Monday, December 29, 2014

ഫാസിസം വരുന്നത് പമ്പാബസ് പിടിച്ചോ

ഫാസിസം ഇരവല്ക്കരിക്കുന്നത് വ്യക്തികളെയല്ല, സമൂഹത്തെ മുഴുവനായാണ്. എന്നാൽ ഇത് ഫാസിസം സാധ്യമാക്കുന്നത് ആ സമൂഹത്തെ പ്രതിപക്ഷമായി മറുപക്ഷത്ത് നിർത്തികൊണ്ടല്ല, മറിച്ച് പൊതുബോധനിർമ്മിതിയിലൂടെ ഒപ്പം കൂട്ടിക്കൊണ്ടാണ്. ജനാധിപത്യത്തിലൂടെ നിലവിൽ വരുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങൾ അത് തെളിയിക്കുന്നു. അവ കായികമായല്ല ജനതയെ അടിമയാക്കുന്നത്; ബൗദ്ധികവും സാംസ്കാരികവുമായാണ്. അതിനാവശ്യമായ പശ്ചാത്തലനിർമ്മിതി ഇത്തരം ഭരണകൂടങ്ങളിലും, അവ ഇരയാക്കുന്ന സമൂഹങ്ങളിലും അവ നിർമ്മിക്കുന്ന സാംസ്കാരിക ഹെഗമണികളുടെ ഉള്ളടക്കത്തിൽ നിന്നും പ്രത്യക്ഷമായും പരോക്ഷമായും കണ്ടെടുക്കാനാവും. 

ഭൂരിഭാഗവും അയ്യപ്പന്മാരാവും എന്ന കാരണം കൊണ്ട് നമ്മുടെ മഹത്തായ 'കേരളീയ സംസ്കാരം'  പമ്പ ബസ്  സ്ത്രീകൾക്ക് നിഷിദ്ധമായി പ്രഖ്യാപിച്ചത് ഈ വർഷമാണ്. ചെറുപ്പക്കാരികളായ സ്ത്രീകൾ  രജസ്വലയാണോ അല്ലയോ എന്ന് ഉറപ്പിക്കാനാവാത്ത സാഹചര്യത്തിലാണത്രേ അത്. സംഭവത്തോട് പ്രതികരിച്ചുകൊണ്ട് കൂട്ടുകാരികളെ നമുക്ക് പമ്പ ബസ് പിടിക്കാംഎന്ന ഒരു സമരാഹ്വാനം ഉണ്ടാകുകയും അതിന് ഒരു വ്യവസ്ഥാപിത സമരരൂപം ഉണ്ടാകുന്നതിന് മുമ്പ് തന്നെ പമ്പയിലേയ്ക്കുള്ള ബസ് പിടിക്കാനെത്തിയ നാല് സ്ത്രീ പക്ഷ ആക്ടിവിസ്റ്റുകൾ ബസ്സ്റ്റാൻഡിൽ വച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. 

ഇവിടെ, ബസിൽ നിന്ന് സ്ത്രീയെ ഇറക്കിവിട്ട സംഭവത്തെ പുരോഗമന പക്ഷത്തുള്ള മനുഷ്യർ ഒന്നടങ്കം എതിർക്കുമ്പൊഴും 'ബസ് പിടിക്കൽ സമര'ത്തോട് അവർക്ക് രണ്ടഭിപ്രായമാണ്. സമരത്തിനെതിരേ ഉയരുന്ന പ്രധാന വിമർശനങ്ങൾ ഹിന്ദു വിശ്വാസി സ്വത്വത്തെ പ്രകോപിപ്പിക്കുന്നതിലൂടെ സമരക്കാർ അനൈച്ഛികവും  പരോക്ഷവുമായി ആണെങ്കിൽ കൂടി സംഘി അനുകൂലമായ ഒരു പൊതുബോധത്തിലേയ്ക്ക് മലയാളി സമൂഹത്തെ ഏകീകരിക്കുന്നു എന്നതും അനാർക്കിസ്റ്റ് സമരരൂപങ്ങളിലൂടെ  ഫാസിസ്റ്റ് വിരുദ്ധചേരിയെ ദുർബലപ്പെടുത്തുന്നു എന്നതും ആണ്. 

സാംസ്കാരിക സംഘിത്വവും രാഷ്ട്രീയ സംഘിത്വവും 

ആദ്യവിമർശനം മുഖവിലയ്ക്കെടുക്കുന്നത് ഇനിയും സംഘിവൽക്കരിക്കപ്പെട്ടിട്ടില്ലാത്ത മലയാളി പൊതുസമൂഹം എന്ന ധാരണയെ ആണ്. അതിന് അവർ തെളിവായി കാണുന്നത് ബിജെപി ഇനിയും കേരളത്തിൽ അക്കൗണ്ട് തുറന്നിട്ടില്ല എന്നതിനെയും. ഹിന്ദു വിശ്വാസി സമൂഹത്തിലെ ബഹുഭൂരിപക്ഷവും ബിജെപിയ്ക്ക് വോട്ട് ചെയ്യാറില്ല എന്നതിനാലാണ് അവർക്ക് ഇനിയും ഇവിടെ അക്കൗണ്ട് തുറക്കാനാവാത്തത് എന്നത് ഒരു വസ്തുത തന്നെയാണ്. എന്നാൽ അതിനെ കേരളീയ പൊതുസമൂഹം ഇനിയും സംഘിവൽക്കരിക്കപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവായി വ്യാഖ്യാനിക്കുന്നതിൽ പിശകുകൾ ഉണ്ട്. 

കേരളത്തിലെ സംഘിവൽക്കരണം നടന്നതും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതും രാഷ്ട്രീയ തലത്തിലല്ല. ആ പ്രക്രിയ തുടരുന്നത് സാമൂഹ്യ സാംസ്കാരിക തലങ്ങളിലാണ്. അതുകൊണ്ട് തന്നെ അതിന് പാർലമെന്ററി പ്രതിനിധാനം പുതിയതായി സാധിച്ചെടുക്കേണ്ട കാര്യമില്ല. നിലവിലുള്ള  വലത്, ഇടത് സംഘടനകളും  സംഘപരിവാറിന്റെ സംഘടനാ രൂപങ്ങളും തമ്മിൽ വ്യത്യസ്ത അനുപാതങ്ങളിൽ സംഘർഷങ്ങൾ ഉടലെടുക്കാറുണ്ടെങ്കിലും അവയുടെ ഉള്ളടക്കങ്ങൾ ഒരിക്കലും  സമൂഹത്തിലെ സാംസ്കാരികമായ സംഘിവൽക്കരണത്തെ വിമർശനവിധേയമാക്കുന്ന ഒരു സംവാദസ്ഥലത്തിലേയ്ക്ക് വികസിക്കാറില്ല . സംഘി സംസ്കാരത്തിന്റെ സ്ത്രീവിരുദ്ധവും, ദളിത്‌വിരുദ്ധവും, ന്യൂനപക്ഷവിരുദ്ധവുമായ ഉള്ളടക്കത്തെ, ആചാരാനുഷ്ഠാനങ്ങളിലൂടെ അത് വിട്ടുവീഴ്ചയില്ലാതെ നിലനിർത്തിപ്പോരുന്ന സ്ഥാപനങ്ങളെ പ്രശ്നവൽക്കരിക്കുന്നതിലൂടെ അല്ല ഈ  സംഘട്ടനങ്ങൾ ബഹുഭൂരിപക്ഷവും ഉണ്ടാക്കുന്നത്. അവ പലപ്പോഴും സംഘടനാതലത്തിലും, ഗോത്രസംസ്കാരത്തിന്റെ നീക്കിയിരുപ്പായ കുടിപ്പകകളുടെ, പ്രതികാരങ്ങളുടെ തുടർചരിത്രത്തിന്റെ ഭാഗമായും സംഭവിക്കുന്നവയാണ്. 

മലയാളിയുടെ പൊതുബോധം എന്നത് സംഘിപൊതുബോധമായി മാറിക്കഴിഞ്ഞു എന്നത് ഒരു വർത്തമാന യാഥാർത്ഥ്യമാണ് . അതിന് ഇരുമുന്നണികളിലും പ്രതിനിധികളുണ്ട്. അതുകൊണ്ട് തന്നെ സാംസ്കാരിക സംഘിത്വം അതിന്റെ ഹെഗമണി സ്ഥാപിച്ചുകഴിഞ്ഞ കേരളീയ സമൂഹത്തിൽ ഹിന്ദുസ്വത്വത്തെ സംബന്ധിച്ചിടത്തോളം   അക്രമത്തിന്റെയും ഹിംസയുടെയും ചരിത്രമുള്ള രാഷ്ട്രീയ സംഘിത്തത്തിന്റെ പാർലമെന്ററി പ്രതിനിധാനം തല്ക്കാലം  അധികാരബന്ധിയായ ഒരു അടിയന്തിര രാഷ്ട്രീയ  ആവശ്യമല്ല. എന്നുവച്ച് അത് ആവശ്യം വരുന്ന ഒരു ഘട്ടത്തിൽ എടുത്ത് ഉപയോഗിക്കാൻ ഒന്നുമില്ലാതെ പോകും വിധം കരുതലില്ലാതെയുമല്ല അത് നിലനില്ക്കുന്നത്. 

സാംസ്കാരിക സംഘിത്വത്തിന്റെ കരുതൽ സൈന്യം 

കേരളത്തിൽ രാഷ്ട്രീയ സംഘിത്വം ഒരു അടിയന്തിര ആവശ്യമല്ലാത്തത് സംഘി ഹെഗമണിയ്ക്കെതിരെ കാര്യമായ വെല്ലുവിളികൾ കേരളീയ പൊതുസമൂഹത്തിൽ നിന്ന് ഉയർന്നുവരാത്തതുകൊണ്ടാണ്. പിതൃകേന്ദ്രീകൃതമായ അതിന്റെ സാമൂഹ്യവ്യവസ്ഥയ്ക്കും, ആചാരാനുഷ്ഠാനങ്ങൾക്കും എതിരേ നവോത്ഥാനാനന്തരം ഉയർന്നുവന്ന സാംസ്കാരിക വിമർശനങ്ങളും അവ ഉയർത്തിയ വെല്ലുവിളികളും (എത്ര ദുർബലവും, അപര്യാപ്തവുമായി ഇന്ന് വിമർശിയ്ക്കപ്പെട്ടാലും അങ്ങനെയൊന്ന് ഉണ്ടായിരുന്നു എന്നത് ഒരു ചരിത്രവസ്തുത തന്നെയാണ്) ക്രമേണെ ദുർബലമാക്കപ്പെട്ടതോടെ മറുവശത്ത് ഹിന്ദുത്വ ഹെഗമണിയുടെ പുനസ്ഥാപനം നടന്നത് സ്വാഭാവികം മാത്രം. 

എന്നാൽ ഈ അനിഷേധ്യാവസ്ഥ അതിനെ ഉദാസീനമാക്കുന്നില്ല. വേണ്ടിവന്നാൽ ഉടൻ തെരുവിലേക്കിറങ്ങാൻ പാകത്തിൽ, ശാഖകൾ കേന്ദ്രീകരിച്ച് ഒരു കരുതൽ സൈന്യത്തെ ഈ ഹെഗമണി കേരളത്തിലങ്ങോളമിങ്ങോളം വിന്യസിച്ചിട്ടുണ്ട്. ഹിന്ദുപുരുഷയുവത്വത്തിന്റെ സൈനികവൽക്കരണം ഈയിടെ തുടങ്ങി പൂർത്തിയായ ഒരു പ്രതിഭാസവുമല്ല. സ്വതന്ത്രഭാരതത്തിനും പിന്നോട്ട് നീളുന്ന വേരുകളുള്ള ഹിന്ദുരാഷ്ട്രവാദത്തിന്റെയും, അതിന്റെ ഉപകരണമെന്ന നിലയിൽ ഹിന്ദു പുരുഷസമൂഹത്തിന്റെ, പ്രത്യേകിച്ച് യുവാക്കളുടെ സൈനികവൽക്കരണത്തിനും നമ്മുടെ മതേതരസോഷ്യലിസ്റ്റ് ഭരണഘടനയെക്കാൾ മൂപ്പുണ്ട്. വ്യത്യസ്തവേഗങ്ങളിൽ സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ ചരിത്രത്തിലൂടെയും തുടർന്ന ഈ പ്രക്രിയ കഴിഞ്ഞ ഏതാനും ദശകങ്ങളായി ത്വരിതപ്പെടുകയായിരുന്നുവെന്ന് കാണാം.

അതായത് "ബസ് പിടിക്കൽ സമര" ത്തിന്റെ വിമർശകർ ഉയർത്തുന്ന വാദങ്ങൾ കേവലാർത്ഥത്തിൽ ശരി തന്നെയാണ്. ഉണ്ടാകുന്ന ഒരോ പ്രകോപനവും ഈ സൈന്യത്തിന്റെ തെരുവ് കയ്യേറ്റത്തിൽ കലാശിച്ചേക്കാം. പക്ഷേ അത് ഉണ്ടാകുന്നത് ഒരു കണ്ടക്ടർക്ക് നേരേ നടപടി എടുത്തുകൊണ്ട് പരിഹരിക്കാവുന്ന  പ്രശ്നം ഒരു വിശ്വാസി സമൂഹത്തിന് മുഴുവൻ എതിരായി ഈ സമരം തിരിച്ചുവിട്ടതുകൊണ്ടല്ല. മറിച്ച് ഇങ്ങനെ ഒരു സംഭവം ഉണ്ടായത് തന്നെ  അതാത് മതാചാരങ്ങളിൽ മതേതരത്വം എന്ന മൂല്യത്തെയും, ബഹുമതസമൂഹമെന്ന യാഥാർത്ഥ്യത്തെയും, മാറിയ ഉല്പാദന സമ്പ്രദായങ്ങളിൽ പുനർ നിർണ്ണയിക്കപ്പെട്ട സ്ത്രീ സാന്നിദ്ധ്യം എന്ന പ്രായോഗിക അതിജീവനാവശ്യവും ഒക്കെ മുൻ നിർത്തി അതിൽ വെള്ളം ചേർത്ത് ആചരിച്ചിരുന്ന ഒരു സമൂഹത്തിന്റെ മതേതര സോഷ്യലിസ്റ്റ് മൂല്യവ്യവസ്ഥ ഹിന്ദുത്വ മൂല്യവ്യവസ്ഥ കൊണ്ട്  പകരം വയ്ക്കപ്പെട്ട ഒരു സാമൂഹ്യ സാംസ്കാരിക പരിസരത്തുവച്ചാണ് എന്ന് വേണം മനസിലാക്കാൻ. 

തകരുന്ന അപമൗലികവൽക്കരണം 

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. നവോത്ഥാനാനന്തര മലയാളിസമൂഹത്തിന്റെ ആദ്യകാല  ചരിത്രം മതപരവും, ആചാര ബദ്ധവുമായ അപമൗലീകവൽക്കരണത്തിന്റെത് കൂടിയായിരുന്നു. സോഷ്യലിസ്റ്റ്, മതേതര, ശാസ്ത്രീയ യുക്തികളുടെ സാംസ്കാരിക മേൽക്കയ്യിലൂടെയായിരുന്നു അത് സാധ്യമായിരുന്നത്. അത് ക്രമേണെ തകരുന്നതാണ് പിന്നീട് നാം കാണുന്നത്. സാംസ്കാരിക നവോത്ഥാനത്തിന് ഉണ്ടാകാതെ പോയ തുടർച്ച, പൂർത്തിയാകാത്ത ജ്ഞാനോദയം തുടങ്ങിയ നിരീക്ഷണങ്ങളൊക്കെ എത്തിച്ചേരുന്നത് ഈ ചരിത്ര ഘട്ടത്തിലേയ്ക്ക് തന്നെയാണ്. 

പത്തുമുപ്പത് കൊല്ലം മുമ്പും അയ്യപ്പന്മാർ ബസിൽ കയറി പമ്പയ്ക്ക് പോകുമായിരുന്നു.  ഞാനും മൂന്നുതവണ ശബരിമലയിൽ പോയിട്ടുണ്ട്. ഇതുപോലെയുള്ള സ്പെഷ്യൽ ബസുകളിലായിരുന്നു യാത്ര. ഞങ്ങളുടെ സംഘം തന്നെ പത്ത് നാല്പത് പേരുണ്ടാകും. അവരുൾപ്പെടെ ബസിൽ എണ്‍പത് ശതമാനവും മാലയിട്ട കൂട്ടർ തന്നെയാവും. എന്നിട്ടും ബസ് വഴിവക്കിൽ കുട്ടികളുമായി നിൽക്കുന്ന സ്ത്രീകൾക്കായി നിർത്തിയിട്ടുണ്ട്. അവർ കയറി യാത്ര ചെയ്തിട്ടുണ്ട്. അന്നൊന്നും തകരാത്ത വൃതമാണ് ഇപ്പോ തകരുന്നത്. 

ണ്ഡകാലവും, മാലയിടലുംവൃതവും മലകയറലുമൊന്നും പുതിയ കാര്യങ്ങളല്ല. വീട് പണിയുടെ പ്ലാനിൽനിന്ന് ആർത്തവ പുരകൾ അപ്രത്യക്ഷമായിട്ട് അര നൂറ്റാണ്ടെങ്കിലും ആവും. എന്നുവച്ച് പിന്നീട് മനുഷ്യർ മാലയിടലും  വൃതമെടുക്കലുംമലചവുട്ടലുമൊക്കെ നിർത്തിയോ? വൃതശുദ്ധി പ്രമാണിച്ച് അമ്മയേയും, പെങ്ങളെയും, പ്രായമായ പെമക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിട്ടോ? സൂചന മറ്റൊന്നുമല്ല. പ്രശ്നം മടങ്ങിവരുന്ന മൗലികവാദത്തിന്റേതാണ്. അത് ഏതെങ്കിലും സമരം ഉണ്ടാക്കിയതല്ല. മറിച്ച് ഒരു ജനപിന്തുണയും ഇല്ലാത്ത, വിരലിൽ എണ്ണാവുന്നത്ര ചുരുങ്ങിയ പ്രാതിനിധ്യം മാത്രമുള്ള ആ സമരങ്ങൾ നീതി നിഷേധിയ്ക്കപ്പെട്ടവരുടെ ദയനീയമായ ചെറുത്ത് നിൽപ്പിന്റെ രൂപകങ്ങളാണ്. അവയെ അങ്ങനെ തന്നെ മനസിലാക്കേണ്ടതുമുണ്ട്. മതമൗലികവാദിയാവാൻ താലിബാനിൽ ചേരുകയൊന്നും വേണ്ട. സ്കൂളിൽ കയറി കുട്ടികളെ വെടിവച്ച് കൊല്ലുകയും വേണ്ട, മാലയിട്ടും മൗലീകവാദിയാകാം എന്ന് തന്നെ. അത്തരം ഒരു അചാരാനുഷ്ഠാന ബന്ധിയായ മൗലികവാദത്തിലേയ്ക്ക് മലയാളി സമൂഹത്തിന്റെ സാംസ്കാരിക സംഘിവൽക്കരണം വളർന്നിരിക്കുന്നു എന്ന യാഥാർത്ഥ്യത്തിന്റെ പ്രയോഗതലത്തിലുള്ള  ചില പ്രതിഫലനങ്ങൾ മാത്രമാണ് ഈ സംഭവങ്ങൾ. 

വെല്ലുവിളികൾ ശക്തവും, വ്യാപകവും ആകുന്ന മുറയ്ക്ക് അധികാരത്തിന്റെ മർദ്ദക സ്വരൂപവും കൂടുതൽ പ്രകടവും ഭീകരവുമാകും. പക്ഷേ അതുകൊണ്ട് പ്രകോപനങ്ങൾ അരുത് എന്ന വാദം ഫലത്തിൽ അധികാരദാസ്യത്തിനുള്ള ആഹ്വാനമായി അധപതിക്കുക മാത്രമല്ലേ

സംഘടിതമായ രാഷ്ട്രീയ  ചെറുത്ത് നിൽപ്പുകൾ 

അനാർക്കിസ്റ്റ് സമരരൂപങ്ങളിലൂടെ ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളെ ദുർബലപ്പെടുത്തുന്നു എന്നതാണ് മറ്റൊരു  വിമർശനം. തീർച്ചയായും സംഘടിതമായ രാഷ്ട്രീയ ചെറുത്ത് നിൽപ്പുകളാവും ആൾക്കൂട്ട സമരങ്ങളെക്കാൾ ഫലപ്രദം. പക്ഷേ നിലവിലുള്ള സാമൂഹ്യ രാഷ്ട്രീയ സംവിധാനത്തിനുള്ളിൽ നിന്ന് അത്തരം ഒരു സംഘടിത രാഷ്ട്രീയ ചെറുത്ത് നിൽപ്പ് ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കാനാവുമോ

പാർലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം അധികാരി ഭരണ- പ്രതിപക്ഷങ്ങളോ, ഭരണകൂടം പോലുമോ അല്ല, അത് പൊതുബോധമാണ്. ഭരണകൂടങ്ങളെയും, രാഷ്ട്രീയ സംഘടനകളെയും അവയുടെ നയപരിപാടികളെയും വരെ നിർണ്ണയിക്കാൻ പോന്നവണ്ണം കരുത്തും വ്യാപ്തിയുമുള്ള ഒന്നാണത്. അദൃശ്യവും, പരോക്ഷവുമായ ഒരു സാന്നിധ്യമെന്ന നിലയിൽ പ്രതിഷേധങ്ങൾക്കും, സമരങ്ങൾക്കും അതീതമാണ് അതിന്റെ അസ്തിത്വം. പൊതുബോധത്തെ ആശ്രയിച്ച് മാത്രം നിലനില്ക്കുന്ന ഒരു പാർലമെന്ററി ജനാധിപത്യ സംഘടനയ്ക്കും അതിനെ നേരിട്ട് എതിർക്കാനാവില്ല; ബി ജെ പിയെ, ആർ എസ്സ്  എസ്സിനെ, ശിവസേനയെ, ബജ്രംഗ് ദളിനെ ഒക്കെ എതിർക്കാനാവും, സംഘിവൽക്കരിക്കപ്പെട്ട പൊതുബോധത്തെ, അതിന്റെ സാമൂഹ്യവും, വിശ്വാസ ബന്ധിയുമായ സ്ഥാപനങ്ങളെ തൊടാനാവില്ല. അങ്ങനെ ചെയ്താൽ അത് ഒരു രാഷ്ട്രീയ ആത്മഹത്യയാകും. ഒറ്റമൂലികളോ മാന്ത്രികസമവാക്യങ്ങളൊ ഇല്ലാത്ത, നിരന്തര അന്വേഷണങ്ങളുടെ, പരീക്ഷണങ്ങളുടെ, പരാജയങ്ങളുടെ ഒക്കെയായ ഒരു തുറസ്സാണിവിടം. അതുകൊണ്ട് തന്നെയാണ് വ്യക്തി തലത്തിലോ, ചെറുകൂട്ടായ്മകളുടെ തലത്തിലോ ഉയർന്നുവരുന്ന പ്രതിഷേധങ്ങളും  സമരങ്ങളും വരെ ഇത്രകണ്ട് പ്രസക്തമാകുന്നതും. ഓരോ സമരവും ഒരു പരീക്ഷണമാണ്.  യുക്തിഭദ്രവും, വിമർശനാത്മകവുമായ വിശകലനങ്ങളിലൂടെ അടുത്ത സമരത്തിന്റെ അസംസ്കൃത വസ്തുവാകേണ്ടുന്നവ. 

ഒരോ പ്രതിഷേധത്തിനും എത്ര ചെറുതായാലും നീതി നിഷേധത്തിന്റേതായ ഒരു ഉള്ളടക്കം ഉണ്ടാകും. ആ ഉള്ളടക്കത്തിന്റെ സാംസ്കാരിക വിശകലനങ്ങളിലൂടെ, ചർച്ചകളിലൂടെ, സംവാദങ്ങളിലൂടെ രൂപപ്പെടുത്തേണ്ട  ഒരു ബദൽ പൊതുബോധമുണ്ട്. അതിന്റെ ഹെഗമണി സ്ഥാപിക്കുക മാത്രമാണ് സാംസ്കാരിക സംഘിത്തത്തെ ചെറുക്കുവാനുള്ള ഒരേ ഒരു വഴി എന്ന് തോന്നുന്നു. അതിന് വ്യവസ്ഥാപിത സമര രൂപങ്ങളൊ, സംഘടനാ രൂപങ്ങളൊ, ചട്ടക്കൂടുകളൊ മാത്രം പര്യാപ്തമാകുമെന്ന് തോന്നുന്നില്ല.

No comments: