Friday, December 17, 2010

ഇദ്ദേഹം ആരുടെ പ്രധാനമന്ത്രി?

നീരാ റാഡിയയുടെ ഫോണ്‍ ചോര്‍ത്തലും അതുമായി ബന്ധപ്പെട്ട്‌ കോര്‍പ്പറേറ്റ്‌ ലോകത്ത്‌ ഉണ്ടായ ആശങ്കകളും നമ്മള്‍ നിരന്തരം വായിച്ചും കണ്ടും അറിഞ്ഞുകൊണ്ടിരിക്കുന്നവയാണ്‌. അതിനെക്കുറിച്ചുള്ള നമ്മുടെ പ്രധാനമന്ത്രിയുടെ നിലപാടും ഒടുവില്‍ പുറത്തുവന്നിരിക്കുന്നു. മന്മോഹന്‍ സിംഗ്‌ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്‌. പക്ഷേ ഏത്‌ ഇന്ത്യയുടെ? നമ്മുടെ ജനാധിപത്യത്തിനുമേല്‍ കോര്‍പ്പറേറ്റ്‌ ശക്തികളുടെ നിര്‍ണയാധികാരത്തെക്കുറിച്ച്‌ ഇന്ത്യന്‍ സമൂഹവും ജനാധിപത്യം തന്നെയും ഒരു വന്‍ ആശയക്കുഴപ്പത്തില്‍ അകപ്പെട്ടിരിക്കുന്ന ഈ ദിനങ്ങളില്‍ പുറത്തുവന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ മേല്‍പറഞ്ഞ ചോദ്യത്തോടൊപ്പം ഒരുത്തരവും വരികള്‍ക്കിടയില്‍ കരുതിവെക്കുന്നില്ലേ?

വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമെന്ന നിലയ്ക്ക്‌ ഫോണ്‍ ചോര്‍ത്തല്‍ പോലുള്ള പ്രവൃത്തികളില്‍ മന്മോഹന്‍ സിംഗിന്‌ ആശയക്കുഴപ്പങ്ങളൊന്നുമില്ല. ദേശത്തിന്റെ സാമ്പത്തികവും പ്രതിരോധവുമുള്‍പ്പെടെയുള്ള ആഭ്യന്തരസുരക്ഷാസംവിധാനങ്ങളെക്കരുതി ഒരൊഴിച്ചുകൂടാനാവാത്ത തിന്മ (അങ്ങനെയെങ്കിലും അദ്ദേഹം പറഞ്ഞുവോ?) എന്ന നിലയ്ക്ക്‌ അത്‌ സ്വീകാര്യമാണ്‌ നമ്മുടെ സര്‍ക്കാരിന്‌. അപ്പോള്‍ മന്മോഹന്‍ സിംഗ്‌ പങ്കു വെക്കുന്ന ആശങ്ക ഫോണ്‍ ചോര്‍ത്തലിലെ നൈതികതയെക്കുറിച്ചല്ല, അതു നാട്ടുകാരറിഞ്ഞതിനെ തുടര്‍ന്നുണ്ടായതും തുടര്‍ന്നും ഉണ്ടായേക്കാവുന്നതുമായ പ്രത്യാഘാതങ്ങളെക്കുറിച്ചാണ്‌.

ദേശസുരക്ഷയെക്കരുതി ഭരണകൂടത്തിലര്‍പ്പിതമായ പ്രത്യേകാധികാരങ്ങളെക്കുറിച്ച്‌ സംശയമൊന്നുമില്ലാതിരിക്കുമ്പോഴും നമ്മുടെ പ്രധാനമന്ത്രിയുടെ വേവലാതികള്‍ മുഴുവന്‍ കേന്ദ്രീകരിക്കപ്പെടുന്നത്‌ അതിന്റെ ദുരുപയോഗത്തിലാണ്‌. ഇവിടെ നടന്ന ദുരുപയോഗമാവട്ടെ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണസംവിധാനങ്ങളിലുള്‍പ്പെടെ കോര്‍പ്പറേറ്റ്‌ ശക്തികളുടെ ഇടപെടലുകള്‍ പുറത്തായി എന്നതും. നിനക്കുവേണ്ടി നിന്നെ ഭരിക്കുന്ന നിന്റെ ഭരണസംവിധാനം ആരുടെ താല്‍പര്യങ്ങള്‍ക്കൊത്ത്‌ ചലിക്കുന്നുവെന്നത്‌ നീ അറിയാന്‍ ഇട വന്നാല്‍ അത്‌ നീ കൂടി സജീവഭാഗഭാക്കായ നിന്റെ ഭരണസംവിധാനത്തിന്റെ ദൗര്‍ബല്യമാകുമെന്ന് നീ തന്നെ പറയുന്ന അവസ്ഥ. മന്മോഹന്‍ സിംഗ്‌ ഇന്ത്യന്‍ ജനാധിപത്യത്തിനോട്‌ ഒരാത്മഗതമെന്നോണം പറയുന്നത്‌ അതാണ്‌. നമ്മെക്കുറിച്ചുപോലും നമുക്കെല്ലാമറിയാനുള്ള അവകാശമില്ല. തിരഞ്ഞെടുക്കപ്പെട്ട വിവരങ്ങള്‍ വായിച്ചും കേട്ടുമറിഞ്ഞ്‌ അഭിമാനം കൊള്ളാന്‍ വിധിക്കപ്പെട്ടവരാണ്‌ നമ്മള്‍. ആ വിവരങ്ങള്‍ ആരു തരുമെന്നാണെങ്കില്‍ നമ്മുടേതെന്ന് നമ്മള്‍ വിചാരിക്കുന്ന നമ്മുടേതല്ലാത്ത അധികാരം. നമ്മുടെ ജന്മി, നമ്മുടെ തമ്പുരാന്‍ എന്നൊക്കെ പറയുന്നതു പോലെ.

മുതലാളിത്തകേന്ദ്രീകൃതമായ പുത്തന്‍ ധനതത്വശാസ്ത്രസിദ്ധാന്തങ്ങളുടെ പ്രചാരകനെന്ന നിലയില്‍ മന്മോഹന്‍ സിംഗ്‌ ഒരിക്കലും ഒരു പ്രച്ഛന്നവേഷധാരിയായിരുന്നില്ല. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ സുതാര്യങ്ങളാണ്‌. പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ ഭാഗമായി അദ്ദേഹം അതില്‍ ചേര്‍ക്കുന്ന വെള്ളമെന്നത്‌ ചിലപ്പോഴുള്ള നിശ്ശബ്ദതയും ചിലപ്പോള്‍ അനിവാര്യമായി വരുമ്പോള്‍ മാത്രമുള്ള ഒച്ചപ്പെടലും മാത്രമാണ്‌. നീരാ റാഡിയയുടെ ഫോണ്‍ ചോര്‍ത്തലും മുന്‍പെ നിലവിലുള്ള സ്പെക്ട്രം അഴിമതിയും ഇവ തമ്മിലുള്ള സങ്കീര്‍ണമായ ബന്ധങ്ങളും ഒക്കെചേര്‍ന്ന് ചരിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്തവണ്ണം ഒരു പാര്‍ലമന്റ്‌ സമ്മേളനം മൊത്തത്തില്‍ തടസ്സപ്പെട്ടിട്ടും അതിന്റെ ജനാധിപത്യപരമായ വ്യാഖ്യാനസാധ്യതകള്‍ എത്രത്തോളം അരാഷ്ട്രീയമാകാമെന്നതിനെക്കുറിച്ച്‌ തീരെ ആശങ്കാകുലനല്ലാത്ത (ഒരിക്കലും നേരിട്ട്‌ ജനവിധി തേടിയിട്ടില്ലാത്ത) നമ്മുടെ പ്രധാനമന്ത്രി ഒടുവില്‍ മൗനം ഭഞ്ജികുന്നത്‌ അദ്ദേഹത്തിന്റെ പ്രതിബദ്ധതകള്‍ക്ക്‌ മിണ്ടാതിരിക്കാന്‍ പറ്റാത്ത ഒരിടത്തില്‍ നിന്നാണ്‌. അതുതന്നെയാണ്‌ ആദ്യം ഉന്നയിച്ച ചോദ്യത്തിന്റെ ഹേതുവും. ഇദ്ദേഹം ആരുടെ പ്രധാനമന്ത്രിയാണ്‌?

6 comments:

Indian-Spartucus said...

He is not the Prime Minister. He is the Prime Criminal

മുക്കുവന്‍ said...

yea... if he was not in power, india would have been still in 1970! capitalism has its own problems, but recent changes in india made food for many in india. currently I dont think any one is worried about a food int their plate.. they worried about cell phone and car ... this change came only because of him.....

make deva gowda/vp singh as your pm. you deserve to have those idiots :)

Anonymous said...

if he was not in power, india would have been still in 1970!
തെന്നെ തെന്നെ...അപ്പോ എഴുപതിനു ശേഷം ഇന്ത്യ ഭ്രിച്ചത് മനോമൊഹനാണല്ലേ...പ്ലേറ്റി ഫൂഡിന്റെ തള്ളലു കാരണം ഉണ്ണാന്‍ പറ്റാതെ എല്ല അവന്മാരും ഏമ്പൊക്കം വിട്ടു കിടക്കുകയല്ലേ..

എന്തായാലും ഒരു കാര്യ്ം ശരിയാ അതിനുശേഷം ചിലവന്മാര്‍ക്ക് അഴിമതിപ്പണം എന്നതു കണക്കില്ലാത്ത് സാധനമായി മാറി..സ്വിസ്ബാങ്കിലൊന്നും ഇത്യ്ന്‍ കല്ലപ്പണം കാരണം മറ്റു രാജ്യക്കാരെ എടുക്കുന്നുല എന്നാണറിയുന്നത്...

പിന്നേ എഴുപതിനു മുന്നേ പിടിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ മീന്‍ ഇപ്പോ പിടിക്കുന്നുണ്ടോ മുക്കുവാ.. അരൊക്കെയൊ ചാള ഇറക്കുമതിക്കെതിരെ സമരം നടത്തുമെന്നൊക്കെ പറയുന്നത് കേട്ടു.

വിശാഖ് ശങ്കര്‍ said...
This comment has been removed by the author.
വിശാഖ് ശങ്കര്‍ said...

മുക്കുവാ, സമകാലിക ഇന്ത്യയില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന് മന്മോഹന്‍ സിങ്ങിന്റെ കോര്‍പ്പറെറ്റനുകൂല സാമ്പത്തിക പരിഷ്കാരങ്ങള്‍ കാരണവുമായിട്ടുണ്ട്.പക്ഷേ ആ മാറ്റങ്ങള്‍ ഭൂരിപക്ഷം വരുന്ന അടിസ്ഥാനവര്‍ഗ്ഗവും മധ്യ, ഉപരിവര്‍ഗ്ഗങ്ങളുമായുള്ള അന്തരം കൂട്ടിയിട്ടേ ഉള്ളു എന്നതാണ് പ്രശ്നം.“currently I dont think any one is worried about a food int their plate.. they worried about cell phone and car ... this change came only because of him.....“ ഇത് കേട്ടിട്ട് ചിരിയാ വരുന്നത്.ഇത്യയില്‍ സെല്‍ ഫോണിനേയും കറിനേയും പറ്റിയല്ലാതെ ഒരു നേരത്തെ ആഹരത്തെക്കുറിച്ച് വേവലാതിപ്പെടുന്നവര്‍ ആരുമില്ലത്രേ! ഏത് ഇന്ത്യയുടെ കാര്യമാണാവോ? ഇതൊക്കെ കേള്‍ക്കുമ്പൊ യു ഡിസേര്‍വ് ടു ഹാവ് ഓണ്‍ളി ഇഡിയറ്റ്സ് എന്ന് താങ്കളുടെ തന്നെ വാചകത്തെ തിരിച്ചുപറയേണ്ടിവരുന്നു.

മുക്കുവന്‍ said...

80 കളില്‍ ചാമക്കഞ്ഞി കുടിച്ച് വളര്‍ന്നവനാണീ മുക്കുവന്‍. അന്നൊരു പാത്രം ചൂടന്‍ കഞ്ഞി കിട്ടാന്‍ കുറെ പാട് പെട്ടിട്ടുണ്ട്.. ഇന്ന് കേരളത്തില്‍ ചാമ കൃഷി എവിടെയുള്ളതെന്ന് ഒന്ന് പറയാമോ സഹാദരരേ? ഇന്ത്യയിലെ എല്ലാവരേയും മന്മോഹന്‍ രക്ഷിച്ചില്ലാ പോലും.. കമ്യൂണിസ്റ്റ് ചൈനയില്‍ പട്ടിണിപ്പാവങ്ങളുള്ളപ്പോള്‍, ഇങ്ങനെയാ മാഷെ ഇന്ത്യാമഹാരാജ്യത്ത് എല്ലാവരുടേയ്ം പട്ടിണി മാറ്റാന്‍ സാധിക്കാ...


പിന്നെ അന്തരം കൂടിയതുകൊണ്ട് പാവപ്പെട്ടവന്റെ എണ്ണം കൂടീയെന്ന് പറയാന്‍ പറ്റോ? എന്റെ അഭിപ്രായത്തില്‍ ഇന്ന് ഇന്ത്യയിലെ ഏത് പൌരനും, 70/80 കളിലേക്കാള്‍ കൂടുതല്‍ സുഖസൌകര്യുത്തില്‍ ജീവിക്കുന്നു.. അതിനു ഒരു കാരണം മന്മോഹന്‍ എന്നേ ഞാന്‍ പറഞ്ഞുള്ളൂ...