सारे जहाँ से अच्छा, हिन्दोस्तां हमारा
(Better than all the world, is our India)
ഏതൊരു ഭാരതീയനും മനപാഠമായ മുഹമ്മദ് ഇക്ബാല്‍ രചിച്ച ഈ ദേശഭക്തിഗാനത്തിന്റെ ആദ്യവരിയില്‍നിന്ന് നാം വായിച്ചെടുക്കേണ്ടത് മുഴുവന്‍ ലോകത്തെക്കാളും മികച്ചതാണ് നമ്മുടെ ഇന്ത്യ എന്ന അന്ധമായ ദേശാഭിമാനത്തെയല്ല, മറിച്ച് ലോകത്തെ ഏതു സ്വര്‍ഗത്തെക്കാളും മെച്ചമാണ് ഒരിന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം അവന്റെ മാതൃരാജ്യമെന്ന എളിമയുള്ളതും മാനവികവുമായ ദേശസ്നേഹത്തെയാണ്. ഒരു രാജ്യസ്നേഹിയായിരിക്കാന്‍ ആരും ഇതരരാജ്യങ്ങളെയും അവിടുത്തെ മനുഷ്യരെയും വെറുത്തു മാറ്റിനിര്‍ത്തേണ്ടതില്ല. സ്നേഹത്തിന്റെ ഭാഷ, അത് മനുഷ്യസ്നേഹമായാലും രാജ്യസ്നേഹമായാലും സ്നേഹത്തിന്റേതു മാത്രമാണ്, വെറുപ്പിന്റേതല്ല. ദൌര്‍ഭാഗ്യവശാല്‍ സ്വതന്ത്രഇന്ത്യയുടെ രൂപീകരണം മുതല്‍ പ്രത്യക്ഷമായും പരോക്ഷമായും നമ്മള് പഠിപ്പിക്കപ്പെട്ടത് സ്നേഹത്തിന്റേതായ ദേശാഭിമാനത്തിനു പകരം വെറുപ്പിന്റേതായ ഒന്നായിരുന്നു. ഇതാവട്ടെ പലപ്പോഴും അധികാരിവര്‍ഗം തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കനുസരിച്ച് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതും. അങ്ങനെയാണ് ഒരു രാജ്യസ്നേഹിയായ ഇന്ത്യക്കാരനാവാന്‍ പാക്കിസ്ഥാനെയും ചൈനയെയും എന്നല്ല, പാക്കിസ്ഥാനിയെയും ചൈനക്കാരനെയും വരെ വെറുത്തേ മതിയാവൂ എന്ന പൊതുബോധത്തിലേക്ക് നമ്മുടെ സമൂഹമനസ്സ് ചുരുക്കപ്പെട്ടത്. ഇത്തരം ഇടുങ്ങിയ ദേശീയതയുടെ മറ്റൊരാളിക്കത്തല്‍ മാത്രമാണ് സാനിയ - ഷോയിബ് വിവാഹവിവാദത്തില്‍ നിന്നും നമുക്ക് വായിച്ചെടുക്കാനാവുന്നത്.
സാനിയയെന്ന സ്ത്രീയോ, ഇന്ത്യക്കാരിയോ, ടെന്നീസ്താരമോ ഷോയിബ് മാലിക്കെന്ന പുരുഷനെയോ, പാക്കിസ്ഥാനിയെയോ, ക്രിക്കറ്റ് താരത്തെയോ വിവാഹം കഴിക്കുന്നതില്‍ മറ്റൊരു ഇന്ത്യക്കാരനോ പാക്കിസ്ഥാനിക്കോ ഉന്നയിക്കാവുന്ന നിയമപരമോ ധാര്‍മികമോ ആയ പ്രശ്നം എന്താണ്? അത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഷോയിബിന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ടത് മാത്രമാണ്(ടെലിഫോണിലൂടെ നടന്നതെന്ന് പറയപ്പെടുന്ന ഈ വിവാഹം ഇരുപക്ഷത്തും സംശയകരമായ ഒരുപാട് അവ്യക്തതകളും പൊരുത്തക്കേടുകളും അവശേഷിപ്പിക്കുന്നുണ്ട് എന്നതു സത്യം). അതാവട്ടെ കോടതിയുടെ പരിഗണനയിലുമാണ്. അപ്പോള്‍ പിന്നെ ഈ നടക്കുന്ന വിവാദങ്ങളും പ്രതിഷേധപ്രകടനങ്ങളും ലേഖനമെഴുത്തും മുന്നോട്ടുവെക്കുന്നത് എന്താണ്?
