Thursday, May 20, 2010

വിചിത്രകേരളത്തില്‍ ഫയല്‍ ചെയ്യപ്പെടുന്ന അസഹിഷ്ണുതകള്‍

വിചിത്രകേരളം എന്ന ബ്ലോഗിനും ജോര്‍ജ് ജോസഫെന്ന ബ്ലോഗര്‍ക്കും ബൂലോകത്തിലെന്നല്ല, നമ്മുടെ പൊതുസമൂഹത്തില്‍ പോലും ഒരു മുഖവുരയൊന്നും ഇനി ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തന്റെ ബ്ലോഗ് പോസ്റ്റുകളുടെ ഉള്ളടക്കത്തിന്റെ പേരില്‍ നിയമനടപടികള്‍ നേരിടുകയാണല്ലോ ഇദ്ദേഹമിപ്പോള്‍. ഒരു വ്യക്തി അയാളുടെ സ്വന്തം ബ്ലോഗില്‍ സ്വമേധയാ എഴുതി പ്രസിദ്ധീകരിച്ച ലേഖനങ്ങളിലൂടെ ചെന്നെത്തിയ നിയമക്കുരുക്കിലും വിവാദങ്ങളിലും നമുക്കെന്ത് കാര്യം എന്ന നിലയ്ക്ക് ഇതിനെ ചുരുക്കിക്കാണാനാവില്ല. ബ്ലോഗ് ഒരു ഇന്ററാക്റ്റീവ് മാധ്യമമാവുന്നത് എഴുത്തുകാരനും വായനക്കാരനുമിടയില്‍ തുറന്നുകിടക്കുന്ന വിനിമയസാധ്യതകളിലൂടെയാണ്. യോജിക്കാനും വിയോജിക്കാനും ആശയപരമായ യുദ്ധങ്ങള്‍ തന്നെ തുടര്‍ന്നുകൊണ്ടുപോകാനും ഇടം നല്‍കുന്ന ഈ സൈബര്‍ലോകത്തുനിന്ന് ഉള്ളടക്കവും അനുബന്ധചര്‍ച്ചകളും രാഷ്ട്രീയാധികാരത്തിന്റെയും നിയമങ്ങളുടേയുമൊക്കെയായ മറ്റൊരിടത്തേക്ക് പൊടുന്നനെ പറിച്ചുനടപ്പെടുന്നത് ഇവിടെ ധനാത്മകമായി തുടര്‍ന്നുവരുന്ന ചര്‍ച്ചകളെയും സംവാദങ്ങളെയുമൊക്കെ ഇല്ലാതാക്കുകയോ നിര്‍ജ്ജീവമാക്കുകയോ ചെയ്തേക്കാം.

നായര്‍സമുദായാംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള രചനകള്‍ പ്രസിദ്ധീകരിച്ചു എന്നതാണല്ലോ വിചിത്രകേരളം ബ്ലോഗര്‍ക്കെതിരെയുള്ള ആരോപണം. ഇയാള്‍ തന്റെ പോസ്റ്റുകളിലൂടെ മുന്നോട്ടുവെക്കുന്ന പല നിരീക്ഷണങ്ങളും പി കെ ബാലകൃഷ്ണനുള്‍പ്പെടെയുള്ള പല ചരിത്രകാരന്മാരും സാമൂഹ്യനിരീക്ഷകരും ഇതിനോടകം തന്നെ മുന്നോട്ടുവെച്ചുകഴിഞ്ഞവയാണ്. എന്നാല്‍ ഇദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ക്കോ നിഗമനങ്ങള്‍ക്കോ ആധാരമാക്കുന്ന രീതിശാസ്ത്രം സാമൂഹ്യശാസ്ത്രത്തിന്റെയോ നരവംശശാസ്ത്രത്തിന്റെയോ അല്ലെന്നു മാത്രമല്ല, തികച്ചും അശാസ്ത്രീയമായ ഒന്നാണ് താനും. കേവലം വെറിതീര്‍ക്കലിന്റേത് മാത്രമായ ഏകപക്ഷീയവും തുലനം നഷ്ടപ്പെട്ടതുമായ ഒരാഖ്യാനശൈലിയാണ് ആ ബ്ലോഗിലെ പോസ്റ്റുകളിലുടനീളം കണ്ടുവരുന്നത്. ഇന്നത്തേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സാമൂഹ്യാവസ്ഥയെ അതിന് നിദാനമായ സാഹചര്യങ്ങളെ അപ്പാടെ അവഗണിച്ചുകൊണ്ടു സമീപിക്കുകയും കേവലം പ്രകോപനത്തിനപ്പുറം ചരിത്രപരമോ സാമൂഹ്യശാസ്ത്രപരമോ നരവംശശാസ്ത്രപരമോ ആയി യാതൊരു പ്രസക്തിയുമില്ലാത്ത നിഗമനങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്യുന്നു എന്നതാണ് ഈ പോസ്റ്റുകളുടെ പ്രഥമവും പരമവുമായ ന്യൂനതയും.

ചരിത്രസത്യങ്ങളുടേത് വിഭാഗീയമായ ഒരു നിലനില്പല്ല. അതുകൊണ്ടുതന്നെ അവയുടെ വിഭാഗീയമായ വായന ഒരു സമൂഹത്തെ ചലനാത്മകമായി നിലനിര്‍ത്തുന്നതിനും ദിശാബോധം നല്‍കുന്നതിനും ആവശ്യമായ തുടരിന്റെ കണ്ണികളെ തമസ്കരിക്കുകയും അതിലൂടെ ജാതീയവും മതപരവുമായ പൊങ്ങച്ചത്തിന്റെ കുടുസ്സുകളില്‍ അതാത് വിഭാഗങ്ങളെ കൊണ്ട് കുടുക്കുകയും ചെയ്യും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പി കെ ബാലകൃഷ്ണനെയും മറ്റും പോലുള്ള ചരിത്രകാരന്മാരുടെ പല കണ്ടെത്തലുകളും ബ്രാഹ്മണനും നായര്‍ക്കും ഈഴവനുമുള്‍പ്പെടെയുള്ള ഏത് വിഭാഗത്തിനും അപകീര്‍ത്തികരമായി തോന്നാവുന്നവയാണ്. എന്നാല്‍ ഈ പറഞ്ഞത് സ്ഥൂലവല്‍ക്കരിച്ച ഒരു നിരീക്ഷണമാണെന്നും ഒരു വായനക്കാരന് തോന്നാം. മേല്പറഞ്ഞ ചരിത്രകാരന്മാരുടെ പുസ്തകങ്ങളൊന്നും ഈ നിലക്കല്ല വായിക്കപ്പെട്ടതും വായിക്കപ്പെടുന്നതുമെന്നും വിചിത്രകേരളമെന്ന ബ്ലോഗിനെതിരെ ആരെങ്കിലും കേസ് കൊടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ കാരണങ്ങള്‍ ഇവിടെയല്ല അന്വേഷിക്കേണ്ടത് എന്നും വാദിക്കാം. അങ്ങനെയെങ്കില്‍ അവര്‍ മുന്നോട്ടുവെച്ച ചരിത്രവും വിചിത്രകേരളത്തില്‍ കേട്ട അതിന്റെ മാറ്റൊലിയും തമ്മില്‍ എന്താണ് വ്യത്യാസം? ആദ്യത്തേത് സജീവവും ധിഷണാപരവുമായ ചില ചരിത്ര ഇടപെടലുകളായിരുന്നുവെങ്കില്‍ വിചിത്രകേരളത്തിന്റേത് മേല്പറഞ്ഞവയുടെ ചര്‍ച്ചാസാധ്യതകളെക്കൂടി റദ്ദു ചെയ്യുംവിധം ‘സില്ലി’യാ‍യ ചില സാമാന്യവല്‍ക്കരണങ്ങളും. അപ്പോഴിവിടെ വീണ്ടുമൊരു ചോദ്യമുയരുന്നു. ഇത്തരം സാമാന്യവല്‍ക്കരണങ്ങളെ വെള്ളം തൊടാതെ വിഴുങ്ങാനുള്ള ബാധ്യത ആര്‍ക്കുമില്ലെന്നിരിക്കുമ്പോഴും ബൌദ്ധികമായ ഇത്തരം അല്പത്തരങ്ങളെയൊക്കെ കുറ്റകൃത്യങ്ങളായി കാണേണ്ടതുണ്ടോ?

