‍ ചര്‍ച്ചകള്‍ അവിടെത്തന്നെ നടക്കേണ്ടതുണ്ട്.ഞങ്ങളുടെ ഈ-മെയില്‍ ഐഡി തരുന്നതിലോ അതുവഴി ചര്‍ച്ച ചെയ്യുന്നതിലോ ഒരു ബുദ്ധിമുട്ടുമില്ല.അതു നമ്മള്‍ക്ക് സ്വകാര്യമായി ചര്‍ച്ച ചെയ്യാവുന്നതുമാണ്. പക്ഷേ താങ്കള്‍ ഈ പൊതു ഇടത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തങ്കള്‍ തന്നെ ഇവിടെ കയ്യൊഴിയുകയാണെന്നു കൂടി കാണേണ്ടിവരുമെന്നുമാത്രം. എങ്കിലും ഈ ചര്‍ച്ചയില്‍ ധനാതമകമായി ഇടപെട്ടതിനു നന്ദി.
ഞങ്ങളുടെ ഇ മെയില്‍: forsecularpolitics@gmail.com