Thursday, May 20, 2010

വിചിത്രകേരളത്തില്‍ ഫയല്‍ ചെയ്യപ്പെടുന്ന അസഹിഷ്ണുതകള്‍

വിചിത്രകേരളം എന്ന ബ്ലോഗിനും ജോര്‍ജ് ജോസഫെന്ന ബ്ലോഗര്‍ക്കും ബൂലോകത്തിലെന്നല്ല, നമ്മുടെ പൊതുസമൂഹത്തില്‍ പോലും ഒരു മുഖവുരയൊന്നും ഇനി ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തന്റെ ബ്ലോഗ് പോസ്റ്റുകളുടെ ഉള്ളടക്കത്തിന്റെ പേരില്‍ നിയമനടപടികള്‍ നേരിടുകയാണല്ലോ ഇദ്ദേഹമിപ്പോള്‍. ഒരു വ്യക്തി അയാളുടെ സ്വന്തം ബ്ലോഗില്‍ സ്വമേധയാ എഴുതി പ്രസിദ്ധീകരിച്ച ലേഖനങ്ങളിലൂടെ ചെന്നെത്തിയ നിയമക്കുരുക്കിലും വിവാദങ്ങളിലും നമുക്കെന്ത് കാര്യം എന്ന നിലയ്ക്ക് ഇതിനെ ചുരുക്കിക്കാണാനാവില്ല. ബ്ലോഗ് ഒരു ഇന്ററാക്റ്റീവ് മാധ്യമമാവുന്നത് എഴുത്തുകാരനും വായനക്കാരനുമിടയില്‍ തുറന്നുകിടക്കുന്ന വിനിമയസാധ്യതകളിലൂടെയാണ്. യോജിക്കാനും വിയോജിക്കാനും ആശയപരമായ യുദ്ധങ്ങള്‍ തന്നെ തുടര്‍ന്നുകൊണ്ടുപോകാനും ഇടം നല്‍കുന്ന ഈ സൈബര്‍ലോകത്തുനിന്ന് ഉള്ളടക്കവും അനുബന്ധചര്‍ച്ചകളും രാഷ്ട്രീയാധികാരത്തിന്റെയും നിയമങ്ങളുടേയുമൊക്കെയായ മറ്റൊരിടത്തേക്ക് പൊടുന്നനെ പറിച്ചുനടപ്പെടുന്നത് ഇവിടെ ധനാത്മകമായി തുടര്‍ന്നുവരുന്ന ചര്‍ച്ചകളെയും സംവാദങ്ങളെയുമൊക്കെ ഇല്ലാതാക്കുകയോ നിര്‍ജ്ജീവമാക്കുകയോ ചെയ്തേക്കാം.

നായര്‍സമുദായാംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള രചനകള്‍ പ്രസിദ്ധീകരിച്ചു എന്നതാണല്ലോ വിചിത്രകേരളം ബ്ലോഗര്‍ക്കെതിരെയുള്ള ആരോപണം. ഇയാള്‍ തന്റെ പോസ്റ്റുകളിലൂടെ മുന്നോട്ടുവെക്കുന്ന പല നിരീക്ഷണങ്ങളും പി കെ ബാലകൃഷ്ണനുള്‍പ്പെടെയുള്ള പല ചരിത്രകാരന്മാരും സാമൂഹ്യനിരീക്ഷകരും ഇതിനോടകം തന്നെ മുന്നോട്ടുവെച്ചുകഴിഞ്ഞവയാണ്. എന്നാല്‍ ഇദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ക്കോ നിഗമനങ്ങള്‍ക്കോ ആധാരമാക്കുന്ന രീതിശാസ്ത്രം സാമൂഹ്യശാസ്ത്രത്തിന്റെയോ നരവംശശാസ്ത്രത്തിന്റെയോ അല്ലെന്നു മാത്രമല്ല, തികച്ചും അശാസ്ത്രീയമായ ഒന്നാണ് താനും. കേവലം വെറിതീര്‍ക്കലിന്റേത് മാത്രമായ ഏകപക്ഷീയവും തുലനം നഷ്ടപ്പെട്ടതുമായ ഒരാഖ്യാനശൈലിയാണ് ആ ബ്ലോഗിലെ പോസ്റ്റുകളിലുടനീളം കണ്ടുവരുന്നത്. ഇന്നത്തേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സാമൂഹ്യാവസ്ഥയെ അതിന് നിദാനമായ സാഹചര്യങ്ങളെ അപ്പാടെ അവഗണിച്ചുകൊണ്ടു സമീപിക്കുകയും കേവലം പ്രകോപനത്തിനപ്പുറം ചരിത്രപരമോ സാമൂഹ്യശാസ്ത്രപരമോ നരവംശശാസ്ത്രപരമോ ആയി യാതൊരു പ്രസക്തിയുമില്ലാത്ത നിഗമനങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്യുന്നു എന്നതാണ് ഈ പോസ്റ്റുകളുടെ പ്രഥമവും പരമവുമായ ന്യൂനതയും.