ഏതൊരു ബ്ലൊഗ് പോസ്റ്റിന്റെയും ഉള്ളടക്കത്തെ എതിര്‍ക്കാനും അതിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാനുമുള്ള അവസരങ്ങള്‍ ബ്ലോഗെന്ന മാധ്യമത്തിന്റെ അതിരുകള്‍ക്കുള്ളില്‍തന്നെ ലഭ്യമാണ്. ഭീരുവായ ഏതെങ്കിലുമൊരു ബ്ലോഗര്‍ കമന്റ് ഓപ്ഷന്‍ മുഖേനയുള്ള കൊടുക്കല്‍ വാങ്ങല്‍ സാധ്യതകളെ അടച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചാലും അയാളെ അവിടുന്ന് പുറത്തെടുക്കാനും ജനമധ്യേ ആശയപരമായിത്തന്നെ വിചാരണ ചെയ്യാനുമുള്ള സാധ്യതകളുണ്ട്. വിചിത്രകേരളത്തില്‍ വന്ന പോസ്റ്റുകളോടും പ്രതികരിക്കേണ്ടത് അത്തരം സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടാണ്. അത്തരം ശ്രമങ്ങള്‍ ബൂലോകത്ത് നടന്നിട്ടുമുണ്ട്. ഈ വഴിക്കുള്ള കാര്യമാത്രപ്രസക്തവും സമതുലിതവുമായ ഒരു ശ്രമമാണ് രാജീവ് ചേലനാട്ടിന്റെ പോസ്റ്റ്. നിലവാരത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ക്കപ്പുറം ഓരോ ബ്ലോഗ് പോസ്റ്റും നടത്തുന്നത് ഒരു സാംസ്കാരിക ഇടപെടലാണ്. അതുകൊണ്ടുതന്നെ അവയോട് പ്രതികരിക്കുന്നത് മറ്റൊരു തലത്തിലാവുന്നത് ആശാസ്യമായൊരു കീഴ്വഴക്കമാവില്ല സൃഷ്ടിക്കുന്നത്. അലസമായി വിട്ടാല്‍ പിന്നീട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാന്‍ പോന്നതുമാണത്. അത്തരം ചില സൂചനകള്‍ ഇതിനോടകം തന്നെ ബ്ലോഗില്‍ കണ്ടുതുടങ്ങിയിട്ടുമുണ്ട്.

വിചിത്രകേരളം ബ്ലോഗറുടെ അറസ്റ്റുമായി ബന്ധപ്പെട്ടു നടന്ന ബ്ലോഗ് ചര്‍ച്ചകള്‍ പലരുടെയും ഉള്ളില്‍ വിങ്ങുന്ന അസഹിഷ്ണുതകളെ പ്രകടമാക്കുന്നുണ്ട്. തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് നിരക്കാത്ത അഭിപ്രായപ്രകടനങ്ങളെയൊക്കെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ ആര്‍ക്കും പ്രോത്സാഹനം നല്‍കുന്നൊരു കീഴ്വഴക്കമായി ഈ അറസ്റ്റിനെ കണ്ടാശ്വസിക്കുന്നവരുടെ എണ്ണം ചെറുതല്ല. ഫെമിനിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയൊക്കെ അടച്ചാക്ഷേപിച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ ബൂലോകത്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയ്ക്കെതിരെ ഇത്തരം നിയമനടപടികള്‍ ഉണ്ടാവാതിരുന്നത് ആ പ്രസ്ഥാനങ്ങളിലെ സജീവമായ ജനാധിപത്യബോധം കൊണ്ടാവാം. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇന്ന് നിലനില്‍ക്കുന്ന പല സംഘടനകളില്‍നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും അത്തരമൊന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല.

