Friday, September 12, 2014

രക്ഷകാ, എന്റെ പാപഭാരമെല്ലാം നിരോധിക്കണേ..


യു ഡി എഫ്   തിരക്കിട്ട് നടപ്പിലാക്കിയ മദ്യനിരോധനത്തിന്റെപിന്നിലെ ആത്മാർത്ഥതയെക്കുറിച്ച് സംശയങ്ങൾ ഉള്ളപ്പോഴും നമ്മുടെ ഇടത് വലത് രാഷ്ട്രീയ സംഘടനകൾക്കും, മത, സാംസ്കാരിക മണ്ഡലങ്ങൾക്ക് പൊതുവിലും മദ്യമൊരു വൻ സാമൂഹ്യ വിപത്താണ് എന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ എന്ത് പഠനത്തിന്റെ, ഏത് ഡാറ്റയുടെ പിൻബലത്തിലാണ് സാംസ്കാരിക കേരളം ഒന്നാകെ  ഇത്തരമൊരു നിഗമനത്തിൽ എത്തിയത് എന്നത് വ്യക്തവുമല്ല. മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്നത് ഒരു ശാസ്ത്രീയ സത്യം തന്നെ എന്ന് അംഗീകരിച്ചാലും ആ നിലയ്ക്ക് അത് കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും ലോകത്താകമാനവും ഒരുപോലെ  ഒരു സാമൂഹ്യ വിപത്ത് ആയിരിക്കണം. അങ്ങനെ കരുതപ്പെടുന്നില്ല എന്ന് മാത്രമല്ല, പലതരം സമ്മർദ്ദങ്ങളാൽ മുൻപ് മദ്യ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങൾ പിന്നീട് അത് പിൻവലിച്ചതിന്റെ ചരിത്രവും നമുക്ക് മുന്നിലുണ്ട്. അപ്പോൾ പിന്നെ എന്താവും കേരളത്തിൽ മദ്യനിരോധനം അനിവാര്യമാക്കിതീർത്ത സവിശേഷസാഹചര്യം?

ആളോഹരി ഉപഭോഗം 

മദ്യത്തിന്റെ ആളോഹരി ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്താണ് കേരളം എന്ന് സ്ഥിതിവിവര കണക്കുകളെ അവലംബിക്കുന്ന പല പഠനങ്ങളും പറയുന്നു. ശരി. ചാരായ നിരോധനവും, നമ്മുടെ ഭരണകൂടങ്ങളുടെ വികലമായ കാർഷിക നയങ്ങളിലൂടെ കേര കൃഷി തകർന്നതിന്റെ പശ്ചാത്തലത്തിൽ പൊടിക്കള്ളല്ലാതെ ശുദ്ധമായ തെങ്ങിൻ കള്ള് ലഭ്യമല്ലാതായതും ഒക്കെ ചേർന്ന് മലയാളിയുടെ മദ്യ ഉപഭോഗം  ഏതാണ്ട് പൂർണ്ണമായും ബാറുകളെയും ബീവരെജസ് ഔട്ട്ലെട്ടുകളെയ്യും ആശ്രയിക്കേണ്ട അവസ്ഥയുണ്ടാക്കി. വാറ്റ് ചാരായം കേരളത്തിൽ എങ്ങും ലഭ്യമല്ല എന്നൊന്നും ഇതുകൊണ്ട് അർത്ഥമാക്കുന്നില്ല. പോലീസിന്റെയും, എക്സൈസുകാരുടെയും, വിദേശ മദ്യ ലോബികളുടെ വാടക ഗുണ്ടകളുടെയും കണ്ണുവെട്ടിച്ച് ചാരായ വാറ്റ് നടത്തുന്നതിലും ലാഭം കിളയ്ക്കാൻ പോകുന്നതാണ് എന്നതിനാൽ അതിന്റെ ലഭ്യത കുറഞ്ഞു. ഏതാണ്ട് ഇതേ മുടക്കിൽ  ബാറിൽനിന്ന് വിലകുറഞ്ഞ റം കിട്ടും എന്നതുകൊണ്ട് വാറ്റുചാരായത്തിന്റെ ഉപഭോക്തക്കളുടെ എണ്ണവും അവഗണിക്കാവുന്നത്ര ചെറുതായി കുറഞ്ഞു. ഈ സാഹചര്യങ്ങളിൽ  നമ്മുടെ  മദ്യ ഉപഭോഗത്തിന്റെ താരതമ്യേനെ കൃത്യമായ ഒരു  കണക്കെടുപ്പ് സാധ്യമാണ്. എന്നാൽ  യാതൊരു കണക്കെടുപ്പും സാധ്യമല്ലാത്തവണ്ണം നാടൻ മദ്യത്തിന്റെ ഒഴുക്ക് വ്യാപകമായ മറ്റു പല സംസ്ഥാനങ്ങളിലെയും അവസ്ഥ  ഇതിന് നേർ വിപരീതമാണ്. 

നാനാത്വത്തിൽ ഏകത്വം; നാടൻ മദ്യത്തിലൂടെ  

വിവിധ കാരണങ്ങളാൽ കേരളത്തിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെങ്കിലും പുറത്ത്  ഇന്ത്യയിൽ ഉടനീളം പല തരം നാടൻ മദ്യങ്ങൾ വ്യാപകമായി ലഭ്യമാണ്.  അത് സ്വാഭാവികമായും കുടിക്കാൻ ആളുള്ളതുകൊണ്ടാവണമല്ലൊ. ഓരോരോ പ്രദേശത്തും സുലഭമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള ഈ മദ്യോത്പാദനത്തിന്റെ രീതിശാസ്ത്രം ഏതാണ്ട് ഒന്ന് തന്നെയെങ്കിലും രുചിയിലും വീര്യത്തിലും വലിയ വൈവിദ്ധ്യമുള്ളതാണ്. തമിഴ് നാട്ടിലും ആന്ധ്രപ്രദേശിലുമൊക്കെ പരക്കെ ലഭ്യമായ പനങ്കള്ള് നാലഞ്ച് ശതമാനം മാത്രം ആൾക്കഹോൾ ഉള്ള വീര്യം കുറഞ്ഞ മദ്യമാണ്. നേപ്പാളിലും സിക്കിമിലും ഒക്കെ സുലഭമായി കിട്ടുന്ന  ചാങ്ങും ഇതുപോലെ  ഒരു വീര്യം കൂറഞ്ഞ നാടൻ മദ്യമാണ്. വീര്യം കുറവാണെങ്കിലും കുടിച്ചുകഴിഞ്ഞാൽ ഉള്ളിൽ സുഖകരമായ ഒരു ഇളം ചൂട് അനുഭവപ്പെടും എന്നതിനാൽ കൊടും ശൈത്യത്തിൽ ഒരാശ്വാസം എന്ന നിലയ്ക്ക് സ്ത്രീ പുരുഷ ഭേദമില്ലാതെ തദ്ദേശീയർ ഉപയോഗിക്കുന്ന ഒന്നാണത്. ബീഹാർ, ഒറീസ, ഝാർഖണ്ട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ലഭ്യമായ 'ഹദിയ 'മറ്റൊരു നാടൻ മദ്യമാണ്.

കുങ്കുമവും, സുഗന്ധ ദ്രവ്യങ്ങളും, ഉണക്കിയ ഫലവർഗ്ഗങ്ങളും, ക്ഷീരോൽപ്പന്നങ്ങളും ഒക്കെ ചേർത്ത് വാറ്റിയെടുക്കുന്ന കേസർ കസ്തൂരി രാജസ്ഥാനിലെ ഒരു രാജകീയ മദ്യമാണ്. നോർത്തിന്ത്യൻ നഗരങ്ങളിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന മറ്റൊരു നാടൻ മദ്യമാണ് ഭാങ്ങ്; ഇതുവരെ പറഞ്ഞവയിൽ ഏറ്റവും വീര്യം കൂടിയത്. ഗോവയിലേയ്ക്ക് വിനോദസഞ്ചാരത്തിനെത്തുന്ന  നാടൻ   ടൂറിസ്റ്റുകളിലെങ്കിലും  നല്ലൊരു വിഭാഗത്തിന്റെ മുഖ്യ ആകർഷണം അവിടെ വ്യാപകമായി ലഭ്യമായ ഗോവൻ ഫെനി എന്ന നാടൻ മദ്യമാണെന്നത് ഒരു രഹസ്യമല്ല. വീടുകളിൽ ഉണ്ടാക്കി ഉപയോഗിക്കപ്പെടുകയും ഒപ്പം ഔദ്യോഗികവും അനൗദ്യോഗികവുമായി വിറ്റഴിക്കപ്പെടുകയും ചെയ്യുന്ന ഇത്തരം മദ്യങ്ങളും അവയുടെ ഉപഭോഗവും  ഔദ്യോഗിക കണക്കെടുപ്പുകൾക്ക് പുറത്ത് നിൽക്കുമ്പൊഴാണ് ഇന്ത്യയിൽ ആളോഹരി മദ്യ ഉപഭോഗത്തിൽ കേരളം ഒന്നാം സ്ഥാനത്ത് എന്ന കണ്ടുപിടിത്തം വരുന്നത്. സ്റ്റാറ്റിസ്റ്റിക്സ് അനുപാതങ്ങളെ മുന്നോട്ട് വയ്ക്കുന്നത് ലഭ്യമായ ഡാറ്റയുടെ വിശകലനത്തിലൂടെയാണ്; കവിടി നിരത്തിയല്ല. അതായത് ലഭ്യമായ കണക്കുകൾ ഒരുപോലെ ഭദ്രമായിരുന്നാലേ അവയുടെ വിശകലനവും ഭദ്രമാവു. ഇവിടെ കൃത്യമായ മദ്യ ഉപഭോഗത്തിന്റെ കണക്കുകൾ ഒരുപരിധിവരെയെങ്കിലും ലഭ്യമായ ഒരു സംസ്ഥാനത്തിൽ നിന്ന് ശേഖരിച്ച ഡാറ്റയെ അത്തരം ഒരു കണക്കും ലഭ്യമല്ലാത്ത ഇതര സംസ്ഥാനങ്ങളിൽനിന്ന് ലഭ്യമായ, വസ്തുതയുമായി പലപ്പോഴും വിദൂര ബന്ധം പോലുമില്ലാത്ത  ഔദ്യോദിക കണക്കുകളു മായി താരതമ്യപഠനം നടത്തിയാണ് നിഗമനങ്ങളിൽ എത്തുന്നത്. അവ എത്രത്തോളം അബദ്ധജഡിലമാണെന്ന് ഇനിയും വിശദീകരിക്കേണ്ടതില്ലല്ലൊ.

മദ്യം; ഒരു സാമൂഹ്യ വിപത്ത് 

മദ്യത്തിന്റെ ഉപഭോഗം ഗാർഹിക പീഠനം, വാഹനാപകടങ്ങൾ തുടങ്ങിയ പല സാമൂഹ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു എന്നത് കുറെ നാളുകളായി നാം കേൾക്കുന്ന ഒരു വാദമാണ് . എന്നാൽ ആത്യന്തികമായി ഇത് വെറുമൊരു ലോജിക്കൽ  ഫാലസി മാത്രമാണ്. രാജു മദ്യം കഴിക്കും. രാജു ഗാർഹികപീഢനവും നടത്തും. അതുകൊണ്ട് ഗാർഹികപീഢനത്തിന് കാരണം മദ്യമാണ്  എന്ന് പറയുമ്പോലെ ഒന്ന് തന്നെയാണ് വാഹനാപകടങ്ങൾക്ക് കാരണം മദ്യപാനമാണെന്ന് പറയുന്നതിന്റെ യുക്തിയും. കാരണം മദ്യം ഗാർഹികപീഢനങ്ങൾക്കും അതുപോലുള്ള സാമൂഹ്യവിപത്തുകൾക്കും കാരണമാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടണമെങ്കിൽ സ്ഥല, കാല, വ്യക്തി  വ്യത്യാസങ്ങൾക്കപ്പുറം ആര് മദ്യപിച്ചാലും അവർ മേൽപ്പറഞ്ഞ വിപത്തുകൾ ഉണ്ടാക്കണം. പൊട്ടാസ്യം സയനൈഡ് രുചിക്കുന്നത് രുചിക്കുന്ന ആളിന്റെ മരണത്തിന് കാരണമാകുമെന്നത് ഒരു ശാസ്ത്രീയസത്യമാകുന്നത് സമാനസാഹചര്യങ്ങളിൽ  അത് ലോകത്തിന്റെ ഏത് കോണിൽ വച്ച് ആര് രുചിച്ചാലും മരിക്കും എന്നതുകൊണ്ടാണ്. അതുപോലൊരു നിശ്ചിതവും, സ്ഥിരവും, സാമാന്യവുമായ പ്രതിപ്രവർത്തനം മദ്യത്തിന് അതിന്റെ ഉപഭോക്താക്കളിൽ ഉണ്ടാക്കാനാവുമെന്ന് തെളിഞ്ഞാൽ അതിന്റെ നിരോധനം സാധൂകരിക്കപ്പെടാം. അതില്ലാത്തിടത്തോളം ഇല്ല. കണവ, കക്കാ ഇറച്ചി തുടങ്ങിയ ഷെൽ ഫിഷ്, കൂണുകൾ തുടങ്ങിയവയൊക്കെ പല മനുഷ്യരിലും അപകടകരമായ അലർജികൾ ഉണ്ടാക്കാറുണ്ട് എന്നുവച്ച് അത്തരം പ്രശ്നങ്ങൾ ഇല്ലാത്തവർ കൂടി എന്തിന് അവ കഴിക്കുന്നതിൽനിന്ന് വിലക്കപ്പെടണം? ഇവിടെ പ്രശ്നം അവനവന്റെ വിവേചനാധികാരമാണ്. അത് മനസിലാക്കാതെയുള്ള നിരോധനങ്ങൾ ഏകപക്ഷീയവും അശാസ്ത്രീയവുമാണ്.

കേരളത്തിലെ വാഹനാപകടങ്ങളിൽ  ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത് ബസ് അപകടങ്ങളിലാണ്. അത് കെ എസ് ആർ ടീ സി, സ്വകാര്യ ബസ് ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിച്ചിട്ടാണോ?  അത്തരം എത്ര കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്? അല്ല എങ്കിൽ പിന്നെ അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾ നിരോധിക്കുക എന്നതല്ലേ മേല്പറഞ്ഞതരം യുക്തിവച്ച് കരണീയം? മദ്യം ആരോഗ്യത്തിന് ഹാനികരമാണ് എന്നതുപോലെ സാമാന്യമായി പറയാവുന്ന ഒന്നാണ് വാഹനങ്ങൾ അപകടമുണ്ടാക്കുമെന്നും, ഫാക്ടറികൾ അന്തരീക്ഷമലിനീകരണമുണ്ടാക്കുമെന്നതും തൊട്ട് പശുവിന്റെ വളി ആഗോളതപനത്തിനാക്കം കൂട്ടും എന്നത് വരെ. അപ്പോൾ ഇവയൊക്കെ നിരോധിക്കപ്പെടാത്തതിന്റെ യുക്തി എന്താണ്? ഇവയൊക്കെ മനുഷ്യപുരോഗതിയ്ക്കും വികസനത്തിനും അത്യന്താപേക്ഷിതമാണെന്നും മദ്യം അതിനെ തുരങ്കം വയ്ക്കുന്ന ഒന്നാണെന്നും ആവാം അത്. പക്ഷേ, വാഹനങ്ങൾക്കും, വ്യവസായവിപ്ളവത്തിനും, ക്ഷീരവിപ്ളവത്തിനും ഒക്കെ മുൻപേ നിലനിന്നിരുന്ന ഒന്നാണ് മദ്യ ഉപഭോഗം.അത് ഈ പറയുന്നതുപോലെ ഒരു വലിയ സാമൂഹ്യവിപത്ത് ആയിരുന്നുവെങ്കിൽ ഇത്ര നീണ്ട ഒരു ചരിത്രത്തിനുള്ളിൽ അത് ഉണ്ടാക്കുമായിരുന്ന ആപത്തുകളെ ലോകസമൂഹം അതിജീവിക്കുമായിരുന്നില്ല എന്ന് വ്യക്തം.

തീർചയായും മദ്യപിച്ച് വാഹനം ഓടിക്കുന്നത് അപകടം ഉണ്ടാക്കാറുണ്ട്. അതിന് കാരണം മദ്യമായതുകൊണ്ട് അത് നിരോധിക്കുന്നു എന്നതാണ് യുക്തിയെങ്കിൽ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നതുകൊണ്ട് അപകടങ്ങൾ ഉണ്ടാകാരുണ്ട് എന്ന കാരണം കൊണ്ട് മൊബൈൽ ഫോണും നിരോധിക്കണ്ടേ? ഓവർ ടേക്കിങ്ങിനിടയിൽ അപകടങ്ങളുണ്ടാകാറുണ്ട് എന്നതുകൊണ്ട് അത് നിരോധിക്കണ്ടേ? മദ്യപിച്ച് വാഹനം ഓടിക്കാൻ പാടില്ലെന്നും, ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോണ്‍ ഉപയോഗിക്കാൻ പാടില്ലെന്നും, ഓവർ ടേക്കിങ്ങ് അനുവദനീയമായ ഇടങ്ങളിലല്ലാതെ അത് പാടില്ലെന്നും നിയമങ്ങളുണ്ട്. അത് പാലിക്കാൻ പൌരന്മാരും, അത് തെറ്റിക്കുന്നവരെ ശിക്ഷിക്കാൻ നിയമസംവിധാനവും സജ്ജമാകുന്നതിനുപകരം നിരോധനം ആണ് എളുപ്പവഴിയെങ്കിൽ മദ്യത്തിനും മുൻപേ നിരോധിക്കേണ്ട മറ്റൊന്നുണ്ട്.

പ്രബുദ്ധ കേരളം സമം പ്രായപൂർത്തിയാവാത്ത കേരളം 

അഴിമതികളെയും കുംഭകോണങ്ങളെയും കുറിച്ചുള്ള ആരോപണങ്ങൾ  പുറത്ത് വരുമ്പോൾ അധികാരിവർഗ്ഗം പൊതുവിലും  പ്രത്യേകിച്ച്  കേരളത്തിലും പറയുന്ന ഒരു സ്ഥിരം ഡയലോഗുണ്ട്. ഇവിടത്തെ പ്രബുദ്ധരായ പൊതുജനം ഇതൊന്നും വിശ്വസിക്കില്ല. അവർക്ക് ശരി തെറ്റുകൾ തിരിച്ചരിയാനുള്ള ബുദ്ധിയുണ്ട്, യുക്തിയുണ്ട്. ഒരു വ്യാജ പ്രചരണവും അവരുടെ മുൻപിൽ വിലപ്പോവില്ല എന്ന് . അങ്ങനെ പ്രബുദ്ധരും, അതിസങ്കീർണ്ണമായ കണക്കുകളും, നിയമവശങ്ങളും, സാങ്കേതികതകളും ഉൾക്കൊള്ളുന്ന ആരോപണങ്ങളിൽനിന്ന് പോലും രേഖകൾ പരിശോധിച്ച് ശരിതെറ്റുകൾ തിരിച്ചറിയാൻ തക്ക ക്ഷമയും  വിവേചനബുദ്ധിയുമുള്ളവരുമായ ഒരു സമൂഹത്തിലേയ്ക്ക് അവർ ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഒരു സർക്കാരിന് ഏതെങ്കിലും തരത്തിലുള്ള നിരോധനങ്ങൾ ഏർപ്പെടുത്തേണ്ടിവരുന്നു എങ്കിൽ അതിൽ ഒരു വൈരുദ്ധ്യമില്ലേ? പ്രത്യേകിച്ച് സമൂഹനമയ്ക്ക് എന്ന ഭാഷ്യത്തിലൂടെ അത് നടപ്പിലാക്കപ്പെടുമ്പോൾ ഭരണകൂടം ഒരു രക്ഷകർത്താവിന്റെ വേഷമാണണിയുന്നത്. പൗരസമൂഹത്തെ അപക്വം, അല്ലെങ്കിൽ പ്രായപൂർത്തിയാവത്തതായി നിർവചിക്കുന്നതാണ് ഭരണകൂടത്തിന്റെ പൊടുന്നനേ ഉള്ള  ഈ വേഷപ്പകർച്ച.

മദ്യം ലഭ്യമായിരിക്കുന്നിടത്തോളം അത് യാതൊരു നിയന്ത്രണവും, യുക്തിയും, തത്വദീക്ഷയുമില്ലാതെ ഉപയോഗിച്ച് ലക്ക് കെട്ട് തെരുവിൽ കിടക്കുക എന്നതാണ് മലയാളിയുടെ മദ്യപാന ശീലം എന്നതുകൊണ്ടാവണമല്ലൊ ഇവിടെ മദ്യം സവിശേഷമായ  ഒരു സാമൂഹ്യ വിപത്താവുന്നത്. അതുകൊണ്ടാവണമല്ലോ, വിശുദ്ധ നഗരമായ വത്തിക്കാനിൽ പോലും ഇല്ലാത്ത മദ്യനിരോധനം തനത് സവിശേഷസാഹചര്യങ്ങൾ മുൻനിർത്തി കേരളത്തിൽ വേണമെന്ന് ക്രൈസ്തവ സഭകൾ പറയുന്നത്. അതേ കാരണങ്ങൾ കൊണ്ടാവുമല്ലൊ ഗാന്ധിയുടെ ജന്മനാട് എന്ന നിലയിൽ  ഗുജറാത്ത്  ഒഴിച്ചുനിർത്തിയാൽ തങ്ങൾ ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഇല്ലാത്ത മദ്യ നിരോധനം കോൺഗ്രസ് സർക്കാർ തീരുമാനിച്ചതിലും ഗംഭീരമായി നടപ്പിലാക്കണമെന്ന് കേരളത്തിൽ ബി ജെ പിക്കാർ തീരുമാനിക്കുന്നതും അവരുടെ യുവജന സംഘടന അതിന്റെ നടത്തിപ്പിന്റെ ചുക്കാൻ പിടിക്കുന്നതും. 

പ്രായപൂർത്തി വോട്ടവകാശം 

നമ്മുടെ ഇലക്ഷൻ കമ്മിഷൻ ഇന്ത്യൻ പൌരന്റെ വോട്ടവകാശത്തെ നിർവചിക്കുന്നത് ഇങ്ങനെയാണ്.

The democratic system in India is based on the principle of universal adult suffrage; that any citizen over the age of 18 can vote in an election (before 1989 the age limit was 21). The right to vote is irrespective of caste, creed, religion or gender. Those who are deemed unsound of mind, and people convicted of certain criminal offences are not allowed to vote.
അതായത് മാനസീക ആരോഗ്യമില്ലാത്ത മനുഷ്യർക്ക് വോട്ടവകാശം ഇല്ലെന്ന്.

കേരളത്തിലെ മുഴുവൻ ജനസംഖ്യയുടെ പകുതിയോളം വരുന്ന പുരുഷന്മാരിൽ ബഹുഭൂരിപക്ഷവും മദ്യപാനികളായി തീർന്നിരിക്കുന്നു എന്നതാണ് കണക്കുകളെ ഉദ്ധരിച്ച് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്! .കേരളത്തിൽ  മദ്യം കഴിക്കാൻ തുടങ്ങുന്നവരുടെ ശരാശരി പ്രായം 13 ആണെന്നാണ് ഒരു ചാനൽ ചർച്ചയിൽ ( കണക്കുകൾ വച്ച് ആയിരിക്കും. ഇല്ലെങ്കിൽ പിന്നെ പതിനാലെന്നോ പതിനഞ്ചെന്നോ പറഞ്ഞുകൂടെ..! ) ശ്രീ കെ. പി അനിൽ കുമാർ പറയുന്നത്. അതായത്  കേരളത്തിലെ പുരുഷന്മാരിൽ പ്രായഭേദമെന്യേ  ബഹുഭൂരിപക്ഷത്തിനും തങ്ങളുടെ ആരോഗ്യത്തിനും, സാമൂഹ്യ ജീവിതത്തിനും, പാരമ്പര്യത്തിനും അനുയോജ്യമായ രീതിയിൽ ഭക്ഷണ, പാനീയങ്ങളെ തിരഞ്ഞെടുക്കാനുള്ള സ്വബുദ്ധി പോലും ഇല്ല എന്ന്. ഉണ്ടായിരുന്നെങ്കിൽ  മദ്യക്കുപ്പിയിൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് എഴുതിവച്ചിട്ടും  അവർ വാങ്ങി കുടിക്കില്ലായിരുന്നല്ലോ . വ്യക്തിഗത ജീവിതത്തിൽ പോലും ആരോഗ്യകരമായ തീരുമാനം എടുക്കാൻ ശേഷിയില്ലാത്ത ഈ മലയാളി പുരുഷവർഗ്ഗത്തിന്റെ മേലാണ് പതിനെട്ട് തികയുന്നതുമുതൽ ഒരു രാജ്യത്തിന്റെ മുഴുവൻ ഭാഗധേയം നിർണ്ണയിക്കുവാനുള്ള ആളോഹരി  ഉത്തരവാദിത്തം. കള്ളും, പാലും, പച്ചവെള്ളവും, വിദേശ മദ്യവും ഉള്ള വിപണിയിൽനിന്ന് തനിക്ക് ആവശ്യമുള്ളത് വാങ്ങാനും, വിഷം വാങ്ങി കുടിക്കാതിരിക്കാനും വേണ്ട വിവേചന ബുദ്ധിയോ, മാനസീക ആരോഗ്യമോ ഇല്ല മലയാളിയ്ക്ക് എന്നതുകൊണ്ട് ആവണമല്ലോ  മദ്യം നിരോധിച്ച് അവനെ ആ പ്രലോഭനത്തിൽനിന്ന് രക്ഷിച്ച സർക്കാരിന് നിരോധിക്കുവാനുള്ള അധികാരം 'ജനനന്മയെ' കരുതി എടുത്ത് ഉപയോഗിക്കേണ്ടിവന്നത്. ഈ വസ്തുത കണക്കിലെടുത്ത് അവർ ഇതിനൊപ്പം   ഒന്നുകൂടി ചെയ്യേണ്ടതുണ്ട്. 

വ്യക്തിപരമായി  തനിക്ക് നല്ലതെന്ത്‌ ചീത്തയെന്ത് എന്ന തിരിച്ചറിവില്ലാതെ കണ്ണിൽ കണ്ടത് വാങ്ങി കുടിച്ചാൽ അതിന്റെ ദോഷം പ്രത്യക്ഷത്തിലെങ്കിലും വ്യക്തി തലത്തിൽ ആയിരിക്കുമല്ലോ. എന്നാൽ ഈ തരം ഉന്മാദികളിൽ ഒരു ജനാധിപത്യ വ്യവസ്ഥയുടെ ഭാഗധേയം നിർണ്ണയിക്കുക എന്ന ഭാരിച്ച  ഉത്തരവാദിത്തം കൊണ്ട് എറിഞ്ഞുകളഞ്ഞാൽ  ആ രാജ്യത്തിന്റെ ഭാവി എന്താകും? അതുകൊണ്ട് ദയവുചെയ്ത് സർക്കാർ മദ്യത്തോടൊപ്പം മലയാളി പുരുഷന്റെ വോട്ടവകാശം കൂടി പറ്റുമെങ്കിൽ ഒറ്റയടിക്കോ, അല്ലെങ്കിൽ ഘട്ടം ഘട്ടമായോ നിരോധിച്ച് അവരെ രക്ഷിച്ചെടുക്കണം.പുനരധിവസിപ്പിക്കണം.

No comments: