Friday, January 29, 2010

ഇഷ്ടമല്ലാത്ത ഫെമിനിസ്റ്റ് തൊട്ടതെല്ലാം കുറ്റം: ഭാഗം രണ്ട്

ലോകത്തെ മിക്ക സാമൂഹ്യസ്ഥാപനങ്ങളും പിതൃകേന്ദ്രീകൃതമായ ഒരധികാരവ്യവസ്ഥയുടെ സൃഷ്ടികളായതുകൊണ്ടു തന്നെ അയഥാസ്ഥിതികങ്ങളായ ചിന്താപദ്ധതികളെയും പ്രസ്ഥാനങ്ങളെയുമൊക്കെ അവയും അവയുടെ വക്താക്കളും എന്നും എതിര്‍ത്തിട്ടേയുള്ളൂ. മുന്‍കാലങ്ങളില്‍ ഈ എതിര്‍പ്പ് പ്രത്യക്ഷമായിരുന്നുവെങ്കില്‍ മാനവികതാപ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവം മൂല്ല്യബോധത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് ശേഷം ഇന്നത് പരോക്ഷമാവാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. ഫെമിനിസ്റ്റ്, ദളിത,പരിസ്ഥിതി ഉള്‍പ്പെടെയുള്ള പുരോഗമനപ്രസ്ഥാനങ്ങളെ ചെറുത്തുതോല്പിക്കാന്‍ യാഥാസ്ഥിതികര്‍ ഇന്ന് കണ്ടെത്തുന്ന വഴികള്‍ അതുകൊണ്ടുതന്നെ ചുഴിഞ്ഞുനോക്കാതെ കണ്ണില്‍ പെടാത്തത്ര പരോക്ഷമാണ്. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ പുരുഷമേധാവിത്വവാദികള്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളെ പരിശോധിച്ചാല്‍ മതി ഇതു മനസ്സിലാക്കാന്‍.

മാനവികതയിലൂന്നിയുള്ള സമത്വമെന്ന ആശയത്തെ നേരിട്ടെതിര്‍ക്കുക വര്‍ത്തമാനസാംസ്കാരിക സാഹചര്യങ്ങളില്‍ അത്ര എളുപ്പമാവില്ല. അതുകൊണ്ട് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ കാര്യത്തില്‍ അവര്‍ അവലംബിക്കുന്ന മാര്‍ഗം അവ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു ആശയങ്ങളുമായോ മൂല്ല്യങ്ങളുമായോ പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളെ അവയുമായി കൂട്ടിക്കെട്ടി അതിന് തങ്ങളുടേതായ ഒരു നിര്‍വചനമുണ്ടാക്കുകയും അതിനെ പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കുകയും ചെയ്യുകയെന്നതാണ്. നായകന്റെയും നായികയുടെയും ജീവിതത്തില്‍ സംഭവിച്ച ചെറിയ ചില സൌന്ദര്യപിണക്കങ്ങളിലേക്ക് തോളറ്റം വെട്ടിയ മുടിയും ലിപ്സ്റ്റിക്കും മൂക്കറ്റം പൊങ്ങച്ചവുമായി കയറിവന്ന് രണ്ടിനെയും രണ്ട് വഴിക്കാക്കാന്‍ പാടുപെടുന്നവരാണ് നമ്മുടെ ജനപ്രിയസിനിമകള്‍ മുന്നോട്ടുവെക്കുന്ന ഫെമിനിസ്റ്റുകള്‍. വളര്‍ത്തുദോഷം കൊണ്ടോ വ്യക്തിഗത അനുഭവങ്ങള്‍ കൊണ്ടോ ഒക്കെ പുരുഷവിദ്വേഷികളായി മാറിയ എത്ര ഫെമിനിസ്റ്റുകളാണ് നായകന്റെ കൈവീശിയുള്ള ഒരൊറ്റയടികൊണ്ട് ‘സാരിയുടുക്കുന്ന’ ഉത്തമകുടുംബിനികളായിട്ടുള്ളത്, നമ്മുടെ ജനപ്രിയസാഹിത്യത്തിലും സിനിമയിലും! ഇത്തരം വികലമായ വീക്ഷണങ്ങള്‍ തന്നെ നമ്മുടെ സാംസ്കാരികനായകന്മാരും ‘ശാസ്ത്രജ്ഞന്മാ’രും ഒക്കെ ഏറ്റെടുക്കുന്നതോടെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയാവുന്നു. അതിനൊരുദാഹരണമാണ് ശാസ്ത്രവിരുദ്ധമായ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലോകപുരോഗതിക്കുതന്നെ വെല്ലുവിളിയുയര്‍ത്തുന്ന, അതുകൊണ്ടുതന്നെ ശാസ്ത്രബോധവും പുരോഗമനേച്ഛയുമുള്ള ഏവരും പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കേണ്ടുന്ന ഒന്നാണ് ഫെമിനിസം എന്ന നിലക്കുള്ള ബ്രൈറ്റിന്റെ ലേഖനം.

