Saturday, December 26, 2009

വീണ്ടെടുക്കേണ്ട പൊതുസ്ഥലങ്ങള്‍ - 1

പൊതുവിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കപ്പെടുന്നതിന് കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളായി നാം സാക്ഷ്യം വഹിക്കുകയാണ്‌. എണ്‍പതുകളില്‍ മന്ദഗതിയിലാരംഭിച്ച്‌ തൊണ്ണൂറുകളില്‍ ഗതിവേഗമാര്‍ജ്ജിച്ച ഈ പ്രക്രിയ 2010ലെത്തുമ്പോഴേക്കും സര്‍ക്കാര്‍ സ്കൂളെന്ന നിലവിട്ട്‌ എയ്ഡഡ്‌ സ്കൂളുകളെപ്പോലും പിന്തള്ളിക്കൊണ്ട്‌ വളര്‍ന്നിരിക്കുന്നു. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍പോലും നല്ലൊരു ശതമാനം കുട്ടികളും ഇന്ന്‌ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത്‌ അണ്‍ എയ്ഡഡ്‌ സ്കൂളുകളെയാണ്‌.

സര്‍ക്കാര്‍ സ്കൂളുകളുടെ ശോചനീയമായ ഭൌതികസാഹചര്യങ്ങളും അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിഷേധാത്മകമായ തൊഴില്‍ നിലപാടുകളും ആണ്‌ ഈ അവസ്ഥയ്ക്ക്‌ കാരണമായതെന്ന്‌ ആരെങ്കിലും വാദിച്ചാല്‍ അതിനെ തള്ളിക്കളയാനാവില്ല. പക്ഷെ ഈ അവസ്ഥയില്‍ കാലികമായി ഇടപെടേണ്ട, ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരുകളുടേതായിരുന്നു. അതവര്‍ ശരിയാംവണ്ണം ചെയ്തില്ലെന്നു മാത്രമല്ല, സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിനെ ഡിവിഷന്‍ ഫാള്‍, തസ്തിക വെട്ടിക്കുറക്കല്‍ തുടങ്ങിയ നടപടികളിലൂടെ തങ്ങളുടെ ചെലവു കുറക്കല്‍ പദ്ധതികളുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിലെന്താണിത്ര വലിയ പ്രശ്നമെന്ന്‌ നിഷ്കളങ്കമായി ചിന്തിക്കുന്ന ആര്‍ക്കും തോന്നാം. പഠിക്കാന്‍ കുട്ടികളില്ലാതാവുമ്പോള്‍ ഡിവിഷനുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വരും. അതിനനുസരിച്ച്‌ അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെട്ടെന്നുമിരിക്കും. ഇതൊക്കെ സ്വാഭാവികമാണെന്ന മട്ടിലാണ്‌ സര്‍ക്കാരിന്റെയും സമീപനം. ഈയൊരു സാഹചര്യത്തില്‍നിന്ന്‌ നോക്കിക്കാണുമ്പോഴാണ്‌ നമ്മളുടെ സ്കൂളുകളുടെ നിലവിലുള്ള അവസ്ഥയെ കൂടുതല്‍ ദയനീയമാക്കും വിധത്തിലുള്ള സിലബസ്‌ പരിഷ്കാരങ്ങള്‍ക്ക്‌ പിന്നില്‍ ഒരു രഹസ്യ അജണ്ടയുണ്ടോയെന്ന്‌ നമുക്ക്‌ സംശയിക്കേണ്ടിവരുന്നത്‌.