ചരിത്രസത്യങ്ങളുടേത് വിഭാഗീയമായ ഒരു നിലനില്പല്ല. അതുകൊണ്ടുതന്നെ അവയുടെ വിഭാഗീയമായ വായന ഒരു സമൂഹത്തെ ചലനാത്മകമായി നിലനിര്‍ത്തുന്നതിനും ദിശാബോധം നല്‍കുന്നതിനും ആവശ്യമായ തുടരിന്റെ കണ്ണികളെ തമസ്കരിക്കുകയും അതിലൂടെ ജാതീയവും മതപരവുമായ പൊങ്ങച്ചത്തിന്റെ കുടുസ്സുകളില്‍ അതാത് വിഭാഗങ്ങളെ കൊണ്ട് കുടുക്കുകയും ചെയ്യും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പി കെ ബാലകൃഷ്ണനെയും മറ്റും പോലുള്ള ചരിത്രകാരന്മാരുടെ പല കണ്ടെത്തലുകളും ബ്രാഹ്മണനും നായര്‍ക്കും ഈഴവനുമുള്‍പ്പെടെയുള്ള ഏത് വിഭാഗത്തിനും അപകീര്‍ത്തികരമായി തോന്നാവുന്നവയാണ്. എന്നാല്‍ ഈ പറഞ്ഞത് സ്ഥൂലവല്‍ക്കരിച്ച ഒരു നിരീക്ഷണമാണെന്നും ഒരു വായനക്കാരന് തോന്നാം. മേല്പറഞ്ഞ ചരിത്രകാരന്മാരുടെ പുസ്തകങ്ങളൊന്നും ഈ നിലക്കല്ല വായിക്കപ്പെട്ടതും വായിക്കപ്പെടുന്നതുമെന്നും വിചിത്രകേരളമെന്ന ബ്ലോഗിനെതിരെ ആരെങ്കിലും കേസ് കൊടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ കാരണങ്ങള്‍ ഇവിടെയല്ല അന്വേഷിക്കേണ്ടത് എന്നും വാദിക്കാം. അങ്ങനെയെങ്കില്‍ അവര്‍ മുന്നോട്ടുവെച്ച ചരിത്രവും വിചിത്രകേരളത്തില്‍ കേട്ട അതിന്റെ മാറ്റൊലിയും തമ്മില്‍ എന്താണ് വ്യത്യാസം? ആദ്യത്തേത് സജീവവും ധിഷണാപരവുമായ ചില ചരിത്ര ഇടപെടലുകളായിരുന്നുവെങ്കില്‍ വിചിത്രകേരളത്തിന്റേത് മേല്പറഞ്ഞവയുടെ ചര്‍ച്ചാസാധ്യതകളെക്കൂടി റദ്ദു ചെയ്യുംവിധം ‘സില്ലി’യാ‍യ ചില സാമാന്യവല്‍ക്കരണങ്ങളും. അപ്പോഴിവിടെ വീണ്ടുമൊരു ചോദ്യമുയരുന്നു. ഇത്തരം സാമാന്യവല്‍ക്കരണങ്ങളെ വെള്ളം തൊടാതെ വിഴുങ്ങാനുള്ള ബാധ്യത ആര്‍ക്കുമില്ലെന്നിരിക്കുമ്പോഴും ബൌദ്ധികമായ ഇത്തരം അല്പത്തരങ്ങളെയൊക്കെ കുറ്റകൃത്യങ്ങളായി കാണേണ്ടതുണ്ടോ?

ഏതൊരു ബ്ലൊഗ് പോസ്റ്റിന്റെയും ഉള്ളടക്കത്തെ എതിര്‍ക്കാനും അതിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാനുമുള്ള അവസരങ്ങള്‍ ബ്ലോഗെന്ന മാധ്യമത്തിന്റെ അതിരുകള്‍ക്കുള്ളില്‍തന്നെ ലഭ്യമാണ്. ഭീരുവായ ഏതെങ്കിലുമൊരു ബ്ലോഗര്‍ കമന്റ് ഓപ്ഷന്‍ മുഖേനയുള്ള കൊടുക്കല്‍ വാങ്ങല്‍ സാധ്യതകളെ അടച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചാലും അയാളെ അവിടുന്ന് പുറത്തെടുക്കാനും ജനമധ്യേ ആശയപരമായിത്തന്നെ വിചാരണ ചെയ്യാനുമുള്ള സാധ്യതകളുണ്ട്. വിചിത്രകേരളത്തില്‍ വന്ന പോസ്റ്റുകളോടും പ്രതികരിക്കേണ്ടത് അത്തരം സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടാണ്. അത്തരം ശ്രമങ്ങള്‍ ബൂലോകത്ത് നടന്നിട്ടുമുണ്ട്. ഈ വഴിക്കുള്ള കാര്യമാത്രപ്രസക്തവും സമതുലിതവുമായ ഒരു ശ്രമമാണ് രാജീവ് ചേലനാട്ടിന്റെ പോസ്റ്റ്. നിലവാരത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ക്കപ്പുറം ഓരോ ബ്ലോഗ് പോസ്റ്റും നടത്തുന്നത് ഒരു സാംസ്കാരിക ഇടപെടലാണ്. അതുകൊണ്ടുതന്നെ അവയോട് പ്രതികരിക്കുന്നത് മറ്റൊരു തലത്തിലാവുന്നത് ആശാസ്യമായൊരു കീഴ്വഴക്കമാവില്ല സൃഷ്ടിക്കുന്നത്. അലസമായി വിട്ടാല്‍ പിന്നീട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാന്‍ പോന്നതുമാണത്. അത്തരം ചില സൂചനകള്‍ ഇതിനോടകം തന്നെ ബ്ലോഗില്‍ കണ്ടുതുടങ്ങിയിട്ടുമുണ്ട്.

