Monday, March 22, 2010

ബച്ചന്‍ വിവാദത്തിലെ രാഷ്ട്രീയം

‘വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം നോക്കരുത്’. കഴിഞ്ഞ കുറേ കൊല്ലങ്ങളായി നമ്മുടെ മധ്യവര്‍ഗ്ഗസമൂഹം തലയില്‍ കൈവച്ച് പറഞ്ഞുകൊണ്ടിരിക്കുന്നൊരു വാചകമാണിത്. ഇതിനെ ആറ്റിക്കുറുക്കി ‘വികസനത്തിന് രാഷ്ട്രീയമില്ല’ എന്നു മുറുക്കിയെടുത്തവരില്‍ ബുദ്ധിജീവികളും പ്രൊഫഷണലുകളും ബ്യൂറോക്രാറ്റുകളും ശാസ്ത്രജ്ഞരും തൊട്ട് രാഷ്ട്രീയക്കാര്‍ വരെയുണ്ട്. ചാനലുകളിലും പൊതുസമൂഹത്തിലുമുള്‍പ്പെടെ ഇത് ചര്‍ച്ചകളിലാകെ നിറഞ്ഞുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ അടുത്തിടെ നടന്ന ബച്ചന്‍ വിവാദത്തിലും ഇതാവര്‍ത്തിച്ചു കേട്ടതില്‍ അതിശയിക്കാനൊന്നുമില്ല. പ്രശ്നമതല്ല. ഒരു സമൂഹത്തിന്റെ വികസനമെന്നത് പല തലങ്ങളിലാണ് നടപ്പിലാവുന്നത്. വിദ്യാഭ്യാസവും ആരോഗ്യവും മുതല്‍ കൃഷിയും വ്യവസായവുംവരെ ഇതില്‍ പെടുന്നു. ആദ്യം പറഞ്ഞത് പോലെ വികസനത്തില്‍ രാഷ്ട്രീയം പാടില്ലെങ്കില്‍ ഈ മേഖലകളിലൊന്നും തന്നെ അതു പാടില്ല. അപ്പോള്‍പിന്നെ ഒരു വികസ്വരസമൂഹത്തില്‍ രാഷ്ട്രീയം അനുവദനീയമാവുന്നത് എവിടെയാണ്? തിരഞ്ഞെടുപ്പില്‍ മാത്രമോ?

വോട്ടുചെയ്യുക എന്നതില്‍ കവിഞ്ഞ് നമ്മുടെ രാഷ്ട്രീയത്തില്‍ നമുക്ക് പങ്കില്ല എന്നുവരുന്നത് അപകടകരമായ ഒരവസ്ഥയാണ്. അതിലും അപകടകരമാണ് മത്സരിക്കുന്ന ഒരു കക്ഷിയിലും മുന്നണിയിലും വിശ്വാസമില്ലാത്തതുകൊണ്ട് വോട്ടേ ചെയ്യാതെ മാറിനില്‍ക്കുന്നത്. നിലവിലുള്ള രാഷ്ട്രീയസാഹചര്യങ്ങളില്‍ ഒരു മനുഷ്യന്‍ പിന്നെ എന്താണ് ചെയ്യേണ്ടത് എന്നൊരു ചോദ്യം സ്വാഭാവികമായും ഉയരാം. പക്ഷേ അതിനു മറുപടിയില്ല എന്ന് വിശ്വസിക്കുന്നത് ഒരുതരം കണ്ണടച്ച് ഇരുട്ടാക്കലാണ്. ഒരു ജനാധിപത്യസമൂഹത്തിന്റെ രാഷ്ട്രീയത്തില്‍നിന്ന് അതിന്റെ അടിസ്ഥാനഘടകമായ പൊതുജനത്തിന് അവര്‍ ഇച്ഛിച്ചാല്‍ തന്നെ എങ്ങനെ മാറിനില്‍ക്കാനാവും? നമ്മുടെ നാട്ടിലെ വിവിധരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ വാര്‍ഡ്തലം മുതല്‍ ദേശീയതലം വരെയുള്ള അംഗത്വത്തില്‍ പിതാവിനുശേഷം പുത്രനെന്ന പ്രവേശനപദ്ധതിയല്ല നിലവിലുള്ളത് എന്നിരിക്കെ അവയില്‍ വന്നുപെട്ട ജീര്‍ണ്ണതകള്‍ക്ക് ഉത്തരവാദികള്‍ ഏതെങ്കിലും ചില വ്യക്തികളോ കുടുബങ്ങളോ മാത്രമാണോ? ആശയംതൊട്ട് പ്രയോഗംവരെ അവയുടെ നയരൂപീകരണത്തിലും നടത്തിപ്പിലും ഏതൊരു സാധാരണപൌരനും തന്റേതായ പങ്കാളിത്തം വഹിക്കാനാവുമെന്നിരിക്കെ എല്ലാറ്റില്‍നിന്നും മാറിനിന്ന് എല്ലാം കണക്കാണ്, നല്ല കാര്യങ്ങളില്‍ രാഷ്ട്രീയം നോക്കരുത് എന്നൊക്കെ കാടടച്ച് വെടിവെക്കുന്നത് നമ്മുടെ ജനാധിപത്യത്തെ എവിടെ കൊണ്ടെത്തിക്കും? ഒരുപടിയുംകൂടി കടന്ന് ജനാധിപത്യത്തിലേ കാര്യമില്ലെന്ന് പറഞ്ഞാല്‍ ചര്‍ച്ചയവസാനിപ്പിച്ച് എഴുന്നേല്‍ക്കുകയേ നിവര്‍ത്തിയുള്ളൂ.

ഒരു സമൂഹത്തിന്റെ നിലനില്പിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന ഒന്നാണ് അതിന്റെ രാഷ്ട്രീയം. അതുകൊണ്ടുതന്നെ അതിലൊന്നായ വികസനത്തിലും ആരംഗീകരിച്ചാലും ഇല്ലെങ്കിലും ഒരു രാഷ്ട്രീയമുണ്ടാവും. ആ രാഷ്ട്രീയമാവട്ടെ എല്ലാം കണക്കാണ് എന്ന ഒഴുക്കന്‍മട്ടില്‍ ഒഴിവാക്കിക്കളയാനാവാത്തവണ്ണം ഓരോ മനുഷ്യനെയും സ്പര്‍ശിക്കുന്നതും. ജിഡിപിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ തിളങ്ങുന്നുവെന്നും ലോകശക്തിയായി വളരുന്നുവെന്നും ഒക്കെ അവകാശപ്പെടുന്നവരുടെ വികസനസങ്കല്പങ്ങള്‍ക്ക് അതിന്റെതായ ഒരു രാഷ്ട്രീയമുണ്ട്. ആഗോളതലത്തില്‍ അതിന്റെ വിളിപ്പേര് വലതുരാഷ്ട്രീയം എന്നാണ്. അതേസമയം ജിഡിപിയിലെ വളര്‍ച്ച സമൂഹത്തില്‍ തുല്യമായി വീതിക്കപ്പെടാത്തിടത്തോളം കാലം അത് വിവിധവിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം കുറക്കാന്‍ സഹായകമാകില്ലെന്നും അതുകൊണ്ടുതന്നെ എല്ലാ മനുഷ്യരുടെയും ജീവിതനിലവാരം ഒരുപോലെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതല്ലാത്ത വികസനപദ്ധതികള്‍ സ്വീകാര്യമല്ലെന്നും വാദിക്കുന്നവരുടെ രാഷ്ട്രീയം മേല്പറഞ്ഞതില്‍നിന്ന് വ്യത്യസ്തവും ഇടതുപക്ഷവുമാണ്. അതായത് കുടുംബശ്രീമുതല്‍ ആണവക്കരാറുവരെയുള്ള എല്ലാ വികസനപദ്ധതികളിലും രാഷ്ട്രീയമുണ്ട്. നടപ്പാക്കലില്‍ എത്രയൊക്കെ വെള്ളം ചേര്‍ന്നാലും ഇവ വ്യത്യസ്തങ്ങള്‍ തന്നെയാണ്.

വികസനകാര്യങ്ങളില്‍ രാഷ്ട്രീയം നോക്കരുതെന്ന വാദം രാഷ്ട്രീയവിമുക്തമല്ലെന്നതിനും അത് നൂറുശതമാനം വലതുപക്ഷം ചേര്‍ന്നുനില്‍ക്കുന്നതാണെന്നതിനും ഏറെ വിശദീകരണങ്ങളാവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇവിടെയാണ് കേരളത്തിലെ ഇടതുപക്ഷസര്‍ക്കാറിന്റെ ടൂറിസം അംബാസഡറായി അമിതാഭ് ബച്ചനെത്തുന്നത് അതിന്റെ രാഷ്ട്രീയവുമായി പൊരുത്തപ്പെടാതെ മുഴച്ചുനില്‍ക്കുന്നത്. ഇതൊന്നും കണക്കിലെടുക്കാത്ത അപക്വമായ ആ തീരുമാനത്തെ അല്പം വൈകിയാണെങ്കിലും കേന്ദ്രനേതൃത്വം തിരുത്തിയത് രാഷ്ട്രീയവരട്ടുവാദമല്ല, രാഷ്ട്രീയം തന്നെയാണ്. അതിനോട് അവനവന്റെ രാഷ്ട്രീയകാഴ്ചപ്പാടുകള്‍ക്കനുസരിച്ച് ആര്‍ക്കും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയം നോക്കരുത് എന്നത് ഒരു പൊതുതത്വമായി മുന്നോട്ടുവെക്കരുത്. കാരണം അങ്ങനെ ചെയ്യുന്നതിലൂടെ അവര്‍ നിര്‍ദ്ദേശിക്കുന്നത് രാഷ്ട്രീയത്തിന്റെ പൊതുവായ ഇല്ലാതാവലല്ല, മറിച്ച് ഇടതുപക്ഷരാഷ്ട്രീയത്തിന്റെ മാത്രം ഇല്ലാതാവലാണ് എന്നതുതന്നെ.

7 comments:

പാം‌യു said...

ബച്ചനെ മാറ്റിയത് PB-യുടെ വർണ്ണനാതീനമായ രാഷ്ട്രീയബുദ്ധിതന്നെ. സംശയമില്ല.
ബച്ചനുപകരം അവർ തന്നെ വേറൊരാളുടെ പേര് പറഞ്ഞുതരും. വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നുമുള്ള വിവരമനുസരിച്ച് കൂടുതൽ സാധ്യത മഅദനിയ്ക്കാണെന്നറിയുന്നു. തടിയന്റെവിട നസീറിന്റെ സാധ്യതയും തള്ളികളയുന്നില്ല.
പിന്നെ പാർട്ടിചാനലിന്റെ തലപ്പത്തുള്ള മമ്മുട്ടിയദ്ദേഹവും കറകളഞ്ഞ ഇടതുപക്ഷത്തുക്കാരനാണ്.

ശംഭോ PB ദേവാ......

Anonymous said...

എന്റെ വോട്ട് മദനിക്ക്.. :)

പ്രീണിപ്പിച്ചു പ്രീണിപ്പിച്ചു ഇസ്ലാമിക തീവ്രവാദികളെ സി പി എം ഇല്ലാതാക്കുമോ ആവോ? സി പി എം ഉള്ളപ്പോ എന്തിനു തീവ്രവാദികള്‍ എന്ന് തീവ്രവാദികള്‍‍ക്ക് തന്നെ തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല..

അതിനി നാടിനു ഗുണം ചെയ്യുമോ നാടിനെ നശിപ്പിക്കുമോ എന്ന് മാത്രം ചിന്തിച്ചാല്‍ മതിയാവും..

Joker said...

സി പി എം നേതക്കള്‍ക്ക് തന്നെ ഇപ്പോള്‍ സംഘപരിവാര്‍ ഏതാണ് അല്ലാത്തത് ഏതാണ് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണല്ലോ. അത് കൊണ്ടാണല്ലോ പത്മലോചാനന്‍ ആര്‍ എസ് എസ് പട്ടാള പരിപാട്റ്റി ഉല്‍ഘാടിച്ചത്. ഇപ്പോള്‍ ശേഷം നരേദ്രബായിയുടെ കൂടെ ബ്രാന്‍ഡ് അംബാസിഡറെ സര്‍ക്കാര്‍ ക്ഷ്ണിച്ചതും കൂടെ ചേര്‍ത്ത് വായിക്കുമ്പോള്‍. ഇവിടെ രാഷ്ട്രീയം ഇല്ലാതാവുകയല്ല കൂടുതല്‍ വ്യക്തമാവുകയാണ് ചെയ്യുന്നത്. അതായത് സിപീ എം ല്‍ നുഴഞ്ഞു കയറിയ സംഘപരിവാര്‍ വൈറസ് അതിന്റെ നേതാക്കളില്‍ വരെ എത്തി നില്‍ക്കുകയാണിന്ന്. മദനി കുറ്റവാളിയല്ല എന്ന ഉറപ്പില്‍ മദനിയുമായി സഹകരിക്കുമ്പോഴും സംഘപരിവാര്‍ അപ്പുറത്ത് നിന്ന് കണ്ണുരുട്ടുമ്പൊള്‍ പാര്‍ട്ടി ഞഞ പിഞ പറയുന്നതിന്റെ ഗുട്ടന്‍സ് അതാണ്. പാര്‍ട്ടിയുടെ താഴെ കിട ചാവേറുകള്‍ (അങ്ങനെ പറയേണ്ടി വന്നതില്‍ ക്ഷമാപണം)ക്കൊഴികെ ശീതികരിച്ച കാറിലും റൂമിലും രമിക്കുന്ന നേതാക്കള്‍കൊന്നും രാഷ്ട്രീയം തരം തിരിക്കാന്‍ ഒരു ബുദ്ധിമുട്ടില്ലാത്ത അവസ്ഥയാണിന്ന് ഉള്ളത്. ഇനിയും ആ രാഷ്ട്രീയം വ്യക്തമാവും അല്ലെങ്കില്‍ അത് വ്യക്തമായികൊണ്ടീര്‍ക്കുകയാണ്. ആണവ കരാര്‍ എന്ന കുരിശിന്റെ ഭീകര രൂപം ഇപ്പോള്‍ ആണവ ദുരന്ത ബില്‍ എന്ന പേരില്‍ ഇപ്പോള്‍ വ്യക്തമായി വന്നിരിക്കുകയാണ്. കരാറിന്റെ പിന്നില്‍ വ്യക്തമായ കോര്‍പറേറ്റ് താല്പര്യങ്ങളായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്. കരാറിന്റെ പേരില്‍ പിന്തുണ പിന്‍ വലിച്ചത് ഇപ്പോഴും അബദ്ധമായി എന്ന് ഉറക്കത്തില്‍ എണീറ്റ് നിലവിളീക്കുന്ന ഇടതു പക്ഷ കിഴവന്‍മാര്‍ ഇപ്പോഴുമുണ്ട് എന്നത് കൂടി ഈ രാഷ്ട്രീയ ചര്‍ച്ചയില്‍ ചേര്‍ത്ത് വായിക്കണം.

secular politics said...

പാംയൂ,
ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ ബ്രാന്റ് അംബാസഡര്‍ കേരളത്തിലെ ഇടതുവികസനസങ്കല്പങ്ങളുടെ പ്രചാരകനാവുന്നതിന്റെ രാഷ്ട്രീയത്തില്‍ സംഘപരിവാറുകാര്‍ക്കും വലതുപക്ഷക്കാര്‍ക്കും കുഴപ്പമൊന്നും തോന്നില്ല. പക്ഷേ ഇടത് ആശയങ്ങളുടെ അനുഭാവികള്‍ക്ക് അത് ഗൌരവമുള്ള ഒരു പ്രശ്നം തന്നെയാണ്. ഇനി ബച്ചനുപകരം മദനിയെയൊ നസീറിനെയോ അംബാസഡറാക്കാമെന്ന പരിഹാസത്തെക്കുറിച്ച്. നരേന്ദ്രമോഡിയെ ഷഹന്‍ഷായെന്ന് വിളിച്ചാദരിച്ച ബച്ചന് ഇവിടത്തെ അംബാസഡറാവാമെങ്കില്‍ തടിയന്റവിട നസീറിനെ ലഷ്കര്‍ ദക്ഷിണമേഖലാ കമാന്റര്‍ എന്ന് വിളിച്ചാദരിക്കുന്ന ആരെങ്കിലും അംബാസഡറാവുന്നതില്‍ എന്താണാവോ പരിഹാസ്യമായുള്ളത്?

സത,
‘സി പി എം ഉള്ളപ്പോ എന്തിനു തീവ്രവാദികള്‍’ എന്നല്ല, ബാബറിപള്ളി തകര്‍ക്കല്‍ മുതല്‍ ഗുജറാത്ത്- മലേഗാവ്-കന്ദമാല്‍ കലാപങ്ങള്‍ വരെ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയവര്‍ ഇവിടെയുള്ളപ്പോള്‍ എന്തിന് മറ്റ് തീവ്രവാദികളെന്ന് തീവ്രവാദികള്‍ക്ക് തന്നെ തോന്നിയാല്‍ അല്ലേ കുറ്റം പറയാന്‍ പറ്റാതെ വരേണ്ടത്.

ജോക്കര്‍,
താങ്കള്‍ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങള്‍ പ്രസക്തം തന്നെയാണ്. ഒപ്പം ജനാധിപത്യവ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യത്തെ ബഹുജനപ്രസ്ഥാനമെന്ന നിലയില്‍ സി പി എമ്മില്‍ കടന്നുകൂടിയിട്ടുള്ള ജീര്‍ണ്ണതകളെ നിരന്തര ഇടപെടലുകളിലൂടെ മാറ്റിയെടുക്കുകയെന്ന ഉത്തരവാദിത്തത്തില്‍നിന്ന് സാമ്രാജ്യത്വവിരുദ്ധ ഇടതനുകൂലനിലപാടുകളുള്ള ആര്‍ക്കും മാറിനില്‍ക്കാനാവില്ല എന്നുകൂടി.

യൂനുസ് വെളളികുളങ്ങര said...

ബച്ചന്‍ വിവാഹത്തിലെ രാഷ്ടീയം എന്നത്‌ ബച്ചന്‍ വിവാദത്തിലെ രാഷ്ടീയം എന്നാക്കുക.

secular politics said...

യൂനുസേ,
"ബച്ചന്‍ വിവാഹത്തിലെ രാഷ്ടീയം എന്നത്‌ ബച്ചന്‍ വിവാദത്തിലെ രാഷ്ടീയം എന്നാക്കുക.”
എന്താണുദ്ദേശിച്ചതെന്ന് മനസ്സിലായില്ല. താങ്കള്‍ എവിടെയാണീ തെറ്റ് കണ്ടത്?

Anonymous said...

cpm politics is stand corrected. why ?
just see both thalibanis and hindu_thalibanis are providing a free barking service against cpm, here in this comment box also.