സേവനമേഖലകളിലെ ക്ഷേമനടപടികള്‍ക്കായി ധനം ‘ദുര്‍വ്യയം’ ചെയ്യാന്‍ പാടില്ലെന്നത്‌ അന്താരാഷ്ട്ര നാണയനിധിയടക്കമുള്ള ഏജന്‍സികള്‍ വായ്പ ലഭ്യമാക്കാനായി വെക്കുന്ന ഒരു മുന്നുപാധിയാണ്‌. ജനപക്ഷത്ത്‌ നില്‍ക്കുന്നുവെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബാധ്യതയുള്ള സര്‍ക്കാരുകള്‍ക്ക്‌ അവ പ്രത്യക്ഷത്തില്‍ നടപ്പിലാക്കാനാവില്ല. പ്രശ്നപരിഹാരത്തിനുള്ള എളുപ്പവഴിയെന്ന നിലയ്ക്ക്‌ അത്തരം സാമ്പത്തിക സ്രോതസ്സുകളെ വേണ്ടെന്നു വെയ്ക്കാനുമാവില്ല. അപ്പോള്‍ ഇതിനു രണ്ടിനുമിടയില്‍ ഒരു എളുപ്പവഴിയുണ്ട്‌. വേണ്ടത്ര ജീവനക്കാരോ ആവശ്യമായ ഭൌതികസാഹചര്യങ്ങളോ ഇല്ലാത്ത ആശുപത്രികളും സ്കൂളുകളും താനെ വിജനമായിക്കൊള്ളുമെന്ന്‌ അവര്‍ക്കറിയാം. സമാന്തരമായി, വ്യവസ്ഥകളും നിയന്ത്രണങ്ങളും ഉദാരമാക്കിക്കൊണ്ട്‌ സ്വകാര്യ ആശുപത്രികള്‍ക്കും വിദ്യാലയങ്ങള്‍ക്കും മറ്റും പടര്‍ന്നുവളരാനുള്ള സാഹചര്യം കൂടി ഒരുക്കിക്കൊടുത്താല്‍ ഇതിനെതിരെയുള്ള പ്രതിഷേധങ്ങളും സ്വാഭാവികമായും ദുര്‍ബലമായിക്കൊള്ളും. ആര്‍ക്കും വേണ്ടാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു എന്ന ഭാഷ്യത്തോടുകൂടി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കെല്ലാം സമൂഹത്തോടുള്ള ഈ പ്രാഥമിക ഉത്തരവാദിത്തത്തില്‍നിന്ന്‌ കൈകഴുകുകയുമാവാം.

ഇതുവരെ പറഞ്ഞുവന്നതൊക്കെ നാം നിരന്തരം കണ്ടുകൊണ്ടിരിക്കുന്നതും, പലവട്ടം ചര്‍ച്ച ചെയ്തിട്ടുള്ളതുമായ കാര്യങ്ങളുടെ ഒരു വശം. സേവനമേഖലയില്‍നിന്നുള്ള സര്‍ക്കാരിന്റെ പിന്‍മാറ്റത്തിന് സാമൂഹികമായി മറ്റു ചില മാനങ്ങള്‍ കൂടിയുണ്ട്. ബഹുസ്വരമായ നമ്മുടെ സമൂഹത്തെ മത,സമുദായ കേന്ദ്രീകൃതമായ ചെറുഘടകങ്ങളാക്കി വിഭജിച്ചെടുക്കാന്‍ മതസാമുദായികസംഘടനകള്‍ കാലങ്ങളായി നടത്തിവരുന്ന ശ്രമങ്ങള്‍ക്ക്‌ ഇതിലൂടെ സര്‍ക്കാര്‍ കുടപടിക്കുന്നുവന്നതാണ് അതിലൊന്ന്.

ഇന്ത്യക്കുതന്നെ മാതൃകയായ കേരളാമോഡലിന്റെ സൃഷ്ടിക്കുപിന്നില്‍ സുശക്തമായ ഒരു പൊതുവിദ്യാഭ്യാസസമ്പ്രദായമുണ്ടായിരുന്നു. അത്‌ മുന്നോട്ടുവെച്ച മതേതരമൂല്യങ്ങളുണ്ടായിരുന്നു. നാനാജാതിമതസ്ഥര്‍ ഒരു ബെഞ്ചിലിരുന്ന്‌ പഠിക്കുകവഴി ബഹുസ്വരതയെന്ന വിശാലമായ ആശയത്തെ ഉള്‍ക്കൊള്ളാന്‍ ബാല്യം തൊട്ടേ മനസ്സുകള്‍ പരുവപ്പെടുമായിരുന്നു. അനുഷ്ഠാനങ്ങള്‍ക്ക്‌ പകരം മൂല്യങ്ങള്‍ക്‌ പ്രാമുഖ്യം നല്‍കുന്ന മതേതരപാഠ്യസമ്പ്രദായം എല്ലാ മതങ്ങളുടെയും മൂല്യവ്യവസ്ഥ ഒന്നാണ്‌, അത്‌ നന്‍മയിലധിഷ്ഠിതമാണ്‌ എന്ന ധനാത്മകമായ ബോധ്യം ഉല്‍പാദിപ്പിച്ചിരുന്നു. ഇന്നും നമ്മുടെ പൊതുസമൂഹത്തില്‍നിന്ന്‌ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിട്ടില്ലാത്ത മതേതരമൂല്യങ്ങളുടെ നിര്‍മിതിയില്‍ ഇത്തരം പൊതുവിദ്യാലയങ്ങള്‍ വഹിച്ച പങ്ക്‌ നിര്‍ണായകമാണ്‌. ഈ ഇടമാണ്‌ ഇന്ന്‌ മതസാമുദായികസംഘടനകള്‍ ചേര്‍ന്ന്‌ കയ്യടക്കിക്കൊണ്ടിരിക്കുന്നത്‌.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ കേരളീയവിദ്യാഭ്യാസരംഗത്ത്‌ കൃസ്ത്യന്‍മിഷനറിമാരുടേതടക്കമുള്ള മതസംഘടനകളുടെ സാന്നിധ്യം പ്രബലമായിരുന്നു. മതപരമായ അനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനകളുമൊക്കെ ഏറിയും കുറഞ്ഞും അന്നുമുണ്ടായിരുന്നുവെങ്കിലും അത്‌ നാനാജാതിമതസ്ഥരായ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിടവ്‌ സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ ഇന്ന്‌ വിദ്യാഭ്യാസരംഗം കൈയ്യടക്കിക്കഴിഞ്ഞ ഹിന്ദു-മുസ്ളിം-കൃസ്ത്യന്‍ സാമുദായികസംഘടനകളുടെ വിദ്യാലയങ്ങള്‍ പൊതുസമൂഹത്തില്‍നിന്നുള്ള മതേതരമൂല്യങ്ങളുടെ ശോഷണത്തെ തീവ്രഗതിയിലാക്കുകയാണ്‌. കൃസ്ത്യാനികളുടെ കുട്ടികള്‍ ക്രൈസ്തവവിദ്യാലയങ്ങളില്‍തന്നെ പഠിക്കണമെന്ന്‌ പവ്വത്തിലിനെപ്പോലുള്ള പുരോഹിതര്‍ ഉളുപ്പില്ലാതെ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പ്രസ്താവനകളിറക്കുന്നത്‌ ഈയൊരു സാംസ്കാരിക അന്തരീക്ഷത്തില്‍ നിന്നാണ്‌. അമൃതാസ്കൂളുകളും സരസ്വതീവിദ്യാമന്ദിറുകളുമൊക്കെ മറയാക്കി ഹിന്ദുത്വവാദം പോലുള്ള പ്രതിലോമരാഷ്ട്രീയം കുരുന്നിലെ നട്ടുവളര്‍ത്തപ്പെടുന്നതിനെയും സുന്നി, മുജാഹിദ്‌, ജമാ അത്തെ ഇസ്ളാമി തുടങ്ങിയ സംഘടനകള്‍ അവരവരുടെ സ്കൂളുകളെ മുന്‍നിര്‍ത്തി മതരാഷ്ട്രീയം വളര്‍ത്തുന്നതിനെയും ഫലപ്രദമായി സര്‍ക്കാറുകള്‍ക്ക്‌ തടയാന്‍ കഴിയാത്തതിന്റെയും കാരണം മറ്റൊന്നല്ല.

വേദപഠനക്ളാസ്സുകളും സണ്‍ഡേസ്കൂളുകളും മദ്രസകളുമൊക്കെ പണ്ടുമുണ്ടായിരുന്നെങ്കിലും അവ കുട്ടികളുടെ സാമൂഹ്യബോധത്തെ അന്യവല്‍ക്കരിക്കാതിരുന്നത്‌ ഇതൊക്കെ കഴിഞ്ഞ്‌ അവര്‍ മടങ്ങിവന്നിരുന്നത്‌ നാനാജാതിമതസ്ഥര്‍ ഒരുമിച്ചിരുന്ന്‌ പഠിക്കുന്ന ബൃഹത്തും മതേതരവുമായ ഒരു പൊതുവിദ്യാഭ്യാസസമ്പ്രദായത്തിലേക്കാണ്‌ എന്നതുകൊണ്ടായിരുന്നു. ആ നിലയ്ക്ക്‌ ബഹുസ്വരതയെ അംഗീകരിക്കാന്‍ വിമുഖതയില്ലാത്ത അഖണ്ഡവും മതനിരപേക്ഷവുമായ ഒരു ദേശീയബോധത്തിന്റെ പ്രഭവകേന്ദ്രം ആയിരുന്നു നമ്മുടെ വിദ്യാലയങ്ങള്‍. അത്തരമൊരു സാംസ്കാരികഇടമാണ്‌ ഭരണകൂടങ്ങളുടെ അനാസ്ഥവഴി നമുക്ക്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്‌. അതിന്റെ പ്രതിപ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ണ്ണമായിട്ടില്ലെന്നിരിക്കെ നിലനില്‍ക്കുന്ന ദുരവസ്ഥയില്‍നിന്നുകൊണ്ട്‌ ഇനിയും മുന്നോട്ട്‌ നോക്കുമ്പോള്‍ നമ്മുടെ ഭാവി എത്രത്തോളം ഇരുളടഞ്ഞതായേക്കാമെന്ന് ഊഹിക്കാനെങ്കിലും കഴിയുന്നുണ്ടോ?

9 comments:

മലമൂട്ടില്‍ മത്തായി said...

First off, the government has admitted that it does not have the money to start any new schools or colleges. That was the reason behind allowing the operation of so many self financing and profiteering professional colleges.

Secondly, the government teachers are heavily unionized. This makes the organized minority (the teachers) hold the unorganized majority (the students and parents) to ransom. So much to the extent that the children of these teachers are attending the unaided schools when so many of the Government seats are open for enrollment.

P.C.MADHURAJ said...

വേദപഠനക്ലാസുകൾ ഉണ്ടായിരുന്നു എന്നെഴിതുക്കണ്ടു, മദ്രസകൾ പോലെ, സണ്ഡേ സ്കൂളുകൾ പോലെ എന്ന്. എവിടെ, എത്ര, ഏതു കാലം വരെ, ആരതു നിലനിർത്തി എന്നറിയുമോ? ഒന്നൊ രണ്ടോ ആയിരമെണ്ണം? നൂറോ ഇരുനൂറ്? ഒന്നോ രണ്ടോ? അവയിൽ എത്രയെണ്ണം ഇതരമതസ്ഥരെ കൊല്ലുകയോ മതപരിവർത്ത്തനം ചെയ്യുകയോ വേണമെന്നു പഠിപ്പിച്ചു?
ഡീറ്റൈത്സ് പറ്ഞ്ഞുതന്നാൽ പ്രചരിപ്പിക്കാമായിരുന്നു.ഒരു 10 ബ്ലോഗ് കമന്റ് എഴുതിയിട്ട്!

Anonymous said...

ആരെങ്കിലും കുറച്ച് വേദപഠനക്ലാസുകള്‍ ഉണ്ടാക്കിക്കൊടുക്കൂ ശ്രീ പിസി മധുരാജിന്. മേമയും അമ്മാമയും മരുമോനുമൊക്കെ ക്ലാസെടുക്കാഞ്ഞിട്ട് മുട്ടുന്നു. ചാതുര്‍വര്‍ണ്യത്തിന്റെ സുകൃതങ്ങള്‍ ക്ഷയിച്ച് നാറാണക്കല്ലായ രാജ്യത്തെ ഈ കുടുംബം കരകേറ്റും. നിശ്ചയം !

മനോഹര്‍ മാണിക്കത്ത് said...

Dear P.C.MADHURAJ,

വേദം കേട്ടവന്‍ ബ്രാമണന്‍
അത് കേല്‍ക്കാന്‍ അല്ലെങ്കില്‍ വായിക്കാന്‍ ബ്രാമണനെ പാടുള്ളൂ
എന്നത് പഴയകാ‍ലം
വേദപഠനക്ലാസുകള്‍ ഇന്നും നടക്കുന്ന സ്ഥലങ്ങള്‍
കേരളത്തില്‍ ഇഷ്ടം പോലെയുണ്ട്
ഗുരുവായൂര്‍,ത്രശ്ശൂര്‍,തിരുനാവായ പിന്നെ
പ്രസിദ്ദമായ അന്യോന്യം നടക്കുന്ന കടവല്ലൂര്‍ ഇനിയും വേണമെങ്കില്‍
ചൂണ്ട്ക്കാണിക്കാവുന്നതാണ്
പിന്നെ ഏത് മതമാണ് ഇവിടെ ഇതരമതസ്ഥരെ കൊല്ലണമെന്നും, മതപരിവർത്ത്തനം ചെയ്യാനും പഠിപ്പിക്കുന്നത്..?
ഒന്ന് ചോദിച്ചോട്ടെ ഒറീസ്സയില്‍ ആര് ആരെയാണ് കൊന്ന് കൊലവിളിച്ചത്...?

secular politics said...