വിചിത്രകേരളം ബ്ലോഗറുടെ അറസ്റ്റുമായി ബന്ധപ്പെട്ടു നടന്ന ബ്ലോഗ് ചര്‍ച്ചകള്‍ പലരുടെയും ഉള്ളില്‍ വിങ്ങുന്ന അസഹിഷ്ണുതകളെ പ്രകടമാക്കുന്നുണ്ട്. തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് നിരക്കാത്ത അഭിപ്രായപ്രകടനങ്ങളെയൊക്കെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ ആര്‍ക്കും പ്രോത്സാഹനം നല്‍കുന്നൊരു കീഴ്വഴക്കമായി ഈ അറസ്റ്റിനെ കണ്ടാശ്വസിക്കുന്നവരുടെ എണ്ണം ചെറുതല്ല. ഫെമിനിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയൊക്കെ അടച്ചാക്ഷേപിച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ ബൂലോകത്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയ്ക്കെതിരെ ഇത്തരം നിയമനടപടികള്‍ ഉണ്ടാവാതിരുന്നത് ആ പ്രസ്ഥാനങ്ങളിലെ സജീവമായ ജനാധിപത്യബോധം കൊണ്ടാവാം. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇന്ന് നിലനില്‍ക്കുന്ന പല സംഘടനകളില്‍നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും അത്തരമൊന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല.

മൂലഘടകങ്ങള്‍ മുതല്‍ക്ക് തന്നെ വിരുദ്ധധ്രുവങ്ങളില്‍ നിലനിന്നു പോരുന്നവയാണ് വിശ്വാസവും യുക്തിയും. അതുകൊണ്ടുതന്നെ യുക്തിയുടെ പരിപ്രേക്ഷ്യത്തിലൂടെ വിശ്വാസങ്ങളെ വിശകലനം ചെയ്യുവാനുള്ള ഏതൊരു ശ്രമവും മതനിന്ദയോ വിശ്വാസികളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമോ ആയി വ്യാഖ്യാനിക്കപ്പെടാം. അത് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നത് ഏതൊരുതരം എഴുത്തും നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന അവസ്ഥയിലേക്കാണ്. തികച്ചും വ്യതിരിക്തമായ വര്‍ത്തമാന സാംസ്കാരികപരിസരങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഇത്തരം വ്യവഹാരങ്ങളെ എത്രയൊക്കെ അല്ലെന്ന് പറഞ്ഞാലും ഇതിന്റെ ഭാഗമാവാതിരിക്കാന്‍ തരമില്ലാത്ത നീതിന്യായവ്യവസ്ഥ എങ്ങനെ സമീപിക്കുമെന്നതും, മൌലികാവകാശങ്ങളും അതിന്റെ ഭാഗമായ അഭിപ്രായസ്വാതന്ത്ര്യം തന്നെയും പുതിയ സാഹചര്യങ്ങളില്‍ എങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്നതും അന്തമില്ലാത്ത ആശങ്കകളാണ് ഉയര്‍ത്തുന്നത്.

മാധ്യമചരിത്രത്തില്‍ ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും ജനാധിപത്യപരമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ബ്ലോഗെന്ന ഈ പുതുമാധ്യമം. എന്തുകൊണ്ടെന്നാല്‍ എഴുത്തിനും വായനക്കാരനുമിടയില്‍ സാധ്യമാകുന്ന വിനിമയശൃംഘല ഇതിന്റെ മാത്രം പ്രത്യേകതയാണ്. ആരെയും തിരസ്കരിക്കാത്തവണ്ണം വിശാലവും സുതാര്യവുമാണ് ഈ ഇടം(നാളിതുവരെയെങ്കിലും). ചിത്രകാരെന്റേതും വിചിത്രകേരളത്തിന്റെയും കാര്യത്തിലുണ്ടായതുപോലുള്ള, ഇനി നിരന്തരം ആവര്‍ത്തിക്കപ്പെട്ടേക്കാമെന്ന് ഭയക്കേണ്ടുന്ന, ഇത്തരം നിയമനടപടികള്‍ ചോദ്യം ചെയ്യുന്നത് ബ്ലോഗിന്റെ മാത്രമല്ല, അതിനു പുറത്തുമുള്ള പല ജനാധിപത്യമൂല്യങ്ങളേയുമാണ്. അസഹിഷ്ണുതകള്‍ക്ക് നിയമസാധുത നല്‍കുവാനുള്ള ശ്രമങ്ങളിലൂടെ നാം മൂടിക്കെട്ടുന്നത് നമ്മുടെ തന്നെ ചിന്തകളെയും നാവിനെയുമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആ നിലയ്ക്കാണ് വിചിത്രകേരളം ബ്ലോഗറുടെ അറസ്റ്റ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നു തോന്നുന്നു.

23 comments:

സുശീല്‍ കുമാര്‍ said...

ഈ പോസ്റ്റിലെ നിലപാടിനോട് നൂറ് ശതമാനം യോജിക്കുന്നു. അതുകൊണ്ട് കൂടുതലെന്തെങ്കിലും പറയാനില്ല. ഗൗരവമായ ചര്‍ച്ച നടക്കട്ടെ.

ഷാജി ഖത്തര്‍ said...

REVERSE GEAR,
താങ്കള്‍ നന്നായി തന്നെ പറഞ്ഞിരിക്കുന്നു.
അഭിനന്ദനങ്ങള്‍.ബൂലോകത്ത് നടക്കുന്ന കാര്യങ്ങള്‍ ബ്ലോഗിന് പുറത്തേക്ക് പോലീസ് സ്റ്റേഷന്‍ ലോക്കപ്പിലേക്കോ കോടതി വരാന്തയിലേക്കോ വലിച്ചിടുന്നത് നല്ലൊരു കീഴ്വഴക്കമല്ല.

സുരേഷ് ബാബു വവ്വാക്കാവ് said...

താങ്കൾ പറഞ്ഞത് എല്ലാം വളരെ ശരിയാണ്. ഇവിടെ മതവിശ്വാസത്തെപ്പറ്റി ഒന്നും പറയുവാൻ പറ്റാത്ത അവസ്ഥയാണ്. മത വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിനോ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിനോ ആർക്കും യാതൊരു പ്രശ്നവുമില്ല. ഗൌളിശാസ്ത്രവും മഷിനോട്ടവും എല്ലാം വളരെ കറക്ട്. ഓരോരുത്തരും ഹിറ്റ്ലറോ മുസ്സോളിനിയോ ആകുന്നു. എതിർത്ത് ഒന്നും പറയരുത്.

ഷാജി ഖത്തര്‍ said...

vavvakkavu പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല.ഇവിടെ ഈ ബൂലോകത്തിലാണ് അന്ധവിശ്വാസത്ത്തിനും മതവിശ്വാസത്തിനും എതിരെ എത്ര പോസ്റ്റുകളാണ് എഴുതിയത്.ഡോ.ഗോ. യെ ബ്ലോഗിലെ മൂന്നു പുലികള്‍ (മൂന്നാറിലെ പൂച്ചയല്ല) പൊളിച്ചടുക്കിയില്ലേ എന്നിട്ട് ആ വിദ്വാന്‍ കേസിന് പോയോ. മതങ്ങള്‍ക്കെതിരെ യുകതിവാദികള്‍ എത്ര പോസ്റ്റുകളിട്ടു,വിശ്വാസികള്‍ ആരും കേസിന് പോയില്ല, അവര്‍ അവരുടെ വിശ്വാസം കൊണ്ട് അതിനെ ഖണ്ഡിക്കുന്നു അത്രമാത്രം.ഇപ്പോഴും വിശ്വാസികളുടെ ബ്ലോഗുകള്‍ തുറന്നു തന്നെയാണ് ഇരിക്കുന്നത്,ആര്‍ക്കും അവിടെ കമന്റിടാം.ഞാന്‍ പറയുന്നത് ബ്ലോഗിലെ കാര്യംമാണ്, താങ്കള്‍ ഉദ്ദേശിച്ചത് പുറത്തെ കാര്യമാണെങ്കില്‍ ഞാന്‍ ജോജിക്കുന്നു.

Anonymous said...

"അസഹിഷ്ണുതകള്‍ക്ക് നിയമസാധുത നല്‍കുവാനുള്ള ശ്രമങ്ങളിലൂടെ നാം മൂടിക്കെട്ടുന്നത് നമ്മുടെ തന്നെ ചിന്തകളെയും നാവിനെയുമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആ നിലയ്ക്കാണ് വിചിത്രകേരളം ബ്ലോഗറുടെ അറസ്റ്റ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നു തോന്നുന്നു."

തെന്നെ.. തെന്നെ... ജോര്‍ജ്ജ് ജോസഫ്- ജെ കെ - ശംഖുവരയന്‍- അവസാനം ഷൈന്‍ ബ്ലോഗ്ഗര്‍ അസഹിഷ്ണുത മൂത്ത് കള്ള്പ്പേരില്‍ നായന്മാരേയും ക്രിസ്റ്റ്യാനികളെയും തമ്മില്‍ തല്ലിക്കാന്‍ നോക്കിയത് എത്രയും പെട്ടെന്ന് നിയമപരമാക്കണം എല്ലാം നല്ല ഗിയറിലാകും അല്ലേ... നായര്‍ സമുദായത്തെയും എന്‍ എസ് എസിനേയും ആക്ഷേപിക്കുന്ന പോസ്റ്റുകള്‍ പ്രമുഖ ജാതി ബ്ലോഗര്‍ പടം വരപ്പുകാരന്റെ ബ്ലോഗിലും ചില ഡക്കിട്ടര്‍മാരുടെ ബ്ലോഗ്ഗിലും പല തവണ വന്ന്തൊന്നും പുറകോട്ടു ഗിയര്‍ അറിയാന്നിട്ടൊന്നുമല്ലല്ലോ? അന്നൊന്നും ആരും നടപടിയെടുത്തില്ല. ഇതു പക്ഷേ അങ്ങനെ വിടാന്‍ പറ്റുന്ന റ്റൈപ്പല്ലാ എന്ന് എല്ലാവര്‍ക്കും മനസ്സിലായതാണ്.

അയാള്‍ക്കെതിരെ താലിബാന്‍ നിയമം ഒന്നുമല്ലല്ലോ ഉപയോഗിച്ചത്, ഇന്ത്യയില്‍ ഉള്ള നിയമം തന്നേയാണല്ലോ. നിയമത്തിന്റെ വഴി ഉപ്യോഗിക്കാന്‍ പാടില്ല എന്ന്ത് ഒരു പുതിയ തിയറി തന്നേ..

Anonymous said...

"അസഹിഷ്ണുതകള്‍ക്ക് നിയമസാധുത നല്‍കുവാനുള്ള ശ്രമങ്ങളിലൂടെ നാം മൂടിക്കെട്ടുന്നത് നമ്മുടെ തന്നെ ചിന്തകളെയും നാവിനെയുമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആ നിലയ്ക്കാണ് വിചിത്രകേരളം ബ്ലോഗറുടെ അറസ്റ്റ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നു തോന്നുന്നു."

തട്ടമിട്ടതിനു സ്കൂളില്‍നിന്നും പുറത്താക്കിയതിനെതിരേ നിയമ നടപടിയെടുത്തത് ആ ഹെഡ്മാസ്റ്ററുടെയും സമൂഹത്തിന്റേയും ചിന്തകളെയും നാവിനെയഉം മൂടിക്കെട്ടുന്നതാണെന്നു തിരിച്ചറിഞ്ഞ് ആ രീതിയില്‍ ചര്‍ച്ച ചെയതാല്‍ എങ്ങനെയിരിക്കും റിവേഴ്സ് ഗിയരേ...(താങ്ങളുടെ പഴയ പോസ്റ്റിനു നന്ദി.)

