Thursday, January 28, 2010

ഇഷ്ടമല്ലാത്ത ഫെമിനിസ്റ്റ് തൊട്ടതെല്ലാം കുറ്റം: ഭാഗം ഒന്ന്

‘പാന്റ് ഇക്വാളിറ്റി:ഒരു അഴീക്കോടന്‍ തമാശ’എന്ന പോസ്റ്റില്‍ കമന്റിട്ട ചിത്രകാരന്‍, ജോക്കര്‍ തുടങ്ങിയവര്‍ തന്ന ലിങ്കിലൂടെ ബ്രൈറ്റ് എന്ന ബ്ലോഗിലെത്താനിടയായി. ഫെമിനിസം ശാസ്ത്രത്തിന്റെ നിരാസമാണെന്നും അത് മനസ്സിലാക്കാതെ കുറെ ‘യൂസ്ഫുള്‍ ഇഡിയട്സ്’ ബ്ലൊഗില്‍ ലേഖനങ്ങള്‍ എഴുതി നിറയ്ക്കുന്നുവെന്നും ഒക്കെ ധാര്‍മികരോഷം കൊള്ളുന്നുണ്ടായിരുന്നു ആ പോസ്റ്റ്. അത്തരം ലേഖനങ്ങളുടെ കൂട്ടത്തിലൊന്നായി ലിങ്ക് സഹിതം റിവേഴ്സ് ഗിയറില്‍ വന്ന മേല്പറഞ്ഞ ലേഖനവും പരാമര്‍ശിക്കപ്പെട്ടു കണ്ടു. ഫെമിനിസമെന്നാല്‍ തോളറ്റം മുടിവെട്ടി പാന്റും ഉടുപ്പും ധരിച്ച് നടക്കുന്ന ചില കൊച്ചമ്മമാര്‍ ചൊവ്വയില്‍നിന്നെങ്ങാന്‍ കണ്ടെടുത്ത് കൊണ്ടുവന്ന് ഇവിടെ വച്ചലക്കുന്ന എന്തോ അസംബന്ധമാണെന്നും ആണായി പിറന്നവനൊക്കെ ഇതിനെ എതിര്‍ക്കാനും ഇവളുമാരെ ‘നിലയ്ക്ക്’നിര്‍ത്താനും ബാധ്യതപ്പെട്ടവരാണെന്നും ഉള്ള നിലക്ക് പൊടിപൂരമാകുന്ന ആഘോഷങ്ങളും കൂടി കണ്ടപ്പോള്‍ എങ്ങനെ ഇങ്ങനെയൊരു പ്രസ്ഥാനം ലോകത്തെമ്പാടും രൂപം കൊണ്ടു എന്നതിനെക്കുറിച്ച് തന്നാലാവുംവിധമുള്ള ഒരു എളിയ അന്വേഷണമെങ്കിലും മുന്നോട്ടുവെക്കണമെന്നു തോന്നി. അതിന്റെ ഫലമാണീ പോസ്റ്റ്. ബ്രൈറ്റിന്റെ ലേഖനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും മേല്പറഞ്ഞ പോസ്റ്റിനെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ക്കും ഇതിന്റെ രണ്ടാം ഭാഗത്തില്‍ മറുപടി പറയുന്നതാണ്.

ഫെമിനിസം ഒരു സാമൂഹ്യപ്രസ്ഥാനമാണ്. മറ്റേതൊരു വിമോചനപ്രസ്ഥാനത്തെയുമ്പോലെ അത് ഉരുവംകൊള്ളുന്നത് നില്‍നില്പിനും മനുഷ്യാവകാശങ്ങള്‍ക്കുമായുള്ള സമരത്തിന്റെ ഭാഗമായിട്ടാണ്. ആദ്യഫെമിനിസ്റ്റ് രചനയെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന മേരി വൂള്‍സ്റ്റണ്‍ക്രാഫ്റ്റിന്റെ ‘എ വിന്‍ഡിക്കേഷന്‍ ഓഫ് ദ റൈറ്റ്സ് ഓഫ് വുമണി’(1792)ലൂടെ അവര്‍ മുന്നോട്ടുവെക്കുന്നത് പ്രധാനമായും വിദ്യാഭ്യാസ അവകാശമാണ്. സാമുവല്‍ ജോണ്‍സണെപ്പോലുള്ള നിയോക്ലാസിക്കല്‍ എഴുത്തുകാര്‍ അവരെ പരിഹസിച്ചത് സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നതിലുള്ള എതിര്‍പ്പുകൊണ്ടായിരുന്നില്ല, മറിച്ച് നാളതുവരെ മുഖ്യമായും പുരുഷന്റേതു മാത്രമായി കരുതപ്പെട്ടിരുന്ന എഴുത്തെന്ന പ്രവൃത്തിമേഖലയിലേക്ക് സ്ത്രീകളുടെ പരക്കെയുള്ള കടന്നുവരവിന് അത് ഇടയാക്കാം എന്നതുകൊണ്ടായിരുന്നുവെന്നത് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പത്തൊന്‍പതാം നൂറ്റാണ്ടിലെ ഫെമിനിസ്റ്റ് പ്രവര്‍ത്തകര്‍ മുഖ്യമായും ലക്ഷ്യംവച്ചത് വോട്ട് ചെയ്യാനുള്ള അവകാശത്തെയായിരുന്നു. അക്കാലത്തെ പുരോഗമനവാദികളായ സാമൂഹ്യപ്രവര്‍ത്തകരായിരുന്നു പിന്നീട് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ വക്താക്കളായി മാറിയതെന്നത് ചരിത്രം. അമേരിക്കയിലും മറ്റും അടിമകളുടെ വിമോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നവര്‍ പിന്നീട് തങ്ങളുടെ പ്രവര്‍ത്തനമേഖല സ്ത്രീകളുടെ വിമോചനത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നുവെന്നത് അക്കാലത്തെ സ്ത്രീകളുടെ സാമൂഹ്യാവസ്ഥ എന്തായിരുന്നുവെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ തരുന്നുണ്ട്. ആദ്യകാലഫെമിനിസ്റ്റുകളുടെ കൂട്ടത്തില്പെടുത്താവുന്ന സൂസന്‍ ആന്തണിയെപ്പോലുള്ളവര്‍ക്ക് ഗുരുതുല്യയായിരുന്ന മാര്‍ഗരറ്റ് ഫുള്ളര്‍ സ്ത്രീകളുടെ വോട്ടവകാശത്തിനും തൊഴില്‍, വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും വേണ്ടിയായിരുന്നു വാദിച്ചിരുന്നത്.

18 - 19 നൂറ്റാണ്ടുകളില്‍ അമേരിക്കയിലും യൂറോപ്പിലെയും സ്ത്രീകളുടെ പിന്നോക്കാവസ്ഥ വരച്ചുകാട്ടുന്നുണ്ട് അക്കാലത്തെ സാഹിത്യകൃതികള്‍. ജെയ്ന്‍ ഓസ്റ്റന്റെയും എമിലി ബ്രോണ്ടിയുടെയും മറ്റും നോവലുകളില്‍ കാണുന്നതുപോലെ ഉപരി-മധ്യവര്‍ഗങ്ങളില്‍ പെടുന്ന സ്ത്രീകള്‍ പോലും സ്ത്രീവിരുദ്ധ സമൂഹ്യ, സദാചാരനിയമങ്ങളുടെ ഇരകളായിരുന്നു. വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട് ശരീരത്തെ അണിയിച്ചൊരുക്കി കുലീനമെന്ന് സമൂഹം ശഠിക്കുന്ന രീതികളിലേക്ക് പെരുമാറ്റത്തെയും അംഗചലനങ്ങളെയും, എന്തിന് ചിരിയെപ്പോലും ചിട്ടപ്പെടുത്തി ഭര്‍ത്തൃസമ്പാദനമെന്ന ഒറ്റലക്ഷ്യത്തിലേക്ക് മനസ്സിനെയും ശരീരത്തെയും കേന്ദ്രീകരിച്ച് ജീവിക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ പെണ്‍സമൂഹത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട് ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ തന്റെ ‘ദ സബ്ജക്ഷന്‍ ഓഫ് വുമണ്‍’(1861) എന്ന ലേഖനത്തില്‍. വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്ത്രീക്കും പുരുഷനും വ്യത്യസ്തമായ കാഴ്ചപ്പാടുകളും നിയമങ്ങളും സൂക്ഷിക്കുന്ന ഒരു സമൂഹത്തില്‍ ലിംഗനിര്‍മിതി തന്നെ സ്ത്രീവിരുദ്ധമാവുന്നതെങ്ങനെയെന്ന് മില്‍ ഇവിടെ വ്യക്തമാക്കുന്നുണ്ട്.

രാഷ്ട്രീയവും സാംസ്കാരികവുമായ അസമത്വങ്ങള്‍ പരസ്പരബന്ധികളാണെന്ന് കണ്ട ഫെമിനിസ്റ്റുകള്‍ സ്ത്രീവിമോചനം എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുന്നത് അറുപതുകളിലാണ്. ഉന്നതവിദ്യാഭ്യാസം നേടിയിട്ടുപോലും സ്ത്രീകളായിപ്പോയി എന്നതുകൊണ്ടുമാത്രം ഗാര്‍ഹികജോലികളിലേക്ക് മാത്രമായി തളച്ചിടപ്പെടുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചകളുടെ മുഖ്യധാരയിലേക്ക് വന്നു. സാമ്പത്തികമായ വ്യതിയാനങ്ങള്‍ സാമൂഹ്യമായ കാഴ്ചപ്പാടുകളെ മാറാന്‍ നിര്‍ബന്ധിതമാക്കിയതോടെ സ്ത്രീകളുടെ തൊഴിലിടങ്ങളിലേക്കുള്ള വരവ് പിന്നീട് സുഗമമായി. അപ്പോഴും സ്ത്രീക്ക് തുല്യത ലഭിച്ചില്ല, തൊഴിലിടത്തിലും വീട്ടിലും. സര്‍ക്കാര്‍ ജോലിയുള്‍പ്പെടെ ചുരുക്കം ചില മേഖലകള്‍ മാറ്റിവച്ചാല്‍ ഇന്നും തുല്യജോലിക്ക് തുല്യവേദനമെന്ന അവകാശം അവര്‍ക്ക് മാത്രം നിഷേധിക്കപ്പെടുന്നു. ഭര്‍ത്താവിനെപ്പോലെ തൊഴിലെടുത്ത് മടങ്ങിവരുന്നവളാണെങ്കിലും സ്ത്രീകളുടെ മാത്രമെന്ന നിലയ്ക്ക് ഗാര്‍ഹികജോലികള്‍ അവള്‍ക്ക് തനിച്ച് നിര്‍വഹിക്കേണ്ടി വരുന്നു. ഇതൊക്കെ സ്വാഭാവികം മാത്രം എന്ന് കണ്ണടച്ചുപിടിച്ചിരുന്ന സമൂഹത്തിന്റെ മുന്നിലേക്ക് ഇത്തരം പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് നിസ്സീമമാണ്.

സമഗ്രമായ ഒരു സാമൂഹ്യമാറ്റമൊന്നും കൂടാതെതെന്നെ വ്യക്തിഗതമുന്നേറ്റങ്ങളിലൂടെ പടിപടിയായി തുല്യതയെന്ന ലക്ഷ്യമാര്‍ജ്ജിക്കാമെന്ന് വിശ്വസിക്കുന്ന ലിബറല്‍ ഫെമിനിസ്റ്റുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രാഥമികമായും വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ ലിംഗവ്യത്യാസമില്ലാതുള്ള പ്രവേശനമാണ്. അവര്‍ അവരുടെ വളര്‍ച്ചയെ വിലയിരുത്തുന്നതു തന്നെ ഉന്നത വിദ്യാഭ്യാസ,തൊഴില്‍ മേഖലകളിലുള്ള സ്ത്രീസാന്നിധ്യത്തെ ആസ്പദമാക്കിയാണ്. മുതലാളിത്തവ്യവസ്ഥ തകരുകയും സമ്പത്തും അധികാരവും പുനര്‍വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നതോടെ സ്ത്രീപുരുഷബന്ധങ്ങളിലുള്‍പ്പെടെ സമൂലമായ ഒരു മാറ്റം സാധ്യമാവുമെന്നും അതിലൂടെ ലിംഗവിവേചനമുള്‍പ്പെടെയുള്ള സാമൂഹ്യതിന്മകള്‍ ഒപ്പം ഇല്ലാതാവുമെന്നും വിശ്വസിക്കുന്ന മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റുകളില്‍ നിന്ന് വേറിട്ടുള്ളൊരു വീക്ഷണമാണ് ഗെയില്‍ റൂബിനെപ്പോലുള്ളവര്‍ മുന്നോട്ടുവെക്കുന്നത്. സിമോണ്‍ ദ ബുവ്വെ തന്റെ വിഖ്യാതഗ്രന്ധമായ ‘സെക്കന്റ് സെക്സില്‍’ പറയുന്നതുപോലെ സ്ത്രീ ജനിക്കുകയല്ല, ആയിത്തീരുകയാണ് എന്ന വാദം മുന്നോട്ടുകൊണ്ടുപോവുകയാണ് റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍. പിതൃകേന്ദ്രീകൃതമായ അധികാരവ്യവസ്ഥയെ നിരാകരിക്കുന്ന അവര്‍ ആ അധികാരവ്യവസ്ഥ നിര്‍വചിക്കുന്ന ‘സ്ത്രീ’ എന്നത് ഒരു ജീവശാസ്ത്രനിര്‍മിതിയെന്നതിലപ്പുറം സാമൂഹ്യനിര്‍മിതിയാണ് എന്ന് വാദിക്കുന്നു. ഇവിടെ അവര്‍ നിഷേധിക്കുന്നത് സ്ത്രീയുടെ ജീവശാസ്ത്രപരമായ നിലനില്പിനെയോ സവിശേഷതകളെയോ അല്ല. സ്ത്രീയും പുരുഷനും ഉള്‍പ്പെടെയുള്ള സകലജീവജാലങ്ങള്‍ക്കും ജീവശാസ്ത്രപരമായ ഒരു നിലനില്പുണ്ട്. മനുഷ്യന്റെ കാര്യത്തില്‍ അത് സാമൂഹികവും കൂടിയാണ്. ജീവശാസ്ത്രപരമായ പല അടിസ്ഥാനചോദനകളെയും സാമൂഹിക സദാചാര സംഹിതകള്‍ക്കനുസരിച്ച് അവന് നിയന്ത്രിക്കാനാവുന്നത് അതുകൊണ്ടാണ്. ഇവിടവും കഴിഞ്ഞ് സെപറേറ്റിസ്റ്റ് ഫെമിനിസം പോലുള്ള ചില അപ്രസക്തമാംവണ്ണം ചെറിയ ഗ്രൂപ്പുകളിലെത്തുമ്പോഴാണ് സ്ത്രീപക്ഷവാദം ഒരുതരം മൌലികവാദമായി മാറുന്നത്. പൂര്‍ണ്ണമായും സ്ത്രീകേന്ദ്രീകൃതമായ ഈ പ്രത്യയശാസ്ത്രം മാത്രമാണ് പെണ്മാത്രഇടങ്ങള്‍ക്കും ലൈംഗികതയ്ക്കും ഒക്കെ വേണ്ടി വാദിക്കുന്നത്.

