Friday, December 5, 2014

നിന്റെ ഏജൻസി നിന്റെ മാത്രമല്ല, അഥവാ നീ പാതി ഞാൻ പാതി കണ്ണേ (പുല്ലിംഗം മാത്രം)

നാളിതുവരെ മനുഷ്യൻ കണ്ട ഏറ്റവും ബ്രഹത്തായ ഒരു അധികാരസ്ഥാപനമാണ് ദൈവം. അതുകൊണ്ട് തന്നെ താൻ പാതി ദൈവം പാതി എന്നാൽ താൻ പാതി അധികാരം പാതി എന്നാണ് അർത്ഥം. അധികാരത്തിന്റെ സ്ഥാപനവൽകൃതമായ രൂപങ്ങളോരോന്നിനോടും മനുഷ്യൻ പുലർത്തേണ്ടുന്ന ദാസ്യത്തെയാണ് ഈ അർദ്ധകർതൃത്വം സിദ്ധാന്തവൽക്കരിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരം സിദ്ധാന്തങ്ങൾക്ക് പിന്നിൽ ഒരേയൊരജണ്ടയേ ഉള്ളു. അത് അധികാരത്തിന്റെ വീതം വയ്ക്കലാണ്. മുഴുവൻ മനുഷ്യരുടെയും ജീവിതത്തെ താൻ പാതി ദൈവം പാതിയെന്ന് വീതം വച്ചാൽ പിന്നെ അനീതി എന്ന വ്യക്തിഗത അനുഭവത്തിന്റെ കർതൃത്വപാതിയും  ഇരയിൽ തന്നെയാവുമല്ലോ!

സാമൂഹ്യ ശാസ്ത്രപ്രകാരം ഏജൻസി എന്നത് സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും തീരുമാനങ്ങളെടുക്കാനും ഉള്ള  വ്യക്തിയുടെ ശേഷിയാണ്. ചിന്തിക്കാൻ ശേഷിയുള്ള  ഏതൊരു മനുഷ്യനും എജന്റാണെന്നും ആ ശേഷിയെ തിരിച്ചറിയുന്ന ഏതൊരു ഏജന്റും കർത്താവാണെന്നും(സബ്ജക്ട്) ഉള്ള ദെകാർത്തിയൻ ദർശനത്തിൽനിന്ന്  ഏജൻസി, കർതൃത്വം തുടങ്ങിയ സംജ്ഞകൾ കാന്റിന്റെയും നീഷേയുടെയും മാർക്സിന്റെയുമൊക്കെ ചിന്തകളിലൂടെ ബഹുദൂരം മുന്നോട്ട് പോയി. ഏജൻസിയെ പ്രശ്നവൽക്കരിക്കുന്ന ഘടനകളെ (സ്ട്രക്ചർ) കുറിച്ചുള്ള ചർച്ചകൾ ഈ വികാസത്തിന്റെ ഭാഗം തന്നെയായിരുന്നു. മനുഷ്യന്റെ ഏജൻസി എന്നത്  കേവലമായ വ്യക്തിഗത മേധാശക്തി മാത്രമായിരിക്കുന്നതിന് പരിധികളുണ്ടെന്നും സാമൂഹ്യവും, പാരിസ്ഥിതികവും, ചരിത്രപരവുമായ ഘടനകൾ അതിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും വ്യത്യസ്ത തലങ്ങളിൽനിന്നുകൊണ്ടാണെങ്കിലും മാർക്സിനെയും നീഷെയേയും പോലെയുള്ളവർ വാദിച്ചിരുന്നു. യുങ്ങിന്റ മനശാസ്ത്ര വിശകലനങ്ങളിൽ പ്രത്യക്ഷപ്പെടുന്ന 'ഇൻഡിവിജ്വേഷൻ' എന്ന ആശയം ഈ ഏജൻസി/ഘടനാ ദ്വന്ദ്വത്തിന്റെ അപഗ്രഥനത്തിന് പുതിയ ഉൾക്കാഴ്ചകൾ നല്കി. യുങ്ങിനെ സംബന്ധിച്ചിടത്തോളം ഇൻഡിവിജ്വേഷൻ എന്നത് വ്യക്തിതലത്തിലുള്ള മനശാസ്ത്രപരമായ ഒരു ഉദ്ഗ്രഥനപ്രക്രിയയാണ്; അത് ഞ്ചിത മനശാസ്ത്രത്തിൽനിന്ന് വ്യതിരിക്തമായ ഒരു വ്യക്തിഗതമനശാസ്ത്രത്തിന്റെ വികാസമാണ്. മനസിന്റെ വ്യക്തിഗതവും  സഞ്ചിതവുമായ അബോധതലങ്ങളെ ഇൻഡിവിജ്വേഷൻ ബോധതലത്തിലേയ്ക്ക് കൊണ്ടുവരികയും അവയെ വ്യക്തിത്വത്തിലേയ്ക്ക് സ്വാംശീകരിക്കുകയും ചെയ്യുന്നു. അതായത് ഏജൻസി, ഘടന(സ്ട്രക്ചർ) എന്നിവയെ  താൻ പാതി, ദൈവം പാതി എന്ന നിരക്കിൽ വീതം വച്ച് വ്യക്തിയുടെ ഏജൻസിയെ, കർതൃത്വത്തെ പ്രശ്നവൽക്കരിക്കുന്നത് പണ്ടേ പൊളിഞ്ഞ ഒരു പദ്ധതിയാണെന്ന് ചുരുക്കം.