ഷാജി ഖത്തര്‍ പറഞ്ഞ പോലെ പറഞ്ഞാല്‍ ഒരു സ്കൂളില്‍ നടക്കുന്ന കാര്യങ്ങള്‍ സ്കൂളിനു പുറത്തേക്ക് പോലീസ് സ്റ്റേഷന്‍ ലോക്കപ്പിലേക്കോ കോടതി വരാന്തയിലേക്കോ വലിച്ചിടുന്നത് നല്ലൊരു കീഴ്വഴക്കമാണോ...

“ഫെമിനിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയൊക്കെ അടച്ചാക്ഷേപിച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ ബൂലോകത്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “

അതിനൊക്കെ ശക്തവും യുക്തവുമായ മറുപടികള്‍ ആ പോസ്റ്റിനു കമന്റായി താങ്ങള്‍ വായിച്ചു കാണുമല്ലോ. അവൊരുന്നും ആരും ഒന്നും പറയാന്‍ ഇങ്ങോട്ടു വരണ്ട എന്നു പറഞ്ഞു കമന്റു ബോക്സും പൂട്ടിയല്ല വിമര്‍ശിച്ചത്.

ഗൂഡമായ ഉദ്ദേശ്യങ്ങളോട് കൂടി ചെയ്യുന്ന കാര്യങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം. അതിനൊരു ഉദാഹരണമാണ് സി പി യെം നേതാവ് പിണറായി വിജയന്റെ വീടിനെക്കുറിച്ചു പരത്തിയ വ്യാജ മേയിലിനെതിരെ സ്വീകരിച്ച നിയമ നടപടി.

Anonymous said...

ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !

chithrakaran:ചിത്രകാരന്‍ said...

വിവാദമായിത്തീര്‍ന്ന ബ്ലോഗിന്റെ ഗൂഗിള്‍ കാഷ് മെമ്മറിയില്‍ ലഭ്യമായ പേജ് ലിങ്ക്

Anonymous said...

അങ്ങനെയിരിക്കുമ്പോള്‍ ബ്രാഹ്മണ്യം ഒരു നാല്‍ക്കാലിയായി ഇങ്ങനെ നടന്നു വരികയായിരുന്നു

secular politics said...

സുശീല്‍, ഷാജി, വവ്വാക്കാവ്,
വായനക്കും കുറിപ്പിനും നന്ദി...

സത്യാന്വേഷി, ചിത്രകാരന്‍,
വായനക്കും ലിങ്കിനും നന്ദി..

ആദ്യ അനോണീ,
സാംസ്കാരിക ഇടപെടലുകളോട് പ്രതികരിക്കേണ്ടത് സാംസ്കാരികമായി തന്നെയാണ്, നിയമപരമായല്ല(അത് താലിബാന്‍ നിയമമോ ഇന്ത്യന്‍ നിയമമോ ഏതായാലും).

രണ്ടാമനോണീ,
സ്കൂളില്‍ തട്ടമിട്ടുകൊണ്ടുവരുന്നത് നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം എന്ന് പറയുകയല്ല ഹെഡ് മാസ്റ്റര്‍ ചെയ്തത്; ആ കുട്ടിയെ പുറത്താക്കുകയായിരുന്നു. വിചിത്രകേരളം ബ്ലോഗിലൂടെ ബ്ലോഗര്‍ നായര്‍ സ്ത്രീകളൊക്കെ വേശ്യകളാണെന്ന് അഭിപ്രായപ്പെടുകയാണ് ചെയ്തത്, വേശ്യാവൃത്തിയുടെ പേരില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുകയല്ല. അതാണ് രണ്ടും തമ്മിലുള്ള വ്യത്യാസം. വിചിത്രകേരളം കമന്റ് ഓപ്ഷന്‍ പൂട്ടിയെങ്കില്‍ മറ്റൊരു പോസ്റ്റിട്ട് ഇയാളുടെ ആശയങ്ങളോട് പ്രതികരിക്കാവുന്നതാണ്. രാജീവിന്റെ പോസ്റ്റിനെക്കുറിച്ച് ലേഖനത്തില്‍ തന്നെ പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുമല്ലോ.

മൂ‍ന്നാം അനോണീ,
ഈ ലിങ്കിന്റെ ഇവിടുത്തെ പ്രസക്തി മനസ്സിലാവുന്നില്ല.

അനില്‍@ബ്ലൊഗ് said...

നല്ല കുറിപ്പ്.
ഈ പോസ്റ്റില്‍ നിന്നും എന്റെ പഴയ കമന്റ് സ്റ്റോറിലേക്ക് ആളുകള്‍ വരാന്‍ കാരണമെന്തെന്ന് തപ്പി വന്നതാണ് . മേലെ കിടക്കുന്ന അനോണിക്കമന്റ് ആര് എന്തിന് ഇട്ടതാണാവോ?

Anonymous said...

"സ്കൂളില്‍ തട്ടമിട്ടുകൊണ്ടുവരുന്നത് നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം എന്ന് പറയുകയല്ല ഹെഡ് മാസ്റ്റര്‍ ചെയ്തത്; ആ കുട്ടിയെ പുറത്താക്കുകയായിരുന്നു. വിചിത്രകേരളം ബ്ലോഗിലൂടെ ബ്ലോഗര്‍ നായര്‍ സ്ത്രീകളൊക്കെ വേശ്യകളാണെന്ന് അഭിപ്രായപ്പെടുകയാണ് ചെയ്തത്, വേശ്യാവൃത്തിയുടെ പേരില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുകയല്ല. അതാണ് രണ്ടും തമ്മിലുള്ള വ്യത്യാസം."

