Sunday, January 4, 2015

കേരളീയ പൊതുബോധവും അടവുകൾ കൊണ്ട് അടയാത്ത ഓട്ടകളും

കേരളത്തിലെ ഇടതുപക്ഷം ഇന്ന് നേരിടുന്ന പല പ്രതിസന്ധികളിൽ ഒന്ന് ചുംബനസമരം, ആർത്തവസമരം തുടങ്ങിയ പുതിയ സമരരൂപങ്ങളോട് എന്ത് നിലപാടെടുക്കണം എന്നതാണ്. ഇതിന് കാരണം പ്രസ്തുത സമരങ്ങളുടെ ഉള്ളടക്കത്തിനോടുള്ള പൂർണമായ വിയോജിപ്പല്ല, മറിച്ച് മദ്ധ്യവർഗപൊതുബോധത്തിന് ഈ സമരങ്ങളോടുള്ള സമീപനത്തിന് കടകവിരുദ്ധമായ ഒരു നിലപാട് ഈ വിഷയത്തിൽ എടുത്താൽ അത് തങ്ങളുടെ ജനപിന്തുണയെ എങ്ങനെ ബാധിക്കുമെന്നുള്ള, മറുവശത്ത് വലതു മത ഫാസിസ്റ്റ് ശക്തികളുടെ ശാക്തീകരണത്തിൽ അതെങ്ങനെ പ്രതിഫലിക്കുമെന്നുള്ള പ്രായോഗിക രാഷ്ട്രീയചിന്ത കൂടിയാണ്. ഒരു പാർലമെന്ററി രാഷ്ട്രീയമുന്നണി എന്ന നിലയിൽ ഇടതുപക്ഷത്തിന്റെ ഈ ആശങ്കസ്വാഭാവികമാണ്. എന്നാലത് കേവലം അധികാരബന്ധി മാത്രമായ ഒരു വേവലാതിയുമല്ല

പ്രതിസന്ധികളുടെ ഉള്ളടക്കം 
ഇവയിൽ ആദ്യം നടന്ന, താരതമ്യേനെ കൂടുതൽ ജനപിന്തുണ ഉണ്ടായിരുന്ന ചുംബന സമരത്തോട് ചില ഇടത് നേതാക്കൾ വ്യക്തിതലത്തിലെങ്കിലും അനുഭാവം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ആർത്തവസമരമായി തീർന്ന 'പമ്പാ ബസ് പിടിക്കൽ' സമരത്തിന്റെ കാര്യത്തിൽ അവർ ഏതാണ്ട് നിശബ്ദരായിരുന്നു. ചുംബനസമരം പോലെ വ്യാപിക്കാതെ പോയ, അതുകൊണ്ട് തന്നെ മുഖ്യധാരാ മാധ്യമങ്ങൾ ഏതാണ്ട് തമസ്കരിക്കുക തന്നെ ചെയ്ത ആ സമരത്തിന്റെ ഉള്ളടക്കം ചർച്ച ചെയ്യപ്പെട്ടത് നവമാദ്ധ്യമങ്ങളിൽ മാത്രമായിരുന്നു. പമ്പ ബസിൽ നിന്ന്, അതിൽ ഭൂരിഭാഗവും അയ്യപ്പന്മാരാണെന്ന കാരണം പറഞ്ഞ് ഒരു സ്ത്രീയെ നിർബന്ധപൂർവ്വം ഇറക്കിവിടുന്നു. ചെറുപ്പക്കാരിയായ അവർ രജസ്വലയാണോ അല്ലയോ എന്ന് ഉറപ്പിക്കാനാവാത്ത സാഹചര്യത്തിലാണത്രേ അത്. സംഭവത്തോട് പ്രതികരിച്ചുകൊണ്ട് കൂട്ടുകാരികളെ നമുക്ക് പമ്പ ബസ് പിടിക്കാംഎന്ന ഒരു സമരാഹ്വാനം ഉണ്ടാകുകയും അതിന് ഒരു വ്യവസ്ഥാപിത സമരരൂപം ഉണ്ടാകുന്നതിന് മുമ്പ് തന്നെ പമ്പയിലേയ്ക്കുള്ള ബസ് പിടിക്കാനെത്തിയ നാല് സ്ത്രീപക്ഷ ആക്റ്റിവിസ്റ്റുകൾ ബസ് സ്റ്റാൻഡിൽ വച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ഇവിടെ, ബസിൽ നിന്ന് സ്ത്രീയെ ഇറക്കിവിട്ട സംഭവത്തെ നവമാധ്യമലോകത്തെ  ഇടത് പുരോഗമനപക്ഷത്ത് അടയാളപ്പെടുന്ന മനുഷ്യർ ഒന്നടങ്കം എതിർക്കുമ്പൊഴും 'ബസ് പിടിക്കൽ സമര'ത്തോട് അവർക്ക് രണ്ടഭിപ്രായമാണ്. 

അനാശാസ്യപ്രവർത്തനം നടക്കുന്നുണ്ടെന്ന ഒരു ചാനൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഡൗൺ ടൗൺ ഹോട്ടൽ അടിച്ചുതകർത്ത സംഭവത്തിലും അതേത്തുടർന്ന് രൂപപ്പെട്ട പ്രതിഷേധസമരത്തെ കായികമായി നേരിടാൻ ശ്രമിച്ചതിൽ അന്തർലീനമായ ഫാസിസ്റ്റ് പ്രവണതകളെ അപലപിക്കുന്നതിലും ഇടതുപക്ഷത്തിന് ആശയക്കുഴപ്പങ്ങളില്ല. ഇവിടെ അവരുടെ വിയോജിപ്പ് സമരരീതിയോടാണ്. ചുംബനസമരവുമായി ബന്ധപ്പെട്ടുയർന്ന വിമർശനം ഭൂരിപക്ഷത്തെ മാറ്റിനിർത്തിയുള്ള, എല്ലാ വിഭാഗം മനുഷ്യർക്കും പങ്കെടുക്കാനാവാത്ത സമരങ്ങൾ വിജയിക്കില്ലെന്നതായിരുന്നു. മതപരമായ കാര്യങ്ങളിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളുയർത്തിയുള്ള സമരങ്ങൾ താരതമ്യേന മതേതരമായ വിശ്വാസിവിഭാഗങ്ങൾക്കിടയിൽ ഹിന്ദുത്വശക്തികൾക്ക് വേരോട്ടമുണ്ടാക്കിക്കൊടുക്കും എന്നതായിരുന്നു പമ്പാബസ് പിടിക്കൽ സമരത്തിനോടുള്ള വിയോജിപ്പ്. ഒപ്പം അത്തരം അരാജകസമരങ്ങൾ ഫാസിസമാണു മെച്ചമെന്ന ധാരണ പൊതുബോധത്തിൽ ഉല്പാദിപ്പിക്കുമെന്നതും. കേവലയുക്തിപ്രചോദിതങ്ങളായ പ്രകോപനങ്ങൾ മുതലെടുത്തു കൊണ്ട് സമൂഹത്തിലെ വിടവ് വർദ്ധിപ്പിക്കുകയും അതിലൂടെ ഹിന്ദുത്വവൽക്കരണം നടത്തുകയും ചെയ്യുക എന്ന സംഘപരിവാരം ചിട്ടയായി, ഘടനാബദ്ധമായി നടത്തുന്ന അജണ്ടയ്ക്ക് ഉപകരണമാകുന്നു എന്നത് മറ്റൊരു പ്രധാന വിമർശനം. 

ഈ സമരങ്ങളുടെ കാര്യത്തിൽ ഇടതുപക്ഷത്തിനുള്ള നിലപാടുബന്ധിയായ ആശയക്കുഴപ്പങ്ങൾക്ക് രണ്ട് കാരണങ്ങളാണുള്ളത്. അതിലൊന്ന് രാഷ്ട്രീയവും മറ്റൊന്ന് രീതിശാസ്ത്രപരവുമാണ്. രാഷ്ട്രീയമായ കാരണം നേരത്തെ സൂചിപ്പിച്ച മധ്യവർഗ പൊതുബോധത്തെ പിണക്കിയുള്ള സമരങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടു തന്നെ. രീതിശാസ്ത്രപരമായ ആശങ്കയാവട്ടെ, കലാപങ്ങൾ സംഘടിപ്പിക്കുകയും അതിലൂടെ സൃഷ്ടിക്കുന്ന ഹിന്ദുത്വ ഏകോപനത്തെ രാഷ്ട്രീയമായി മുതലെടുക്കുകയും ചെയ്യുക എന്ന സംഘപരിവാര തന്ത്രത്തിൽ ഇത്തരം സമരങ്ങൾ  വീണുപോകുമോ എന്നുള്ള ഭയത്തിൽ നിന്നുണ്ടാകുന്നതും. കേരളത്തിൽ സംഘിരാഷ്ട്രീയം ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല എങ്കിൽ അതിനു കാരണം കേരളസമൂഹം ഇനിയും ഹിന്ദുത്വ വൽക്കരിക്കപ്പെട്ടിട്ടില്ലാത്തതാണെന്നും ഇത്തരം സമരങ്ങൾ അതിലേക്ക് വഴി വെച്ചേക്കാമെന്നും ആണ് അതിന്റെ വിശദാംശം

ഇവയൊക്കെ പൊതുവിൽ പങ്കുവയ്ക്കുന്നത് കേരളം ബ്രാഹ്മണിക് ഹിന്ദുത്വത്തിന്റെ പിടിയിൽനിന്ന് പുറത്ത് കടന്ന, മതേതരത്വം, ബഹുസ്വരത തുടങ്ങിയ ജനാധിപത്യ മൂല്യങ്ങൾക്ക് മേൽക്കയ്യുണ്ടായിരുന്ന ഒരു സമൂഹമായിരുന്നു, ഒരു പരിധി വരെ ഇപ്പോഴുമാണ് എന്ന ധാരണയാണ്. വിശ്വാസം പോലുള്ള കാര്യങ്ങളെ തൊട്ട് പ്രകോപനം ഉണ്ടാക്കിയാൽ അത് തക്കം പാർത്തിരിക്കുന്ന സംഘപരിവാരത്തെയാവും സഹായിക്കുക, അതിനാൽ നേരിട്ടുള്ള ആക്രമണങ്ങളല്ല, അടവുനയങ്ങളാണ് വേണ്ടത് എന്നതാണ് നിഗമനം 

ഹിന്ദുത്വത്തെ അതിജീവിച്ച മലയാളിസമൂഹം എന്ന മിത്ത് 
സംഘപരിവാരം അതിന്റെ  കേഡർ സ്വഭാവമുള്ള ഘടനാബദ്ധമായ പ്രവർത്തനത്തിലൂടെ ഹിന്ദുത്വഹെഗമണിയിൽനിന്ന് മോചനം നേടിക്കഴിഞ്ഞ ഒരു സമൂഹത്തിൽ അതിനെ പുനർ നിർമ്മിക്കുകയായിരുന്നില്ല എന്നതാണ് ഇത്തരം വിമർശനങ്ങൾ കാണാതെ പോകുന്ന ഒരു വശം. നമ്മുടെ സാംസ്കാരികനവോത്ഥാനവുംമിഷനറിപ്രവർത്തനങ്ങളുംഇടത് രാഷ്ട്രീയ പ്രവർത്തനവും ഒക്കെ ചേർന്ന് ഹൈന്ദവതയിൽ നിന്ന് കേരളീയ സമൂഹത്തെ മോചിപ്പിച്ചിരുന്നു എന്ന ഒരു ധാരണ നവോത്ഥാനാനന്തര പുരോഗമന പക്ഷത്ത് പ്രബലമാണ്. എന്നാൽ അത് യാഥാർഥ്യത്തോട് പൂർണ്ണമായും ചേർന്ന് നില്ക്കുന്ന ഒരു നിരീക്ഷണമല്ല, ഭാഗികമായി ശരിയാണ് താനും. ഹിന്ദുത്വഹെഗമണിയുടെ അവിഭാജ്യഘടകങ്ങളായ സ്ത്രീവിരുദ്ധതദളിത് വിരുദ്ധത എന്നിവയിൽ ഈ പറഞ്ഞ നവോത്ഥാനവുംമിഷനറി പ്രവർത്തനവുംഇടത് രാഷ്ട്രീയവും എങ്ങനെഏതളവുവരെ പ്രതിപ്രവർത്തിച്ചു എന്ന് പരിശോധിച്ചാൽ അത് മനസിലാകും. 

ഹിന്ദുത്വം എന്നത് മതം എന്നതിലുപരി ഒരു അധികാര ഘടനയാണ്. അതിന്റെ ആണിക്കല്ലുകൾ ജാതിവ്യവസ്ഥയും പിതൃകേന്ദ്രീകൃതത്വവുമാണ്. ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങൾ ഹിന്ദുത്വ അധികാരഘടനയുടെ അടിസ്ഥാനമായ ജാതിവ്യവസ്ഥയെ വെല്ലുവിളിക്കാൻ ശ്രമിച്ചതിന് ചരിത്രപരമായി ഒരു തെളിവുമില്ല. അവർ വ്യവസ്ഥ എന്ന നിലയിൽ അതുമായി സന്ധി ചെയ്ത് തന്നെയാണ് പ്രവർത്തിച്ചിരുന്നത്. എല്ലാ മതങ്ങളും എന്നത് പോലെ ക്രിസ്തുമതവും അടിസ്ഥാനപരമായി സ്ത്രീകളെ രണ്ടാം തരക്കാരായാണ് പരിഗണിച്ചിരുന്നത്. കേരളത്തിലെ ക്രൈസ്തവ സമൂഹവും അതേ. അതുകൊണ്ടു സ്വാഭാവികമായും അവയ്ക്ക് ഹിന്ദുത്വത്തിന്റെ പിതൃകേന്ദ്രീകൃതഘടനയുമായും സംഘർഷത്തിൽ ഏർപ്പെടേണ്ടതുണ്ടായിരുന്നില്ല. ക്രിസ്ത്യൻമുസ്ലീം സമുദായങ്ങൾ ഒന്നും തന്നെ അതാത് സമുദായങ്ങൾക്ക് പുറത്ത് ഹിന്ദു ജാതിവ്യവസ്ഥയുമായി കലഹിച്ചിരുന്നില്ല. എല്ലാ പുരുഷന്മാരെയും ഒരേ ദൈവത്തിന്റെ സൃഷ്ടികളായി കാണുന്ന, അവർക്കിടയിലെ  തുല്യതയെ എങ്കിലും മുന്നോട്ട് വച്ചിരുന്ന പുതിയ മതങ്ങളിൽ നിന്നും  ആ ദർശനം പുറത്തേയ്ക്ക് ഒഴുകുകയല്ലമറിച്ച് ജാതിയിൽ അധിഷ്ഠിതമായ സാമൂഹ്യ അധികാര ഘടന അവയ്ക്കുള്ളിലേയ്ക്കും കടന്നുചെല്ലുകയാണ് ഉണ്ടായത്. 

നവോത്ഥാനത്തിന്റെ പരിമിതികൾ 
നാരായണഗുരുസഹോദരൻ അയ്യപ്പൻഅയ്യങ്കാളിപൊയ്കയിൽ അപ്പച്ചൻമക്തി തങ്ങൾ തുടങ്ങിയ നിരവധി പേർ വ്യത്യസ്ത തലങ്ങളിൽനിന്ന് നയിച്ച സാംസ്കാരിക നവോത്ഥാനമാണ് ഒരു പ്രസ്ഥാനമെന്ന നിലയിൽ ഹിന്ദുത്വഹെഗമണിയുമായി ആദ്യമായി ഏറ്റുമുട്ടിയതെന്ന് പറയാം. നാസ്തികനായ അയ്യപ്പനിൽനിന്ന്ആക്ടിവിസ്റ്റായിരുന്ന അയ്യങ്കാളിയിൽ നിന്ന്സ്വന്തം മതത്തിനുള്ളിൽ പരിഷ്കരണവാദിയായിരുന്ന മക്തി തങ്ങളിൽനിന്ന്നിലനില്ക്കുന്ന മതത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട്  അതിലെ അനീതികളെ ചെറുക്കാനാവില്ല എന്നുകണ്ട് സ്വന്തം മതം സ്ഥാപിച്ച അപ്പച്ചനിൽ നിന്ന് അദ്വൈതവാദിയും  സന്യാസിയുമായ ഗുരുവിലേയ്ക്ക് അതിന്റെ നേതൃത്വം വന്നുചേർന്നത് നവോത്ഥാനത്തിന്റെ വരുംകാല പരിണാമങ്ങളെക്കുറിച്ച് പ്രവചനാത്മകമായ കുറേ സൂചനകൾ തരുന്നുണ്ട്. നാരായണഗുരു അദ്വൈത സിദ്ധാന്തം വഴി മനുഷ്യന്റെ ദൈവവുമായുള്ള ജാതി, മത, വർഗ്ഗ, ലിംഗ രഹിതമായ ഏകീകരണമാണ്‌ കാംക്ഷിച്ചത്‌. കബീറും, മീരയും ഉൾപ്പെടെയുവർ നയിച്ച ഭക്തിപ്രസ്ഥാനത്തിന്റെ ദാർശനിക ഉള്ളടക്കം പോലെ ഗുരുവിന്റെ ദൈവസങ്കൽപ്പവും മാനവികമായ ഒന്നായിരുന്നു. മനുഷ്യനും ദൈവവും രണ്ടല്ല, ഒന്നാവുന്ന ഒരു ദർശന പരിസരത്ത്‌ പല ദൈവങ്ങളും, പല മനുഷ്യരും ഇല്ല. എല്ലാ മനുഷ്യനും ദൈവവും എല്ലാ ദൈവവും മനുഷ്യനുമാകുന്ന ഒരു ദാർശനിക സത്തയാണ്‌ അതിനുള്ളത്‌. ആ സത്തയിൽ നിന്നാണ്‌ ഒരു ജാതി, ഒരു മതം, ഒരു ദൈവം ഉയർന്നുവരുന്നത്‌. 

എന്നാൽ വിശദാംശങ്ങളിൽ ഭക്തി പ്രസ്ഥാനത്തിൽനിന്ന് വിഭിന്നമായി ബ്രാഹ്മണികമായ ഒരു ഘടനയും ആത്മീയ, സൗന്ദര്യഘടകങ്ങളും ഗുരുദർശനങ്ങളിൽ നിന്ന് അപനിർമ്മിച്ചെടുക്കുവാനാവും. ഗുരുവിന്റെ നവോത്ഥാനമാർഗ്ഗം ഉള്ളടക്കം കൊണ്ട് ഹിന്ദുത്വത്തെ വെല്ലുവിളിച്ചു എങ്കിൽ ഘടനാപരമായി അത് ബ്രാഹ്മണിക്ക് ആയിരുന്നു. വൈവിദ്ധ്യമാർന്ന വിശ്വാസങ്ങളും ആചാരങ്ങളും ദൈവങ്ങളുമായി ജീവിച്ചിരുന്ന ദളിത്‌, പിന്നോക്ക ഗോത്രങ്ങളെ ഏകശിലോന്മുഖമായ ഒരു ദൈവസങ്കല്പത്തിലേയ്ക്ക് നയിക്കുക വഴി ബ്രാഹ്മണിസത്തിന് അവരിലെ പ്രമുഖ വിഭാഗങ്ങളെ തങ്ങളുടെ അധികാര ഘടനയിലേയ്ക്ക് ഉൾക്കൊള്ളിക്കാൻ പരുവത്തിൽ ഒരുക്കുകയായിരുന്നു പരോക്ഷമായി ഗുരുവിന്റെ നവോത്ഥാനമാർഗ്ഗം ചെയ്തത്. നവോത്ഥാനത്തിന്റെയും, ഇടതു രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും മുഖ്യ ഗുണഭോക്താക്കളായ ഈഴവ സമുദായം പിന്നീട് സ്വയം ഒരു നവക്ഷത്രിയ വിഭാഗമായി മാറിയത് നവോത്ഥാനം തകർക്കാതെ വിട്ട ബ്രാഹ്മണിക് സാംസ്കാരിക ഘടന കൊണ്ട് കൂടിയാണ്

സംഭവിക്കാതെ പോയ തുടർച്ചകൾ 
ദൈവവും മനുഷ്യനും ഒന്നാകുന്നതോടെ മനുഷ്യനിർമിതമായ ജാതിവ്യവസ്ഥ തകരുകയും അതിലൂടെ മനുഷ്യസമൂഹത്തിലെ അധികാരബന്ധിയായ അനീതികൾ സ്വയമില്ലാതാകുകയും ചെയ്യുമെന്നത് തൊഴിലാളിവർഗ സർവാധിപത്യത്തിലൂടെ സാമൂഹ്യമായ അനീതികളുടെ വർഗഘടന തകരുകയും അതിലൂടെ മറ്റെല്ലാ വിവേചനങ്ങളും സ്വയം ഇല്ലാതാവുകയും ചെയ്യും എന്നതുപോലെ യാന്ത്രികമായ ഒരു സൈദ്ധാന്തിക നിഗമനമാണ്. സ്വാഭാവികമായും ഇത്തരം യാന്ത്രിക സൈദ്ധാന്തിക ചട്ടക്കൂടുകൾക്ക് അംബേദ്കറിനെപ്പോലുള്ളവർക്ക് കാണാനായതു പോലെ പ്രായോഗികതയുടെ വെളിച്ചത്തിൽ നിന്നുകൊണ്ട് ജാതിവ്യവസ്ഥയെ, അതുല്പാദിപ്പിക്കുന്ന അനീതികളുടെ ആഴത്തെ, അതിന്റെ വിവിധങ്ങളായ സാമൂഹ്യ അടരുകളെ കാണാനായില്ല

കേരളത്തിലെ സാംസ്കാരിക നവോത്ഥാനത്തിനും അതൊരുക്കിയ പശ്ചാത്തലമേറ്റെടുത്ത ഇടതു രാഷ്ട്രീയപ്രവർത്തനത്തിനും എണ്ണം കൊണ്ട് പ്രബലമായ ഒരു വിഭാഗം മനുഷ്യരെ അധികാരഘടനയിലെ ഏതാനും തട്ടുകൾ മുകളിലേക്ക് കയറ്റിവിടാനായി എന്നത് നിസ്സാരമായൊരു നേട്ടമല്ല. പക്ഷേ ആ കയറ്റം, കയറിപ്പോയവരിൽ അർപ്പിക്കുന്ന തുടർച്ചയെന്ന സാംസ്കാരികദൗത്യത്തെ അവരിലേക്ക് വിനിമയം ചെയ്യുന്നതിൽ നവോത്ഥാനവും ഇടതുരാഷ്ട്രീയവും ഒരുപോലെ പരാജയപ്പെട്ടു; അതായത് ബ്രാഹ്മണിക് ഹിന്ദുത്വത്തിന്റെ അധികാര ഘടനയെ തകർത്ത് മാനവികവും ജനാധിപത്യപരവുമായ ഒന്നു കൊണ്ട് അതിനെ പകരം വെക്കുന്നതിൽ

സാമൂഹ്യവും, രാഷ്ട്രീയവും, സാമ്പത്തികവുമായി ഈഴവ സമുദായത്തിനുണ്ടായ പുരോഗതി ദളിത്‌ വിഭാഗത്തിലേയ്ക്ക് പകരാതിരുന്നത് നവോത്ഥാനത്തിന്റെ ഒരു പരിമിതിയാണ്ഇടത് രാഷ്ട്രീയ പ്രവർത്തനത്തിന്റെയും.  ആ പരിമിതിയ്ക്കുള്ളിൽ നിന്നുകൊണ്ട് മാത്രമേ ഹിന്ദു സമുദായത്തിൽ നടന്നു എന്ന് പറയുന്ന ഹിന്ദുത്വ ഉച്ചാടനത്തിനെ വിലയിരുത്താനാവൂ. 

ഗുരുദർശനത്തിന്റെ ബ്രാഹ്മണിക് ഘടന 
കേരളീയ മധ്യവർഗ്ഗ  പൊതുബോധത്തിന്റെ ഉപരി, മധ്യ, കീഴ് ഘടനകളിൽ ആകമാനം നിലനില്ക്കുന്നത് ഇനിയും ദഹിപ്പിക്കപ്പെടാത്ത ഫ്യൂഡലിസത്തിന്റെ അസ്തികൂടമാണ്. കുളിക്കാത്തതുകൊണ്ടാണ് നാറുന്നതെന്ന്, കുളിച്ചാൽ അയിത്തം മാറുമെന്ന് ലളിതവൽക്കരിച്ച, കള്ള് ചെത്തുന്നവനെ തൊട്ടാൽ നാറുമെന്ന് പറഞ്ഞ്  തൊഴിലിനെ, ജീവിതസാഹചര്യങ്ങളിൽ നിന്നുണ്ടാകുന്ന ശീലങ്ങളെ ബ്രാഹ്മണിക്ക് ശുദ്ധാശുദ്ധബോധം കൊണ്ട് പകരം വച്ച, മാടനെയും മറുതയെയും തച്ചുടച്ച് അവിടെ  'ഈഴവ'ശിവനെ പ്രതിഷ്ഠിച്ച നമ്മുടെ നവോത്ഥാന നായകനായ  നാരായണഗുരുവിലുണ്ട് ബ്രാഹ്മണിക് സാംസ്കാരിക ഹെഗമണിയുടെ ദഹിപ്പിക്കപ്പെടാത്ത ഫ്യൂഡൽ വിചാരഘടന

ഗുരു പൊതുബോധവുമായി സംവദിച്ചത് ബ്രാഹ്മണിക് അധികാരഘടന എന്ന പൊതുബോധത്തെ തകർത്തുകൊണ്ടല്ല, അതിനെ അഭിസംബോധന ചെയ്തും നിലനിർത്തിയുമായിരുന്നു. ഒരുപക്ഷേ ഗുരു അത്തരമൊരു രീതിശാസ്ത്രം അവലംബിച്ചത് ശ്രേണീബദ്ധമായി അടിമുടി വിതരണം ചെയ്യപ്പെട്ട ബ്രാഹ്മണിക് മൂല്യഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ അതിനെ പൂർണമായും ഉപേക്ഷിച്ചു കൊണ്ട് ഒരു സംവാദസ്ഥലം രൂപപ്പെടുത്താനാവില്ല എന്നതുകൊണ്ടാവാം. ഗുരു ഒരു യുക്തിവാദിയായിരുന്നു എന്ന് വാദിക്കുന്നവർ പിന്തുടരുന്നത് ആ വ്യാഖ്യാനത്തെയാണ്. രണ്ടായാലും ഒന്ന് വ്യക്തമാണ്. അദ്ദേഹം സംവാദങ്ങളിൽ നിലനിർത്തിയ ബ്രാഹ്മണിക് ഘടനകൊണ്ട് തന്നെ ആവണം സഹോദരൻ അയ്യപ്പനും, അയ്യങ്കാളിയും പൊയ്കയിൽ അപ്പച്ചനും ഒക്കെ രീതിശാസ്ത്രപരമായ വ്യതിരിക്തതകൾ നിലനിർത്തിക്കൊണ്ട് നയിച്ച നവോത്ഥാനമെന്ന സമരത്തിൽ ഗുരു പ്രതിനിധാനം ചെയ്യുന്ന ധാരയ്ക്ക് മേൽക്കൈ നേടാനായത്. 

ഈ പശ്ചാത്തലത്തിൽ വേണം ഗുരുവിന്റെ ചിന്നസ്വാമി ആയിരുന്ന കുമാരനാശാൻ വിവേകോദയം പത്രാധിപരായിരിക്കെ   സഹോദരൻ  അയ്യപ്പന്റെ മിശ്രഭോജനം ഉൾപ്പെടെയുള്ള പ്രതീകാത്മകസമരങ്ങളോട് നടത്തിയ പ്രതികരണങ്ങളെയും വായിക്കാൻ. സംഘപരിവാരം ചിട്ടയായ അവരുടെ പ്രവർത്തനത്തിലൂടെ ഹിന്ദുത്വ ഹെഗമണിയിലേക്ക് അന്യമതവിദ്വേഷത്തിന്റേതായ ഒരു ധാര കൂടി സംഭാവന ചെയ്തു എന്ന്  വേണമെങ്കിൽ വാദിക്കാം. എന്നാൽ  കേരളീയ നവോത്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പൊഴാണ് ആശാൻ 'ദുരവസ്ഥഎഴുതിയത് എന്നോർക്കുമ്പോൾ അതും മുഖവിലയ്ക്ക് എടുക്കാനാവില്ല. 

അയ്യങ്കാളിയും, സഹോദരൻ അയ്യപ്പനും, പൊയ്കയിൽ അപ്പച്ചനും, മക്തി തങ്ങളും ഒക്കെ ചേർന്ന് നയിച്ച ആ സമരത്തിന്റെ ഉള്ളടക്കം  കാല്പനിക അദ്വൈതവാദത്തിന്റെ ബ്രാഹ്മണികമായ ചട്ടക്കൂടിലേയ്ക്ക് ക്രമേണെ പറിച്ച് നടപ്പെടുകയും ഗുരു തന്നെ കണ്ണാടിക്കൂട്ടിൽ അടയ്ക്കപ്പെടുകയും ചെയ്ത ചരിത്രം കൂടി കൂട്ടിവായിച്ചാലേ പൂർത്തിയാവാത്ത നമ്മുടെ ജ്ഞാനോദയം ഈ  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഉയർത്തുന്ന ജ്ഞാനശാസ്ത്രപരവും, രാഷ്ട്രീയവും സാമൂഹ്യവുമായ വെല്ലുവിളികളെ മനസിലാക്കാൻ പറ്റൂ. 

വിശ്വാസത്തിന്റെ അപമൗലീകവൽക്കരണം 
മതവിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയുമൊക്കെ നിലനിർത്തിക്കൊണ്ടാണെങ്കിലും അവയുടെ മൗലീകമായ സത്തയിൽ കാലികമായ പരിഷ്കാരങ്ങളും നേർപ്പിക്കലുകളും നടത്താനും    അതിലൂടെ സ്വകാര്യതലത്തിൽ വിശ്വാസിയായി നിലനിൽക്കുമ്പോൾ തന്നെ സാമൂഹ്യതലത്തിൽ മതേതരവാദിയാകാനും വിശ്വാസിയെ സഹായിക്കുന്ന ഒരു പ്രക്രിയയാണ് വിശ്വാസത്തിന്റെ, മതത്തിന്റെ  അപമൗലീകവൽക്കരണം. അത് പരോക്ഷമായ  ഒരു സാംസ്കാരിക പ്രക്രിയയാണ്. നാസ്തികത്വമല്ല മതത്തിന്റെ, വിശ്വാസത്തിന്റെ അപമൗലീകവൽക്കരണം. അത് വിശ്വാസ, ആചാര, അനുഷ്ഠാന ബന്ധിയായ ബഹുസ്വരതയെയും, മതേതരത്വത്തെയും അംഗീകരിച്ചുകൊണ്ട് തന്നെ വൈകാരികതലത്തിൽ തന്റെ ദൈവത്തെയും, വിശ്വാസങ്ങളെയും നിലനിർത്തിക്കൊണ്ട് പോകാൻ വിശ്വാസിയെ സഹായിക്കുന്ന ചില ശാസ്ത്രീയ, പുരോഗമന മൂല്യങ്ങളുടെ സാംസ്കാരിക മേൽക്കയ്യിലൂടെ സമൂഹത്തിൽ സാധ്യമാകുന്ന ഒന്നാണ്. 

വിശ്വാസത്തിന്റെ സാംസ്കാരികമായ ഈ  അപമൗലീകവൽക്കരണം മതരാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം അതിന്റെ മരണമണിയ്ക്ക് സമാനമാണ്; എന്ത് വിലകൊടുത്തും ചെറുക്കേണ്ട ഒന്ന്. സാംസ്കാരികമായി നിലനില്ക്കുന്ന ഒന്നാണ് എന്നതുകൊണ്ട് തന്നെ വിശ്വാസത്തിന്റെ അപമൗലീകവൽക്കരണത്തെ സാംസ്കാരികമായല്ലാതെ തകർക്കാനാവില്ല. അതുകൊണ്ട് മത, ജാതി, വംശ രാഷ്ട്രീയങ്ങളുടെ വക്താക്കൾക്ക് അതിന്റെ യുക്തിയെ സാംസ്കാരികമായി തന്നെ തകർക്കെണ്ടതുണ്ട്. മതേതരത്വം, ബഹുസ്വരത തുടങ്ങിയ ജനാധിപത്യമൂല്യങ്ങളെ ജനാധിപത്യപരമായി തന്നെ സാംസ്കാരികമായി തകർത്തുകൊണ്ട് അവർ സമാന്തരമായി ആ ദൗത്യം ചെയ്തുകൊണ്ടേയിരുന്നു. സ്വാഭാവികവും, ചരിത്രപരവുമായ വെളിച്ചത്തിലേയ്ക്ക്, വിശദാംശങ്ങളെ മുൻനിർത്തി  ബ്രഹദാഖ്യാനങ്ങളിൽനിന്ന് വേർപെട്ട് സൂക്ഷ്മാഖ്യാനങ്ങളായി  വികസിച്ച സ്ത്രീ, ദളിത്, വംശീയ, പാരിസ്ഥിതിക സ്വത്വങ്ങളുടെ പുരോഗമനപരമായ സാംസ്കാരിക പരിപ്രേക്ഷ്യത്തെ അത് തങ്ങളുടെ അജണ്ടകളിലേയ്ക്ക് കടത്തിക്കൊണ്ട് പോയി. ഇതിന് സമാന്തരമായി നവോത്ഥാനമൂല്യങ്ങളെന്ന് നമ്മൾ വിളിക്കുന്ന മൂല്യങ്ങളുടെ സാംസ്കാരിക അംഗീകാരവും നഷ്ടപ്പെട്ടു, അവ ചോദ്യം ചെയ്യപ്പെട്ടു. മുഖ്യധാരാ ഇടത് സൈദ്ധാന്തികരുടെ പക്കൽ അതിന് മറുപടി ഉണ്ടായില്ല, അഥവാ ഉള്ളവർ മുഖ്യധാരയിലേയ്ക്ക് എത്തിയില്ല. 

അടവുനയങ്ങളുടെ പരിമിതികൾ
ഗുരുവിന്റെ സാമൂഹ്യപരിഷ്കരണ ശ്രമങ്ങൾ പ്രത്യക്ഷമായി തന്നെ യുക്തിവാദത്തിന്റെ പാത പിന്തുടർന്ന സഹോദരൻ അയ്യപ്പന്റേതിനും, ആക്റ്റിവിസത്തിന്റെ പാത പിന്തുടർന്ന അയ്യങ്കാളിയുടെതിനും വ്യത്യസ്തമായ ഒരു അടവുനയം കൂടി ഉൾക്കൊള്ളുന്നതായിരുന്നു. എന്നാൽ ആ അടവുനയത്തെ ഇന്നത്തെ അതിന്റെ പരിണാമസ്ഥലിയിൽ വെച്ച് വിചാരണ ചെയ്താൽ എന്താവും വിധി. അത്തരമൊരു വിശകലനത്തിന്റെ വെളിച്ചത്തിലേ വർത്തമാനകേരളത്തിലെ പൊതുബോധമെന്ന സാംസ്കാരിക ഹെഗമണിയെ, അതിന്റെ രാഷ്ട്രീയ പ്രതിപ്രവർത്തനങ്ങളെ, അതിനോട് നാമിനിയും തുടരാമെന്ന് കരുതുന്ന അടവുനയങ്ങളെ വിലയിരുത്താനാവൂ

പറഞ്ഞുവരുന്നത് ഈ പ്രസ്ഥാനങ്ങൾക്കൊന്നും കേരളീയ സംസ്കാരത്തിലെ ഹിന്ദുത്വപൈതൃകത്തെ എടുത്ത് കളയാൻ കഴിഞ്ഞിരുന്നില്ല എന്നാണ്. അവയ്ക്ക് സാധിച്ചത് ഹിന്ദുത്വഅധികാരഘടനയുടെ മൗലികതയിൽ കാലികമായ ചില നേർപ്പിക്കലുകൾ മാത്രമാണ്. ആർത്തവം വെറുമൊരു ശാരീരിക പ്രതിഭാസമാണെന്നുംഅതിൽ ശുദ്ധാശുദ്ധങ്ങളുടെ പ്രശ്നങ്ങളൊന്നുമില്ലെന്നും ഉള്ള ശാസ്ത്രീയ ധാരണകൾ കേരളീയ പൊതുബോധത്തിൽ വ്യാപകമായിരുന്ന ഒരു കാലം ഈ അടുത്ത ഭൂതകാലത്തിൽ എങ്ങും ഉണ്ടായിരുന്നില്ല. തീണ്ടാരിപ്പുരയിൽ കഴിയണ്ടപകരം അടുക്കളയിലും പൂജാമുറിയിലും കയറാതിരുന്നാൽ മതി എന്ന് ആചാരത്തിൽ വെള്ളം ചേർത്തു. അണുകുടുംബ വ്യവസ്ഥയായപ്പോൾ അടുക്കളയിലും കയറാംവിളക്ക് കത്തിക്കുകയോപൂജാ സാധനങ്ങൾ തീണ്ടുകയോ ചെയ്യാതിരുന്നാൽ മതി എന്നായി. ദളിതരോടുള്ള പുച്ഛവും, ജാത്യാഭിമാനവും ഉള്ളിൽ കെടാതെ കിടപ്പുണ്ടെങ്കിലും അയിത്താചരണം വേണ്ടെന്ന് വയ്ക്കാൻ നിർബന്ധിതമായി. 

അതൊരു ചെറിയ കാര്യവുമല്ല. പക്ഷേ അതിന് തുടർച്ച ഉണ്ടായില്ല എന്നതാണ് പ്രശ്നം. ഇടത് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിവച്ച വിപ്ലവകരമായ സാമൂഹ്യ പരിഷ്കാരങ്ങൾക്ക്   പൂർണ്ണമായ അർത്ഥത്തിൽ സമഗ്രമായ സാമൂഹ്യ, സാംസ്കാരിക തലങ്ങളിൽ നിന്നു കൊണ്ടുള്ള തുടർച്ചകൾ ഉണ്ടായില്ല എന്ന പതിവ് നിരീക്ഷണം പക്ഷേ ചരിത്രപരമായ ചില യാഥാർത്ഥ്യങ്ങളെക്കൂടി കാണേണ്ടതുണ്ട്. അത്തരം മാറ്റങ്ങളെ ഉൾക്കൊള്ളാൻ തക്ക ആഴം അന്നും, ഇന്നും നമുക്കില്ലെന്നതാണ് നവോത്ഥാനാനന്തര കേരളീയ സമൂഹത്തിലെ സാംസ്കാരിക യാഥാർത്ഥ്യം. ഇ എം എസ് സർക്കാരിനെതിരെ മത, സമുദായ സംഘടനകളും വലത് രാഷ്ട്രീയവുമായി കൈകോർത്ത് നടത്തിയ, നവോത്ഥാനത്തിനും ആശാനും ഗുരുവിനും ശേഷം ഏതാനും പതിറ്റാണ്ടുകൾ മാത്രം അകലെ നടന്ന വിമോചന സമരം അതിന്റെ പഴയ തെളിവാണ്. എം ഏ ബേബിയുടെ കാലത്തെ പാഠ്യപദ്ധതി പരിഷ്കരണശ്രമങ്ങളുടെ ഭാഗമായായിരുന്ന  'മതമില്ലാത്ത ജീവൻ' ഉണ്ടാക്കിയ വിവാദങ്ങൾക്ക് മറന്നുപോകാൻ തക്കവണ്ണം പഴക്കമില്ലല്ലോ. അത് നമ്മുടെ പൊതുസമൂഹത്തെ  ഒരു രണ്ടാം വിമോചനസമരത്തെക്കുറിച്ച് ചിന്തിക്കുന്ന അളവിൽ പ്രകോപിപ്പിച്ചു എന്നത് മേല്പറഞ്ഞതിന്റെ പുതിയ തെളിവ്

അടവുകൾക്കാവുന്ന ഫാസിസ്റ്റ് പ്രതിരോധം 
പൊതുബോധത്തെ പ്രതിപക്ഷത്ത് നിർത്തിയല്ല, അതിനെ ഒപ്പം കൂട്ടാൻ ആവശ്യമായ സമ്മതത്തിന്റെ നിർമ്മിതി ആദ്യമേ നടത്തിക്കൊണ്ടാണ് ഫാസിസം അത് നടപ്പാക്കുന്ന സമൂഹങ്ങളെ തന്നെ പിന്നീട് ഇരവല്ക്കരിക്കുന്നത്. ജനാധിപത്യാനന്തര സമൂഹങ്ങളിൽ നിന്നാണ് ആധുനിക ഫാസിസത്തിന്റെ മാതൃകകൾ ഉരുത്തിരിഞ്ഞ് വന്നതെന്നത് ഇതിന് തെളിവാണ്. അതിന്റെ പ്രവർത്തനങ്ങളുടെ രീതിശാസ്ത്രം സ്വാഭാവികമായും രേഖീയമായ വിശകലനങ്ങൾക്ക് വഴങ്ങുന്നതുമല്ല. എന്നുവച്ച് അതിന്റെ ഉത്തരാധുനികതാനന്തര വകഭേദങ്ങളെ കാല്പനികമായ അടവ് നയങ്ങളിലൂടെയുള്ള ഗോറില്ല യുദ്ധമുറകൾ കൊണ്ട് പരാജയപ്പെടുത്താനാവുമോ? അതായത് സ്വയം ഒരു അടവുമാതൃകയാണ് ഫാസിസമെന്നിരിക്കെ അതിനു സാംസ്കാരികമായി വഴങ്ങിക്കഴിഞ്ഞ ഒരു സമൂഹത്തിന്റെ കായികമായ തയ്യാറെടുപ്പുകളുടേതു മാത്രമായ ഇടവേളയിൽ മറ്റൊരു അടവു പ്രയോഗിച്ച് അതിനെ സ്വതന്ത്രമാക്കാൻ കഴിയുമോ? അതോ ഫാസിസ്റ്റ് മസ്തിഷ്കപ്രക്ഷാളനങ്ങളുടെ മാന്ദ്യത്തിൽ നിന്നും അവരെ ഉണർത്താൻ പോന്ന ഉലയ്ക്കലുകളാണോ വേണ്ടത്

വിമോചനസമരം നല്കിയ കെട്ട പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് സപ്തമുന്നണി ഉണ്ടാകുന്നതെന്ന എം എൻ കാരശ്ശേരിയുടെ നിരീക്ഷണത്തിൽ ഒരു വസ്തുതയുണ്ട്. അവിടം മുതൽക്കാണ് പാർലമെന്ററി അടവ് നയം എന്ന നിലയിൽ പൊതുബോധത്തിനെ നേരിട്ട് പ്രകോപിപ്പിക്കുന്ന പുരോഗമന മാർഗങ്ങൾ, ചില ഒറ്റപ്പെട്ട അപവാദങ്ങൾ മാറ്റി നിർത്തിയാൽ, പാർട്ടി വേണ്ടെന്ന് വയ്ക്കുന്നത്. പിന്നെആർ എസ്സ് എസ്സിനെ അമ്പലത്തിൽനിന്ന് പുറം തള്ളാൻ പാർട്ടി കേഡർ മാരെ അമ്പലക്കമ്മിറ്റിയിൽ ഒളിച്ച് കടത്തിയത് പോലെയുള്ള  അടവുനയങ്ങൾ. അതിനും ഉണ്ട്  കുറെ പഴക്കം. എന്നിട്ടെന്തായി? കമ്യൂണിസ്റ്റിനെ കമ്യൂണലിസ്റ്റാക്കാം, പക്ഷേ കമ്യൂണലിസ്റ്റിനെ കമ്യൂണിസ്റ്റാക്കുക എളുപ്പമല്ല എന്നതാണ് ആ അടവുനയത്തിന്റെ പ്രയോഗ ചരിത്രംഇപ്പോൾ അമ്പലത്തിനകത്തും പുറത്തുംഎവിടെയും ആർ എസ്സ് എസ്സ് എന്ന നിലയായി. സംഘിമനോഭാവം ഹിന്ദുസമുദായത്തിൽ ആകെ വ്യാപകമാവുകയും അതുവഴി അത് പാർട്ടി കേഡർമാരിൽ വരെ കലരുകയും ചെയ്തു. 

ഒരു ഇടത് രാഷ്ട്രീയ കക്ഷി എന്ന നിലയിൽ സിപിഎമ്മിന് അവകാശപ്പെട്ട പുരോഗമനോന്മുഖ രാഷ്ട്രീയ കർതൃത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നത്ര പ്രകടമായ യാഥാസ്ഥിതികത്വം പാർട്ടി അണികളുടെ പ്രവർത്തികളിൽനിന്ന് തന്നെ നിരവധിയായി ഇന്ന്  വിമർശകർക്ക് എടുത്ത് ഉദ്ധരിക്കാൻ പറ്റുന്നത് യഥാർത്ഥത്തിൽ ഈ അടവ് നയത്തിന്റെ പരിമിതിയാണ് സൂചിപ്പിക്കുന്നത്. സദാചാര പോലീസിങ്ങ്, സ്ത്രീവിരുദ്ധത, ദളിത്‌ വിരുദ്ധത തുടങ്ങിയ ഹിന്ദുത്വമുദ്രകൾ പാർട്ടി അണികളിൽ പോലും വ്യത്യസ്ത അനുപാതങ്ങളിൽ ഇന്നും നിലനിൽക്കുന്നുണ്ടെങ്കിൽ അത് സാംസ്കാരിക ഹിന്ദുത്വത്തെ നേരിടുന്നതിൽ സംഭവിച്ച ഗുരുതരമായ വീഴ്ചകളാണ് സൂചിപ്പിക്കുന്നത് 

ചരിത്രപരമായ അനിവാര്യത
കേരളത്തിലെ ഇടതു പക്ഷത്തിന് ഒരു വോട്ട് ബാങ്ക് ഉണ്ടെങ്കിൽ അത് ഈഴവസമുദായമാണെന്നത് ഒരു അംഗീകൃത നിരീക്ഷണമാണ്. അതും ചോർന്നു തുടങ്ങി എന്നത് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കണക്കുകൾ അവലംബിച്ച് ഇടത് നിരീക്ഷകർ തന്നെ അംഗീകരിച്ച വസ്തുതയും. ആ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് എം ഏ ബേബി തോല്ക്കാൻ കാരണം കൈരളി ടിവി പ്രക്ഷേപണം ചെയ്ത അമൃതാനന്ദമയി എന്ന ആൾദൈവത്തിന് എതിരായ അഭിമുഖം തിരഞ്ഞെടുപ്പ് കഴിയുവോളം മാറ്റിവയ്ക്കുക എന്ന അടവിന്റെ അഭാവവും ആകാം എന്ന ഇന്നത്തെ നിലയ്ക്ക്  തള്ളിക്കളയാൻ പറ്റാത്ത ഒരു വാദവും കൂടി മുഖത്തടിച്ച് നിൽക്കുമ്പോൾ ഒരു ചോദ്യം ബാക്കിയാവുന്നു. ഏറിയും കുറഞ്ഞും ഏതാണ്ട് അരനൂറ്റാണ്ടിലേറെയായി മധ്യവർഗപൊതുബോധത്തെ ധനാത്മകമായി സ്വാധീനിക്കുക എന്ന ലക്ഷ്യം വെച്ച്  തുടരുന്ന ഈ അടവുനയം വിജയിക്കുന്നത് പോട്ടെ,  ഫാസിസത്തിലേക്കുള്ള അതിന്റെ പ്രയാണത്തെ വൈകിപ്പിക്കുന്നുവെങ്കിലുമുണ്ടോ

ഈ ചോദ്യത്തിന്റെ ഉത്തരത്തിലുണ്ട് ചുംബനസമരവും ആർത്തവസമരവുമുൾപ്പെടെയുള്ള ഫാസിസ്റ്റ് പൗരാവകാശ ലംഘനങ്ങൾക്കെതിരെ സ്വാഭാവികമായി ഉയർന്നു വരുന്ന സമരങ്ങളോടെടുക്കേണ്ട നിലപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ഉത്തരം. മധ്യവർഗപൊതുബോധമെന്ന രാഷ്ട്രീയവും സാംസ്കാരികവുമായ ഹെഗമണിക്കുള്ളിൽ നിന്നുണ്ടാവുന്ന നിഷേധങ്ങളുടെ ധാരകളാണ് ഈ സമരങ്ങൾ. സ്വാഭാവികമായും അതിനു വർഗപരമായ പരിമിതികളുണ്ടാവും. പക്ഷേ അതിന്റെ പുരോഗമനപരമായ ഉള്ളടക്കത്തെ, അനിഷേധ്യമായ യാഥാസ്ഥിതികതാ നിഷേധത്തെ, സമഗ്രമായൊരു വിമോചന സമരത്തിലേക്ക് നയിക്കേണ്ട ഉത്തരവാദിത്തം ഇടതുപക്ഷത്തിനല്ലെ? അതല്ലെ ചരിത്രപരമായ അനിവാര്യത

നീക്കുപോക്കല്ല, നീക്കമാണാവശ്യം 
മദ്ധ്യവർഗ്ഗം അംഗീകരിക്കുന്ന എന്തും സമൂഹത്തിൽ ഫാഷനായി മാറും. കാരണം അവരാണ് നിയോലിബറൽ കമ്പോള കാലഘട്ടത്തിലെ ഭൂരിപക്ഷം. അവരെ ആശ്രയിച്ചാണ് ഒരു സമൂഹത്തിന്റെ വാങ്ങൽ ശേഷി. അതുകൊണ്ട് തന്നെ മുതലാളിത്തം  അവരുടെ താല്പര്യങ്ങളെ തങ്ങളുടെ എല്ലാ കച്ചവട ഉപകരണങ്ങളും ഉപയോഗിച്ച് ഫാഷനായി ഉയർത്തും. സംസ്കാരത്തെ തന്നെ, അതിന്റെ സംവാദസ്ഥലികളെ മൂലധനശക്തികൊണ്ട് റദ്ദ് ചെയ്ത്  അവർ ഒരു ഉല്പന്നമാക്കി മാറ്റും. അതിന് ആവശ്യമായ സാംസ്കാരിക ഉള്ളടക്കം അവർ  തന്നെ സൃഷ്ടിക്കും. അത് വെറും ശരാശരി മാത്രമായിരിക്കും എന്നത് സ്വാഭാവികം. ആഗോളവല്ക്കരിക്കപ്പെട്ട  സാംസ്കാരിക വിപണി  ശരാശരിത്വത്തിന്റെ ആഘോഷമായി മാറുന്നത് ആ മൂലധന സാമ്രാജ്യത്വവൽക്കരണത്തിലൂടെയാണ്. ഇവിടെയാണ് കമ്യൂണിസത്തിന്റെ സൈദ്ധാന്തിക സാധ്യതകൾ ബാക്കിയാവുന്നത്. പക്ഷേ അത് വെറും അടവുനയങ്ങളുടെ നീക്കുപോക്ക് സ്ഥലത്തല്ല നിലനില്ക്കുന്നത് എന്ന് മാത്രം. 

ആധുനികാന്തര കാലഘട്ടത്തിലാണ് ഇത് നടന്നത് എന്നതുകൊണ്ട് അതിന്റെ സാമാന്യ കർതൃത്വം ഉത്തരാധുനികതയിൽ വന്നുപെട്ടു. സമാന്തരമായി നടന്നുകൊണ്ടിരുന്ന ഈ പ്രക്രിയയെ തിരിച്ചറിയാനും അവയെ സാംസ്കാരികമായി നേരിടാനും ഇടത് പാർലമെന്ററി അടവ് നയങ്ങൾക്ക് കഴിഞ്ഞില്ല എന്നതാണ് സ്വയം വിമർശനത്തിന്റെ ഭാഗമായി സാംസ്കാരിക ഇടത് പക്ഷം മനസിലാക്കേണ്ടത്. ആദ്യം  വേണ്ടത് മധ്യവർഗ പൊതുബോധത്തിൽ ഹിന്ദുത്വം സ്ഥാപിച്ചുകഴിഞ്ഞ ഹെഗമണിയുടെ ആഴം മനസിലാക്കുക എന്നതാണ്. അതിലൂടെയേ ബഹുസ്വര, മതേതര, ജനാധിപത്യമൂല്യങ്ങളുടെ എമ്പെരിക്കൽ നീതിബോധത്തിൽ അധിഷ്ഠിതമായ ഒരു പ്രതി മേൽക്കോയ്മ സ്ഥാപിച്ചെടുക്കാനാവു. അവിടെ നിന്നേ ഇനിയൊരു പുതിയ ചലനത്തിന്  സാധ്യതയുള്ളു എന്ന് തോന്നുന്നു.

No comments: