Monday, December 29, 2014

ഫാസിസം വരുന്നത് പമ്പാബസ് പിടിച്ചോ

ഫാസിസം ഇരവല്ക്കരിക്കുന്നത് വ്യക്തികളെയല്ല, സമൂഹത്തെ മുഴുവനായാണ്. എന്നാൽ ഇത് ഫാസിസം സാധ്യമാക്കുന്നത് ആ സമൂഹത്തെ പ്രതിപക്ഷമായി മറുപക്ഷത്ത് നിർത്തികൊണ്ടല്ല, മറിച്ച് പൊതുബോധനിർമ്മിതിയിലൂടെ ഒപ്പം കൂട്ടിക്കൊണ്ടാണ്. ജനാധിപത്യത്തിലൂടെ നിലവിൽ വരുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങൾ അത് തെളിയിക്കുന്നു. അവ കായികമായല്ല ജനതയെ അടിമയാക്കുന്നത്; ബൗദ്ധികവും സാംസ്കാരികവുമായാണ്. അതിനാവശ്യമായ പശ്ചാത്തലനിർമ്മിതി ഇത്തരം ഭരണകൂടങ്ങളിലും, അവ ഇരയാക്കുന്ന സമൂഹങ്ങളിലും അവ നിർമ്മിക്കുന്ന സാംസ്കാരിക ഹെഗമണികളുടെ ഉള്ളടക്കത്തിൽ നിന്നും പ്രത്യക്ഷമായും പരോക്ഷമായും കണ്ടെടുക്കാനാവും. 

ഭൂരിഭാഗവും അയ്യപ്പന്മാരാവും എന്ന കാരണം കൊണ്ട് നമ്മുടെ മഹത്തായ 'കേരളീയ സംസ്കാരം'  പമ്പ ബസ്  സ്ത്രീകൾക്ക് നിഷിദ്ധമായി പ്രഖ്യാപിച്ചത് ഈ വർഷമാണ്. ചെറുപ്പക്കാരികളായ സ്ത്രീകൾ  രജസ്വലയാണോ അല്ലയോ എന്ന് ഉറപ്പിക്കാനാവാത്ത സാഹചര്യത്തിലാണത്രേ അത്. സംഭവത്തോട് പ്രതികരിച്ചുകൊണ്ട് കൂട്ടുകാരികളെ നമുക്ക് പമ്പ ബസ് പിടിക്കാംഎന്ന ഒരു സമരാഹ്വാനം ഉണ്ടാകുകയും അതിന് ഒരു വ്യവസ്ഥാപിത സമരരൂപം ഉണ്ടാകുന്നതിന് മുമ്പ് തന്നെ പമ്പയിലേയ്ക്കുള്ള ബസ് പിടിക്കാനെത്തിയ നാല് സ്ത്രീ പക്ഷ ആക്ടിവിസ്റ്റുകൾ ബസ്സ്റ്റാൻഡിൽ വച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. 

ഇവിടെ, ബസിൽ നിന്ന് സ്ത്രീയെ ഇറക്കിവിട്ട സംഭവത്തെ പുരോഗമന പക്ഷത്തുള്ള മനുഷ്യർ ഒന്നടങ്കം എതിർക്കുമ്പൊഴും 'ബസ് പിടിക്കൽ സമര'ത്തോട് അവർക്ക് രണ്ടഭിപ്രായമാണ്. സമരത്തിനെതിരേ ഉയരുന്ന പ്രധാന വിമർശനങ്ങൾ ഹിന്ദു വിശ്വാസി സ്വത്വത്തെ പ്രകോപിപ്പിക്കുന്നതിലൂടെ സമരക്കാർ അനൈച്ഛികവും  പരോക്ഷവുമായി ആണെങ്കിൽ കൂടി സംഘി അനുകൂലമായ ഒരു പൊതുബോധത്തിലേയ്ക്ക് മലയാളി സമൂഹത്തെ ഏകീകരിക്കുന്നു എന്നതും അനാർക്കിസ്റ്റ് സമരരൂപങ്ങളിലൂടെ  ഫാസിസ്റ്റ് വിരുദ്ധചേരിയെ ദുർബലപ്പെടുത്തുന്നു എന്നതും ആണ്. 

സാംസ്കാരിക സംഘിത്വവും രാഷ്ട്രീയ സംഘിത്വവും 

ആദ്യവിമർശനം മുഖവിലയ്ക്കെടുക്കുന്നത് ഇനിയും സംഘിവൽക്കരിക്കപ്പെട്ടിട്ടില്ലാത്ത മലയാളി പൊതുസമൂഹം എന്ന ധാരണയെ ആണ്. അതിന് അവർ തെളിവായി കാണുന്നത് ബിജെപി ഇനിയും കേരളത്തിൽ അക്കൗണ്ട് തുറന്നിട്ടില്ല എന്നതിനെയും. ഹിന്ദു വിശ്വാസി സമൂഹത്തിലെ ബഹുഭൂരിപക്ഷവും ബിജെപിയ്ക്ക് വോട്ട് ചെയ്യാറില്ല എന്നതിനാലാണ് അവർക്ക് ഇനിയും ഇവിടെ അക്കൗണ്ട് തുറക്കാനാവാത്തത് എന്നത് ഒരു വസ്തുത തന്നെയാണ്. എന്നാൽ അതിനെ കേരളീയ പൊതുസമൂഹം ഇനിയും സംഘിവൽക്കരിക്കപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവായി വ്യാഖ്യാനിക്കുന്നതിൽ പിശകുകൾ ഉണ്ട്. 

കേരളത്തിലെ സംഘിവൽക്കരണം നടന്നതും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതും രാഷ്ട്രീയ തലത്തിലല്ല. ആ പ്രക്രിയ തുടരുന്നത് സാമൂഹ്യ സാംസ്കാരിക തലങ്ങളിലാണ്. അതുകൊണ്ട് തന്നെ അതിന് പാർലമെന്ററി പ്രതിനിധാനം പുതിയതായി സാധിച്ചെടുക്കേണ്ട കാര്യമില്ല. നിലവിലുള്ള  വലത്, ഇടത് സംഘടനകളും  സംഘപരിവാറിന്റെ സംഘടനാ രൂപങ്ങളും തമ്മിൽ വ്യത്യസ്ത അനുപാതങ്ങളിൽ സംഘർഷങ്ങൾ ഉടലെടുക്കാറുണ്ടെങ്കിലും അവയുടെ ഉള്ളടക്കങ്ങൾ ഒരിക്കലും  സമൂഹത്തിലെ സാംസ്കാരികമായ സംഘിവൽക്കരണത്തെ വിമർശനവിധേയമാക്കുന്ന ഒരു സംവാദസ്ഥലത്തിലേയ്ക്ക് വികസിക്കാറില്ല . സംഘി സംസ്കാരത്തിന്റെ സ്ത്രീവിരുദ്ധവും, ദളിത്‌വിരുദ്ധവും, ന്യൂനപക്ഷവിരുദ്ധവുമായ ഉള്ളടക്കത്തെ, ആചാരാനുഷ്ഠാനങ്ങളിലൂടെ അത് വിട്ടുവീഴ്ചയില്ലാതെ നിലനിർത്തിപ്പോരുന്ന സ്ഥാപനങ്ങളെ പ്രശ്നവൽക്കരിക്കുന്നതിലൂടെ അല്ല ഈ  സംഘട്ടനങ്ങൾ ബഹുഭൂരിപക്ഷവും ഉണ്ടാക്കുന്നത്. അവ പലപ്പോഴും സംഘടനാതലത്തിലും, ഗോത്രസംസ്കാരത്തിന്റെ നീക്കിയിരുപ്പായ കുടിപ്പകകളുടെ, പ്രതികാരങ്ങളുടെ തുടർചരിത്രത്തിന്റെ ഭാഗമായും സംഭവിക്കുന്നവയാണ്. 

മലയാളിയുടെ പൊതുബോധം എന്നത് സംഘിപൊതുബോധമായി മാറിക്കഴിഞ്ഞു എന്നത് ഒരു വർത്തമാന യാഥാർത്ഥ്യമാണ് . അതിന് ഇരുമുന്നണികളിലും പ്രതിനിധികളുണ്ട്. അതുകൊണ്ട് തന്നെ സാംസ്കാരിക സംഘിത്വം അതിന്റെ ഹെഗമണി സ്ഥാപിച്ചുകഴിഞ്ഞ കേരളീയ സമൂഹത്തിൽ ഹിന്ദുസ്വത്വത്തെ സംബന്ധിച്ചിടത്തോളം   അക്രമത്തിന്റെയും ഹിംസയുടെയും ചരിത്രമുള്ള രാഷ്ട്രീയ സംഘിത്തത്തിന്റെ പാർലമെന്ററി പ്രതിനിധാനം തല്ക്കാലം  അധികാരബന്ധിയായ ഒരു അടിയന്തിര രാഷ്ട്രീയ  ആവശ്യമല്ല. എന്നുവച്ച് അത് ആവശ്യം വരുന്ന ഒരു ഘട്ടത്തിൽ എടുത്ത് ഉപയോഗിക്കാൻ ഒന്നുമില്ലാതെ പോകും വിധം കരുതലില്ലാതെയുമല്ല അത് നിലനില്ക്കുന്നത്. 

സാംസ്കാരിക സംഘിത്വത്തിന്റെ കരുതൽ സൈന്യം 

കേരളത്തിൽ രാഷ്ട്രീയ സംഘിത്വം ഒരു അടിയന്തിര ആവശ്യമല്ലാത്തത് സംഘി ഹെഗമണിയ്ക്കെതിരെ കാര്യമായ വെല്ലുവിളികൾ കേരളീയ പൊതുസമൂഹത്തിൽ നിന്ന് ഉയർന്നുവരാത്തതുകൊണ്ടാണ്. പിതൃകേന്ദ്രീകൃതമായ അതിന്റെ സാമൂഹ്യവ്യവസ്ഥയ്ക്കും, ആചാരാനുഷ്ഠാനങ്ങൾക്കും എതിരേ നവോത്ഥാനാനന്തരം ഉയർന്നുവന്ന സാംസ്കാരിക വിമർശനങ്ങളും അവ ഉയർത്തിയ വെല്ലുവിളികളും (എത്ര ദുർബലവും, അപര്യാപ്തവുമായി ഇന്ന് വിമർശിയ്ക്കപ്പെട്ടാലും അങ്ങനെയൊന്ന് ഉണ്ടായിരുന്നു എന്നത് ഒരു ചരിത്രവസ്തുത തന്നെയാണ്) ക്രമേണെ ദുർബലമാക്കപ്പെട്ടതോടെ മറുവശത്ത് ഹിന്ദുത്വ ഹെഗമണിയുടെ പുനസ്ഥാപനം നടന്നത് സ്വാഭാവികം മാത്രം. 

എന്നാൽ ഈ അനിഷേധ്യാവസ്ഥ അതിനെ ഉദാസീനമാക്കുന്നില്ല. വേണ്ടിവന്നാൽ ഉടൻ തെരുവിലേക്കിറങ്ങാൻ പാകത്തിൽ, ശാഖകൾ കേന്ദ്രീകരിച്ച് ഒരു കരുതൽ സൈന്യത്തെ ഈ ഹെഗമണി കേരളത്തിലങ്ങോളമിങ്ങോളം വിന്യസിച്ചിട്ടുണ്ട്. ഹിന്ദുപുരുഷയുവത്വത്തിന്റെ സൈനികവൽക്കരണം ഈയിടെ തുടങ്ങി പൂർത്തിയായ ഒരു പ്രതിഭാസവുമല്ല. സ്വതന്ത്രഭാരതത്തിനും പിന്നോട്ട് നീളുന്ന വേരുകളുള്ള ഹിന്ദുരാഷ്ട്രവാദത്തിന്റെയും, അതിന്റെ ഉപകരണമെന്ന നിലയിൽ ഹിന്ദു പുരുഷസമൂഹത്തിന്റെ, പ്രത്യേകിച്ച് യുവാക്കളുടെ സൈനികവൽക്കരണത്തിനും നമ്മുടെ മതേതരസോഷ്യലിസ്റ്റ് ഭരണഘടനയെക്കാൾ മൂപ്പുണ്ട്. വ്യത്യസ്തവേഗങ്ങളിൽ സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ ചരിത്രത്തിലൂടെയും തുടർന്ന ഈ പ്രക്രിയ കഴിഞ്ഞ ഏതാനും ദശകങ്ങളായി ത്വരിതപ്പെടുകയായിരുന്നുവെന്ന് കാണാം.

അതായത് "ബസ് പിടിക്കൽ സമര" ത്തിന്റെ വിമർശകർ ഉയർത്തുന്ന വാദങ്ങൾ കേവലാർത്ഥത്തിൽ ശരി തന്നെയാണ്. ഉണ്ടാകുന്ന ഒരോ പ്രകോപനവും ഈ സൈന്യത്തിന്റെ തെരുവ് കയ്യേറ്റത്തിൽ കലാശിച്ചേക്കാം. പക്ഷേ അത് ഉണ്ടാകുന്നത് ഒരു കണ്ടക്ടർക്ക് നേരേ നടപടി എടുത്തുകൊണ്ട് പരിഹരിക്കാവുന്ന  പ്രശ്നം ഒരു വിശ്വാസി സമൂഹത്തിന് മുഴുവൻ എതിരായി ഈ സമരം തിരിച്ചുവിട്ടതുകൊണ്ടല്ല. മറിച്ച് ഇങ്ങനെ ഒരു സംഭവം ഉണ്ടായത് തന്നെ  അതാത് മതാചാരങ്ങളിൽ മതേതരത്വം എന്ന മൂല്യത്തെയും, ബഹുമതസമൂഹമെന്ന യാഥാർത്ഥ്യത്തെയും, മാറിയ ഉല്പാദന സമ്പ്രദായങ്ങളിൽ പുനർ നിർണ്ണയിക്കപ്പെട്ട സ്ത്രീ സാന്നിദ്ധ്യം എന്ന പ്രായോഗിക അതിജീവനാവശ്യവും ഒക്കെ മുൻ നിർത്തി അതിൽ വെള്ളം ചേർത്ത് ആചരിച്ചിരുന്ന ഒരു സമൂഹത്തിന്റെ മതേതര സോഷ്യലിസ്റ്റ് മൂല്യവ്യവസ്ഥ ഹിന്ദുത്വ മൂല്യവ്യവസ്ഥ കൊണ്ട്  പകരം വയ്ക്കപ്പെട്ട ഒരു സാമൂഹ്യ സാംസ്കാരിക പരിസരത്തുവച്ചാണ് എന്ന് വേണം മനസിലാക്കാൻ. 

തകരുന്ന അപമൗലികവൽക്കരണം 

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. നവോത്ഥാനാനന്തര മലയാളിസമൂഹത്തിന്റെ ആദ്യകാല  ചരിത്രം മതപരവും, ആചാര ബദ്ധവുമായ അപമൗലീകവൽക്കരണത്തിന്റെത് കൂടിയായിരുന്നു. സോഷ്യലിസ്റ്റ്, മതേതര, ശാസ്ത്രീയ യുക്തികളുടെ സാംസ്കാരിക മേൽക്കയ്യിലൂടെയായിരുന്നു അത് സാധ്യമായിരുന്നത്. അത് ക്രമേണെ തകരുന്നതാണ് പിന്നീട് നാം കാണുന്നത്. സാംസ്കാരിക നവോത്ഥാനത്തിന് ഉണ്ടാകാതെ പോയ തുടർച്ച, പൂർത്തിയാകാത്ത ജ്ഞാനോദയം തുടങ്ങിയ നിരീക്ഷണങ്ങളൊക്കെ എത്തിച്ചേരുന്നത് ഈ ചരിത്ര ഘട്ടത്തിലേയ്ക്ക് തന്നെയാണ്. 

പത്തുമുപ്പത് കൊല്ലം മുമ്പും അയ്യപ്പന്മാർ ബസിൽ കയറി പമ്പയ്ക്ക് പോകുമായിരുന്നു.  ഞാനും മൂന്നുതവണ ശബരിമലയിൽ പോയിട്ടുണ്ട്. ഇതുപോലെയുള്ള സ്പെഷ്യൽ ബസുകളിലായിരുന്നു യാത്ര. ഞങ്ങളുടെ സംഘം തന്നെ പത്ത് നാല്പത് പേരുണ്ടാകും. അവരുൾപ്പെടെ ബസിൽ എണ്‍പത് ശതമാനവും മാലയിട്ട കൂട്ടർ തന്നെയാവും. എന്നിട്ടും ബസ് വഴിവക്കിൽ കുട്ടികളുമായി നിൽക്കുന്ന സ്ത്രീകൾക്കായി നിർത്തിയിട്ടുണ്ട്. അവർ കയറി യാത്ര ചെയ്തിട്ടുണ്ട്. അന്നൊന്നും തകരാത്ത വൃതമാണ് ഇപ്പോ തകരുന്നത്. 

ണ്ഡകാലവും, മാലയിടലുംവൃതവും മലകയറലുമൊന്നും പുതിയ കാര്യങ്ങളല്ല. വീട് പണിയുടെ പ്ലാനിൽനിന്ന് ആർത്തവ പുരകൾ അപ്രത്യക്ഷമായിട്ട് അര നൂറ്റാണ്ടെങ്കിലും ആവും. എന്നുവച്ച് പിന്നീട് മനുഷ്യർ മാലയിടലും  വൃതമെടുക്കലുംമലചവുട്ടലുമൊക്കെ നിർത്തിയോ? വൃതശുദ്ധി പ്രമാണിച്ച് അമ്മയേയും, പെങ്ങളെയും, പ്രായമായ പെമക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിട്ടോ? സൂചന മറ്റൊന്നുമല്ല. പ്രശ്നം മടങ്ങിവരുന്ന മൗലികവാദത്തിന്റേതാണ്. അത് ഏതെങ്കിലും സമരം ഉണ്ടാക്കിയതല്ല. മറിച്ച് ഒരു ജനപിന്തുണയും ഇല്ലാത്ത, വിരലിൽ എണ്ണാവുന്നത്ര ചുരുങ്ങിയ പ്രാതിനിധ്യം മാത്രമുള്ള ആ സമരങ്ങൾ നീതി നിഷേധിയ്ക്കപ്പെട്ടവരുടെ ദയനീയമായ ചെറുത്ത് നിൽപ്പിന്റെ രൂപകങ്ങളാണ്. അവയെ അങ്ങനെ തന്നെ മനസിലാക്കേണ്ടതുമുണ്ട്. മതമൗലികവാദിയാവാൻ താലിബാനിൽ ചേരുകയൊന്നും വേണ്ട. സ്കൂളിൽ കയറി കുട്ടികളെ വെടിവച്ച് കൊല്ലുകയും വേണ്ട, മാലയിട്ടും മൗലീകവാദിയാകാം എന്ന് തന്നെ. അത്തരം ഒരു അചാരാനുഷ്ഠാന ബന്ധിയായ മൗലികവാദത്തിലേയ്ക്ക് മലയാളി സമൂഹത്തിന്റെ സാംസ്കാരിക സംഘിവൽക്കരണം വളർന്നിരിക്കുന്നു എന്ന യാഥാർത്ഥ്യത്തിന്റെ പ്രയോഗതലത്തിലുള്ള  ചില പ്രതിഫലനങ്ങൾ മാത്രമാണ് ഈ സംഭവങ്ങൾ. 

വെല്ലുവിളികൾ ശക്തവും, വ്യാപകവും ആകുന്ന മുറയ്ക്ക് അധികാരത്തിന്റെ മർദ്ദക സ്വരൂപവും കൂടുതൽ പ്രകടവും ഭീകരവുമാകും. പക്ഷേ അതുകൊണ്ട് പ്രകോപനങ്ങൾ അരുത് എന്ന വാദം ഫലത്തിൽ അധികാരദാസ്യത്തിനുള്ള ആഹ്വാനമായി അധപതിക്കുക മാത്രമല്ലേ

സംഘടിതമായ രാഷ്ട്രീയ  ചെറുത്ത് നിൽപ്പുകൾ 

അനാർക്കിസ്റ്റ് സമരരൂപങ്ങളിലൂടെ ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളെ ദുർബലപ്പെടുത്തുന്നു എന്നതാണ് മറ്റൊരു  വിമർശനം. തീർച്ചയായും സംഘടിതമായ രാഷ്ട്രീയ ചെറുത്ത് നിൽപ്പുകളാവും ആൾക്കൂട്ട സമരങ്ങളെക്കാൾ ഫലപ്രദം. പക്ഷേ നിലവിലുള്ള സാമൂഹ്യ രാഷ്ട്രീയ സംവിധാനത്തിനുള്ളിൽ നിന്ന് അത്തരം ഒരു സംഘടിത രാഷ്ട്രീയ ചെറുത്ത് നിൽപ്പ് ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കാനാവുമോ

പാർലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം അധികാരി ഭരണ- പ്രതിപക്ഷങ്ങളോ, ഭരണകൂടം പോലുമോ അല്ല, അത് പൊതുബോധമാണ്. ഭരണകൂടങ്ങളെയും, രാഷ്ട്രീയ സംഘടനകളെയും അവയുടെ നയപരിപാടികളെയും വരെ നിർണ്ണയിക്കാൻ പോന്നവണ്ണം കരുത്തും വ്യാപ്തിയുമുള്ള ഒന്നാണത്. അദൃശ്യവും, പരോക്ഷവുമായ ഒരു സാന്നിധ്യമെന്ന നിലയിൽ പ്രതിഷേധങ്ങൾക്കും, സമരങ്ങൾക്കും അതീതമാണ് അതിന്റെ അസ്തിത്വം. പൊതുബോധത്തെ ആശ്രയിച്ച് മാത്രം നിലനില്ക്കുന്ന ഒരു പാർലമെന്ററി ജനാധിപത്യ സംഘടനയ്ക്കും അതിനെ നേരിട്ട് എതിർക്കാനാവില്ല; ബി ജെ പിയെ, ആർ എസ്സ്  എസ്സിനെ, ശിവസേനയെ, ബജ്രംഗ് ദളിനെ ഒക്കെ എതിർക്കാനാവും, സംഘിവൽക്കരിക്കപ്പെട്ട പൊതുബോധത്തെ, അതിന്റെ സാമൂഹ്യവും, വിശ്വാസ ബന്ധിയുമായ സ്ഥാപനങ്ങളെ തൊടാനാവില്ല. അങ്ങനെ ചെയ്താൽ അത് ഒരു രാഷ്ട്രീയ ആത്മഹത്യയാകും. ഒറ്റമൂലികളോ മാന്ത്രികസമവാക്യങ്ങളൊ ഇല്ലാത്ത, നിരന്തര അന്വേഷണങ്ങളുടെ, പരീക്ഷണങ്ങളുടെ, പരാജയങ്ങളുടെ ഒക്കെയായ ഒരു തുറസ്സാണിവിടം. അതുകൊണ്ട് തന്നെയാണ് വ്യക്തി തലത്തിലോ, ചെറുകൂട്ടായ്മകളുടെ തലത്തിലോ ഉയർന്നുവരുന്ന പ്രതിഷേധങ്ങളും  സമരങ്ങളും വരെ ഇത്രകണ്ട് പ്രസക്തമാകുന്നതും. ഓരോ സമരവും ഒരു പരീക്ഷണമാണ്.  യുക്തിഭദ്രവും, വിമർശനാത്മകവുമായ വിശകലനങ്ങളിലൂടെ അടുത്ത സമരത്തിന്റെ അസംസ്കൃത വസ്തുവാകേണ്ടുന്നവ. 

ഒരോ പ്രതിഷേധത്തിനും എത്ര ചെറുതായാലും നീതി നിഷേധത്തിന്റേതായ ഒരു ഉള്ളടക്കം ഉണ്ടാകും. ആ ഉള്ളടക്കത്തിന്റെ സാംസ്കാരിക വിശകലനങ്ങളിലൂടെ, ചർച്ചകളിലൂടെ, സംവാദങ്ങളിലൂടെ രൂപപ്പെടുത്തേണ്ട  ഒരു ബദൽ പൊതുബോധമുണ്ട്. അതിന്റെ ഹെഗമണി സ്ഥാപിക്കുക മാത്രമാണ് സാംസ്കാരിക സംഘിത്തത്തെ ചെറുക്കുവാനുള്ള ഒരേ ഒരു വഴി എന്ന് തോന്നുന്നു. അതിന് വ്യവസ്ഥാപിത സമര രൂപങ്ങളൊ, സംഘടനാ രൂപങ്ങളൊ, ചട്ടക്കൂടുകളൊ മാത്രം പര്യാപ്തമാകുമെന്ന് തോന്നുന്നില്ല.

Wednesday, December 24, 2014

പെഷവാറിലും പിടിക്കപ്പെടാതെ പോയ തീവ്രവാദികൾ

നൂറിൽപരം കുട്ടികളെ കൊന്നുതള്ളുകകയും, അതിലേറെപ്പേരെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുക എന്ന നികൃഷ്ട കൃത്യത്തിന്റെ ഉത്തരവാദിത്തം അഭിമാനപൂർവ്വം ഏറ്റെടുത്ത പാകിസ്ഥാനി താലിബാൻ അതിനെ ന്യായീകരിക്കുന്നത് വിശുദ്ധയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന   തങ്ങളുടെ പോരാളികളെ കൂട്ടക്കൊലചെയ്ത  പാക്ക് പട്ടാളത്തെ ഉറ്റവരുടെ വേർപാടിന്റെ വേദന എങ്ങനെയിരിക്കുമെന്ന് മനസിലാക്കി കൊടുക്കുന്നതും, രക്തസാക്ഷികളുടെ  ചോരയ്ക്ക് പകരം ചോദിക്കുന്നതും അവരുടെ നിയോഗമാണെന്ന്  വാദിച്ചുകൊണ്ടാണ്. ശത്രുക്കളുടെ മക്കളായാലും പന്ത്രണ്ടിൽ താഴെയുള്ള കുട്ടികളെ കൊല്ലാൻ പാടില്ല എന്ന മതനിയമപ്രകാരം മുതിർന്ന കുട്ടികളെ മാത്രമേ ലക്ഷ്യമാക്കിയുള്ളൂ എന്നത് അവർ തങ്ങളിൽ അന്തർലീനമായ  നന്മയുടെ, വിശുദ്ധകല്പനകളോടുള്ള ബഹുമാനത്തിന്റെ, അചഞ്ചലവിശ്വാസത്തിന്റെ നിദാനമായി മുന്നോട്ട് വയ്ക്കുന്നു! 

ഒരു രാജ്യത്തിലെ പട്ടാളം അവരുടെ നയപരവും, രാഷ്ട്രീയവുമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ കൂട്ടക്കൊലയുടെ കർതൃത്വത്തിന്റെ പങ്ക് തങ്ങളുടെതല്ലാത്ത ഒരു തിരഞ്ഞെടുപ്പിന്റെ ഭാഗമായി പട്ടാളക്കാരുടെ മക്കളായി  ജനിച്ചുപോയ കുട്ടികളുടെ മേൽ എങ്ങനെ വരും? ഉറ്റവരുടെ മരണത്തിന്റെ വേദന അറിയിക്കാനായാണെങ്കിൽ, അവരും പങ്കു വയ്ക്കുന്ന വിശ്വാസപ്രകാരം ആ കുട്ടികൾ  പട്ടാളക്കാരുടെതിനുപരി ആത്യന്തികമായി  അള്ളാഹുവിന്റെ മക്കളായതിനാൽ ഈ വേദനയുടെ മുന ആദ്യം തിരിയുക സൃഷ്ടാവായ ദൈവത്തിനു നേരേ തന്നെയായിരിക്കും എന്ന് വിശ്വാസത്തിന്റെ തീവ്രവക്താക്കളായിട്ടും ഇവർക്ക് മനസിലാകാത്തതെന്ത്? പട്ടാളക്കാരുടെ മക്കൾ എന്ന നിലയിൽ പൈതൃകമായി വന്നുചേർന്ന കർതൃത്വത്തിന്റെ പേരിലാണ് അവർ ഉന്നം വയ്ക്കപ്പെടുന്നതെങ്കിൽ അതിൽ മുതിർന്നവർ മാത്രം ഉൾപ്പെടുന്നതെങ്ങനെ? പന്ത്രണ്ടിനുമുകളിൽ പ്രായമുള്ള കുട്ടികൾക്ക് തങ്ങളുടെ രക്ഷിതാക്കളുടെ പ്രവർത്തികളുടെ ശരിതെറ്റുകൾ മനസിലാക്കി അതിൽ നിലപാടെടുക്കാനുള്ള വളർച്ചയായി എന്നാണോ, അതോ  ശത്രു കൂടുതൽ മുതൽ മുടക്കിയ അവന്റെ സ്വത്തിനെ നശിപ്പിക്കുക എന്നതാണോ ഇത്തരം ഒരു തിരഞ്ഞെടുപ്പിന്റെ യുക്തി?

തീവ്രവാദിയോടാണോ യുക്തിയെക്കുറിച്ച് ചോദിക്കുന്നതെന്ന് ചിരിച്ച് തള്ളാൻ വരട്ടെ. തീവ്രവാദിയിൽനിന്ന് യുക്തി ചോർന്നുപോകുന്നത് അവനെടുത്ത ഒരു വ്യക്തിഗത തീരുമാനത്തിലൂടെയല്ല. തനിക്ക് ശരി എന്ന് തോന്നുന്നതിന്റെ പക്ഷത്ത് തീവ്രമായി നിലയുറപ്പിക്കുന്നത് ഒരു യുക്തിരാഹിത്യവുമല്ല. എന്നിട്ടും പെഷവാർ സ്കൂൾ ആക്രമണമുൾപ്പെടെ നാം ഇതുവരെ  കണ്ട നിരവധിയായ തീവ്രവാദപ്രവർത്തനങ്ങളിൽ ഒന്നിനും യുക്തിഭദ്രമായ ഒരു പശ്ചാത്തലമില്ലെങ്കിൽ അതിന് കാരണം തീവ്രവാദി എന്ന വ്യക്തിയല്ല. പിടിച്ചുകെട്ടി വധിച്ച് വിജയം ആഘോഷിക്കേണ്ടത് അവന്റെ വ്യക്തിഗത ദുരന്തത്തിനുമേലുമല്ല. ഒരുതരം തീവ്രവാദവും നിലനില്ക്കുന്നത് കേവലം കായികശേഷിയുടെയും  ആയുധങ്ങളുടെയും മാത്രം ബലത്തിലല്ല. അത് തളിർക്കുന്നത് കായികമായി തീവ്രവാദവുമായി ഒരു ബന്ധത്തിലും ഏർപ്പെടാതെ മാറിനിന്നുകൊണ്ട് അതിനെ  പരോക്ഷമായി പിന്തുണയ്ക്കുകയും അതിലൂടെ അത്തരം പ്രസ്ഥാനങ്ങൾക്കും അതിന്റെ പ്രവർത്തകർക്കും ഒരുതരം വ്യാജ സാംസ്കാരിക പരിവേഷം നല്കുകയും ചെയ്യുന്ന കുറെ ബുദ്ധിജീവികൾ ഉണ്ടാക്കുന്ന സൈദ്ധാന്തിക പടപ്പുകളുടെ തണലുകൂടി ഉപയോഗിച്ചാണ്. ഇത്തരം സംഘടനകൾ നടത്തുന്ന  ഹിംസാത്മക പ്രവർത്തികളിലൊന്നും  നേരിട്ട് പങ്കാളിത്തമില്ലാത്തതിനാൽ അവർ നിയമപരമായും സാംസ്കാരികമായും സുരക്ഷിതരായിരിക്കും. വ്യവസ്ഥയ്ക്കുള്ളിൽ ഭദ്രരായിരുന്നുകൊണ്ട് തങ്ങളുടെ ബുദ്ധിജീവി പരിവേഷം ഉപയോഗിച്ച് സാധാരണ മനുഷ്യരിൽ വൈകാരികവും, യുക്തിപരവുമായ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ ഇത്തരം ഹിംസകളുടെ  പ്രചാരവേലയെ സമൂഹത്തിന്റെ സാംസ്കാരിക മുഖ്യധാരയിലേയ്ക്ക് ഒളിച്ച് കടത്തുകയും ചെയ്യുന്ന ഈ  'ബുദ്ധിജീവി'വിഭാഗം  പെഷവാറിൽ നടന്നതുപോലെയുള്ള  നീചമായ കൂട്ടക്കൊലകൾ എത്രതവണ ആവർത്തിയ്ക്കപ്പെട്ടാലും, സാംസ്കാരികമായി പോലും വിചാരണ ചെയ്യപ്പെടില്ല. അവരാണ് മേല്പറഞ്ഞ ചോദ്യങ്ങൾക്ക്, അവയ്ക്ക് പിന്നിലുള്ള അവയുടെ പ്രഭവകേന്ദ്രങ്ങളുടെ സൈദ്ധാന്തികയുക്തികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്  മറുപടി പറയേണ്ടത്. 

നിഴൽ കുത്ത് 

നിഴൽ കുത്ത് സിനിമയിലൂടെ അടൂർ വിമർശന വിധേയമാക്കുന്ന ഒരു ഭരണകൂട തന്ത്രമുണ്ട്. തൂക്കിക്കൊല്ലാൻ വിധിക്കുന്ന ഭരണകൂടം തന്നെ വിധി നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് പ്രതിയുടെ ദയാഹർജി അനുവദിച്ചുകൊണ്ട് ഒരു ദൂതനെ അയക്കും. ഒപ്പം  അയാൾ എത്തുന്നതിനു മുമ്പ് ശിക്ഷ നടന്നിരിക്കത്തക്കവണ്ണം കർശനമായ സമയനിഷ്ഠ ജയിലധികൃതർക്കും ആരാച്ചാർക്കും നിയമം മൂലം തന്നെ നിർബന്ധമാക്കുകയും ചെയ്യും. ചുരുക്കത്തിൽ ഹിംസയുടെ കർതൃത്വം അരിച്ചിറങ്ങി ആരാച്ചാരിൽ ഘനീഭവിക്കും. ഇത് തന്നെയാണ് ഈ ബുദ്ധിജീവികളും ചെയ്യുന്നത്. ഇത്തരം ഹീനകൃത്യങ്ങളുടെ ഒരുതരം വിചാരണകളിലും  അവർ കാണില്ല. അവിടെ കുറേ ആരാച്ചാരന്മാർ മാത്രം. 

ഇത്തരം കൃത്യങ്ങളുടെ പശ്ചാത്തലത്തിൽ ഇവർ ഒന്നുകിൽ നിശബ്ദരാവും. അല്ലെങ്കിൽ ഒരേ സമയം ഈ തരം ദുരന്തങ്ങളുടെ കർത്താവും ഇരയുമായ ഒറ്റപ്പെട്ട മനുഷ്യരെ തള്ളിപ്പറഞ്ഞ് മനുഷ്യമനസാക്ഷിയുടെ, വൈകാരികതയുടെ പൊതുപക്ഷം ചേരും. ഹിംസ ഏതർത്ഥത്തിലും അധികാരയുക്തമായ അനീതിയുടെ  പ്രയോഗം മാത്രമാണെന്ന യുക്തിയെ അംഗീകരിച്ചു കൊണ്ടൊന്നുമല്ല  താല്കാലികമായ ആ  മറുകണ്ടം ചാട്ടം. ദുരന്തത്തിന്റെ വൈകാരിക, സാമൂഹ്യ തിരമാലകൾ ഒന്ന് അടങ്ങിക്കഴിഞ്ഞാൽ  അവർ വീണ്ടും, സംവാദങ്ങളുടെ സാധ്യതകളെ തന്നെ  യുക്തി എന്നത്  പടിഞ്ഞാറൻ അധിനിവേശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്  നിഷേധിക്കും. പിന്നെ ഏകപക്ഷീയമായ സൈദ്ധാന്തിക കസർത്തുകൾ മാത്രമാണ്. അത് മുഴുവൻ ആകട്ടെ മതേതരത്വം, ജനാധിപത്യം, ബഹുസ്വരത തുടങ്ങിയ ആശയങ്ങളുടെ എമ്പെരിക്കലായ സംവാദസ്ഥലിയെ പൂർണ്ണമായും നിഷേധിക്കുവാൻ വേണ്ടിയും. ഇടയ്ക്ക് ഒന്ന് നിശബ്ദമായാലും  അത്തരം മൂല്യങ്ങൾ ഒന്നും കടന്നുകയറാത്ത വണ്ണം പഴുതുകൾ അടച്ച, വിശ്വാസമാത്രമായ ഒരു യുക്തിപദ്ധതിയിലേയ്ക്ക് ജനതയെ, പൊതുബോധത്തെ വഴക്കിയെടുക്കുക എന്ന കർമ്മം അവർ തുടരുക തന്നെ ചെയ്യും. 

പൊതുവിദ്യാഭ്യാസത്തിന് സമാന്തരമായി, അനുകൂലസാഹചര്യങ്ങളിൽ അതിനെ പകരം വച്ചുകൊണ്ട് വ്യാപകമായി നടക്കുന്ന മതവിദ്യാഭ്യാസത്തിലൂടെ ഒരുപറ്റം പരമ്പരാഗത ബുദ്ധിജീവികളും, വിശ്വാസവുമായി പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ലാത്ത സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ സിദ്ധാന്ത നിർമ്മിതികളിലൂടെ വ്യാജ ജൈവബുദ്ധിജീവികളും ചേർന്നുണ്ടാക്കുന്ന  ഹെഗമണിയാണ് ഇത്തരം 'വിശുദ്ധ പോരാളി 'കളുടെ അധികാരജന്യമായ ഗർഭപാത്രം. എന്നാൽ നാം തീവ്രവാദത്തെ ഇപ്പോഴും അത്തരമൊരു സമഗ്രമായ അർത്ഥത്തിൽ കാണുന്നതിന് പകരം തീവ്രവാദിയെ ഒറ്റതിരിച്ച് സ്വയം വഴിതെറ്റി സഞ്ചരിച്ച ഒരു വിശ്വാസിയായി കാണുന്നു. അതിൽനിന്ന് വ്യത്യസ്തമായ വിശകലനശ്രമങ്ങളെ മുഴുവൻ വിശ്വാസിയുടെ അപരവൽക്കരണമായി കാണുന്നു. ഇവിടെ വിശ്വാസമോ, വിശ്വാസിയോ അല്ല പ്രശ്നം; വിശ്വാസിയെ സ്വന്തം വിശ്വാസത്തിന്റെ ഇരയാക്കുന്ന മതാധികാരത്തിന്റെയും, അതിന്റെ ഹെഗമണികളുടെയും അവയുടെ വ്യാജ ജൈവബുദ്ധിജീവികളുടെയുമാണ്. വിചാരണ ചെയ്യപ്പെടെണ്ടത് വിശ്വാസികളല്ല, അവരെ അധികാരത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് തീവ്രവാദികളായി വികസിപ്പിച്ചെടുത്ത് വിതരണം ചെയ്യുന്ന, വിശ്വാസിവർഗ്ഗത്തിന്റെ ജൈവബുദ്ധിജീവികളായി നടിക്കുന്ന അധികാരത്തിന്റെ സ്വന്തം ബുദ്ധിജീവികളാണ്. അവർ പക്ഷേ അധികാരത്തിനൊപ്പം എന്നും അധികാര ബന്ധിയായ ഹിംസകളുടെ ഉത്തരവാദത്തിൽനിന്ന് വിദഗ്ധമായി രക്ഷപ്പെടുന്നു. കുറ്റമല്ല, പാപബോധം പോലും ഹിംസയുടെ അവസാന കണ്ണിയായ ആരാച്ചാരിലേയ്ക്ക് ഒളിച്ചു കടത്തപ്പെടുന്നു. 

യുക്തിയും ദേശീയതയും 

പരസ്പരം മനസിലാകുന്ന ഒരു പൊതുഭാഷയിൽ സംസാരിക്കുന്നവരുടെ ഇടയിൽ നടക്കുന്ന ആശയവിനിമയങ്ങളിൽ ഒക്കെ ഭാഷ മാത്രമല്ല യുക്തിയും ഒരുപകരണമായി പ്രവർത്തിയ്ക്കുന്നുണ്ട്. ഇന്നത്തെപ്പോലൊരു  തണുപ്പ് ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല എന്ന് പറയുന്ന ആളിനോട് ഇന്നലെ പതിനെട്ട് ഡിഗ്രിയായിരുന്നു, ഇന്നത് ഇരുപത്തിനാലാണെന്നിരിക്കെ ഇതെങ്ങനെ ചരിത്രത്തിലെ ഏറ്റവും തണുത്ത ദിവസമാകും എന്ന് ചോദിക്കുന്നിടത്ത് ആ യുക്തിയുണ്ട്. അതിനെ ഉഷ്ണമാപിനികൾകൊണ്ട്  യൂറോപ്പ് കാലാവസ്ഥയിൽ നടത്തുന്ന അധിനിവേശത്തിന്റെ യുക്തിയാണ് നിന്റേത്, അത് അപര ഹിംസയാണ് എന്നൊക്കെ വ്യാഖ്യാനിക്കുന്നതിലും ഉപകരണം യുക്തി തന്നെ. പക്ഷേ അതിന്റെ രീതിശാസ്ത്രം  എമ്പെരിക്കൽ അല്ല എന്ന് മാത്രം. ഇവർ നിരസിക്കുന്നത് സ്വാഭാവികമായും യുക്തിയെ അല്ല. അതിന്റെ രീതിശാസ്ത്രത്തെയാണ്. 

ഒരു സംവേദനോപകരണം എന്ന നിലയിൽ  ഭാഷയിൽ ചിഹ്നവ്യവസ്ഥയ്ക്കൊപ്പം യുക്തിയും ഉൾചേരുന്നുണ്ടെന്ന് നാം കണ്ടുകഴിഞ്ഞു. പക്ഷേ ഈ യുക്തിയെ ആര് നിർണ്ണയിക്കും? സാമാന്യവ്യവഹാരങ്ങളിലൂടെ സജീവമായി നിലനില്ക്കുന്ന ഒരു ഭാഷയുടെ യുക്തിവ്യവസ്ഥ അതിന്റെ ഉപഭോക്താക്കളായ  സാമാന്യജനം നിശ്ചയിക്കുന്നതാവണമെന്നില്ല. അത് എല്ലായിപ്പോഴും അധികാരം നിർണ്ണയിക്കുന്നതും പൊതുബോധം നടപ്പിലാക്കുന്നതുമായ ഒന്നായിരിക്കും. ആ നിലയ്ക്കാണ് പൊതുബോധത്തിന് അധികാരവുമായുള്ള ചാർച്ചകളെ വിലയിരുത്തേണ്ടതും. പൊതുബോധത്തിന്റെ യുക്തിപദ്ധതി അധികാരത്തിന്റെ നിയന്ത്രണപരിധിയ്ക്ക് പുറത്ത് പോകാതിരിക്കാൻ അത് കണ്ടുപിടിച്ച ഒരു പ്രതിരോധ തന്ത്രമാണ് യുക്തിയുടെ ദേശീയത. ദേശീയവും, മതപരവും, വംശീയവും, വർഗ്ഗീയവും, ജാതീയവും, ലിംഗപരവുമായ പരിധികൾക്ക് ഉള്ളിലല്ലാതെ ഒരു യുക്തിയ്ക്കും ജൈവമായ നിലനിൽപ്പില്ലെന്നും, അല്ലാത്ത യുക്തികളൊക്കെ അധിനിവേശ യുക്തികളാണെന്നും പ്രചരിപ്പിക്കുന്നത് അധികാരത്തിന്റെ മറുപക്ഷമല്ല, അധികാരം തന്നെയാണ്. 

അധികാരത്തിന് അദൃശ്യമായ പരിധികൾ ഉണ്ടെന്നും അത് നിരന്തരം അധികാരവിരുദ്ധമായ സംവർഗ്ഗങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്നും സാമ്രാജ്യങ്ങൾക്കറിയാം. അവരുടെ അധികാര താല്പര്യങ്ങൾ തുറന്നിട്ട സങ്കേതങ്ങളുടെ സാധ്യതകൾ ഉപയോഗിച്ച് തന്നെ ഈ വിരുദ്ധചേരിയും ആഗോളവൽക്കരിക്കപ്പെട്ടേയ്ക്കാം എന്ന സാധ്യതയെക്കുറിച്ച് അവർക്ക് ബോധ്യമുണ്ട്. അപ്പോൾ അത്തരം ഒരു കേന്ദ്രീകരണത്തെ എങ്ങനെ ചെറുക്കാം എന്നതാണ് പ്രശ്നം. അതിന്റെ ഏറ്റവും ലളിതമായ മറുപടിയാണ് യുക്തിയുടെ വികേന്ദ്രീകരണം. അധികാരവികേന്ദ്രീകരണം എന്നത് അതിന്റെ കൊഴിഞ്ഞുപോക്കല്ല. മറിച്ച് സാമ്രാജ്യത്വം എന്ന ബ്രഹദാഖ്യാനത്തിന്റെ ഘടനാപരമായ സങ്കീർണ്ണതകളെ അധികാരം മുൻനിർത്തി ഏകോപിപ്പിക്കുവാനുള്ള ഒരു ഭരണപദ്ധതി മാത്രമാണ്. ഒരുവശത്തുകൂടി സാമ്രാജ്യം എന്ന ബ്രഹദാഖ്യാനത്തിന്റെ സാധ്യതകളെ അധികാരമുപയോഗിച്ച് നിലനിർത്തുകയും എന്നാൽ ആ പ്രക്രിയയിൽ പ്രശ്നാധിഷ്ഠിതമായി ഉണ്ടാകുന്ന പ്രതിഷേധങ്ങളുടെ സൂക്ഷ്മാഖ്യാനങ്ങളെ വികേന്ദ്രീകൃതവും  പ്രാദേശികവുമായി വിഭജിച്ച് നേരിടാൻ സഹായിക്കുകയും ചെയ്യുന്ന ഒരു ഭരണപദ്ധതിയാണത്.   ദേശീയവും, മതപരവും, ജാതീയവും, ലിംഗപരവും, വർഗ്ഗപരവും, വംശീയവുമായ ജൈവസങ്കീർണ്ണതകൾ ഉല്പാദിപ്പിക്കുന്ന വൈകാരിക വൈരുദ്ധ്യങ്ങളെ   മറ്റുപലതിനും എന്നപോലെ അധികാരം ഇതിനും മറയാക്കുന്നു. 

യുക്തിനിഷേധത്തിലെ അധികാരമൂലധനനിക്ഷേപം 

യുക്തി അതിന്റെ രീതിശാസ്ത്രത്തിനനുസരിച്ച് സത്താപരമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഒരു നിലയിലും അത് ശാസ്ത്രമാത്രമായ ഒന്നല്ല. മാനുഷികമായ എല്ലാ വ്യവഹാരങ്ങളിലും യുക്തിയുണ്ട്; വിശ്വാസത്തിലുമുണ്ട്. ഒരു യുക്തിയുമില്ലാതെയല്ല പന്ത്രണ്ട് ചാവേറുകൾ  പെഷവാറിലെ പട്ടാള വിദ്യാലയത്തിലേയ്ക്ക് കയറിവന്നതും കണ്ണിൽ കണ്ടവരെയൊക്കെ കൊന്നുതള്ളിയതും. ഇവിടെ വ്യത്യാസം അവരുടെ യുക്തിയുടെ രീതിശാസ്ത്രം വിശ്വാസാധിഷ്ഠിതമാണെന്നതാണ്. 

വിശ്വാസത്തിന്റെയും, ശാസ്ത്രത്തിന്റെയും വഴി വേർപെടുന്നത് യുക്തിയുടെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവും അവലംബമാക്കിയല്ല, മറിച്ച് അവയുടെ രീതിശാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയാണ്. സൃഷ്ടിവാദം അംഗീകരിക്കുന്ന വിശ്വാസിയുടെ യുക്തി ദൈവത്തിന്റെ അതിഭൗതികതയിൽ വിശ്വസിക്കുകയും അവിടം തൊട്ട് മുന്നോട്ടുള്ള കാര്യങ്ങളെയൊക്കെ ഈ വിശ്വാസം നല്കുന്ന സൗകര്യം ഉപയോഗിച്ച് ഭൗതികമായി തന്നെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു.  ഈ  രീതിശാസ്ത്രം ഉല്പാദിപ്പിക്കുന്ന സത്താപരമായ പൂർണ്ണത ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളെ നിസ്സഹായമായി അനുഭവിക്കുന്ന മനുഷ്യകുലത്തിന്റെ അവലംബത്തിനായുള്ള ആഗ്രഹത്തിന്റെ സിദ്ധാന്തരൂപം എന്ന നിലയിൽ മനുഷ്യന്റെ ഒരു  വൈകാരിക  ആവശ്യമാണ്. എമ്പെരിസിസത്തിന്റെ പക്കൽ ഈ വൈകാരിക ആവശ്യത്തിന് പരിഹാരമില്ല. വ്യാജപരിഹാരങ്ങളുടെ സാംസ്കാരികയുക്തികളെ ആ രീതിശാസ്ത്രത്തിന് അംഗീകരിക്കാനുമാവില്ല. ഇത്രയും നാൾ നാം അനുഭവിച്ച, ജീവിച്ച സ്വത്വം, അത് കടന്നുപോയ വൈകാരികവും, കായികവുമായ അസ്തിത്വം, അതിനുള്ളിൽ നാം സങ്കല്പിച്ചെടുത്ത് പ്രണയിച്ച ഞാൻ എന്ന ബോധം ഒക്കെയും  മരണത്തോടെ ഒരുദിവസം ഇല്ലാതാവുമെന്നത്, അത് തന്നെ പൊടുന്നനെ ഒരു ദിവസം സംഭവിക്കുന്നതല്ല, അതൊരു തുടർച്ചയാണെന്നത്, ജീവിതമെന്ന നിരന്തര സമരത്തിന് നല്കുന്നത് വല്ലാത്തൊരു അനാഥത്വ, അന്യഥാത്വ ബോധമാണ്. ആ യാഥാർത്ഥ്യത്തെ അംഗീകരിക്കാൻ അവരവരുടെ ചുരുങ്ങിയ ജീവിത ഇടങ്ങളിൽ തങ്ങളെ നായികാനായകരൂപങ്ങളിൽ മാത്രം കണ്ട് ശീലിച്ച മനുഷ്യന്റെ ദർശനപരിസരം മാറണം. അതൊരു വലിയ വെല്ലുവിളിയാണ്. വ്യക്തി തലത്തിൽ മനുഷ്യൻ ഒറ്റയ്ക്ക് ഏറ്റെടുക്കുകയും ഒറ്റയ്ക്ക് ചെയ്യുകയും ചെയ്യേണ്ട യുദ്ധം. ഇതിനെ റദ്ദ് ചെയ്യുകയാണ് മറ്റൊരു യുക്തിയെ മുന്നോട്ട് വയ്ക്കുന്നതിലൂടെ മതം ചെയ്യുന്നത്. 

അധികാരത്തിന്റെ ഒരു ഉപകരണമെന്ന നിലയിൽ മതം മുന്നോട്ട് വയ്ക്കുന്ന ഈ വ്യാജ സാന്ത്വനം യഥാർത്ഥത്തിൽ അധികാരത്തിന്റെ ഭരണപരമായ ആവശ്യം മാത്രമാണ് . പ്രതിഷേധങ്ങളെ, അവയ്ക്ക് പിന്നിലുള്ള നീതിനിഷേധങ്ങളുടെ അനുഭവതലത്തിലുള്ള യുക്തിയുടെ വസ്തുനിഷ്ഠതയെ തടയുകയാണ് ലക്ഷ്യം. മരണാനന്തര ജീവിതം വ്യക്തിഗതമായ ഒരു വാഗ്ദാനമാണ്. അതിന്റെ വിശദാംശങ്ങളും കരാറും, വ്യവസ്ഥകളും ഒക്കെ വ്യക്തിഗതമാണ്. ഒരു സമൂഹത്തിന് മുഴുവനായി സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്ന ഒരു മതത്തെയും നാം നാളിതുവരെ കണ്ടിട്ടില്ല. ദൈവീകമായ പരീക്ഷണങ്ങൾ വ്യക്തിതലത്തിലാണ്. പ്രതിഫലവും അതേ. എന്നാൽ ശിക്ഷ മാത്രം സാമൂഹ്യമായിരിക്കും. ഒരു ഗ്രാമത്തെ, ഒരു ഗോത്രത്തെ, വേണമെങ്കിൽ ഒരു വൻകരയെ തന്നെ ഇല്ലാതാക്കാവുന്ന ദൈവീക ശിക്ഷകൾ പലപ്പോഴും വന്നുഭവിക്കുന്നത് വ്യക്തികൾ ചെയ്ത കുറ്റത്തിനാവും. ആ നിലയിലാണ്  മതം യുക്തിയുടെ   വ്യക്തിതല സംവാദസാധ്യതകളെ നിഷേധിക്കുകയും അതിനെ  സാമൂഹ്യ സാംസ്കാരിക ഹെഗമണികളിൽ നിക്ഷേപിക്കുകയും ചെയ്യുന്നത്. പൊതുബോധമായി പരിവർത്തിക്കുന്ന അത്തരം ഹെഗമണികളിലൂടെയാണ് അധികാരം അതിന്റെ സാമൂഹ്യാംഗീകാരവും കേന്ദ്രീകരണവും  ഉറപ്പ് വരുത്തുന്നത്. അപ്പോൾ സ്വാഭാവികമായും അതിന് യുക്തിയെ ദേശീയവും, മതപരവും, വംശീയവും, വർഗ്ഗീയവും, ലിംഗപരവുമായ അധികാര നിർമ്മിതങ്ങളായ സ്വത്വവിഭജനങ്ങളിലേയ്ക്ക് വികേന്ദ്രീകരിക്കേണ്ടിവരും. അതിന്റെ യുക്തി എല്ലായിടത്തും ഒന്നാവാൻ സാധ്യമല്ല. അതുകൊണ്ട് തന്നെ ഫലത്തിൽ ജീവിതത്തിന്റെ സാംസ്കാരിക മൂലധനം മുഴുവൻ ചിലവാക്കപ്പെട്ടിട്ടുള്ള യുക്തിയെ, അതിന്റെ സാർവ്വജനീനതയെ വിഘടിപ്പിച്ച് അതിൽ വികേന്ദ്രീകൃതമായി തന്റെ  മൂലധനം നിക്ഷേപിക്കുക എന്നത് അധികാരത്തിന്റെ ആവശ്യമാണ്. 

മതേതരത്വം എന്ന 'ബുൾഷിറ്റ്'' 

മതേതരത്വം വെറും ബുൾ ഷിറ്റാണെന്ന് കാഞ്ചാ ഏലയ്യ അഭിപ്രായപ്പെടുന്നു. എന്നാൽ മതങ്ങളിൽ  നിലനില്ക്കുന്ന സാമ്രാജ്യത്വ, അധികാര താല്പര്യങ്ങൾ ബഹുസ്വരതയുടെ ജനാധിപത്യ, സാംസ്കാരിക  സംവാദ സ്ഥലങ്ങളെ എങ്ങനെ അഭിസംബോധന ചെയ്യും എന്നതിനെക്കുറിച്ച് അദ്ദേഹത്തിനോ മതസ്വത്വവാദത്തിനോ മറുപടികളില്ല. സ്വത്വത്തിന്റെ വിവിധങ്ങളായ അടരുകളെയും അവ തമ്മിലുള്ള വൈരുദ്ധ്യങ്ങളെയും നേരിടുന്ന ഒരു യുക്തി പദ്ധതിയില്ല. ന്യൂനപക്ഷ മതസ്വത്വത്തിന്റെ പേരിൽ, ദളിത്‌ സ്വത്വത്തിന്റെ പേരിൽ, ലൈംഗീക ന്യൂനപക്ഷസ്വത്വത്തിന്റെ പേരിൽ ഒക്കെയുള്ള അനീതികൾ ഒരുവശത്ത് നിലനില്ക്കുമ്പോഴും ഇതിന്റെ ഇരകളിലെ സ്ത്രീയും പുരുഷനും അനുഭവിക്കുന്നത് ഒരേ പ്രശ്നമല്ല. വിശദാംശങ്ങളെ സംബന്ധിച്ചിടത്തോളം  കറുത്ത വർഗ്ഗത്തിൽ പെട്ട സ്ത്രീയനുഭവിക്കുന്ന പ്രശ്നമല്ല വെളുത്ത സ്ത്രീയുടേത്, കറുത്ത ഗേയുടെയല്ല വെളുത്തവന്റേത്, കറുത്ത ലെസ്ബിയൻ സ്ത്രീയുടെതല്ല വെളുത്തവളുടേത്. സൂക്ഷ്മങ്ങളായ ഇത്തരം ആഖ്യാന സങ്കീർണ്ണതകളെ നേരിടാൻ ഇവരുടെ പക്കലും സൈദ്ധാന്തികമോ, പ്രായോഗികമോ ആയ ഉപകരണങ്ങളില്ല. ഉള്ളത് ദളിതന്റെ, മതന്യൂനപക്ഷങ്ങളുടെ, ലൈംഗീക ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളെ ആ നിലയിലുള്ള വർഗ്ഗീകരണത്തിന്റെ രാഷ്ട്രീയത്തിനുള്ളിൽ നിന്ന് സ്ത്രീയും പുരുഷനും നേരിട്ടുകൊള്ളണമെന്നും അല്ലാത്തവർ സ്വത്വ വഞ്ചകരായിരിക്കുമെന്നുമുള്ള തിട്ടൂരമാണ്. ഇത് ഇവർ അടിമുടി എതിർക്കുന്ന കമ്യൂണിസ്റ്റ് വർഗ്ഗസിദ്ധാന്തത്തിന്റേതിന് സമാനമാംവിധം യാന്ത്രികമായ ഒരു സൈദ്ധാന്തിക ചട്ടക്കൂടാണ്. ഇതിനെതിരേ ഉയരുന്ന സ്വാഭാവികമായ ചോദ്യങ്ങളെ  ഇടത്, കമ്യൂണിസ്റ്റ് മതേതര യുക്തികൾ എന്നുവിളിച്ച് ശത്രുപക്ഷത്ത് പെടുത്തി അവർ  റദ്ദ് ചെയ്തെടുക്കുന്നത് അധികാരത്തിന്റെ സംവാദ വിമുഖമായ രീതിശാസ്ത്രമവലംബിച്ചാണ് എന്നതിലാണ് മൗലീകമായ തമാശ! 

ബഹുസ്വരമായ ഒരു സമൂഹത്തിൽ മതപരമായ യുക്തികളുടെ ഏകശിലോന്മുഖത ഉയർത്തുന്ന വെല്ലുവിളികളെയും ആശയക്കുഴപ്പങ്ങളെയും ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന നീതി നിഷേധങ്ങളെയും കാര്യ-കാരണപ്പൊരുത്തത്തിന്റെ വിശാലമായ സംവാദയുക്തികളിൽ നിന്ന് കേവലം പ്രശ്നങ്ങളിലേയ്ക്ക് മാത്രമായി ചുരുക്കി സംവദിക്കുന്നതിൽ ഒരു അധികാര തന്ത്രമുണ്ട്. മനുഷ്യന്റെ വൈകാരിക ആവശ്യങ്ങളുടെ ഭാഗമായി മതത്തെയും, വിശ്വാസത്തെയും വ്യക്തിഗത സ്വകാര്യ ഇടങ്ങളിൽ നിലനിർത്തിക്കൊണ്ട് തന്നെ ബഹുസ്വരമായ ദേശീയ ഇടങ്ങളിൽ മതേതരമായ എമ്പെരിക്കൽ യുക്തികളുടെ സംവാദസ്ഥലം നിലനിർത്തുക എന്ന നീക്ക്പോക്ക് പോലും മതസ്വത്വവാദത്തിന്റെ വ്യാജ ജൈവബുദ്ധിജീവികൾക്ക് സ്വീകാര്യമല്ല. അതിന് കാരണം മറ്റൊന്നുമല്ല; അധികാരവും, പ്രതിനിധാനത്തിലൂടെ അതിൽ ഉറപ്പാക്കാവുന്ന പങ്കും തന്നെ. പക്ഷെ സമഗ്രമായ ഒരു സാംസ്കാരികപരിണാമത്തിന്റെ തുറസ്സിൽ വച്ചല്ലാതെ പ്രതിനിധാനത്തിലൂടെ ലഭിക്കുന്ന അധികാരത്തിന്റെ പങ്ക് ഒരു സ്വത്വവിഭാഗത്തിന്റെയും സമഗ്രവികസനത്തിലേയ്ക്ക് കലാശിക്കില്ല എന്ന് മാത്രം. അതിന് ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തിൽ തന്നെ നിരവധി തെളിവുകളുണ്ട്. 

മതേതരത്വം വെറും കാളത്തീട്ടമാണെന്ന് പറയുന്നവർ ദളിതരോ, മതന്യൂനപക്ഷങ്ങളൊ മാത്രമല്ല എന്നതാണ് ഇതിലെ വൈചിത്ര്യം. സംഘപരിവാരങ്ങളുടെ ഹിന്ദുത്വ യുക്തികളിലേക്ക് നിർണ്ണായകമായ ഒരു സംഭാവന എന്ന നിലയിൽ കപടമതേതരത്വം എന്ന കല്പന അദ്വാനി മുന്നോട്ട് വച്ചത് ഒരു ദശാബ്ദം മുമ്പേ ആണ്. മതേതരത്വം എങ്ങനെ ഇരയ്ക്കും വേട്ടക്കാരനും ഒരുപോലെ നിഷിദ്ധമാകും?  മറുപടി ലളിതമാണ്. മതം ആത്യന്തികമായി ഒരു അധികാരസ്ഥാപനമാണ്. അതിനെ അവലംബിച്ചുള്ള ഏത് സാമൂഹ്യ, രാഷ്ട്രീയ സംവർഗ്ഗ നിർമ്മിതിയിലും ആ താല്പര്യവും കടന്നുകൂടും. അത് ആർക്കുവേണ്ടി നിർമ്മിക്കപ്പെടുന്നോ അവരെയും മറികടന്ന് ഒടുവിൽ അധികാരത്തിന്റെ മാത്രം താല്പര്യങ്ങളിലേയ്ക്ക് ചുരുങ്ങും. എണ്ണം വച്ച് നോക്കിയാൽ മതരാഷ്ട്രവാദം കൊന്നൊടുക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വവാദികളെയോ, ഇതര മതസാമ്രാജ്യത്വ വാദികളെയോ അല്ല, അടിസ്ഥാനപരമായി  അതാത് മതങ്ങളിലെ അതിന്റെ  ഇരകളെ തന്നെയാണ്. അതിൽനിന്ന് തന്നെ മതവാദവും, മതരാഷ്ട്രവാദവും അവയ്ക്ക് സൈദ്ധാന്തിക പ്രതിരോധം തീർക്കുന്ന സ്വത്വവാദവും ഒക്കെ ആരെ പ്രതിനിധാനം ചെയ്യുന്നു എന്നത് വ്യക്തമല്ലേ. മതേതരത്വം സ്വന്തം അതിജീവനത്തിന്റെ സാംസ്കാരിക ഘടനയായി വികസിപ്പിച്ചെടുത്ത സാധാരണ വിശ്വാസികളുടെ  ആവശ്യമല്ല അത്. അവരുടെ  നിർമ്മിതിയല്ല മതമൗലീകവാദവും. അവരുടെ മൗലീകമായ ആവശ്യം അതിജീവനമാണ്. അതിൽ സ്വന്തം താല്പര്യങ്ങൾ മുൻനിർത്തി വിഷം കുത്തിവയ്ക്കുന്ന, പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നവരെ സാംസ്കാരികമായി ഹിംസിക്കുന്ന ആക്രമണത്വരയാണ് മതേതരത്വത്തിന്റെ ബഹുസ്വര, ജനാധിപത്യ മൂല്യങ്ങളെ കാളത്തീട്ടമാക്കി അപഹസിക്കുന്നത്. 

സാമ്രാജ്യത്വവും  മതമൗലീകവാദവും  

എല്ലാ തരം  തീവ്രവാദസംഘടനകളും നിലനില്ക്കുന്നതും  ഒത്തുകൂടുന്നതും സാമ്രാജ്യത്വ വിരുദ്ധതയുടെ ഒരു പൊതു പ്ലാറ്റ്ഫോമിലാണ്. അവർ പ്രസംഗിക്കുന്നതും, സിദ്ധാന്തനിർമ്മാണം നടത്തുന്നതും ഇതിനെ മുൻനിർത്തിയാണ്. സംഘപരിവാറിന്റെ ജൈവബുദ്ധിജീവികൾ എല്ലാത്തരം ജ്ഞാനത്തിന്റെയും ഉറവിടം ഹൈന്ദവഗ്രന്ധങ്ങളാണെന്നും യൂറോപ്പിനോടുള്ള ധൈഷണികദാസ്യം കൊണ്ടാണ് ഇന്ത്യയിലെ മതേതരവാദികൾ അതിനെ കണ്ടില്ലെന്ന് നടിക്കുന്നതെന്നും അഭിപ്രായപ്പെടുന്നത് അതുകൊണ്ടാണ്. എന്നാൽ ഇവയും താലിബാനും, അൽഖ്വൈദയും ഉൾപ്പെടെയുള്ള വകഭേദങ്ങളൊക്കെയും അവയുടെ വികാസത്തിന്റെ പല ഘട്ടങ്ങളിലായി സാമ്രാജ്യത്വത്തിന്റെ ഉപകരണങ്ങളായി പ്രവർത്തിച്ചവയാണെന്നതും  ഓർക്കണം. പ്രശ്നാധിഷ്ഠിതമായി ആരുമായും സഹകരിക്കാൻ ബുദ്ധിമുട്ടില്ലാത്ത ഇവർക്ക് സൈദ്ധാന്തികമായി  സഹകരിക്കാനേ പറ്റാത്തത് സാമ്രാജ്യത്വവുമായോ, കമ്പോളവുമായോ, കോർപ്പറേറ്റുകളുമായോ ഒന്നുമല്ല; അത് മതേതരത്വം, ജനാധിപത്യം, ബഹുസ്വരത തുടങ്ങിയ ചില മൂല്യങ്ങളുമായാണ്. ഇവരുടെ വ്യവഹാര മണ്ഡലം സംവാദത്തിന്റെയല്ല, യുദ്ധത്തിന്റെ, ഹിംസയുടെയാണ്. അതിന്റെ യഥാർത്ഥ യുക്തിയാണ് പാക് താലിബാൻ പെഷവാർ സ്കൂൾ ആക്രമണത്തെ ന്യായീകരിക്കാനായി മുന്നോട്ട് വച്ചത്. 

മതവും അധികാരവുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ കണക്കുപുസ്തകമാണ് ചരിത്രം. ഇവ രണ്ടല്ല, ഒന്ന് തന്നെയാണ്. പല രാഷ്ട്രീയവ്യവസ്ഥകളിലും അവ നിലനിന്നത് അങ്ങനെയാണ്. ഇന്നും ഒരു മതരാഷ്ട്രത്തിൽ ഇത് രണ്ടായല്ല, ഒന്നായി തന്നെയാണ് നിലനില്ക്കുന്നത്. ഇത് രണ്ടായി നിലനില്ക്കുന്നത് ചില പ്രതികൂല സാഹചര്യങ്ങളിൽ മാത്രമാണ്. അതാണ്  മതേതരത്വത്തിലും, ജനാധിപത്യത്തിലും, ബഹുസ്വരതയിലും അധിഷ്ഠിതമായ സാംസ്കാരിക അന്തരീക്ഷം ഉല്പാദിപ്പിക്കുന്നത്. ആ അന്തരീക്ഷത്തിലാണ്, അവിടെ മാത്രമാണ് ഒരു പ്രതിരോധതന്ത്രമെന്ന നിലയിൽ മതം മൗലീകവാദത്തെ ചില വ്യക്തിഗത അപഭ്രംശങ്ങളായി കണ്ട് കയ്യൊഴിയുന്നത്. പെഷവാർ സ്കൂൾ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ സർക്കാർ വിളിച്ചുകൂട്ടിയ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുമ്പോഴും  ജമായത്തെ ഇസ്ലാമിയുടെ മുൻതലവൻ മരിച്ച തീവ്രവാദികളെ രക്തസാക്ഷികൾ എന്നാണ് വിശേഷിപ്പിച്ചത് എന്ന് പറയുന്നത് അവാമി വർക്കേഴ്സ് പാർട്ടിയുടെ സെക്രട്ടറിയായ, ഫറൂഖ്  താരിഖ് എന്ന പാകിസ്ഥാനിയാണ്. അവരുടെ ആജന്മവൈരിയായ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള കേരളത്തിൽനിന്ന് ഇറങ്ങുന്ന തേജസ് പത്രവും താലിബാനികളെ തീവ്രവാദികളെന്നല്ല പോരാളികൾ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാലും താലിബാന് തെഹ്രീക്ക് താലിബാനുമായും, പാകിസ്ഥാനിലെ ജമായത്തെ ഇസ്ലാമിക്ക് ഇന്ത്യൻ ജമായത്തെ ഇസ്ലാമിയുമായും ഒന്നും ഒരു ബന്ധവുമില്ല. മൗദുദിയുടെ പുസ്തകത്തിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ പ്രസാധനത്തിനും വായനക്കാരുള്ള പുസ്തകത്തിന്റെ പതിപ്പ് പിന്നെയും പിന്നെയും ഇറങ്ങും, അതിൽ പ്രസാധകർക്ക് കച്ചവടതാല്പര്യമേ ഉള്ളു എന്ന വാദം മതിയാവും! 

ഒരു മതത്തിനും മറ്റൊരു ദൈവത്തെയോ, അങ്ങനെയൊരു സാധ്യതയെയോ അംഗീകരിക്കാനാവില്ല. എല്ലാ മതങ്ങളും തങ്ങളുടെ യുക്തിയെ തന്നെയാണ് അനിഷേധ്യമായ പ്രപഞ്ചയുക്തിയായി കാണുന്നത്. അവയെ നിഷേധിക്കുന്നവർ ദൈവനിഷേധികളാണ്. ദൈവനിഷേധം എന്നത് വ്യക്തിതലത്തിൽ നടന്നാലും അതിന്റെ പാർശ്വഫലങ്ങൾ വ്യക്തിയിൽ ഒതുങ്ങുന്നതായിരിക്കില്ല. അതാണ് മതം വിശ്വാസിയെ പഠിപ്പിക്കുന്ന അതിന്റെ മൗലീകമായ അർത്ഥം. അതിനെ പിൻപറ്റുക ഒരു വിശ്വാസിയുടെ കടമയാണ്. അപ്പൊ എങ്ങനെ ഏതെങ്കിലും ഒരു മതമൗലീകവാദി വിശ്വാസത്തെ സംബന്ധിച്ച് നികൃഷ്ടനാവും?