ലോകത്തെമ്പാടുനിന്നും ഉയര്‍ന്നുവന്ന നൂറുകണക്കിന് ധിഷണാശാലികളുടെ പിന്തുണയും ആശിര്‍വാദവുമുണ്ടായിരുന്ന ഒരു സാമൂഹ്യപ്രസ്ഥാനത്തെയാണ് അതുയര്‍ന്നുവന്ന സാമൂഹ്യപശ്ചാത്തലവും ഇന്നും നിലനില്‍ക്കുന്ന അതിന്റെ പ്രസക്തിയും ഒന്നും പരിഗണിക്കാതെ തനിക്കാവശ്യമുള്ള ചില ഘടകങ്ങളെ മാത്രം അടര്‍ത്തിയെടുത്തുകൊണ്ട് ഇദ്ദേഹം അടച്ചാക്ഷേപിക്കുന്നത്. ലേഖകന്‍ പരിപൂര്‍ണ്ണ ആധികാരികതയോടെ തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഫെമിനിസ്റ്റ് ധാരകളെ മുഴുവന്‍ രണ്ടായി തിരിക്കുന്നു. ഒന്ന് ഇക്വിറ്റി ഫെമിനിസം, രണ്ട് ജെന്‍ഡര്‍ ഫെമിനിസം. സ്ത്രീപീഢനത്തിനെതിരായി രൂപം കൊണ്ട ഫെഡറല്‍ നിയമങ്ങളെ പോലും വിമര്‍ശിക്കാന്‍ പോന്നവിധം മൂത്ത ഒരു ആന്റി ഫെമിനിസ്റ്റെന്ന നിലക്ക് പ്രശസ്തയായ അമേരിക്കക്കാരി ക്രിസ്റ്റീന ഹോഫ് സൊമേഴ്സ് തന്റെ നാട്ടിലെ രണ്ടാം വേവ് ഫെമിനിസത്തെ അടച്ചാക്ഷേപിച്ചുകൊണ്ട് എഴുതിയ ‘ഹു സ്റ്റോള്‍ ഫെമിനിസം?’ എന്ന പുസ്തകത്തിലൂടെ മുന്നോട്ടുവെക്കുന്നതാണ് ഈ വര്‍ഗീകരണം എന്നോര്‍ക്കണം. സ്വന്തം ഉദ്ദേശത്തിന് ഉതകുന്നത് എന്ന നിലയിലല്ലാതെ മറ്റൊരുവിധത്തിലും വസ്തുനിഷ്ഠമെന്ന് അവകാശപ്പെടാനാവാത്തതാണ് ഈ തരംതിരിവ് എന്നറിയാന്‍ ഒരുപാടൊന്നും തല പുകയ്ക്കേണ്ടതില്ല. ലിബറല്‍ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളിലൂന്നിക്കൊണ്ട് നിയമത്തിന്റെയും പൌരാവകാശത്തിന്റെയും കാര്യത്തില്‍ ലിംഗതുല്ല്യത ലക്ഷ്യംവെക്കുന്ന പ്രത്യയശാസ്ത്രങ്ങളെയൊക്കെ ചേര്‍ത്ത് ഇക്വിറ്റി ഫെമിനിസമെന്ന് നിര്‍വചിക്കുന്ന അവര്‍ ജെന്‍ഡര്‍ ഫെമിനിസത്തെ പുരുഷവിദ്വേഷവും സ്ത്രീകേന്ദ്രീകരണവുമായി തുലനപ്പെടുത്തുന്നു. എന്നാല്‍ ഇതില്‍ രണ്ടിലും പെടുത്താനാവാത്ത നിരവധി ഫെമിനിസ്റ്റ് വിഭാഗങ്ങളുമുണ്ട്. ഒരുപോലെ ചൂഷണംചെയ്യപ്പെടുന്ന സ്ത്രീക്കും പരിസ്ഥിതിക്കുമിടയില്‍ ഉര്‍വരത പോലുള്ള ഘടകങ്ങളെ മുന്‍നിര്‍ത്തി സമാനതകള്‍ കണ്ടെത്തുന്ന ഇക്കോഫെമിനിസവും, വര്‍ണ്ണവിവേചനവും ലിംഗവിവേചനവും പരസ്പരബന്ധികളാണെന്നും ആദ്യത്തേത് ഇല്ലാതാവാതെ രണ്ടാമത്തേതിന് പരിഹാരം കണ്ടെത്താനാവില്ലെന്നും വാദിക്കുന്ന ബ്ലാക്ക് ഫെമിനിസവും കേവലം സ്ത്രീകേന്ദ്രീകരണത്തിന്റെതോ ലിംഗതുല്യതയുടെതോ മാത്രമായ പ്രത്യയശാസ്ത്രങ്ങളല്ല മുന്നോട്ടുവെക്കുന്നത്. പോസ്റ്റ് കൊളോണിയല്‍ ലോകത്ത് സാമ്രാജ്യത്വം നടത്തുന്ന അധിനിവേശങ്ങളെ പിതൃകേന്ദ്രീകൃതമായ ഒരു അധികാരക്രമം സ്ത്രീകളുടെ അവകാശങ്ങളുടെമേല്‍ നടത്തുന്ന കടന്നുകയറ്റങ്ങളുമായി കൂട്ടിവായിക്കുന്ന പോസ്റ്റ് കൊളോണിയല്‍ ഫെമിനിസത്തെയും മേല്പറഞ്ഞ തരംതിരിവില്‍ പെടുത്താനാവില്ല.