ഇത്രയും പറഞ്ഞുവന്നത് തനതായ ചില സാമൂഹ്യസാഹചര്യങ്ങളില്‍നിന്ന് സ്വാഭാവികമായി ഉരുത്തിരിഞ്ഞുവന്ന ഒരു ചെറുത്തുനില്പ് പ്രസ്ഥാനമാണ് ഫെമിനിസവുമെന്ന് സൂചിപ്പിക്കാനാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു പ്രസ്ഥാനത്തെ വിലയിരുത്തേണ്ടതും സമൂഹികമായി തന്നെയാണ്. സ്ത്രീകളോടുള്ള വിവേചനവും ലൈംഗികചൂഷണവുമൊക്കെ സാമൂഹ്യയാഥാര്‍ഥ്യങ്ങളായി നിലനില്‍ക്കുന്ന ഓരോ സമൂഹത്തിലും അതിനു പ്രസക്തിയുമുണ്ട്.

6 comments:

Calvin H said...

Signed

Unknown said...

സാമൂഹിക മാറ്റങ്ങള്‍ ശാശ്വതമാവണമെങ്കില്‍ അവയുടെ ആവശ്യകത മനുഷ്യരുടെ തലയില്‍ വേരുറച്ചിരിക്കണം. സാമൂഹികഘടകങ്ങള്‍ വ്യത്യസ്തം ആയിരിക്കുന്നിടത്തോളം 'അവിടം പോലെ ഇവിടെയും' ആവണമെന്നത് ഒരു ആഗ്രഹസ്വപ്നമായി അവശേഷിക്കുകയേ ഉള്ളു. കാരണം, 'അവിടത്തെ' തലകളുടെ ഉള്ളടക്കമല്ല 'ഇവിടത്തെ' തലകളുടേത്. ലേഖനത്തില്‍ സൂചനയുള്ളപോലെതന്നെ, യൂറോപ്യന്‍ തലകളുടെ സംസ്കരണം എത്രയോ ഉജ്ജ്വലപ്രതിഭകളുടെ നൂറ്റാണ്ടുകളിലൂടെയുള്ള അവിശ്രാന്തപരിശ്രമത്തിന്റെ ഫലമായി നേടിയെടുത്ത വിളവാണ്‍. മകരജ്യോതിയുടെ പ്രഭാപൂരത്തില്‍ ഇന്നും കണ്ണഞ്ചുന്ന മലയാളി എന്നെങ്കിലും അവിടെയെത്തുന്ന കാര്യം സംശയമാണ്‍. ഇനി എത്തിയാല്‍ തന്നെ അത് നൂറ്റാണ്ടുകള്‍ക്കോ ചുരുങ്ങിയപക്ഷം അനേക ദശാബ്ദങ്ങള്‍ക്കെങ്കിലുമോ ശേഷമായിരിക്കും.

chithrakaran:ചിത്രകാരന്‍ said...

യൂറോപ്പിലേയും,അമേരിക്കയിലേയും ഫെമിനിസ്റ്റ് ചരിത്രത്തിന്റെ പ്രേതത്തെ
ഓക്സിജന്‍/മൃതസഞ്ജീവനി കൊടുത്തു ജീവിപ്പിച്ചാല്‍ നമ്മുടെ നാട്ടിലെ ഫെമിനിസമാകുമോ ?
ഫെമിനിസ്റ്റുകള്‍ക്ക് ആവശ്യമായ ചികിത്സയും,അവരുടെ വാലുകളായ
കുഞ്ഞിരാമന്മാര്‍ക്ക് നല്ല കൊട്ടും കിട്ടിയാലെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഫെമിനിസ്റ്റ് രോഗത്തില്‍ നിന്നും നമുക്ക് മുക്തി ലഭിക്കുകയുള്ളു !
കേരളീയന്റെ മദ്യ നീരാട്ട് നിയന്ത്രണ വിധേയമാക്കുന്നതിനും
ഫെമിനിസമെന്ന സ്ത്രീ വര്‍ഗ്ഗീയരോഗം ചികിത്സിച്ച് ഭേദമാക്കെണ്ടിയിരിക്കുന്നു.
ഫെമിനിസമെന്ന സാംക്രമിക രോഗം !!
വീട്ടമ്മയുടെ മഹത്വം, ഫെമിനിസ്റ്റിന്റെ.... ???
വിഷാദം രോഗമാകുമ്പോള്

secular politics said...

ബാബു,
നിരീക്ഷണങ്ങളോട് പൂര്‍ണ്ണമായും യോജിക്കുമ്പോള്‍തന്നെ പാശ്ചാത്യഫെമിനിസ്റ്റ് സിദ്ധാന്തങ്ങളുടെ അപ്പടിയുള്ള പറിച്ചുനടലിനല്ല ഇന്ത്യന്‍ ഫെമിനിസ്റ്റുകള്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞുകൊള്ളട്ടെ. അതെക്കുറിച്ച് വിശദമായി രണ്ടാം ഭാഗത്തില്‍ പറയാമെന്നു കരുതിയാണ് ഇവിടെ ഒഴിവാക്കിയത്.
ചിത്രകാരാ,
ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം തൊട്ടു മുകളിലുണ്ട്.
കാര്യങ്ങളെ വസ്തുനിഷ്ഠമായി പഠിക്കാ‍ന്‍ മിനക്കെടാതെ തന്റെ കാഴ്ചക്കപ്പുറം ലോകവുമില്ല, സത്യവുമില്ല എന്ന് ധരിച്ചുനടക്കുന്ന നാര്‍സിസ്റ്റുകള്‍ക്ക് ചികിത്സയും കൊട്ടുമൊന്നുമല്ല, നല്ല ഇടിവെട്ടുതന്നെ കിട്ടിയാലേ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന വിവരദോഷമെന്ന രോഗത്തില്‍നിന്ന് നമുക്ക് മുക്തി ലഭിക്കുകയുള്ളൂ.

വായന said...

സെക്യുലര്‍ പൊളിറ്റിക്സിണ്റ്റെ പേരില്ലാബ്ളോഗറായ സുഹൃത്തേ... താങ്കളെ, ആഗോള ഫെമിനിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ കോഡിനേറ്റര്‍ കം ചെയര്‍മാന്‍ ഇന്‍ ചീഫ്‌ ആയി സാപ്പി നിയമിച്ച വിവരം ഖേദപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു..... സി കെ ബാബു അവര്‍കളെ കോഡിനേറ്റര്‍ സെക്രട്ടറി കം ട്രഷറര്‍ ആയും നിയമിച്ചിരിക്കുന്നു.....

ഹ ഹ ഹ .... ( ചരിത്ര) പഠനത്തിനു പറ്റിയ വിഷയം തന്നെ...... പുരാവസ്തു ഗവേഷണ വിഭാഗത്തിലും ഉള്‍പെടുത്താവുന്നതാണു.... എന്തായാലും പഠനം നടക്കട്ടെ.... സാപ്പി ശല്യപ്പെടുത്തുന്നില്ല...

VINOD said...

sappi please write coments with valid objections if any , not with satarism, here the author has put forward his points , you can object them with good points, not the way you have done, i am sorry if i have hurt any one saying this