Thursday, March 4, 2010

വെളിച്ചത്തിരുന്ന് സിനിമ കാണുമ്പോള്‍...

കഴിഞ്ഞ ഒന്നുരണ്ടാഴ്ചകളായി നമ്മുടെ മാധ്യമങ്ങള്‍ ഒരു മുഖ്യധാരാസാംസ്കാരികപ്രതിസന്ധിയെന്ന നിലയ്ക്ക് മുന്നോട്ടുവെച്ചുകൊണ്ടിരിക്കുന്നതാണ് തിലകന്‍-അമ്മ-അഴീക്കോട് വിവാദം. എന്നിട്ടും സാധാരണക്കാര്‍ പോലും ഇതില്‍ അഭിപ്രായം പറയാന്‍ മടിക്കുന്നത് ഇക്കാലത്തെ ഏതു മുഖ്യധാരാസിനിമയെയും പോലെ യുക്തിക്കു നിരക്കുന്നതല്ല ഈ വിവാദത്തിന്റെ ഇരുപക്ഷത്തും നിരക്കുന്നവര്‍ മുന്നോട്ടുവെക്കുന്ന കാര്യകാരണപൊരുത്തങ്ങള്‍ എന്നതുതന്നെയാവും.

തനിക്കു തൊഴില്‍ നിഷേധിക്കുന്നു, തന്നെ സിനിമകളില്‍നിന്ന് വിലക്കുന്നു എന്നിങ്ങനെയുള്ള മുറവിളികള്‍ തിലകന്‍ ഉയര്‍ത്താന്‍ തുടങ്ങിയത് ഈയിടെയൊന്നുമല്ല. നാമിത് ആദ്യമായി കേള്‍ക്കുന്നത് ഒരു വര്‍ഷത്തിനോ മറ്റോ മുന്‍പാണ്. അതൊന്നു കെട്ടടങ്ങിയ ശേഷം കുറെ കാലം തിലകന്‍ മിണ്ടാതിരുന്നു. ഈ കാലയളവില്‍ സൂപ്പര്‍താരങ്ങളുടേതുള്‍പ്പെടെ പല സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. പ്രശ്നം വീണ്ടും ഉയര്‍ന്നുവന്നത് ‘കൃസ്ത്യന്‍ ബ്രദേര്‍സ്’ എന്ന ജോഷിചിത്രത്തിന്റെ ഷൂട്ടിംഗിനോടനുബന്ധിച്ചാണ്. ചില സൂപ്പര്‍ താരങ്ങളുടെ ഇടപെടലുകള്‍ കാരണമാണ് തനിക്ക് ഈ സിനിമ നഷ്ടപ്പെട്ടതെന്ന് തിലകന്‍ മാധ്യമങ്ങളിലൂടെ തുറന്നടിച്ചതോടുകൂടിയാണ് വിവാദം വീണ്ടും കത്തിപ്പിടിച്ചത്.

തിലകനെപ്പോലൊരു നടനെ എന്തിന് ആരെങ്കിലും സിനിമയില്‍നിന്ന് വിലക്കണമെന്നതാണ് ഉത്തരമാവശ്യപ്പെടുന്ന ആദ്യചോദ്യം. അതിനു തിലകന്‍ നല്‍കുന്ന മറുപടി തന്റെ അഭിനയം സൂപ്പര്‍ താരങ്ങളെ കവച്ചുവക്കുമോ എന്ന അവര്‍ക്കുണ്ടായ സംശയത്തില്‍നിന്നുണ്ടായതാണീ വിലക്ക് എന്നതാണ്. അങ്ങനെയെങ്കില്‍ തിലകന്‍ തന്റെ അഭിനയ ജീവിതത്തിന്റെ ഉജ്ജ്വലകാലഘട്ടത്തിലും ഇപ്പറഞ്ഞ താരങ്ങള്‍ക്കൊത്ത് ഒരുപാടു ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. അന്നൊന്നും അവര്‍ക്കുണ്ടാവാത്ത സംശയം ഇപ്പോഴെങ്ങനെ ഉണ്ടായി എന്ന് ആരും ചോദിച്ചോ പറഞ്ഞോ കേട്ടില്ല. ഇതേ പ്രശ്നത്തില്‍ സിനിമാസംഘടനകളായ അമ്മയും ഫെഫ്കയും പറഞ്ഞുകൊണ്ടിരിക്കുന്നത് തങ്ങള്‍ ആരെയും വിലക്കിയിട്ടില്ല എന്നാണ്. പിന്നെയെന്തിന് തിലകന്‍ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നുവെന്ന് ചോദിച്ചാല്‍ ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടെന്ന് ധരിക്കുന്ന തരമൊരു മനോനിലയിലാണ് കുറെ കാലമായി തിലകന്‍ എന്നതാണ് അവരുടെ മറുപടി. അങ്ങനെയെങ്കില്‍ സംഗതി മനോരോഗം തന്നെയാണ്. താന്‍ ‘വേണ്ടിവന്നാല്‍ നിരത്തു’മെന്ന് പറഞ്ഞ രേഖകളും തെളിവുകളുമൊന്നും ഈ വിവാദത്തിന്റെ ഒരു ഘട്ടത്തിലും അദ്ദേഹം നിരത്തിയിട്ടില്ല എന്നത് ഈ സംശയത്തിനു ബലമേകുന്നു.

ഇങ്ങനെയിരിക്കുമ്പോഴാണ് കാര്യങ്ങള്‍ക് കൊഴുപ്പേകിക്കൊണ്ട് സുകുമാര്‍ അഴീക്കോടിന്റെ രംഗപ്രവേശം. ഒരു സാംസ്കാരികപ്രശ്നത്തിലിടപെടാനും അഭിപ്രായം പറയാനുമൊന്നും അറിയപ്പെടുന്ന ഒരു സാംസ്കാരികനായകനെന്ന നിലയ്ക്ക് അദ്ദേഹത്തിന് ഒരു സംഘടനയുടെയും അംഗത്വമോ സ്വഭാവസര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല എന്നത് കാര്യം. എങ്കിലും കൊച്ചുപെണ്‍കുട്ടികളെ നായികമാരാക്കി ‘വിഗ്ഗുവെച്ച കപടയൌവന’ത്തില്‍ അഭിരമിച്ചുകൊണ്ടിരിക്കുന്നവര്‍ എന്നിങ്ങനെയൊക്കെയുള്ള അദ്ദേഹമുന്നയിക്കുന്ന ആക്ഷേപങ്ങളില്‍ പക്ഷേ സഭ്യതയെന്നല്ല യുക്തിയുമില്ല. സിനിമ ആത്യന്തികമായി സംവിധായകന്റെ സൃഷ്ടിയാണ്. അയാള്‍ക്ക് വേണ്ടുന്നത് പരമാവധി ഭംഗിയായി ചെയ്തു ഫലിപ്പിക്കുക എന്നതു മാത്രമാണ് അതുമായി സഹകരിക്കുന്ന ഓരോരുത്തരുടെയും ജോലി. തന്റെ കഥാപാത്രങ്ങള്‍ക്ക് ആരൊക്കെ ജീവന്‍ നലകണമെന്നത്, അവരുടെ ഭാവഹാവങ്ങള്‍ എന്തൊക്കെയായിരിക്കണമെന്നത് വിഗ്ഗും മേക്കപ്പും ഉടുപ്പിന്റെ നിറവുമുള്‍പ്പെടെ തീരുമാനിക്കുന്നത് അയാളാണ്. ആ നിലക്ക് അഴീക്കോടിന്റെ രോഷം കേന്ദ്രീകരിക്കപ്പെടേണ്ടത് പാവം നടീനടന്മാരിലല്ല, സംവിധായകരിലാണ്. മാത്രമല്ല, ഇപ്പറഞ്ഞ നടന്മാരൊക്കെ നല്ല പ്രായത്തില്‍ തലവടിച്ച് തൊലിയും ചുളുക്കി വടികുത്തിയും അഭിനയിച്ചിരുന്നു. അന്നൊന്നും ആരും കപടവാര്‍ദ്ധക്യമെന്ന് അപലപിച്ചു കേട്ടിരുന്നില്ല.

ഇതൊന്നും കൂടാതെയാണ് ധാര്‍മികത നോക്കാതെ പരസ്യങ്ങളില്‍ അഭിനയിക്കുന്നുവെന്നും ജനപ്രീതി വിറ്റ് കാശാക്കുന്നുവെന്നുമൊക്കെയുള്ള ആരോപണങ്ങള്‍. പരസ്യത്തിന്റെ ധാര്‍മികതയെന്നത് അതിനായി പണം മുടക്കുന്നവന്‍ പരസ്യപ്പെടുത്താന്നാഗ്രഹിക്കുന്നതിനെ പരമാവധി ആളുകളിലേക്ക് ഫലപ്രദമായി കൊണ്ടെത്തിക്കുകയെന്നത് മാത്രമാണ്. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞതരം ധാര്‍മികതാസിദ്ധാന്തങ്ങള്‍ പരസ്യമേഖലയെ മുഴുവന്‍ ആദ്യം അഭിസംബോധന ചെയ്യണം. എന്നിട്ടുവേണം വിമര്‍ശനഖഡ്ഗം അതിലെ മോഡലിലേക്കും ക്യാമറാമാനിലേക്കും ലൈറ്റ്ബോയിയിലേക്കുമൊക്കെ നീട്ടേണ്ടത്. വിശാലമായ അര്‍ത്ഥത്തില്‍ അവതാരികയെഴുത്തും സ്വീകരണ,സമ്മാനദാനസമ്മേളനങ്ങളിലെ വേദിയറിഞ്ഞുള്ള നാലുവാക്കു പറഞ്ഞുപോക്കും ഒക്കെ പരസ്യാഭിനയം തന്നെ. ഇത്തരമൊരു സമ്മേളനത്തില്‍ വെച്ച് സാക്ഷാല്‍ അഴീക്കോട് മമ്മൂട്ടിയെ വര്‍ണ്ണിച്ചത് ‘മലയാളസിനിമയുടെ സൂര്യതേജസ്’ എന്നാണ്. അതേ മമ്മൂട്ടിയെയാണ് കൂ‍ളിംഗ്ലാസ് നടനെന്ന് തിലകന്‍ പരോക്ഷമായി ആക്ഷേപിച്ചതും അഴീക്കോട് പിന്നീട് ഏറ്റുപിടിച്ചതും. അപനിര്‍മ്മിക്കുമ്പോള്‍ എല്ലാം അപനിര്‍മ്മിക്കണ്ടേ!

എന്തൊക്കെ പറഞ്ഞാലും ‘സരസ്വതീകടാക്ഷമുള്ള’ നാവാണ് അഴീക്കോടിന്റേത്. ‘വല്ലവരും എഴുതിക്കൊടുക്കുന്നത്’ കേട്ടുപറഞ്ഞുമാത്രം ശീലമുള്ളവര്‍ അങ്ങനെയൊരാളിനെതിരെ വാക്പയറ്റിനിറങ്ങും മുന്‍പ് തങ്ങളുടെ ഡയലോഗ് കഴിഞ്ഞാലുടന്‍ കട്ട് പറയാന്‍ ഇവിടെ സംവിധായകരില്ലെന്നെങ്കിലും മനസ്സിലാക്കിയിരിക്കണം. ഇല്ലെങ്കില്‍ സ്ലോമോഷനില്‍ തിരിഞ്ഞുനടക്കുന്നതിനു പകരം മറുപക്ഷത്തുനില്‍ക്കുന്നവന്‍ പറയുന്ന മറുപടി കേട്ട് നാവിറങ്ങിപ്പോവുന്ന അവസ്ഥയാവുമെന്ന് ചുരുങ്ങിയത് ഇന്നസെന്റിനെങ്കിലും ഇപ്പോള്‍ മനസ്സിലായിക്കാണും(ഉവ്വോ..അതോ ഡിക്ഷ്ണറി അര്‍ത്ഥം പോലെ...).

നമ്മുടെ മാധ്യമങ്ങള്‍ ഈ നക്ഷത്രവിവാദത്തെ ശരിക്കും ആഘോഷിക്കുകയായിരുന്നു. തിലകനെങ്കിലും ഇപ്പോള്‍ അത് മനസ്സിലായിക്കാണും. ചര്‍ച്ചകളെ തനിക്ക് തൊഴില്‍നിഷേധിക്കപ്പെടുന്നുവെന്ന മുഖ്യപ്രശ്നത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ പല ചാനലുകളിലായി ഇദ്ദേഹം നടത്തുന്ന ദയനീയശ്രമങ്ങള്‍ തന്നെ ഇതിനു തെളിവ്. മാധ്യമങ്ങള്‍ തിലകന്‍ പ്രശ്നത്തെ ഏറ്റെടുത്തത് അതൊരു തൊഴില്പ്രശ്നമായതുകൊണ്ടല്ല, നക്ഷത്രപ്രശ്നമായതു കൊണ്ടാണ്. ഇതു മനസ്സിലാക്കാന്‍ ഇക്കഴിഞ്ഞ കുറെ ദിവസങ്ങളിലെ വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. വായില്‍നിന്ന് വീഴുന്നതിനെയൊക്കെ (വീഴാത്തതിനെയും) ചൂടാറും മുന്‍പ് മറുചെവിയിലെത്തിച്ച് അവിടെനിന്ന് തിളയ്ക്കുന്ന മറുപടികള്‍ ഇറ്റിച്ചെടുക്കുന്ന മാധ്യമതന്ത്രം അഴീക്കോടിനും താരങ്ങള്‍ക്കും മനസ്സിലായാലും ഇല്ലെങ്കിലും കണ്ടിരിക്കുന്നവര്‍ക്ക് വ്യക്തമായി മനസ്സിലാവുന്നുണ്ട്. മോഹന്‍ലാലിനെതിരെ സഹോദരന്റെ സ്വത്ത് അപഹരണം പോലെ ഗുരുതരമായ ആരോപനങ്ങള്‍ ഒരടിത്തറയുമില്ലാതെ ഉന്നയിച്ച് സാംസ്കാരികലോകത്തെ തന്റെ പ്രതിച്ഛായയെതന്നെ സ്വയം താറടിച്ചിട്ടും അഴീക്കോടിന് ഒന്നും മനസ്സിലായിട്ടില്ല. അതുകൊണ്ടാണല്ലോ മോഹന്‍ലാല്‍ തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാനാലോചിക്കുന്നു എന്ന ചാനല്‍ വാര്‍ത്ത കണ്ടയുടന്‍ താന്‍ തിരിച്ചും ഒന്ന് കാച്ചാന്‍ പോകുന്നുവെന്നൊക്കെ പറഞ്ഞ് അദ്ദേഹം വീണ്ടും അപഹാസ്യനായത്. ഊഹാപോഹം വാര്‍ത്തയാക്കിയ ചാനലുകാര്‍ ഊറിച്ചിരിക്കുന്നുണ്ടാവണം.

സാംസ്കാരികലോകവും സിനിമാലോകവും തമ്മിലുള്ള ഉദ്വേഗജനകമായ ഒരു സംഘട്ടനം എന്ന നിലയ്ക്കുവരെ ഈ വിവാദത്തെ വളര്‍ത്തിവില്‍ക്കാന്‍ ശ്രമിച്ച മാധ്യമങ്ങളും വെറുതെ വിരലിട്ട് ആപ്പിലായ അഴീക്കോടും പറഞ്ഞുപറഞ്ഞ് കൈവിട്ടുപോയ നിലയ്ക്ക് തിലകനും ഒക്കെ പ്രത്യക്ഷമോ പരോക്ഷമോ ആയി ചേര്‍ന്ന് തമസ്കരിച്ചുകളഞ്ഞ(ഏതാണ്ട് അതുതന്നെയല്ലേ അവസ്ഥ)മുഖ്യപ്രശ്നത്തിലേക്കു വരാം. തിലകനെ അഭിനയിപ്പിച്ചാല്‍ തങ്ങളാരും സിനിമയുമായി സഹകരിക്കില്ലെന്ന് അറിയിച്ചുകൊണ്ട് ഫെഫ്ക അയച്ച കത്ത് കൈപ്പറ്റിയതിനു ശേഷം മാത്രമാണ് അദ്ദേഹത്തെ സിനിമയില്‍നിന്ന് ഒഴിവാക്കിയതെന്ന് സോഹന്‍ റോയ് എന്ന സംവിധായകന്‍ പരസ്യമായി ചാനലുകളിലൂടെ പറഞ്ഞതോടെ തങ്ങളാരെയും വിലക്കിയിട്ടില്ലെന്ന ഫെഫ്കയുടെ വാദം പൊളിയുകയാണ്. തിലകനെ അമ്മയില്‍നിന്ന് പുറത്താക്കുകയോ അകത്താക്കുകയോ ചെയ്യുന്നത് അവരുടെ സംഘടനക്കാര്യം. ഫെഫ്കയില്‍നിന്ന് ഒരാളെ പുറത്താക്കുന്നതിലും ഇതുതന്നെ നിലപാട്. എന്നുവെച്ച് തൊഴില്‍നിഷേധമെന്ന ഗൌരവമേറിയ മനുഷ്യാവകാശസംബന്ധിയായ വിഷയത്തില്‍ മൌനം പാലിക്കാന്‍ ജീവിച്ചിരിക്കുന്ന സമൂഹത്തോട് എന്തെങ്കിലും തരത്തില്‍ പ്രതിബദ്ധതയുള്ളവര്‍ക്ക് കഴിയില്ല. ഒരു തൊഴിലാളിസഘടനക്ക് ഇഷ്ടമല്ല എന്നതുകൊണ്ട് ഒരു തൊഴിലാളിയെ വേറൊരു തൊഴില്‍ സംരംഭകരും സഹകരിപ്പിക്കാന്‍ പാടില്ലെന്നും അങ്ങനെ വന്നാല്‍ തങ്ങളുടെ തൊഴിലാളികളാരും ആ സംരംഭവുമായി സഹകരിക്കില്ലെന്നും ഏതെങ്കിലും തൊഴിലാളിസംഘടന ഇണ്ടാസ് ഇറക്കുന്ന അവസ്ഥയെക്കുറിച്ച് ഓര്‍ത്തുനോക്കൂ. ഏറെ സംഘടനകളൊന്നുമില്ലാത്ത ചലച്ചിത്രം പോലൊരു വ്യവസായമേഖലയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായിരിക്കും.

തൊഴില്‍ചെയ്യാനുള്ള അവസരമെന്നത് തൊഴിലാളിയുടെ അവകാശവും അവന്റെ കര്‍മശേഷിക്കുള്ള അംഗീകാരവും എന്ന അവസ്ഥ വിട്ട് ആരുടെയൊക്കെയോ കാലുനക്കി നേടിയെടുക്കേണ്ട ഔദാര്യമായി മാറുന്നത് എത്ര അപമാനകരമാണ്. സൂപ്പര്‍സ്റ്റാര്‍ വരുമ്പോള്‍ എഴുന്നേറ്റുനിന്നില്ലെങ്കില്‍ അന്നേരം കട്ടാവും ഇരന്നുകിട്ടിയ റോളെന്ന ദുരവസ്ഥ സിനിമയിലുണ്ടെന്ന് കേട്ടിട്ടുണ്ട്. കേട്ടുകേള്‍വികളെക്കാളൊക്കെ എത്രയോ ഭീകരമാണ് യാഥാര്‍ത്ഥ്യമെന്ന് സൂചിപ്പിക്കുന്നു തിലകന്‍ വിവാദം. വെളിച്ചത്തില്‍ നിര്‍മിച്ച് ഇരുട്ടത്തുകാണേണ്ട ഒരു കലയാണ് സിനിമയെന്നത് നമുക്കും സിനിമാകാര്‍ക്കും ഒരുപോലെ ഉപകാരമായ ഒരു വ്യവസ്ഥയായിരിക്കണം. ഇല്ലെങ്കില്‍ ഒരുപക്ഷേ നമ്മളാ അഭ്രപാളികളില്‍ യുക്തിയെ സ്വമേധയാ മാറ്റിവെച്ച് പടച്ചെടുക്കുന്ന ആദര്‍ശലോകം പൊളിഞ്ഞുവീണേക്കാം. എങ്കിലും താരരാജാക്കന്മാര്‍ക്കുവേണ്ടി ഗ്വാഗ്വാ വിളിക്കാനും കോലം കത്തിക്കാനും തെരുവിലഴിഞ്ഞാടാനും ഒരുപാടാളുകളുള്ള ഇക്കാലത്ത് എന്തൊക്കെ കുറവുകളുണ്ടായാലും പത്തെഴുപത്തിമൂന്ന് വയസ്സുകഴിഞ്ഞ ഒരു വൃദ്ധന് തനിക്കറിയാവുന്ന ഏകതൊഴിലും നിഷേധിക്കപ്പെടുന്നതിനെ ഒരു തൊഴില്‍ പ്രശ്നമായിക്കണ്ട് പ്രതികരിക്കാനും ആരെങ്കിലുമൊക്കെ ഉണ്ടാവണ്ടേ?

3 comments:

Rejeesh Sanathanan said...

എന്ത് തന്നെയായാലും സുകുമാര്‍ അഴീക്കോട് എന്ന ‘സാംസ്കാരിക’(?) നായകന്‍റെ സംസ്കാരമില്ലായ്മ അതിരുകടക്കുന്നു ഇപ്പോള്‍............

vasanthalathika said...

സിനിമ ഒരു സാമ്സ്കാരികൌല്‍പ്പന്നമായതിനാല്‍ അഴീക്കൊടുമാസ്ടര്‍ക്ക് അഭിപ്രായം പറയാം.അങ്ങനെ ഒരാള്‍ അല്പം ഔ ചിത്ത്യം ഇല്ലാതെ ആണെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ സത്ത്യമല്ലേ ഉള്ളത്?
മമ്മൂട്ടി ചെറുപ്പത്തില്‍ വയസ്സനായി അഭിനയിച്ച്ചിട്ടുന്റെങ്കില്‍ അത് ആവ്യക്തിയെ ഒരഭിനേതാവ് എന്ന നിലയില്‍ സഹായിക്കുകയും വീണ്ടും അവസരങ്ങള്‍ നല്‍കാനും ഏറ്റെടുക്കാനും പ്രാപ്ത്തനാക്കുകയുമാ
ണ് ചെയ്തത്.എന്നാല്‍ ഇന്ന് പരമത യനീയമായി ടാന്‍സ്േ ചെയ്യാനും നവകാമുകവേഷം
പതിനെട്ടുകാരിയോടോത്ത് ചെയ്യാനും മമ്മൂട്ടി തയ്യാരാവുന്നതില്‍ ആര്‍ക്കാണ് ഗുണം?അതോഴിവാക്കെന്ടത് മമ്മൂട്ടിയെ സ്നേഹിക്കുന്നവര്‍ക്കും ആശ്വാസമാ
കും.''കാഴ്ച്ച''ഇതൊന്നുമില്ലാതതിനാലെത്ര മനോഹരമായിരിക്കുന്നു.താന്‍ ബോണ്‍ ആര്ടിസ്റ്റു അല്ല എന്നും മേയ്ട് ആര്ടിസ്റ്റു ആണെന്നും മമ്മൂട്ടി പറയുന്നു.ആ നിലക്ക് ,ഇനിയും ഇത് നിര്‍ത്താന്‍ ഭാവമില്ലാത്ത സ്ഥിതിക്ക് ആരെങ്കിലും ഒക്കെ ഇടപ്ര്ടുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല.മോഹന്‍ലാലിന്റെ കാര്യത്തില്‍ തില കനോടോത് വേഷങ്ങള്‍ നന്നായി ചെയ്തു തന്റെ മൂല്യം കൂട്ടുകയാണ് ബുദ്ധി. വിഗ്ഗിന്റെ കാര്യം പറയുമ്പോള്‍ എന്തിനുദേശ്യ പ്പെടണം?ഇല്ലാത്തത് ഉണ്ടെന്നു കാണിക്കുന്ന പരിവേഷം ക്യാമറക്ക്‌ മുന്നില്‍ പോരെ?
പിന്നെ..ഇന്നസേന്റിന്റെ വിവരമില്ലായ്മ തെറ്റല്ല,അത് വെളിപ്പെടുത്തിക്കൊന്റിരിക്കുന്നതില്‍ ഒരു തെറ്റുമില്ല
ഇക്കാര്യത്തില്‍ ഒരു പോസ്റ്റു ഞാനിട്ടിട്ടുന്ടു.''ബ്ലോഗേഴുത്തുകാര്‍ക്ക് എന്ത് ചെയ്യാം?''എന്ന തലക്കെട്ടില്‍.

secular politics said...

വസന്തലതികേ,
ചില തിരക്കുകള്‍ കാരണം മറുപടി വൈകി, ക്ഷമിക്കുക.
തന്റെ കഥാപാത്രമായി ആരു തിരശ്ശീലയില്‍ വരണമെന്ന് തീരുമാനിക്കുന്നത് സംവിധായകനാണ്. ആ കഥാപാത്രം എങ്ങനെയിരിക്കണം എന്നു തീരുമാനിക്കുന്നതും അയാ‍ള്‍ തന്നെ. അറുപതു തികയാന്‍ പോകുന്ന മമ്മൂട്ടിയെക്കൊണ്ട് തന്റെ ചെറുപ്പക്കാരന്‍ കഥാപാത്രത്തിന്റെ വേഷ്മിടീക്കുന്നത് അയാളാണ്. അയാളെ അതിനു പ്രേരിപ്പിക്കുന്നത് നിര്‍മ്മാതാക്കളാണ്. നിര്‍മ്മാതാക്കളെ അതിനു പ്രേരിപ്പിക്കുന്നത് അറുപതാം വയസ്സിലും അറുപതുപേരെ ഒറ്റക്കിടിച്ചിടുന്ന മമ്മൂ‍ട്ടിയെക്കണ്ട് കൈയ്യടിക്കുന്ന പ്രേക്ഷകരും. അതിന് മമ്മൂട്ടിയെ(മോഹന്‍ലാലിനെയും) കുറ്റം പറഞ്ഞിട്ടെന്ത് കാര്യം? അവര്‍ക്ക് അതൊരു തൊഴിലാണ്. പ്രേക്ഷകര്‍ ഇടപെടാത്തിടത്തോളം കാലം മറ്റാര്‍ക്കും ഇവരെ ഇടപെട്ട് തിരുത്താനുമാവില്ല.