മൂലഘടകങ്ങള്‍ മുതല്‍ക്ക് തന്നെ വിരുദ്ധധ്രുവങ്ങളില്‍ നിലനിന്നു പോരുന്നവയാണ് വിശ്വാസവും യുക്തിയും. അതുകൊണ്ടുതന്നെ യുക്തിയുടെ പരിപ്രേക്ഷ്യത്തിലൂടെ വിശ്വാസങ്ങളെ വിശകലനം ചെയ്യുവാനുള്ള ഏതൊരു ശ്രമവും മതനിന്ദയോ വിശ്വാസികളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമോ ആയി വ്യാഖ്യാനിക്കപ്പെടാം. അത് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നത് ഏതൊരുതരം എഴുത്തും നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന അവസ്ഥയിലേക്കാണ്. തികച്ചും വ്യതിരിക്തമായ വര്‍ത്തമാന സാംസ്കാരികപരിസരങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഇത്തരം വ്യവഹാരങ്ങളെ എത്രയൊക്കെ അല്ലെന്ന് പറഞ്ഞാലും ഇതിന്റെ ഭാഗമാവാതിരിക്കാന്‍ തരമില്ലാത്ത നീതിന്യായവ്യവസ്ഥ എങ്ങനെ സമീപിക്കുമെന്നതും, മൌലികാവകാശങ്ങളും അതിന്റെ ഭാഗമായ അഭിപ്രായസ്വാതന്ത്ര്യം തന്നെയും പുതിയ സാഹചര്യങ്ങളില്‍ എങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്നതും അന്തമില്ലാത്ത ആശങ്കകളാണ് ഉയര്‍ത്തുന്നത്.

മാധ്യമചരിത്രത്തില്‍ ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും ജനാധിപത്യപരമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ബ്ലോഗെന്ന ഈ പുതുമാധ്യമം. എന്തുകൊണ്ടെന്നാല്‍ എഴുത്തിനും വായനക്കാരനുമിടയില്‍ സാധ്യമാകുന്ന വിനിമയശൃംഘല ഇതിന്റെ മാത്രം പ്രത്യേകതയാണ്. ആരെയും തിരസ്കരിക്കാത്തവണ്ണം വിശാലവും സുതാര്യവുമാണ് ഈ ഇടം(നാളിതുവരെയെങ്കിലും). ചിത്രകാരെന്റേതും വിചിത്രകേരളത്തിന്റെയും കാര്യത്തിലുണ്ടായതുപോലുള്ള, ഇനി നിരന്തരം ആവര്‍ത്തിക്കപ്പെട്ടേക്കാമെന്ന് ഭയക്കേണ്ടുന്ന, ഇത്തരം നിയമനടപടികള്‍ ചോദ്യം ചെയ്യുന്നത് ബ്ലോഗിന്റെ മാത്രമല്ല, അതിനു പുറത്തുമുള്ള പല ജനാധിപത്യമൂല്യങ്ങളേയുമാണ്. അസഹിഷ്ണുതകള്‍ക്ക് നിയമസാധുത നല്‍കുവാനുള്ള ശ്രമങ്ങളിലൂടെ നാം മൂടിക്കെട്ടുന്നത് നമ്മുടെ തന്നെ ചിന്തകളെയും നാവിനെയുമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആ നിലയ്ക്കാണ് വിചിത്രകേരളം ബ്ലോഗറുടെ അറസ്റ്റ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നു തോന്നുന്നു.

Wednesday, May 12, 2010

തട്ടവും ശിക്ഷയും

പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിച്ചുകൊണ്ടുള്ള നിയമം ബെല്‍ജിയം സര്‍ക്കാര്‍ പാസാക്കിയതോടുകൂടി ഒരിടവേളയ്ക്കുശേഷം ബുര്‍ഖ വീണ്ടും അന്താരാഷ്ട്രശ്രദ്ധ നേടിയിരിക്കുന്നു. ഈ സമയത്തുതന്നെയാണ് ഇവിടെയും ആലപ്പുഴ ബിലീവേര്‍സ് ചര്‍ച്ച് സ്കൂളില്‍ നിന്ന് ഒരു മുസ്ലിം പെണ്‍കുട്ടിയെ പുറത്താക്കിയതിനെ തുടര്‍ന്ന് ബുര്‍ഖ വീണ്ടും ചര്‍ച്ചാവിഷയമായതെന്നത് സാന്ദര്‍ഭികമാവാം. അതെന്തുതന്നെയായാലും ഈ വിഷയത്തില്‍ ഗൌരവമുള്ള ചര്‍ച്ചകളും അതിലൂടെ ഒരു ആശയവ്യക്തതയും ഉരുത്തിരിഞ്ഞുവരേണ്ടത് അനിവാര്യമായിരിക്കുന്നു.

ബുര്‍ഖയെന്ന വസ്ത്രം സ്ത്രീവിരുദ്ധമാണോ അല്ലയോ എന്നതിനെക്കുറിച്ചൊക്കെ ഒരുപാടു ചര്‍ച്ചകളും സംവാദങ്ങളും നമുക്കിടയില്‍ ഉണ്ടായിട്ടുണ്ട്. അവ തുടരേണ്ടതുമുണ്ട്. എന്നാല്‍ അതങ്ങനെയായിരിക്കുമ്പോള്‍ തന്നെ ബുര്‍ഖയോ താടിയോ കൃപാണോ സിന്ദൂരക്കുറിയോ കൊന്തയോ ഒക്കെ പോലുള്ള മതചിഹ്നങ്ങളുടെ ഏകപക്ഷീയമായ നിരോധനം മനുഷ്യാവകാശലംഘനം തന്നെയാണ്. മുഖം മറയ്ക്കാത്തതിന്റെ പേരില്‍ സ്ത്രീകളെ ചാട്ടയ്ക്കടിക്കുന്ന മതനേതൃത്വത്തിന്റേതുപോലെ മനുഷ്യത്വരഹിതവും ഫാസിസ്റ്റിക്കുമായ പ്രവൃത്തി തന്നെയാണ് ഇതും. എന്നിരിക്കെ ആദ്യം പരാമര്‍ശിച്ച വാര്‍ത്തയിലെ പെണ്‍കുട്ടി സ്കൂളില്‍നിന്ന് പുറത്താകുന്നത് ബുര്‍ഖയൊന്നും ധരിച്ചിട്ടല്ല, മറിച്ച് നമ്മുടെ നാട്ടിലെ മുസ്ലിം പെണ്‍കുട്ടികള്‍ കാലാകാലമായി ധരിച്ചുവരുന്ന തട്ടത്തിന്റെ പേരിലാണ് എന്നത് വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു.

മതസാമുദായികസംഘടനകള്‍ പൊതുവിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരുന്നതും വിദ്യാലയങ്ങള്‍ തുടങ്ങുന്നതും പ്രോത്സാഹിപ്പിക്കുന്നതാണ് നമ്മുടെ എക്കാലത്തയും വിദ്യാഭ്യാസനയം. അതിന് അതിന്റേതായ കാരണങ്ങളുണ്ട് താനും. എന്നാല്‍ ഇത്തരം വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തില്‍ കടന്നുവരുന്ന മതപരമായ അംശങ്ങളെയും അത് വിവിധമതസ്ഥരായ കുട്ടികള്‍ക്കിടയില്‍ ഉണ്ടാക്കാനിടയുള്ള സംഘര്‍ഷങ്ങളെയും നിരീക്ഷിക്കാനോ പഠിക്കാനോ നമുക്ക് സംവിധാനങ്ങളില്ല. ഇതിന്റെയൊരു പ്രതിഫലനമാണ് ആലപ്പുഴയില്‍ നാം കണ്ടത്. മതസാമുദായികസംഘടനകള്‍ നടത്തുന്ന സ്കൂളുകളില്‍ മോണിംഗ് അസംബ്ലി മുതല്‍ കൂട്ടമണിവരെയുള്ള കാലയളവിനുള്ളില്‍ അതാത് മതസമുദായങ്ങളുടെ വിശ്വാസസംഹിതകള്‍ പല രൂപത്തില്‍ കടന്നുവരാറുണ്ട്. ബിലീവേര്‍സ് ചര്‍ച്ച് സ്കൂളില്‍ നടന്നിരുന്ന പ്രാര്‍ത്ഥനകളിലും മറ്റും മുസ്ലിം മതവിശ്വാസിയായ നേരത്തെ പരാമര്‍ശിച്ച പെണ്‍കുട്ടിയും പങ്കെടുത്തിരുന്നതായി അവള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നിട്ടും തട്ടമിട്ടതിന്റെ പേരില്‍ അവള്‍ പുറത്താക്കപ്പെട്ടു.

ഇവിടെ പ്രശ്നം വിദ്യാലയങ്ങളില്‍നിന്നാണോ വിദ്യാര്‍ത്ഥി(നി)കളില്‍ നിന്നാണോ മതചിഹ്നങ്ങള്‍ ഒഴിവാക്കപ്പെടേണ്ടത് എന്നതാണ്. ഒരു സ്ഥാപനമെന്ന നിലക്ക് സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ അതിന്റെ നടത്തിപ്പുകാരുടെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും കടന്നുവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ വിവിധമതസ്ഥരായ അവിടുത്തെ കുട്ടികളുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ അത് ഒട്ടും സ്വാഭാവികമല്ലാത്ത അടിച്ചേല്‍പ്പിക്കലായി മാറുന്നു. പലപ്പൊഴും അവരുടെ മതവും, വിശ്വാസവും വിലക്കുന്ന കാര്യങ്ങള്‍പോലും അവര്‍ക്ക് ചെയ്യേണ്ടിവരുന്നു. നമ്മുടെതുപോലുള്ള ഒരു ബഹുസ്വരസമൂഹത്തെ സംബന്ധിച്ചിടത്തോളം ഇത് ഒഴിവാക്കപ്പെടെണ്ടതുതന്നെയാണ്. എന്നാല്‍ വിദ്യാര്‍ത്ഥി(നി)കള്‍ ഉപയോഗിക്കുന്ന മതചിഹ്നങ്ങള്‍ അവരുടെ വ്യക്തിപരമായ വിശ്വാസങ്ങളുടെയും ശീലങ്ങളുടെയും ഭാഗമാണ്. അവ ഇതരമതസ്ഥരായ സഹപാഠികളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയോ അവയുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയോ ചെയ്യുന്നില്ല. എന്നു മാത്രമല്ല, നമ്മുടേത് ഒരു ബഹുസ്വരസമൂഹമാണെന്നും അവിടെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമൊക്കെ അവരവരുടെ ആചാരാനുഷ്ഠാനങ്ങളുള്‍ക്കൊണ്ടുതന്നെ സഹവര്‍ത്തിക്കുന്നുവെന്നും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അവയുടെ നിഷേധം അതുകൊണ്ടുതന്നെ മൌലികാവകാശനിഷേധം തന്നെയാണ്.

ഇതൊരു ഒറ്റപ്പെട്ട പ്രശ്നമായിക്കണ്ട് തള്ളിക്കളയുന്നത് ആത്മഹത്യാപരമാണ്. എന്തുകൊണ്ടെന്നാല്‍ ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് ആശയവ്യക്തതയുണ്ടായില്ലെങ്കില്‍ സംഭവിക്കുന്നത് ഓരോ മതസമുദായങ്ങളില്‍ പെട്ടവരും അവരവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മാത്രം പഠിച്ചാല്‍മതി എന്ന ഒരു തീരുമാനത്തിലേക്ക് പൊതുസമൂഹം എത്തിച്ചേരുകയെന്നതാണ്. ക്രിസ്ത്യാനികള്‍ ക്രൈസ്തവവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ തന്നെ പഠിക്കണമെന്ന പവ്വത്തിലിന്റെ ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങള്‍ സൂചിപ്പിക്കുന്നത് അത്തരമൊരു അവസ്ഥാന്തരം അധികം അകലെയല്ല എന്നാണ്. ഒരു ബഹുസ്വരസമൂഹത്തില്‍ ഈവിധ തീരുമാനങ്ങള്‍ ഉണ്ടാക്കാവുന്ന മത സാമുദായിക ധ്രുവീകരണങ്ങളുടെ പ്രത്യാഘാതങ്ങള്‍ എത്ര വലുതായിരിക്കുമെന്നതിനെക്കുറിച്ച് വിശദീകരിക്കേണ്ടതില്ലെന്ന് തോന്നുന്നു. കൂണുപോലെ മുളച്ചുപൊന്തുന്ന സി ബി എസ് ഇ, ഐ സി എസ് ഇ ഉള്‍പ്പെടെയുള്ള അണ്‍-എയ്ഡഡ് സ്കൂളുകളുടെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങള്‍ അടിയന്തിരമായി നമ്മുടെ സര്‍ക്കാരുകള്‍ ഉണ്ടാക്കിയില്ലെങ്കില്‍ നാനാത്വത്തില്‍ ഏകത്വം തുടങ്ങിയ നമ്മുടെ ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കുന്ന പല ആശയങ്ങളും സമീപഭാവിയില്‍തന്നെ പുല്ലുതിന്നാത്ത ഏട്ടിലെ പശുവായി ചുരുങ്ങും, ഉറപ്പ്.