ദേഹത്തെയും ദേഹിയെയും രണ്ടായി കാണുന്ന ജ്ഞാനോദയപൂർവ്വ ധാരണകളുടെ പ്രേതം ഇത്തരം സൈദ്ധാന്തിക സങ്കീർണ്ണവൽക്കരണങ്ങളുടെ പുനരുദ്ധാരണങ്ങളിലൂടെ അലഞ്ഞ് തിരിയുന്നത് കാണാം. സ്വന്തമായി എല്ലാം തീരുമാനിക്കാവുന്ന ശരീരവുമായാണൊ നമ്മൾ ജീവിക്കുന്നത് എന്ന ചോദ്യം ഉയരുന്നത് ആ പ്രേതസഞ്ചാരത്തിൽ നിന്നാണ്. കൊലപാതകം എന്ന ശരീരബാഹ്യമായ ഇടപെടൽ ഇല്ലാത്തിടത്തോളം ഒരോ ഉടലും സ്വയം പര്യാപ്തമായ ഒരു രീതിശാസ്ത്രത്തിലൂടെയാണ് നിലനിന്ന് അവസാനിക്കുന്നത്. ഇവിടെ വേണമെങ്കിൽ ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യാസ്തിത്വത്തിൽ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് ഒരു മറുവാദം ഉന്നയിക്കപ്പെടാം. എന്നാൽ അവിടെയും മനുഷ്യൻ അത് സാധ്യമാക്കുന്നത് ഏജൻസി വഴി ലഭിക്കുന്ന കർതൃത്വത്തെ ധനാത്മകമായി ഉപയോഗിച്ചുകൊണ്ടാണ് എന്ന് കാണാം. പഞ്ചഭൂതനിർമ്മിതമായ ശരീരമെന്ന നശ്വരമായ  കൂടിനുള്ളിലെ അനശ്വരമായ ആത്മാവ് എന്ന സഞ്ചിത ജീവിതധാരണയെ, അതിലെ സാമൂഹ്യവും, മതപരവും, സാംസ്കാരികവും, രാഷ്ട്രീയവും, ചരിത്രപരവുമായ ഘടനകളെ വ്യക്തിഗത ഏജൻസി ഉപയോഗിച്ച് ചോദ്യം ചെയ്ത, ആത്മാവിന്റെ വസ്ത്രമായ ഉടലിനെ കീറിമുറിച്ച് പരിശോധിക്കുന്നത് നിഷിദ്ധമാണെന്ന പൊതുബോധത്തെ നിഷേധിച്ച,  വ്യക്തികളാണ് വൈദ്യശാസ്ത്രതലത്തിൽ  അത് സാധ്യമാക്കിയത്.  ലംബമായ സ്ഥലകല്പനയെ അടിസ്ഥാനമാക്കിയ സ്വർഗ്ഗ നരക സങ്കല്പങ്ങളെ ചോദ്യം ചെയ്ത വ്യക്തികളാണ് പല സംസ്കാരങ്ങളും നിഷിദ്ധമായി കണ്ട കടൽ സഞ്ചാരത്തിലൂടെ ഭൂമി ഉരുണ്ടതാണെന്ന് കണ്ടുപിടിച്ചത്. ഇവരുടെയൊക്കെ ഏജൻസിയും കർതൃത്വവും അതാത് കാലങ്ങളിൽ അതാത് സ്ഥലങ്ങളിൽ പലതലങ്ങളിൽ പൊതുബോധത്തിനാൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു താനും. ഇപ്പോൾ ഈ ഏജൻസി, കർതൃത്വ പ്രശ്നവൽക്കരണം ഒറ്റയ്ക്ക് പൊന്തിവന്ന ഒന്നുമല്ല . പക്ഷെ ഇത് ഇന്ന് ഉയർത്തിക്കൊണ്ടുവരുന്നവർ പൊതുബോധത്തെ സംബന്ധിച്ചിടത്തോളം വിപരീതധ്രുവത്തിൽ നില്ക്കുന്നവരായി എണ്ണപ്പെടുന്നവരാണ് എന്നതിലാണ് ആകെ  ഒരു വൈരുദ്ധ്യമുള്ളത് .

അധികാരം അതിന്റെ നിലനിൽപ്പിനായി വികസിപ്പിച്ചെടുക്കുന്ന ഒന്നാണ് വ്യവസ്ഥയുടെ അപ്രമാദിത്തം. അതിനെ സംബന്ധിച്ചിടത്തോളം സമുദായം ഒരു വെല്ലുവിളിയേ അല്ല. കാരണം അതിലും ഒരു വ്യവസ്ഥാപിത അധികാരഘടന ഉണ്ടാകുമെന്നത് തന്നെ. അവയ്ക്കിടയിൽ നീക്കുപോക്കുകൾ സാധ്യവും സ്വാഭാവികവുമാണ്. എന്നാൽ വ്യക്തിയും വ്യക്തിഗത ഏജൻസിയും അങ്ങനെയല്ല. അതുകൊണ്ടാണ് അധികാരം എന്നും വ്യക്തിയും, വ്യക്തിഗത ഏജൻസിയുടെ മെരുങ്ങാത്ത വന്യതയും സാമൂഹ്യവിരുദ്ധമായി വ്യാഖ്യാനിക്കാൻ പാടുപെടുന്നത്. ഇവിടെ റൂസോയുടെ ഒരു നിരീക്ഷണം പ്രസക്തമാണ്. നിയമം വ്യക്തിവിരുദ്ധമല്ല. അത് വ്യക്തിയെ സംബന്ധിച്ചിടത്തോളം യുക്തി എന്ന ഒരു സമര സാധ്യതയാണ് മുന്നോട്ട് വയ്ക്കുന്നത്. അദ്ദേഹം  വ്യക്തിയുടെ സ്വയംപര്യാപ്തയെ യുക്തിയുടെ സ്വയം പര്യാപ്തയിലേയ്ക്ക് കൊണ്ടെത്തിക്കാൻ പോന്ന ഒരു വാഹനമായി കാണുന്നു. അതുകൊണ്ടാവണമല്ലൊ അദ്ദേഹം സോഷ്യൽ കോണ്ട്രാക്റ്റി, അതിന്റെ നിയമങ്ങളിൽ  വ്യക്തിയുടെ ഏജൻസിയെ മുന്നോട്ട് കൊണ്ടുപോകാൻ പര്യാപ്തമായ ഒരു സംവാദസ്ഥലം പ്രതീക്ഷിച്ചത്. നിയമരാഹിത്യം  യുക്തിയുടെ സ്വയംപര്യാപ്തതയെ വിട്ട് വ്യക്തികളെ   അജ്ഞതയിലും അവരവരുടെ അഭിനിവേശങ്ങളൊടുള്ള ദാസ്യത്തിലും അഭിരമിക്കാൻ പ്രേരിപ്പിക്കുകയും അതിലൂടെ അധികാരത്തിന്റെ താല്പര്യങ്ങൾക്കനുസരിച്ച് അവരെ സ്വയം പരുവപ്പെടുത്തുകയും ചെയ്യും എന്ന് റൂസോ ശങ്കിക്കുന്നത് തള്ളിക്കളയാവുന്ന ഒന്നല്ല. ഏത് നിയമത്തിനും യുക്തിയുടെതായ ഒരു ഘടന ഉണ്ടാവും. ഏത് വിചാരണയിലും, എത്ര പരിമിതമായാലും സംവാദത്തിന്റേതായ ഒരിടവും. അങ്ങനെ ഉണ്ടാവുന്ന ഓരോ ഇടത്തിലും സാമൂഹ്യവും മതപരവും സാംസ്കാരികവും ചരിത്രപരവും രാഷ്ട്രീയവുമായ ഘടനകളും വ്യക്തിയുടെ ഏജൻസിയും കർതൃത്വവുമായും സംഘർഷം നടക്കും. അത്തരം ഓരോ സംഘർഷങ്ങളുടെയും ഉള്ളടക്കം അധികാരത്തിനെതിരായുള്ള വ്യക്തിഗത ചെറുത്ത് നിൽപ്പുകളുടെ മരണമില്ലാത്ത ചരിത്രരേഖകളാവുകയും ചെയ്യും.