അജ്ഞാനികളായ മനുഷ്യരെ ജ്ഞാനത്തിലേയ്ക്ക് ഉദ്ധരിക്കുവാനായി കൈക്കൊള്ളാവുന്ന സാമ, ദാന, ഭേദ, ദണ്ഡ മുറകളെക്കുറിച്ചൊക്കെ വിവിധ മതഗ്രന്ഥങ്ങൾ  വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ഈ ജ്ഞാനമെന്ന് പറയുന്നത് ഒരോ മതത്തെ സംബന്ധിച്ചിടത്തോളവും അതുമാത്രമാണ്. അത് അന്തിമവുമാണ്. ലക്ഷ്യം മതരാഷ്ട്രമല്ല, മതസാമ്രാജ്യവും ലോകം തന്നെയുമാണ്. തന്റെ ദൈവമാണ് യഥാർത്ഥത്തിൽ പ്രപഞ്ചത്തെയും, മനുഷ്യരെയും സൃഷ്ടിച്ചതെങ്കിൽ ലോകം ചലിക്കേണ്ടത് ആ ദൈവം തന്ന ഭരണഘടന അനുസരിച്ചാണ് എന്നതും, ആ ഭരണഘടനയ്ക്കും ആ രാജ്യത്തിനും വേണ്ടി നിലകൊള്ളുക ഒരോ വിശ്വാസിപൗരന്റെയും കടമയാണ് എന്നതും വ്യക്തമല്ലേ. ഏകശിലോന്മുഖവും, സംവാദാതീതവുമായ ഇത്തരം യുക്തികളിലൂടെ, അവ വികസിപ്പിക്കുന്ന ഹെഗമണികളിലൂടെയാണ് മതം അതിന്റെ സർവ്വാധികാരപ്രചോദിതമായ സാമ്രാജ്യ സ്വപ്നങ്ങൾ നെയ്തെടുക്കുന്നത്. അതുകൊണ്ട് തന്നെ മതവും സാമ്രാജ്യവാദവും ഘടനാപരമായി ഒന്ന് തന്നെയാണ്. വ്യത്യാസം സത്താപരം മാത്രമാണ്. സാമ്രാജ്യവാദത്തെ എതിർക്കുന്ന മതങ്ങൾ പറയുന്നത് സാമ്രാജ്യങ്ങൾ വേണ്ട എന്നല്ല തങ്ങളുടെ ദൈവത്തിന്റെ സാമ്രാജ്യം വരേണം എന്ന് മാത്രമാണ്. താലിബാൻ പറയുന്നത് സാമ്രാജ്യത്വം തുലയട്ടെ എന്നല്ല, അമേരിക്കൻ സാമ്രാജ്യത്വം തുലയട്ടെ, പാശ്ചാത്യ സാമ്രാജ്യത്വം തുലയട്ടെ എന്നാണ്. പകരം വരേണ്ടത് ഇസ്ലാമിക സാമ്രാജ്യമാണ്. ഇസ്ലാമിക നീതിസങ്കല്പമാണ്. അതിലെന്താണ് തെറ്റ് എന്നാണ് പെഷവാർ സ്കൂൾ ആക്രമിച്ച ചാവേറുകൾ ഉച്ചരിക്കാതെ വിട്ട ചോദ്യം. 

ആ നിലയ്ക്ക് താലിബാൻ ചെയ്ത സൈദ്ധാന്തികമോ, പ്രയോഗപരമോ ആയ കുറ്റമെന്താണ്? ഉത്തരം വ്യക്തമാണ്. അത് കുറ്റമാകുന്നത് മതേതരയുക്തിയുടെ കണ്ണിലൂടെ നോക്കുമ്പോൾ മാത്രമാണ്. 

മതേതര ഹിംസകൾ 

ഈ പ്രയോഗം മലയാളത്തിന്റെ  സാംസ്കാരിക വ്യവഹാരങ്ങളിൽ ഇത്രയ്ക്ക് പ്രചാരം നേടുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്. ഇതിന്റെ ഉള്ളടക്കം പ്രാഥമികമായും  മതേതരമായ യുക്തിയെ ഉയർത്തിപ്പിടിക്കുന്നവർ മതവിശ്വാസികളെ സാംസ്കാരികമായി ഹിംസിക്കുകയാണ് എന്ന വിചിത്രമായ വാദമാണ്. മതവിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള, നാസ്തികർ ഒരു ശതമാനം പോലും ഇല്ലാത്ത ലോകത്തിന്റെ സാംസ്കാരിക ഹെമണിയെക്കുറിച്ചാണ് ഈ നിരീക്ഷണം. അതെത്രത്തോളം പരിഹാസ്യമാണ് എന്ന് സൂചിപ്പിച്ചാൽ അതും മതേതര ഹിംസയാകുമെന്നതിനാൽ അതിന് തുനിയുന്നില്ല. കാരണം ഭൂരിപക്ഷത്തിനെതിരെയുള്ള വിമർശനങ്ങൾ പോലും ഹിംസയായി കാണുന്ന ഈ ദർശനത്തിന്  മതനിന്ദാനിയമം ഇല്ലാഞ്ഞിട്ടുകൂടി നിയമപരിരക്ഷയുണ്ട്. മറുപക്ഷത്തിനാവട്ടെ പൗരാവകാശങ്ങൾ ക്രിമിനൽ നിയമപ്രകാരം മാത്രവും. സാംസ്കാരികമായി അവർക്ക് വികാരങ്ങളുമില്ല. അത് വ്രണപ്പെടുന്നതിനെ ചെറുക്കാൻ നിയമങ്ങളുമില്ല. അത്തരത്തിൽ സാംസ്കാരികമായും, നിയമപരമായും പാർശ്വവൽക്കരിക്കപ്പെട്ട ഒരു ന്യൂനപക്ഷം പ്രതികൂലമായ സാഹചര്യങ്ങളിൽ ലഭ്യമായ ചുരുങ്ങിയ പ്ലാറ്റ്ഫോമുകളിൽ വച്ച് നടത്തുന്ന ആത്മപ്രകാശനമാണ് മതേതരഹിംസ! 

വിശ്വാസിയേയും വിശ്വാസത്തിനെയും ഒന്നായി കാണുന്നത് ഒരു ലോജിക്കൽ ഫാലസിയാണ്. മതം എന്ന ലോകം കണ്ട ഏറ്റവും പ്രബലമായ അധികാരസ്ഥാപനം അതിന്റെ ചൂഷണങ്ങളുടെ മുഴുവൻ അസംസ്കൃതവസ്തുവായി കാണുന്ന, സ്വന്തമായി ഏജൻസി ഇല്ലാത്ത ഉപകരണങ്ങൾ മാത്രമാണ് വിശ്വാസികളായ മനുഷ്യർ. അവർ തങ്ങളുടെ അതിജീവനത്തിനായി പലതരം അധികാരരൂപങ്ങളുമായി സമരസപ്പെടുകയും അതിന്റെ പ്രയോഗ ചരിത്രത്തിന് ഒരു സാംസ്കാരികഘടന തന്നെയും ഉണ്ടാക്കുകയും ചെയ്യുന്നു. വിശ്വസികളുടെ മതേതരത്വം അത്തരം ഒരു പ്രായോഗിക അതിജീവന ഘടനയാണ്. യഥാർഥവിശ്വസി വിശ്വാസത്തിന്റെ മൗലീകമായ സത്തയെ തേടുകയും അതിനെ പിന്തുടരുകയും ചെയ്യുന്നു. അതിനെ പ്രായോഗികവിശ്വാസി ചെറുക്കുന്നത് മതേതരത്വം എന്ന മൂല്യം നെഞ്ചോടടുക്കിയാണ്. കാരണം അത് അവരുടെ അതിജീവനത്തിന്റെ തുലനസിദ്ധാന്തമാണ്. നിലനില്പ്പിന്റെ ആ ചോറിനെയാണ്  ചില ബുദ്ധിജീവികൾ അധികാരത്തിനുവേണ്ടി അവരിൽനിന്ന്  കൊള്ളയടിക്കുന്നത്. എന്നിട്ടും അവർ വിചാരണ ചെയ്യപ്പെടുന്നില്ല.

തീവ്രവാദികൾ ഒന്നുകിൽ ഏറ്റുമുട്ടലിൽ മരിക്കും. അല്ലെങ്കിൽ അധികാരം അതിന്റെ ആവശ്യം കഴിഞ്ഞ് തൂക്കിക്കൊല്ലും. അല്ലെങ്കിൽ ചാവേറുകൾ ആക്കപ്പെടും. ഒരു ജീവശാസ്ത്രപ്രക്രിയയുടെയും ശാരീരിക, വൈകാരിക പ്രതിബന്ധങ്ങളില്ലാതെ അവരെ പുനരുല്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ദുഷിച്ച മസ്തിഷ്കഫാക്ടറികൾ പല സാംസ്കാരിക ഭാഷ്യങ്ങളിൽ വെടിയുണ്ട ഏല്ക്കാതെ, കയറിന്റെ മുറുകലറിയാതെ, സ്വയം വിഘടിച്ചില്ലാതാവുന്ന അനുഭവമറിയാതെ ചാരുകസേരകളിൽ കിടന്നും ഇരുന്നും സിദ്ധാന്തങ്ങൾ പടയ്ക്കും. പക്ഷേ ഇവരോട് ദയവായി ഞങ്ങളുടെ അപ്പന്മാരാവാൻ വരരുത് എന്ന് പറയാൻ ഈ പാവം മനുഷ്യർക്കാവില്ല. കാരണം അധികാരം തയ്യാർ ചെയ്ത് വച്ച  രക്ഷാകർതൃത്വബന്ധിയായ രേഖകളിൽ  മുഴുവൻ അവരുടെ പ്രതിനിധാനം സ്വയം ഏറ്റെടുത്ത 'സ്വന്തംജൈവബുദ്ധിജീവികൾ  മുമ്പേ ഒപ്പുവച്ച്കഴിഞ്ഞല്ലോ. 

Friday, December 5, 2014

നിന്റെ ഏജൻസി നിന്റെ മാത്രമല്ല, അഥവാ നീ പാതി ഞാൻ പാതി കണ്ണേ (പുല്ലിംഗം മാത്രം)

നാളിതുവരെ മനുഷ്യൻ കണ്ട ഏറ്റവും ബ്രഹത്തായ ഒരു അധികാരസ്ഥാപനമാണ് ദൈവം. അതുകൊണ്ട് തന്നെ താൻ പാതി ദൈവം പാതി എന്നാൽ താൻ പാതി അധികാരം പാതി എന്നാണ് അർത്ഥം. അധികാരത്തിന്റെ സ്ഥാപനവൽകൃതമായ രൂപങ്ങളോരോന്നിനോടും മനുഷ്യൻ പുലർത്തേണ്ടുന്ന ദാസ്യത്തെയാണ് ഈ അർദ്ധകർതൃത്വം സിദ്ധാന്തവൽക്കരിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരം സിദ്ധാന്തങ്ങൾക്ക് പിന്നിൽ ഒരേയൊരജണ്ടയേ ഉള്ളു. അത് അധികാരത്തിന്റെ വീതം വയ്ക്കലാണ്. മുഴുവൻ മനുഷ്യരുടെയും ജീവിതത്തെ താൻ പാതി ദൈവം പാതിയെന്ന് വീതം വച്ചാൽ പിന്നെ അനീതി എന്ന വ്യക്തിഗത അനുഭവത്തിന്റെ കർതൃത്വപാതിയും  ഇരയിൽ തന്നെയാവുമല്ലോ!

സാമൂഹ്യ ശാസ്ത്രപ്രകാരം ഏജൻസി എന്നത് സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും തീരുമാനങ്ങളെടുക്കാനും ഉള്ള  വ്യക്തിയുടെ ശേഷിയാണ്. ചിന്തിക്കാൻ ശേഷിയുള്ള  ഏതൊരു മനുഷ്യനും എജന്റാണെന്നും ആ ശേഷിയെ തിരിച്ചറിയുന്ന ഏതൊരു ഏജന്റും കർത്താവാണെന്നും(സബ്ജക്ട്) ഉള്ള ദെകാർത്തിയൻ ദർശനത്തിൽനിന്ന്  ഏജൻസി, കർതൃത്വം തുടങ്ങിയ സംജ്ഞകൾ കാന്റിന്റെയും നീഷേയുടെയും മാർക്സിന്റെയുമൊക്കെ ചിന്തകളിലൂടെ ബഹുദൂരം മുന്നോട്ട് പോയി. ഏജൻസിയെ പ്രശ്നവൽക്കരിക്കുന്ന ഘടനകളെ (സ്ട്രക്ചർ) കുറിച്ചുള്ള ചർച്ചകൾ ഈ വികാസത്തിന്റെ ഭാഗം തന്നെയായിരുന്നു. മനുഷ്യന്റെ ഏജൻസി എന്നത്  കേവലമായ വ്യക്തിഗത മേധാശക്തി മാത്രമായിരിക്കുന്നതിന് പരിധികളുണ്ടെന്നും സാമൂഹ്യവും, പാരിസ്ഥിതികവും, ചരിത്രപരവുമായ ഘടനകൾ അതിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും വ്യത്യസ്ത തലങ്ങളിൽനിന്നുകൊണ്ടാണെങ്കിലും മാർക്സിനെയും നീഷെയേയും പോലെയുള്ളവർ വാദിച്ചിരുന്നു. യുങ്ങിന്റ മനശാസ്ത്ര വിശകലനങ്ങളിൽ പ്രത്യക്ഷപ്പെടുന്ന 'ഇൻഡിവിജ്വേഷൻ' എന്ന ആശയം ഈ ഏജൻസി/ഘടനാ ദ്വന്ദ്വത്തിന്റെ അപഗ്രഥനത്തിന് പുതിയ ഉൾക്കാഴ്ചകൾ നല്കി. യുങ്ങിനെ സംബന്ധിച്ചിടത്തോളം ഇൻഡിവിജ്വേഷൻ എന്നത് വ്യക്തിതലത്തിലുള്ള മനശാസ്ത്രപരമായ ഒരു ഉദ്ഗ്രഥനപ്രക്രിയയാണ്; അത് ഞ്ചിത മനശാസ്ത്രത്തിൽനിന്ന് വ്യതിരിക്തമായ ഒരു വ്യക്തിഗതമനശാസ്ത്രത്തിന്റെ വികാസമാണ്. മനസിന്റെ വ്യക്തിഗതവും  സഞ്ചിതവുമായ അബോധതലങ്ങളെ ഇൻഡിവിജ്വേഷൻ ബോധതലത്തിലേയ്ക്ക് കൊണ്ടുവരികയും അവയെ വ്യക്തിത്വത്തിലേയ്ക്ക് സ്വാംശീകരിക്കുകയും ചെയ്യുന്നു. അതായത് ഏജൻസി, ഘടന(സ്ട്രക്ചർ) എന്നിവയെ  താൻ പാതി, ദൈവം പാതി എന്ന നിരക്കിൽ വീതം വച്ച് വ്യക്തിയുടെ ഏജൻസിയെ, കർതൃത്വത്തെ പ്രശ്നവൽക്കരിക്കുന്നത് പണ്ടേ പൊളിഞ്ഞ ഒരു പദ്ധതിയാണെന്ന് ചുരുക്കം.

ദേഹത്തെയും ദേഹിയെയും രണ്ടായി കാണുന്ന ജ്ഞാനോദയപൂർവ്വ ധാരണകളുടെ പ്രേതം ഇത്തരം സൈദ്ധാന്തിക സങ്കീർണ്ണവൽക്കരണങ്ങളുടെ പുനരുദ്ധാരണങ്ങളിലൂടെ അലഞ്ഞ് തിരിയുന്നത് കാണാം. സ്വന്തമായി എല്ലാം തീരുമാനിക്കാവുന്ന ശരീരവുമായാണൊ നമ്മൾ ജീവിക്കുന്നത് എന്ന ചോദ്യം ഉയരുന്നത് ആ പ്രേതസഞ്ചാരത്തിൽ നിന്നാണ്. കൊലപാതകം എന്ന ശരീരബാഹ്യമായ ഇടപെടൽ ഇല്ലാത്തിടത്തോളം ഒരോ ഉടലും സ്വയം പര്യാപ്തമായ ഒരു രീതിശാസ്ത്രത്തിലൂടെയാണ് നിലനിന്ന് അവസാനിക്കുന്നത്. ഇവിടെ വേണമെങ്കിൽ ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യാസ്തിത്വത്തിൽ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് ഒരു മറുവാദം ഉന്നയിക്കപ്പെടാം. എന്നാൽ അവിടെയും മനുഷ്യൻ അത് സാധ്യമാക്കുന്നത് ഏജൻസി വഴി ലഭിക്കുന്ന കർതൃത്വത്തെ ധനാത്മകമായി ഉപയോഗിച്ചുകൊണ്ടാണ് എന്ന് കാണാം. പഞ്ചഭൂതനിർമ്മിതമായ ശരീരമെന്ന നശ്വരമായ  കൂടിനുള്ളിലെ അനശ്വരമായ ആത്മാവ് എന്ന സഞ്ചിത ജീവിതധാരണയെ, അതിലെ സാമൂഹ്യവും, മതപരവും, സാംസ്കാരികവും, രാഷ്ട്രീയവും, ചരിത്രപരവുമായ ഘടനകളെ വ്യക്തിഗത ഏജൻസി ഉപയോഗിച്ച് ചോദ്യം ചെയ്ത, ആത്മാവിന്റെ വസ്ത്രമായ ഉടലിനെ കീറിമുറിച്ച് പരിശോധിക്കുന്നത് നിഷിദ്ധമാണെന്ന പൊതുബോധത്തെ നിഷേധിച്ച,  വ്യക്തികളാണ് വൈദ്യശാസ്ത്രതലത്തിൽ  അത് സാധ്യമാക്കിയത്.  ലംബമായ സ്ഥലകല്പനയെ അടിസ്ഥാനമാക്കിയ സ്വർഗ്ഗ നരക സങ്കല്പങ്ങളെ ചോദ്യം ചെയ്ത വ്യക്തികളാണ് പല സംസ്കാരങ്ങളും നിഷിദ്ധമായി കണ്ട കടൽ സഞ്ചാരത്തിലൂടെ ഭൂമി ഉരുണ്ടതാണെന്ന് കണ്ടുപിടിച്ചത്. ഇവരുടെയൊക്കെ ഏജൻസിയും കർതൃത്വവും അതാത് കാലങ്ങളിൽ അതാത് സ്ഥലങ്ങളിൽ പലതലങ്ങളിൽ പൊതുബോധത്തിനാൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു താനും. ഇപ്പോൾ ഈ ഏജൻസി, കർതൃത്വ പ്രശ്നവൽക്കരണം ഒറ്റയ്ക്ക് പൊന്തിവന്ന ഒന്നുമല്ല . പക്ഷെ ഇത് ഇന്ന് ഉയർത്തിക്കൊണ്ടുവരുന്നവർ പൊതുബോധത്തെ സംബന്ധിച്ചിടത്തോളം വിപരീതധ്രുവത്തിൽ നില്ക്കുന്നവരായി എണ്ണപ്പെടുന്നവരാണ് എന്നതിലാണ് ആകെ  ഒരു വൈരുദ്ധ്യമുള്ളത് .

അധികാരം അതിന്റെ നിലനിൽപ്പിനായി വികസിപ്പിച്ചെടുക്കുന്ന ഒന്നാണ് വ്യവസ്ഥയുടെ അപ്രമാദിത്തം. അതിനെ സംബന്ധിച്ചിടത്തോളം സമുദായം ഒരു വെല്ലുവിളിയേ അല്ല. കാരണം അതിലും ഒരു വ്യവസ്ഥാപിത അധികാരഘടന ഉണ്ടാകുമെന്നത് തന്നെ. അവയ്ക്കിടയിൽ നീക്കുപോക്കുകൾ സാധ്യവും സ്വാഭാവികവുമാണ്. എന്നാൽ വ്യക്തിയും വ്യക്തിഗത ഏജൻസിയും അങ്ങനെയല്ല. അതുകൊണ്ടാണ് അധികാരം എന്നും വ്യക്തിയും, വ്യക്തിഗത ഏജൻസിയുടെ മെരുങ്ങാത്ത വന്യതയും സാമൂഹ്യവിരുദ്ധമായി വ്യാഖ്യാനിക്കാൻ പാടുപെടുന്നത്. ഇവിടെ റൂസോയുടെ ഒരു നിരീക്ഷണം പ്രസക്തമാണ്. നിയമം വ്യക്തിവിരുദ്ധമല്ല. അത് വ്യക്തിയെ സംബന്ധിച്ചിടത്തോളം യുക്തി എന്ന ഒരു സമര സാധ്യതയാണ് മുന്നോട്ട് വയ്ക്കുന്നത്. അദ്ദേഹം  വ്യക്തിയുടെ സ്വയംപര്യാപ്തയെ യുക്തിയുടെ സ്വയം പര്യാപ്തയിലേയ്ക്ക് കൊണ്ടെത്തിക്കാൻ പോന്ന ഒരു വാഹനമായി കാണുന്നു. അതുകൊണ്ടാവണമല്ലൊ അദ്ദേഹം സോഷ്യൽ കോണ്ട്രാക്റ്റി, അതിന്റെ നിയമങ്ങളിൽ  വ്യക്തിയുടെ ഏജൻസിയെ മുന്നോട്ട് കൊണ്ടുപോകാൻ പര്യാപ്തമായ ഒരു സംവാദസ്ഥലം പ്രതീക്ഷിച്ചത്. നിയമരാഹിത്യം  യുക്തിയുടെ സ്വയംപര്യാപ്തതയെ വിട്ട് വ്യക്തികളെ   അജ്ഞതയിലും അവരവരുടെ അഭിനിവേശങ്ങളൊടുള്ള ദാസ്യത്തിലും അഭിരമിക്കാൻ പ്രേരിപ്പിക്കുകയും അതിലൂടെ അധികാരത്തിന്റെ താല്പര്യങ്ങൾക്കനുസരിച്ച് അവരെ സ്വയം പരുവപ്പെടുത്തുകയും ചെയ്യും എന്ന് റൂസോ ശങ്കിക്കുന്നത് തള്ളിക്കളയാവുന്ന ഒന്നല്ല. ഏത് നിയമത്തിനും യുക്തിയുടെതായ ഒരു ഘടന ഉണ്ടാവും. ഏത് വിചാരണയിലും, എത്ര പരിമിതമായാലും സംവാദത്തിന്റേതായ ഒരിടവും. അങ്ങനെ ഉണ്ടാവുന്ന ഓരോ ഇടത്തിലും സാമൂഹ്യവും മതപരവും സാംസ്കാരികവും ചരിത്രപരവും രാഷ്ട്രീയവുമായ ഘടനകളും വ്യക്തിയുടെ ഏജൻസിയും കർതൃത്വവുമായും സംഘർഷം നടക്കും. അത്തരം ഓരോ സംഘർഷങ്ങളുടെയും ഉള്ളടക്കം അധികാരത്തിനെതിരായുള്ള വ്യക്തിഗത ചെറുത്ത് നിൽപ്പുകളുടെ മരണമില്ലാത്ത ചരിത്രരേഖകളാവുകയും ചെയ്യും.
അത്തരം രേഖകളിൽനിന്നാണ് നാം ഇന്ന് മുലക്കരം നിഷേധിച്ചുകൊണ്ട് മുല മുറിച്ചെറിഞ്ഞ പ്രതിഷേധങ്ങളെ  കണ്ടെടുക്കുന്നത്. സ്മാർത്തവിചാരങ്ങളിൽനിന്ന് താത്രിക്കുട്ടിമാരെ കണ്ടെടുക്കുന്നത്. പ്രാകൃത നിയമങ്ങൾ അതിന്റെ ഇരകൾക്ക് കൊടുത്തിരുന്ന സാധ്യതകൾ പോലും നിഷേധിക്കുകയാണ്  യുക്തിയെ കേവലാർത്ഥത്തിൽ ചുരുക്കി റദ്ദ് ചെയ്യുന്ന പില്ക്കാല അധികാരത്തിന്റെ പുത്തൻ സാംസ്കാരിക യുക്തികൾ! ഇവയുടെ വലിച്ച് നീട്ടൽ സാധ്യതകൾ ചെന്നെത്തുക ജനാധിപത്യം എന്ന ആശയത്തിന്റെ കടയ്ക്കലോളമാണ്. ആ സാധ്യതയിൽനിന്നാണ് പ്രായപൂർത്തിയായ, എംബിബിഎസ് ബിരുദധാരികളായ കമിതാക്കളുടെ ഒരുമിച്ച് ജീവിക്കാനുള്ള അവകാശം സംബന്ധിച്ച അന്യായത്തിൽ മക്കൾ അപക്വമായ തീരുമാനമെടുക്കുമ്പോൾ രക്ഷിതാക്കൾക്ക് തിരുത്താം എന്ന കോടതിയുടെ നിരീക്ഷണം ഉണ്ടാകുന്നത്. ഒരു അധികാരസ്ഥാപനമെന്ന നിലയിൽ കോടതി വ്യക്തിഗത ഏജൻസിയെ പ്രശ്നവൽക്കരിക്കുന്നതിന്റെ അജണ്ട മനസിലാക്കാം. പാർശ്വവല്കൃതരുടെ മോചനം ലക്ഷ്യമാക്കുന്ന ബുദ്ധിജീവികളും  ഇതേ പാത പിൻതുടർന്നാലോ ?
ഏജൻസിയും, വ്യക്തിയ്ക്ക് ഉടലിനുമേലുള്ള നിർണ്ണയാവകാശവുമൊക്കെ ഇപ്പോൾ പ്രശ്നവൽക്കരിക്കപ്പെടുന്നത് ചുംബനസമരത്തോടനുബന്ധിച്ച് ഉയർന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എന്നത് ശ്രദ്ധേയമാണ്.  വ്യക്തിയ്ക്ക് ഉടലിന്മേലുള്ള അവകാശത്തെ, ഏജൻസിയെ പരിഗണനാക്രമത്തിൽ ആദ്യം കൊണ്ട് നിർത്തി  സമരത്തെ  അനുകൂലിച്ച  ദളിത് സ്ത്രീ സ്വത്വങ്ങളെ   നിലയ്ക്ക് നിർത്താൻ അവരുടെ വ്യക്തിഗതവും സഞ്ചിതവുമായ ഏജൻസികൾക്ക് മേൽ തങ്ങളുടെ പിതൃകേന്ദ്രീകൃത അധികാരത്തിന്റെ കയ്യൊപ്പുള്ള   'എജൻസി' യുടെ  പിതൃസ്വരൂപം ഉപയോഗിച്ച് നടത്തിയ ശ്രമങ്ങളുടെ ബാക്കിപത്രമാണ് ഈ സൈദ്ധാന്തിക മലക്കം മറിച്ചിലുകൾ. അതിന്റെ ലക്ഷ്യം സമരസ്ഥലത്തേക്ക് എരുമകളെ തെളിച്ചെത്തിയ യാഥാസ്ഥിതികതയെ മതപരമായ ഇരവൽക്കരണം എന്ന കുറ്റകൃത്യത്തെ മറയാക്കി വെള്ളപൂശുക എന്നതാണ്. ആ പേട്രിയാർകിക് അജണ്ട തിരിച്ചറിഞ്ഞ സ്ത്രീകളെ സ്വത്വഭ്രഷ്ടകളും, യൂറോപ്യൻ മസ്തിഷ്കത്തിന്റെ ഈച്ചക്കോപ്പികളും ആക്കുക എന്നതാണ് ഈ വളഞ്ഞ് ചുറ്റിയുള്ള മൂക്കിൽ തൊടീലിന്റെ സൈദ്ധാന്തിക ഉള്ളടക്കം. 

സ്ത്രീയിൽനിന്ന് അവളുടെ ഏജൻസിയെ കവർന്നെടുക്കാൻ കാലാകാലങ്ങളായി പാട്രിയാർക്കി നടത്തിവരുന്ന ശ്രമങ്ങളുടെ  പരിചയായാണ് ഇപ്പോൾ ഏജൻസിയും, രക്ഷാകർതൃത്വവും ഒക്കെ കീഴ്മേൽ മറിയുന്നത്. സ്വാഭാവികമായും  അതിന് അതിന്റെ പ്രായോജകർ യുക്തിയെ തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ അതിന്റെ സംവാദസാധ്യതൾ ഉയർത്തുന്ന പ്രതിയുക്തികളെ നേരിടാൻ അവരുടെ പക്കൽ അധികാരം നിർണ്ണയിക്കുന്ന സ്വത്വമല്ലാതെ വേറെ സാംസ്കാരിക ഉപകരണങ്ങളില്ല. അതുകൊണ്ടാണ് ജന്മം കൊണ്ട് ദളിതരായവർ ഉയർത്തുന്ന വിമർശനങ്ങളുടെ ഉള്ളടക്കത്തെ പോലും അതിന്റെ കർതൃത്വത്തെ സംവാദസാധ്യതകൾ അടച്ചിട്ട് ലിംഗാടിസ്ഥാനത്തിൽ    ഇമ്പീരിയൽ യുക്തികളായി അവർ തള്ളുന്നത്. അതിന് അവരെ പ്രാപ്തരാക്കുന്ന ഏജൻസിയോ അപ്പൻ കളിയുടെതും. ഞങ്ങൾ അധികാരത്തിന്റെ പില്കാല മുതലാളിത്ത പങ്കാളികളുടെ ന്യൂനപക്ഷം പറയും നിങ്ങൾ ആരാണെന്ന്. അത് സമ്മതിക്കുന്നവർക്ക് നില്ക്കാം. അല്ലാത്തവരെ ഇമ്പീരിയൽ സ്വത്വത്തിലേയ്ക്ക് നാടുകടത്തും.

ഞാൻ പാതി, ദൈവം പാതിയെന്ന് പ്രഖ്യാപിച്ചുകൊണ്ട് അധികാരം സമൂഹത്തിൽ ഉണ്ടാക്കാനാഗ്രഹിക്കുന്ന തുലനത്തിനുമേൽ നിർണ്ണായകമാകുന്ന  കാസ്റ്റിങ്ങ് വോട്ട് ചെയ്യുവാനുള്ള അവകാശം ആർക്കാണ്? സമുദായത്തിന്അവിടെ യുക്തിയോ സംവാദമോ ഇല്ല. എതിർ ശബ്ദങ്ങൾ വഞ്ചകരുടെതായി എണ്ണപ്പെടും. അപ്പോൾ വ്യക്തിയുടെ  സ്വത്വം ആര് നിർണ്ണയിക്കും? എന്റെ ഉടൽ ആര് നിർണ്ണയിക്കും? അതിന്റെ ഏജൻസി ആര് നിർണ്ണയിക്കും? ദൈവം? സമുദായം? പൊതുബോധം? അതോ അധികാരമോ
വായന  എത്ര ബുദ്ധിമുട്ടി അവ്യക്തമാക്കിയാലും ഉത്തരം വ്യക്തമാണ്. 


Saturday, November 29, 2014

"വയറ്റിപ്പിഴപ്പാണ്, നാറ്റിക്കരുത്"; ഒരു ഉത്തരാധുനിക മെമ്മോറാണ്ടം

ജൈവമായ ഒരു സമൂഹത്തിന്റെ വളർച്ച നിലവിലുള്ള പല പ്രശ്നങ്ങളെയും പരിഹരിക്കുന്നതിനൊപ്പം പുതിയ പലതിനെയും ഉല്പാദിപ്പിച്ചുകൊണ്ടും ഇരിക്കും. നാഗരികത, കൃഷി, വ്യവസായവൽക്കരണം തുടങ്ങിയ എല്ലാത്തരം വികസനങ്ങളുടെയും ചരിത്രത്തിൽ ഇത്തരം ഉപോൽപ്പന്നങ്ങളെ നമുക്ക് കാണാനാവും. ഇതിന്റെയൊക്കെ ഗുണഭോക്താക്കളായി ഒരു തിരഞ്ഞെടുത്ത വിഭാഗവും, ഇരകളായി മറ്റൊരു വിഭാഗവും ഉണ്ടായി നിലനിന്ന് പോരുന്നത് വികസനത്തിന്റെ മനുഷ്യത്വവിരുദ്ധമായ ഒരു മാതൃകയിലൂടെയാണ്. അതിനെ നേരിടാൻ, വികസനത്തെ സമഗ്രവും സർവ്വതല സ്പർശിയുമായ ഒരു ജൈവമുന്നേറ്റമാക്കുവാൻ സമഗ്രതയും, ദീർഘവീക്ഷണവും, പ്രായോഗികക്ഷമതയും ഉള്ള പദ്ധതികൾ വേണം; അത് വികസനത്തിനായാലും, അതുണ്ടാക്കുന്ന പാർശ്വഫലങ്ങളെ നേരിടാനായാലും.

മനുഷ്യന്റെ അസ്തിത്വം കേവലജീവശാസ്ത്രത്തെയോ, പരിണാമബന്ധിയായ അനുകൂലകങ്ങളെയോ മാത്രം ആശ്രയിക്കുന്ന ഒന്നല്ല. ചിന്തിക്കുന്ന, നിലനില്ക്കുന്ന വ്യവസ്ഥയിൽ ധനാത്മക പരിവർത്തനങ്ങൾ സാധ്യമാക്കുന്ന ഒരു ജീവി എന്ന നിലയിൽ മനുഷ്യൻ പ്രകൃതിയ്ക്ക് അടിപ്പെട്ടല്ല, അതിനോട് പ്രതികരിച്ചും പ്രതിപ്രവർത്തിച്ചുമാണ് വികസിച്ചിട്ടുള്ളത്. അത്തരം ഒരു വികസനം ധനാത്മകമാകുന്നത് മുൻഗണനകളെ നിശ്ചയിക്കാനും വെല്ലുവിളികളെ നേരിടാനും ഉള്ള മനുഷ്യന്റെ കഴിവിനെ അവലംബിച്ചാണ്. അതാണ് പ്രാകൃതികമായ തുലനത്തിനുമേൽ മാനുഷികമായ ഒന്ന് സ്ഥാപിച്ച് മുന്നേറാൻ മനുഷ്യകുലത്തെ പ്രാപ്തമാക്കിയത്. വിശാലമായ അർത്ഥത്തിൽ അത്തരം ഒരു തുലനം സാധ്യമാക്കിയ മനുഷ്യരാണ് മനുഷ്യവർഗ്ഗത്തിന്റെ ജൈവബുദ്ധിജീവികൾ. എന്നാൽ ഇന്ന് ആ വർഗ്ഗത്തിന്റെ പ്രസക്തി തന്നെ നിരവധിയായ വ്യാജയുക്തികളാൽ പ്രശ്നവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിന്റെ കർത്താക്കളുടെതായ ഒരു പുത്തൻ ബുദ്ധിജീവിവർഗ്ഗം തന്നെ ഉണ്ടായിരിക്കുന്നു.

ഇടത് മതേതര ലിബറൽ രാഷ്ട്രീയത്തിനോട്, ശാസ്ത്രത്തിനോട്, അതിന്റെ എമ്പെരിക്കൽ രീതിശാസ്ത്രത്തോട് ഒക്കെയുള്ള "പ്രശ്നാധിഷ്ഠിത" വിയോജിപ്പാണ് അവരെ ഒരുമിപ്പിക്കുന്ന പൊതുഘടകം. എന്നാൽ ആ വിയോജിപ്പിന്റെ സൈദ്ധാന്തിക ഉള്ളടക്കമാകട്ടെ ആന്തരിക വൈരുദ്ധ്യങ്ങളാൽ ശിഥിലവും. അതുകൊണ്ടാണ് അവർ തങ്ങളുടെ ചില വാദങ്ങളെ സമർത്ഥിക്കാൻ ശാസ്ത്രവും, യുക്തിയുമൊക്കെ ഉപയോഗിക്കുമ്പോൾ തന്നെ മറുവാദങ്ങളെ നേരിടാൻ അവയെ ആകെ സവർണ്ണവും, യൂറോ കേന്ദ്രീകൃതവും ഫോബിയാ ജന്യവുമായി മുദ്രകുത്തി കൈ കഴുകുക എന്ന എളുപ്പവഴി അവലംബിക്കുന്നത്. അവരുടെ പ്രശ്നം സ്വന്തം പ്ലാറ്റ്ഫോമുകളുടേത് മാത്രമാണ്. അത് നിലനിർത്താനായി ഏത് കുയുക്തിയും അവർ ഉപയോഗിക്കും. ആഴം എന്ന് അവർ വ്യാഖ്യാനിക്കുന്ന അയുക്തിജന്യമായ അസംബന്ധങ്ങളുടെ അതാര്യതയെ അതിന് പരിചയായി ഉപയോഗിക്കും. ഇന്ന് കേരളത്തിൽ നടപ്പിലാവാൻ തുടങ്ങുന്ന ഉറവിടമാലിന്യസംസ്കരണ പദ്ധതിയെ തുരങ്കം വയ്ക്കുന്നത് അത്തരം യുക്തികളാണ്. അതിന്റെ ഉള്ളടക്കം ഇടതുപക്ഷം നടപ്പിലാക്കാൻ മുൻകൈ എടുക്കുന്ന ഒരു പദ്ധതി ആയതിനാൽ അത് മനുഷ്യത്വവിരുദ്ധമാകാതെ തരമില്ല എന്ന അഡ്ഹോമിനം മാത്രമാണ്. തോമസ് ഐസക് സാമ്രാജ്യത്വചാരനാണെന്ന് എം എൻ വിജയനും പാഠം മാസികയും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പദ്ധതിയും സാമ്രാജ്യത്വ അജണ്ട അല്ലെങ്കിൽ അതുപോലെ ഏതെങ്കിലും പ്രതിലോമ അജണ്ടയുടെ ഭാഗമായിരിക്കും എന്ന് തീരുമാനിക്കുന്നതും മറ്റൊരു ലോജിക്കൽ ഫാലസിയാണ്. എന്നാൽ അനിവർ അരവിന്ദ് അഴിമുഖത്തിൽ എഴുതിയ ലേഖനം തുടങ്ങുന്നത് തന്നെ അഡ്ഹോമിനങ്ങളല്ലാതെ ഒരു യുക്തിയും മുന്നോട്ട് വയ്ക്കാത്ത, ചൂണ്ടിക്കാണിക്കപ്പെട്ട അബദ്ധങ്ങളോട് സംവാദാത്മകമായി പ്രതികരിക്കാൻ പോലും തയ്യാറാവാത്ത, സ്വയം പ്രഖ്യാപിത അപ്രമാദിത്തത്തിന്റെ കുടചൂടി നില്ക്കുന്ന വിമർശകർക്കെതിരേ ഉയർന്നുവന്ന പ്രതിവാദങ്ങളെയും, വിമർശനങ്ങളെയും 'അഡ്ഹോമിനം അറ്റാക്ക്' ആയി വ്യാഖ്യാനിച്ചുകൊണ്ടാണ്!

ഏകപക്ഷീയമായ വിമർശനങ്ങളും, അതിനെതിരെ ഉണ്ടാകുന്ന പ്രതിവിമർശനങ്ങളോട് ഇടത് മതേതര ലിബറൽ യുക്തികൾ സംവാദം അർഹിക്കുന്നില്ല എന്ന തരം എലീറ്റിസ്റ്റ് രീതിശാസ്ത്രം അവലംബിച്ചുള്ള മൗനവുമാണ് ഇവിടെ വിമർശകബുദ്ധിജീവികൾ നിലനിർത്തിപ്പോരുന്നത്. അവർക്ക് ഒരു സാമൂഹ്യപ്രശ്നം എന്ന നിലയ്ക്ക് ഉള്ള അതിന്റെ ആഴമോ, അതിന്റെ ഇരകൾ അനുഭവിക്കുന്ന പ്രശ്നങ്ങളൊ, മുൻഗണനാക്രമത്തിൽ ഇതിനുണ്ടാകേണ്ടുന്ന അടിയന്തിരപ്രാധാന്യമോ ഒന്നും പ്രശ്നമല്ല. ഒരു സംവാദവും അവരുമായി സാധ്യവുമല്ല. അതിന്റെ താർക്കിക പ്രതിരോധമാകട്ടെ, യുക്തി ഒരു ആധുനിക യൂറോകേന്ദ്രീകൃത സംജ്ഞയാണെന്നതും അതുകൊണ്ട് അത് അവരുടെ വ്യവഹാരമണ്ഡലത്തിന് പുറത്താണ് എന്ന മറ്റൊരു പ്രഖ്യാപനവും! ഇത്തരം പ്രകടമായ അഡ്ഹോമിനങ്ങളെ കാണാതിരിക്കുക എന്നത് ഇവിടെ ഒരു തന്ത്രമെന്ന നിലയിൽ അറിഞ്ഞുകൊണ്ട് അവലംബിക്കപ്പെടുന്നതാണെന്ന് വ്യക്തം.

ഉറവിടമാലിന്യസംസ്കരണം
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കേരളീയസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ ഏറ്റവും ഗൗരവമുള്ളതും, അടിയന്തിരപരിഹാരം ആവശ്യപ്പെടുന്നതുമായ ഒന്നാണ് മാലിന്യ സംസ്കരണം. അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന നഗരവല്ക്കരണത്തിന്റെ പശ്ചാത്തലത്തിൽ ഈ പ്രശ്നത്തിന്റെ വ്യാപ്തിയും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. വടക്ക് കാസർകോട് തൊട്ട് തെക്ക് തിരുവനന്തപുരം വരെ വ്യാപിച്ച് കിടക്കുന്ന കേരളത്തിന്റെ ഭൂപടത്തിൽ അടയാളപ്പെടുന്ന പ്രമുഖനഗരങ്ങൾക്കൊക്കെ സ്വന്തമായി ഓരോ ചവറുകൂനയുമുണ്ട്. അവയാണ് തിരുവനന്തപുരത്തിന് വിളപ്പിൽശാല, കൊല്ലത്തിന് കുരീപ്പുഴ, കോട്ടയത്തിന് വടവാതൂർ, കൊച്ചിക്ക് ബ്രഹ്മപുരം, തൃശൂരിന് ലാലൂർ, കോഴിക്കോടിന് ഞെളിയൻ പറമ്പ്, പാലക്കാടിന് കൊടുമ്പ്‌, ഇടുക്കിക്ക് പാറക്കടവ്, വയനാടിന് കണിയാമ്പറ്റ, തലശ്ശേരിയ്ക്ക് പെട്ടിപ്പാലം, കണ്ണുരിന് ചേലോറ, കാസർകോടിന് ചെമ്മട്ടം കായൽ തുടങ്ങിയവ.

പൊതുവായ വികസനത്തിന്റെ വ്യവസായവൽകൃത, നഗരവൽകൃത വഴികൾ വിസർജ്ജിക്കുന്ന മാലിന്യം മുഴുവൻ പേറാൻ ചില പ്രദേശങ്ങൾ നിർബന്ധിതമാകുന്ന അവസ്ഥ ഒരു തരത്തിൽ ആധുനികമായ തോട്ടിവൽക്കരണം തന്നെയാണ്. മനുഷ്യവിസർജ്യത്തിന്റെത് ഉൾപ്പെടെ സകലമാലിന്യങ്ങളുടെയും സംസ്കരണം ഒരു പറ്റം മനുഷ്യർക്ക് മേൽ നിർബന്ധിത കുലത്തൊഴിലായി കെട്ടിവയ്ക്കുകയും അതിൽനിന്നുള്ള കുതറലുകൾ വർണ്ണവ്യവസ്ഥയുടെ ലംഘനം എന്ന നിലയിൽ കുറ്റകരമായി പ്രഖ്യാപിക്കുകയും ചെയ്ത ഒരു വ്യവസ്ഥയാണ് സംസ്കൃത സമൂഹത്തിനനിവാര്യരും എന്നാൽ അതിൽ പ്രവേശനമില്ലാത്തവരുമായ 'തോട്ടി 'കളെ ഉണ്ടാക്കിയതെങ്കിൽ ആ വ്യവസ്ഥയുടെ മറ്റൊരു മുഖമാണ് പുറത്തുനിന്ന് വിവാഹബന്ധം പോലും ലഭിക്കാത്ത അളവിൽ വിളപ്പിൽശാലകളെയും, ഞെളിയൻ പറമ്പുകളെയും പുറന്തള്ളിയത്. ഒരു വിഭാഗം മനുഷ്യരുടെ മേൽ മുഴുവൻ സമൂഹത്തിന്റെയും മാലിന്യം കൊണ്ട് തള്ളുക. എന്നിട്ടും പോരാഞ്ഞ് നാറുന്നു എന്ന കുറ്റത്തിന് അവരെ പുറത്താക്കുക. സമാനതകളില്ലാത്ത മനുഷ്യാവകാശലംഘനത്തിന്റെ ഒരുപോലെ വികൃതമായ മുഖങ്ങളാണ് ഇവ രണ്ടും.

ഈ പ്രശ്നത്തിന് നിലവിൽ ഉരുത്തിരിഞ്ഞ് വന്നവയിൽ ഏറ്റവും പ്രായോഗിക ക്ഷമതയുള്ള ഒരു പദ്ധതിയാണ് ഉറവിടമാലിന്യസംസ്കരണ പദ്ധതി. ഇതിനോട് മാധ്യമ ബുദ്ധിജീവിയായ അജിംസ് ഉയർത്തുന്ന വിമർശനം മാലിന്യം ഉണ്ടാക്കാൻ കുടുംബസ്ത്രീകളും അത് സംസ്കരിക്കാൻ കുടുംബശ്രീയും എന്ന വ്യാക്ഷേപകമാണ്. ദളിത്‌ പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവർ മാത്രമാണ് കുടുംബശ്രീയിൽ പ്രവർത്തിയ്ക്കുന്നത് എന്ന ഒരു ധ്വനി ഈ വിമർശനത്തിലുള്ളത് പോട്ടെ. ഈ പദ്ധതിയിൽ മാലിന്യം വേർതിരിക്കപ്പെടുന്നത് കുടുംബങ്ങളിൽ, കുടുംബസ്ത്രീകളാൽ (ഇവിടെ മേൽപറഞ്ഞ ദുഷ്ടലാക്ക് സ്വയം റദ്ദാവുന്നു) തന്നെയാണ്. സംസ്കരണം നടക്കുന്നത് സർക്കാർ, അർദ്ധസർക്കാർ സംവിധാനങ്ങളിലൂടെയും. അപ്പോൾ ഈ വിമർശനത്തിലെ യുക്തി വിടാം (അത് യൂറോ സെൻട്രിക് അല്ലേ) വസ്തുത എവിടെയാണ്?

ആലപ്പുഴ മാതൃക
ഫ്ലാറ്റുകളിലും, മൂന്നും നാലും സെന്റിൽ പണിത വീടുകളിലും, സ്ക്വയർ ഫീറ്റ് എണ്ണി വാടക കൊടുത്ത് പ്രവർത്തിക്കുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും കുന്നുകൂടുന്ന മാലിന്യം അവർ എവിടെ കൊണ്ടിടണം? മുൻസിപ്പാലിറ്റി വക കുപ്പതൊട്ടികളിൽ അവ നിക്ഷേപിക്കുക എന്ന് പറയാം. അത്തരം മാലിന്യങ്ങളാണ് കേരളത്തിൽ അങ്ങോളം ഇങ്ങോളം വിളപ്പിൽ ശാലകളിലും, ഞെളിയൻ പറമ്പുകളിലുമായി നിത്യേനെ ടൺ കണക്കിനായി വന്ന് പതിക്കുന്നത്. ജൈവവും, അജൈവവും, അതിൽ തന്നെ വിവിധങ്ങളായ മറ്റ് പ്രായോഗിക വർഗീകരണ ആവശ്യങ്ങളുമുള്ള ഈ മാലിന്യങ്ങളെ ഒരു വേർതിരിവുമില്ലാതെ മുഴുവനായി സംസ്കരിക്കാൻ നമ്മുടെ പക്കൽ നിലവിൽ ഒരു സാങ്കേതികവിദ്യയില്ല. ഒന്നുകിൽ മാലിന്യങ്ങളുമൊത്ത് ജീവിക്കുക, അല്ലെങ്കിൽ ഉള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് അതിനെ സംസ്കരിക്കുവാൻ പ്രായോഗിക പദ്ധതികൾക്ക് രൂപം കൊടുക്കുക എന്നത് മാത്രമാണ് രണ്ട് വഴികൾ. ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടപ്പിലായതും കേരളമാകെ വ്യാപിപ്പിക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നതുമായ ഉറവിടമാലിന്യസംസ്കരണ മാതൃക അതിൽ രണ്ടാമത്തെ വഴി പിന്തുടരുന്നു.

കുന്നുകൂടുന്ന മാലിന്യത്തിൽനിന്ന് അടുക്കള മാലിന്യത്തെ, വീണ്ടും ഉപയോഗിക്കാൻ പറ്റുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തെ, അങ്ങനെ പറ്റാത്ത മുടി, നഖം തുടങ്ങിയവയെ, സാനിട്ടറി നാപ്കിന്നുകളെ, ഡയപ്പരുകളെ ഒക്കെ വേർതിരിക്കുക എന്നത് യന്ത്ര സാധ്യമല്ലാത്തിടത്തോളം കാലം അത്തരം മാലിന്യകൂമ്പാരങ്ങൾ പുതിയ തോട്ടികളെ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. അത് അവസാനിപ്പിക്കാൻ പറ്റുന്ന ഒരു വഴിയാണ് ഉറവിടത്തിലെയുള്ള വേർതിരിക്കൽ. മേൽപറഞ്ഞപോലെ അടുക്കളമാലിന്യം ഒരു പാത്രത്തിൽ, വീണ്ടും ഉപയോഗിക്കാന്‍ പറ്റുന്ന പ്ലാസ്റ്റിക് മാലിന്യം മറ്റൊന്നിൽ, ഉപയോഗിക്കാനെ പറ്റാത്ത മാലിന്യം (മുടി, കക്കൂസ് മാലിന്യം മുതലായവ) മറ്റൊന്നിൽ ശേഖരിച്ചാൽ തന്നെ മാലിന്യസംസ്കരണത്തിന്റെ പകുതി വെല്ലുവിളി നിവർത്തിയ്ക്കപ്പെട്ടു. അടുക്കളമാലിന്യങ്ങളെ അതിന്റെ ഉറവിടമായ വീടുകളിൽവച്ച് തന്നെ സംസ്കരിക്കുക എന്ന ലക്ഷ്യംകൂടി മുൻനിർത്തിയാണ് അതുകൊണ്ട് ഗ്യാസ് ഉല്പാദിപ്പിക്കുന്ന വിവിധതരം പ്ലാന്റുകൾ സർക്കാർ സബ്സിഡിയോടെ മുന്നോട്ട് വയ്ക്കപ്പെട്ടത്. മാലിന്യസംസ്കരണ പ്രശ്നത്തിന് ഒരു വലിയ ശതമാനം വരെയും, ഊർജ്ജപ്രതിസന്ധിയ്ക്ക് ഒരു ചെറിയ അളവിലും പരിഹാരം കാണുന്ന ഈ ടു ഇൻ വൺ പദ്ധതി, ഗ്യാസിന്റെ വില അനുദിനം കുതിച്ചുകയറിക്കൊണ്ടിരുന്നിട്ട് പോലും പല കാരണങ്ങൾകൊണ്ട് നമ്മുടെ നാഗരികസമൂഹം വേണ്ടത്ര വ്യാപകമായി ഏറ്റെടുത്തില്ല. പൈപ്പ് കമ്പോസ്റ്റ് പോലുള്ള നിസ്സാരമായ മുടക്ക് മാത്രമുള്ള മാലിന്യസംസ്കരണ മാർഗ്ഗങ്ങൾ പോലും ഒരു നല്ല വിഭാഗം അവഗണിച്ചു. ആ അവസ്ഥയിലാണ് ഉറവിടത്തിലേ വേർതിരിക്കപ്പെട്ട മാലിന്യങ്ങളെ വികേന്ദ്രീകൃതമായി സംസ്കരിക്കുന്ന മറ്റൊരു പദ്ധതി മുന്നോട്ട് വയ്ക്കപ്പെടുന്നത്.

ഖരമാലിന്യങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങളിലാതെ, ദുർഗന്ധമില്ലാതെ സംസ്കരിക്കുക എന്നതാണ് ഒരു പ്രധാന വെല്ലുവിളി. അതിനായി വെറ്റനറി യൂണിവേഴ്സിറ്റി രൂപം കൊടുത്ത തുമ്പൂർമൊഴി പ്രൊജെക്ടിനോട് കൈകൊർത്തുകൊണ്ട് കാർഷിക സർവ്വകലാശാലയിലെ ഡോക്ടർ ഗിരിജാ ദേവകി ബസില്ലാസ് സബ്റ്റില്ലസ് എന്ന സൂക്ഷ്മാണുവിനെ ചാണകത്തിൽ നിന്ന് വികസിപ്പിച്ചെടുക്കുന്ന പദ്ധതി മുന്നോട്ട് വച്ചു . അങ്ങനെ രണ്ട് സർവ്വകലാശാലകളുടെ, അതിലെ ഗവേഷകരുടെ, വിദ്യാർത്ഥികളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമാണ് ആലപ്പുഴയിൽ വിജയം വരിച്ച തുമ്പൂർമൊഴി പ്രോജക്ട്.

വീട്ടിലാണെങ്കിൽ അടുത്ത പറമ്പിലേയ്ക്ക്, പൊതുസ്ഥലത്താണെങ്കിൽ തന്റെ സമീപ പരിസരമായ രണ്ടര അടി ചുറ്റളവിന് പുറത്തേയ്ക്ക്, അതായത് തന്റെ സമീപ സ്വകാര്യ ഇടത്തിന് പുറത്തേയ്ക്ക് ഉപയോഗം കഴിഞ്ഞ സാധനങ്ങളെ വലിച്ചെറിയുക എന്നത് ഇന്ന് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ആരെങ്കിലും ഉമ്മവയ്ക്കുന്നതോ, ആലിംഗനം ചെയ്യുന്നതോ കാണുമ്പോൾ സദാചാര വാളെടുക്കാൻ എന്ന പോലെ ഒരു ചൊറിച്ചിൽ ഉപയോഗം കഴിഞ്ഞ എന്തിനെയും സ്വന്തം പരിസരത്തിന് പുറത്തെക്ക് വലിച്ചെറിയാൻ നമ്മളറിയാതെ നമ്മുടെ കൈകളെ ശീലം കൊണ്ട് ചൊറിഞ്ഞുകൊണ്ടേയിരിക്കും. ചൊറിച്ചിലുകളുൾപ്പെടെയുള്ള ശീലങ്ങളെയെല്ലാം സംസ്കാരമായി എണ്ണി ശീലിച്ചതുകൊണ്ട് നമുക്ക് ഇതിൽ ഒരു അസ്വാഭാവികതയും തോന്നുകയുമില്ല. ഇവിടെയാണ് മാലിന്യസംസ്കരണം കേവലം കായികപ്രവർത്തി എന്ന നിലവിട്ട് ഒരു സാംസ്കാരിക പരിവർത്തനം തന്നെ ആവശ്യപ്പെട്ട് തുടങ്ങുന്നത്. അത്തരം ഒരു സാംസ്കാരിക പരിണാമം തന്നെയാണ് തോമസ് ഐസക്ക് ആലപ്പുഴയോട് അവരുടെ പുതിയ തലമുറയിൽനിന്ന്, അവരുടെ സ്കൂളുകളിൽ നിന്ന് തുടങ്ങാൻ ആഹ്വാനം ചെയ്യുന്നതും.

കുട്ടികളെക്കൊണ്ട് തോട്ടിപ്പണി
തോട്ടിപ്പണി മാനവികതാവിരുദ്ധമായ ഒരു പ്രാകൃതവൃത്തിയാവുന്നത് ഒരു വിഭാഗം മനുഷ്യരെ തലമുറതലമുറകളായി മനുഷ്യവിസർജ്ജ്യം ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ സംസ്കരണത്തിന്റെ ഉത്തരവാദിത്തത്തിലേയ്ക്ക് നിർബന്ധപൂർവ്വം വലിച്ചിഴയ്ക്കുന്ന വ്യവസ്ഥയിലൂടെയാണ്. അതായത് മാലിന്യസംസ്കരണമല്ല, അതിനെ ചില മനുഷ്യരുടെ നിർബന്ധിത കുലത്തൊഴിലായി പ്രഖ്യാപിക്കുന്നതാണ് മാനവികതാ വിരുദ്ധം എന്ന്. ജീവിതം ഉള്ളിടത്തോളം അതിന്റെ ഒരു ഉപോൽപ്പന്നമായ മാലിന്യവും ഉണ്ടായിക്കൊണ്ടേയിരിക്കും. അത് സംസ്കരിക്കാതെ എവിടെയെങ്കിലും കൊണ്ട് തള്ളുന്നത് ആ ഇടത്തിലെ മനുഷ്യരെ അവർക്ക് പുറത്തുള്ള ഒരു ഭൂരിപക്ഷത്തിന്റെ മാലിന്യം പേറി ജീവിക്കാൻ നിർബന്ധിതരാക്കുന്ന, മറ്റൊരു തലത്തിൽ നടക്കുന്ന തോട്ടിവൽക്കരണം തന്നെയാണ്.

അടുക്കളമാലിന്യങ്ങളും, ഡയപ്പറും, സാനിട്ടറി നാപ്കിനുകളും, മുട്ടത്തോടും, നാരങ്ങാചണ്ടിയും, ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക്ക് സാധനങ്ങളും, ബാറ്ററിയും ഉൾപ്പെടെ നാഗരികമായ ജീവിതത്തിന്റെ സകല മാലിന്യങ്ങളും ഒരിടത്ത് കൂമ്പാരം കൂട്ടപ്പെടുമ്പോൾ അവയുടെ സംസ്കരണം വലിയ ഒരു പ്രായോഗികപ്രശ്നം ഉയർത്തുന്നു. ഇവയെ ഒരുമിച്ച് സംസ്കരിക്കുക സാധ്യമല്ല എന്നിരിക്കെ ഈ കൂമ്പാരത്തിൽനിന്ന് മാലിന്യങ്ങളെ ജൈവവും അജൈവവുമായി എങ്ങനെ വേർതിരിക്കും? മാലിന്യകൂമ്പാരത്തിലേയ്ക്ക് ഇറങ്ങി കൈകൊണ്ട് ഇവയെ വേർതിരിക്കുന്ന പണി ചില മനുഷ്യരുടെ ദാരിദ്ര്യത്തിലും ഗതികേടിലും അടിച്ചേൽപ്പിക്കുക എന്നതല്ലാതെ ഇവിടെ വേറെ വഴിയില്ല. അത്തരം ഒരു തോട്ടിപ്പണി ഒഴിവാക്കാനാണ് ഉറവിടത്തിലേ വേർതിരിക്കുക എന്ന പദ്ധതി ലക്ഷ്യമിടുന്നത്. അതിനെയാണ് ചില ഉത്തരാധുനികർ തോട്ടിപ്പണിയായി വ്യാഖ്യാനിക്കുന്നത്!

“മാലിന്യം ആത്യന്തികമായി പ്രൊഡ്യൂസർ റെസ്പോണ്സിിബിലിറ്റിയാണ്; പ്ലാസ്റ്റിക്ക് മാലിന്യവും അതേ. ആ ഉത്തരവാദിത്വം കുട്ടികളിലോട്ടു കൈമാറ്റം ചെയ്യേണ്ടതല്ല" എന്ന അനിവർ അരവിന്ദിന്റെ വാദം വിചിത്രമായ ഒന്നാണ്. വ്യാവസായിക ഉല്പാദനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മാലിന്യവും, ഗാർഹിക ഉപഭോഗമാലിന്യവും ഒന്നായി കണ്ടുകൊണ്ടാണ് ഇത് മുന്നോട്ട് വയ്ക്കപ്പെടുന്നത്. ഇത്തരം സാമാന്യവൽക്കരണങ്ങൾ അരിയും പച്ചക്കറിയും മത്സ്യവും മാംസവും ഒക്കെ വാങ്ങി കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന മാലിന്യമായ വിസർജ്യം സംസ്കരിക്കേണ്ട ഉത്തരവാദിത്തം അവയുടെ ഉല്പാദകരായ കർഷകർക്കാണെന്ന് പറയുമ്പോലെ ഒരു അസംബന്ധമാണ്. പ്ലാസ്റ്റിക്ക് മാലിന്യം അവയുടെ ഉല്പാദകരെ സംബന്ധിച്ചിടത്തോളം ഒരു മാലിന്യമല്ല, പുനരുല്പാദനക്ഷമമായ അസംസ്കൃത വസ്തുവാണ്. അതുകൊണ്ട് തന്നെയാണ് കിലോയ്ക്ക് പതിമൂന്നുരൂപ പഴയ പ്ലാസ്റ്റിക്കിന് വിപണിവിലയുള്ളതും എന്ന വസ്തുത ഈ സാമാന്യവല്ക്കരണം കാണാതെ പോകുന്നു. വ്യാവസായിക ഉത്പാദനത്തിന്റെ ഭാഗമായുണ്ടാവുന്ന മാലിന്യങ്ങൾ സംസ്കരിക്കേണ്ടത് ഉല്പാദകരുടെ ചുമതല തന്നെയാണ് ഇപ്പോഴും. അതിന്റെ ഉത്തരവാദിത്തം കുട്ടികളിലേയ്ക്ക് കൈമാറുകയാണ് ഉറവിടമാലിന്യസംസ്കരണപദ്ധതി ചെയ്യുന്നത് എന്ന് ധ്വനിപ്പിക്കും വിധമുള്ള ഇത്തരം വിമർശനങ്ങളുടെ അജണ്ട എന്തെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും.

പ്ലാസ്റ്റിക്കിന്റെ വീണ്ടുവിചാരമില്ലാതെയുള്ള ഉപഭോഗവും, അതിന്റെ ഉപഭോഗാനന്തര വലിച്ചെറിയലും ഉണ്ടാക്കാൻ പോകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് പുതിയ തലമുറയെ ഉപയോഗിച്ചുകൊണ്ടുള്ള ബോധവല്ക്കരണം എന്ന ലളിതവും ചിലവ് കുറഞ്ഞതും വൻവിജയസാധ്യതയുള്ളതുമായ ഒരു പദ്ധതിയാണ് ആലപ്പുഴയിൽ നടപ്പിലാവുന്നത്. അതിനെ കുട്ടികളെക്കൊണ്ട് തോട്ടിപ്പണി ചെയ്യിപ്പിക്കലായി വ്യാഖ്യാനിക്കുന്നവർ ചെയ്യുന്നത് സ്വന്തം വിവരക്കേടിനെ നെറ്റിയിൽ എഴുതി ഒട്ടിച്ച് സ്വയം പരിഹാസ്യരാവുകയാണെന്നത് പോട്ടെ; അത് അവരുടെ വിവേചനാധികാരം, ചരിത്രത്തെ തമസ്കരിക്കുക എന്ന മാനവികവിരുദ്ധ പ്രവർത്തി കൂടിയാണ്. അത് ചരിത്രത്തിന്റെ, അതിലെ ദളിത പീഡനങ്ങളുടെ, മനുഷ്യത്വലംഘനങ്ങളുടെ കുറ്റകരമായ ലളിതവല്ക്കരണമാണ്. 

പ്ലാസ്റ്റിക്ക്കുപ്പി വഴി പകരുന്ന കന്നാസുകളും കടലാസുകളും! 
ഈ പദ്ധതിവഴി ഉത്തേജിതരാവുന്ന കുട്ടികൾ മാലിന്യകൂമ്പാരങ്ങളിൽ മുക്കളയിട്ടിറങ്ങി പ്ലാസ്റ്റിക്ക് കുപ്പികൾ സംഭരിച്ച് അണുബാധയേറ്റ് രക്തസാക്ഷികൾ ആകും എന്നതാണ് അനിവറിനെ പോലെയുള്ളവർ ഉയർത്തുന്ന 'ശാസ്ത്രീയ’വിമർശനം. ഇത് എന്തിനെയും വലിച്ച് നീട്ടി എന്തുമാക്കാം എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ്. ഈ യുക്തി ഹോബി എന്ന നിലയിൽ സ്കൂളുകൾ പ്രോത്സാഹിപ്പിക്കുന്ന സ്റ്റാമ്പ് ശേഖരണം പോലുള്ള പ്രവർത്തികൾ കുട്ടികളെ തപാൽ ബോക്സുകൾ കുത്തി തുറക്കാൻ പ്രേരിപ്പിക്കും എന്ന് പറയുമ്പോലെയാണ്. പ്ലാസ്റ്റിക്ക്കുപ്പി ശേഖരണം പാഠ്യബന്ധിയായ ഒരു നിർബന്ധിത പ്രവർത്തിയൊന്നുമല്ലെന്ന് ഓർക്കണം. ഇനി ഇത് ശാസ്ത്രീയമാണെങ്കിൽ പ്ലാസ്റ്റിക്ക് കുപ്പികൾ ഉൾപ്പെടെയുള്ള ചപ്പുചവറുകൾ നിത്യേനെ, തൊഴിൽ എന്ന നിലയിൽ വാരുന്ന മുൻസിപ്പാലിറ്റി ജീവനക്കാർ നേരിടുന്ന ആരോഗ്യപ്രശ്നം എത്ര വലുതായിരിക്കണം? അതിനെതിരേ ആരും ഇതുവരെ ഒരു ശബ്ദവും ഉയർത്തി കേട്ടില്ല. ആ തൊഴിൽ നിരോധിക്കണമെന്നും പകരം യന്ത്രവല്കൃത സമാന്തരസംവിധാനങ്ങൾ വികസിപ്പിച്ചെടുക്കണമെന്നും ആരും ആവശ്യമെന്ന നിലയിൽ പോലും മുന്നോട്ട് വച്ചും കാണുന്നില്ല. കാരണം അത്തരം ഒരു വാദവുമായി ഇറങ്ങിയാൽ തങ്ങളുടെ കോലം ജനം തെരുവിൽ കത്തിക്കുമെന്നതാണ് ഇന്ത്യൻ യാഥാർഥ്യം എന്ന് മറ്റ് യാഥാർത്ഥ്യങ്ങളോടൊക്കെ തിരഞ്ഞെടുത്ത ഒരുതരം വേർകൃത്യം പുലർത്തുന്നവർക്കറിയാം, അത് തന്നെ. ഇത്രകണ്ട് പ്രകടമായ വിഢിത്തങ്ങളെ പോലും വിശദീകരിക്കേണ്ടിവരുന്നത് തീർച്ചയായും ദയനീയമാണ്. പക്ഷേ അതാണ് നമ്മുടെ ഉത്തരാധുനിക സാംസ്കാരിക യാഥാർത്ഥ്യം .

ആരായിരിക്കും കിലോയ്ക്ക് ഇരുപത് രൂപാ പ്രതിഫലത്തിൽ കുപ്പി പെറുക്കാൻ ഇറങ്ങുന്ന കുട്ടികൾ എന്നതാണ് വൻ സ്വത്വ സൈദ്ധാന്തിക വിവക്ഷകൾ ഉൾക്കൊള്ളുന്നത് എന്ന ജാഡയിൽ എഴുന്നള്ളിക്കപ്പെടുന്ന മറ്റൊരു ചോദ്യം. ദളിതർ എന്നതാണ് ഇവർ നമ്മളെക്കൊണ്ട് പറയിപ്പിക്കാൻ ആഗ്രഹിക്കുന്ന ഉത്തരം. എന്നാൽ ഇവിടെ ഒരു മറുചോദ്യം കൂടിയുണ്ട്. പത്രമിടൽ , പാൽ കൊടുപ്പ് തുടങ്ങി ഏത് താല്കാലിക ജോലിയ്ക്ക് പോയാലും കേരളത്തിൽ ഇതിലും അധികം പണം കിട്ടുമെന്നിരിക്കെ പൈസ മാത്രം കണ്ടുകൊണ്ട് ഈ പണിയ്ക്ക് ഇറങ്ങാൻ തക്ക മന്ദബുദ്ധികൾ ദളിതരേ ഉള്ളു എന്നതാണോ ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവർ മുന്നോട്ട് വയ്ക്കുന്ന തീർപ്പ്? ഇത്തരം ദളിത വിരുദ്ധവും, ഹിംസാത്മകം തന്നെയുമായ അപ്പൻ കളികൾ ഇവർ എന്ത് ധൈര്യത്തിൽ, ആര് കൊടുത്ത പ്രതിനിധാനാവകാശത്തിന്റെ പേരിൽ നടത്തുന്നു?

ശാസ്ത്രീയ വിമർശനങ്ങൾ
 "ഉല്പന്നങ്ങള്ക്ക് നിറം, ആകൃതി, വഴക്കം, ദൃഢത, മണം തുടങ്ങിയ ഗുണങ്ങൾ കിട്ടുന്നതിന് ആന്റി സ്റ്റാറ്റിക് ഏജന്റുകൾ, ആന്റി ഓക്‌സിഡന്റുകൾ, ബ്ലോയിംഗ് ഏജന്റുകൾ, ക്യൂറിംഗ് ഏജന്റുകൾ, കപ്ലിംഗ് ഏജന്റുകൾ, ഫില്ലറുകൾ, ജ്വലന പ്രതിരോധികൾ, താപസമീകാരികൾ, പിഗ്മെന്റുകൾ, ഘനലോഹങ്ങൾ തുടങ്ങിയ വിഭാഗങ്ങളില്പ്പെ ട്ട അനവധി രാസ വസ്തുക്കൾ ഒരു പ്ലാസ്റ്റിക് ഉല്പ്പറന്നത്തിൾ കണ്ടേക്കാം. ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്നാണ് താലേറ്റുകൾ. പ്ലാസ്റ്റിക്കുകളിൽ നിന്നും പെട്ടെന്ന് ഊര്ന്നി്റങ്ങുന്ന ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്ക്ക്ന കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. താലേറ്റുകളടങ്ങിയ പ്ലാസ്റ്റിക് ഉല്പഉന്നങ്ങൾ പ്രത്യേകിച്ച് ആശുപത്രി ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ ഇക്കാരണം കൊണ്ടു തന്നെ പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട് " എന്ന് ഷിബു കെ. എന്‍ ന്റെ ലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് അൻവർ തോമസ് ഐസക്കിന്റെ പദ്ധതിയോടുള്ള തന്റെ വിയോജിപ്പിനെ ശാസ്ത്രീയമായി സമർത്ഥിക്കുന്നു. ഈ പല രാജ്യങ്ങളിലുള്ള നിരോധനം തല്ക്കാലം അവിടെ നില്ക്കട്ടെ. കുടിവെള്ളം തൊട്ട് കുട്ടികൾക്ക് പാൽ കൊടുക്കുന്ന കുപ്പി വരെ നിയമവിധേയമായി തന്നെ പ്ലാസ്റ്റിക്കിൽ നിർമ്മിക്കപ്പെടുന്ന ഒരു രാജ്യത്തെ മാലിന്യസംസ്കരണ പ്രശ്നമാണ് ചർച്ചാ വിഷയം എന്നത് ശാസ്ത്രീയ സാധ്യതകളുടെ അപ്രമാദിത്തത്തെ മുൻനിർത്തി തമസ്കരിക്കുകയാണ് പൊതുവിൽ ശാസ്ത്രത്തെ യൂറോ സെൻട്രിക് എന്ന ലേബലൊട്ടിച്ച് മാറ്റിനിർത്തുന്ന ഉത്തരാധുനികർ എന്നതാണ് ഇതിലൊക്കെ വിചിത്രം.

ഇനി ആ സാധ്യതയെ മുഖവിലയ്ക്കെടുത്താൽ തന്നെ പ്ലാസ്റ്റിക്കിൽ തൊട്ടാൽ ഉടൻ താലേറ്റ് ഉൾപ്പെടെയുള്ള വിഷരാസവസ്തുക്കൾ തൊടുന്നയാളിന്റെ ഉള്ളിലെത്തും എന്ന കണ്ടുപിടിത്തം ഈ ഒരു മാസത്തിനുള്ളിൽ ഉണ്ടായതല്ലെങ്കിൽ വിയോജിപ്പ് തോമസ് ഐസക്കിന്റെ പദ്ധതിയ്ക്കെതിരേ അല്ല, കുടിവെള്ളവും, പാനീയങ്ങളും അടക്കം പ്ലാസ്റ്റിക്ക് കുപ്പികളിൽ വിതരണം ചെയ്യുന്ന സമ്പ്രദായത്തിനെതിരേ ആയിരുന്നു സ്വാഭാവികമായും ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ അത്തരമൊരു സമരമുഖം ഈ വിമർശകരാരും മുമ്പെങ്ങും ഇത്ര ആർജ്ജവത്തോടെ തുറന്ന് കണ്ടിട്ടുമില്ല. ഈ ശാസ്ത്രവും, സമരോന്മുഖതയും ഒക്കെ ഉത്തരാധുനികരിൽ എത്തിയത് വീട്ടിലോ, പുറത്തോ ആളുകൾ ഉപയോഗം കഴിഞ്ഞ് അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ നിങ്ങൾ പെറുക്കിയെടുക്കുകയും ആ പ്രവർത്തി ഉല്പാദിപ്പിക്കുന്ന സാധ്യതകൾ ഉപയോഗിച്ച് പ്ലാസ്റ്റിക്ക് വർജ്ജനത്തിന്റെ പാരിസ്ഥിതികപ്രസക്തി അവരുടെ ചിന്തകളിലേയ്ക്ക് കടത്തുകയും ചെയ്യണമെന്ന് ഐസക്ക് കുട്ടികൾക്ക് നല്കിയ 'കാല്പനിക' ആഹ്വാനം കേട്ടപ്പോൾ, അതവർ അവേശപൂർവ്വം ഏറ്റെടുക്കുന്നത് കണ്ടപ്പോൾ മാത്രമാണ്.

കാല്പനിക സമരങ്ങൾ
മാലിന്യസംസ്കരണം എന്ന സാമൂഹ്യപ്രശ്നത്തോടുള്ള കാല്പനികമായ ഒരു പ്രതികരണമായാണ് അനിവർ അരവിന്ദ് ഉറവിടമാലിന്യസംസ്കരണ പദ്ധതിയെയും അതിന്റെ പ്രചരണത്തെയും കാണുന്നത്. എന്നാൽ ഇത്തരം ഒരു ലഘൂകരണം അയാൾ സാധ്യമാക്കുന്നത് ബഹുമുഖമായ ഒരു പദ്ധതിയെ കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന പ്ലാസ്റ്റിക്ക് ശേഖരണം എന്ന ഒന്നിലേയ്ക്കായി ചുരുട്ടിയൊതുക്കിക്കൊണ്ടാണ്. ഉറവിട മാലിന്യ സംസ്കരണ പദ്ധതി എന്ന മാതൃകയുടെ ഉള്ളടക്കം കുട്ടികളെക്കൊണ്ട് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പെറുക്കിച്ച് കേരളത്തെ വൃത്തിയാക്കിക്കുക എന്നതല്ല. ഒരു കിലോ പ്ലാസ്റ്റിക്ക് കൊടുത്താൽ ഇരുപതുരൂപ വിലമതിക്കുന്ന പുസ്തക കൂപ്പൺ ലഭിക്കും എന്ന കാരണത്താൽ കേരളത്തിലെ കുട്ടികൾ മുഴുവൻ; അല്ലെങ്കിൽ സാമ്പത്തിക പരാധീനതകളുള്ള കുട്ടികൾ മുഴുവൻ കുപ്പതൊട്ടികളിലേയ്ക്ക് മുക്കളയിടും എന്ന സാമാന്യവൽക്കരണത്തിലെ കാല്പനികത പക്ഷെ ഇവിടെ അനിവറിനോ, ടി ടി ശ്രീകുമാറിനോ, ബിആർപിക്കോ വിഷയമല്ല.

ആ വാദവും അടഞ്ഞപ്പോൾ ടീ ടീ ശ്രീകുമാർ മുങ്ങിയെടുത്തതാണ് അടുത്ത അപകർഷതാ സിദ്ധാന്തം. പുറത്തുള്ള പ്ലാസ്റ്റിക്ക് മാലിന്യം 'ആക്രിക്കുട്ടികൾ' കാലാകാലങ്ങളായി കൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്നതാണ്. ചവറുകൂനയിൽനിന്ന് ഇത് കൈകൊണ്ടെടുത്ത്, കൈകൊണ്ട് വൃത്തിയാക്കി അന്നന്നുള്ള മാർക്കറ്റ് വിലയ്ക്ക് വിറ്റ്‌ ഉപജീവനം കഴിക്കുന്ന ആ കുഞ്ഞുങ്ങൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വ്യാപകമായ ചർച്ചയോ, ലേഖനമെഴുത്തോ ഒന്നും കണ്ടിട്ടില്ല എന്നത് പ്രശ്നം അതല്ല എന്ന് വ്യക്തമാക്കുന്നു. അപ്പോൾ ചുമ്മാ പെറുക്കിയെടുത്ത് സ്കൂളിൽ കൊണ്ടുപോയി ആളാവാൻ പരുവത്തിൽ, വ്യാപകമായി, പുറത്ത് പ്ലാസ്റ്റിക്ക് അങ്ങനെ കാണില്ല എന്ന് ശ്രീകുമാർ സമ്മതിക്കുന്നു . അങ്ങനെ വരുമ്പോൾ മതാപിതാക്കളെക്കൊണ്ട് പ്ലാസ്റ്റിക്ക് സാധനങ്ങൾ പരമാവധി വാങ്ങിപ്പിക്കുകയും അതിലൂടെ പരമാവധി കൂപ്പണുകൾ കരസ്ഥമാക്കുകയും അതിലൂടെ ഭാവി ബുദ്ധിജീവി പട്ടം ഉറപ്പ് വരുത്തുകയും ചെയ്യുക എന്ന അജണ്ട മുൻനിർത്തി ഇക്കണ്ട കുട്ടികളെല്ലാം പ്രവർത്തിയ്ക്കുകയും, അതിനൊത്ത് തുള്ളുന്ന മാതാപിതാക്കളാൽ പ്ലാസ്റ്റിക്ക് ഉപഭോഗം കുത്തനേ ഉയരുകയും ചെയ്യും. കൂടാതെ, കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് കിലോക്കണക്കിന് പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ വാങ്ങി നല്കാൻ കഴിവില്ലാത്ത ദരിദ്ര മാതാപിതാക്കളുടെ കുട്ടികൾ ഉള്ളത് കൂടാതെ പുതിയൊരപകർഷത കൂടി ചുമക്കേണ്ടിയും വരും എന്നൊക്കെയാണ് അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ. ഇവയെ അകാല്പനികവും വസ്തുനിഷ്ഠവുമായി എണ്ണിക്കൊണ്ടാണ് ഇത്തരം വിമർശനങ്ങൾ ഉൾപ്പെടെയുള്ളവയുടെ പൊതുരക്ഷകർതൃത്വം സ്വയം ഏറ്റാണ് അവയ്ക്കെതിരേ ഉള്ള വിമർശനങ്ങളെ മുഴുവൻ അനിവർ അരവിന്ദ് കാല്പനികമായി വ്യാഖ്യാനിക്കുന്നത്. എന്നാൽ ഇവയിൽ പല വാദങ്ങളും അനിവർ തന്നെ നേരത്തേ ഉന്നയിച്ച ശാസ്ത്രീയ വിമർശനത്തെ റദ്ദ് ചെയ്യുന്ന ഒന്നാണെന്ന് അദ്ദേഹം മനസിലാക്കുന്നുമില്ല. ശ്രീകുമാറിനെ സംബന്ധിച്ചിടത്തോളം ധനികരായ കുട്ടികൾ മാതാപിതാക്കളെക്കൊണ്ട് പ്ലാസ്റ്റിക്ക് വാങ്ങിപ്പിച്ച് അത് കൊണ്ടുപോയി കൊടുത്ത് അളാവും. അല്ലാത്തവർക്ക് പെറുക്കാൻ പ്ലാസ്ടിക്ക് കിട്ടാതെ, വാങ്ങിപ്പിക്കാൻ ശേഷിയില്ലാതെ ഈ പദ്ധതി ഉണ്ടാക്കിയ അധിക അപകർഷത പേറി ജീവിക്കേണ്ടിവരും. പക്ഷേ ആ വിമർശനത്തെ മുഖവിലയ്ക്കെടുത്താൽ ഈ രണ്ടുവിഭാഗം കുട്ടികൾക്കുമില്ല ഈ പദ്ധതികൊണ്ട് വിശേഷിച്ച് ഉണ്ടാകുന്ന ഒരു പ്ലാസ്റ്റിക്ക് ജന്യ താലേറ്റ് വിഷദംശഭീഷണി! 

സാമ്രാജ്യത്വ അജണ്ട
അപഹാസ്യങ്ങളായ ഗൂഢാലോചനാസിദ്ധാന്തങ്ങൾ കാലങ്ങളായി അടിഞ്ഞ് മാലിന്യ കമ്പോസ്റ്റായി മാറിയ മസ്തിഷ്കാവസ്ഥയെ ഊർജ്ജസ്രോതസ്സായി എടുത്ത് ഗ്യാസ് ഉല്പാദിപ്പിച്ച് പുളയ്ക്കുകയാണ് ഇന്ന് സൈബർ സൈദ്ധാന്തികരിൽ ഒരുവിഭാഗം. ആ തരം ഗ്യാസിന്റെ കത്തിക്കൽ ശേഷി ഗോബർ ഗ്യാസ്, ബയോഗ്യാസ് പ്ലാന്റുകളെ അപേക്ഷിച്ച് നിരുപമമാണ്.

അതിൽ ഒന്നാണ് തുമ്പൂർമൊഴി പദ്ധതി ഒരു സാമ്രാജ്യത്വ അജണ്ടയാണെന്നത്. അതിന് ഫൂക്കൊയിൽനിന്ന്, സോവിയറ്റ് യൂണിയന്റെ ചരിത്രത്തിൽ നിന്ന്, ബ്രസീലിൽ നിന്ന് ഒക്കെ റെഫറൻസ് കൊണ്ടുവരും, പക്ഷേ അതിവിടെങ്ങനെ ബാധകമാകും എന്ന് ചോദിച്ചാൽ ഉമ്മൻ ചാണ്ടിയെ മിമിക്രിക്കാർ അനുകരിക്കുന്നതുപോലെ ചില ശബ്ദങ്ങൾ അല്ലാതെ വേറെ മറുപടിയില്ല. ഇന്ത്യയുടെ അതിവേഗം ബഹുദൂരമുള്ള പുരോഗതി കണ്ട് കണ്ണ് മഞ്ഞളിച്ച സാമ്രാജ്യത്വശക്തികൾ അതിനൊരു തടയിടാനായി ചില ഏജന്റുമാരെ നിയമിക്കുന്നു, അതിൽ ഒരാളെന്ന ഖ്യാതി പണ്ടെ ഉള്ള ഒരു ധനകാര്യ വിദഗ്ധൻ ചാരപ്പണം സ്വീകരിച്ച് കേരളത്തെ, തദ്വാര ഇന്ത്യയെ തകർക്കാനായി ചില പദ്ധതികൾ ഇടുന്നു. ഇങ്ങനെ ഒരു സ്കെച്ചും പ്ലാനും ആദ്യമേ അങ്ങിട്ടാൽ പിന്നെ അതിനെ വ്യാഖ്യാനിക്കാൻ കിട്ടുന്ന എന്തും ബോണസ്! ചുമ്മാ തട്ടി കെട്ടിയാൽ മതി.

ചുരുക്കി പറഞ്ഞാൽ .. 
 ചുരുക്കി പറഞ്ഞാൽ ചില യുക്തികൾ പൂച്ചയെപ്പോലെയാണ്. എങ്ങനെ വന്ന് വീണാലും ഒടുവിൽ നാലുകാലിൽ നില്ക്കും. ഇരുപത് രൂപ പ്രതിഫലം മോഹിച്ച് ഇത്തരം ‘തോട്ടിപ്പണിയ്ക്ക്’ ഇറങ്ങാൻ വരുന്നവർ ആരായിരിക്കും എന്നതായിരുന്നു അജിംസിന്റെ ചോദ്യം. ശ്രീകുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ അത് "'കാബൂളിവാല' എന്ന ചിത്രത്തിലെ കഥാപാത്രങ്ങൾ ആണ്; കന്നാസും കടലാസും. നമ്മടെ കേരളത്തിലെ മാലിന്യരാഷ്ട്രീയത്തിന്റെ ഏറ്റവും ദയനീയമായ മുഖങ്ങൾ ആണവർ. കന്നാസും കടലാസും പ്രതീകങ്ങൾ കൂടി ആയിരുന്നു. ഉപഭോഗസമൂഹവും അതിന്റെ വിസര്ജ്ജസന അധോലോകവും തമ്മിലുള്ള ബന്ധത്തെ അവർ പ്രതിനിധാനം ചെയ്യുന്നു. കുട്ടികൾ കന്നാസും കടലാസും അല്ല…രാഷ്ട്രീയ പാര്ട്ടിരകളുടെ ഫാസിറ്റ് രാഷ്ട്രനിര്മ്മാകണത്തിന്റെ അജണ്ടയിലെ കരുക്കൾ ആകേണ്ടവരല്ല അവർ" എന്ന് വികസിക്കുന്നു.

കാബുളിവാല എന്ന സിനിമയിലെ കന്നാസും കടലാസും ആക്രി പെറുക്കി വിറ്റ് ജീവിക്കുന്ന രണ്ട് കഥാപാത്രങ്ങളാണ്. പ്രായപൂർത്തിയായ അവരിലേയ്ക്ക് ഈ തൊഴിൽ വന്നു ചേരുന്നത് 'തോട്ടി' എന്ന് വർഗ്ഗീകരിച്ച് സംസ്കൃതരെന്ന് സ്വയം അവകാശപ്പെട്ടിരുന്ന ഒരു അസംസ്കൃത അപരിഷ്കൃത സമൂഹം അവർ തിരഞ്ഞെടുത്ത കുറേ മനുഷ്യരിലേയ്ക്ക് ചൊരിഞ്ഞ മനുഷ്യത്വവിരുദ്ധതയുടെ മലത്തിലൂടെ അല്ല. ആക്രിസാധനങ്ങൾ പെറുക്കിയും, വിലപേശി വാങ്ങിയും ജീവിക്കുന്നവർ 'തോട്ടി' കളുമല്ല. തോട്ടികൾ എന്നൊരു സ്വത്വവിഭാഗമേ ഇല്ല. അത് സവർണ്ണ നാഗരികത ഒരു വിഭാഗം മനുഷ്യരിൽ അടിച്ചേൽപ്പിച്ച വ്യാജസ്വത്വമാണ്. വാല്മീകിസമുദായം ഉണ്ട്. അവരെ ‘തോട്ടി’യാക്കിയത് മനുഷ്യത്വവിരുദ്ധമായ ചില സവർണ്ണ സ്വത്വനിർമ്മാണ ഫാക്ടറികളാണ്. കാഞ്ചാ ഏലയ്യ അംഗീകരിച്ചില്ലെങ്കിലും അത്തരം ഒരു ഫാക്ടറി തന്നെയാണ് വാല്മീകി സമുദായക്കാർ തോട്ടിപ്പണി ചെയ്തുവന്നത് അധികാര ബന്ധിയായ കായിക അധിനിവേശത്തിന്റെ ഭാഗമായല്ല, മറിച്ച് ആത്മീയമായ ഒരു തിരിച്ചറിവിലൂടെയാണെന്ന് പറയുന്ന ഓ ബി സീ കാരനായ നരേന്ദ്ര മോഡിയും.

പാഠ്യപദ്ധതിയുടെ ഭാഗമായ ഒരു നിർബന്ധിത പ്രവർത്തിയായല്ല പ്ലാസ്റ്റിക്ക് ശേഖരണം മുന്നോട്ട് വയ്ക്കപ്പെടുന്നത്. അത് മാലിന്യങ്ങളെ അതിന്റെ ഉറവിടത്തിൽ വച്ച് തന്നെ സംസ്കരിക്കുക എന്ന ദർശനത്തിന്റെ ഭാഗമായ മാലിന്യവികേന്ദ്രീകരണത്തിന്റെ ഭാഗമാണെന്ന് മലയാളമറിയാവുന്ന ആർക്കും വ്യക്തമാണ്. നിർബന്ധിത ആക്രിപെറുക്കലല്ല, പ്ലാസ്റ്റിക്ക് വർജ്ജനത്തിന്റേതായ, ഉറവിട മാലിന്യ സംസ്കരണത്തിന്റേതായ ഒരു തോട്ടിവൽക്കരണവിരുദ്ധ മനുഷ്യപക്ഷസംസ്കാരമാണ് ഈ പദ്ധതി മുന്നോട്ട് വയ്ക്കുന്നത് എന്ന് മനസിലാക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും പതിനായിരക്കണക്കിന് രൂപയ്ക്ക് പ്ലാസ്റ്റിക്ക് സംഭരിച്ച് നല്കി അതുകൊണ്ട് കിട്ടുന്ന കൂപ്പണുകൾ ഉപയോഗിച്ച് ഗ്രന്ഥങ്ങൾ വാങ്ങി വായിച്ച് ഉൽബുദ്ധരാകേണ്ട കാര്യമൊന്നുമില്ല. ഒരല്പം സാമാന്യബുദ്ധി ഉണ്ടായാൽ മാത്രം മതി.

എന്തായാലും ശ്രീകുമാറിന്റെ തലച്ചോർ ഫെയ്സ് ബുക് സ്റ്റാറ്റസിൽ നിന്ന് മാധ്യമം ലേഖനത്തിലേയ്ക്ക് വികസിക്കുന്നതിനിടയ്ക്ക് ഫാസിസവും, സോവിയറ്റ് യൂണിയൻ മോഡൽ മത്തി സിദ്ധാന്തവും നേരിയ തോതിലെങ്കിലും എഡിറ്റ് ചെയ്യപ്പെട്ടു. അത്രയും നന്ന്. ഉദരനിമിത്തമുള്ള ബഹുകൃതവേഷങ്ങളിൽ മേക്കപ്പിനുള്ള പ്രാധാന്യം വലുതാണ്.

വയറ്റിപ്പിഴപ്പാണ്, നാറ്റിക്കരുത്! 
മനുഷ്യനിർമ്മിതമായ ഒരു പദ്ധതി ആയതുകൊണ്ട് തന്നെ തുമ്പൂർമൊഴി മോഡൽ ഉറവിടമാലിന്യ സംസ്കരണപദ്ധതിയിൽ ദൈവീകമായ ഒരു പൂർണ്ണത പ്രതീക്ഷിക്ക വയ്യ. എന്നാൽ ദൈവത്തിന്റെ പക്കൽ നിലവിൽ അങ്ങനെയൊരു പദ്ധതി ഇല്ലാത്ത സ്ഥിതിയ്ക്കും, ദൈവത്തിന്റെ മക്കൾ തന്നെ നിരന്തരം സമരമുൾപ്പെടെയുള്ള പ്രക്ഷോഭമാർഗ്ഗങ്ങളിലൂടെ അടിയന്തിരപരിഹാരം ആവശ്യപ്പെടുന്നതുകൊണ്ടും നമുക്കിത് ചന്തി കീറിയ ദൈവം തന്നെ അത് സംസ്കരിച്ചോളും എന്ന് പറഞ്ഞിരിക്കാനാവില്ല. അപ്പോൾ പിന്നെ പ്രശ്നത്തിന്റെ ഗൌരവവും, നിലവിലുള്ള സാങ്കേതികവിദ്യയുടെ പരിമിതികളും ഒരുപോലെ പരിഗണിക്കുന്നതാവണം ഏത് മാലിന്യ സംസ്കരണപദ്ധതിയും അതിനെ കുറിച്ചുള്ള വിമർശനങ്ങളും. ആലപ്പുഴ മോഡൽ മാലിന്യസംസ്കരണപദ്ധതി ആ വഴിയ്ക്ക് ജനപക്ഷത്ത് നിലയുറപ്പിച്ച് ബഹുദൂരം മുന്നേറി കഴിഞ്ഞു. അതുകൊണ്ടാണ് കോണ്ഗ്രകസ്സും, ബിജെപിയും പോലെയുള്ള രാഷ്ട്രീയ പ്രതിയോഗികൾ പോലും ഇതിനെതിരെ പ്രത്യക്ഷത്തിൽ സമരമുഖത്ത് വരാത്തതും, സാങ്കേതിക മുട്ടാപൊക്കുകൾ പറഞ്ഞ് ഇതിനെ വൈകിക്കാൻ പരോക്ഷമാർഗ്ഗങ്ങൾ തേടുന്നതും. അവർക്കുള്ള രാഷ്ട്രീയബാധ്യത പോലുമില്ലാത്ത അരാഷ്ട്രീയ പ്ലാറ്റ്ഫോം വാദികൾ ഇത്തരം പണിക്കിറങ്ങുന്നതിന്റെ കാരണവും ഇവിടെ വ്യക്തമാണ് .

നന്ദനം സിനിമയിൽ ജഗതി അവതിരിപ്പിക്കുന്ന, സായിബാബാസമാനമായ കേശാലങ്കാരത്തോട് കൂടിയ ഒരാൾദൈവം പിടിക്കപ്പെടുമ്പോൾ ഇന്നസെന്റിനോട് പറയുന്ന ഒരു ഡയലോഗുണ്ട്: "വയറ്റിപ്പിഴപ്പാണ്, നാറ്റിക്കരുത്"
അത് തന്നെയാണ് ഈ പദ്ധതിക്കെതിരേ ഉയർന്ന വിമർശനങ്ങളുടെ അജണ്ട പുറത്തായ അവസ്ഥയിൽ പിന്നീട് ഇറങ്ങിയ "ഡാമേജ് കണ്ട്രോൾ" ലേഖനങ്ങൾ പറയാതെ പറയുന്നതും.

Friday, September 12, 2014

രക്ഷകാ, എന്റെ പാപഭാരമെല്ലാം നിരോധിക്കണേ..


യു ഡി എഫ്   തിരക്കിട്ട് നടപ്പിലാക്കിയ മദ്യനിരോധനത്തിന്റെപിന്നിലെ ആത്മാർത്ഥതയെക്കുറിച്ച് സംശയങ്ങൾ ഉള്ളപ്പോഴും നമ്മുടെ ഇടത് വലത് രാഷ്ട്രീയ സംഘടനകൾക്കും, മത, സാംസ്കാരിക മണ്ഡലങ്ങൾക്ക് പൊതുവിലും മദ്യമൊരു വൻ സാമൂഹ്യ വിപത്താണ് എന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ എന്ത് പഠനത്തിന്റെ, ഏത് ഡാറ്റയുടെ പിൻബലത്തിലാണ് സാംസ്കാരിക കേരളം ഒന്നാകെ  ഇത്തരമൊരു നിഗമനത്തിൽ എത്തിയത് എന്നത് വ്യക്തവുമല്ല. മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്നത് ഒരു ശാസ്ത്രീയ സത്യം തന്നെ എന്ന് അംഗീകരിച്ചാലും ആ നിലയ്ക്ക് അത് കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും ലോകത്താകമാനവും ഒരുപോലെ  ഒരു സാമൂഹ്യ വിപത്ത് ആയിരിക്കണം. അങ്ങനെ കരുതപ്പെടുന്നില്ല എന്ന് മാത്രമല്ല, പലതരം സമ്മർദ്ദങ്ങളാൽ മുൻപ് മദ്യ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങൾ പിന്നീട് അത് പിൻവലിച്ചതിന്റെ ചരിത്രവും നമുക്ക് മുന്നിലുണ്ട്. അപ്പോൾ പിന്നെ എന്താവും കേരളത്തിൽ മദ്യനിരോധനം അനിവാര്യമാക്കിതീർത്ത സവിശേഷസാഹചര്യം?

ആളോഹരി ഉപഭോഗം 

മദ്യത്തിന്റെ ആളോഹരി ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്താണ് കേരളം എന്ന് സ്ഥിതിവിവര കണക്കുകളെ അവലംബിക്കുന്ന പല പഠനങ്ങളും പറയുന്നു. ശരി. ചാരായ നിരോധനവും, നമ്മുടെ ഭരണകൂടങ്ങളുടെ വികലമായ കാർഷിക നയങ്ങളിലൂടെ കേര കൃഷി തകർന്നതിന്റെ പശ്ചാത്തലത്തിൽ പൊടിക്കള്ളല്ലാതെ ശുദ്ധമായ തെങ്ങിൻ കള്ള് ലഭ്യമല്ലാതായതും ഒക്കെ ചേർന്ന് മലയാളിയുടെ മദ്യ ഉപഭോഗം  ഏതാണ്ട് പൂർണ്ണമായും ബാറുകളെയും ബീവരെജസ് ഔട്ട്ലെട്ടുകളെയ്യും ആശ്രയിക്കേണ്ട അവസ്ഥയുണ്ടാക്കി. വാറ്റ് ചാരായം കേരളത്തിൽ എങ്ങും ലഭ്യമല്ല എന്നൊന്നും ഇതുകൊണ്ട് അർത്ഥമാക്കുന്നില്ല. പോലീസിന്റെയും, എക്സൈസുകാരുടെയും, വിദേശ മദ്യ ലോബികളുടെ വാടക ഗുണ്ടകളുടെയും കണ്ണുവെട്ടിച്ച് ചാരായ വാറ്റ് നടത്തുന്നതിലും ലാഭം കിളയ്ക്കാൻ പോകുന്നതാണ് എന്നതിനാൽ അതിന്റെ ലഭ്യത കുറഞ്ഞു. ഏതാണ്ട് ഇതേ മുടക്കിൽ  ബാറിൽനിന്ന് വിലകുറഞ്ഞ റം കിട്ടും എന്നതുകൊണ്ട് വാറ്റുചാരായത്തിന്റെ ഉപഭോക്തക്കളുടെ എണ്ണവും അവഗണിക്കാവുന്നത്ര ചെറുതായി കുറഞ്ഞു. ഈ സാഹചര്യങ്ങളിൽ  നമ്മുടെ  മദ്യ ഉപഭോഗത്തിന്റെ താരതമ്യേനെ കൃത്യമായ ഒരു  കണക്കെടുപ്പ് സാധ്യമാണ്. എന്നാൽ  യാതൊരു കണക്കെടുപ്പും സാധ്യമല്ലാത്തവണ്ണം നാടൻ മദ്യത്തിന്റെ ഒഴുക്ക് വ്യാപകമായ മറ്റു പല സംസ്ഥാനങ്ങളിലെയും അവസ്ഥ  ഇതിന് നേർ വിപരീതമാണ്. 

നാനാത്വത്തിൽ ഏകത്വം; നാടൻ മദ്യത്തിലൂടെ  

വിവിധ കാരണങ്ങളാൽ കേരളത്തിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെങ്കിലും പുറത്ത്  ഇന്ത്യയിൽ ഉടനീളം പല തരം നാടൻ മദ്യങ്ങൾ വ്യാപകമായി ലഭ്യമാണ്.  അത് സ്വാഭാവികമായും കുടിക്കാൻ ആളുള്ളതുകൊണ്ടാവണമല്ലൊ. ഓരോരോ പ്രദേശത്തും സുലഭമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള ഈ മദ്യോത്പാദനത്തിന്റെ രീതിശാസ്ത്രം ഏതാണ്ട് ഒന്ന് തന്നെയെങ്കിലും രുചിയിലും വീര്യത്തിലും വലിയ വൈവിദ്ധ്യമുള്ളതാണ്. തമിഴ് നാട്ടിലും ആന്ധ്രപ്രദേശിലുമൊക്കെ പരക്കെ ലഭ്യമായ പനങ്കള്ള് നാലഞ്ച് ശതമാനം മാത്രം ആൾക്കഹോൾ ഉള്ള വീര്യം കുറഞ്ഞ മദ്യമാണ്. നേപ്പാളിലും സിക്കിമിലും ഒക്കെ സുലഭമായി കിട്ടുന്ന  ചാങ്ങും ഇതുപോലെ  ഒരു വീര്യം കൂറഞ്ഞ നാടൻ മദ്യമാണ്. വീര്യം കുറവാണെങ്കിലും കുടിച്ചുകഴിഞ്ഞാൽ ഉള്ളിൽ സുഖകരമായ ഒരു ഇളം ചൂട് അനുഭവപ്പെടും എന്നതിനാൽ കൊടും ശൈത്യത്തിൽ ഒരാശ്വാസം എന്ന നിലയ്ക്ക് സ്ത്രീ പുരുഷ ഭേദമില്ലാതെ തദ്ദേശീയർ ഉപയോഗിക്കുന്ന ഒന്നാണത്. ബീഹാർ, ഒറീസ, ഝാർഖണ്ട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ലഭ്യമായ 'ഹദിയ 'മറ്റൊരു നാടൻ മദ്യമാണ്.

കുങ്കുമവും, സുഗന്ധ ദ്രവ്യങ്ങളും, ഉണക്കിയ ഫലവർഗ്ഗങ്ങളും, ക്ഷീരോൽപ്പന്നങ്ങളും ഒക്കെ ചേർത്ത് വാറ്റിയെടുക്കുന്ന കേസർ കസ്തൂരി രാജസ്ഥാനിലെ ഒരു രാജകീയ മദ്യമാണ്. നോർത്തിന്ത്യൻ നഗരങ്ങളിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന മറ്റൊരു നാടൻ മദ്യമാണ് ഭാങ്ങ്; ഇതുവരെ പറഞ്ഞവയിൽ ഏറ്റവും വീര്യം കൂടിയത്. ഗോവയിലേയ്ക്ക് വിനോദസഞ്ചാരത്തിനെത്തുന്ന  നാടൻ   ടൂറിസ്റ്റുകളിലെങ്കിലും  നല്ലൊരു വിഭാഗത്തിന്റെ മുഖ്യ ആകർഷണം അവിടെ വ്യാപകമായി ലഭ്യമായ ഗോവൻ ഫെനി എന്ന നാടൻ മദ്യമാണെന്നത് ഒരു രഹസ്യമല്ല. വീടുകളിൽ ഉണ്ടാക്കി ഉപയോഗിക്കപ്പെടുകയും ഒപ്പം ഔദ്യോഗികവും അനൗദ്യോഗികവുമായി വിറ്റഴിക്കപ്പെടുകയും ചെയ്യുന്ന ഇത്തരം മദ്യങ്ങളും അവയുടെ ഉപഭോഗവും  ഔദ്യോഗിക കണക്കെടുപ്പുകൾക്ക് പുറത്ത് നിൽക്കുമ്പൊഴാണ് ഇന്ത്യയിൽ ആളോഹരി മദ്യ ഉപഭോഗത്തിൽ കേരളം ഒന്നാം സ്ഥാനത്ത് എന്ന കണ്ടുപിടിത്തം വരുന്നത്. സ്റ്റാറ്റിസ്റ്റിക്സ് അനുപാതങ്ങളെ മുന്നോട്ട് വയ്ക്കുന്നത് ലഭ്യമായ ഡാറ്റയുടെ വിശകലനത്തിലൂടെയാണ്; കവിടി നിരത്തിയല്ല. അതായത് ലഭ്യമായ കണക്കുകൾ ഒരുപോലെ ഭദ്രമായിരുന്നാലേ അവയുടെ വിശകലനവും ഭദ്രമാവു. ഇവിടെ കൃത്യമായ മദ്യ ഉപഭോഗത്തിന്റെ കണക്കുകൾ ഒരുപരിധിവരെയെങ്കിലും ലഭ്യമായ ഒരു സംസ്ഥാനത്തിൽ നിന്ന് ശേഖരിച്ച ഡാറ്റയെ അത്തരം ഒരു കണക്കും ലഭ്യമല്ലാത്ത ഇതര സംസ്ഥാനങ്ങളിൽനിന്ന് ലഭ്യമായ, വസ്തുതയുമായി പലപ്പോഴും വിദൂര ബന്ധം പോലുമില്ലാത്ത  ഔദ്യോദിക കണക്കുകളു മായി താരതമ്യപഠനം നടത്തിയാണ് നിഗമനങ്ങളിൽ എത്തുന്നത്. അവ എത്രത്തോളം അബദ്ധജഡിലമാണെന്ന് ഇനിയും വിശദീകരിക്കേണ്ടതില്ലല്ലൊ.

മദ്യം; ഒരു സാമൂഹ്യ വിപത്ത് 

മദ്യത്തിന്റെ ഉപഭോഗം ഗാർഹിക പീഠനം, വാഹനാപകടങ്ങൾ തുടങ്ങിയ പല സാമൂഹ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു എന്നത് കുറെ നാളുകളായി നാം കേൾക്കുന്ന ഒരു വാദമാണ് . എന്നാൽ ആത്യന്തികമായി ഇത് വെറുമൊരു ലോജിക്കൽ  ഫാലസി മാത്രമാണ്. രാജു മദ്യം കഴിക്കും. രാജു ഗാർഹികപീഢനവും നടത്തും. അതുകൊണ്ട് ഗാർഹികപീഢനത്തിന് കാരണം മദ്യമാണ്  എന്ന് പറയുമ്പോലെ ഒന്ന് തന്നെയാണ് വാഹനാപകടങ്ങൾക്ക് കാരണം മദ്യപാനമാണെന്ന് പറയുന്നതിന്റെ യുക്തിയും. കാരണം മദ്യം ഗാർഹികപീഢനങ്ങൾക്കും അതുപോലുള്ള സാമൂഹ്യവിപത്തുകൾക്കും കാരണമാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടണമെങ്കിൽ സ്ഥല, കാല, വ്യക്തി  വ്യത്യാസങ്ങൾക്കപ്പുറം ആര് മദ്യപിച്ചാലും അവർ മേൽപ്പറഞ്ഞ വിപത്തുകൾ ഉണ്ടാക്കണം. പൊട്ടാസ്യം സയനൈഡ് രുചിക്കുന്നത് രുചിക്കുന്ന ആളിന്റെ മരണത്തിന് കാരണമാകുമെന്നത് ഒരു ശാസ്ത്രീയസത്യമാകുന്നത് സമാനസാഹചര്യങ്ങളിൽ  അത് ലോകത്തിന്റെ ഏത് കോണിൽ വച്ച് ആര് രുചിച്ചാലും മരിക്കും എന്നതുകൊണ്ടാണ്. അതുപോലൊരു നിശ്ചിതവും, സ്ഥിരവും, സാമാന്യവുമായ പ്രതിപ്രവർത്തനം മദ്യത്തിന് അതിന്റെ ഉപഭോക്താക്കളിൽ ഉണ്ടാക്കാനാവുമെന്ന് തെളിഞ്ഞാൽ അതിന്റെ നിരോധനം സാധൂകരിക്കപ്പെടാം. അതില്ലാത്തിടത്തോളം ഇല്ല. കണവ, കക്കാ ഇറച്ചി തുടങ്ങിയ ഷെൽ ഫിഷ്, കൂണുകൾ തുടങ്ങിയവയൊക്കെ പല മനുഷ്യരിലും അപകടകരമായ അലർജികൾ ഉണ്ടാക്കാറുണ്ട് എന്നുവച്ച് അത്തരം പ്രശ്നങ്ങൾ ഇല്ലാത്തവർ കൂടി എന്തിന് അവ കഴിക്കുന്നതിൽനിന്ന് വിലക്കപ്പെടണം? ഇവിടെ പ്രശ്നം അവനവന്റെ വിവേചനാധികാരമാണ്. അത് മനസിലാക്കാതെയുള്ള നിരോധനങ്ങൾ ഏകപക്ഷീയവും അശാസ്ത്രീയവുമാണ്.

കേരളത്തിലെ വാഹനാപകടങ്ങളിൽ  ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത് ബസ് അപകടങ്ങളിലാണ്. അത് കെ എസ് ആർ ടീ സി, സ്വകാര്യ ബസ് ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിച്ചിട്ടാണോ?  അത്തരം എത്ര കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്? അല്ല എങ്കിൽ പിന്നെ അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾ നിരോധിക്കുക എന്നതല്ലേ മേല്പറഞ്ഞതരം യുക്തിവച്ച് കരണീയം? മദ്യം ആരോഗ്യത്തിന് ഹാനികരമാണ് എന്നതുപോലെ സാമാന്യമായി പറയാവുന്ന ഒന്നാണ് വാഹനങ്ങൾ അപകടമുണ്ടാക്കുമെന്നും, ഫാക്ടറികൾ അന്തരീക്ഷമലിനീകരണമുണ്ടാക്കുമെന്നതും തൊട്ട് പശുവിന്റെ വളി ആഗോളതപനത്തിനാക്കം കൂട്ടും എന്നത് വരെ. അപ്പോൾ ഇവയൊക്കെ നിരോധിക്കപ്പെടാത്തതിന്റെ യുക്തി എന്താണ്? ഇവയൊക്കെ മനുഷ്യപുരോഗതിയ്ക്കും വികസനത്തിനും അത്യന്താപേക്ഷിതമാണെന്നും മദ്യം അതിനെ തുരങ്കം വയ്ക്കുന്ന ഒന്നാണെന്നും ആവാം അത്. പക്ഷേ, വാഹനങ്ങൾക്കും, വ്യവസായവിപ്ളവത്തിനും, ക്ഷീരവിപ്ളവത്തിനും ഒക്കെ മുൻപേ നിലനിന്നിരുന്ന ഒന്നാണ് മദ്യ ഉപഭോഗം.അത് ഈ പറയുന്നതുപോലെ ഒരു വലിയ സാമൂഹ്യവിപത്ത് ആയിരുന്നുവെങ്കിൽ ഇത്ര നീണ്ട ഒരു ചരിത്രത്തിനുള്ളിൽ അത് ഉണ്ടാക്കുമായിരുന്ന ആപത്തുകളെ ലോകസമൂഹം അതിജീവിക്കുമായിരുന്നില്ല എന്ന് വ്യക്തം.

തീർചയായും മദ്യപിച്ച് വാഹനം ഓടിക്കുന്നത് അപകടം ഉണ്ടാക്കാറുണ്ട്. അതിന് കാരണം മദ്യമായതുകൊണ്ട് അത് നിരോധിക്കുന്നു എന്നതാണ് യുക്തിയെങ്കിൽ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നതുകൊണ്ട് അപകടങ്ങൾ ഉണ്ടാകാരുണ്ട് എന്ന കാരണം കൊണ്ട് മൊബൈൽ ഫോണും നിരോധിക്കണ്ടേ? ഓവർ ടേക്കിങ്ങിനിടയിൽ അപകടങ്ങളുണ്ടാകാറുണ്ട് എന്നതുകൊണ്ട് അത് നിരോധിക്കണ്ടേ? മദ്യപിച്ച് വാഹനം ഓടിക്കാൻ പാടില്ലെന്നും, ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോണ്‍ ഉപയോഗിക്കാൻ പാടില്ലെന്നും, ഓവർ ടേക്കിങ്ങ് അനുവദനീയമായ ഇടങ്ങളിലല്ലാതെ അത് പാടില്ലെന്നും നിയമങ്ങളുണ്ട്. അത് പാലിക്കാൻ പൌരന്മാരും, അത് തെറ്റിക്കുന്നവരെ ശിക്ഷിക്കാൻ നിയമസംവിധാനവും സജ്ജമാകുന്നതിനുപകരം നിരോധനം ആണ് എളുപ്പവഴിയെങ്കിൽ മദ്യത്തിനും മുൻപേ നിരോധിക്കേണ്ട മറ്റൊന്നുണ്ട്.

പ്രബുദ്ധ കേരളം സമം പ്രായപൂർത്തിയാവാത്ത കേരളം 

അഴിമതികളെയും കുംഭകോണങ്ങളെയും കുറിച്ചുള്ള ആരോപണങ്ങൾ  പുറത്ത് വരുമ്പോൾ അധികാരിവർഗ്ഗം പൊതുവിലും  പ്രത്യേകിച്ച്  കേരളത്തിലും പറയുന്ന ഒരു സ്ഥിരം ഡയലോഗുണ്ട്. ഇവിടത്തെ പ്രബുദ്ധരായ പൊതുജനം ഇതൊന്നും വിശ്വസിക്കില്ല. അവർക്ക് ശരി തെറ്റുകൾ തിരിച്ചരിയാനുള്ള ബുദ്ധിയുണ്ട്, യുക്തിയുണ്ട്. ഒരു വ്യാജ പ്രചരണവും അവരുടെ മുൻപിൽ വിലപ്പോവില്ല എന്ന് . അങ്ങനെ പ്രബുദ്ധരും, അതിസങ്കീർണ്ണമായ കണക്കുകളും, നിയമവശങ്ങളും, സാങ്കേതികതകളും ഉൾക്കൊള്ളുന്ന ആരോപണങ്ങളിൽനിന്ന് പോലും രേഖകൾ പരിശോധിച്ച് ശരിതെറ്റുകൾ തിരിച്ചറിയാൻ തക്ക ക്ഷമയും  വിവേചനബുദ്ധിയുമുള്ളവരുമായ ഒരു സമൂഹത്തിലേയ്ക്ക് അവർ ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഒരു സർക്കാരിന് ഏതെങ്കിലും തരത്തിലുള്ള നിരോധനങ്ങൾ ഏർപ്പെടുത്തേണ്ടിവരുന്നു എങ്കിൽ അതിൽ ഒരു വൈരുദ്ധ്യമില്ലേ? പ്രത്യേകിച്ച് സമൂഹനമയ്ക്ക് എന്ന ഭാഷ്യത്തിലൂടെ അത് നടപ്പിലാക്കപ്പെടുമ്പോൾ ഭരണകൂടം ഒരു രക്ഷകർത്താവിന്റെ വേഷമാണണിയുന്നത്. പൗരസമൂഹത്തെ അപക്വം, അല്ലെങ്കിൽ പ്രായപൂർത്തിയാവത്തതായി നിർവചിക്കുന്നതാണ് ഭരണകൂടത്തിന്റെ പൊടുന്നനേ ഉള്ള  ഈ വേഷപ്പകർച്ച.

മദ്യം ലഭ്യമായിരിക്കുന്നിടത്തോളം അത് യാതൊരു നിയന്ത്രണവും, യുക്തിയും, തത്വദീക്ഷയുമില്ലാതെ ഉപയോഗിച്ച് ലക്ക് കെട്ട് തെരുവിൽ കിടക്കുക എന്നതാണ് മലയാളിയുടെ മദ്യപാന ശീലം എന്നതുകൊണ്ടാവണമല്ലൊ ഇവിടെ മദ്യം സവിശേഷമായ  ഒരു സാമൂഹ്യ വിപത്താവുന്നത്. അതുകൊണ്ടാവണമല്ലോ, വിശുദ്ധ നഗരമായ വത്തിക്കാനിൽ പോലും ഇല്ലാത്ത മദ്യനിരോധനം തനത് സവിശേഷസാഹചര്യങ്ങൾ മുൻനിർത്തി കേരളത്തിൽ വേണമെന്ന് ക്രൈസ്തവ സഭകൾ പറയുന്നത്. അതേ കാരണങ്ങൾ കൊണ്ടാവുമല്ലൊ ഗാന്ധിയുടെ ജന്മനാട് എന്ന നിലയിൽ  ഗുജറാത്ത്  ഒഴിച്ചുനിർത്തിയാൽ തങ്ങൾ ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഇല്ലാത്ത മദ്യ നിരോധനം കോൺഗ്രസ് സർക്കാർ തീരുമാനിച്ചതിലും ഗംഭീരമായി നടപ്പിലാക്കണമെന്ന് കേരളത്തിൽ ബി ജെ പിക്കാർ തീരുമാനിക്കുന്നതും അവരുടെ യുവജന സംഘടന അതിന്റെ നടത്തിപ്പിന്റെ ചുക്കാൻ പിടിക്കുന്നതും. 

പ്രായപൂർത്തി വോട്ടവകാശം 

നമ്മുടെ ഇലക്ഷൻ കമ്മിഷൻ ഇന്ത്യൻ പൌരന്റെ വോട്ടവകാശത്തെ നിർവചിക്കുന്നത് ഇങ്ങനെയാണ്.

The democratic system in India is based on the principle of universal adult suffrage; that any citizen over the age of 18 can vote in an election (before 1989 the age limit was 21). The right to vote is irrespective of caste, creed, religion or gender. Those who are deemed unsound of mind, and people convicted of certain criminal offences are not allowed to vote.
അതായത് മാനസീക ആരോഗ്യമില്ലാത്ത മനുഷ്യർക്ക് വോട്ടവകാശം ഇല്ലെന്ന്.

കേരളത്തിലെ മുഴുവൻ ജനസംഖ്യയുടെ പകുതിയോളം വരുന്ന പുരുഷന്മാരിൽ ബഹുഭൂരിപക്ഷവും മദ്യപാനികളായി തീർന്നിരിക്കുന്നു എന്നതാണ് കണക്കുകളെ ഉദ്ധരിച്ച് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്! .കേരളത്തിൽ  മദ്യം കഴിക്കാൻ തുടങ്ങുന്നവരുടെ ശരാശരി പ്രായം 13 ആണെന്നാണ് ഒരു ചാനൽ ചർച്ചയിൽ ( കണക്കുകൾ വച്ച് ആയിരിക്കും. ഇല്ലെങ്കിൽ പിന്നെ പതിനാലെന്നോ പതിനഞ്ചെന്നോ പറഞ്ഞുകൂടെ..! ) ശ്രീ കെ. പി അനിൽ കുമാർ പറയുന്നത്. അതായത്  കേരളത്തിലെ പുരുഷന്മാരിൽ പ്രായഭേദമെന്യേ  ബഹുഭൂരിപക്ഷത്തിനും തങ്ങളുടെ ആരോഗ്യത്തിനും, സാമൂഹ്യ ജീവിതത്തിനും, പാരമ്പര്യത്തിനും അനുയോജ്യമായ രീതിയിൽ ഭക്ഷണ, പാനീയങ്ങളെ തിരഞ്ഞെടുക്കാനുള്ള സ്വബുദ്ധി പോലും ഇല്ല എന്ന്. ഉണ്ടായിരുന്നെങ്കിൽ  മദ്യക്കുപ്പിയിൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് എഴുതിവച്ചിട്ടും  അവർ വാങ്ങി കുടിക്കില്ലായിരുന്നല്ലോ . വ്യക്തിഗത ജീവിതത്തിൽ പോലും ആരോഗ്യകരമായ തീരുമാനം എടുക്കാൻ ശേഷിയില്ലാത്ത ഈ മലയാളി പുരുഷവർഗ്ഗത്തിന്റെ മേലാണ് പതിനെട്ട് തികയുന്നതുമുതൽ ഒരു രാജ്യത്തിന്റെ മുഴുവൻ ഭാഗധേയം നിർണ്ണയിക്കുവാനുള്ള ആളോഹരി  ഉത്തരവാദിത്തം. കള്ളും, പാലും, പച്ചവെള്ളവും, വിദേശ മദ്യവും ഉള്ള വിപണിയിൽനിന്ന് തനിക്ക് ആവശ്യമുള്ളത് വാങ്ങാനും, വിഷം വാങ്ങി കുടിക്കാതിരിക്കാനും വേണ്ട വിവേചന ബുദ്ധിയോ, മാനസീക ആരോഗ്യമോ ഇല്ല മലയാളിയ്ക്ക് എന്നതുകൊണ്ട് ആവണമല്ലോ  മദ്യം നിരോധിച്ച് അവനെ ആ പ്രലോഭനത്തിൽനിന്ന് രക്ഷിച്ച സർക്കാരിന് നിരോധിക്കുവാനുള്ള അധികാരം 'ജനനന്മയെ' കരുതി എടുത്ത് ഉപയോഗിക്കേണ്ടിവന്നത്. ഈ വസ്തുത കണക്കിലെടുത്ത് അവർ ഇതിനൊപ്പം   ഒന്നുകൂടി ചെയ്യേണ്ടതുണ്ട്. 

വ്യക്തിപരമായി  തനിക്ക് നല്ലതെന്ത്‌ ചീത്തയെന്ത് എന്ന തിരിച്ചറിവില്ലാതെ കണ്ണിൽ കണ്ടത് വാങ്ങി കുടിച്ചാൽ അതിന്റെ ദോഷം പ്രത്യക്ഷത്തിലെങ്കിലും വ്യക്തി തലത്തിൽ ആയിരിക്കുമല്ലോ. എന്നാൽ ഈ തരം ഉന്മാദികളിൽ ഒരു ജനാധിപത്യ വ്യവസ്ഥയുടെ ഭാഗധേയം നിർണ്ണയിക്കുക എന്ന ഭാരിച്ച  ഉത്തരവാദിത്തം കൊണ്ട് എറിഞ്ഞുകളഞ്ഞാൽ  ആ രാജ്യത്തിന്റെ ഭാവി എന്താകും? അതുകൊണ്ട് ദയവുചെയ്ത് സർക്കാർ മദ്യത്തോടൊപ്പം മലയാളി പുരുഷന്റെ വോട്ടവകാശം കൂടി പറ്റുമെങ്കിൽ ഒറ്റയടിക്കോ, അല്ലെങ്കിൽ ഘട്ടം ഘട്ടമായോ നിരോധിച്ച് അവരെ രക്ഷിച്ചെടുക്കണം.പുനരധിവസിപ്പിക്കണം.