അപ്പോള്‍ ഒരുത്തന്‍ എന്നെ തട്ടിക്കളയും എന്നു പറഞ്ഞി ഇമെയിലോ ബ്ലോഗ്ഗൊ വഴി (അല്ലെങ്കില്‍ പോസ്റ്ററോ മറ്റു ആശയ പ്രചരണ മാധ്യ്മങ്ങളോ) ഭീക്ഷണിപ്പെടുത്തിയാല്‍ അവന്‍ എന്നെ തട്ടിക്കഴിഞ്ഞേ ഞാന്‍ നിയമ നടപടിക്കു പോകാവൂ എന്നു സാരം...

പരലോകത്തു ബ്ലോഗ് ഉണ്ടോ ആവോ...

Anonymous said...

“സാംസ്കാരിക ഇടപെടലുകളോട് പ്രതികരിക്കേണ്ടത് സാംസ്കാരികമായി തന്നെയാണ്, നിയമപരമായല്ല“

ഹഹഹ... ശംഖു വരയന്‍ നടത്തിയത് ബയങ്കര സാംസ്കാരിക ഇടപെടല്‍ തന്നേ.

secular politics said...

അനിലേ,
നന്ദി

രണ്ടാം അനോണി,
ഈ കമന്റുകൂടി കണ്ടുകഴിഞ്ഞപ്പൊ താങ്കളുടെ അനോണിമിറ്റി ഏതാണ്ട് നീങ്ങിക്കിട്ടി.അഭിപ്രായവും ഭീഷണിയും ഒന്നല്ല എന്നതിന് ഏറേ വിശദീകരണമൊന്നും വേണ്ടെന്ന് കരുതുന്നു.

ഒന്നാം അനോണി,
ഒരാള്‍ തന്റെ അഭിപ്രായങ്ങളോ, നിരീക്ഷണങ്ങളോ മുന്നോട്ട് വയ്ക്കുന്നത്, അവ എത്ര തന്നെ ആശയദരിദ്രമോ ക്ഷുദ്രമോ ആയാല്‍ തന്നെയും ഒരു സാംസ്കാരിക ഇടപെടലാണ്.നമുക്ക് മോശമെന്ന് തോന്നുന്ന ഒരു സാംസ്കാരിക യുക്തിയെ അതിലും മെച്ചപ്പെട്ട ഒരു സാംസ്കാരിക യുക്തികൊണ്ട് വേണം നാം മറികടക്കേണ്ടത് എന്നതാണ് ഞങ്ങളുടെ നിലപാട്‌.അത് മുന്നോട്ട് വയ്ക്കാനാണ് ഈ പോസ്റ്റ്.

Anonymous said...

“രണ്ടാം അനോണി,
ഈ കമന്റുകൂടി കണ്ടുകഴിഞ്ഞപ്പൊ താങ്കളുടെ അനോണിമിറ്റി ഏതാണ്ട് നീങ്ങിക്കിട്ടി.അഭിപ്രായവും ഭീഷണിയും ഒന്നല്ല എന്നതിന് ഏറേ വിശദീകരണമൊന്നും വേണ്ടെന്ന് കരുതുന്നു.

ഒന്നാം അനോണി,
ഒരാള്‍ തന്റെ അഭിപ്രായങ്ങളോ, നിരീക്ഷണങ്ങളോ മുന്നോട്ട് വയ്ക്കുന്നത്, അവ എത്ര തന്നെ ആശയദരിദ്രമോ ക്ഷുദ്രമോ ആയാല്‍ തന്നെയും ഒരു സാംസ്കാരിക ഇടപെടലാണ്.നമുക്ക് മോശമെന്ന് തോന്നുന്ന ഒരു സാംസ്കാരിക യുക്തിയെ അതിലും മെച്ചപ്പെട്ട ഒരു സാംസ്കാരിക യുക്തികൊണ്ട് വേണം നാം മറികടക്കേണ്ടത് എന്നതാണ് ഞങ്ങളുടെ നിലപാട്‌.അത് മുന്നോട്ട് വയ്ക്കാനാണ് ഈ പോസ്റ്റ്. “

അഭിപ്രയവും ഭീക്ഷണിയും തമ്മിലുള വ്യത്യാസം ഭയങ്കരം തന്നെ. രിവേഴ്സ് ഗിയറിന്റെ അനോണിമിറ്റി മാറിക്കിട്ടി എന്നതും സന്തോഷകരം തന്നെ. ഓരൊ കാര്യന്നഗ്ല് തന്റെ ജാതി മത ചിന്തക്കനുകൂലമായി വ്യാഖ്യാനിക്കുക എന്നിട്ടു സെക്യുലര്‍ എന്നു പേരിടുക. മഹത്തരം തന്ന്. നല്ല നമസ്കാരം.

secular politics said...

അനോണീ,
ഹ..ഹ..ഹ..
അപ്പോ അഭിപ്രായസ്വാതന്ത്ര്യമെന്ന പേരില്‍ ഇന്ത്യന്‍ഭരണഘടന വിഭാവനം ചെയ്യുന്നത് ഭീഷണിപ്പെടുത്താനുള്ള സ്വാതന്ത്ര്യം കൂടിയാണല്ലേ?
ഈ പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ സെകുലര്‍ പൊളിറ്റിക്സിന്റെ ജാതി മത ചിന്തകളെ കണ്ടുപിടിച്ചുകളഞ്ഞല്ലോ. ഇനി മുന്‍ പോസ്റ്റുകള്‍ കൂടി വായിച്ചുനോക്കുക. സെകുലര്‍ എന്ന പേരിന്റെ സാംഗത്യവും കണ്ടുപിടിക്കാന്‍ കഴിഞ്ഞേക്കും.

Unknown said...

ചിത്രകാരന്റെ ഒരു കാമെംട് ഇതാ

കേരളത്തിലെ ബുധമത പാരമ്പര്യ ത്തിന്റെ പിന്‍മുറക്കാരാണു ക്രിസ്തിയനികളും മുസ്ലിംകങളും എന്നു
ഇനി താഴെ കാണുന്നത്‌ കൂടി വായിക്കൂ

1505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബോസ വിവരിക്കുന്നത് ഇങിനെയാണ് “അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്‍ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല” : Book of Duarto Barbosa, P.60
19ആം നൂറ്റാണ്ടില്‍ ഡൊക്ടര്‍ ഫ്രാന്‍സിസ് ഡേയും ഏതാണ്ട് ഇതേ സ്ഥിതി തന്നെ പറയുന്നു. “ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ്”: Dr. Francis Day-"Land of Perumals"P 323


എന്തു മനസ്സിലായി
ha ha ha ha
Solidarity

secular politics said...

വഴക്കാളീ,
വസ്തുതയെന്ന നിലയ്ക്കാണെങ്കില്‍ താങ്കള്‍ ചൂണ്ടിക്കാണിച്ചത് കേരളത്തിലെ നായന്മാരെ സംബന്ധിച്ചായാലും ഈഴവരെ സംബന്ധിച്ചായാലും സത്യം തന്നെയാണ്. അന്ന് നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥയുടെ ഇരകളായിരുന്നു ഇവയടക്കമുള്ള എല്ലാ സമുദായങ്ങളിലേയും സ്ത്രീകള്‍. അവസാനത്തെ ചിരിയുടെ അര്‍ത്ഥം മാത്രം മനസിലായില്ല. ജാതി,മത, സമുദായ,ലിംഗപരമായ കള്ളികളില്‍ ഒതുങ്ങിയല്ലാതെ ആര്‍ക്കും നിലനില്‍പ്പില്ലെന്ന വികലമായ തോന്നലിനെ സാമാന്യവല്‍ക്കരിച്ച് ഇവര്‍ ലവര്‍ തന്നെയെന്ന ഊഹത്തില്‍ എത്തിച്ചേര്‍ന്ന് അതിന്റെ അടിസ്ഥാനത്തില്‍ എങ്കില്‍ ലവന്മാരെ ഒന്നു കളിയാക്കികളയാമെന്ന് വിചാരിച്ച് വരുന്ന നിങ്ങളെക്കുറിച്ചോര്‍ത്ത് ഞങ്ങള്‍ പക്ഷേ ചിരിക്കില്ല. കാരണം നിങ്ങള്‍ അര്‍ഹിക്കുന്നത് പരിഹാസമല്ല, ദയയാണെന്ന് ഞങ്ങള്‍ക്കറിയാം.

Suresh said...

1505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബോസ വിവരിക്കുന്നത് ഇങിനെയാണ് “അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്‍ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല” : Book of Duarto Barbosa, P.60
19ആം നൂറ്റാണ്ടില്‍ ഡൊക്ടര്‍ ഫ്രാന്‍സിസ് ഡേയും ഏതാണ്ട് ഇതേ സ്ഥിതി തന്നെ പറയുന്നു. “ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ്”: Dr. Francis Day-"Land of Perumals"P 323

നിസ്സഹായന്‍ said...

"അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്‍ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല Book of Duarto Barbosa, P.60
ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ് Dr. Francis Day-"Land of Perumals"P "


മുകളില്‍ കൊടുത്ത ഉദ്ധരണി, നായര്‍ക്ക് പിന്തുണ കൊടുക്കാനായി,അതായത് നായരെ പോലെ മറ്റ് ജാതിക്കാരിലെ സ്ത്രീകളും വേശ്യകളായിരുന്നു എന്നു സ്ഥാപിക്കാനായി S, Suresh,Vazhakakli തുടങ്ങിയ
പേരുകളിലുള്ള നായന്മാര്‍ ബ്ലോഗായ ബ്ലോഗുകളിലെല്ലാം കൊണ്ടുനടന്ന് പേസ്റ്റി വെക്കുന്നുണ്ട്. ടി വാലന്മാര്‍ക്ക് കാര്യം നല്ലതുപോലെ മനസ്സിലാകാത്തതു കൊണ്ടാണ് ഈ പരിപാടിയുമായി കറങ്ങി നടക്കുന്നത്. വേശ്യകള്‍ എല്ലാ ജാതികളില്‍ നിന്നും മതങ്ങളില്‍ നിന്നും ഉണ്ടായിരുന്നു, ഉണ്ട്, ഉണ്ടാകും. ജനസംഖ്യാനുപാതികമായി കണെക്കെടുത്തു നോക്കിയാല്‍ ഒരു പക്ഷെ നായന്മാരേക്കാള്‍ വേശ്യകള്‍ മറ്റു ജാതിയിലെങ്ങാനും ആയിപ്പോയാല്‍ പോലും അത്ഭുതപ്പെടേണ്ട കാര്യവുമില്ല. എന്നാല്‍ നമ്പൂരിമാരുടെയും രാജാക്കന്മാരുടെയും ആവശ്യത്തിലേക്കു മാത്രമായി വേശ്യാവൃത്തിയെ കുലത്തൊഴിലാക്കിയും ജീവിതാനുഷ്ഠാനമാക്കിയും ആത്മീയാനുഷ്ഠാനം പോലുമായും കണക്കാക്കി ആചരിച്ചു ജീവിച്ചു പോന്നിരുന്ന ഒരേയൊരു ജാതി നായര്‍ മാത്രമായിരുന്നു എന്നതാണ് മറ്റ് ജാതികളും നായര്‍ ജാതിയും തമ്മിലുള്ള അജഗജാന്തര വ്യത്യാസം.

Joker said...

എല്ലാ കാലത്തും ജാതിപ്പേരുകള്‍ പേരിന്റെ കൂടെ കൂട്ടി അഹന്ത കാണിക്കുകയും, അത് തങ്ങളുടെ മേലാളത്തതിന്റെ ചിഹ്നമാണെന്ന് ധരിച്ചു വശാവുകയും ചെയ്ത ഒരു നായര്‍ കൂട്ടം തന്നെ കേരളത്തില്‍ നിവസിക്കുന്നുണ്ട്. ബ്ലോഗിലും അതിന് കുറ്രവൊന്നുമില്ല. ശ്രീ.നിസ്സഹായന്‍ പറഞ്ഞ പോലെ എല്ലാ സമുദായത്തിലും ഏറിയോ കുറഞ്ഞോ ഇരിക്കുന്ന ഈ പ്രവണത. ഒരു ആചാരം പോലെയോ മേലാളന്മാരുടെ സ്വത്ത് കിട്ടാനോ വേണ്ടി തലമുറകളായി ഉപയോഗപ്പെടുത്തി എന്നതാണ് നായര്‍ സമുദായത്തിന്റെ പ്രത്യേകത. ചരിത്രം മായ്യാതെ നില നില്‍ക്കുമ്പോള്‍ ഒരു ബ്ലോഗര്‍ അല്പം കടന്ന രീതിയില്‍ സംഗതി പറഞ്ഞു എന്നതില്‍ അസഹിഷ്ണുത പൂണ്ട്റ് അയാള്‍ക്കെതിരില്‍ കേസ് കൊടുക്കുക എന്നൊക്കെ പറഞ്ഞാല്‍ പഴയ നായര്‍ നമ്പൂതിരി ഫ്യൂഡല്‍ മനസ്സുകള്‍ കമ്പ്യൂട്ടറും ബ്ലോഗും വന്ന കാലത്തും മാറിയിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ട്റ്റത്. ഈ അസഹിഷ്ണുതാ കേസുകള്‍ ഒരു ദുരന്തമായാണ് വിലയിരുത്തപ്പെടേണ്ടത് എന്നാണ് എന്റെ പക്ഷം. പെരിന്റെ വാലിന്റെ പിന്നില്‍ ‘നായര്‍’ എന്ന് കൊത്തി വെക്കുന്നതില്‍ താന്‍ അഭിമാനം കൊള്ളുന്നു എന്നും ഞാന്‍ എന്റെ കുട്ടികളുടെ പേരിന്റെ വാലായും ഞാന്‍ പേരിടും എന്ന് പറഞ്ഞ ബ്ലോഗര്‍മാര്‍ തന്നെയുണ്ട്. ഈയൊരു സാഹചര്യത്തില്‍ പഴ ജന്മി കുടിയാന്‍ പീഠനത്തിന്റെ ഒരു തുടര്‍ച്ചയാ‍ണ് ഈ നിയമ നടപടിയും എന്നാണ് മനസ്സിലാക്കേണ്ടത്.തങ്ങള്‍ക്ക് കേള്‍ക്കാന്‍ ഈമ്പമുള്ളത് മാത്രം ബ്ലോഗില്‍ വിളമ്പണമെന്ന് വാശിപിടിച്ചാല്‍ പിന്നെ ബ്ലോഗിനെന്താണ് പ്രസക്തി.

ഈ ചര്‍ച്ചക്ക് നന്ദി പറയുന്നു.

Unknown said...

പൊതു സ്ഥലത്ത് മുണ്ട് പൊക്കി കാണിച്ചാല്‍ അതു ഒന്നുകില്‍ അഭാസതാരം അല്ലങ്കില്‍ മനോരൊഗമണ്‌ , എല്ലാ നിയമംഗങളും ഒരുതതരത്തിലാല്ലങ്കില്‍ മറ്റൊരുത്തരത്തില്‍ സ്വതന്ത്രിയത്തിനു മേലെ ഉള്ള കടന്നു കയത്തമാന്ണു, മനസ്സിലാകുന്നില്ല ഈ പുരൊഗമനമ് ഒരു ജാതി മറ്റൊന്നിനു മുകളില്‍ ആണ് എന്നു തോന്നുന്നെങ്കില്‍ അതിനു താഴെ ഉള്ളവര്‍ ധര്‍മ്മികമായും എല്ലാത്രത്തിലും അവരേക്കാള്‍തഴെ ആയിരിക്കും, ഇതു അറിയാന്‍ ഇരുപത്തഞ്ചു മുപ്പതു വര്‍ഷം പുറകോട്ട് പോയാല്‍ മതി CBSE syllabus അല്ലാത്തതിനാല്‍ മനസ്സിലായ കാര്യങ്ങളാണു
കാശ് കയ്യിലയാല്‍ പിന്നെ പാരമ്പര്യം വേണം എല്ലാര്‍ക്കും തോന്നുന്ന കാര്യം
മരുമക്കത്തായം നായരില്‍ മാത്രമുള്ള കാര്യം അല്ല ഇപ്പഴും കേരളത്തിന്റെ വടക്കുള്ള മുസ്ലിംസിന്റെ ഇടയില്‍ കാണാം
നമ്പൂതിരി ഉണ്ടാക്കിയ ഒരു വ്യവസ്ഥ അല്ല അതു
പിന്നെ ചിത്രകാരന്റെ പോസ്റ്റില്‍ എരിവ് ഇട്ട കാമെംട് വായിക്കൂോ

<-----> said...

എന്‍റെ പുതിയ മലയാളം ബ്ലോഗിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. www.dhaivam.blogspot.com.