മധുരാജ്,
വേദപഠനക്ലാസ്സുകളൊക്കെ എല്ലാ കാലത്തും ഉണ്ടായിരുന്നു. പണ്ടത് ബ്രാഹ്മണര്‍ക്ക് മാത്രമായിരുന്നുവെങ്കില്‍ ഇന്നത് മാറിത്തുടങ്ങിയെന്നു മാത്രം. മദ്രസ്സകളിലും സണ്‍ ഡേ സ്കൂളിലും ഇതരമതസ്ഥരെ കൊല്ലാനും മതപരിവര്‍ത്തനം ചെയ്യാനുമാണ് പഠിപ്പിക്കുന്നതെന്ന് താങ്കളോട് ആരാണ് പറഞ്ഞത്?

Joker said...

സെക്കുലര്‍ മാഷെ,

സ്വകാര്യ സ്കൂളുകളിലെ മത പഠനം എന്നത് ഭീതിയുണര്‍ത്തുന്നത് തന്നെയാണ് പ്രസക്തമായ വിഷയവും ആണ്. ചില കാര്യങ്ങള്‍ പറഞ്ഞോട്ടെ.

കമന്റുകളില്‍ അബദ്ധം പിണഞ്ഞത് മധുരാജിന് മാത്രമല്ല, താങ്കള്‍ക്ക് കൂടിയാണ്,
=======================================
അമൃതാസ്കൂളുകളും സരസ്വതീവിദ്യാമന്ദിറുകളുമൊക്കെ മറയാക്കി ഹിന്ദുത്വവാദം പോലുള്ള പ്രതിലോമരാഷ്ട്രീയം കുരുന്നിലെ നട്ടുവളര്‍ത്തപ്പെടുന്നതിനെയും സുന്നി, മുജാഹിദ്‌, ജമാ അത്തെ ഇസ്ളാമി തുടങ്ങിയ സംഘടനകള്‍ അവരവരുടെ സ്കൂളുകളെ മുന്‍നിര്‍ത്തി മതരാഷ്ട്രീയം വളര്‍ത്തുന്നതിനെയും ഫലപ്രദമായി സര്‍ക്കാറുകള്‍ക്ക്‌ തടയാന്‍ കഴിയാത്തതിന്റെയും കാരണം മറ്റൊന്നല്ല.
=============================================
ഈ വരികള്‍ താങ്കള്‍ എഴുതിയാല്‍ പിന്നെ മധുരാജ് മറ്റെന്ത് മറുപടിയാണ് എഴുതുക.

താങ്കളെപോലുള്ള അമിത മതേതതര വേഷം കെട്ടുകാര്‍ക്ക് പറ്റുന്ന അബദ്ധം തന്നെയാണിത്. കേരളത്തില്‍ പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുമ്പ് സാധാ‍രണ കാര്‍ക്ക് എന്നും ഒരത്താണിയായിരുന്നു. പക്ഷെ പിന്നീട് വന്നത് ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം വേണം അല്ലെങ്കില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ ലോകത്ത് പിന്‍ ബെഞ്ചിലായി പ്പോകും എന്ന് പറഞ്ഞുള്ള മുറവിളിയായിരുന്നു. ഇതെഴുതുന്ന ഞാനും എഴുതിയ താങ്കളും എല്ലാം പഠിച്ചത് സര്‍ക്കാര്‍ സ്കൂളുകളില്‍ ആയിരുന്നു ആരും പിന്‍ ബെഞ്ചില്‍ ആയി പ്പോയിട്ടില്ല. പക്ഷെ എന്നിട്ടും റിവേഴ്സ് ഗിയറിന്റെ പല പുലികളുടെയും സര്‍ക്കാര്‍ വക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തകര്‍ച്ചയെ പറ്റി പറയുന്നവരുടെ മക്കളുടെ അടക്കം കുട്ടികള്‍ പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയം സ്വകാര്യ സ്കൂളുകളിലാണ്. എന്തേ ഇങ്ങനെ ? ഫുള്‍ മാര്‍ക്ക് കിട്ടിയില്ലെന്ന് പറാഞ്ഞ് കുട്ടികളെ ചീത്ത പറയുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിലയക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ പ്രേമികളായ രക്ഷിതാക്കളെ എനിക്കറിയാം. എന്നു മുതലാണ് നിങ്ങള്‍ക്കൊക്കെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ കഴിവുകെട്ടവരായത്. കേരളത്തിലെ വിദ്യഭ്യാസ സമ്പ്രദായം തകര്‍ത്തതിന് പിന്നില്‍ ഇടതിനും വലതിനും തുല്യ പങ്കാണുള്ളത്. അതില്‍ അല്പം പങ്ക് വലതിന് കൂടും എന്ന് മാത്രം.

സ്വകാര്യ സ്കൂ‍ളുകളില്‍ മതം പഠിപ്പിക്കുന്നവരില്‍മുസ്ലിംഗളും ഹിന്ദുക്കളും മുസ്ലിംഗളും ഉണ്ട്. അതിലെല്ലാം ഉപരി ഇന്നാട്ടില്‍ ഇംഗ്ലീഷ് മീഡിയം സ്വകാര്യ വിദ്യഭയാസ പൊറാട്ട് നാടക പ്രേമത്തിന് പിന്നില്‍ മതമല്ല ഉള്ളത് അത് കാലക്രമേണ അങ്ങനെ ആയി മാറിയതാണ്. മക്കളെ ഡോക്ക്ടര്‍മാരും എഞ്ചിനീയര്‍മാരും മാത്രമാവണമെന്ന് ശഠിക്കുന്ന ദിവാ സ്വപ്നക്കാരാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. വൈറ്റ് കോളര്‍ ജോളി മാത്രമേ തന്റെ മക്കള്‍ ചെയ്യാവൂ എന്ന് ശഠിക്കുന്നവരാണ് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയത്. കുട്ടികള്‍ കൊഴിഞ്ഞു പോവുക എന്ന് പറാഞ്ഞാല്‍ ആവിയായി പോകുക എന്നല്ല അര്‍ഥം.അവര്‍ മറ്റ് ഇംഗ്ലീഷ് മീഡിയം സ്വകാര്യ സ്ഥാപനങ്ങള്‍ നോക്കി പോകുക എന്നാണ് അത് അര്‍ഥമാക്കുന്നത്. അതിന്റെ കാരണങ്ങള്‍ വേദവും , ഇസ്ലാമും ഒന്നുമല്ല.

രാവിലെ ഒരു ഓട്ടോയിലോ ബസ്സിലോ കുട്ടികളെ സ്കൂളിലേക്കയക്കുന്നു. തിരിച്ച് അതേ പോലെ പോത്തുകളെ പോലെ വീട്ടിലേക്ക് തിരിച്ച് കൊണ്ട് വരുന്നു. പണ്ടത്തെ മദ്രസക്ക് പകരം ഇപ്പോല്‍ ക്ലാസില്‍ മോറല്‍ സയന്‍സ്, മറ്റ് മതസ്ഥര്‍ക്ക് അതേ പോലെ മോറല്‍ സയന്‍സ്. ഈ മാറ്റത്തിനെ മതത്തിന് മേല്‍ കുതിര കയറുന്നവര്‍ ഇത് ഈ അവസ്ഥയില്‍ എത്തിച്ച കാര്യങ്ങളെ കുറിച്ച് മിണ്ടാറില്ല. എന്നിട്ട് നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് കവല പ്രസംഗം നടത്തും.

ഈ സാമൂഹ്യ വിഷയം സെക്കുലര്‍ ബാനറില്‍ അണിയിച്ചൊരുക്കിയ ഈ ബ്ലോഗുമായി ബന്ധപ്പെട്ടവര്‍ തങ്ങളുടെ മക്കള്‍ ഏത് സര്‍ക്കാര്‍ സ്കൂളുകളിലാണ് പഠിക്കുന്നത് എന്ന് വ്യക്തമാക്കിയാല്‍ ഈ വിഷയത്തിന് ഒന്നുകൂടി ഗൌരവം വരും അല്ലെങ്കില്‍ ‘ഇംഗ്ലീഷ് മീഡിയം’ സിനിമ പോലെ വിഷയം തനി പൈങ്കിളി ആയിപ്പോകും.

secular politics said...

ജോക്കര്‍,
പുതുവത്സരാഘോഷങ്ങളില്‍പ്പെട്ട് മറുപടി വൈകിയതില്‍ ക്ഷമിക്കുക.ഞങ്ങള്‍ക്ക് അബദ്ധം ഒന്നും പറ്റിയിട്ടില്ല.ഞങ്ങള്‍ എഴുതിയത് ഞങ്ങളുടെ നിലപാട് തന്നെയാണ്.അതിനോട് താങ്കള്‍ക്കും മധുരാജിനും വിയോജിപ്പുണ്ടാവാം.അത്രമാത്രം.
“താങ്കളെപ്പോലെ അമിത മതേതതര വേഷം കെട്ടുകാര്‍ക്ക് പറ്റുന്ന അബദ്ധം തന്നെയാണിത്.”ഇതുതന്നെയാണ് അദ്വാനി പറയുന്ന കപട മതേതരത്വവും.മതേതരത്വം എന്ന ആശയമേ കപടമാണെന്നതാണ് രണ്ടിലും ഒരുപോലെ തെളിയുന്ന ധ്വനി.ഞങ്ങള്‍ അതില്‍ വിശ്വസിക്കുന്നില്ല.വിദ്യാഭ്യാസവും, ആരോഗ്യവും അടക്കമുള്ള സേവന മേഖലകളില്‍നിന്ന് മാറിമാറിവന്ന സര്‍ക്കാരുകള്‍ നടത്തിയ പിന്മാറ്റത്തിനുപിന്നിലെ രാഷ്ട്രീയം വ്യക്തമായി സൂചിപ്പിക്കപ്പെട്ടിട്ടും വിഷയത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേയ്ക്കും,ഇംഗ്ലീഷ് പ്രേമത്തിലേയ്ക്കും ചുരുക്കി കാണാനാണ് ശ്രമം.ആയിരത്തിതൊള്ളായിരത്തി
എഴുപതുകള്‍ തൊട്ടേ സര്‍ക്കാര്‍ സ്കൂളുകളില്‍ ഇംഗ്ലീഷ് മീഡിയവുമുണ്ടായിരുന്നു.അല്ലാതെ താങ്കള്‍ പറയുന്നപോലെ ആംഗലഭ്രമം കയറി നാട്ടുകാര്‍ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകള്‍ ഉപേക്ഷിച്ചതിന്റെ ഭാഗമായല്ല ഇന്നത്തെ അവസ്ഥ ഉണ്ടായത്.അത്തരം വാദങ്ങള്‍ പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാനായി അതാതു സര്‍ക്കാരുകള്‍ മുന്നോട്ട് വയ്ക്കുന്നതാണ്.

താങ്കള്‍ക്ക് സെക്കുലര്‍ പൊളിറ്റിക്സിലെ എത്ര പുലികളെ അറിയാം?
ഇതിലൊരു പുലിയായ ഞാന്‍ ഇവിടെ ഒമാനില്‍ കേരള സര്‍ക്കാര്‍ സ്കൂള്‍ തിരക്കി ഒരുപാട് നടന്നു, കിട്ടിയില്ല. അതുകൊണ്ട് ഇപ്പോല്‍ എന്റെ മക്കള്‍ ഇവിടത്തെ ഇന്ത്യന്‍ സ്കൂളിലാണ് പഠിക്കുന്നത്.

സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ കഴിവുകെട്ടവരാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. സൂചിപ്പിച്ചത് അവരില്‍ ചിലരുടെ നിഷേധാത്മകമായ തൊഴില്‍നിലപാടുകളെക്കുറിച്ചാണ്.

പ്രശ്നങ്ങളുടെ കാരണം വേദവും ഇസ്ലാമുമാണെന്ന് പോസ്റ്റിലൊരിടത്തും പറഞ്ഞിട്ടില്ല, പ്രശ്നം അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളാണ്. അത് ഭീതിയുണര്‍ത്തുന്നതും പ്രസക്തവുമാണെന്ന് താങ്കള്‍ അംഗീകരിക്കുന്നുമുണ്ട്. അപ്പോള്‍ പിന്നെ എന്താണ് പ്രശ്നം? മതേതരത്വമെന്ന ആശയത്തെ തന്നെ മതവിരുദ്ധമായി കാണുന്ന കുറെ മതവിശ്വാസികള്‍ പങ്കുവെക്കുന്ന അകാരണമായ ഭയവും വെറുപ്പും തന്നെയാണ് താങ്കളുടെ വാക്കുകളിലും കാണുന്നതെന്ന് പറയാതെ വയ്യ.

Joker said...

മറുപടിക്ക് നന്ദി.

അപ്പോള്‍ സര്‍ക്കാരും അവരുടേ നിലപാടുകളും മാ‍ത്രമാണ് വില്ലന്‍ മാര്‍.

സ്കൂളുകളിലേക്ക് കുട്ടികളുടെ എണ്ണം കുറയുന്ന മുറക്ക് സ്കൂളുകള്‍ പൂട്ടിപോകുന്നതും മറ്റും താങ്കള്‍ അറിയുന്നുണ്ടാവില്ല എന്ന് കരുതുന്നു.

മതേതരത്വം എന്ന് പറയുമ്പോള്‍ എല്ലാ മതങ്ങളെയും ഒന്ന് കൊട്ടി മുസ്ലിംഗളെ ഒന്ന് പ്രത്യേകം കൊട്ടി, ജമാ അത്തെ ഇസ്ലാമിയെ പേരെടുത്ത് വിളിച്ച് പിണ്ഡം വെച്ച് ബലിയര്‍പ്പിക്കുന്ന ഏര്‍പ്പാടായി താങ്കളുടെയൊക്കെ വരികളില്‍ തന്നെ വരുമ്പോഴാണ്. മതേതരത്വം മത വിരുദ്ധമാണെന്ന് ആളുകള്‍ ധരിച്ചു വശാവുന്നത്. അതിന് കുറ്റക്കാര്‍ അത് അങ്ങനെ സ്ഥാപിച്ചെടുക്കുന്നവരാണ്. ഹമീദ് ചേന്ദമംഗല്ലൂരും, എം.എന്‍ കാരശ്ശേരിയുമൊക്കെ മതേതരക്കാരാവുമ്പോള്‍ ആരായാലും ഇതാണോ മതേതരത്തം എന്ന് ചിന്തിച്ചു പോകും.അത്രയേ ഉള്ളൂ കാര്യം.


കൂടുതല്‍ ഒന്നും എഴുതുന്നില്ല, തല്‍കാലം നിര്‍ത്തുന്നു.
വീണ്ടും കാണാം.

secular politics said...

ജോക്കര്‍,
മാറി മാറി വരുന്ന സര്‍ക്കാരുകളും അവരുടെ നിലപാടുകളും തന്നെയാണ് വില്ലന്മാര്‍.കുട്ടികള്‍ക്ക് പരമാവധി മികച്ചതും,കാര്യക്ഷമതയുള്ളതുമായ വിദ്യാഭ്യാസം നല്‍കണമെന്നത് ഏതൊരു രക്ഷകര്‍ത്താവിന്റെയും ന്യായമായ ആഗ്രഹമാണ്.അങ്ങനെ ആഗ്രഹിക്കുന്നവര്‍ സ്വകാര്യസ്കൂളുകളില്‍ പോയി പഠിക്കട്ടെയെന്ന മട്ടില്‍ പൊതുവിദ്യാലയങ്ങളെ തകര്‍ക്കും വിധമുള്ള സര്‍കാറിന്റെ അപ്രഖ്യാപിത നിലപാടുകളാണ് ഇന്നത്തെ അവസ്ഥയുണ്ടാക്കിയത്.
മതവും വിശ്വാസവും മനുഷ്യന്റെ സ്വകാര്യതയെ വിട്ട് രാഷ്ട്രീയത്തെത്തന്നെ സ്വാധീനിക്കാന്‍ തുടങ്ങുമ്പോള്‍ അത് ഒരു ബഹുസ്വരസമൂഹത്തെ സംബന്ധിച്ചിടത്തോളം അപകടകരമായിത്തീരും. അവനവന്റെ സ്വത്വം അവനവന്റെ മതത്തിലേക്ക് മാത്രമായി ചുരുങ്ങും. തന്‍റ്റെ വിശ്വാസങ്ങളെ വിമര്‍ശിക്കുന്നത്പോട്ടെ ഒപ്പം നടക്കുന്നില്ലെന്നത് പോലും വിശ്വാസികളെ ചൊടിപ്പിക്കുന്നതും സംശയാലുക്കളാക്കുന്നതും അതുകൊണ്ടാണ്. ഹമീദിനെയും കാരശ്ശേരിയെയും പോലുള്ള ഉല്പതിഷ്ണുക്കളുടെ പേരു കേള്‍ക്കുമ്പോഴേ പലര്‍ക്കും ഹാലിളകുന്നതിനും കാരണം മറ്റൊന്നല്ല.

ഒരു മതത്തെയും ഇവിടെ കൊട്ടിയിട്ടില്ല. മതത്തെ രാഷ്ട്രീയമാക്കാനുള്ള ശ്രമങ്ങളെ തിരഞ്ഞുപിടിച്ച് കൊട്ടിയിട്ടുണ്ടുതാനും. അത് രണ്ടും ഒന്നണെന്ന് തെറ്റിദ്ധരിപ്പിക്കുംവണ്ണമുള്ള പ്രചരണങ്ങള്‍ വിലപ്പോവുമെന്ന് തോന്നുന്നില്ല.