ഒരു പരിഷ്കൃതരാജ്യമെന്ന നിലയില്‍ അമേരിക്കയില്‍ നിലനില്‍ക്കുന്ന സവിശേഷസാഹചര്യങ്ങളെ അഭിസംബോധന ചെയ്യുന്നവയാണ് സൊമേഴ്സിന്റെ വാദങ്ങള്‍ ഏതാണ്ട് എല്ലാം തന്നെയും. അവയെ മുന്‍നിര്‍ത്തിയാണ് ഇന്ത്യയിലെയുള്‍പ്പെടെയുള്ള ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെല്ലാം നേരെ ബ്രൈറ്റ് വാളുയര്‍ത്തുന്നത്. ഫെമിനിസത്തെ മുഴുവന്‍ അടിച്ചുതകര്‍ക്കാനുള്ള വ്യഗ്രതക്കിടയില്‍ വസ്തുതാപരമായ പല പിഴവുകളും പറ്റിയിട്ടുണ്ട് ഇദ്ദേഹത്തിന്. ഈ വാചകം നോക്കുക: ‘ഫെമിനിസത്തില്‍ പ്രധാനമായും രണ്ടു ധാരകളുണ്ട്.(1) Equity feminism.(2) Gender feminism.രണ്ടാമത്തേതിന് Difference feminism എന്ന പേരില്‍ കൂടുതല്‍ കടുത്ത മറ്റൊരു ചെറു ശാഖയുമുണ്ട്.’ സ്ത്രീസഹജമായ കരുണ, ആര്‍ദ്രത, മാതൃത്വം തുടങ്ങിയ സവിശേഷതകളെയും ഗൃഹഭരണം,കുട്ടികളെ വളര്‍ത്തല്‍ തുടങ്ങി സ്ത്രീകള്‍ക്കായി മാറ്റിവെക്കപ്പെട്ട ജോലികളെയും മൂല്യവത്തായി കാണണമെന്ന് വാദിക്കുന്ന ഡിഫറന്‍സ് ഫെമിനിസ്റ്റുകള്‍ സ്ത്രീയും പുരുഷരും തുല്യരാണെന്ന ഒരു വാദമേ മുന്നോട്ടുവെക്കുന്നില്ല. ബ്രൈറ്റ് ഉദ്ദേശിക്കുന്ന ‘തീവ്രവാദികള്‍’ സെപറേറ്റിസ്റ്റുകള്‍ എന്നറിയപ്പെടുന്ന ഒരു ചെറുവിഭാഗമാണ്. സെക്കന്റ് വേവ് ഫെമിനിസം എന്നുവച്ചാല്‍ ജെന്‍ഡര്‍ ഫെമിനിസമാണെന്ന വാദവും വസ്തുതാപരമായി തെറ്റാണ്, അത് മുന്‍പ് വിശദമാക്കിയിട്ടുണ്ട്. മുട്ടിന് മുട്ടിന് ശാസ്ത്രം ശാസ്ത്രമെന്ന് ഉരുക്കഴിക്കുന്ന ബ്രൈറ്റ് എത്ര വസ്തുതാവിരുദ്ധമായ ഒരു വര്‍ഗീകരണത്തെയാണ് തന്റെ ലേഖനത്തിന് ആധാരമാക്കിയതെന്ന് നോക്കുക!

ലോകത്തെല്ലായിടത്തുമെന്നപോലെ ഇന്ത്യയിലും ഫെമിനിസം എന്ന പദത്തിന്റെ ആവിര്‍ഭാവത്തിനും എത്രയോ മുന്‍പ് തന്നെ സ്ത്രീകളുടെ സാമൂഹ്യമായ പിന്നോക്കാവസ്ഥയും, അവര്‍ അനുഭവിച്ചുകൊണ്ടിരുന്ന ചൂഷണങ്ങളും നീതിനിഷേധവും കണ്ടറിഞ്ഞ മാനവികതാവാദികള്‍ അവരുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവച്ചിരുന്നു. സതി,ശൈശവ വിവാഹം,വിധവാവിവാഹനിഷേധം തുടങ്ങിയ സാമുഹിക ദുരാചാരങ്ങള്‍ക്കെതിരേ നടന്ന സമരങ്ങള്‍ ഇതില്‍ പെടുന്നു. ഗാന്ധിജിയടക്കമുള്ള ദേശീയ നേതാക്കള്‍ സ്ത്രീകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരായിരുന്നു. അവരുടെ ശ്രമങ്ങളുടെ ഭാഗമായി ദേശീയപ്രസ്ഥാനത്തിലേയ്ക്ക് നിരവധി സ്ത്രീകള്‍ കടന്നുവരികയുണ്ടായി. സരോജിനി നായിഡുവിനെപ്പോലുള്ളവര്‍ അത്തരം ഒരു ബോധം സ്ത്രീസമൂഹത്തിലുണ്ടാക്കുന്നതില്‍ വഹിച്ച പങ്ക് നിസ്സീമമാണ്. കേരളത്തിലെ സാഹചര്യങ്ങളും വ്യത്യസ്ഥമായിരുന്നില്ല.സമൂഹത്തിന്റെ മുകള്‍തട്ടിലുള്ള സ്ത്രീകള്‍ക്ക് പോലും വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. മനകളുടെയും, ഇല്ലങ്ങളുടെയും അകത്തളങ്ങളിലും, മറക്കുടയ്ക്കുള്ളിലുമായി ശ്വാസം മുട്ടി കഴിഞ്ഞിരുന്ന നമ്പൂതിരി സ്ത്രീകളെ വീ.ടീ യുടെയും മറ്റും രചനകളില്‍ കാണാം. സ്മാര്‍ത്തവിചാരം പോലെയുള്ള കൊടിയ നീതിനിഷേധങ്ങളുടെ ചരിത്രം മറക്കാനാവാത്തത്ര അടുത്താണ്. മരുമക്കത്തായവ്യവസ്ഥ വഴി താരതമ്യേനെ ചില പരിരക്ഷകള്‍ ലഭിച്ചിരുന്നെങ്കിലും നായര്‍ സ്ത്രീകളുടെ കാര്യവും ഏറെയൊന്നും മെച്ചമായിരുന്നില്ല. അവര്‍ണ്ണരായ സ്ത്രീകളുടെ അവസ്ഥയാവട്ടെ, മാറുമറയ്ക്കാനായി പോലും സമരം നടത്തേണ്ടുന്നത്ര ദയനീയമായിരുന്നു.

നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് സ്ത്രീ,ദളിത് അനുകൂലമായ ഒരു സമൂഹമനസ്സ് രൂപപ്പെടുത്തുന്നതില്‍ ഒരു പരിധിവരെ വിജയിക്കാനായെങ്കിലും പ്രശ്നങ്ങള്‍ പിന്നെയും ബാക്കിനിന്നു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ തനത് സ്വഭാവമുള്ളവയാണെന്നും അതിന്റെ പരിഹാരത്തിന് നിലവിലുള്ള സാമൂഹ്യ പുരോഗമന പ്രസ്ഥാനങ്ങള്‍ മാത്രം പോരാ എന്നുമുള്ള തിരിച്ചറിവ് ഇവിടെ രൂപപ്പെടുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിലാണ്. ഗാര്‍ഹിക പീഡനങ്ങളും, അപകടമെന്ന വ്യാജേനെയുള്ള കൊലപാതകങ്ങളും തൊട്ട് പെണ്‍ഭ്രൂണഹത്യയുള്‍പ്പെടെ നിരവധി ഉപോല്‍പ്പന്നങ്ങളെ സൃഷ്ടിച്ചു, സ്ത്രീധനസമ്പ്രദായമെന്ന സാമൂഹ്യതിന്മ. മാറിയ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളില്‍ നല്ലൊരു ശതമാനം സ്ത്രീകള്‍ക്കും ഗൃഹഭരണത്തില്‍ ഒതുങ്ങിനില്‍ക്കാതെ തൊഴില്‍ മേഖലയിലേയ്ക്ക് പ്രവേശിക്കേണ്ടിവന്നതോടെ അത് പുതിയ പ്രശ്നങ്ങളുണ്ടാക്കി. പുരുഷനെ മാത്രം മുന്നില്‍ക്കണ്ട് നിര്‍മ്മിക്കപ്പെട്ട തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പ്രാഥമികാവശ്യങ്ങള്‍ പോലും അവഗണിക്കപ്പെട്ടു. തുല്യജോലിക്ക് തുല്യവേദനമെന്ന അടിസ്ഥാനാവശ്യം ഇന്നും മിക്ക തൊഴില്‍ മേഖലകളിലും നിഷേധിക്കപ്പെടുന്നു. സ്വന്തം വീടുതൊട്ട് തൊഴിലിടങ്ങളടക്കമുള്ള പൊതുസ്ഥലങ്ങളില്‍ വരെ സ്ത്രീ മാനസികമായും ശാരീരികമായും പലപ്പോഴും ലൈംഗികമായും പീഢനങ്ങള്‍ക്ക് വിധേയയാവേണ്ടിവരുന്നതുള്‍പ്പെടെയുള്ള ഇത്തരം വിവിധ പ്രശ്നങ്ങളെയാണ് കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇന്ന് അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാതെ പുരുഷവിരോധത്തിന്റെയോ സ്വവര്‍ഗരതിയുടെയോ പെണ്മാത്ര ഇടങ്ങളുടെയോ പ്രത്യയശാസ്ത്രമല്ല. മറിച്ചുള്ള പ്രചരണങ്ങള്‍ വസ്തുതാവിരുദ്ധങ്ങളും ഒരു സാമൂഹ്യപ്രസ്ഥാനത്തെ തകര്‍ക്കാനായി മാത്രം കെട്ടിച്ചമയ്ക്കപ്പെട്ടവയുമാണ്.

ഈ പറഞ്ഞ മിക്ക വാദങ്ങളെയും ബ്രൈറ്റും അംഗീകരിക്കുന്നുണ്ട്. അതേ സമയം ശാസ്ത്രത്തിനുവേണ്ടിയാണ് എന്ന വ്യാജേന ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെ അടച്ചാക്ഷേപിക്കയും ചെയ്യുന്നു. അമേരിക്കയിലെ സെപ്പറേറ്റിസ്റ്റുകളുടെ വാദങ്ങളെ അടിസ്ഥാനമാക്കി കേരളത്തിലെ സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളേയും അവയെ അനുകൂലിക്കുന്നവരേയും ആക്രമിക്കുന്നതിന്റെ യുക്തി വിചിത്രമെന്നേ പറയേണ്ടു. റിവേഴ്സ് ഗിയറില്‍ വന്ന പോസ്റ്റിലെ പിതൃകേന്ദ്രീകൃതമായ ഒരു സമൂഹം സ്ത്രീസഹജമെന്ന്‌ കല്‍പിച്ചുകൊടുത്ത പെരുമാറ്റഘടനകളുടെ ആകെത്തുകയാണ് ഫെമിനിന്‍ എന്ന നിര്‍വചനമാണ് ശാസ്ത്രവിരുദ്ധമെന്ന നിലയ്ക്ക് ബ്രൈറ്റിനെ ചൊടിപ്പിക്കുന്നത്. സാരിയുടുക്കാത്തവളും, നിലത്ത് നോക്കി നഖംകൊണ്ട് കളമെഴുതാതെ മുഖത്തുനോക്കി സംസാരിക്കുന്നവളും, കുടുംബത്തിലെയും പൊതുസമൂഹത്തിലേയും പ്രശ്നങ്ങളില്‍ ഇടപെടുകയും സ്വന്തം അഭിപ്രായം പറയുകയും ചെയ്യുന്നവളുമായ സ്ത്രീക്ക് ‘സ്ത്രീത്വമില്ല’ എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ ജീവിക്കുമ്പൊഴും ഫെമിനിന്‍ എന്ന പദത്തെ ജീവശാസ്ത്രം വച്ചേ നിര്‍വചിക്കാവൂ എന്ന് ഒരാള്‍ക്ക് വേണമെങ്കില്‍ പറയാം, അങ്ങനെ വിശ്വസിക്കാം, പക്ഷേ അതുമാത്രമാണ് ശരി എന്ന വാദം എല്ലായിടത്തും വിലപ്പോകില്ലെന്ന് മാത്രം. കേംബ്രിഡ്ജ് അഡ്വാസ്ഡ് ലേണേര്‍സ് ഡിക്ഷ്ണറിയില്‍ ഫെമിനിന്‍ എന്ന പദത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക: 'acting or having qualities which are traditionally considered to be suitable for a woman'. ഇനി നിഘണ്ടു തന്നെ ശാസ്ത്രവിരുദ്ധമാണോ എന്തോ!

ഉത്തരാധുനികചിന്താപദ്ധതികളുടെ ഒരു ഭാഗമാണ് ശാസ്ത്രത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ, ചരിത്രത്തിന്റെ തന്നെയും നിരാസം. ഒരു നവസാമൂഹ്യപ്രസ്ഥാനമെന്ന നിലക്ക് അതിനോടൊത്ത് പ്രവര്‍ത്തിക്കുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനവും ചിലയിടങ്ങളില്‍ ശാസ്ത്രത്തെയും പ്രത്യയശാസ്ത്രത്തെയുമൊക്കെ നിഷേധിക്കുന്നുണ്ട്. അതിന് അവര്‍ക്ക് അവരുടേതായ ന്യായീകരണങ്ങളുമുണ്ട്. അവയിലൊന്ന് പോലും പരിശോധിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യാതെ ഫെമിനിസ്റ്റ് പ്രസ്ഥാനം മുഴുവന്‍ ശാസ്ത്രവിരുദ്ധമാണെന്ന് കാടടച്ച് വെടിവെക്കുന്നത് കാണുമ്പോള്‍ ചില മെയില്‍ ഷോവനിസ്റ്റുകള്‍ക്കൊഴിച്ച് മറ്റെല്ലാവര്‍ക്കും ചിരിയേ വരൂ. പ്രത്യേകിച്ചും അതിനദ്ദേഹം ഉപകരണമാക്കുന്ന ഇവല്യൂഷണറി സൈക്കോളജിയുടെ ആധികാരികത തന്നെ ശാസ്ത്രലോകത്ത് പരക്കെ ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തില്‍.

ഫെമിനിസം വിമര്‍ശനങ്ങള്‍ക്ക് അതീതരാണെന്നൊന്നും ആരും വാദിക്കുന്നില്ല. മറ്റേതൊരു സാമൂഹ്യപ്രസ്ഥാനത്തിലുമെന്ന പോലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലേക്കും നിക്ഷിപ്തതാല്പര്യങ്ങള്‍ മുന്‍ നിര്‍ത്തി കടന്നുവരുന്ന സെക്റ്റുകള്‍ ഉണ്ടെന്നത് നിഷേധിക്കുന്നുമില്ല. അരാഷ്ട്രീയത ഉള്‍പ്പെടെയുള്ള എല്ലാ തനത് മധ്യവര്‍ഗസ്വഭാവങ്ങളും പേറുന്ന, ഹിന്ദുത്വവാദം പോലുള്ള മനുഷ്യവിരുദ്ധസിദ്ധാന്തങ്ങളെപ്പോലും പിന്തുണക്കുന്ന പല വിഭാഗങ്ങളും തങ്ങളുടെ താല്പര്യങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ മാത്രം ഫെമിനിസ്റ്റായിതീരുന്നത് പിങ്ക് ജെട്ടി പോലുള്ള സമരങ്ങളില്‍ നാം കാണുന്നുണ്ട്. ഒരു പ്രശ്നാ‍ധിഷ്ഠിതനിലപാടെന്ന നിലയ്ക്ക് പിങ്ക് ജെട്ടി സമരത്ത പിന്തുണയ്ക്കുമ്പോഴും ഇത്തരം വിഭാഗങ്ങളുടെ രാഷ്ട്രീയം മുഖ്യധാരാ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെതില്‍നിന്ന് വ്യത്യസ്തമാണെന്ന് തിരിച്ചറിയുന്നുമുണ്ട്. പക്ഷേ ഇത്തരം ചെറു ഗ്രൂപ്പുകളുടെയും അവരുടെ പ്രവര്‍ത്തനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും അടിസ്ഥാനത്തിലല്ല ലോകത്തെമ്പാടും വേരുകളുള്ള ബൃഹത്തായ ഒരു മാനവികതാപ്രസ്ഥാനത്തെ വിലയിരുത്തേണ്ടത്. ഏതൊരു വിമര്‍ശനവും ഉണ്ടാവേണ്ടത് പ്രസ്തുതവിഷയെത്തെക്കുറിച്ചുള്ള സമഗ്രമായ പഠനത്തില്‍ നിന്നാവണം. അല്ലാതെ മുന്വിധികളുടെ അടിസ്ഥാനത്തില്‍ എന്തിനെയെങ്കിലുമൊക്കെ അടര്‍ത്തിയെടുത്തുകൊണ്ട് നടത്തപ്പെടുന്ന കസര്‍ത്തുകള്‍ക്ക് കേവലം പല പോക്കലിന്റെ വില മാത്രമെ ഉണ്ടാവൂ. ബ്രൈറ്റിന്റെ ലേഖനത്തില്‍ ഉടനീളം നിലനില്‍ക്കുന്ന ഔദ്ധത്യവും ഭാഷാപ്രയോഗങ്ങളിലെ ആക്രമണോത്സുകതയും പ്രതിപക്ഷബഹുമാനമില്ലായ്മയും ഇതിന് അടിവരയിടുന്നു. ഫെമിനിസമെന്ന പ്രസ്ഥാനത്തൊടെന്നല്ല, അതിനനുകൂലമായി സംസാരിക്കുകയോ നിലപാടെടുക്കുകയോ ചെയ്യുന്നവരോടൊക്കെയും പരമപുച്ഛവും ശത്രുതയും വിളിച്ചോതുന്നു എന്നല്ലാതെ ധനാത്മകമായ ഒന്നും മുന്നോട്ടുവെക്കുന്നില്ല ഇദ്ദേഹത്തിന്റെ ലേഖനം. അറിവും അവബോധവും രണ്ടും രണ്ടാണ്. അവബോധമില്ലാത്ത അറിവ് ഒരു വ്യക്തിഗതാലങ്കാരമെന്ന നിലയില്‍ കവിഞ്ഞ് സാമൂഹ്യമായി നിഷ്ഫലമായിരിക്കുമെന്ന് മാത്രമല്ല, പലപ്പോഴും അത് ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യും.

ഒരു സാമൂഹ്യപ്രസ്ഥാനത്തെ അതിന്റെ സാമൂഹ്യവും ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി ജീവശാസ്ത്രവും ഇവല്യൂഷനറി സൈക്കോളജിയുമൊക്കെ കൂട്ടിക്കലര്‍ത്തി അലക്കുന്നതിനുപിന്നില്‍ ഒരു അജണ്ടയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. DHRM എന്ന സംഘടനയുടെ പേരില്‍ ആരോ ചിലര്‍ വെറുതെ നടന്നുപോയൊരാളെ വെട്ടിക്കൊന്നു എന്നതുകൊണ്ട് ദളിത് പ്രസ്ഥാനങ്ങള്‍ മുഴുവന്‍ വഴിയെ പോകുന്ന മനുഷ്യരെ വെട്ടിക്കൊല്ലാന്‍ നടക്കുന്നവരാണെന്ന് പ്രചരിപ്പിക്കും പോലെ, ഒരു തടിയന്റവിട നസീറും ഷഫാസും, കൂട്ടാളികളും ചേര്‍ന്ന് നടത്തിയ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ എല്ലാ മുസ്ലിംകളും രാജ്യദ്രോഹികളാണെന്ന് പ്രചരിപ്പിക്കും പോലെ ഒരു അജണ്ട.

5 comments:

chithrakaran:ചിത്രകാരന്‍ said...

1)മനുഷ്യനെ കറുത്ത തുണിച്ചാക്കിലിട്ടു മൂടുന്ന പര്‍ദ്ദക്കെതിരെ ഫെമിനിസ്റ്റുകള്‍ സമര പ്രഖ്യാപനം നടത്തുകയാണെങ്കില്‍
ഫെമിനിസ്റ്റുകളെയും മാനവികമായ പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗമായി കാണാമായിരുന്നു !!!
2)ചാണകവും നഗരമാലിന്യങ്ങളും വാരുന്ന കുടുംബശ്രീയില്‍ സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാരും ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെട്ടാലും ഫെമിനിസ്റ്റുകളെക്കുറിച്ച് മതിപ്പുണ്ടായേനെ !
3)നമ്മുടെ സ്ത്രീ വേശ്യകളെ ആരോഗ്യകരമായ തൊഴില്‍ ചുറ്റുപാടുകളിലേക്ക്
ഉയര്‍ത്തിക്കൊണ്ടുവരാനും,അവര്‍ക്ക് മനുഷ്യാവകാശങ്ങള്‍ ബാധകമാക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെങ്കിലും അത് ഫെമിനിസത്തിന്റെ മഹനീയത ഉയര്‍ത്തിയേനെ.
4)സ്ത്രീധനത്തിനെതിരെ മതാചാരപരമായ വിവാഹങ്ങളെ നിരാകരിക്കാന്‍ ഫെമിനിസ്റ്റുകള്‍ എന്തെങ്കിലും പ്രവര്‍ത്തനം നടത്തുകയാണെങ്കിലും
സ്ത്രീ വര്‍ഗ്ഗീയതയുടെ ഒരം പറ്റിയുള്ള ഫെമിനിസത്തെ സഹിക്കാമായിരുന്നു !!!
ആശംസകള്‍ സുഹൃത്തേ...:)

Inji Pennu said...

നല്ല ലേഖനം (കമന്റ് ബോക്സ് പഴയ ടയ്പ്പ് ആക്കുമോ? പുതിയത് ഈസ് ബഗ്ഗി)

ഓഫ്:
ഫെമിനിസം എന്നാൽ പ്രസവം പോലെ സ്ത്രീകൾക്ക് മാത്രം സ്ത്രീകൾ മാത്രം നടപ്പിലാക്കേണ്ട എന്തോ സംഗതി എന്ന് ധരിക്കുന്നവരുണ്ട്. അവർക്കാണ് അവരാണ് അത് ചെയ്തിരുന്നെങ്കിൽ ബഹുമാനിച്ചേനെ നന്നായേനെ എന്ന ജഡ്ജ്മെന്റുകളുമായി വരുന്നത്.

secular politics said...

ചിത്രകാരാ,
ലിസ്റ്റില്‍ രണ്ടാമത്തേത് ഒഴികെയുള്ളവ കാലങ്ങളായി ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ ചെയ്ത് വരുന്നവയാണ്.

ഇഞ്ചി പെണ്ണ്,
കമന്റ് ഒപഷന്‍ ഉടന്‍ മാറ്റാം.

ഓഫ് ആയിട്ടാണെങ്കിലും ഉന്നയിച്ചത് പ്രസക്തമായ ഒരു പോയിന്റാണ്.സ്ത്രീയുടേയും,ദളിതന്റെയും, പരിസ്ഥിതിയുടേയും,കറുത്തവര്‍ഗ്ഗക്കാരുടെയും തൊട്ട് സ്വവര്‍ഗസംഭോഗികളുടെ വരെ പ്രശ്നങ്ങള്‍ ഒരു ബഹുസ്വര ലോകത്ത് എല്ലാവരുടേതുമാണ്, അഥവാ എല്ലാവര്‍ക്കും അവ ഏറ്റെടുക്കേണ്ട ബാദ്ധ്യതയുണ്ട്.

Anonymous said...

താങ്കളുടെ ബ്ലോഗ് കാണാന്‍ ഇത്ര വൈകിയതില്‍ സത്യാന്വേഷി ഖേദിക്കുന്നു.ഒന്ന് ഓടിച്ചുനോക്കിയതേയുള്ളു. മൊത്തം ഒന്നു വായിച്ചുനോക്കട്ടെ.ശേഷം കമന്റാം.ആശംസകള്‍.

മനോഹര്‍ മാണിക്കത്ത് said...

സ്ത്രീകളുടെ പ്രശ്നം അവരുടേതും
പുരുഷന്റെ പ്രശ്നങ്ങള്‍ പുരുഷന്റേതും
മറ്റ് ലോകത്തെ എല്ലാ പ്രശ്നങ്ങളൂം അവരരുടേതു മാത്രമായി
ചെറുതായി കാണുമ്പോള്‍ ബ്രൈറ്റിനെ പോലെ ചിലര്‍ക്ക്
ഇതിലും വലുതായി ഒന്നും എഴുതാന്‍ കഴിയില്ല.

എല്ലാ ലോകത്തെ പ്രശ്നങ്ങളും നമ്മുടേതായി കാണാന്‍
കഴിയുമ്പോഴാണ് എല്ലാ ഇസങ്ങളേയും ബഹുമാനിക്കുക.
അതില്ലാതെ പോയതാണ് ബ്രെറ്റിന്റെ ലെഖനത്തിലെ
കുറവും