Friday, January 22, 2010

‘പാന്റ് ഇക്വാളിറ്റി’: ഒരു അഴീക്കോടന്‍ തമാശ

സ്ത്രീകള്‍ ഫെമിനിസ്റ്റാവണ്ട, ഫെമിനിനായാല്‍ മതി പോലും!
യാഥാസ്ഥിതികതയുടെ വിഴുപ്പുനാറുന്ന ഇത്തരമൊരു വാചകം ആരെങ്കിലും പ്രസംഗിച്ചുവെന്ന്‌ കേട്ടാല്‍ അതാ അഴീക്കോട്‌ വല്ലതുമായിരിക്കും എന്ന്‌ ഉടന്‍ പ്രതികരിക്കാനാവുംവിധം കേരളത്തിലെ പുരോഗമനമനസ്സുകള്‍ സുകുമാര്‍ അഴീക്കോടെന്ന 'സാംസ്കാരിക'നായകനെ തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്‌. അതുകൊണ്ടുതന്നെ സദാചാരത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ഒക്കെയുള്ള ചര്‍ച്ചകളില്‍ അഴീക്കോടിനെപ്പോലുള്ളവരില്‍നിന്ന്‌ അറുപിന്തിരപ്പന്‍ നിലപാടേ പ്രതീക്ഷിക്കേണ്ടതുള്ളൂവെന്ന്‌ അവര്‍ക്കറിയാം. അപകടം പക്ഷേ ഇവിടെയല്ല; കേരളത്തിലങ്ങോളമിങ്ങോളം ധാരാളം ശ്രോതാക്കളുള്ള ഒരു പ്രഭാഷകനെന്ന നിലക്ക്‌ തലമുതിര്‍ന്ന സാംസ്കാരികനായകനെന്ന വിശേഷണവും പേറി, താളവും ഒഴുക്കുമുള്ള ഭാഷയില്‍ ഇദ്ദേഹം എഴുന്നള്ളിക്കുന്ന എന്തു വിഡ്ഡിത്തവും സാംസ്കാരികഈടുവെയ്പുകളായി കുറെപ്പേരെങ്കിലും ഏറ്റെടുത്തേക്കാമെന്നിടത്താണ്‌. വില്‍പനസാധ്യതയുള്ള വിവാദങ്ങള്‍ക്കായി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്ന മാധ്യമങ്ങള്‍ ചര്‍ച്ചയും അഭിപ്രായവോട്ടെടുപ്പുമൊക്കെയായി ഇതിനെയാഘോഷിക്കുകയുംകൂടി ചെയ്താല്‍പിന്നെ പറയുകയും വേണ്ട.

എന്താണീ ഫെമിനിന്‍?
പിതൃകേന്ദ്രീകൃതമായ ഒരു സമൂഹം സ്ത്രീസഹജമെന്ന്‌ കല്‍പിച്ചുകൊടുത്ത പെരുമാറ്റഘടനകളുടെ ആകെത്തുകയാണത്‌. വസ്ത്രധാരണത്തിലും വര്‍ത്തമാനത്തിലുമൊക്കെ ഒരു സ്ത്രീ എന്തായിരിക്കണമെന്നതിനെക്കുറിച്ച്‌ അതിന്‌ അനിഷേധ്യമായ ധാരണകളുണ്ട്‌. വൈകാരികവും ചിന്താപരവും ബൌദ്ധികവുമായിട്ടുള്ള അവളുടെ അസ്തിത്വത്തെതന്നെ അത്‌ മുന്‍ കൂര്‍ നിര്‍വചിക്കുന്നു. ഇതിനെയൊക്കെ പിന്‍പറ്റിക്കൊണ്ടാണ്‌ സ്ത്രീ ജന്‍മനാ 'ഫെമിനിനാണ്‌',അതുകൊണ്ടുതന്നെ അവള്‍ക്ക്‌ ഫെമിനിസ്റ്റാവേണ്ട കാര്യമില്ല, ഫെമിനിന്‍ ആവാന്‍ കഴിയാത്തവരാണ്‌ ഫെമിനിസ്റ്റുകളാവുന്നത്‌ എന്നൊക്കെ അഴീക്കോട്‌ തട്ടിവിടുന്നത്‌. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്ത്രീത്വം എന്നത്‌ ഒരു സ്ത്രീ സ്ത്രീയായിരിക്കുന്ന ജീവശാസ്ത്രപരവും മനശ്ശാസ്ത്രപരവുമായ അവസ്ഥയല്ല. മറിച്ച്‌ യാഥാസ്ഥിതികത എങ്ങനെയായിരിക്കണമെന്ന്‌ പറയുന്നുവോ അങ്ങനെ ഒരു സ്ത്രീ സ്വയം പരുവപ്പെടേണ്ട അവസ്ഥയാണ്‌. സ്ത്രീയെ സുന്ദരിയാക്കുന്നത്‌ അവളുടെ ലജ്ജയാണ്‌, ലജ്ജയില്ലാത്ത സ്ത്രീക്ക്‌ എന്തു സൌന്ദര്യം, സൌന്ദര്യമില്ലാതെപിന്നെ എന്തു സ്ത്രീ തുടങ്ങിയ ചില വാചകങ്ങളിലൂടെ മലയാളികളുടെ മഹാനടന്‍ തിലകന്‍ ഒരു ചാനല്‍ പരിപാടിയില്‍ തന്റെ 'സാമൂഹ്യനിരീക്ഷണം' അവതരിപ്പിച്ചത്‌ ഏതുമൂല്യങ്ങളില്‍ നിന്നാണോ അതേ മൂല്യങ്ങള്‍ തന്നെയാണ്‌ അഴീക്കോടിന്റെ 'പെണ്‍മ'വാദത്തിലും പ്രതിഫലിക്കുന്നത്‌.

സ്ത്രീയും പുരുഷനും തുല്യരല്ല എന്ന്‌ 'അസന്ദിഗ്ദ്ധമായി' പ്രഖ്യാപിക്കുന്ന അഴീക്കോട്‌ തുടര്‍ന്ന്‌ സ്ത്രീക്ക്‌ പ്രകൃതി സവിശേഷമായ പല ശക്തികളും നല്‍കിയിട്ടുണ്ട്‌ എന്നൊക്കെയൊന്ന്‌ മയപ്പെടുത്തിയ ശേഷം തുല്യതയ്ക്കുവേണ്ടിയുള്ള അവളുടെ സമരം വെറും ബുദ്ധിശൂന്യതയില്‍നിന്നുണ്ടാവുന്നതാണെന്ന്‌ പരിഹസിക്കുന്നു. ഫെമിനിസമെന്നത്‌ പുരുഷനെ അനുകരിക്കലാണത്രെ! ഫെമിനിസ്റ്റുകള്‍ ഈ യുദ്ധമൊക്കെ ചെയ്യുന്നത്‌ 'പാന്റ് ഇക്ക്വാളിറ്റി'ക്ക്‌ വേണ്ടിയാണെന്നാണ്‌ ഇത്രയും കാലത്തെ ബൌദ്ധിക,സാംസ്കാരികജീവിതത്തില്‍നിന്ന്‌ അദ്ദേഹം പഠിച്ചെടുത്തത്‌. അഭിപ്രായം പറയുന്ന വിഷയത്തെക്കുറിച്ച്‌ ഒരു മിനിമം ധാരണയെങ്കിലും ഉണ്ടാക്കിയെടുക്കാന്‍ മിനക്കെടാതെ പൊതുവേദിയില്‍ ഇത്തരം ബാലിശമായ നിരീക്ഷണങ്ങള്‍ വിളമ്പുന്നത് കേള്‍വിക്കാരെമുഴുവന്‍ കുറച്ചുകാണുന്ന ബൌദ്ധികമായ ധാര്‍ഷ്ട്യമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?

പുതിയ ആശയങ്ങള്‍ക്ക്‌, അവ എത്രത്തോളം മനുഷ്യപക്ഷത്ത്‌ നില്‍ക്കുന്നവയാണെങ്കില്‍പോലും ഒരു പൊതുസമൂഹത്തില്‍ സ്വീകാര്യത നേടിക്കൊടുക്കുകയെന്നത്‌ ശ്രമകരമായ ഒരുദ്യമമാണ്. കാരണം അതിന് നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ പലതാണ്. ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടാണോ ഇത്തരമാശയങ്ങള്‍ രൂപംകൊള്ളുന്നത്‌ അവര്‍ പോലും അവയെ ഏറ്റെടുക്കാന്‍ പലപ്പോഴും വിമുഖതകാണിക്കുന്നു എന്നതാണൊന്ന്. ജന്‍മിത്തത്തിനെതിരെയുള്ള സമരത്തില്‍ ജന്‍മിയുടെ പക്ഷംപിടിക്കുന്ന അടിയാനും സ്ത്രീപക്ഷചര്‍ച്ചകളില്‍ പിതൃകേന്ദ്രീകൃത അധികാരവ്യവസ്ഥയുടെ വക്താക്കളായിനിന്നുകൊണ്ട്‌ അടക്കത്തിനും ഒതുക്കത്തിനുമൊക്കെ വേണ്ടി വാദിക്കുന്ന സ്ത്രീകളും ഒക്കെയുണ്ടാവുന്നു എന്നത്‌ നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥ അവരെ വാര്‍ത്തെടുത്തിരിക്കുന്നത്‌ എത്രത്തോളം ഉറപ്പുള്ള അച്ചുകളിലാണ്‌ എന്നതാണ്‌ സൂചിപ്പിക്കുന്നത്‌. സ്റ്റോക് ഹോം സിന്‍ഡ്രോമെന്ന് വിളിക്കാവുന്ന ഈ മനോനിലയുടെ സൃഷ്ടിക്കുപിന്നില്‍ നൂറ്റാണ്ടുകള്‍നീണ്ട സാമൂഹ്യമായ ഒരു പരിണാമപ്രക്രിയ തന്നെയുണ്ട്.

പിതൃകേന്ദ്രീകൃതമായ അധികാരവ്യവസ്ഥ നല്‍കുന്ന സൌകര്യങ്ങള്‍ വേണ്ടുവോളം ആസ്വദിച്ചുകൊണ്ട്‌ ഉണ്ടാക്കിയെടുത്ത സാംസ്കാരികമൂലധനം ഉപയോഗിച്ച്‌ ഫെമിനിസമടക്കമുള്ള പ്രതിരോധപ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ കച്ചകെട്ടി നില്‍ക്കുന്ന യാഥാസ്ഥിതികവിഭാഗങ്ങളാണ് രണ്ടാമത്തെ വെല്ലുവിളി. യാഥാസ്ഥിതികമായ ഒരു മൂല്യവ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടു മാത്രമേ മൂലധനകേന്ദ്രീകൃതമായ ഏതൊരു സമൂഹ്യക്രമത്തിനും മുന്നോട്ടുപോകാനാവൂ എന്നതുകൊണ്ടുതന്നെ നീതിന്യായ,നിയമനിര്‍മാണ, കാര്യനിര്‍വഹണ വിഭാഗങ്ങള്‍ക്കൊപ്പം നാലാമത്തെ തൂണായ മാധ്യമങ്ങളുടെയും പിന്തുണ അവര്‍ക്കുണ്ട്. സിനിമ, ടിവി, പത്രം, ആനുകാലികങ്ങള്‍ തുടങ്ങി ലഭ്യമായ മാധ്യമങ്ങളെയൊക്കെ പ്രത്യക്ഷമോ പരോക്ഷമോ ആയ തങ്ങളുടെ ജിഹ്വകളാക്കി ഉപയോഗിക്കാന്‍ ഇവര്‍ക്കാവുന്നതും അതുകൊണ്ടാണ്.

ഇക്കാരണങ്ങളാല്‍തന്നെ ഫെമിനിസമുള്‍പ്പെടെയുള്ള പുത്തന്‍ ആശയങ്ങള്‍ നല്‍കുന്ന പരിപ്രേക്ഷ്യങ്ങളിലൂടെ ഇത്തരം മാധ്യമങ്ങളേയും അവയുടെ സൃഷ്ടികളേയും ഒക്കെ നാം നിരന്തരം അപനിര്‍മിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്‌. മനുഷ്യപക്ഷത്ത്‌ നില്‍ക്കുന്ന പുരോഗമനപ്രസ്ഥാനങ്ങള്‍ നയിക്കുന്ന ആശയസമരത്തെ സാംസ്കാരികലോകം ഒറ്റക്കെട്ടായി പിന്തുണക്കേണ്ടതുണ്ടെന്നിരിക്കെ വര്‍ത്തമാനസമൂഹത്തെ ബഹുദൂരം പിന്നിലേക്ക് തള്ളിവിടാന്‍ പോന്ന പ്രയോഗങ്ങള്‍ ആരു നടത്തിയാലും അത് എതിര്‍ക്കപ്പെടേണ്ടതാണ്. അതുകൊണ്ടുതന്നെ അധ്യാപകന്‍, ഭാഷാപണ്ഡിതന്‍, നിരൂപകന്‍, പ്രഭാഷകന്‍ തുടങ്ങി പല നിലകളില്‍ സുകുമാര്‍ അഴീക്കോട്‌ നല്‍കിയിട്ടുള്ള സംഭാവനകളെ മറക്കാതിരിക്കുമ്പോഴും മാനവികതാവിരുദ്ധമായ യാഥാസ്ഥിതികവാദങ്ങള്‍ക്ക്‌ ഊര്‍ജ്ജംപകരുംവിധമുള്ള അദ്ദേഹത്തിന്റെ സാംസ്കാരിക ഇടപെടലുകള്‍ നിശിതമായി വിമര്‍ശിക്കപ്പെടേണ്ടവ തന്നെയാണ്.

8 comments:

santhoshhk said...

good post!

chithrakaran:ചിത്രകാരന്‍ said...

ഒരു അഭിപ്രായം എന്ന നിലക്ക് മാനിച്ചുകൊണ്ടുതന്നെ ചിത്രകാരന്‍ താങ്കളുടെ അഭിപ്രായത്തെ ആണ്‍ കാഴ്ച്ചപ്പാടിലൂടെയുള്ള പെണ്‍ പ്രീണനശ്രമം എന്നു വിളിക്കുന്നു. ഫെമിനിസ്റ്റുകളായ സ്ത്രീകള്‍ക്ക് വിഷാദരോഗത്തിനുള്ള ചികിത്സ നല്‍കുന്നത് സാമൂഹ്യപുരോഗതിക്ക് ഒഴിച്ചുകൂടാനാകാത്ത ആവശ്യമാണെന്നും പറയട്ടെ:)
സമൂഹത്തിന്റെ അടിത്തറയായ സത്യം ! വീട്ടമ്മയുടെ മഹത്വം, ഫെമിനിസ്റ്റിന്റെ.... ???

Arun said...

പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു. സാംസ്കാരിക നായകന്മാര്‍ വരെ വിവരമില്ലാതവരായി പോവുന്ന ദുരവസ്ഥ!
"യാഥാസ്ഥിതികമായ ഒരു മൂല്യവ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടു മാത്രമേ മൂലധനകേന്ദ്രീകൃതമായ ഏതൊരു സമൂഹ്യക്രമത്തിനും മുന്നോട്ടുപോകാനാവൂ ".
ഇത് ഒരു black and white statement ആണെന്ന് തോന്നുന്നു...

secular politics said...

ചിത്രകാരാ,
ഉള്ള കാര്യം പറയുന്നത് എങ്ങനെയാണ് പ്രീണനശ്രമമാവുന്നത് എന്നറിയില്ല.
ഫെമിനിസ്റ്റുകള്‍ വിഷാദരോഗികളാണെന്ന് പറഞ്ഞതിന്റെ കാരണവും മനസ്സിലായില്ല. രണ്ടുമൊന്നു വിശദീകരിച്ചാല്‍ കൊള്ളാം.

അരുണ്‍,
black and white statement എന്നതുകൊണ്ട് എന്താണുദ്ദേശിച്ചതെന്ന് വ്യക്തമായില്ല.

Joker said...

http://russelsteapot.blogspot.com

ഈ ബ്ലോഗും കൂടി വായിക്കൂ.

കിരണ്‍ തോമസ് തോമ്പില്‍ said...

ജമയത്തെ ഇസ്ലാമിക്കാരും അഴിക്കോടും ചിത്രകാരനുമെല്ലാം ഒരേ കാര്യം പല രീതിയില്‍ പറയുന്നു

ബഷീര്‍ വെള്ളറക്കാട്‌ / pb said...

കാര്യം അഴീക്കോട് പറഞ്ഞാലും കേൾക്കണം എന്നല്ലേ :)

secular politics said...

തന്ന ലിങ്കുകള്‍ക്ക് ചിത്രകാരനും ജോക്കറിനും നന്ദി..
ഈ ലിങ്കുകള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്കുള്ള മറുപടി ഒരു കമന്റില്‍ ഒതുക്കാനാവാത്തതുകൊണ്ട് ഏറെ വൈകാതെ അതൊരു പോസ്റ്റാക്കാമെന്ന് വിചാരിക്കുന്നു.