Tuesday, September 20, 2011

ഫാസിസത്തിന്റെ നാട്ടുവഴികള്‍

വീട്‌ എന്ന സ്വപ്നം മലയാളിയുടെ മനസ്സില്‍ ചേക്കേറിയത്‌ ഈ കഴിഞ്ഞ ഒന്നൊന്നര ദശാബ്ദങ്ങള്‍ക്കിടയിലൊന്നുമല്ല. എന്നാല്‍ അത് ഇന്ന് കാണും വിധം ആഘോഷിക്കപ്പെടാന്‍ തുടങ്ങിയതിന്റെ ചരിത്രത്തിന്‌ ഏറിയാല്‍ ഒരു പത്തിരുപതു വര്‍ഷത്തെ പഴക്കമേ കാണൂ. 'വീട്‌', 'സ്വപ്നക്കൂട്‌', 'നെസ്റ്റ്‌' തുടങ്ങി എണ്ണമറ്റ പേരുകളില്‍ ചാനലുകളിലും ആനുകാലികങ്ങളിലും ഏറിവരുന്ന ഗൃഹനിര്‍മാണസംബന്ധിയായ പംക്തികളും, പ്രസിദ്ധീകരണങ്ങള്‍ തന്നെയും ഇത് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പറഞ്ഞുവരുന്നത്‌ അതെക്കുറിച്ചല്ല. കേരളത്തിന്റെ ഗൃഹനിര്‍മാണമേഖലയിലെ കുതിച്ചുകയറ്റം സൃഷ്ടിച്ച ഒരു ഉല്‍പന്നത്തെയും സാമൂഹത്തിലെ അതിന്റെ പ്രതിപ്രവര്‍ത്തനങ്ങളെയും കുറിച്ചാണ്.

മുന്‍പൊക്കെ ഒരാശാരിയെ വിളിച്ച്‌ സ്ഥാനം കണ്ട്‌ കല്ലിടുന്നത്ര ലളിതമായി തുടങ്ങിയിരുന്ന ഗൃഹനിര്‍മാണപ്രക്രിയ ഇന്ന് ബീജവാപം ചെയ്യുന്നതേ വാസ്തുശാസ്ത്രമെന്ന 'നിയോ ക്ലാസിക്കല്‍ ശാസ്ത്ര'ത്തിന്റെ അച്ചിലൂടെയാണ്‌. ഗുണമൊന്നുമുണ്ടായില്ലെങ്കിലും ദോഷമൊന്നുമുണ്ടാക്കില്ലല്ലോ, അതായത് ചുരുങ്ങിയ പക്ഷം റിയാക്ഷനൊന്നുമുണ്ടാവില്ലല്ലോ എന്ന ഹോമിയോപ്പതിക്‌ യുക്തിയാണ്‌ ഒരു തരത്തില്‍ നമ്മുടെ മധ്യവര്‍ഗസമൂഹത്തില്‍ വാസ്തുശാസ്ത്രത്തിന്‌ കൈവരിക്കാനായ പ്രചാരത്തിന്റെ ഹേതുക്കളിലൊന്ന്. പക്ഷേ ഇതിന്റെ വ്യാപനം ഇന്നുള്ള തോതില്‍ മുന്‍പോട്ട്‌ പോവുകയാണെങ്കില്‍ അത്‌ ചില റിയാക്ഷനുകളുമുണ്ടാക്കും എന്നു സൂചിപ്പിക്കാനാണീ കുറിപ്പ്‌.

ഒരു സുഹൃത്തിന്റെ ഗൃഹനിര്‍മാണാനുഭവമാണ്‌ പ്രചോദനം. വ്യക്തിഗതാനുഭവങ്ങളെ സാമാന്യവല്‍ക്കരിക്കുന്നതിലുള്ള അപാകതകളെക്കുറിച്ച്‌ അറിയാതെയല്ല. എന്നിട്ടുമെന്തുകൊണ്ട് എന്ന ചോദ്യത്തിന് വഴിയേ മറുപടി പറയാം. ആളൊരു യുക്തിവാദിയും നിരീശ്വരവാദിയുമാണ്‌.(യുക്തിവാദി നിരീശ്വരവാദിയായിരിക്കും. എന്നുവെച്ച്‌ നിരീശ്വരവാദികളെല്ലാം യുക്തിവാദികളായിരിക്കണമെന്നില്ല എന്ന നിരീക്ഷണം അവലംബിച്ചാണ്‌ രണ്ടു വിശേഷണങ്ങള്‍ ചേര്‍ത്തുള്ള ഈ ആര്‍ഭാടം!)

ഗൃഹനിര്‍മാണത്തിന്റെ കൂടപ്പിറപ്പായ പ്രതിസന്ധികള്‍, അത്‌ നിര്‍മിക്കുന്നവന്‌ ഉണ്ടാവുന്ന സാമ്പത്തികവും മാനസികവുമായ ഞെരുക്കങ്ങളായാലും, ഗണനീയമായ അളവില്‍ മനുഷ്യവിഭവശേഷി ഒരേ സമയത്ത്‌ ഉപയോഗിക്കേണ്ടി വരുന്നതിലൂടെ ആകസ്മികമായുണ്ടാവുന്ന അപകടങ്ങളായാലും ഈ പ്രക്രിയയിലുമുണ്ടായിട്ടുണ്ട്‌. പുള്ളി കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്. വീടിന്റെ നിര്‍മാണപ്രക്രിയയില്‍ പങ്കെടുത്ത ചില തൊഴിലാളികള്‍ക്ക്‌ കരിങ്കല്ല് പൊട്ടിക്കുന്നത്‌ വഴി ചീള്‌ കാലില്‍ തറച്ച്‌ മുറിവുണ്ടാവുക, വയറിങ്ങിന്‌ ഭിത്തി തുളക്കുന്നതിനിടെ ചുറ്റിക തെറ്റി കൈയില്‍ ചതവുണ്ടാവുക, സിമന്റ്‌ ചട്ടിയുമായി കോണി കയറവെ കാല്‍ അടി മറയുക തുടങ്ങിയ അപകടങ്ങളും സംഭവിച്ചിട്ടുണ്ട്‌. പ്രശ്നം വീടുണ്ടാക്കുന്നവന്‌ സ്വാഭാവികമായും ഉണ്ടാവുന്ന സാമ്പത്തിക ഞെരുക്കമോ ഇത്രയധികം മനുഷ്യരുടെ ഇടപെടല്‍ ആവശ്യപ്പെടുന്ന ഒരു നിര്‍മാണപ്രക്രിയയില്‍ ഉണ്ടാകാവുന്ന അപകടങ്ങളൊ അല്ല(അപകടങ്ങള്‍ തൊഴിലാളികള്‍ക്കുണ്ടാവുന്നതായതു കൊണ്ട്‌ നിസ്സാരമാണെന്നല്ല, അവ അപ്രതീക്ഷിതമാം വണ്ണം ഗുരുതരങ്ങളോ ദുരന്തസ്വഭാവമുള്ളവയോ ആയിരുന്നില്ല. തൊഴില്‍ നിയമങ്ങളുടെ നിജപ്പെടുത്തലുകള്‍ക്കുമപ്പുറം മാനുഷികമായൊരു തലത്തില്‍ വച്ച്‌ അവ നിവര്‍ത്തിക്കപ്പെടുകയും ചെയ്തു), അവയെ സമൂഹം ഏറ്റെടുത്ത് വ്യാഖ്യാനിച്ച രീതിയിലാണ്. വാസ്തു നോക്കാതെ, പൂജകളും അനുഷ്ഠാനങ്ങളും നടത്താതെയുള്ള ഗൃഹനിര്‍മാണപ്രക്രിയയ്ക്ക്‌ കിട്ടിയ സ്വാഭാവികമായ തിരിച്ചടികളാണ് മേല്പറഞ്ഞവയെന്ന് തീര്‍പ്പിലെത്തുന്ന പൊതുബോധം ഇപ്പറഞ്ഞ വാസ്തു നോക്കലും ഹോമം നടത്തലും ഒക്കെ അകമ്പടിയായുള്ള വീടുപണികളിലും സര്‍വസാധാരണമാണ് ഇത്തരം അപകടങ്ങളും തടസ്സങ്ങളുമൊക്കെയെന്ന വസ്തുത പരിഗണിക്കുന്നതേയില്ല.

ഈ പൊതുബോധം ഉപദേശങ്ങളും പരാതികളും എന്തിന് പിണക്കങ്ങളായി പോലും വീടുവെക്കുന്നവനെ പ്രത്യക്ഷമായി പിന്തുടരുന്നുവെങ്കില്‍ (കഷ്ടപ്പെട്ടുണ്ടാക്കിയ കാശുകൊണ്ട് ഒരു പുര വെച്ചതോടു കൂടി നാട്ടുകാരും ബന്ധുക്കളും ശത്രുക്കളാവുന്ന അവസ്ഥ!) പണിക്കാരെ അത് കീഴ്പെടുത്തുന്നത് പരോക്ഷമായാണ്. ആരെയെങ്കിലും കൊണ്ടൊന്ന് നോക്കിച്ചു കൂടെ എന്ന സോദ്ദേശപരമായ നിര്‍ദ്ദേശം തൊട്ട് ചെയ്യേണ്ടതുപോലെ ചെയ്തില്ലെങ്കില്‍ അതിന്റെ ദോഷം അനുഭവിക്കുന്നത് എന്നെങ്കിലുമൊക്കെയായിരിക്കും എന്ന മുന്നറിയിപ്പും കൂടെക്കിടക്കുന്ന പെണ്ണിനോ കൊച്ചുങ്ങള്‍ക്കോ എന്തെങ്കിലും പറ്റുമ്പോഴേ പഠിക്കൂവെന്ന ഭീഷണിയും വരെ പല വഴിക്കാണത് ആ മനുഷ്യനെ വേട്ടയാടുന്നതെങ്കില്‍ പണിക്കാരുടെ കാര്യത്തില്‍ നിങ്ങള്‍ക്ക്‌ പണിയാന്‍ വാസ്തു നോക്കി ദൈവഭയത്തോടു കൂടി ഉണ്ടാക്കപ്പെടുന്ന വേറെ ഒരുപാടു വീടുകളില്ലേ, എന്തിനീ റിസ്കെന്ന ഓര്‍മപ്പെടുത്തലായാണ് അത് പ്രത്യക്ഷപ്പെടുക. ഫലത്തില്‍ സംഭവിക്കുന്നതോ ആളെക്കിട്ടാതെ ഒരുത്തന്റെ വീടുപണിതന്നെ മുടങ്ങുന്നതും.

ഇത്‌ നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു വ്യക്തിഗത അനുഭവമാണെന്നും അതുകൊണ്ട്‌ സാമാന്യവല്‍ക്കരിക്കാനാവില്ലെന്നും വാദിക്കാം. പക്ഷേ എണ്ണാന്‍ പറ്റുന്നതിലും ചെറിയൊരു ന്യൂനപക്ഷമായ ഇത്തരക്കാരുടെ അനുഭവങ്ങള്‍ പരക്കെ ആവര്‍ത്തിക്കപ്പെട്ടാലേ പരിഗണിക്കൂ എന്ന് പറയുന്നത്‌ വാദത്തിനെങ്കിലും നിലനില്‍ക്കുമോ?

നാട്ടുനടപ്പിനൊത്ത്‌ നടക്കാത്തവനൊക്കെ അനുഭവിക്കും എന്ന നാടന്‍ ഗുണപാഠകഥയുടെ സാക്ഷ്യമായി ഈ അനുഭവത്തെയും വേണമെങ്കില്‍ ചുരുക്കാവുന്നതാണ്‌. പക്ഷേ അത്തരമൊരു ചുരുക്കല്‍ വേറെയൊരുപാട്‌ നീട്ടല്‍ സാധ്യതകള്‍ അവശേഷിപ്പിക്കുമെന്ന് മാത്രം. ഭൂരിപക്ഷ ഇംഗിതം(ഇംഗിതത്തിന്‌ മതമെന്നും ഒരു പര്യായമുണ്ടായത്‌ ആകസ്മികമായിരിക്കില്ലല്ലോ!) മാത്രമായി ചുരുക്കപ്പെടുന്ന ഒരു ജനാധിപത്യം ആ സംജ്ഞയുടെ സത്തയെത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്‌. ജനാധിപത്യമെന്നത്‌ ഭൂരിപക്ഷ ഫാസിസമല്ല, ഓരോ പൗരനും ഭരണഘടന അനുശാസിച്ചിട്ടുള്ള അവകാശങ്ങള്‍ ഉറപ്പു വരുത്തുന്ന ഒരു ഭരണസംവിധാനമാണ്‌.

നിയമം ഏതു വഴിക്ക്‌ പോയാലും ഭൂരിപക്ഷം നിര്‍ണയിക്കുന്ന ചില ബോധ്യങ്ങള്‍ക്കനുസരിച്ചാണ്‌ നമ്മുടെ ജനാധിപത്യത്തിന്റെ പൊതുവഴികളില്‍ നീതി നിര്‍വഹിക്കപ്പെടുന്നതെന്ന് ഈയൊരു അനുഭവസാക്ഷ്യത്തിന്റെ മാത്രം വെളിച്ചത്തില്‍ പറഞ്ഞാല്‍ ഒരു പക്ഷേ വേണ്ടത്ര വ്യക്തമാവില്ല. വിശ്വാസവും അവിശ്വാസവുമെന്ന ദ്വന്ദ്വം മാറ്റി വെച്ച്‌ വിശ്വാസത്തിന്റെ തന്നെ വിവിധ രൂപങ്ങളെയെടുക്കുക. ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ തുടങ്ങി ഭൂമിശാസ്ത്രപരമായി അടുത്തു നില്‍ക്കുന്ന നഗരങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെ അനുഭവങ്ങള്‍ ഉദാഹരണങ്ങളായെടുത്താല്‍ തന്നെ മനസ്സിലാക്കാവുന്ന ചില ഖേദകരമായ വസ്തുതകളുണ്ട്‌. തന്റെ നാട്ടില്‍ സ്വതന്ത്രമായി സഞ്ചരിക്കാനും അനുയോജ്യമായിടത്ത്‌ നിയമവിധേയമായി കുടിയേറി പാര്‍ക്കാനും ഉള്ള അവകാശം ഭരണഘടന ഉറപ്പുവരുത്തിയിട്ടും സ്വന്തം വിശ്വാസം കാരണം വാടകയ്ക്ക് പോലും ഒരു വീടു കിട്ടാതെ നഗരത്തിന്റെ മുഖ്യധാരയില്‍ നിന്ന് പുറന്തള്ളപ്പെടുന്ന (ചേരിവല്‍ക്കരണം സാമ്പത്തികമായി മാത്രമല്ല, സാംസ്കാരികമായും സാധ്യമാണെന്നതിനുള്ള ചില ഭാരതീയ മാതൃകകളാണിവയെന്നോര്‍ക്കുക.) മനുഷ്യര്‍ കടന്നുപോകുന്ന പാര്‍ശ്വവല്‍ക്കരണം പ്രതിഷേധം പോലും അര്‍ഹിക്കാത്തവണ്ണം സാധാരണമാക്കപ്പെടുന്നു അവിടങ്ങളില്‍ എന്നതാണത്. ഭരണകൂട ഫാസിസം പോലെ പ്രത്യക്ഷമല്ലാത്തതിനാല്‍ ഫലപ്രദമായ ചെറുത്തുനില്‍പുകള്‍ പോലുമില്ലാത്ത സാംസ്കാരികഫാസിസത്തിന്റെ ഇത്തരം ഇരകളുമായി കൂടി ചേര്‍ത്തുവെച്ചു വേണം മേല്‍ പറഞ്ഞ വ്യക്തിഗത അനുഭവവും വായിക്കപ്പെടേണ്ടത്‌ എന്നതില്‍ സമവായമൊന്നുമുണ്ടാവാന്‍ സാധ്യതയില്ല. എന്നുവച്ച്‌ അത്‌ സത്യമല്ലാതാവുമോ?

Friday, December 17, 2010

ഇദ്ദേഹം ആരുടെ പ്രധാനമന്ത്രി?

നീരാ റാഡിയയുടെ ഫോണ്‍ ചോര്‍ത്തലും അതുമായി ബന്ധപ്പെട്ട്‌ കോര്‍പ്പറേറ്റ്‌ ലോകത്ത്‌ ഉണ്ടായ ആശങ്കകളും നമ്മള്‍ നിരന്തരം വായിച്ചും കണ്ടും അറിഞ്ഞുകൊണ്ടിരിക്കുന്നവയാണ്‌. അതിനെക്കുറിച്ചുള്ള നമ്മുടെ പ്രധാനമന്ത്രിയുടെ നിലപാടും ഒടുവില്‍ പുറത്തുവന്നിരിക്കുന്നു. മന്മോഹന്‍ സിംഗ്‌ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്‌. പക്ഷേ ഏത്‌ ഇന്ത്യയുടെ? നമ്മുടെ ജനാധിപത്യത്തിനുമേല്‍ കോര്‍പ്പറേറ്റ്‌ ശക്തികളുടെ നിര്‍ണയാധികാരത്തെക്കുറിച്ച്‌ ഇന്ത്യന്‍ സമൂഹവും ജനാധിപത്യം തന്നെയും ഒരു വന്‍ ആശയക്കുഴപ്പത്തില്‍ അകപ്പെട്ടിരിക്കുന്ന ഈ ദിനങ്ങളില്‍ പുറത്തുവന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ മേല്‍പറഞ്ഞ ചോദ്യത്തോടൊപ്പം ഒരുത്തരവും വരികള്‍ക്കിടയില്‍ കരുതിവെക്കുന്നില്ലേ?

വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമെന്ന നിലയ്ക്ക്‌ ഫോണ്‍ ചോര്‍ത്തല്‍ പോലുള്ള പ്രവൃത്തികളില്‍ മന്മോഹന്‍ സിംഗിന്‌ ആശയക്കുഴപ്പങ്ങളൊന്നുമില്ല. ദേശത്തിന്റെ സാമ്പത്തികവും പ്രതിരോധവുമുള്‍പ്പെടെയുള്ള ആഭ്യന്തരസുരക്ഷാസംവിധാനങ്ങളെക്കരുതി ഒരൊഴിച്ചുകൂടാനാവാത്ത തിന്മ (അങ്ങനെയെങ്കിലും അദ്ദേഹം പറഞ്ഞുവോ?) എന്ന നിലയ്ക്ക്‌ അത്‌ സ്വീകാര്യമാണ്‌ നമ്മുടെ സര്‍ക്കാരിന്‌. അപ്പോള്‍ മന്മോഹന്‍ സിംഗ്‌ പങ്കു വെക്കുന്ന ആശങ്ക ഫോണ്‍ ചോര്‍ത്തലിലെ നൈതികതയെക്കുറിച്ചല്ല, അതു നാട്ടുകാരറിഞ്ഞതിനെ തുടര്‍ന്നുണ്ടായതും തുടര്‍ന്നും ഉണ്ടായേക്കാവുന്നതുമായ പ്രത്യാഘാതങ്ങളെക്കുറിച്ചാണ്‌.

ദേശസുരക്ഷയെക്കരുതി ഭരണകൂടത്തിലര്‍പ്പിതമായ പ്രത്യേകാധികാരങ്ങളെക്കുറിച്ച്‌ സംശയമൊന്നുമില്ലാതിരിക്കുമ്പോഴും നമ്മുടെ പ്രധാനമന്ത്രിയുടെ വേവലാതികള്‍ മുഴുവന്‍ കേന്ദ്രീകരിക്കപ്പെടുന്നത്‌ അതിന്റെ ദുരുപയോഗത്തിലാണ്‌. ഇവിടെ നടന്ന ദുരുപയോഗമാവട്ടെ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണസംവിധാനങ്ങളിലുള്‍പ്പെടെ കോര്‍പ്പറേറ്റ്‌ ശക്തികളുടെ ഇടപെടലുകള്‍ പുറത്തായി എന്നതും. നിനക്കുവേണ്ടി നിന്നെ ഭരിക്കുന്ന നിന്റെ ഭരണസംവിധാനം ആരുടെ താല്‍പര്യങ്ങള്‍ക്കൊത്ത്‌ ചലിക്കുന്നുവെന്നത്‌ നീ അറിയാന്‍ ഇട വന്നാല്‍ അത്‌ നീ കൂടി സജീവഭാഗഭാക്കായ നിന്റെ ഭരണസംവിധാനത്തിന്റെ ദൗര്‍ബല്യമാകുമെന്ന് നീ തന്നെ പറയുന്ന അവസ്ഥ. മന്മോഹന്‍ സിംഗ്‌ ഇന്ത്യന്‍ ജനാധിപത്യത്തിനോട്‌ ഒരാത്മഗതമെന്നോണം പറയുന്നത്‌ അതാണ്‌. നമ്മെക്കുറിച്ചുപോലും നമുക്കെല്ലാമറിയാനുള്ള അവകാശമില്ല. തിരഞ്ഞെടുക്കപ്പെട്ട വിവരങ്ങള്‍ വായിച്ചും കേട്ടുമറിഞ്ഞ്‌ അഭിമാനം കൊള്ളാന്‍ വിധിക്കപ്പെട്ടവരാണ്‌ നമ്മള്‍. ആ വിവരങ്ങള്‍ ആരു തരുമെന്നാണെങ്കില്‍ നമ്മുടേതെന്ന് നമ്മള്‍ വിചാരിക്കുന്ന നമ്മുടേതല്ലാത്ത അധികാരം. നമ്മുടെ ജന്മി, നമ്മുടെ തമ്പുരാന്‍ എന്നൊക്കെ പറയുന്നതു പോലെ.

മുതലാളിത്തകേന്ദ്രീകൃതമായ പുത്തന്‍ ധനതത്വശാസ്ത്രസിദ്ധാന്തങ്ങളുടെ പ്രചാരകനെന്ന നിലയില്‍ മന്മോഹന്‍ സിംഗ്‌ ഒരിക്കലും ഒരു പ്രച്ഛന്നവേഷധാരിയായിരുന്നില്ല. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ സുതാര്യങ്ങളാണ്‌. പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ ഭാഗമായി അദ്ദേഹം അതില്‍ ചേര്‍ക്കുന്ന വെള്ളമെന്നത്‌ ചിലപ്പോഴുള്ള നിശ്ശബ്ദതയും ചിലപ്പോള്‍ അനിവാര്യമായി വരുമ്പോള്‍ മാത്രമുള്ള ഒച്ചപ്പെടലും മാത്രമാണ്‌. നീരാ റാഡിയയുടെ ഫോണ്‍ ചോര്‍ത്തലും മുന്‍പെ നിലവിലുള്ള സ്പെക്ട്രം അഴിമതിയും ഇവ തമ്മിലുള്ള സങ്കീര്‍ണമായ ബന്ധങ്ങളും ഒക്കെചേര്‍ന്ന് ചരിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്തവണ്ണം ഒരു പാര്‍ലമന്റ്‌ സമ്മേളനം മൊത്തത്തില്‍ തടസ്സപ്പെട്ടിട്ടും അതിന്റെ ജനാധിപത്യപരമായ വ്യാഖ്യാനസാധ്യതകള്‍ എത്രത്തോളം അരാഷ്ട്രീയമാകാമെന്നതിനെക്കുറിച്ച്‌ തീരെ ആശങ്കാകുലനല്ലാത്ത (ഒരിക്കലും നേരിട്ട്‌ ജനവിധി തേടിയിട്ടില്ലാത്ത) നമ്മുടെ പ്രധാനമന്ത്രി ഒടുവില്‍ മൗനം ഭഞ്ജികുന്നത്‌ അദ്ദേഹത്തിന്റെ പ്രതിബദ്ധതകള്‍ക്ക്‌ മിണ്ടാതിരിക്കാന്‍ പറ്റാത്ത ഒരിടത്തില്‍ നിന്നാണ്‌. അതുതന്നെയാണ്‌ ആദ്യം ഉന്നയിച്ച ചോദ്യത്തിന്റെ ഹേതുവും. ഇദ്ദേഹം ആരുടെ പ്രധാനമന്ത്രിയാണ്‌?

Tuesday, November 30, 2010

ഷാഹിന കേസ്: ജനാധിപത്യത്തിന് ഒരു താക്കീത്

ഏഷ്യാനെറ്റിന്റെ മുന്‍ റിപ്പോര്‍ട്ടറും ഇപ്പോള്‍ തെഹല്‍കയുടെ ദക്ഷിണേന്ത്യന്‍ ലേഖികയുമായ കെ കെ ഷാഹിനക്കെതിരെ ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതി മദനിക്കെതിരായ സാക്ഷികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചുകൊണ്ട് കര്‍ണാടക പോലീസ് കേസെടുത്തു എന്ന വാര്‍ത്ത മാതൃഭൂമി പത്രം റിപ്പോര്‍ട്ടു ചെയ്തത് ഇക്കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതിയാണ്. ആ വാര്‍ത്തയിലെ ശരിതെറ്റുകളും വരികള്‍ക്കിടയിലെ നിക്ഷിപ്ത താല്പര്യങ്ങളും നമുക്ക് ഒടുവില്‍ ചര്‍ച്ച ചെയ്യാം. ഭരണകൂടങ്ങളുടെയും പോലീസുള്‍പ്പെടെയുള്ള ഭരണകൂട ഉപകരണങ്ങളുടെയും ഭാഷ്യങ്ങള്‍ക്കപ്പുറം കാര്യങ്ങളുടെ നിജസ്ഥിതി അറിയുകയെന്ന പൌരന്റെ ജനാധിപത്യ അവകാശത്തിന്മേലും അതിന് അവനെ സഹായിക്കുന്ന മാധ്യമങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്മേലും നടക്കുന്ന കടന്നുകയറ്റങ്ങള്‍ ആദ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ഇവിടെ ഷാഹിന ശ്രമിച്ചത് യുക്തിയുള്ള ആര്‍ക്കും പ്രഥമദൃഷ്ട്യാ മനസ്സിലാവും വിധം വ്യക്തമായ ചില പൊരുത്തക്കേടുകള്‍ പൊലീസ് മദനിക്കെതിരായ കേസ് കൈകാര്യം ചെയ്തതില്‍ കണ്ടതുകൊണ്ട് സ്വതന്ത്രമായ ഒരു അന്വേഷണം നടത്താനാണ്. അത് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളിലൊന്നായ പത്രസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. പൊലീസ് ഹാജരാക്കിയ ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പല സാക്ഷിമൊഴികളും കൃത്രിമമാണ് എന്ന ആരോപണം നിലനില്‍ക്കുന്നു. കൊച്ചിയില്‍ മദനി താമസിച്ചിരുന്ന വാടകവീട്ടിന്റെ ഉടമസ്ഥനായ ജോസ് വര്‍ഗീസിന്റേതായി പൊലീസ് ഉള്‍ക്കൊള്ളിച്ച മൊഴി തന്റേതല്ലെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നല്‍കിയ കേസ് കോടതിയുടെ പരിഗണനയിലാണ്. മദനിയുടെ സഹോദരന്റേതായി ചേര്‍ക്കപ്പെട്ട മൊഴി വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹവും കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പൊലീസിന്റെ അന്വേഷണം നിഷ്പക്ഷമല്ലെന്നും അവര്‍ക്ക് അതിലെന്തൊക്കെയോ താല്പര്യങ്ങളുണ്ടെന്നും കാണാന്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ മൂന്നാം കണ്ണൊന്നും വേണ്ട എന്നിരിക്കെ ഷാഹിന മദനിക്കേസില്‍ തല്പരയായത് എന്തുകൊണ്ട് എന്നതിന് ഒരുപാട് വിശദീകരണമൊന്നും വേണ്ടെന്ന് തോന്നുന്നു.

കേസിലെ രണ്ട് നിര്‍ണായകസാക്ഷികളായ യോഗാനന്ദയെയും റഫീക്കിനെയും നേരിട്ടുകണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ഷാഹിന കുടകിലെത്തിയത്. പൊലീസെടുത്ത കേസാവട്ടെ സാക്ഷികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും. സാക്ഷികളുടെ പരാതിപ്രകാരമാണോ നടപടിയെന്ന ചോദ്യത്തിന് അവര്‍ക്ക് മറുപടിയില്ല. കുടകില്‍ വെച്ച് മദനിയെ കണ്ടുവെന്ന് പറയപ്പെടുന്ന യോഗാനന്ദ താന്‍ മദനിക്കെതിരായ കേസില്‍ സാക്ഷിയാണെന്ന് അറിയുന്നതു തന്നെ ഇപ്പോഴാണെന്ന് ഷാഹിന തെഹല്‍കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, റഫീക്ക് കടുത്ത മര്‍ദ്ദനത്തെയും തീവ്രവാദക്കേസില്‍ പ്രതിയാക്കുമെന്ന ഭീഷണിയെയും തുടര്‍ന്നാണ് അധികാരികള്‍ കല്പിച്ച മൊഴിയില്‍ ഒപ്പുവെച്ചതെന്നും. അധികാരത്തിനും ഭരണകൂടത്തിനും എതിരേയുള്ള ഇത്തരം വെളിപ്പെടുത്തലുകള്‍ മാറുന്നതും വീണ്ടും മാറുന്നതും ‘ഐസ്ക്രീം പാര്‍ലര്‍ കേസ്’ തൊട്ട്, ഒരുപക്ഷേ അതിനും മുന്‍പേ നമുക്ക് പരിചയമുള്ളതാണ്; ഇനിയും മാറിയേക്കാം . പക്ഷേ അപ്പൊഴും ഷാഹിന കുറെ പീ ഡി പി പ്രവര്‍ത്തകരേയും കൂട്ടി നടത്തിയ ഭീഷണിയുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍ ഉണ്ടായതെന്ന് അന്നും വിശ്വസിക്കാന്‍ അവരുടെ നാളിതുവരെയുള്ള മാധ്യമജീവിതം കണ്ടുപരിചയമുള്ളവര്‍ക്ക് അസാദ്ധ്യമായിരിക്കും .കാരണം കണ്ണടയല്ല, തിമിരമില്ലായ്മയാണ്. അതറിയാവുന്ന പൊലീസിന്റെ പ്രകോപനത്തിനും, അവര്‍ ചെലുത്തിയ ‘സമ്മര്‍ദ്ദ’ത്തിനും വേറെ കാരണമൊന്നും തിരയേണ്ടല്ലോ.

മദനിയുടേതുള്‍പ്പെടെയുള്ള നിരവധി തീവ്രവാദ കേസുകളില്‍ പൊലീസ് നടത്തിയതും നടത്തിവരുന്നതുമായ അന്വേഷണങ്ങളിലെ പൊരുത്തക്കേടുകളും വൈരുദ്ധ്യങ്ങളും വിരല്‍ ചൂണ്ടുന്നത് എന്തിലേക്കാണ്? തീവ്രവാദമെന്ന ഭീഷണിയെ ഫലപ്രദമായി നേരിടുന്നതിലും വേരോളമെത്തി അതിനെ പറിച്ചുമാറ്റുന്നതിലും നമ്മുടെ ഭരണകൂടങ്ങള്‍ പരാജയപ്പെടുന്നുവെന്നതിനേക്കാള്‍ അവര്‍ക്കതില്‍ താല്പര്യമില്ല എന്നതല്ലേ വാസ്തവം? നാം ചര്‍ച്ച ചെയ്യുന്ന കേസില്‍ മദനി കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും പൊതുസമൂഹത്തിന്റെ മുന്നില്‍ താന്‍ ഇരയാക്കപ്പെടുകയാണ് എന്ന വാദം അയാള്‍ക്ക് നിഷ്പ്രയാസം മുന്നോട്ടുകൊണ്ടുപോകാനാവും. അതിനയാള്‍ക്ക് നിരത്താന്‍ നിരവധി വസ്തുതകള്‍ പൊലീസ് തന്നെ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. വേണ്ടത്ര സൂക്ഷ്മതയും അവധാനതയും ഇല്ലാതെ മുന്‍ വിധികളുടെയോ മുന്‍ കൂര്‍‍ അജണ്ടകളുടെയോ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന അന്വേഷണങ്ങള്‍ കുറ്റവാളികളിലേക്ക് എത്തുകയില്ല എന്ന് മാത്രമല്ല, എന്തിനെ ചെറുക്കാനാണോ ശ്രമിക്കുന്നത് അതിനു തന്നെ വളമായി തീരുകയും ചെയ്യും.

ഇസ്ലാം = തീവ്രവാദം എന്ന സമവാക്യത്തിന്റെ ഇന്ത്യയിലെ മുഖ്യപ്രയോക്താക്കള്‍ സംഘപരിവാര്‍ ശക്തികളാണ്. തീവ്രവാദത്തിനെതിരെ നടക്കുന്ന പല അന്വേഷണങ്ങളും തീവ്രവാദികളിലേക്കുള്ള വഴിയില്‍നിന്ന് അറിഞ്ഞോ അറിയാതെയോ തെറ്റി മേല്പറഞ്ഞ സമവാക്യത്തെയും അതിന്റെ ഇരകളെയും മാത്രം നിരന്തരം ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഓരോ മുസ്ലിം നാമധാരിയും അവന്റെ/ളുടെ പ്രത്യക്ഷ വൈയക്തിക അനുഭവങ്ങള്‍ക്കപ്പുറം ഇര എന്നൊരു പൊതുബോധത്തിലേക്ക് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ വെച്ചും പടിയിറക്കി വിടപ്പെടുന്നു എന്നത് സംഘി സ്പോണ്‍സേര്‍ഡ് ദേശാഭിമാന-രാജ്യസ്നേഹ രോഗങ്ങള്‍ക്കപ്പുറം ആരോഗ്യകരമായ ജനാധിപത്യബോധം വെച്ച് പുലര്‍ത്തുന്ന മനുഷ്യരെയൊക്കെ ഒരുപോലെ വ്യാകുലപ്പെടുത്തേണ്ടതാണ്. ഷാഹിനക്കെതിരെ കര്‍ണാടക പൊലീസ് എടുത്ത കേസ് ഉണര്‍ത്തുന്ന നിരവധി ആശങ്കകളില്‍ ഒന്ന് തീര്‍ച്ചയായും അതു തന്നെ.

ഇസ്ലാമിനെ മുഖ്യശത്രുവായി കണ്ടുകൊണ്ടുള്ള ഹിന്ദുത്വവാദികളുടെ പ്രചാരവേലക്ക് അവരുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ഇതിനോടൊപ്പമാണ് അന്നുതൊട്ടേ‍ അവര്‍ രാജ്യസ്നേഹത്തെയും ഘടിപ്പിച്ചിരിക്കുന്നത്. മുംബൈ ആക്രമണമുള്‍പ്പെടെയുള്ള ദേശീയദുരന്തങ്ങള്‍ തീവ്രവാദമെന്ന അടിയന്തിരഭീഷണിക്കപ്പുറം ഇസ്ലാമിക തീവ്രവാദമെന്ന കൂട്ടിവായനയിലേക്ക് മാത്രം ഒതുങ്ങിപ്പോയതിലും അതും കടന്ന് മുസ്ലിമായി പിറന്നവരുടെയൊക്കെ ദേശസ്നേഹം ഉരച്ചുനോക്കേണ്ടതുണ്ടെന്ന പതിവിലേക്ക് വളര്‍ന്നതിലും ഈ ദുഷ്പ്രേരിതമായ പഴഞ്ചന്‍ ഏച്ചുകെട്ടിന് വലിയ പങ്കുണ്ട്. എളുപ്പം ചിലവാകുന്ന ഒന്നെന്ന നിലയ്ക്ക് ബി ജെ പിയിതര ഭരണകൂടങ്ങള്‍ പോലും ഇത്തരം ഏച്ചുകെട്ടലുകളെയും കൂട്ടിവായനകളെയും ചെറുക്കുന്നതിനേക്കാള്‍ ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ ഇവയെയൊക്കെ ചെറുക്കാന്‍ ബാധ്യതപ്പെട്ട മാധ്യമങ്ങളില്‍ നിന്നെങ്കിലും വേറിട്ടുള്ളൊരു സമീപനം ‘സ്യൂഡോസെക്കുലറിസ്റ്റ്’ എന്ന ബഹുമതി (അദ്വാനി ഋണാത്മകമായ അര്‍ത്ഥത്തില്‍ ഉപയോഗിച്ച നാമവിശേഷണത്തെ ഒരു ജനാധിപത്യവിശ്വാസി ബഹുമതിയായല്ലെങ്കില്‍ പിന്നെ എങ്ങനെയാണെടുക്കേണ്ടത്?) പേറുന്ന മനുഷ്യര്‍ ആഗ്രഹിക്കും. ആ ആഗ്രഹത്തിന്റെ തകര്‍ച്ചയാണ് കാവിക്കണ്ണട വെച്ച മാതൃഭൂമി പോലുള്ള പത്രങ്ങളിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്.

ഷാഹിനക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തത് ഒരു വാര്‍ത്തയാണ്. ഒരു പത്രമെന്ന നിലയില്‍ മാതൃഭൂമി അത് നല്‍കണ്ടേ എന്ന ചോദ്യം പ്രസക്തവുമാണ്. പക്ഷേ അതിനുള്ള മറുപടി ‘മഅദനിക്കെതിരായ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം; അഞ്ചുപേര്‍ക്കെതിരെ കേസ്’ എന്ന തലക്കെട്ടു തൊട്ട് ‘സേ്ഫാടനപരമ്പരക്കേസിന്റെ വിചാരണ ഒരു മാസത്തിനുള്ളില്‍ ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ തുടങ്ങാനിരിക്കെയാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.’ എന്ന നിഗമനം വരെയുള്ള വരികള്‍ ചേര്‍ത്തു വായിച്ചെടുക്കണമെന്നു മാത്രം. മാധ്യമലോകത്തിന് ചിരപരിചിതയായ ഷാഹിനയെപ്പോലുള്ളൊരു പത്രപ്രവര്‍ത്തകയെ നിര്‍ദ്ദയം സംശയത്തിന്റെ നിഴലില്‍ ഉപേക്ഷിച്ചുകൊണ്ടുള്ള ഇത്തരമൊരു റിപ്പോര്‍ട്ട് ഒരു മുഖ്യധാരാ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത് അവരുടെ അജണ്ടകളെ തന്നെയാണ് സൂചിപ്പിക്കുന്നത്. അത് വെറും വിപണി താല്പര്യമാണോ അതിനപ്പുറമാണോ എന്നതിനെക്കുറിച്ച് സംശയമുള്ളവര്‍ക്ക് തര്‍ക്കിക്കാമെന്നു മാത്രം.

ഷാഹിനയുടെ വാക്കുകള്‍ക്കുമപ്പുറം ഈ കേസ് പൊലീസ് ചുട്ടെടുക്കുന്ന കഥകളെ അതുപോലെ വിഴുങ്ങാന്‍ തയ്യാറാവാത്ത ഒരു വ്യക്തിക്കോ പത്രപ്രവര്‍ത്തകസമൂഹത്തിനോ ഉള്ള ഒരു താക്കീത് മാത്രമല്ല, അത് മുഴുവന്‍ ജനാധിപത്യവിശ്വാസികള്‍ക്കുമുള്ള ഒരു താക്കീതാണ്. തങ്ങളുടെ ഭാഷ്യങ്ങളെ ചോദ്യം ചെയ്യാന്‍ മുതിരുന്നവരെ നിലയ്ക്കുനിര്‍ത്താന്‍ ‍ഇരുതല മൂര്‍ച്ചയുള്ള ആയുധങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും, വേണ്ടപ്പോള്‍ അവയെടുത്ത് പ്രയോഗിക്കുന്നതില്‍നിന്ന് തങ്ങളെ വിലക്കാന്‍ നിങ്ങള്‍ ജനാധിപത്യവിശ്വാസികള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ഈ വ്യവസ്ഥയിലും ആരുമുണ്ടാവില്ലെന്നും അധികാരം ജനാധിപത്യത്തിനു നല്‍കുന്ന താക്കീത്.

Thursday, May 20, 2010

വിചിത്രകേരളത്തില്‍ ഫയല്‍ ചെയ്യപ്പെടുന്ന അസഹിഷ്ണുതകള്‍

വിചിത്രകേരളം എന്ന ബ്ലോഗിനും ജോര്‍ജ് ജോസഫെന്ന ബ്ലോഗര്‍ക്കും ബൂലോകത്തിലെന്നല്ല, നമ്മുടെ പൊതുസമൂഹത്തില്‍ പോലും ഒരു മുഖവുരയൊന്നും ഇനി ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തന്റെ ബ്ലോഗ് പോസ്റ്റുകളുടെ ഉള്ളടക്കത്തിന്റെ പേരില്‍ നിയമനടപടികള്‍ നേരിടുകയാണല്ലോ ഇദ്ദേഹമിപ്പോള്‍. ഒരു വ്യക്തി അയാളുടെ സ്വന്തം ബ്ലോഗില്‍ സ്വമേധയാ എഴുതി പ്രസിദ്ധീകരിച്ച ലേഖനങ്ങളിലൂടെ ചെന്നെത്തിയ നിയമക്കുരുക്കിലും വിവാദങ്ങളിലും നമുക്കെന്ത് കാര്യം എന്ന നിലയ്ക്ക് ഇതിനെ ചുരുക്കിക്കാണാനാവില്ല. ബ്ലോഗ് ഒരു ഇന്ററാക്റ്റീവ് മാധ്യമമാവുന്നത് എഴുത്തുകാരനും വായനക്കാരനുമിടയില്‍ തുറന്നുകിടക്കുന്ന വിനിമയസാധ്യതകളിലൂടെയാണ്. യോജിക്കാനും വിയോജിക്കാനും ആശയപരമായ യുദ്ധങ്ങള്‍ തന്നെ തുടര്‍ന്നുകൊണ്ടുപോകാനും ഇടം നല്‍കുന്ന ഈ സൈബര്‍ലോകത്തുനിന്ന് ഉള്ളടക്കവും അനുബന്ധചര്‍ച്ചകളും രാഷ്ട്രീയാധികാരത്തിന്റെയും നിയമങ്ങളുടേയുമൊക്കെയായ മറ്റൊരിടത്തേക്ക് പൊടുന്നനെ പറിച്ചുനടപ്പെടുന്നത് ഇവിടെ ധനാത്മകമായി തുടര്‍ന്നുവരുന്ന ചര്‍ച്ചകളെയും സംവാദങ്ങളെയുമൊക്കെ ഇല്ലാതാക്കുകയോ നിര്‍ജ്ജീവമാക്കുകയോ ചെയ്തേക്കാം.

നായര്‍സമുദായാംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള രചനകള്‍ പ്രസിദ്ധീകരിച്ചു എന്നതാണല്ലോ വിചിത്രകേരളം ബ്ലോഗര്‍ക്കെതിരെയുള്ള ആരോപണം. ഇയാള്‍ തന്റെ പോസ്റ്റുകളിലൂടെ മുന്നോട്ടുവെക്കുന്ന പല നിരീക്ഷണങ്ങളും പി കെ ബാലകൃഷ്ണനുള്‍പ്പെടെയുള്ള പല ചരിത്രകാരന്മാരും സാമൂഹ്യനിരീക്ഷകരും ഇതിനോടകം തന്നെ മുന്നോട്ടുവെച്ചുകഴിഞ്ഞവയാണ്. എന്നാല്‍ ഇദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ക്കോ നിഗമനങ്ങള്‍ക്കോ ആധാരമാക്കുന്ന രീതിശാസ്ത്രം സാമൂഹ്യശാസ്ത്രത്തിന്റെയോ നരവംശശാസ്ത്രത്തിന്റെയോ അല്ലെന്നു മാത്രമല്ല, തികച്ചും അശാസ്ത്രീയമായ ഒന്നാണ് താനും. കേവലം വെറിതീര്‍ക്കലിന്റേത് മാത്രമായ ഏകപക്ഷീയവും തുലനം നഷ്ടപ്പെട്ടതുമായ ഒരാഖ്യാനശൈലിയാണ് ആ ബ്ലോഗിലെ പോസ്റ്റുകളിലുടനീളം കണ്ടുവരുന്നത്. ഇന്നത്തേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സാമൂഹ്യാവസ്ഥയെ അതിന് നിദാനമായ സാഹചര്യങ്ങളെ അപ്പാടെ അവഗണിച്ചുകൊണ്ടു സമീപിക്കുകയും കേവലം പ്രകോപനത്തിനപ്പുറം ചരിത്രപരമോ സാമൂഹ്യശാസ്ത്രപരമോ നരവംശശാസ്ത്രപരമോ ആയി യാതൊരു പ്രസക്തിയുമില്ലാത്ത നിഗമനങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്യുന്നു എന്നതാണ് ഈ പോസ്റ്റുകളുടെ പ്രഥമവും പരമവുമായ ന്യൂനതയും.

ചരിത്രസത്യങ്ങളുടേത് വിഭാഗീയമായ ഒരു നിലനില്പല്ല. അതുകൊണ്ടുതന്നെ അവയുടെ വിഭാഗീയമായ വായന ഒരു സമൂഹത്തെ ചലനാത്മകമായി നിലനിര്‍ത്തുന്നതിനും ദിശാബോധം നല്‍കുന്നതിനും ആവശ്യമായ തുടരിന്റെ കണ്ണികളെ തമസ്കരിക്കുകയും അതിലൂടെ ജാതീയവും മതപരവുമായ പൊങ്ങച്ചത്തിന്റെ കുടുസ്സുകളില്‍ അതാത് വിഭാഗങ്ങളെ കൊണ്ട് കുടുക്കുകയും ചെയ്യും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പി കെ ബാലകൃഷ്ണനെയും മറ്റും പോലുള്ള ചരിത്രകാരന്മാരുടെ പല കണ്ടെത്തലുകളും ബ്രാഹ്മണനും നായര്‍ക്കും ഈഴവനുമുള്‍പ്പെടെയുള്ള ഏത് വിഭാഗത്തിനും അപകീര്‍ത്തികരമായി തോന്നാവുന്നവയാണ്. എന്നാല്‍ ഈ പറഞ്ഞത് സ്ഥൂലവല്‍ക്കരിച്ച ഒരു നിരീക്ഷണമാണെന്നും ഒരു വായനക്കാരന് തോന്നാം. മേല്പറഞ്ഞ ചരിത്രകാരന്മാരുടെ പുസ്തകങ്ങളൊന്നും ഈ നിലക്കല്ല വായിക്കപ്പെട്ടതും വായിക്കപ്പെടുന്നതുമെന്നും വിചിത്രകേരളമെന്ന ബ്ലോഗിനെതിരെ ആരെങ്കിലും കേസ് കൊടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ കാരണങ്ങള്‍ ഇവിടെയല്ല അന്വേഷിക്കേണ്ടത് എന്നും വാദിക്കാം. അങ്ങനെയെങ്കില്‍ അവര്‍ മുന്നോട്ടുവെച്ച ചരിത്രവും വിചിത്രകേരളത്തില്‍ കേട്ട അതിന്റെ മാറ്റൊലിയും തമ്മില്‍ എന്താണ് വ്യത്യാസം? ആദ്യത്തേത് സജീവവും ധിഷണാപരവുമായ ചില ചരിത്ര ഇടപെടലുകളായിരുന്നുവെങ്കില്‍ വിചിത്രകേരളത്തിന്റേത് മേല്പറഞ്ഞവയുടെ ചര്‍ച്ചാസാധ്യതകളെക്കൂടി റദ്ദു ചെയ്യുംവിധം ‘സില്ലി’യാ‍യ ചില സാമാന്യവല്‍ക്കരണങ്ങളും. അപ്പോഴിവിടെ വീണ്ടുമൊരു ചോദ്യമുയരുന്നു. ഇത്തരം സാമാന്യവല്‍ക്കരണങ്ങളെ വെള്ളം തൊടാതെ വിഴുങ്ങാനുള്ള ബാധ്യത ആര്‍ക്കുമില്ലെന്നിരിക്കുമ്പോഴും ബൌദ്ധികമായ ഇത്തരം അല്പത്തരങ്ങളെയൊക്കെ കുറ്റകൃത്യങ്ങളായി കാണേണ്ടതുണ്ടോ?

ഏതൊരു ബ്ലൊഗ് പോസ്റ്റിന്റെയും ഉള്ളടക്കത്തെ എതിര്‍ക്കാനും അതിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാനുമുള്ള അവസരങ്ങള്‍ ബ്ലോഗെന്ന മാധ്യമത്തിന്റെ അതിരുകള്‍ക്കുള്ളില്‍തന്നെ ലഭ്യമാണ്. ഭീരുവായ ഏതെങ്കിലുമൊരു ബ്ലോഗര്‍ കമന്റ് ഓപ്ഷന്‍ മുഖേനയുള്ള കൊടുക്കല്‍ വാങ്ങല്‍ സാധ്യതകളെ അടച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചാലും അയാളെ അവിടുന്ന് പുറത്തെടുക്കാനും ജനമധ്യേ ആശയപരമായിത്തന്നെ വിചാരണ ചെയ്യാനുമുള്ള സാധ്യതകളുണ്ട്. വിചിത്രകേരളത്തില്‍ വന്ന പോസ്റ്റുകളോടും പ്രതികരിക്കേണ്ടത് അത്തരം സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടാണ്. അത്തരം ശ്രമങ്ങള്‍ ബൂലോകത്ത് നടന്നിട്ടുമുണ്ട്. ഈ വഴിക്കുള്ള കാര്യമാത്രപ്രസക്തവും സമതുലിതവുമായ ഒരു ശ്രമമാണ് രാജീവ് ചേലനാട്ടിന്റെ പോസ്റ്റ്. നിലവാരത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ക്കപ്പുറം ഓരോ ബ്ലോഗ് പോസ്റ്റും നടത്തുന്നത് ഒരു സാംസ്കാരിക ഇടപെടലാണ്. അതുകൊണ്ടുതന്നെ അവയോട് പ്രതികരിക്കുന്നത് മറ്റൊരു തലത്തിലാവുന്നത് ആശാസ്യമായൊരു കീഴ്വഴക്കമാവില്ല സൃഷ്ടിക്കുന്നത്. അലസമായി വിട്ടാല്‍ പിന്നീട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാന്‍ പോന്നതുമാണത്. അത്തരം ചില സൂചനകള്‍ ഇതിനോടകം തന്നെ ബ്ലോഗില്‍ കണ്ടുതുടങ്ങിയിട്ടുമുണ്ട്.

വിചിത്രകേരളം ബ്ലോഗറുടെ അറസ്റ്റുമായി ബന്ധപ്പെട്ടു നടന്ന ബ്ലോഗ് ചര്‍ച്ചകള്‍ പലരുടെയും ഉള്ളില്‍ വിങ്ങുന്ന അസഹിഷ്ണുതകളെ പ്രകടമാക്കുന്നുണ്ട്. തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് നിരക്കാത്ത അഭിപ്രായപ്രകടനങ്ങളെയൊക്കെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ ആര്‍ക്കും പ്രോത്സാഹനം നല്‍കുന്നൊരു കീഴ്വഴക്കമായി ഈ അറസ്റ്റിനെ കണ്ടാശ്വസിക്കുന്നവരുടെ എണ്ണം ചെറുതല്ല. ഫെമിനിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയൊക്കെ അടച്ചാക്ഷേപിച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ ബൂലോകത്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയ്ക്കെതിരെ ഇത്തരം നിയമനടപടികള്‍ ഉണ്ടാവാതിരുന്നത് ആ പ്രസ്ഥാനങ്ങളിലെ സജീവമായ ജനാധിപത്യബോധം കൊണ്ടാവാം. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇന്ന് നിലനില്‍ക്കുന്ന പല സംഘടനകളില്‍നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും അത്തരമൊന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല.

മൂലഘടകങ്ങള്‍ മുതല്‍ക്ക് തന്നെ വിരുദ്ധധ്രുവങ്ങളില്‍ നിലനിന്നു പോരുന്നവയാണ് വിശ്വാസവും യുക്തിയും. അതുകൊണ്ടുതന്നെ യുക്തിയുടെ പരിപ്രേക്ഷ്യത്തിലൂടെ വിശ്വാസങ്ങളെ വിശകലനം ചെയ്യുവാനുള്ള ഏതൊരു ശ്രമവും മതനിന്ദയോ വിശ്വാസികളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമോ ആയി വ്യാഖ്യാനിക്കപ്പെടാം. അത് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നത് ഏതൊരുതരം എഴുത്തും നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന അവസ്ഥയിലേക്കാണ്. തികച്ചും വ്യതിരിക്തമായ വര്‍ത്തമാന സാംസ്കാരികപരിസരങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഇത്തരം വ്യവഹാരങ്ങളെ എത്രയൊക്കെ അല്ലെന്ന് പറഞ്ഞാലും ഇതിന്റെ ഭാഗമാവാതിരിക്കാന്‍ തരമില്ലാത്ത നീതിന്യായവ്യവസ്ഥ എങ്ങനെ സമീപിക്കുമെന്നതും, മൌലികാവകാശങ്ങളും അതിന്റെ ഭാഗമായ അഭിപ്രായസ്വാതന്ത്ര്യം തന്നെയും പുതിയ സാഹചര്യങ്ങളില്‍ എങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്നതും അന്തമില്ലാത്ത ആശങ്കകളാണ് ഉയര്‍ത്തുന്നത്.

മാധ്യമചരിത്രത്തില്‍ ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും ജനാധിപത്യപരമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ബ്ലോഗെന്ന ഈ പുതുമാധ്യമം. എന്തുകൊണ്ടെന്നാല്‍ എഴുത്തിനും വായനക്കാരനുമിടയില്‍ സാധ്യമാകുന്ന വിനിമയശൃംഘല ഇതിന്റെ മാത്രം പ്രത്യേകതയാണ്. ആരെയും തിരസ്കരിക്കാത്തവണ്ണം വിശാലവും സുതാര്യവുമാണ് ഈ ഇടം(നാളിതുവരെയെങ്കിലും). ചിത്രകാരെന്റേതും വിചിത്രകേരളത്തിന്റെയും കാര്യത്തിലുണ്ടായതുപോലുള്ള, ഇനി നിരന്തരം ആവര്‍ത്തിക്കപ്പെട്ടേക്കാമെന്ന് ഭയക്കേണ്ടുന്ന, ഇത്തരം നിയമനടപടികള്‍ ചോദ്യം ചെയ്യുന്നത് ബ്ലോഗിന്റെ മാത്രമല്ല, അതിനു പുറത്തുമുള്ള പല ജനാധിപത്യമൂല്യങ്ങളേയുമാണ്. അസഹിഷ്ണുതകള്‍ക്ക് നിയമസാധുത നല്‍കുവാനുള്ള ശ്രമങ്ങളിലൂടെ നാം മൂടിക്കെട്ടുന്നത് നമ്മുടെ തന്നെ ചിന്തകളെയും നാവിനെയുമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആ നിലയ്ക്കാണ് വിചിത്രകേരളം ബ്ലോഗറുടെ അറസ്റ്റ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നു തോന്നുന്നു.

Wednesday, May 12, 2010

തട്ടവും ശിക്ഷയും

പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിച്ചുകൊണ്ടുള്ള നിയമം ബെല്‍ജിയം സര്‍ക്കാര്‍ പാസാക്കിയതോടുകൂടി ഒരിടവേളയ്ക്കുശേഷം ബുര്‍ഖ വീണ്ടും അന്താരാഷ്ട്രശ്രദ്ധ നേടിയിരിക്കുന്നു. ഈ സമയത്തുതന്നെയാണ് ഇവിടെയും ആലപ്പുഴ ബിലീവേര്‍സ് ചര്‍ച്ച് സ്കൂളില്‍ നിന്ന് ഒരു മുസ്ലിം പെണ്‍കുട്ടിയെ പുറത്താക്കിയതിനെ തുടര്‍ന്ന് ബുര്‍ഖ വീണ്ടും ചര്‍ച്ചാവിഷയമായതെന്നത് സാന്ദര്‍ഭികമാവാം. അതെന്തുതന്നെയായാലും ഈ വിഷയത്തില്‍ ഗൌരവമുള്ള ചര്‍ച്ചകളും അതിലൂടെ ഒരു ആശയവ്യക്തതയും ഉരുത്തിരിഞ്ഞുവരേണ്ടത് അനിവാര്യമായിരിക്കുന്നു.

ബുര്‍ഖയെന്ന വസ്ത്രം സ്ത്രീവിരുദ്ധമാണോ അല്ലയോ എന്നതിനെക്കുറിച്ചൊക്കെ ഒരുപാടു ചര്‍ച്ചകളും സംവാദങ്ങളും നമുക്കിടയില്‍ ഉണ്ടായിട്ടുണ്ട്. അവ തുടരേണ്ടതുമുണ്ട്. എന്നാല്‍ അതങ്ങനെയായിരിക്കുമ്പോള്‍ തന്നെ ബുര്‍ഖയോ താടിയോ കൃപാണോ സിന്ദൂരക്കുറിയോ കൊന്തയോ ഒക്കെ പോലുള്ള മതചിഹ്നങ്ങളുടെ ഏകപക്ഷീയമായ നിരോധനം മനുഷ്യാവകാശലംഘനം തന്നെയാണ്. മുഖം മറയ്ക്കാത്തതിന്റെ പേരില്‍ സ്ത്രീകളെ ചാട്ടയ്ക്കടിക്കുന്ന മതനേതൃത്വത്തിന്റേതുപോലെ മനുഷ്യത്വരഹിതവും ഫാസിസ്റ്റിക്കുമായ പ്രവൃത്തി തന്നെയാണ് ഇതും. എന്നിരിക്കെ ആദ്യം പരാമര്‍ശിച്ച വാര്‍ത്തയിലെ പെണ്‍കുട്ടി സ്കൂളില്‍നിന്ന് പുറത്താകുന്നത് ബുര്‍ഖയൊന്നും ധരിച്ചിട്ടല്ല, മറിച്ച് നമ്മുടെ നാട്ടിലെ മുസ്ലിം പെണ്‍കുട്ടികള്‍ കാലാകാലമായി ധരിച്ചുവരുന്ന തട്ടത്തിന്റെ പേരിലാണ് എന്നത് വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു.

മതസാമുദായികസംഘടനകള്‍ പൊതുവിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരുന്നതും വിദ്യാലയങ്ങള്‍ തുടങ്ങുന്നതും പ്രോത്സാഹിപ്പിക്കുന്നതാണ് നമ്മുടെ എക്കാലത്തയും വിദ്യാഭ്യാസനയം. അതിന് അതിന്റേതായ കാരണങ്ങളുണ്ട് താനും. എന്നാല്‍ ഇത്തരം വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തില്‍ കടന്നുവരുന്ന മതപരമായ അംശങ്ങളെയും അത് വിവിധമതസ്ഥരായ കുട്ടികള്‍ക്കിടയില്‍ ഉണ്ടാക്കാനിടയുള്ള സംഘര്‍ഷങ്ങളെയും നിരീക്ഷിക്കാനോ പഠിക്കാനോ നമുക്ക് സംവിധാനങ്ങളില്ല. ഇതിന്റെയൊരു പ്രതിഫലനമാണ് ആലപ്പുഴയില്‍ നാം കണ്ടത്. മതസാമുദായികസംഘടനകള്‍ നടത്തുന്ന സ്കൂളുകളില്‍ മോണിംഗ് അസംബ്ലി മുതല്‍ കൂട്ടമണിവരെയുള്ള കാലയളവിനുള്ളില്‍ അതാത് മതസമുദായങ്ങളുടെ വിശ്വാസസംഹിതകള്‍ പല രൂപത്തില്‍ കടന്നുവരാറുണ്ട്. ബിലീവേര്‍സ് ചര്‍ച്ച് സ്കൂളില്‍ നടന്നിരുന്ന പ്രാര്‍ത്ഥനകളിലും മറ്റും മുസ്ലിം മതവിശ്വാസിയായ നേരത്തെ പരാമര്‍ശിച്ച പെണ്‍കുട്ടിയും പങ്കെടുത്തിരുന്നതായി അവള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നിട്ടും തട്ടമിട്ടതിന്റെ പേരില്‍ അവള്‍ പുറത്താക്കപ്പെട്ടു.

ഇവിടെ പ്രശ്നം വിദ്യാലയങ്ങളില്‍നിന്നാണോ വിദ്യാര്‍ത്ഥി(നി)കളില്‍ നിന്നാണോ മതചിഹ്നങ്ങള്‍ ഒഴിവാക്കപ്പെടേണ്ടത് എന്നതാണ്. ഒരു സ്ഥാപനമെന്ന നിലക്ക് സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ അതിന്റെ നടത്തിപ്പുകാരുടെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും കടന്നുവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ വിവിധമതസ്ഥരായ അവിടുത്തെ കുട്ടികളുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ അത് ഒട്ടും സ്വാഭാവികമല്ലാത്ത അടിച്ചേല്‍പ്പിക്കലായി മാറുന്നു. പലപ്പൊഴും അവരുടെ മതവും, വിശ്വാസവും വിലക്കുന്ന കാര്യങ്ങള്‍പോലും അവര്‍ക്ക് ചെയ്യേണ്ടിവരുന്നു. നമ്മുടെതുപോലുള്ള ഒരു ബഹുസ്വരസമൂഹത്തെ സംബന്ധിച്ചിടത്തോളം ഇത് ഒഴിവാക്കപ്പെടെണ്ടതുതന്നെയാണ്. എന്നാല്‍ വിദ്യാര്‍ത്ഥി(നി)കള്‍ ഉപയോഗിക്കുന്ന മതചിഹ്നങ്ങള്‍ അവരുടെ വ്യക്തിപരമായ വിശ്വാസങ്ങളുടെയും ശീലങ്ങളുടെയും ഭാഗമാണ്. അവ ഇതരമതസ്ഥരായ സഹപാഠികളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയോ അവയുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയോ ചെയ്യുന്നില്ല. എന്നു മാത്രമല്ല, നമ്മുടേത് ഒരു ബഹുസ്വരസമൂഹമാണെന്നും അവിടെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമൊക്കെ അവരവരുടെ ആചാരാനുഷ്ഠാനങ്ങളുള്‍ക്കൊണ്ടുതന്നെ സഹവര്‍ത്തിക്കുന്നുവെന്നും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അവയുടെ നിഷേധം അതുകൊണ്ടുതന്നെ മൌലികാവകാശനിഷേധം തന്നെയാണ്.

ഇതൊരു ഒറ്റപ്പെട്ട പ്രശ്നമായിക്കണ്ട് തള്ളിക്കളയുന്നത് ആത്മഹത്യാപരമാണ്. എന്തുകൊണ്ടെന്നാല്‍ ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് ആശയവ്യക്തതയുണ്ടായില്ലെങ്കില്‍ സംഭവിക്കുന്നത് ഓരോ മതസമുദായങ്ങളില്‍ പെട്ടവരും അവരവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മാത്രം പഠിച്ചാല്‍മതി എന്ന ഒരു തീരുമാനത്തിലേക്ക് പൊതുസമൂഹം എത്തിച്ചേരുകയെന്നതാണ്. ക്രിസ്ത്യാനികള്‍ ക്രൈസ്തവവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ തന്നെ പഠിക്കണമെന്ന പവ്വത്തിലിന്റെ ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങള്‍ സൂചിപ്പിക്കുന്നത് അത്തരമൊരു അവസ്ഥാന്തരം അധികം അകലെയല്ല എന്നാണ്. ഒരു ബഹുസ്വരസമൂഹത്തില്‍ ഈവിധ തീരുമാനങ്ങള്‍ ഉണ്ടാക്കാവുന്ന മത സാമുദായിക ധ്രുവീകരണങ്ങളുടെ പ്രത്യാഘാതങ്ങള്‍ എത്ര വലുതായിരിക്കുമെന്നതിനെക്കുറിച്ച് വിശദീകരിക്കേണ്ടതില്ലെന്ന് തോന്നുന്നു. കൂണുപോലെ മുളച്ചുപൊന്തുന്ന സി ബി എസ് ഇ, ഐ സി എസ് ഇ ഉള്‍പ്പെടെയുള്ള അണ്‍-എയ്ഡഡ് സ്കൂളുകളുടെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങള്‍ അടിയന്തിരമായി നമ്മുടെ സര്‍ക്കാരുകള്‍ ഉണ്ടാക്കിയില്ലെങ്കില്‍ നാനാത്വത്തില്‍ ഏകത്വം തുടങ്ങിയ നമ്മുടെ ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കുന്ന പല ആശയങ്ങളും സമീപഭാവിയില്‍തന്നെ പുല്ലുതിന്നാത്ത ഏട്ടിലെ പശുവായി ചുരുങ്ങും, ഉറപ്പ്.

Thursday, April 22, 2010

തരൂര്‍: മാധ്യമങ്ങളുടെ വിശുദ്ധപശു

മന്ത്രിപുംഗവന്മാര്‍ ഉണ്ടാക്കുന്ന വിവാദങ്ങളൊ വിവാദപ്രേരിതങ്ങളായ രാജികളോ നമ്മുടെ രാഷ്ട്രീയമണ്ഡലത്തെയോ മാധ്യമലോകത്തെയോ സംബന്ധിച്ച് പുതുമയുള്ള ഒന്നല്ല. രാഷ്ട്രീയനിരീക്ഷകരെ സംബന്ധിച്ചിടത്തോളം വിദേശകാര്യസഹമന്ത്രിയായിരുന്ന ശശി തരൂരിന്റെ രാജി അപ്രതീക്ഷിതമായ ഒരു ഐ പി എല്‍ ഫലവുമായിരുന്നില്ല. പക്ഷേ നമ്മുടെ മാധ്യമങ്ങള്‍ ഇതിനെ ഏറ്റെടുത്തത് ഈ പറഞ്ഞ തലങ്ങളിലൊന്നുമായിരുന്നില്ല.കക്ഷിരാഷ്ട്രീയത്തിന്റെ അന്തര്‍നാടകങ്ങള്‍ക്കൊത്ത് വേഷം കെട്ടാനാവാത്ത ഒരു സ്വതന്ത്ര ബുദ്ധിജീവിയുടെ രാഷ്ട്രീയപ്രവേശത്തിന്റെ സ്വാഭാവികമായ ദുരന്തപരിസമാപ്തി എന്ന നിലയ്ക്കാണവര്‍ പ്രത്യക്ഷമായും പരോക്ഷമായും അതിനെ അവതരിപ്പിക്കാന്‍ ശ്രമിച്ചതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും. അതിനായി അവര്‍ മുന്നോട്ട് വെക്കുന്ന യുക്തികളാവട്ടെ നമ്മുടെ മധ്യവര്‍ഗത്തിന്റെ സമ്മതിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതും.

കൊളോണിയല്‍ ഹാങ്ങോവര്‍ എന്നൊക്കെ പറയുന്നത് പ്രയോഗമെന്ന നിലയ്ക്ക് ക്ലീഷേയായി കഴിഞ്ഞതാണെങ്കിലും നമ്മുടെ മധ്യവര്‍ഗത്തിന്റെ ബോധ, പെരുമാറ്റ സമ്പ്രദായങ്ങളില്‍ അത് ഇന്നും അടിയുറച്ചത് തന്നെയാണ്. ആംഗലപാണ്ഡിത്യം കേവലം ഒരു ഭാഷയെ വരുതിയിലാക്കുന്നതിലപ്പുറം സനാതനമായ സാംസ്കാരിക ഉന്നമനത്തിന്റെ പ്രതീകമാണെന്ന് ധരിച്ചുവച്ചിരിക്കുന്ന ഒരു തലമുറയെന്ന നിലക്ക് നമ്മള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും നമ്മുടെയുള്ളില്‍ ഈ ക്ലീഷേയുണ്ട്. ഇതിന്റെ പ്രവര്‍ത്തനം തന്നെയാവണം ഇംഗ്ലീഷില്‍ ‘അസൂയാവഹമായ’ പ്രാവീണ്യമുള്ള തരൂരിന്റെ വാക്കുകള്‍ റിപ്പോര്‍ട്ടുചെയ്തതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുവന്ന വീഴ്ചയാണ് അദ്ദേഹത്തെചൊല്ലി നടന്ന വിവാദങ്ങള്‍ക്കൊക്കെയും കാരണം എന്ന കുറ്റബോധത്തിലേക്ക് നമ്മുടെ മാധ്യമങ്ങളെ കൊണ്ടെത്തിക്കുന്നതും. ഇതിന്റെ ഉദാഹരണങ്ങള്‍ ഈ കഴിഞ്ഞ ഏതാനും മാസങ്ങളുടെ മാധ്യമചരിത്രത്തില്‍നിന്ന് നമുക്ക് അടര്‍ത്തിയെടുത്ത് പരിശോധിക്കാവുന്നതാണ്.

ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷിന്റെ പ്രാധാന്യം പരമാവധി പാടി നീട്ടിയാല്‍ എത്തുന്നത് ഒരു ലിങ്ക് ലാംഗ്വേജ് എന്നതുവരെയാണ്. അങ്ങനെ പറയുമ്പോള്‍ തന്നെയും ഒരു മികച്ച ജനപ്രതിനിധിക്ക് അനിവാര്യമായ ഗുണങ്ങളുടെ കൂട്ടത്തില്‍ ആംഗലപാണ്ഡിത്യം വരുന്നതേയില്ല. കാരണം ആ കുറവ് സാങ്കേതികമാണെന്നതും അതുകൊണ്ടുതന്നെ നികത്താനാവുന്നതാണെന്നതും തന്നെ. അങ്ങനെയിരിക്കെയാണ് ഒരാള്‍ തന്റെ അപാരമായ അമേരിക്കന്‍ ആംഗലപാണ്ഡിത്യം കൊണ്ട് നിരന്തരം വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. ഇക്കഴിഞ്ഞ ഇന്റര്‍ലൊക്യൂട്ടര്‍ വിവാദം തന്നെയെടുക്കാം. പ്രശ്നം അമേരിക്കയില്‍ പോയിട്ടില്ലാത്ത ‘അല്പാംഗല ബുദ്ധികളായ’ റിപ്പോര്‍ട്ടര്‍മാര്‍ കാര്യങ്ങള്‍ മനസ്സിലാക്കിയതില്‍ വന്ന പിഴവാണെന്നാണ് സ്വന്തം പ്രവര്‍ത്തകരെ തന്നെ കൈയൊഴിഞ്ഞുകൊണ്ട് നമ്മുടെ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാട്. "We feel that Saudi Arabia of course has a long and close relationship with Pakistan but that makes Saudi Arabia even a more valuable interlocutor for us." ഇതിലെ ഇന്റര്‍ലൊക്യൂട്ടര്‍ എന്ന പദത്തിന് കാംബ്രിഡ്ജ് അഡ്വാന്‍സ്ഡ് ലേണേഴ്സ് ഡിക്ഷ്ണറി തരുന്ന നിര്‍വചനം നോക്കാം: ‘someone who is involved in a conversation and who is representing someone else' സംഗതി സാങ്കേതികമായി മധ്യസ്ഥന്‍ എന്ന് അര്‍ത്ഥം വരുന്ന ഒന്നല്ലെങ്കില്‍ തന്നെയും സംഭാഷണത്തില്‍ നിര്‍മമനും നിഷ്പക്ഷനുമായി അഭിമുഖം നില്‍ക്കുന്ന ഒരു പങ്കാളിയെ മാത്രമല്ല ഈ വാക്ക് അര്‍ത്ഥം വെക്കുന്നതെന്ന് അദ്ദേഹത്തിന്റെ തന്നെ വിശദീകരണത്തില്‍ നിന്ന് മനസ്സിലാക്കാം.ആയിരുന്നുവെങ്കില്‍ പാകിസ്ഥാന്റെ ദീര്‍ഘകാല സുഹൃത്താണെന്നതുകൊണ്ട് സൌദി അറേബ്യ നമുക്ക് വിലമതിപ്പുള്ളൊരു ഇന്റര്‍ലൊക്യൂട്ടറാവുന്നു എന്ന് അദ്ദേഹം പറയേണ്ടതില്ലല്ലൊ. ഇത് കാലാകാലമായി നിലനിര്‍ത്തിപ്പോരുന്ന നമ്മുടെ വിദേശനയത്തിന് ഒത്തുപോവുന്നതാണോ എന്നതാണ് പ്രശ്നം. പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ക്ക് ഒരു നിലക്കും മൂന്നാമതൊരു രാജ്യത്തെ ഇടപെടുത്തേണ്ടതില്ല എന്നതല്ല നമ്മുടെ വിദേശനയമെന്ന് തരൂരിനെ കണ്ട് കണ്ട് നമ്മുടെ മാധ്യമങ്ങളിനി കവാത്ത് മറക്കുമോ?

ക്രിക്കറ്റിനെക്കുറിച്ചും ഓഹരിവിപണിയെക്കുറിച്ചുമൊക്കെ ആഴത്തില്‍(?) പഠിച്ചെഴുതി മലയാള നോവല്‍ സാഹിത്യത്തിന് ഒരു പുത്തന്‍ ശാഖതന്നെ സമ്മാനിച്ച എഴുത്തുകാരനണല്ലോ കെ എല്‍ മോഹനവര്‍മ്മ!! അദ്ദേഹം അടുത്തിടെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു, തരൂരിനെ മുഖാമുഖം കാണാനാവാത്ത വണ്ണം അപകര്‍ഷതാബൊധമുള്ളവരാണ് നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെന്ന്. നമ്മെ ഭരിക്കാനായി നമ്മളുടെ ഇടയില്‍ നിന്ന് നമ്മള്‍ തന്നെ തിരഞ്ഞെടുത്തവരുടെ അവസ്ഥ ഇതാണെങ്കില്‍ നമ്മള്‍ കന്നുകാലിക്ലാസുകാരുടെ അവസ്ഥ എന്തായിരിക്കും!

ഒരു ജനാധിപത്യ സമ്പ്രദായത്തെ സംബന്ധിച്ചിടത്തോളം ജനപ്രതിനിധികളുടെ ലളിതജീവിതമെന്നത് അവരുടെ വാങ്ങല്‍ ശേഷിയുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന ഒന്നല്ല. അത് ഒരാദര്‍ശവും നിഷ്ഠയുമൊക്കെ കൂടിയാണ്. പഞ്ചനക്ഷത്രഹോട്ടലില്‍ ഞാന്‍ താമസിച്ചത് എന്റെ സ്വന്തം പോക്കറ്റില്‍ നിന്ന് കാശുകൊടുത്തിട്ടാണ് എന്ന് പ്രസ്താവിച്ചപ്പോള്‍ തരൂര്‍ അനിശ്ചിതത്വത്തിലാക്കിയത് ജനാധിപത്യസംബന്ധിയായ ഒരു മൂല്യവ്യവസ്ഥയെതന്നെയായിരുന്നു. കന്നുകാലിക്ലാസ്സ് വിവാദത്തിലേക്കെത്തുമ്പോള്‍ ഇതൊന്നുകൂടി പ്രകടമാവുന്നു. മന്മോഹന്‍ സിംഗ് പറഞ്ഞതുപോലെ അതൊരു തമാശയാണ്: ഉപരി-മധ്യവര്‍ഗങ്ങളുടെ മാത്രം തമാശ! (ഗള്‍ഫില്‍ പലയിടങ്ങളിലും എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന ചിലവു കുറഞ്ഞ വ്യോമയാനസമ്പ്രദായം പുച്ഛരസത്തോടെ കെ എസ് ആര്‍ ടി സി എന്ന പേരില്‍ അറിയപ്പെടുന്നത് തമാശയുടെ ഭാഗമായി തന്നെയാണ്. പക്ഷേ ആ തമാശ ഒരേ സമയം പുറത്താക്കുന്നത് നാടനും വിദേശിയുമായ അല്പവരുമാനക്കാരുടെ ഒരു വലിയ ഭൂരിപക്ഷത്തെ തന്നെയാണ് എന്നതാണ് ഉപരി-മധ്യവര്‍ഗങ്ങള്‍ക്ക് പുറത്തുള്ളവരുടെ സെന്‍സ് ഓഫ് ഹ്യൂമറിന് അത് ദഹിക്കാതെ പോകുന്നതിന്റെ കാരണവും)

ഒരു കായിക ഇനം എന്ന നിലവിട്ട് ‘മഹത്വവല്‍ക്കരിക്കപ്പെട്ട ചൂതാട്ട’വും, കള്ളപ്പണത്തിന്റെ അലക്കുകേന്ദ്രവും ഒക്കെയായ് ഐ പി എല്‍ ചീഞ്ഞുനാറുമ്പോഴും ആവും വിധം തരൂരിനെ അത്തറു പൂശാനാണ് നമ്മുടെ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. കള്ളപ്പണത്തിന്റെയും കമ്പനിനിയമലംഘനങ്ങളുടെയും കഥകളെ എഴുതിതള്ളാനാവാതെ വരുമ്പോഴും അവര്‍ മുന്നോട്ടുവെക്കുന്നത് മലയാളിയെ ഏറ്റവും എളുപ്പത്തില്‍ പറ്റിക്കാവുന്ന ഒരു വാദമാണ്, വികസനം. പുറം മോടികളില്‍ ഭ്രമിച്ചുപോവുന്ന ഇടത്തരക്കാരന്റെ സമൂഹമനസ്സിന് പൊക്കവും വണ്ണവും നിറവുമുള്ളതൊക്കെ അഭിലഷണീയമാണ്. കൂറ്റന്‍ കാര്‍ണിവലുകള്‍ക്കുവേണ്ടി ദാഹിക്കുന്ന അവന്റെ കോശങ്ങള്‍ക്ക് വേനല്‍മഴയാണ് ഐ പി എല്‍. അത്തരമൊരു ഭാഷ്യമുള്ളിടത്തോളം കാലം തരൂരിനെ രാഷ്ട്രീയകുതിരകച്ചവടങ്ങള്‍ക്കിടയില്‍ പെട്ടുപോയ ഒരു ബലിയാടിന്റെ പ്രതിരൂപം നല്‍കി കുളിപ്പിച്ചെടുക്കുകയെന്നത് മാധ്യമങ്ങള്‍ക്ക് എളുപ്പമാണ്. കാരണം അത്തരമൊന്ന് വിശ്വസിക്കാന്‍ നമ്മുടെ മധ്യവര്‍ഗമനസ്സ് മുങ്കൂര്‍ സജ്ജമാണെന്നതു തന്നെ.

ആഴത്തില്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കേരളസമൂഹത്തില്‍ ശശി തരൂര്‍ too good for politics ആണെന്ന് വരുത്തിത്തീര്‍ക്കുമ്പോള്‍ മാധ്യമങ്ങള്‍ ഒരജണ്ട കൂടി ഒപ്പം നടപ്പാക്കുന്നുണ്ട്. അത് ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ അധികാരത്തിന്റെ അവസാനവാക്കായിക്കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റുകളുടേതാണ്.അതിന്റെ ഭാഗമായാണവര്‍ക്ക് പരോക്ഷമായാണെങ്കിലും തിരഞ്ഞെടുപ്പിനെയും,അതിലൂടെ നടത്തിക്കപ്പെടുന്ന ജനാധികാരത്തെയും അതിന്റെ പ്രതിനിധികളെയും ഒക്കെ ഒരു ദൂഷിതവലയത്തിനുള്ളില്‍പ്പെടുത്തി കാണേണ്ടിവരുന്നത്.ജനാധിപത്യമെന്നത് ഒരു കുതിരക്കച്ചവടമാണെന്ന് വരുത്തിതീര്‍ക്കാനുള്ള അവസരങ്ങളൊക്കെയും അവര്‍ ആഘോഷിക്കുന്നതും മറ്റൊന്നും കൊണ്ടല്ല.അമേരിക്കയെന്ന പേര് ആഗോളവല്‍ക്കരിക്കപ്പെട്ട വര്‍ത്തമാനലോകത്ത് പ്രതിനിധാനം ചെയ്യുന്നത് ഒരു ഭൂപ്രദേശത്തെയ്വോ അവിടത്തെ മനുഷ്യരെയോ എന്നതിലുപരി കോര്‍പ്പറേറ്റ് കേന്ദ്രീകൃതമായ ഒരധികാരവ്യവസ്ഥയെയാണ്. ആ വ്യവസ്ഥയാവട്ടെ മനുഷ്യവംശത്തിന്റെ ബഹുസ്വരതയെ തീര്‍ത്തും അംഗീകരിക്കാത്ത ഒന്നും. ദേശീയഗാനാലാപനത്തിലൂടെ രാജ്യസ്നേഹം പ്രകടമാക്കാനുള്ള ഏകവഴി അമേരിക്കന്‍ മാതൃകയില്‍ നെഞ്ചോട് കൈ ചേര്‍ത്ത് വെക്കുകയാണെന്ന് പൊതുവേദിയില്‍ വച്ച് ശഠിക്കുന്നിടത്ത് തരുര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തെ വ്യക്തമാക്കുന്നത് താന്‍ അത്തരമൊരു കേന്ദ്രീകരണത്തിന്റെ പ്രതിനിധിയാണെന്നാണ് . ഏതു വിധേനയും ഒരു ഗ്രീന്‍ കാര്‍ഡ് സംഘടിപ്പിക്കുകയാണ് ജീവിതവിജയത്തിനുള്ള ഏകവും പരമവുമായ പോംവഴിയെന്ന് വിശ്വസിക്കുന്ന നമ്മുടെ മദ്ധ്യവര്‍ഗ്ഗ മനസ്സിനാവട്ടെ ഇതിനോടൊക്കെ സര്‍വാത്മനാ യോജിപ്പുമാണ്. ആ സമ്മതിയുടെ വിപണനമാണ് നമ്മുടെ മാധ്യമങ്ങള്‍ നടപ്പിലാക്കുന്നത്.

അമ്മയെത്തല്ലിയാലെന്ന പോലെ തരൂര്‍ വിവാദത്തിനും രണ്ടു പക്ഷമുണ്ട്. അവ കോര്‍പ്പറേറ്റ് അനുകൂലവും അല്ലാത്തതുമാണ്. ഇതിലാര്‍ക്കും ഏത് പക്ഷവും പിടിക്കാം. പക്ഷേ ജനപക്ഷമെന്ന വ്യാജേന കോര്‍പ്പറേറ്റ് അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നല്ലെങ്കില്‍ നാളെ തിരീച്ചറിയപ്പെടുക തന്നെ ചെയ്യും.

Monday, April 5, 2010

വെറുപ്പിന്റെ വിവാഹസമ്മാനം

सारे जहाँ से अच्छा, हिन्दोस्तां हमारा
(Better than all the world, is our India)
ഏതൊരു ഭാരതീയനും മനപാഠമായ മുഹമ്മദ് ഇക്ബാല്‍ രചിച്ച ഈ ദേശഭക്തിഗാനത്തിന്റെ ആദ്യവരിയില്‍നിന്ന് നാം വായിച്ചെടുക്കേണ്ടത് മുഴുവന്‍ ലോകത്തെക്കാളും മികച്ചതാണ് നമ്മുടെ ഇന്ത്യ എന്ന അന്ധമായ ദേശാഭിമാനത്തെയല്ല, മറിച്ച് ലോകത്തെ ഏതു സ്വര്‍ഗത്തെക്കാളും മെച്ചമാണ് ഒരിന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം അവന്റെ മാതൃരാജ്യമെന്ന എളിമയുള്ളതും മാനവികവുമായ ദേശസ്നേഹത്തെയാണ്. ഒരു രാജ്യസ്നേഹിയായിരിക്കാന്‍ ആരും ഇതരരാജ്യങ്ങളെയും അവിടുത്തെ മനുഷ്യരെയും വെറുത്തു മാറ്റിനിര്‍ത്തേണ്ടതില്ല. സ്നേഹത്തിന്റെ ഭാഷ, അത് മനുഷ്യസ്നേഹമായാലും രാജ്യസ്നേഹമായാലും സ്നേഹത്തിന്റേതു മാത്രമാണ്, വെറുപ്പിന്റേതല്ല. ദൌര്‍ഭാഗ്യവശാല്‍ സ്വതന്ത്രഇന്ത്യയുടെ രൂപീകരണം മുതല്‍ പ്രത്യക്ഷമായും പരോക്ഷമായും നമ്മള്‍ പഠിപ്പിക്കപ്പെട്ടത് സ്നേഹത്തിന്റേതായ ദേശാഭിമാനത്തിനു പകരം വെറുപ്പിന്റേതായ ഒന്നായിരുന്നു. ഇതാവട്ടെ പലപ്പോഴും അധികാരിവര്‍ഗം തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കനുസരിച്ച് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതും. അങ്ങനെയാണ് ഒരു രാജ്യസ്നേഹിയായ ഇന്ത്യക്കാരനാവാന്‍ പാക്കിസ്ഥാനെയും ചൈനയെയും എന്നല്ല, പാക്കിസ്ഥാനിയെയും ചൈനക്കാരനെയും വരെ വെറുത്തേ മതിയാവൂ എന്ന പൊതുബോധത്തിലേക്ക് നമ്മുടെ സമൂഹമനസ്സ് ചുരുക്കപ്പെട്ടത്. ഇത്തരം ഇടുങ്ങിയ ദേശീയതയുടെ മറ്റൊരാളിക്കത്തല്‍ മാത്രമാണ് സാനിയ - ഷോയിബ് വിവാഹവിവാദത്തില്‍ നിന്നും നമുക്ക് വായിച്ചെടുക്കാനാവുന്നത്.

സാനിയയെന്ന സ്ത്രീയോ, ഇന്ത്യക്കാരിയോ, ടെന്നീസ്താരമോ ഷോയിബ് മാലിക്കെന്ന പുരുഷനെയോ, പാക്കിസ്ഥാനിയെയോ, ക്രിക്കറ്റ് താരത്തെയോ വിവാഹം കഴിക്കുന്നതില്‍ മറ്റൊരു ഇന്ത്യക്കാരനോ പാക്കിസ്ഥാനിക്കോ ഉന്നയിക്കാവുന്ന നിയമപരമോ ധാര്‍മികമോ ആയ പ്രശ്നം എന്താണ്? അത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഷോയിബിന്റെ ആദ്യവിവാ‍ഹവുമായി ബന്ധപ്പെട്ടത് മാത്രമാണ്(ടെലിഫോണിലൂടെ നടന്നതെന്ന് പറയപ്പെടുന്ന ഈ വിവാഹം ഇരുപക്ഷത്തും സംശയകരമായ ഒരുപാട് അവ്യക്തതകളും പൊരുത്തക്കേടുകളും അവശേഷിപ്പിക്കുന്നുണ്ട് എന്നതു സത്യം). അതാവട്ടെ കോടതിയുടെ പരിഗണനയിലുമാണ്. അപ്പോള്‍ പിന്നെ ഈ നടക്കുന്ന വിവാദങ്ങളും പ്രതിഷേധപ്രകടനങ്ങളും ലേഖനമെഴുത്തും മുന്നോട്ടുവെക്കുന്നത് എന്താണ്?

“had Sania's heart been Indian, it wouldn't have beaten for a Pakistani." ശിവസൈന്യാധിപനാ‍യ താക്കറെയില്‍ നിന്ന് ഇത്തരമൊരു വാചകം ആരും പ്രതീക്ഷിക്കുന്നതാണ്. എന്നാല്‍ താക്കറെയുടെ രാഷ്ട്രീയത്തോട് കടുത്ത എതിര്‍പ്പുള്ളവര്‍ പോലും ഇപ്പറഞ്ഞതിലിത്തിരി കാര്യമുണ്ട് എന്ന നിലക്ക് പ്രതികരിക്കുന്നതാണ് ആശ്ചര്യകരം. എന്താണീ വൈരുദ്ധ്യത്തിനു കാരണം? ഉത്തരം ലളിതമാണ്. നമ്മുടെ രാജ്യസ്നേഹത്തെ സംബന്ധിച്ചിടത്തോളം നേര്‍വിപരീതമാണ് പാക്കിസ്ഥാന്‍.

എന്താണീ പാക്കിസ്ഥാന്‍? ഒരു ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം മുംബൈ ഭീകരാക്രമണം തൊട്ട് കാര്‍ഗില്‍ തൊട്ട് പിന്നോട്ട് പന്തലിച്ചുകിടക്കുന്ന മനുഷ്യത്വരഹിതമായ ഒരു വില്ലന്‍ പരിവേഷമാണത്. എന്നാല്‍ പതിനേഴ് കോടിയോളം വരുന്ന പാക്കിസ്ഥാനി സിവില്‍ സമൂഹത്തിന് മേല്പറഞ്ഞ സംഭവങ്ങളില്‍ എന്ത് പങ്കാണുണ്ടായിരുന്നത് എന്നു കൂടി ചിന്തിക്കേണ്ടതില്ലേ? ഒരു ജനാധിപത്യരാജ്യമായിരുന്നിട്ടുകൂടി ഇന്ത്യാഗവണ്മെന്റ് എടുക്കുന്ന രാഷ്ട്രീയതീരുമാനങ്ങക്ക് നൂറു കോടിയോളം വരുന്ന ഇന്ത്യക്കാരില്‍ എത്ര ശതമാനത്തിന്റെ പിന്തുണ അവകാശപ്പെടാനാവും? അപ്പോള്‍ പിന്നെ ജനാധിപത്യം പേരിനുമാത്രമുള്ള, പട്ടാളമേധാവിത്വം കൊടികുത്തിവാഴുന്ന ഒരു ഭരണകൂടത്തിന്റെയോ അതിലെ ചില വിഭാഗങ്ങളുടെയോ ചെയ്തികളുടെ പേരില്‍ അവിടുത്തെ ജനങ്ങളെ മുഴുവന്‍ പ്രതിസ്ഥാനത്തു നിര്‍ത്തുന്നത് എന്തു നീതിയാണ്?

ഒരു വ്യക്തിയെന്ന നിലയില്‍ ലോകത്തെ ഏതു പൌരനെയും പ്രണയിക്കാനും വിവാഹം കഴിക്കാനുമുള്ള അവകാശം സാനിയക്കുണ്ട്. അതിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളും ഉയര്‍ത്തുന്ന വിവാദങ്ങളും അവരുടെ മനുഷ്യാവകാശങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയാണ്. ലോകടെന്നീസ് ഭൂപടത്തില്‍ നമുക്കൊരു സ്ഥാനം നേടിത്തന്ന സാനിയയെന്ന കളിക്കാരിക്ക് നാം നല്‍കേണ്ടിയിരുന്ന വിവാഹസമ്മാനം ഇതായിരുന്നില്ല.

Monday, March 22, 2010

ബച്ചന്‍ വിവാദത്തിലെ രാഷ്ട്രീയം

‘വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം നോക്കരുത്’. കഴിഞ്ഞ കുറേ കൊല്ലങ്ങളായി നമ്മുടെ മധ്യവര്‍ഗ്ഗസമൂഹം തലയില്‍ കൈവച്ച് പറഞ്ഞുകൊണ്ടിരിക്കുന്നൊരു വാചകമാണിത്. ഇതിനെ ആറ്റിക്കുറുക്കി ‘വികസനത്തിന് രാഷ്ട്രീയമില്ല’ എന്നു മുറുക്കിയെടുത്തവരില്‍ ബുദ്ധിജീവികളും പ്രൊഫഷണലുകളും ബ്യൂറോക്രാറ്റുകളും ശാസ്ത്രജ്ഞരും തൊട്ട് രാഷ്ട്രീയക്കാര്‍ വരെയുണ്ട്. ചാനലുകളിലും പൊതുസമൂഹത്തിലുമുള്‍പ്പെടെ ഇത് ചര്‍ച്ചകളിലാകെ നിറഞ്ഞുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ അടുത്തിടെ നടന്ന ബച്ചന്‍ വിവാദത്തിലും ഇതാവര്‍ത്തിച്ചു കേട്ടതില്‍ അതിശയിക്കാനൊന്നുമില്ല. പ്രശ്നമതല്ല. ഒരു സമൂഹത്തിന്റെ വികസനമെന്നത് പല തലങ്ങളിലാണ് നടപ്പിലാവുന്നത്. വിദ്യാഭ്യാസവും ആരോഗ്യവും മുതല്‍ കൃഷിയും വ്യവസായവുംവരെ ഇതില്‍ പെടുന്നു. ആദ്യം പറഞ്ഞത് പോലെ വികസനത്തില്‍ രാഷ്ട്രീയം പാടില്ലെങ്കില്‍ ഈ മേഖലകളിലൊന്നും തന്നെ അതു പാടില്ല. അപ്പോള്‍പിന്നെ ഒരു വികസ്വരസമൂഹത്തില്‍ രാഷ്ട്രീയം അനുവദനീയമാവുന്നത് എവിടെയാണ്? തിരഞ്ഞെടുപ്പില്‍ മാത്രമോ?

വോട്ടുചെയ്യുക എന്നതില്‍ കവിഞ്ഞ് നമ്മുടെ രാഷ്ട്രീയത്തില്‍ നമുക്ക് പങ്കില്ല എന്നുവരുന്നത് അപകടകരമായ ഒരവസ്ഥയാണ്. അതിലും അപകടകരമാണ് മത്സരിക്കുന്ന ഒരു കക്ഷിയിലും മുന്നണിയിലും വിശ്വാസമില്ലാത്തതുകൊണ്ട് വോട്ടേ ചെയ്യാതെ മാറിനില്‍ക്കുന്നത്. നിലവിലുള്ള രാഷ്ട്രീയസാഹചര്യങ്ങളില്‍ ഒരു മനുഷ്യന്‍ പിന്നെ എന്താണ് ചെയ്യേണ്ടത് എന്നൊരു ചോദ്യം സ്വാഭാവികമായും ഉയരാം. പക്ഷേ അതിനു മറുപടിയില്ല എന്ന് വിശ്വസിക്കുന്നത് ഒരുതരം കണ്ണടച്ച് ഇരുട്ടാക്കലാണ്. ഒരു ജനാധിപത്യസമൂഹത്തിന്റെ രാഷ്ട്രീയത്തില്‍നിന്ന് അതിന്റെ അടിസ്ഥാനഘടകമായ പൊതുജനത്തിന് അവര്‍ ഇച്ഛിച്ചാല്‍ തന്നെ എങ്ങനെ മാറിനില്‍ക്കാനാവും? നമ്മുടെ നാട്ടിലെ വിവിധരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ വാര്‍ഡ്തലം മുതല്‍ ദേശീയതലം വരെയുള്ള അംഗത്വത്തില്‍ പിതാവിനുശേഷം പുത്രനെന്ന പ്രവേശനപദ്ധതിയല്ല നിലവിലുള്ളത് എന്നിരിക്കെ അവയില്‍ വന്നുപെട്ട ജീര്‍ണ്ണതകള്‍ക്ക് ഉത്തരവാദികള്‍ ഏതെങ്കിലും ചില വ്യക്തികളോ കുടുബങ്ങളോ മാത്രമാണോ? ആശയംതൊട്ട് പ്രയോഗംവരെ അവയുടെ നയരൂപീകരണത്തിലും നടത്തിപ്പിലും ഏതൊരു സാധാരണപൌരനും തന്റേതായ പങ്കാളിത്തം വഹിക്കാനാവുമെന്നിരിക്കെ എല്ലാറ്റില്‍നിന്നും മാറിനിന്ന് എല്ലാം കണക്കാണ്, നല്ല കാര്യങ്ങളില്‍ രാഷ്ട്രീയം നോക്കരുത് എന്നൊക്കെ കാടടച്ച് വെടിവെക്കുന്നത് നമ്മുടെ ജനാധിപത്യത്തെ എവിടെ കൊണ്ടെത്തിക്കും? ഒരുപടിയുംകൂടി കടന്ന് ജനാധിപത്യത്തിലേ കാര്യമില്ലെന്ന് പറഞ്ഞാല്‍ ചര്‍ച്ചയവസാനിപ്പിച്ച് എഴുന്നേല്‍ക്കുകയേ നിവര്‍ത്തിയുള്ളൂ.

ഒരു സമൂഹത്തിന്റെ നിലനില്പിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന ഒന്നാണ് അതിന്റെ രാഷ്ട്രീയം. അതുകൊണ്ടുതന്നെ അതിലൊന്നായ വികസനത്തിലും ആരംഗീകരിച്ചാലും ഇല്ലെങ്കിലും ഒരു രാഷ്ട്രീയമുണ്ടാവും. ആ രാഷ്ട്രീയമാവട്ടെ എല്ലാം കണക്കാണ് എന്ന ഒഴുക്കന്‍മട്ടില്‍ ഒഴിവാക്കിക്കളയാനാവാത്തവണ്ണം ഓരോ മനുഷ്യനെയും സ്പര്‍ശിക്കുന്നതും. ജിഡിപിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ തിളങ്ങുന്നുവെന്നും ലോകശക്തിയായി വളരുന്നുവെന്നും ഒക്കെ അവകാശപ്പെടുന്നവരുടെ വികസനസങ്കല്പങ്ങള്‍ക്ക് അതിന്റെതായ ഒരു രാഷ്ട്രീയമുണ്ട്. ആഗോളതലത്തില്‍ അതിന്റെ വിളിപ്പേര് വലതുരാഷ്ട്രീയം എന്നാണ്. അതേസമയം ജിഡിപിയിലെ വളര്‍ച്ച സമൂഹത്തില്‍ തുല്യമായി വീതിക്കപ്പെടാത്തിടത്തോളം കാലം അത് വിവിധവിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം കുറക്കാന്‍ സഹായകമാകില്ലെന്നും അതുകൊണ്ടുതന്നെ എല്ലാ മനുഷ്യരുടെയും ജീവിതനിലവാരം ഒരുപോലെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതല്ലാത്ത വികസനപദ്ധതികള്‍ സ്വീകാര്യമല്ലെന്നും വാദിക്കുന്നവരുടെ രാഷ്ട്രീയം മേല്പറഞ്ഞതില്‍നിന്ന് വ്യത്യസ്തവും ഇടതുപക്ഷവുമാണ്. അതായത് കുടുംബശ്രീമുതല്‍ ആണവക്കരാറുവരെയുള്ള എല്ലാ വികസനപദ്ധതികളിലും രാഷ്ട്രീയമുണ്ട്. നടപ്പാക്കലില്‍ എത്രയൊക്കെ വെള്ളം ചേര്‍ന്നാലും ഇവ വ്യത്യസ്തങ്ങള്‍ തന്നെയാണ്.

വികസനകാര്യങ്ങളില്‍ രാഷ്ട്രീയം നോക്കരുതെന്ന വാദം രാഷ്ട്രീയവിമുക്തമല്ലെന്നതിനും അത് നൂറുശതമാനം വലതുപക്ഷം ചേര്‍ന്നുനില്‍ക്കുന്നതാണെന്നതിനും ഏറെ വിശദീകരണങ്ങളാവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇവിടെയാണ് കേരളത്തിലെ ഇടതുപക്ഷസര്‍ക്കാറിന്റെ ടൂറിസം അംബാസഡറായി അമിതാഭ് ബച്ചനെത്തുന്നത് അതിന്റെ രാഷ്ട്രീയവുമായി പൊരുത്തപ്പെടാതെ മുഴച്ചുനില്‍ക്കുന്നത്. ഇതൊന്നും കണക്കിലെടുക്കാത്ത അപക്വമായ ആ തീരുമാനത്തെ അല്പം വൈകിയാണെങ്കിലും കേന്ദ്രനേതൃത്വം തിരുത്തിയത് രാഷ്ട്രീയവരട്ടുവാദമല്ല, രാഷ്ട്രീയം തന്നെയാണ്. അതിനോട് അവനവന്റെ രാഷ്ട്രീയകാഴ്ചപ്പാടുകള്‍ക്കനുസരിച്ച് ആര്‍ക്കും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയം നോക്കരുത് എന്നത് ഒരു പൊതുതത്വമായി മുന്നോട്ടുവെക്കരുത്. കാരണം അങ്ങനെ ചെയ്യുന്നതിലൂടെ അവര്‍ നിര്‍ദ്ദേശിക്കുന്നത് രാഷ്ട്രീയത്തിന്റെ പൊതുവായ ഇല്ലാതാവലല്ല, മറിച്ച് ഇടതുപക്ഷരാഷ്ട്രീയത്തിന്റെ മാത്രം ഇല്ലാതാവലാണ് എന്നതുതന്നെ.

Thursday, March 4, 2010

വെളിച്ചത്തിരുന്ന് സിനിമ കാണുമ്പോള്‍...

കഴിഞ്ഞ ഒന്നുരണ്ടാഴ്ചകളായി നമ്മുടെ മാധ്യമങ്ങള്‍ ഒരു മുഖ്യധാരാസാംസ്കാരികപ്രതിസന്ധിയെന്ന നിലയ്ക്ക് മുന്നോട്ടുവെച്ചുകൊണ്ടിരിക്കുന്നതാണ് തിലകന്‍-അമ്മ-അഴീക്കോട് വിവാദം. എന്നിട്ടും സാധാരണക്കാര്‍ പോലും ഇതില്‍ അഭിപ്രായം പറയാന്‍ മടിക്കുന്നത് ഇക്കാലത്തെ ഏതു മുഖ്യധാരാസിനിമയെയും പോലെ യുക്തിക്കു നിരക്കുന്നതല്ല ഈ വിവാദത്തിന്റെ ഇരുപക്ഷത്തും നിരക്കുന്നവര്‍ മുന്നോട്ടുവെക്കുന്ന കാര്യകാരണപൊരുത്തങ്ങള്‍ എന്നതുതന്നെയാവും.

തനിക്കു തൊഴില്‍ നിഷേധിക്കുന്നു, തന്നെ സിനിമകളില്‍നിന്ന് വിലക്കുന്നു എന്നിങ്ങനെയുള്ള മുറവിളികള്‍ തിലകന്‍ ഉയര്‍ത്താന്‍ തുടങ്ങിയത് ഈയിടെയൊന്നുമല്ല. നാമിത് ആദ്യമായി കേള്‍ക്കുന്നത് ഒരു വര്‍ഷത്തിനോ മറ്റോ മുന്‍പാണ്. അതൊന്നു കെട്ടടങ്ങിയ ശേഷം കുറെ കാലം തിലകന്‍ മിണ്ടാതിരുന്നു. ഈ കാലയളവില്‍ സൂപ്പര്‍താരങ്ങളുടേതുള്‍പ്പെടെ പല സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. പ്രശ്നം വീണ്ടും ഉയര്‍ന്നുവന്നത് ‘കൃസ്ത്യന്‍ ബ്രദേര്‍സ്’ എന്ന ജോഷിചിത്രത്തിന്റെ ഷൂട്ടിംഗിനോടനുബന്ധിച്ചാണ്. ചില സൂപ്പര്‍ താരങ്ങളുടെ ഇടപെടലുകള്‍ കാരണമാണ് തനിക്ക് ഈ സിനിമ നഷ്ടപ്പെട്ടതെന്ന് തിലകന്‍ മാധ്യമങ്ങളിലൂടെ തുറന്നടിച്ചതോടുകൂടിയാണ് വിവാദം വീണ്ടും കത്തിപ്പിടിച്ചത്.

തിലകനെപ്പോലൊരു നടനെ എന്തിന് ആരെങ്കിലും സിനിമയില്‍നിന്ന് വിലക്കണമെന്നതാണ് ഉത്തരമാവശ്യപ്പെടുന്ന ആദ്യചോദ്യം. അതിനു തിലകന്‍ നല്‍കുന്ന മറുപടി തന്റെ അഭിനയം സൂപ്പര്‍ താരങ്ങളെ കവച്ചുവക്കുമോ എന്ന അവര്‍ക്കുണ്ടായ സംശയത്തില്‍നിന്നുണ്ടായതാണീ വിലക്ക് എന്നതാണ്. അങ്ങനെയെങ്കില്‍ തിലകന്‍ തന്റെ അഭിനയ ജീവിതത്തിന്റെ ഉജ്ജ്വലകാലഘട്ടത്തിലും ഇപ്പറഞ്ഞ താരങ്ങള്‍ക്കൊത്ത് ഒരുപാടു ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. അന്നൊന്നും അവര്‍ക്കുണ്ടാവാത്ത സംശയം ഇപ്പോഴെങ്ങനെ ഉണ്ടായി എന്ന് ആരും ചോദിച്ചോ പറഞ്ഞോ കേട്ടില്ല. ഇതേ പ്രശ്നത്തില്‍ സിനിമാസംഘടനകളായ അമ്മയും ഫെഫ്കയും പറഞ്ഞുകൊണ്ടിരിക്കുന്നത് തങ്ങള്‍ ആരെയും വിലക്കിയിട്ടില്ല എന്നാണ്. പിന്നെയെന്തിന് തിലകന്‍ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നുവെന്ന് ചോദിച്ചാല്‍ ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടെന്ന് ധരിക്കുന്ന തരമൊരു മനോനിലയിലാണ് കുറെ കാലമായി തിലകന്‍ എന്നതാണ് അവരുടെ മറുപടി. അങ്ങനെയെങ്കില്‍ സംഗതി മനോരോഗം തന്നെയാണ്. താന്‍ ‘വേണ്ടിവന്നാല്‍ നിരത്തു’മെന്ന് പറഞ്ഞ രേഖകളും തെളിവുകളുമൊന്നും ഈ വിവാദത്തിന്റെ ഒരു ഘട്ടത്തിലും അദ്ദേഹം നിരത്തിയിട്ടില്ല എന്നത് ഈ സംശയത്തിനു ബലമേകുന്നു.

ഇങ്ങനെയിരിക്കുമ്പോഴാണ് കാര്യങ്ങള്‍ക് കൊഴുപ്പേകിക്കൊണ്ട് സുകുമാര്‍ അഴീക്കോടിന്റെ രംഗപ്രവേശം. ഒരു സാംസ്കാരികപ്രശ്നത്തിലിടപെടാനും അഭിപ്രായം പറയാനുമൊന്നും അറിയപ്പെടുന്ന ഒരു സാംസ്കാരികനായകനെന്ന നിലയ്ക്ക് അദ്ദേഹത്തിന് ഒരു സംഘടനയുടെയും അംഗത്വമോ സ്വഭാവസര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല എന്നത് കാര്യം. എങ്കിലും കൊച്ചുപെണ്‍കുട്ടികളെ നായികമാരാക്കി ‘വിഗ്ഗുവെച്ച കപടയൌവന’ത്തില്‍ അഭിരമിച്ചുകൊണ്ടിരിക്കുന്നവര്‍ എന്നിങ്ങനെയൊക്കെയുള്ള അദ്ദേഹമുന്നയിക്കുന്ന ആക്ഷേപങ്ങളില്‍ പക്ഷേ സഭ്യതയെന്നല്ല യുക്തിയുമില്ല. സിനിമ ആത്യന്തികമായി സംവിധായകന്റെ സൃഷ്ടിയാണ്. അയാള്‍ക്ക് വേണ്ടുന്നത് പരമാവധി ഭംഗിയായി ചെയ്തു ഫലിപ്പിക്കുക എന്നതു മാത്രമാണ് അതുമായി സഹകരിക്കുന്ന ഓരോരുത്തരുടെയും ജോലി. തന്റെ കഥാപാത്രങ്ങള്‍ക്ക് ആരൊക്കെ ജീവന്‍ നലകണമെന്നത്, അവരുടെ ഭാവഹാവങ്ങള്‍ എന്തൊക്കെയായിരിക്കണമെന്നത് വിഗ്ഗും മേക്കപ്പും ഉടുപ്പിന്റെ നിറവുമുള്‍പ്പെടെ തീരുമാനിക്കുന്നത് അയാളാണ്. ആ നിലക്ക് അഴീക്കോടിന്റെ രോഷം കേന്ദ്രീകരിക്കപ്പെടേണ്ടത് പാവം നടീനടന്മാരിലല്ല, സംവിധായകരിലാണ്. മാത്രമല്ല, ഇപ്പറഞ്ഞ നടന്മാരൊക്കെ നല്ല പ്രായത്തില്‍ തലവടിച്ച് തൊലിയും ചുളുക്കി വടികുത്തിയും അഭിനയിച്ചിരുന്നു. അന്നൊന്നും ആരും കപടവാര്‍ദ്ധക്യമെന്ന് അപലപിച്ചു കേട്ടിരുന്നില്ല.

ഇതൊന്നും കൂടാതെയാണ് ധാര്‍മികത നോക്കാതെ പരസ്യങ്ങളില്‍ അഭിനയിക്കുന്നുവെന്നും ജനപ്രീതി വിറ്റ് കാശാക്കുന്നുവെന്നുമൊക്കെയുള്ള ആരോപണങ്ങള്‍. പരസ്യത്തിന്റെ ധാര്‍മികതയെന്നത് അതിനായി പണം മുടക്കുന്നവന്‍ പരസ്യപ്പെടുത്താന്നാഗ്രഹിക്കുന്നതിനെ പരമാവധി ആളുകളിലേക്ക് ഫലപ്രദമായി കൊണ്ടെത്തിക്കുകയെന്നത് മാത്രമാണ്. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞതരം ധാര്‍മികതാസിദ്ധാന്തങ്ങള്‍ പരസ്യമേഖലയെ മുഴുവന്‍ ആദ്യം അഭിസംബോധന ചെയ്യണം. എന്നിട്ടുവേണം വിമര്‍ശനഖഡ്ഗം അതിലെ മോഡലിലേക്കും ക്യാമറാമാനിലേക്കും ലൈറ്റ്ബോയിയിലേക്കുമൊക്കെ നീട്ടേണ്ടത്. വിശാലമായ അര്‍ത്ഥത്തില്‍ അവതാരികയെഴുത്തും സ്വീകരണ,സമ്മാനദാനസമ്മേളനങ്ങളിലെ വേദിയറിഞ്ഞുള്ള നാലുവാക്കു പറഞ്ഞുപോക്കും ഒക്കെ പരസ്യാഭിനയം തന്നെ. ഇത്തരമൊരു സമ്മേളനത്തില്‍ വെച്ച് സാക്ഷാല്‍ അഴീക്കോട് മമ്മൂട്ടിയെ വര്‍ണ്ണിച്ചത് ‘മലയാളസിനിമയുടെ സൂര്യതേജസ്’ എന്നാണ്. അതേ മമ്മൂട്ടിയെയാണ് കൂ‍ളിംഗ്ലാസ് നടനെന്ന് തിലകന്‍ പരോക്ഷമായി ആക്ഷേപിച്ചതും അഴീക്കോട് പിന്നീട് ഏറ്റുപിടിച്ചതും. അപനിര്‍മ്മിക്കുമ്പോള്‍ എല്ലാം അപനിര്‍മ്മിക്കണ്ടേ!

എന്തൊക്കെ പറഞ്ഞാലും ‘സരസ്വതീകടാക്ഷമുള്ള’ നാവാണ് അഴീക്കോടിന്റേത്. ‘വല്ലവരും എഴുതിക്കൊടുക്കുന്നത്’ കേട്ടുപറഞ്ഞുമാത്രം ശീലമുള്ളവര്‍ അങ്ങനെയൊരാളിനെതിരെ വാക്പയറ്റിനിറങ്ങും മുന്‍പ് തങ്ങളുടെ ഡയലോഗ് കഴിഞ്ഞാലുടന്‍ കട്ട് പറയാന്‍ ഇവിടെ സംവിധായകരില്ലെന്നെങ്കിലും മനസ്സിലാക്കിയിരിക്കണം. ഇല്ലെങ്കില്‍ സ്ലോമോഷനില്‍ തിരിഞ്ഞുനടക്കുന്നതിനു പകരം മറുപക്ഷത്തുനില്‍ക്കുന്നവന്‍ പറയുന്ന മറുപടി കേട്ട് നാവിറങ്ങിപ്പോവുന്ന അവസ്ഥയാവുമെന്ന് ചുരുങ്ങിയത് ഇന്നസെന്റിനെങ്കിലും ഇപ്പോള്‍ മനസ്സിലായിക്കാണും(ഉവ്വോ..അതോ ഡിക്ഷ്ണറി അര്‍ത്ഥം പോലെ...).

നമ്മുടെ മാധ്യമങ്ങള്‍ ഈ നക്ഷത്രവിവാദത്തെ ശരിക്കും ആഘോഷിക്കുകയായിരുന്നു. തിലകനെങ്കിലും ഇപ്പോള്‍ അത് മനസ്സിലായിക്കാണും. ചര്‍ച്ചകളെ തനിക്ക് തൊഴില്‍നിഷേധിക്കപ്പെടുന്നുവെന്ന മുഖ്യപ്രശ്നത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ പല ചാനലുകളിലായി ഇദ്ദേഹം നടത്തുന്ന ദയനീയശ്രമങ്ങള്‍ തന്നെ ഇതിനു തെളിവ്. മാധ്യമങ്ങള്‍ തിലകന്‍ പ്രശ്നത്തെ ഏറ്റെടുത്തത് അതൊരു തൊഴില്പ്രശ്നമായതുകൊണ്ടല്ല, നക്ഷത്രപ്രശ്നമായതു കൊണ്ടാണ്. ഇതു മനസ്സിലാക്കാന്‍ ഇക്കഴിഞ്ഞ കുറെ ദിവസങ്ങളിലെ വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. വായില്‍നിന്ന് വീഴുന്നതിനെയൊക്കെ (വീഴാത്തതിനെയും) ചൂടാറും മുന്‍പ് മറുചെവിയിലെത്തിച്ച് അവിടെനിന്ന് തിളയ്ക്കുന്ന മറുപടികള്‍ ഇറ്റിച്ചെടുക്കുന്ന മാധ്യമതന്ത്രം അഴീക്കോടിനും താരങ്ങള്‍ക്കും മനസ്സിലായാലും ഇല്ലെങ്കിലും കണ്ടിരിക്കുന്നവര്‍ക്ക് വ്യക്തമായി മനസ്സിലാവുന്നുണ്ട്. മോഹന്‍ലാലിനെതിരെ സഹോദരന്റെ സ്വത്ത് അപഹരണം പോലെ ഗുരുതരമായ ആരോപനങ്ങള്‍ ഒരടിത്തറയുമില്ലാതെ ഉന്നയിച്ച് സാംസ്കാരികലോകത്തെ തന്റെ പ്രതിച്ഛായയെതന്നെ സ്വയം താറടിച്ചിട്ടും അഴീക്കോടിന് ഒന്നും മനസ്സിലായിട്ടില്ല. അതുകൊണ്ടാണല്ലോ മോഹന്‍ലാല്‍ തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാനാലോചിക്കുന്നു എന്ന ചാനല്‍ വാര്‍ത്ത കണ്ടയുടന്‍ താന്‍ തിരിച്ചും ഒന്ന് കാച്ചാന്‍ പോകുന്നുവെന്നൊക്കെ പറഞ്ഞ് അദ്ദേഹം വീണ്ടും അപഹാസ്യനായത്. ഊഹാപോഹം വാര്‍ത്തയാക്കിയ ചാനലുകാര്‍ ഊറിച്ചിരിക്കുന്നുണ്ടാവണം.

സാംസ്കാരികലോകവും സിനിമാലോകവും തമ്മിലുള്ള ഉദ്വേഗജനകമായ ഒരു സംഘട്ടനം എന്ന നിലയ്ക്കുവരെ ഈ വിവാദത്തെ വളര്‍ത്തിവില്‍ക്കാന്‍ ശ്രമിച്ച മാധ്യമങ്ങളും വെറുതെ വിരലിട്ട് ആപ്പിലായ അഴീക്കോടും പറഞ്ഞുപറഞ്ഞ് കൈവിട്ടുപോയ നിലയ്ക്ക് തിലകനും ഒക്കെ പ്രത്യക്ഷമോ പരോക്ഷമോ ആയി ചേര്‍ന്ന് തമസ്കരിച്ചുകളഞ്ഞ(ഏതാണ്ട് അതുതന്നെയല്ലേ അവസ്ഥ)മുഖ്യപ്രശ്നത്തിലേക്കു വരാം. തിലകനെ അഭിനയിപ്പിച്ചാല്‍ തങ്ങളാരും സിനിമയുമായി സഹകരിക്കില്ലെന്ന് അറിയിച്ചുകൊണ്ട് ഫെഫ്ക അയച്ച കത്ത് കൈപ്പറ്റിയതിനു ശേഷം മാത്രമാണ് അദ്ദേഹത്തെ സിനിമയില്‍നിന്ന് ഒഴിവാക്കിയതെന്ന് സോഹന്‍ റോയ് എന്ന സംവിധായകന്‍ പരസ്യമായി ചാനലുകളിലൂടെ പറഞ്ഞതോടെ തങ്ങളാരെയും വിലക്കിയിട്ടില്ലെന്ന ഫെഫ്കയുടെ വാദം പൊളിയുകയാണ്. തിലകനെ അമ്മയില്‍നിന്ന് പുറത്താക്കുകയോ അകത്താക്കുകയോ ചെയ്യുന്നത് അവരുടെ സംഘടനക്കാര്യം. ഫെഫ്കയില്‍നിന്ന് ഒരാളെ പുറത്താക്കുന്നതിലും ഇതുതന്നെ നിലപാട്. എന്നുവെച്ച് തൊഴില്‍നിഷേധമെന്ന ഗൌരവമേറിയ മനുഷ്യാവകാശസംബന്ധിയായ വിഷയത്തില്‍ മൌനം പാലിക്കാന്‍ ജീവിച്ചിരിക്കുന്ന സമൂഹത്തോട് എന്തെങ്കിലും തരത്തില്‍ പ്രതിബദ്ധതയുള്ളവര്‍ക്ക് കഴിയില്ല. ഒരു തൊഴിലാളിസഘടനക്ക് ഇഷ്ടമല്ല എന്നതുകൊണ്ട് ഒരു തൊഴിലാളിയെ വേറൊരു തൊഴില്‍ സംരംഭകരും സഹകരിപ്പിക്കാന്‍ പാടില്ലെന്നും അങ്ങനെ വന്നാല്‍ തങ്ങളുടെ തൊഴിലാളികളാരും ആ സംരംഭവുമായി സഹകരിക്കില്ലെന്നും ഏതെങ്കിലും തൊഴിലാളിസംഘടന ഇണ്ടാസ് ഇറക്കുന്ന അവസ്ഥയെക്കുറിച്ച് ഓര്‍ത്തുനോക്കൂ. ഏറെ സംഘടനകളൊന്നുമില്ലാത്ത ചലച്ചിത്രം പോലൊരു വ്യവസായമേഖലയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായിരിക്കും.

തൊഴില്‍ചെയ്യാനുള്ള അവസരമെന്നത് തൊഴിലാളിയുടെ അവകാശവും അവന്റെ കര്‍മശേഷിക്കുള്ള അംഗീകാരവും എന്ന അവസ്ഥ വിട്ട് ആരുടെയൊക്കെയോ കാലുനക്കി നേടിയെടുക്കേണ്ട ഔദാര്യമായി മാറുന്നത് എത്ര അപമാനകരമാണ്. സൂപ്പര്‍സ്റ്റാര്‍ വരുമ്പോള്‍ എഴുന്നേറ്റുനിന്നില്ലെങ്കില്‍ അന്നേരം കട്ടാവും ഇരന്നുകിട്ടിയ റോളെന്ന ദുരവസ്ഥ സിനിമയിലുണ്ടെന്ന് കേട്ടിട്ടുണ്ട്. കേട്ടുകേള്‍വികളെക്കാളൊക്കെ എത്രയോ ഭീകരമാണ് യാഥാര്‍ത്ഥ്യമെന്ന് സൂചിപ്പിക്കുന്നു തിലകന്‍ വിവാദം. വെളിച്ചത്തില്‍ നിര്‍മിച്ച് ഇരുട്ടത്തുകാണേണ്ട ഒരു കലയാണ് സിനിമയെന്നത് നമുക്കും സിനിമാകാര്‍ക്കും ഒരുപോലെ ഉപകാരമായ ഒരു വ്യവസ്ഥയായിരിക്കണം. ഇല്ലെങ്കില്‍ ഒരുപക്ഷേ നമ്മളാ അഭ്രപാളികളില്‍ യുക്തിയെ സ്വമേധയാ മാറ്റിവെച്ച് പടച്ചെടുക്കുന്ന ആദര്‍ശലോകം പൊളിഞ്ഞുവീണേക്കാം. എങ്കിലും താരരാജാക്കന്മാര്‍ക്കുവേണ്ടി ഗ്വാഗ്വാ വിളിക്കാനും കോലം കത്തിക്കാനും തെരുവിലഴിഞ്ഞാടാനും ഒരുപാടാളുകളുള്ള ഇക്കാലത്ത് എന്തൊക്കെ കുറവുകളുണ്ടായാലും പത്തെഴുപത്തിമൂന്ന് വയസ്സുകഴിഞ്ഞ ഒരു വൃദ്ധന് തനിക്കറിയാവുന്ന ഏകതൊഴിലും നിഷേധിക്കപ്പെടുന്നതിനെ ഒരു തൊഴില്‍ പ്രശ്നമായിക്കണ്ട് പ്രതികരിക്കാനും ആരെങ്കിലുമൊക്കെ ഉണ്ടാവണ്ടേ?

Tuesday, March 2, 2010

ഉടലില്‍തന്നെ തടവിലാക്കപ്പെട്ടവര്‍

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കണ്ണൂരിലെ തളിപറമ്പില്‍ മൊറാഴയെന്ന ഉള്‍നാടന്‍ ഗ്രാമപ്രദേശത്ത് ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇത് വസ്തുത. ഈ പെണ്‍കുട്ടിയുള്‍പ്പെടുന്ന ചില അശ്ലീലരംഗങ്ങള്‍ മൊബൈല്‍കാമറ വഴിയും ഇന്റെര്‍നെറ്റ് വഴിയും പ്രചരിച്ചിരുന്നുവെന്നതും അതിനോടനുബന്ധിച്ച് ഈ പറഞ്ഞ രംഗങ്ങളില്‍ ഉണ്ടായിരുന്ന അവളുടെ സഹപാഠി അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റിലായി(പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നതിനും മുന്‍പെ) എന്നതും വസ്തുത. ഇവയെ ആധാരമാക്കി പിന്നെ വന്ന പല വാര്‍ത്തകളും ഊഹാപോഹങ്ങളായിരുന്നു. കേസ് അന്വേഷണത്തിലാണെന്നതിനാലാവാം ഇപ്പോള്‍ മാധ്യമങ്ങള്‍ ഇതിനെക്കുറിച്ച് ഒന്നും മിണ്ടുന്നുമില്ല. ഇനിയിപ്പോ ഇതിനെ സംബന്ധിച്ച് എന്തൊക്കെയായിരിക്കാം നടക്കാന്‍ പോകുന്നത്? ചിലപ്പോള്‍ അന്വേഷണത്തിലൂടെ സത്യം പുറത്തുവന്നേക്കാം. പുറത്തുവരുന്നതൊരു പക്ഷേ സത്യമല്ലെങ്കിലും നമ്മളത് സത്യമെന്ന് വിശ്വസിച്ചേക്കാം. ചിലപ്പോള്‍ സത്യം എന്നെന്നേക്കുമായി ഈ അന്വേഷണത്തോടെ കുഴിച്ചുമൂടപ്പെട്ടേക്കാം. ഇതു പോലെയുള്ള പല കേസുകളുടെയും വിവാദങ്ങളുടെയും കാര്യത്തില്‍ നമ്മള്‍ സാധാരണക്കാരുടെ അവസ്ഥ ‘പൊട്ടന്‍ പൂവെടി കണ്ടതു പോലെ’യും! ഇത്രയുമെഴുതിയാല്‍ മേല്പറഞ്ഞ സംഭവത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിന് തരക്കേടില്ലാത്ത ആമുഖമാവും. പക്ഷേ ഒരു സ്ത്രീയെ, അവള്‍ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, എവിടെ വച്ചും പിടികുടാവുന്ന അപകടങ്ങളെക്കുറിച്ചുള്ള സൂചനയാവില്ല.

നമ്മുടെയീ ഉത്തരാധുനികസമൂഹത്തിലും സ്ത്രീ ഒരു ശരീരം മാത്രമായി തുടരുന്നുവെന്നു പറഞ്ഞാല്‍ അത് ദുര്‍ബലമായൊരു ഏറ്റുപറച്ചില്‍ മാത്രമായിരിക്കും. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും തൊട്ട് ചിന്തയിലും സാംസ്കാരികമണ്ഡലങ്ങളിലും വരെ ഉണ്ടാവുന്ന വികാസങ്ങള്‍ മുഴുവന്‍ അവളെ ശരീരം മാത്രമായി നിജപ്പെടുത്താന്‍ വ്യയം ചെയ്യപ്പെടുന്നു എന്നത് കണ്ടില്ലെന്നു നടിക്കാനാവാത്തവണ്ണം പ്രകടമാണ് ഇന്ന്. നമ്മുടേത് ധ്രുതവിനിമയശൃംഘലകളുടെ ഒരു കാലമാണ്. ദൌര്‍ഭാഗ്യവശാല്‍ യാഥാസ്ഥിതികമൂല്യങ്ങളിലേക്ക് അതിവേഗം മടങ്ങിപ്പോയിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ ഈ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുണ്ടാക്കുന്ന വിപ്ലവം പുത്തന്‍ വെളിച്ചങ്ങളിലേക്കുള്ള ഒരു തുറക്കലല്ല, പഴയ ഇരുട്ടുകളിലേക്കുള്ള ഒരു അടയ്ക്കലാണ്. യു ട്യൂബില്‍ ചുടപ്പം പോലെ പങ്കിടപ്പെടുന്നത് പെണ്ണുടലുകളോടൊപ്പം നരകത്തിലെ ശബ്ദവും മത്സ്യകന്യയുടെ അസ്ഥികൂടവുമൊക്കെയാണെന്നതുതന്നെ ഇതിനു തെളിവ്.

ഒന്നു കണ്ടാല്‍ മതി, കീഴടക്കാവുന്നതാണ് പെണ്ണായി പിറന്നവളുടെ അസ്തിത്വമെന്ന് നിര്‍വചിച്ചത് ‘വന്നു കണ്ടു കീഴടക്കി’ എന്ന സിനിമയല്ലായിരിക്കാം, എന്നാല്‍ നായികയുടെ നഗ്നശരീരം സാന്ദര്‍ഭികമായി കാണാനിടയായി എന്നതുകൊണ്ടുമാത്രം അവളുടെ ഉടലിനും പ്രണയത്തിനും മേല്‍ ഉടമസ്ഥാവകാശം നേടിയെടുത്ത നായകകഥാപാത്രങ്ങളെയുള്‍ക്കൊള്ളുന്ന ഒരു പറ്റം സിനിമകളുണ്ട് ഈ ബഹുമതിക്ക് അര്‍ഹരായി. അവളുടെ തുടയില്‍ ഒരു കറുത്ത മറുകുണ്ട് എന്ന് ഒരൊളിഞ്ഞുനോട്ടക്കാരന്‍ തെമ്മാടി ഒന്നുറക്കെ പറഞ്ഞാല്‍ മതി നമ്മുടെ സദാചാരക്കണ്ണുകളില്‍ ഒരു പെണ്ണിന്റെ മാനവും ജീവിതവും ഒരുപോലെ തകര്‍ന്നുവീഴാന്‍! ഉടുപ്പിടാതെ തെരുവില്‍ വേണമെങ്കിലും ഇറങ്ങി നടക്കാവുന്ന, നിര്‍ബന്ധമാണെങ്കില്‍ മാത്രം ഒരു നിഴലിന്റെ മറയെങ്കിലും നോക്കി മൂത്രമൊഴിക്കേണ്ട, വേണ്ടിവന്നാല്‍ വഴിപ്പെടാത്ത പെണ്ണുങ്ങളെ സൂത്രത്തില്‍ ജനനേന്ദ്രിയം പെരുപ്പിച്ച് കാട്ടി ഭീഷണിപ്പെടുത്താവുന്ന (തീര്‍ച്ചയായും പ്രലോഭിപ്പിക്കുകയല്ല)പുരുഷന്‍ അവന്റെ ഉടലിനെ ആഘോഷിക്കുക തന്നെയാണ്. ഒരു കുന്തം പോലെ തുളച്ചുകയറുന്നതും അധിനിവേശോന്മുഖവുമാണ് അവന്റെ പൌരുഷം എന്ന് സൈദ്ധാന്തികവും ജീവശാസ്ത്രപരവുമായ ന്യായീകരണങ്ങള്‍ ചമയ്ക്കുകയാണ് വിരല്‍തുമ്പിലുള്ള ആധുനിക വാര്‍ത്താവിനിമയ വിപ്ലവവും. ഇതിന്റെ ഇരകള്‍ എല്ലായ്പോഴും സ്ത്രീകള്‍ മാത്രമാണ്. അല്ല എന്നു പറയുന്നവര്‍ മൊബൈലും ഇന്റര്‍നെറ്റും വഴി പ്രചരിച്ച തങ്ങളുടെ അശ്ലീലരംഗങ്ങള്‍ ഉണ്ടാക്കിയ അപമാനഭാരത്താല്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന നിരവധി സ്ത്രീകളുണ്ടെന്നിരിക്കെ ആ ലിസ്റ്റില്‍ എത്ര പുരുഷന്മാര്‍ പെടുമെന്ന് വ്യക്തമാക്കണം.

തന്റെ അവയവങ്ങളെയും ശരീരത്തെത്തന്നെയും അശ്ലീലമായി കാണേണ്ടിവരുന്ന ഒരവസ്ഥയിലേക്കാണ് പുരുഷനിര്‍മിതമായ സ്വന്തം സദാചാരബോധം അവളെ കൊണ്ടടച്ചിടുന്നത്. ഇതിന് ഇരയായ നിരവധി സ്ത്രീകളെ നമുക്ക് നമ്മുടെയിടയില്‍നിന്നുതന്നെ കണ്ടെടുക്കാവുന്നതാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ബസ് യാത്രക്കാരിയായ ഒരു സ്ത്രീ യാത്രക്കിടെ കുഴഞ്ഞുവീണു മരിച്ചതു തന്നെ ഒരുദാഹരണം. അടിവസ്ത്രത്തിനുള്ളില്‍ ഒരു വിഷജീവി കടന്നുകൂടിയിട്ടും വേദന കടിച്ച് നില്ക്കാനല്ലാതെ മറ്റാരോടെങ്കിലും പറയാനോ ബസ്സു നിര്‍ത്തിക്കാനോ സദാചാരബോധം അനുവദിച്ചില്ല, അവരെ. സ്വന്തം ജനനേന്ദ്രിയത്തെക്കുറിച്ച് പൊതുസ്ഥലത്തുവെച്ച് സംസാരിക്കുവാന്‍ ഇത്തരമൊരു അടിയന്തിരഘട്ടത്തില്‍ പോലും മടിച്ച അവര്‍ അപമാനത്തിലും ഭേദം മരണം തന്നെയെന്ന് തീരുമാനിച്ച് യാത്രയായി!

ബലാത്സംഗം ചെയ്യപ്പെടുന്ന ഒരു പെണ്‍കുട്ടിക്ക് നമ്മുടെ സാമൂഹ്യനീതി(നിയമവ്യവസ്ഥയല്ല) വിധിക്കുന്ന ആനുകൂല്യം അവളുടെ ‘എല്ലാം കവര്‍ന്നെടുത്തവന്‍’ തന്നെ അവള്‍ക്കൊരു ജീവിതവും നല്‍കട്ടെ എന്നതാണ്. ഇവിടെ ഒരു സ്ത്രീയുടെ വ്യക്തിത്വവും അസ്തിത്വം തന്നെയും കേവലം അവളുടെ ഉടലിലേക്ക് മാത്രമായി ചുരുക്കപ്പെടുകയാണ്. സ്ത്രീക്ക് വേറെ പോംവഴികളൊന്നുമില്ല ഇവിടെ. ഏതു ഭിത്തിയിലും തന്റെ സ്വകാര്യതയിലേക്ക് തുറക്കാവുന്ന ഒളികണ്ണുകളുണ്ടാവാമെന്നതും ഏതു നിഴലിലും തന്റെ ഉടലിനെ ലൈംഗികമായി ആക്രമിക്കാന്‍ തയ്യറായ മൃഗങ്ങള്‍ ഉണ്ടാവാമെന്നതുമായ ബോധ്യങ്ങള്‍ ഈ ഉത്തരാധുനികകാലത്തും എത്ര അരക്ഷിതമാ‍യ ഒരു ജീവിതത്തിലേക്കാണ് സ്ത്രീജന്മങ്ങളെ കൈപിടിച്ച് നടത്തുന്നത്. സ്ത്രീക്ക് ഏറ്റവും വലിയ ശത്രു അവള്‍ തന്നെ പരിപാലിക്കുന്ന തന്റെ ശരീരമാകുന്ന അവസ്ഥ. ബ്ലോഗര്‍ വെള്ളെഴുത്ത് തന്റെ കഥ എഴുതുമ്പോള്‍ എന്ന ലേഖനത്തില്‍ (വ്യത്യസ്തമായൊരു സന്ദര്‍ഭത്തിലാണെങ്കിലും) പറഞ്ഞതുപോലെ “എന്നെ ആണ്‍കുട്ടികളെല്ലാം ഒരു മാതിരി നോക്കുന്നത് ഞാന്‍ ചീത്തക്കുട്ടിയായതു കൊണ്ടല്ലേ” എന്നു ശങ്കിച്ച് ഓരോ പെണ്ണിനും കൌമാരം മുതല്‍ തന്റെ ഉടലിനെ പ്രതിസ്ഥാനത്തുനിര്‍ത്തേണ്ടിവരുന്ന ഒരു സാംസ്കാരികാവസ്ഥ. ഇതെത്ര ഭീകരമാണ്. ഇതിലും ഭീകരമാണ് ഇതിനൊക്കെയൊരു പോവഴിയെന്നത് പുരുഷന് ഒട്ടും പ്രകോപനം തോന്നാത്തവണ്ണം ഉടലാകമാനം പൊതിഞ്ഞുസൂക്ഷിക്കുക എന്നതു മാത്രമാണ് എന്ന വാദം. പുത്തന്‍ സാമ്പത്തികാവസ്ഥകള്‍ സ്ത്രീ വീടിനു പുറത്തിറങ്ങേണ്ടവളല്ല എന്ന് ശഠിക്കുന്ന തരം സദാചാരങ്ങളെ അപ്രസക്തമാക്കിയിട്ടുണ്ട്. എങ്കിലും പുറത്തിറങ്ങിയാല്‍ സൂക്ഷിക്കണമെന്നും കഴിയുന്നത്ര ഒറ്റക്ക് നടക്കരുതെന്നും അതികാലത്തോ അസ്തമനശേഷമുള്ളതോ ആയ യാത്രകള്‍ ഒഴിവാക്കണമെന്നും ഒക്കെയുള്ള നൂറുനൂറു നിബന്ധനകള്‍ പെണ്മനസ്സുകളെ ക്ഷണിക്കുന്നത് അനിവാര്യമായ ഒരു ബോധ്യത്തിലേക്കാണ്. നീ നിന്റെ ഉടലില്‍ തന്നെ തടവിലാക്കപ്പെട്ടിരിക്കുന്നു, വീട്ടിനകത്തും പുറത്തും നിന്റെ സ്വാതന്ത്ര്യത്തിനു മാത്രം നിരവധി അതിര്‍വരമ്പുകളുണ്ട്! സ്വാതന്ത്ര്യം നിന്റെ അവകാശമല്ല, അത് പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹം അനുവദിച്ചുകൊടുക്കുമ്പോള്‍ മാത്രം ഉപാധികളോടെ ആസ്വദിക്കാവുന്ന ഒരൌദാര്യം മാത്രമാണ്!

ഈ പറഞ്ഞ സാംസ്കാരിക അവസ്ഥകളില്‍ മാതാപിതാക്കള്‍ പെണ്‍കുട്ടികള്‍ക്ക് ഒസ്യത്തായി നല്‍കേണ്ടുന്നത് കക്കൂസില്‍ പോലും ഒളിക്യാമറകളുള്ള കാലമാണെന്ന താക്കീതല്ല, സ്വന്തം ഉടല്‍ തീര്‍ത്ത തടവറയില്‍നിന്ന് പുറത്തിറങ്ങാന്‍ ഒരു താക്കോലാണ്. നിന്റെ ഉടലോ നിന്റെ ലൈംഗികതയോ പാപമല്ലെന്നും നിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങള്‍ കുറ്റകൃത്യങ്ങളാണെന്നും അത് ചെയ്യുന്ന പന്നികള്‍ക്കെതിരെയുള്ള സമരത്തില്‍ ഞങ്ങള്‍ കൂടെയുണ്ടായിരിക്കുമെന്നും നമ്മള്‍ നമ്മുടെ പെണ്മക്കളോട് പറയേണ്ടിയിരിക്കുന്നു. അല്ലാതെ ക്യാമറാഫോണ്‍ നിരോധനം കൊണ്ടോ മുട്ടിന് മുട്ടിനുള്ള നിയമനിര്‍മാണം കൊണ്ടോ സ്കൂളുകളില്‍ ഉടുതുണിയഴിച്ചുള്ള മൊബൈല്‍ വേട്ട കൊണ്ടോ പുതിയ ഇരകളെ സൃഷ്ടിക്കാമെന്നല്ലാതെ പ്രശ്നപരിഹാരമാകില്ലെന്ന് ഉറപ്പ്(സ്കൂളുകളില്‍ മൊബൈല്‍ നിരോധനം കര്‍ശനമാക്കണമെന്നും അതിന് അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പേര്‍ത്തും പേര്‍ത്തും പറയുന്നവര്‍ കുറച്ചുകാലം മുന്‍പ് ഒരു ടീച്ചര്‍, ഫോണ്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഉടുതുണിയഴിച്ച് പരിശോധിച്ചതില്‍ മനം നൊന്ത് ഒരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതും ഓര്‍ക്കണം). വാര്‍ത്താവിനിമയവിപ്ലവങ്ങളേയോ ജൈവികമായ ലൈംഗികചോദനയെയോ നിരോധിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ അല്ല, നമ്മുടെ പിതൃകേന്ദ്രീകൃതമായ ഏകപക്ഷസദാചാരത്തെ പുതുക്കിപണിയുകയാണ് വേണ്ടത്. അതിന് പെണ്ണുങ്ങളോ പെണ്മക്കളുള്ളവരോ മാത്രം ശ്രമിച്ചാല്‍ പോര താനും.