പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തു കാര്യമെന്നു ചോദിക്കുന്നതുപോലെ ഐപി എല്‍ നടക്കുന്നിടത്ത് ശിവസേനക്കെന്ത് കാര്യമെന്ന് ചോദിച്ചുകളയരുത്. കളി നടക്കുന്നത് ഇന്ത്യയിലാണെങ്കില്‍ കളിക്കാരായോ കാണികളായോ ഇന്ത്യാക്കാരുണ്ടെങ്കില്‍ ശിവസേനക്കതില്‍ കാര്യമുണ്ട്. അത് പവാറിനറിയാം,ബി സി സി ഐക്കറിയാം, നമ്മുടെ കേന്ദ്രസര്‍ക്കാരിനുമറിയാം. അതുകൊണ്ടാണല്ലോ നിലവിലെ ഭക്ഷ്യവകുപ്പുമന്ത്രിയും കോണ്‍ഗ്രസ്സിലും എന്‍ സി പിയിലുമായി പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്പര്യമുള്ളയാളും, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കറുമൊക്കെയായ സാക്ഷാല്‍ ശരത്പവാര്‍ തന്നെ ശിവസൈന്യാധിപന്റെ കാലുപിടിക്കാന്‍ ബാന്ദ്രയിലെ ‘മാതോശ്രീ’യില്‍ എത്തിയത്.
ഇന്ത്യകാര്‍ക്കെതിരെയുള്ള ഒരധിക്ഷേപവും പൊറുക്കാനാവില്ലെന്നും കളിയല്ല, ഭാരതമാണ് തനിക്ക് മുഖ്യമെന്നും വാര്‍ദ്ധക്യത്തിലും ധാര്‍മികരോഷം കൊള്ളുന്ന ‘താക്കറെ പ്രഭുവിനെ’ ഒന്നു മയപ്പെടുത്താന്‍ പവാര്‍ ദൂതിന് കഴിഞ്ഞിട്ടുണ്ടെന്നു വേണം അനുമാനിക്കാന്‍. ഓരോ ടീമിലും എത്ര ഓസ്ട്രേലിയക്കാര്‍ വീതമുണ്ട്, അതിലോരോരുത്തരും എത്ര പേരുടെ ഗുണം ചെയ്യും എന്നതൊക്കെ ചേര്‍ത്ത് വിശദമായൊരു റിപ്പോര്‍ട്ടെഴുതിക്കൊടുത്താല്‍ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ അത് വായിച്ചിട്ട് ഓസ്ട്രേലിയക്കാരിവിടെ കളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അവസാനവാക്ക് പറയാമെന്ന് ബാല്‍താക്കറെ പറയുമ്പോള്‍ പവാര്‍ജിയുടെയും ബിസിസിഐയുടെയും ഐ പി എല്‍ കച്ചവടക്കാരുടെയുമൊക്കെ കണ്ണുകള്‍ പ്രതീക്ഷ കൊണ്ട് ഉരുണ്ടുതള്ളി ഫുട്ബാള്‍ പരുവമാകുന്നു.
പറയുന്നതില്‍ കാര്യമുണ്ടെങ്കില്‍ ഏത് ശിവസേനക്കാരന്‍ പറയുന്നതും കേള്‍ക്കണമെന്നാണല്ലോ. ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടക്കുന്ന വംശീയാതിക്രമങ്ങള്‍ ഏതൊരിന്ത്യാക്കാരനെയും വ്യാകുലപ്പെടുത്തുംവിധം തുടര്‍ക്കഥയായിരിക്കുന്നു. പക്ഷേ ഇവിടെ വംശീയം എന്ന വാക്കാണ് പ്രശ്നം. ശിവസേനക്കാര്‍ അതെടുത്ത് പ്രയോഗിക്കുമ്പോള്‍ കേള്‍വിക്കാരനത് ഗാന്ധി പീസ് ഫൌണ്ടേഷന്‍കാരുടെ സിമ്പോസിയത്തില്‍ ഗോഡ്സെ പേപ്പറവതരിപ്പിക്കുമ്പോലെ തോന്നും. ആധുനിക മുംബൈയുടെ സൃഷ്ടിക്കുപിന്നില്‍ മദ്രാസിയുടെയും ഉത്തരേന്ത്യക്കാരന്റെയും ഉള്‍പ്പെടെ ഒരുപാടുപേരുടെ അധ്വാനമുണ്ടെന്നതുപോലും ഓര്‍ക്കാതെ മണ്ണിന്റെമക്കള്‍ വാദവുമായി കുന്തവും കുറുവടിയും കൊടുത്ത് ഭൂതഗണങ്ങളെ തെരുവിലേക്കിറക്കിവിട്ട അതേ ‘ദേശസ്നേഹി’ഫാമിലിതന്നെ കംഗാരുനാട്ടിലെ വംശീയപ്രശ്നങ്ങളെക്കുറിച്ച് വിലപിക്കണം! ഇന്ത്യാക്കാര്‍ക്കെതിരെയുള്ള ഒരധിക്ഷേപവും പൊറുക്കാനാവാത്ത മൂത്ത താക്കറെയുടെ കണക്കില്‍ ഇനി മറാഠികള്‍ മാത്രമാണാവോ ഇന്ത്യാക്കാര്‍? മൂന്നു താക്കറെമാരും തട്ടുകേടു വരുമ്പോഴൊക്കെ എടുത്തലക്കുന്ന മണ്ണിന്റെ മക്കള്‍ വാദത്തിനൊത്ത് മറാഠികള്‍ തുള്ളുന്നത് മനസ്സിലാക്കാം. പക്ഷേ ഇങ്ങ് കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലങ്ങോളമിങ്ങോളം ശിവസേനയെന്നും പറഞ്ഞ് കുറിയും തൊട്ട് നെഞ്ചും വിരിച്ച് നടക്കാന്‍ ചെറുപ്പക്കാരുണ്ടെന്നതാണതിശയം.
വെടിവയ്പും ബോംബുസ്ഫോടനവുമൊക്കെയായി നാട്ടിലാരും തിരിഞ്ഞുനോക്കാത്ത അവസ്ഥയില്‍ പാഡും ഗ്ലൌസുമൊക്കെ അഴിച്ചുവെച്ച് സുഖമായുറങ്ങുകയായിരുന്ന പാക്കിസ്ഥാനി കളിക്കാരെ വിളിച്ചുണര്‍ത്തി ഇവിടെ കൊണ്ടുവന്ന് ലേലംതീരുംവരെ നിര്‍ത്തിയിട്ട് ഒടുവില്‍ അത്താഴമില്ലെന്ന് പറഞ്ഞ ഐപിഎല്‍ നടപടി ശരിയായില്ലെന്ന് പ്രസ്താവിച്ച ഷാരൂഖ് ഖാനാണ് താക്കറെ ത്രയത്തെ അടുത്തിടെ ചൊടിപ്പിച്ച മറ്റൊരാള്‍. സംഗതി ന്യായമായാലും അന്യായമായാലും പാക്കിസ്ഥാനെ അനുകൂലിച്ച് ഒരു വാക്കുരിയാടുന്നത് ദേശാഭിമാനികള്‍ക്ക് ചേര്‍ന്നതല്ല എന്ന് ശഠിക്കുന്ന ത്രിമൂര്‍ത്തികള്‍ക്കും ഭൂതഗണങ്ങള്‍ക്കും വിറളി പിടിച്ചത് സ്വാഭാവികം. പ്രത്യേകിച്ച് പറഞ്ഞത് ഒരു മുസല്‍മാന്‍ കൂടിയാവുമ്പോള്‍. ഉടന്‍ വന്നു കിംഗ്ഖാനെ തേടി രാജ്യദ്രോഹി പട്ടം. തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഷാരൂഖ് ആവര്‍ത്തിച്ചിട്ടും ‘മൈ നെയിം ഈസ് ഖാന്റ്റെ’ പ്രദര്‍ശനം തടയുന്നതില്‍നിന്ന് പക്ഷേ സേന പിന്മാറി. ഇറ്റലിക്കാരിയുടെയും യുവരാജാവിന്റെയും ബലത്തില്‍ നീ സിനിമ കാണിച്ചോ, ഒന്നുമില്ലാത്ത കാര്യത്തിന് ഭൂതഗണങ്ങള്‍ എന്തിന് ചോര ചിന്തണം, ജയിലില്‍ കിടക്കണം എന്നൊക്കെ പറഞ്ഞുകൊണ്ടാണ് പിന്മാറ്റമെങ്കിലും ‘പല്ലിന്‍ശൌര്യം പണ്ടേപോലെ’ ഫലിക്കാത്തതാണെന്നും, അല്ല പണത്തിന് മീതെ സേനയും പറക്കാത്തതാണെന്നും ഒക്കെ കേള്‍ക്കുന്നുണ്ട് ചില അടുക്കളവര്‍ത്തമാനങ്ങള്‍.
കാര്യങ്ങളെന്തുതന്നെയായാലും ഇന്ത്യയിലെന്നു മാത്രമല്ല, ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം കാണാനാഗ്രഹിക്കുന്ന ഒരു ഇന്ത്യാ-പാക് പരമ്പരയോ ഇന്ത്യ-ഓസീസ് പരമ്പരയോ നമ്മുടെ മണ്ണില്‍ വെച്ച് നടക്കണമെങ്കില്‍ ശിവന്‍ കോവിലായ ശിവന്‍ കോവില്‍ മുഴുവന്‍ കയറിയിറങ്ങി ഭൂതഗണങ്ങളെ പ്രീതിപ്പെടുത്താനായി നേര്‍ച്ചയിട്ട് നോമ്പ് നോല്‍ക്കേണ്ടിവരും നമ്മള്‍. ശംഭോ മഹാദേവ!!!
Monday, February 8, 2010
Subscribe to:
Post Comments (Atom)
5 comments:
നല്ല ഒരു ലേഖനം.
ക്രിക്കറ്റും ഇപ്പോള്‍ മത- ജാതി-ഭാഷാ ചിന്തകള്‍ക്ക് അടിമപ്പെട്ടിരിക്കുന്നു.
അത് മാറുമെന്ന് തോന്നുന്നില്ല.
ശിവസേനക്കാര്‍ അതെടുത്ത് പ്രയോഗിക്കുമ്പോള്‍ കേള്‍വിക്കാരനത് ഗാന്ധി പീസ് ഫൌണ്ടേഷന്‍കാരുടെ സിമ്പോസിയത്തില്‍ ഗോഡ്സെ പേപ്പറവതരിപ്പിക്കുമ്പോലെ തോന്നും...
ഈ വരികളാണ് ഈ ലേഖനത്തിന്റെ കാതല്‍.
മറാത്തകാരയല്ലാതെ മറാത്തയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുകയില്ലെന്ന് ഒരുകൂട്ടം കൂട്ടി കൊടുപ്പുകാര്‍.. അതിന് സമ്മതിക്കുകയില്ലെന്ന് വേറേ കൂട്ടി കൊട്റ്റുപ്പുകാര്‍. ചുരുക്കത്തില്‍ പറഞ്ഞാല്‍ ശിവസേനക്കാരുടെ വംശീയ വിമര്‍ശനം കൂട്ടി കൊട്റ്റുപ്പുകാരുടെ പ്രഭാഷണ പരമ്പര പോലെയായി പോയി. കഷ്ടം.
സുന്ദരമായ ഒരു ബുംബൈയ്
സ്വപ്നം കാണുന്ന ശിവസേനക്ക്
അണികളെ ഒപ്പം നിര്‍ത്താന്‍
ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാനില്ല...
ഒന്നും ചെയ്തിട്ടുമില്ല.
പ്രസക്തം. അഭിവാദ്യങ്ങളോടെ
പോസ്റ്റിലെ വിഷയം നന്നായി.പക്ഷെ ഭാഷ റ്റിവിയിലെ പൊളിറ്റികല്‍ സറ്റയറുകളിലേതാകേണ്ടായിരുന്നു.
Post a Comment