അത്തരം രേഖകളിൽനിന്നാണ് നാം ഇന്ന് മുലക്കരം നിഷേധിച്ചുകൊണ്ട് മുല മുറിച്ചെറിഞ്ഞ പ്രതിഷേധങ്ങളെ  കണ്ടെടുക്കുന്നത്. സ്മാർത്തവിചാരങ്ങളിൽനിന്ന് താത്രിക്കുട്ടിമാരെ കണ്ടെടുക്കുന്നത്. പ്രാകൃത നിയമങ്ങൾ അതിന്റെ ഇരകൾക്ക് കൊടുത്തിരുന്ന സാധ്യതകൾ പോലും നിഷേധിക്കുകയാണ്  യുക്തിയെ കേവലാർത്ഥത്തിൽ ചുരുക്കി റദ്ദ് ചെയ്യുന്ന പില്ക്കാല അധികാരത്തിന്റെ പുത്തൻ സാംസ്കാരിക യുക്തികൾ! ഇവയുടെ വലിച്ച് നീട്ടൽ സാധ്യതകൾ ചെന്നെത്തുക ജനാധിപത്യം എന്ന ആശയത്തിന്റെ കടയ്ക്കലോളമാണ്. ആ സാധ്യതയിൽനിന്നാണ് പ്രായപൂർത്തിയായ, എംബിബിഎസ് ബിരുദധാരികളായ കമിതാക്കളുടെ ഒരുമിച്ച് ജീവിക്കാനുള്ള അവകാശം സംബന്ധിച്ച അന്യായത്തിൽ മക്കൾ അപക്വമായ തീരുമാനമെടുക്കുമ്പോൾ രക്ഷിതാക്കൾക്ക് തിരുത്താം എന്ന കോടതിയുടെ നിരീക്ഷണം ഉണ്ടാകുന്നത്. ഒരു അധികാരസ്ഥാപനമെന്ന നിലയിൽ കോടതി വ്യക്തിഗത ഏജൻസിയെ പ്രശ്നവൽക്കരിക്കുന്നതിന്റെ അജണ്ട മനസിലാക്കാം. പാർശ്വവല്കൃതരുടെ മോചനം ലക്ഷ്യമാക്കുന്ന ബുദ്ധിജീവികളും  ഇതേ പാത പിൻതുടർന്നാലോ ?
ഏജൻസിയും, വ്യക്തിയ്ക്ക് ഉടലിനുമേലുള്ള നിർണ്ണയാവകാശവുമൊക്കെ ഇപ്പോൾ പ്രശ്നവൽക്കരിക്കപ്പെടുന്നത് ചുംബനസമരത്തോടനുബന്ധിച്ച് ഉയർന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എന്നത് ശ്രദ്ധേയമാണ്.  വ്യക്തിയ്ക്ക് ഉടലിന്മേലുള്ള അവകാശത്തെ, ഏജൻസിയെ പരിഗണനാക്രമത്തിൽ ആദ്യം കൊണ്ട് നിർത്തി  സമരത്തെ  അനുകൂലിച്ച  ദളിത് സ്ത്രീ സ്വത്വങ്ങളെ   നിലയ്ക്ക് നിർത്താൻ അവരുടെ വ്യക്തിഗതവും സഞ്ചിതവുമായ ഏജൻസികൾക്ക് മേൽ തങ്ങളുടെ പിതൃകേന്ദ്രീകൃത അധികാരത്തിന്റെ കയ്യൊപ്പുള്ള   'എജൻസി' യുടെ  പിതൃസ്വരൂപം ഉപയോഗിച്ച് നടത്തിയ ശ്രമങ്ങളുടെ ബാക്കിപത്രമാണ് ഈ സൈദ്ധാന്തിക മലക്കം മറിച്ചിലുകൾ. അതിന്റെ ലക്ഷ്യം സമരസ്ഥലത്തേക്ക് എരുമകളെ തെളിച്ചെത്തിയ യാഥാസ്ഥിതികതയെ മതപരമായ ഇരവൽക്കരണം എന്ന കുറ്റകൃത്യത്തെ മറയാക്കി വെള്ളപൂശുക എന്നതാണ്. ആ പേട്രിയാർകിക് അജണ്ട തിരിച്ചറിഞ്ഞ സ്ത്രീകളെ സ്വത്വഭ്രഷ്ടകളും, യൂറോപ്യൻ മസ്തിഷ്കത്തിന്റെ ഈച്ചക്കോപ്പികളും ആക്കുക എന്നതാണ് ഈ വളഞ്ഞ് ചുറ്റിയുള്ള മൂക്കിൽ തൊടീലിന്റെ സൈദ്ധാന്തിക ഉള്ളടക്കം. 

സ്ത്രീയിൽനിന്ന് അവളുടെ ഏജൻസിയെ കവർന്നെടുക്കാൻ കാലാകാലങ്ങളായി പാട്രിയാർക്കി നടത്തിവരുന്ന ശ്രമങ്ങളുടെ  പരിചയായാണ് ഇപ്പോൾ ഏജൻസിയും, രക്ഷാകർതൃത്വവും ഒക്കെ കീഴ്മേൽ മറിയുന്നത്. സ്വാഭാവികമായും  അതിന് അതിന്റെ പ്രായോജകർ യുക്തിയെ തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ അതിന്റെ സംവാദസാധ്യതൾ ഉയർത്തുന്ന പ്രതിയുക്തികളെ നേരിടാൻ അവരുടെ പക്കൽ അധികാരം നിർണ്ണയിക്കുന്ന സ്വത്വമല്ലാതെ വേറെ സാംസ്കാരിക ഉപകരണങ്ങളില്ല. അതുകൊണ്ടാണ് ജന്മം കൊണ്ട് ദളിതരായവർ ഉയർത്തുന്ന വിമർശനങ്ങളുടെ ഉള്ളടക്കത്തെ പോലും അതിന്റെ കർതൃത്വത്തെ സംവാദസാധ്യതകൾ അടച്ചിട്ട് ലിംഗാടിസ്ഥാനത്തിൽ    ഇമ്പീരിയൽ യുക്തികളായി അവർ തള്ളുന്നത്. അതിന് അവരെ പ്രാപ്തരാക്കുന്ന ഏജൻസിയോ അപ്പൻ കളിയുടെതും. ഞങ്ങൾ അധികാരത്തിന്റെ പില്കാല മുതലാളിത്ത പങ്കാളികളുടെ ന്യൂനപക്ഷം പറയും നിങ്ങൾ ആരാണെന്ന്. അത് സമ്മതിക്കുന്നവർക്ക് നില്ക്കാം. അല്ലാത്തവരെ ഇമ്പീരിയൽ സ്വത്വത്തിലേയ്ക്ക് നാടുകടത്തും.

ഞാൻ പാതി, ദൈവം പാതിയെന്ന് പ്രഖ്യാപിച്ചുകൊണ്ട് അധികാരം സമൂഹത്തിൽ ഉണ്ടാക്കാനാഗ്രഹിക്കുന്ന തുലനത്തിനുമേൽ നിർണ്ണായകമാകുന്ന  കാസ്റ്റിങ്ങ് വോട്ട് ചെയ്യുവാനുള്ള അവകാശം ആർക്കാണ്? സമുദായത്തിന്അവിടെ യുക്തിയോ സംവാദമോ ഇല്ല. എതിർ ശബ്ദങ്ങൾ വഞ്ചകരുടെതായി എണ്ണപ്പെടും. അപ്പോൾ വ്യക്തിയുടെ  സ്വത്വം ആര് നിർണ്ണയിക്കും? എന്റെ ഉടൽ ആര് നിർണ്ണയിക്കും? അതിന്റെ ഏജൻസി ആര് നിർണ്ണയിക്കും? ദൈവം? സമുദായം? പൊതുബോധം? അതോ അധികാരമോ
വായന  എത്ര ബുദ്ധിമുട്ടി അവ്യക്തമാക്കിയാലും ഉത്തരം വ്യക്തമാണ്. 


No comments: