Tuesday, September 20, 2011

ഫാസിസത്തിന്റെ നാട്ടുവഴികള്‍

വീട്‌ എന്ന സ്വപ്നം മലയാളിയുടെ മനസ്സില്‍ ചേക്കേറിയത്‌ ഈ കഴിഞ്ഞ ഒന്നൊന്നര ദശാബ്ദങ്ങള്‍ക്കിടയിലൊന്നുമല്ല. എന്നാല്‍ അത് ഇന്ന് കാണും വിധം ആഘോഷിക്കപ്പെടാന്‍ തുടങ്ങിയതിന്റെ ചരിത്രത്തിന്‌ ഏറിയാല്‍ ഒരു പത്തിരുപതു വര്‍ഷത്തെ പഴക്കമേ കാണൂ. 'വീട്‌', 'സ്വപ്നക്കൂട്‌', 'നെസ്റ്റ്‌' തുടങ്ങി എണ്ണമറ്റ പേരുകളില്‍ ചാനലുകളിലും ആനുകാലികങ്ങളിലും ഏറിവരുന്ന ഗൃഹനിര്‍മാണസംബന്ധിയായ പംക്തികളും, പ്രസിദ്ധീകരണങ്ങള്‍ തന്നെയും ഇത് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പറഞ്ഞുവരുന്നത്‌ അതെക്കുറിച്ചല്ല. കേരളത്തിന്റെ ഗൃഹനിര്‍മാണമേഖലയിലെ കുതിച്ചുകയറ്റം സൃഷ്ടിച്ച ഒരു ഉല്‍പന്നത്തെയും സാമൂഹത്തിലെ അതിന്റെ പ്രതിപ്രവര്‍ത്തനങ്ങളെയും കുറിച്ചാണ്.

മുന്‍പൊക്കെ ഒരാശാരിയെ വിളിച്ച്‌ സ്ഥാനം കണ്ട്‌ കല്ലിടുന്നത്ര ലളിതമായി തുടങ്ങിയിരുന്ന ഗൃഹനിര്‍മാണപ്രക്രിയ ഇന്ന് ബീജവാപം ചെയ്യുന്നതേ വാസ്തുശാസ്ത്രമെന്ന 'നിയോ ക്ലാസിക്കല്‍ ശാസ്ത്ര'ത്തിന്റെ അച്ചിലൂടെയാണ്‌. ഗുണമൊന്നുമുണ്ടായില്ലെങ്കിലും ദോഷമൊന്നുമുണ്ടാക്കില്ലല്ലോ, അതായത് ചുരുങ്ങിയ പക്ഷം റിയാക്ഷനൊന്നുമുണ്ടാവില്ലല്ലോ എന്ന ഹോമിയോപ്പതിക്‌ യുക്തിയാണ്‌ ഒരു തരത്തില്‍ നമ്മുടെ മധ്യവര്‍ഗസമൂഹത്തില്‍ വാസ്തുശാസ്ത്രത്തിന്‌ കൈവരിക്കാനായ പ്രചാരത്തിന്റെ ഹേതുക്കളിലൊന്ന്. പക്ഷേ ഇതിന്റെ വ്യാപനം ഇന്നുള്ള തോതില്‍ മുന്‍പോട്ട്‌ പോവുകയാണെങ്കില്‍ അത്‌ ചില റിയാക്ഷനുകളുമുണ്ടാക്കും എന്നു സൂചിപ്പിക്കാനാണീ കുറിപ്പ്‌.

ഒരു സുഹൃത്തിന്റെ ഗൃഹനിര്‍മാണാനുഭവമാണ്‌ പ്രചോദനം. വ്യക്തിഗതാനുഭവങ്ങളെ സാമാന്യവല്‍ക്കരിക്കുന്നതിലുള്ള അപാകതകളെക്കുറിച്ച്‌ അറിയാതെയല്ല. എന്നിട്ടുമെന്തുകൊണ്ട് എന്ന ചോദ്യത്തിന് വഴിയേ മറുപടി പറയാം. ആളൊരു യുക്തിവാദിയും നിരീശ്വരവാദിയുമാണ്‌.(യുക്തിവാദി നിരീശ്വരവാദിയായിരിക്കും. എന്നുവെച്ച്‌ നിരീശ്വരവാദികളെല്ലാം യുക്തിവാദികളായിരിക്കണമെന്നില്ല എന്ന നിരീക്ഷണം അവലംബിച്ചാണ്‌ രണ്ടു വിശേഷണങ്ങള്‍ ചേര്‍ത്തുള്ള ഈ ആര്‍ഭാടം!)

ഗൃഹനിര്‍മാണത്തിന്റെ കൂടപ്പിറപ്പായ പ്രതിസന്ധികള്‍, അത്‌ നിര്‍മിക്കുന്നവന്‌ ഉണ്ടാവുന്ന സാമ്പത്തികവും മാനസികവുമായ ഞെരുക്കങ്ങളായാലും, ഗണനീയമായ അളവില്‍ മനുഷ്യവിഭവശേഷി ഒരേ സമയത്ത്‌ ഉപയോഗിക്കേണ്ടി വരുന്നതിലൂടെ ആകസ്മികമായുണ്ടാവുന്ന അപകടങ്ങളായാലും ഈ പ്രക്രിയയിലുമുണ്ടായിട്ടുണ്ട്‌. പുള്ളി കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്. വീടിന്റെ നിര്‍മാണപ്രക്രിയയില്‍ പങ്കെടുത്ത ചില തൊഴിലാളികള്‍ക്ക്‌ കരിങ്കല്ല് പൊട്ടിക്കുന്നത്‌ വഴി ചീള്‌ കാലില്‍ തറച്ച്‌ മുറിവുണ്ടാവുക, വയറിങ്ങിന്‌ ഭിത്തി തുളക്കുന്നതിനിടെ ചുറ്റിക തെറ്റി കൈയില്‍ ചതവുണ്ടാവുക, സിമന്റ്‌ ചട്ടിയുമായി കോണി കയറവെ കാല്‍ അടി മറയുക തുടങ്ങിയ അപകടങ്ങളും സംഭവിച്ചിട്ടുണ്ട്‌. പ്രശ്നം വീടുണ്ടാക്കുന്നവന്‌ സ്വാഭാവികമായും ഉണ്ടാവുന്ന സാമ്പത്തിക ഞെരുക്കമോ ഇത്രയധികം മനുഷ്യരുടെ ഇടപെടല്‍ ആവശ്യപ്പെടുന്ന ഒരു നിര്‍മാണപ്രക്രിയയില്‍ ഉണ്ടാകാവുന്ന അപകടങ്ങളൊ അല്ല(അപകടങ്ങള്‍ തൊഴിലാളികള്‍ക്കുണ്ടാവുന്നതായതു കൊണ്ട്‌ നിസ്സാരമാണെന്നല്ല, അവ അപ്രതീക്ഷിതമാം വണ്ണം ഗുരുതരങ്ങളോ ദുരന്തസ്വഭാവമുള്ളവയോ ആയിരുന്നില്ല. തൊഴില്‍ നിയമങ്ങളുടെ നിജപ്പെടുത്തലുകള്‍ക്കുമപ്പുറം മാനുഷികമായൊരു തലത്തില്‍ വച്ച്‌ അവ നിവര്‍ത്തിക്കപ്പെടുകയും ചെയ്തു), അവയെ സമൂഹം ഏറ്റെടുത്ത് വ്യാഖ്യാനിച്ച രീതിയിലാണ്. വാസ്തു നോക്കാതെ, പൂജകളും അനുഷ്ഠാനങ്ങളും നടത്താതെയുള്ള ഗൃഹനിര്‍മാണപ്രക്രിയയ്ക്ക്‌ കിട്ടിയ സ്വാഭാവികമായ തിരിച്ചടികളാണ് മേല്പറഞ്ഞവയെന്ന് തീര്‍പ്പിലെത്തുന്ന പൊതുബോധം ഇപ്പറഞ്ഞ വാസ്തു നോക്കലും ഹോമം നടത്തലും ഒക്കെ അകമ്പടിയായുള്ള വീടുപണികളിലും സര്‍വസാധാരണമാണ് ഇത്തരം അപകടങ്ങളും തടസ്സങ്ങളുമൊക്കെയെന്ന വസ്തുത പരിഗണിക്കുന്നതേയില്ല.

ഈ പൊതുബോധം ഉപദേശങ്ങളും പരാതികളും എന്തിന് പിണക്കങ്ങളായി പോലും വീടുവെക്കുന്നവനെ പ്രത്യക്ഷമായി പിന്തുടരുന്നുവെങ്കില്‍ (കഷ്ടപ്പെട്ടുണ്ടാക്കിയ കാശുകൊണ്ട് ഒരു പുര വെച്ചതോടു കൂടി നാട്ടുകാരും ബന്ധുക്കളും ശത്രുക്കളാവുന്ന അവസ്ഥ!) പണിക്കാരെ അത് കീഴ്പെടുത്തുന്നത് പരോക്ഷമായാണ്. ആരെയെങ്കിലും കൊണ്ടൊന്ന് നോക്കിച്ചു കൂടെ എന്ന സോദ്ദേശപരമായ നിര്‍ദ്ദേശം തൊട്ട് ചെയ്യേണ്ടതുപോലെ ചെയ്തില്ലെങ്കില്‍ അതിന്റെ ദോഷം അനുഭവിക്കുന്നത് എന്നെങ്കിലുമൊക്കെയായിരിക്കും എന്ന മുന്നറിയിപ്പും കൂടെക്കിടക്കുന്ന പെണ്ണിനോ കൊച്ചുങ്ങള്‍ക്കോ എന്തെങ്കിലും പറ്റുമ്പോഴേ പഠിക്കൂവെന്ന ഭീഷണിയും വരെ പല വഴിക്കാണത് ആ മനുഷ്യനെ വേട്ടയാടുന്നതെങ്കില്‍ പണിക്കാരുടെ കാര്യത്തില്‍ നിങ്ങള്‍ക്ക്‌ പണിയാന്‍ വാസ്തു നോക്കി ദൈവഭയത്തോടു കൂടി ഉണ്ടാക്കപ്പെടുന്ന വേറെ ഒരുപാടു വീടുകളില്ലേ, എന്തിനീ റിസ്കെന്ന ഓര്‍മപ്പെടുത്തലായാണ് അത് പ്രത്യക്ഷപ്പെടുക. ഫലത്തില്‍ സംഭവിക്കുന്നതോ ആളെക്കിട്ടാതെ ഒരുത്തന്റെ വീടുപണിതന്നെ മുടങ്ങുന്നതും.

ഇത്‌ നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു വ്യക്തിഗത അനുഭവമാണെന്നും അതുകൊണ്ട്‌ സാമാന്യവല്‍ക്കരിക്കാനാവില്ലെന്നും വാദിക്കാം. പക്ഷേ എണ്ണാന്‍ പറ്റുന്നതിലും ചെറിയൊരു ന്യൂനപക്ഷമായ ഇത്തരക്കാരുടെ അനുഭവങ്ങള്‍ പരക്കെ ആവര്‍ത്തിക്കപ്പെട്ടാലേ പരിഗണിക്കൂ എന്ന് പറയുന്നത്‌ വാദത്തിനെങ്കിലും നിലനില്‍ക്കുമോ?

നാട്ടുനടപ്പിനൊത്ത്‌ നടക്കാത്തവനൊക്കെ അനുഭവിക്കും എന്ന നാടന്‍ ഗുണപാഠകഥയുടെ സാക്ഷ്യമായി ഈ അനുഭവത്തെയും വേണമെങ്കില്‍ ചുരുക്കാവുന്നതാണ്‌. പക്ഷേ അത്തരമൊരു ചുരുക്കല്‍ വേറെയൊരുപാട്‌ നീട്ടല്‍ സാധ്യതകള്‍ അവശേഷിപ്പിക്കുമെന്ന് മാത്രം. ഭൂരിപക്ഷ ഇംഗിതം(ഇംഗിതത്തിന്‌ മതമെന്നും ഒരു പര്യായമുണ്ടായത്‌ ആകസ്മികമായിരിക്കില്ലല്ലോ!) മാത്രമായി ചുരുക്കപ്പെടുന്ന ഒരു ജനാധിപത്യം ആ സംജ്ഞയുടെ സത്തയെത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്‌. ജനാധിപത്യമെന്നത്‌ ഭൂരിപക്ഷ ഫാസിസമല്ല, ഓരോ പൗരനും ഭരണഘടന അനുശാസിച്ചിട്ടുള്ള അവകാശങ്ങള്‍ ഉറപ്പു വരുത്തുന്ന ഒരു ഭരണസംവിധാനമാണ്‌.

നിയമം ഏതു വഴിക്ക്‌ പോയാലും ഭൂരിപക്ഷം നിര്‍ണയിക്കുന്ന ചില ബോധ്യങ്ങള്‍ക്കനുസരിച്ചാണ്‌ നമ്മുടെ ജനാധിപത്യത്തിന്റെ പൊതുവഴികളില്‍ നീതി നിര്‍വഹിക്കപ്പെടുന്നതെന്ന് ഈയൊരു അനുഭവസാക്ഷ്യത്തിന്റെ മാത്രം വെളിച്ചത്തില്‍ പറഞ്ഞാല്‍ ഒരു പക്ഷേ വേണ്ടത്ര വ്യക്തമാവില്ല. വിശ്വാസവും അവിശ്വാസവുമെന്ന ദ്വന്ദ്വം മാറ്റി വെച്ച്‌ വിശ്വാസത്തിന്റെ തന്നെ വിവിധ രൂപങ്ങളെയെടുക്കുക. ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ തുടങ്ങി ഭൂമിശാസ്ത്രപരമായി അടുത്തു നില്‍ക്കുന്ന നഗരങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെ അനുഭവങ്ങള്‍ ഉദാഹരണങ്ങളായെടുത്താല്‍ തന്നെ മനസ്സിലാക്കാവുന്ന ചില ഖേദകരമായ വസ്തുതകളുണ്ട്‌. തന്റെ നാട്ടില്‍ സ്വതന്ത്രമായി സഞ്ചരിക്കാനും അനുയോജ്യമായിടത്ത്‌ നിയമവിധേയമായി കുടിയേറി പാര്‍ക്കാനും ഉള്ള അവകാശം ഭരണഘടന ഉറപ്പുവരുത്തിയിട്ടും സ്വന്തം വിശ്വാസം കാരണം വാടകയ്ക്ക് പോലും ഒരു വീടു കിട്ടാതെ നഗരത്തിന്റെ മുഖ്യധാരയില്‍ നിന്ന് പുറന്തള്ളപ്പെടുന്ന (ചേരിവല്‍ക്കരണം സാമ്പത്തികമായി മാത്രമല്ല, സാംസ്കാരികമായും സാധ്യമാണെന്നതിനുള്ള ചില ഭാരതീയ മാതൃകകളാണിവയെന്നോര്‍ക്കുക.) മനുഷ്യര്‍ കടന്നുപോകുന്ന പാര്‍ശ്വവല്‍ക്കരണം പ്രതിഷേധം പോലും അര്‍ഹിക്കാത്തവണ്ണം സാധാരണമാക്കപ്പെടുന്നു അവിടങ്ങളില്‍ എന്നതാണത്. ഭരണകൂട ഫാസിസം പോലെ പ്രത്യക്ഷമല്ലാത്തതിനാല്‍ ഫലപ്രദമായ ചെറുത്തുനില്‍പുകള്‍ പോലുമില്ലാത്ത സാംസ്കാരികഫാസിസത്തിന്റെ ഇത്തരം ഇരകളുമായി കൂടി ചേര്‍ത്തുവെച്ചു വേണം മേല്‍ പറഞ്ഞ വ്യക്തിഗത അനുഭവവും വായിക്കപ്പെടേണ്ടത്‌ എന്നതില്‍ സമവായമൊന്നുമുണ്ടാവാന്‍ സാധ്യതയില്ല. എന്നുവച്ച്‌ അത്‌ സത്യമല്ലാതാവുമോ?