“had Sania's heart been Indian, it wouldn't have beaten for a Pakistani." ശിവസൈന്യാധിപനായ താക്കറെയില്‍ നിന്ന് ഇത്തരമൊരു വാചകം ആരും പ്രതീക്ഷിക്കുന്നതാണ്. എന്നാല്‍ താക്കറെയുടെ രാഷ്ട്രീയത്തോട് കടുത്ത എതിര്‍പ്പുള്ളവര്‍ പോലും ഇപ്പറഞ്ഞതിലിത്തിരി കാര്യമുണ്ട് എന്ന നിലക്ക് പ്രതികരിക്കുന്നതാണ് ആശ്ചര്യകരം. എന്താണീ വൈരുദ്ധ്യത്തിനു കാരണം? ഉത്തരം ലളിതമാണ്. നമ്മുടെ രാജ്യസ്നേഹത്തെ സംബന്ധിച്ചിടത്തോളം നേര്‍വിപരീതമാണ് പാക്കിസ്ഥാന്.
എന്താണീ പാക്കിസ്ഥാന്? ഒരു ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം മുംബൈ ഭീകരാക്രമണം തൊട്ട് കാര്‍ഗില്‍ തൊട്ട് പിന്നോട്ട് പന്തലിച്ചുകിടക്കുന്ന മനുഷ്യത്വരഹിതമായ ഒരു വില്ലന്‍ പരിവേഷമാണത്. എന്നാല്‍ പതിനേഴ് കോടിയോളം വരുന്ന പാക്കിസ്ഥാനി സിവില്‍ സമൂഹത്തിന് മേല്പറഞ്ഞ സംഭവങ്ങളില്‍ എന്ത് പങ്കാണുണ്ടായിരുന്നത് എന്നു കൂടി ചിന്തിക്കേണ്ടതില്ലേ? ഒരു ജനാധിപത്യരാജ്യമായിരുന്നിട്ടുകൂടി ഇന്ത്യാഗവണ്മെന്റ് എടുക്കുന്ന രാഷ്ട്രീയതീരുമാനങ്ങക്ക് നൂറു കോടിയോളം വരുന്ന ഇന്ത്യക്കാരില്‍ എത്ര ശതമാനത്തിന്റെ പിന്തുണ അവകാശപ്പെടാനാവും? അപ്പോള്‍ പിന്നെ ജനാധിപത്യം പേരിനുമാത്രമുള്ള, പട്ടാളമേധാവിത്വം കൊടികുത്തിവാഴുന്ന ഒരു ഭരണകൂടത്തിന്റെയോ അതിലെ ചില വിഭാഗങ്ങളുടെയോ ചെയ്തികളുടെ പേരില്‍ അവിടുത്തെ ജനങ്ങളെ മുഴുവന്‍ പ്രതിസ്ഥാനത്തു നിര്‍ത്തുന്നത് എന്തു നീതിയാണ്?
ഒരു വ്യക്തിയെന്ന നിലയില്‍ ലോകത്തെ ഏതു പൌരനെയും പ്രണയിക്കാനും വിവാഹം കഴിക്കാനുമുള്ള അവകാശം സാനിയക്കുണ്ട്. അതിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളും ഉയര്‍ത്തുന്ന വിവാദങ്ങളും അവരുടെ മനുഷ്യാവകാശങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയാണ്. ലോകടെന്നീസ് ഭൂപടത്തില്‍ നമുക്കൊരു സ്ഥാനം നേടിത്തന്ന സാനിയയെന്ന കളിക്കാരിക്ക് നാം നല്‍കേണ്ടിയിരുന്ന വിവാഹസമ്മാനം ഇതായിരുന്നില്ല.
Monday, April 5, 2010
Subscribe to:
Post Comments (Atom)
7 comments:
പാക്കിസ്താനേയും,താലീബാനേയും,ഇസ്ലാമിനേയും ശത്രു സ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട് സവര്‍ണ്ണ ഹൈന്ദവ സമൂഹം വര്‍ഗ്ഗീയ ശക്തി സമാഹരിക്കുന്നതിന്റെ തെളിവുകളാണ് സാനിയ വിവാഹാലോചനയുമായി ബന്ധപ്പെട്ട വിവാദങ്ങളിലായാലും,എം.എഫ്.ഹുസൈന് നാടുകടത്തലിലായാലും വെളിപ്പെടുത്തുന്നത്. നേരിട്ടുള്ള പ്രതിരോധത്തെ പൊതുജനം വര്‍ഗ്ഗീയതയായി തിരിച്ചറിയുമെന്നും,നിരാകരിക്കുമെന്നും അറിവുള്ളതിനാല്‍
സവര്‍ണ്ണത രാജ്യസ്നേഹത്തിന്റെ മറപിടിച്ച് ഇസ്ലാമിനെതിരെ ജിഹാദു നടത്തുകയാണ്.അതിനായി അവര്‍ണ്ണ ഹിന്ദുക്കളെ അണിചേര്‍ക്കുകയാണ്.
ഇസ്ലാമിനോടുള്ള ശത്രുതകൊണ്ടൊന്നുമല്ല... സവര്‍ണ്ണതയുടെ അടിമത്വത്തിലേക്ക് അവര്‍ണ്ണ ഹൈന്ദവരെ അണിചേര്‍ക്കുന്നതിനായി ഒരു അന്യമത ശത്രു ആവശ്യമാണ്. ഹിന്ദുമതത്തിന്റെ ആന്തരിക വിവേചനങ്ങളില്‍ നിന്നും ഭൂരിപക്ഷ ജനതയായ അവര്‍ണ്ണന്റെ ശ്രദ്ധ ശത്രുവിലേക്ക് തിരിച്ച് സവര്‍ണ്ണ ഭരണതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു താന്ത്രിക വിദ്യയാണിത്.
ചിത്രകാരാ,
കൃത്യമായ നിരീക്ഷണം. വ്യക്തിസ്വാതന്ത്ര്യം,ആവിഷ്കാരസ്വാതന്ത്ര്യം തുടങ്ങിയ മനുഷ്യാവകാശങ്ങള്‍ക്കുമേലുള്ള സംഘികളുടെ കുതിരകയറലിന് അവരുടെ ആവിര്‍ഭാവത്തോളം തന്നെ പഴക്കമുള്ള ഒരു ചരിത്രമുണ്ട്.അവര്‍ പ്രത്യക്ഷമായി തന്നെ ഉയര്‍ത്തിപ്പിടിച്ചിരുന്ന സവര്‍ണ്ണമൂല്യങ്ങള്‍ ഇപ്പോള്‍ പരോക്ഷമായാണ് പ്രയോഗിക്കുന്നതെന്ന് മാത്രം.ഒരു വര്ഗീയത്യ്ക്കും മറ്റൊരു വര്‍ഗീയത ശത്രുവല്ല.അവര്‍ തമ്മിലുള്ളത് ഒരുതരം പരസ്പരാശ്രയത്വം തന്നെയാണ്.ഈ വഴി അന്വേഷണം ഒരുപാട് മുന്നോട്ടുകൊണ്ടുപോയ ഹേമന്ദ് കര്‍ക്കറെയുടെ മരണത്തിലെ ദുരൂഹതകള്‍ ഇനിയും കുരുക്കഴിയുന്നില്ല എന്നത് അശുഭകരമായ സൂചനകള്‍ തന്നെയാണ് മുന്നോട്ടുവയ്ക്കുന്നത്.
പോസ്റ്റിന് അടിയില്‍ എന്റെ ഒരൊപ്പ്!!!
ലോകടെന്നീസ് ഭൂപടത്തില്‍ നമുക്കൊരു സ്ഥാനം നേടിത്തന്ന സാനിയയെന്ന കളിക്കാരിക്ക് നാം നല്‍കേണ്ടിയിരുന്ന വിവാഹസമ്മാനം ഇതായിരുന്നില്ല.
'മാതൃരാജ്യം','രാജ്യസ്നേഹം' ഇത്യാദി പ്രയോഗങ്ങള്‍ തന്നെ കുഴപ്പം പിടിച്ചതാണ്. അവിടെ ആരംഭിക്കും അയല്രാജ്യങ്ങളുള്പ്പെടെയുള്ളവരോടുള്ള ശത്രുതയും. തികച്ചും യാദൃഛികമാണ് നാം ഓരോരുത്തരും ഇന്‍ഡ്യയിലോ പാക്കിസാഥാനിലോ ജനിച്ചു എന്നത്. അതിന്റെ പേരില്‍ അഭിമാനിക്കുന്നതില്‍ അഥവാ അപകര്ഷമുള്ളവരാകുന്നതില് ഒരര്‍ഥവുമില്ല. അര്‍ഥം കണ്ടെത്തുന്നതില്‍ തുടങ്ങുന്നു, ഭരണകൂടങ്ങളുടെ സൈനിക ബജറ്റും അഴിമതിയും വര്‍ധിപ്പിക്കാനുള്ള രാജ്യസ്നേഹ പ്രകടനങ്ങള്‍. രാജ്യാതിര്‍ത്തികള്‍ എന്ന കൃത്രിമ രേഖയില്‍ മനുഷ്യരെ 'സ്വന്ത'ക്കാരായും 'അന്യ'രായും കാണുന്ന ഏര്‍പ്പാട് ഭരണകൂടങ്ങളുടെ നിക്ഷിപ്ത താത്പര്യത്തെയാണ് വാസ്തവത്തില്‍ സംരക്ഷിക്കുന്നത്. ഇന്‍ഡ്യയുടെ രാജ്യാതിര്‍ത്തിക്കകത്തുള്ള ജനതകളെ എല്ലാം സ്വന്തക്കാരായി കാണാന്‍ കഴിയാത്ത നികൃഷ്ട ശക്തികളാണ് അന്യ രാജ്യക്കാര്‍ക്കെതിരെ ശത്രുത നിലനിര്‍ത്തി ഈ ഭരണകൂട താത്പര്യം സംരക്ഷിക്കാന്‍ മുന്പില് നില്‍ക്കുന്നത് എന്നത് യാദൃഛികമല്ല. ഇന്ന് ഇന്‍ഡ്യയുടെ രാജ്യാതിര്‍ത്തിക്കു പുറത്തുള്ള പല രാജ്യങ്ങളും ചേര്‍ത്തായിരുന്നു പണ്ട് നാം രാജ്യസ്നേഹം പ്രകടിപ്പിച്ചിരുന്നത്. നാളെ പലതും കൂടിച്ചേരുകയോ വിട്ടുപോകയോ ചെയ്താല്‍ അതായിരിക്കും രാജ്യസ്നേഹപ്രകടനത്തിന് അടിസ്ഥാനം. എത്ര അര്‍ഥശൂന്യം.
പോസ്റ്റ് പ്രസക്തം. അഭിനന്ദനം.
ഒപ്പ്..അഭിവാദ്യങ്ങള്‍..
കുട്ടിക്കാലത്തെ ഓര്‍മകളും, മാതാ പിതാക്കളോടൊന്നിച്ച് ജീവിച്ച കാലവും, ഭാഷയും, ജീവിതവും എല്ലാം നമ്മുടെ മനസ്സില്‍ സ്യഷ്ട്റ്റിച്ചെടുക്കുന്ന ഒരു വികാരമാണ് സത്യത്തില്‍ ദേശസ്നേഹം എന്ന വികാരം. ജനിച്ചു വള്ലരുന്നത് അന്യ ദേശത്ത് എവിടെയെങ്കിലുമാണെങ്കില്‍ അവര്‍ക്ക് അവരുടെ ഓര്‍മകളും ജീവിതവുമെല്ലാം ആ നാടുമായി ബന്ധപ്പെട്ടാവും ഉണ്ടാവുക. കൈയിലുള്ള പാസ് പോര്‍ട്ടില്‍ മാത്രമാണ് രാജ്യത്തിന്റെ പേരിലുള്ള വ്യത്യാസം.അറബിയല്ലാത്ത മറ്റൊരു ഭാഷയും അറിയാത്ത ഒരു ഇന്ത്യക്കാരി പെണ്‍കുട്ടി ഞാന്‍ ജോലി ചെയ്ത സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. അവള് ഒരിക്കല്‍ പോലും ഇന്ത്യ കണ്ടിട്ടു പോലുമില്ല. ചുരുക്കത്തില്‍ ആര്‍ഷ ഭാരതം പ്രസംഗിക്കുന്ന സംഘപരിവാറുകാരനും അമേരിക്കന്‍ പാട്രിയോട്ടിസം പ്രസംഗിക്കുന്ന ഡ്രാക്കുള ബുഷും, ആര്യന് രക്തത്തിന്റെ മെന്മ പറഞ്ഞ ഹിറ്റലറും എല്ലാം ദേശീയത എന്ന ഒരു തരം നൊസ്റ്റാള്ല്ജിയയേ ഉപയോഗപ്പെടുത്തുന്നവരാണ്. ഇന്നത്തെ ആഗോളീകരണ കാലഘട്ടത്തിലും, പ്രാചീന കാലഘട്ട്ത്തിലുമെല്ലാം ഇന്ന് കാണുന്ന രീതിയിലുള്ള ഉന്മാദ ദേശീയത ഉണ്ടായിരുര്ന്നോ എന്നത് സംശയമാണ്. ഇന്ത്യ്യില് സവര്‍ണത സ്ഥാപിക്കുകയും, ചാതുര് വര്‍ണ്യം തിരിച്ച് കൊണ്ടുവരികയും, സവര്‍ണനും പശുവിനും സുഖമായിരിക്കാനുള്ള ആര്‍ഷഭാരതം കെട്ടിപടുക്കാന്‍ നടക്കുന്ന കാവി - പേക്കോലങ്ങളും, അമേരിക്കക്കാരന് സ്വസ്ഥമായി നടക്കണമെന്ന് പറഞ്ഞ് ലോകത്ത് മുഴുവനും കൊല വിളിക്കുന്ന യാങ്കിക്കും ഉദ്ദേശം ഒന്ന് മാത്രം ചൂഷണം. അതിന് ആളെ കൂടെ നിര്‍ത്താനുള്ള ആയുധം “ദേശീയത”. തരം കിട്ടിയാല്‍ വെട്റ്റി വെച്ച് കൊല്ലാനും, മാനം കവരാനും എളുപ്പമുള്ള ഉപകരണം , ദേശസ്നേഹം. അമേരിക്കകാരന് അവന്റെ പതാക കൊണ്ട്റ്റ് കോണകം ഉണ്ടാക്കും ഒരു പ്രശ്നവുമില്ല. ഇന്ത്യക്കാരന് അവന്റെ പതാക അബദ്ധത്തില്‍ പോലും ഒന്ന് തൊട്ടാല്‍ കേസായി പുക്കാറായി. എന്നാല്‍ അത് കൊണ്ട്റ്റ് പോയി ലോകത്ത് സകല കങ്കാണിമാര്‍ക്കും വ്യവസായ കൂട്ടി നടത്താന്‍ ഒരു പ്രശ്നവുമില്ല. എല്ലാം ദേശസ്നേഹത്തിന്റെ ചില നാട്ടാചാരങ്ങള്‍ മാത്രം. ഇന്ന് ജീവിക്കാന്‍ ഏറെ സുഖമുള്ള രാജ്യങ്ങള്‍ ഘോരഘോരം സ്വാതത്യം പ്രസംഗിക്കുന്ന ഇന്ത്യയല്ല. എന്ന കാര്യം ഈ രാജ്യ സ്നേഹികള്‍ മനസ്സിലാക്കിയാല്‍ നന്ന്. ഉന്മാദ ദേശീയതകള്‍ നാടിനെ ഇപ്പോള്‍ അപ്പാടെ മലീമസമാക്കുന്നു.
അന്യ സമൂഹത്തില്ലേക്ക് മക്കളെ വിവാഹം കഴിച്ചുകൊടുക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കുന്നതു് സ്വകാര്യ സ്വത്തുക്കൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പ്രാകൃത മനുസുകളുടെ അടിത്തട്ടിൽ നിന്നും ഉടലെടുക്കുന്ന ഒരു മനോഭാവമാണു്. ഇതിനെ എളുപ്പമൊന്നും മാറ്റാൻ കഴിയില്ല.
നമ്മുടെ congress-കാരുടേ ഭാവി രാജകുമാരൻ റാഹുൽ ഗാന്ധി കൊളമ്പിയക്കാരി ഹ്വാനിറ്റയെ പ്രണയിച്ചപ്പോൾ ദേശ സ്നേഹത്തിന്റെ ചോദ്യം അരും ഉയർത്തിയതായി കണ്ടില്ല.
ഇതിനു് മുമ്പും അനേകം പൊക്കത്തിലെ നേതാക്കൾ അന്യദേശക്കാരെ പരസ്യമായും രഹസ്യമായും പ്രണയിച്ചിട്ടുണ്ടു. ആ കാരണം കൊണ്ടു് അവരുടെ രാഷ്ട്രീയ ഭാവി ഇല്ലാതായതുമില്ല. മാത്രമല അന്യ ജാതിക്കാരെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും congress നേതാക്കന്മരുടേ ഒരു ഹോബി ആയിരുന്നല്ലോ. നെഹറു, ഇന്ദിര, രാജീവ് അങ്ങനെ ഇപ്പോൾ റാഹുൽ. ഇവർ അന്താരാഷ്ട്ര വിവാഹ ബന്ധങ്ങളിലൂടെ ദേശ-ഭാഷാ-ജാതി വരമ്പുകൾ കീറിപോളിച്ചടുക്കി പുതിയ മാതൃകകൾ സൃഷ്ടിക്കുകയിരുന്നു.
സാനിയ മിർസ ഒരു മുസ്ലീം പെണ്ണായതുകൊണ്ടും, അവൾ പ്രണയിച്ചു് വിവാഹം കഴിച്ച പുരുഷൻ പാകിസ്ഥാനിയായതുകൊണ്ടു് മാത്രമാണു ഇപ്പോൾ ഇതു വിവാദമായതു് എന്നതു് വളരെ വ്യക്തമാണു്.
തീവ്രമായ ദേശഭക്തി, തീക്ഷ്ണമായ വംശ മേധാവിത്വ ആശയങ്ങൾ വളർത്തും. അതെപ്പോഴും നാശമെ വരുത്തി വെക്കു. ഓർമ്മയില്ലാത്തവർ ദയവായി ജർമ്മനിയുടെ ചരിത്രം വായിക്കുക
Post a Comment