മന്ത്രിപുംഗവന്മാര്‍ ഉണ്ടാക്കുന്ന വിവാദങ്ങളൊ വിവാദപ്രേരിതങ്ങളായ രാജികളോ നമ്മുടെ രാഷ്ട്രീയമണ്ഡലത്തെയോ മാധ്യമലോകത്തെയോ സംബന്ധിച്ച് പുതുമയുള്ള ഒന്നല്ല. രാഷ്ട്രീയനിരീക്ഷകരെ സംബന്ധിച്ചിടത്തോളം വിദേശകാര്യസഹമന്ത്രിയായിരുന്ന ശശി തരൂരിന്റെ രാജി അപ്രതീക്ഷിതമായ ഒരു ഐ പി എല്‍ ഫലവുമായിരുന്നില്ല. പക്ഷേ നമ്മുടെ മാധ്യമങ്ങള്‍ ഇതിനെ ഏറ്റെടുത്തത് ഈ പറഞ്ഞ തലങ്ങളിലൊന്നുമായിരുന്നില്ല.കക്ഷിരാഷ്ട്രീയത്തിന്റെ അന്തര്‍നാടകങ്ങള്‍ക്കൊത്ത് വേഷം കെട്ടാനാവാത്ത ഒരു സ്വതന്ത്ര ബുദ്ധിജീവിയുടെ രാഷ്ട്രീയപ്രവേശത്തിന്റെ സ്വാഭാവികമായ ദുരന്തപരിസമാപ്തി എന്ന നിലയ്ക്കാണവര്‍ പ്രത്യക്ഷമായും പരോക്ഷമായും അതിനെ അവതരിപ്പിക്കാന്‍ ശ്രമിച്ചതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും. അതിനായി അവര്‍ മുന്നോട്ട് വെക്കുന്ന യുക്തികളാവട്ടെ നമ്മുടെ മധ്യവര്‍ഗത്തിന്റെ സമ്മതിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതും.
കൊളോണിയല്‍ ഹാങ്ങോവര്‍ എന്നൊക്കെ പറയുന്നത് പ്രയോഗമെന്ന നിലയ്ക്ക് ക്ലീഷേയായി കഴിഞ്ഞതാണെങ്കിലും നമ്മുടെ മധ്യവര്‍ഗത്തിന്റെ ബോധ, പെരുമാറ്റ സമ്പ്രദായങ്ങളില്‍ അത് ഇന്നും അടിയുറച്ചത് തന്നെയാണ്. ആംഗലപാണ്ഡിത്യം കേവലം ഒരു ഭാഷയെ വരുതിയിലാക്കുന്നതിലപ്പുറം സനാതനമായ സാംസ്കാരിക ഉന്നമനത്തിന്റെ പ്രതീകമാണെന്ന് ധരിച്ചുവച്ചിരിക്കുന്ന ഒരു തലമുറയെന്ന നിലക്ക് നമ്മള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും നമ്മുടെയുള്ളില്‍ ഈ ക്ലീഷേയുണ്ട്. ഇതിന്റെ പ്രവര്‍ത്തനം തന്നെയാവണം ഇംഗ്ലീഷില്‍ ‘അസൂയാവഹമായ’ പ്രാവീണ്യമുള്ള തരൂരിന്റെ വാക്കുകള്‍ റിപ്പോര്‍ട്ടുചെയ്തതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുവന്ന വീഴ്ചയാണ് അദ്ദേഹത്തെചൊല്ലി നടന്ന വിവാദങ്ങള്‍ക്കൊക്കെയും കാരണം എന്ന കുറ്റബോധത്തിലേക്ക് നമ്മുടെ മാധ്യമങ്ങളെ കൊണ്ടെത്തിക്കുന്നതും. ഇതിന്റെ ഉദാഹരണങ്ങള്‍ ഈ കഴിഞ്ഞ ഏതാനും മാസങ്ങളുടെ മാധ്യമചരിത്രത്തില്‍നിന്ന് നമുക്ക് അടര്‍ത്തിയെടുത്ത് പരിശോധിക്കാവുന്നതാണ്.
ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷിന്റെ പ്രാധാന്യം പരമാവധി പാടി നീട്ടിയാല്‍ എത്തുന്നത് ഒരു ലിങ്ക് ലാംഗ്വേജ് എന്നതുവരെയാണ്. അങ്ങനെ പറയുമ്പോള്‍ തന്നെയും ഒരു മികച്ച ജനപ്രതിനിധിക്ക് അനിവാര്യമായ ഗുണങ്ങളുടെ കൂട്ടത്തില്‍ ആംഗലപാണ്ഡിത്യം വരുന്നതേയില്ല. കാരണം ആ കുറവ് സാങ്കേതികമാണെന്നതും അതുകൊണ്ടുതന്നെ നികത്താനാവുന്നതാണെന്നതും തന്നെ. അങ്ങനെയിരിക്കെയാണ് ഒരാള്‍ തന്റെ അപാരമായ അമേരിക്കന്‍ ആംഗലപാണ്ഡിത്യം കൊണ്ട് നിരന്തരം വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. ഇക്കഴിഞ്ഞ ഇന്റര്‍ലൊക്യൂട്ടര്‍ വിവാദം തന്നെയെടുക്കാം. പ്രശ്നം അമേരിക്കയില്‍ പോയിട്ടില്ലാത്ത ‘അല്പാംഗല ബുദ്ധികളായ’ റിപ്പോര്‍ട്ടര്‍മാര്‍ കാര്യങ്ങള്‍ മനസ്സിലാക്കിയതില്‍ വന്ന പിഴവാണെന്നാണ് സ്വന്തം പ്രവര്‍ത്തകരെ തന്നെ കൈയൊഴിഞ്ഞുകൊണ്ട് നമ്മുടെ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാട്. "We feel that Saudi Arabia of course has a long and close relationship with Pakistan but that makes Saudi Arabia even a more valuable interlocutor for us." ഇതിലെ ഇന്റര്‍ലൊക്യൂട്ടര്‍ എന്ന പദത്തിന് കാംബ്രിഡ്ജ് അഡ്വാന്‍സ്ഡ് ലേണേഴ്സ് ഡിക്ഷ്ണറി തരുന്ന നിര്‍വചനം നോക്കാം: ‘someone who is involved in a conversation and who is representing someone else' സംഗതി സാങ്കേതികമായി മധ്യസ്ഥന്‍ എന്ന് അര്‍ത്ഥം വരുന്ന ഒന്നല്ലെങ്കില്‍ തന്നെയും സംഭാഷണത്തില്‍ നിര്‍മമനും നിഷ്പക്ഷനുമായി അഭിമുഖം നില്‍ക്കുന്ന ഒരു പങ്കാളിയെ മാത്രമല്ല ഈ വാക്ക് അര്‍ത്ഥം വെക്കുന്നതെന്ന് അദ്ദേഹത്തിന്റെ തന്നെ വിശദീകരണത്തില്‍ നിന്ന് മനസ്സിലാക്കാം.ആയിരുന്നുവെങ്കില്‍ പാകിസ്ഥാന്റെ ദീര്‍ഘകാല സുഹൃത്താണെന്നതുകൊണ്ട് സൌദി അറേബ്യ നമുക്ക് വിലമതിപ്പുള്ളൊരു ഇന്റര്‍ലൊക്യൂട്ടറാവുന്നു എന്ന് അദ്ദേഹം പറയേണ്ടതില്ലല്ലൊ. ഇത് കാലാകാലമായി നിലനിര്‍ത്തിപ്പോരുന്ന നമ്മുടെ വിദേശനയത്തിന് ഒത്തുപോവുന്നതാണോ എന്നതാണ് പ്രശ്നം. പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ക്ക് ഒരു നിലക്കും മൂന്നാമതൊരു രാജ്യത്തെ ഇടപെടുത്തേണ്ടതില്ല എന്നതല്ല നമ്മുടെ വിദേശനയമെന്ന് തരൂരിനെ കണ്ട് കണ്ട് നമ്മുടെ മാധ്യമങ്ങളിനി കവാത്ത് മറക്കുമോ?
ക്രിക്കറ്റിനെക്കുറിച്ചും ഓഹരിവിപണിയെക്കുറിച്ചുമൊക്കെ ആഴത്തില്‍(?) പഠിച്ചെഴുതി മലയാള നോവല്‍ സാഹിത്യത്തിന് ഒരു പുത്തന്‍ ശാഖതന്നെ സമ്മാനിച്ച എഴുത്തുകാരനണല്ലോ കെ എല്‍ മോഹനവര്‍മ്മ!! അദ്ദേഹം അടുത്തിടെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു, തരൂരിനെ മുഖാമുഖം കാണാനാവാത്ത വണ്ണം അപകര്‍ഷതാബൊധമുള്ളവരാണ് നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെന്ന്. നമ്മെ ഭരിക്കാനായി നമ്മളുടെ ഇടയില്‍ നിന്ന് നമ്മള്‍ തന്നെ തിരഞ്ഞെടുത്തവരുടെ അവസ്ഥ ഇതാണെങ്കില്‍ നമ്മള്‍ കന്നുകാലിക്ലാസുകാരുടെ അവസ്ഥ എന്തായിരിക്കും!
ഒരു ജനാധിപത്യ സമ്പ്രദായത്തെ സംബന്ധിച്ചിടത്തോളം ജനപ്രതിനിധികളുടെ ലളിതജീവിതമെന്നത് അവരുടെ വാങ്ങല്‍ ശേഷിയുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന ഒന്നല്ല. അത് ഒരാദര്‍ശവും നിഷ്ഠയുമൊക്കെ കൂടിയാണ്. പഞ്ചനക്ഷത്രഹോട്ടലില്‍ ഞാന്‍ താമസിച്ചത് എന്റെ സ്വന്തം പോക്കറ്റില്‍ നിന്ന് കാശുകൊടുത്തിട്ടാണ് എന്ന് പ്രസ്താവിച്ചപ്പോള്‍ തരൂര്‍ അനിശ്ചിതത്വത്തിലാക്കിയത് ജനാധിപത്യസംബന്ധിയായ ഒരു മൂല്യവ്യവസ്ഥയെതന്നെയായിരുന്നു. കന്നുകാലിക്ലാസ്സ് വിവാദത്തിലേക്കെത്തുമ്പോള്‍ ഇതൊന്നുകൂടി പ്രകടമാവുന്നു. മന്മോഹന്‍ സിംഗ് പറഞ്ഞതുപോലെ അതൊരു തമാശയാണ്: ഉപരി-മധ്യവര്‍ഗങ്ങളുടെ മാത്രം തമാശ! (ഗള്‍ഫില്‍ പലയിടങ്ങളിലും എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന ചിലവു കുറഞ്ഞ വ്യോമയാനസമ്പ്രദായം പുച്ഛരസത്തോടെ കെ എസ് ആര്‍ ടി സി എന്ന പേരില്‍ അറിയപ്പെടുന്നത് തമാശയുടെ ഭാഗമായി തന്നെയാണ്. പക്ഷേ ആ തമാശ ഒരേ സമയം പുറത്താക്കുന്നത് നാടനും വിദേശിയുമായ അല്പവരുമാനക്കാരുടെ ഒരു വലിയ ഭൂരിപക്ഷത്തെ തന്നെയാണ് എന്നതാണ് ഉപരി-മധ്യവര്‍ഗങ്ങള്‍ക്ക് പുറത്തുള്ളവരുടെ സെന്‍സ് ഓഫ് ഹ്യൂമറിന് അത് ദഹിക്കാതെ പോകുന്നതിന്റെ കാരണവും)
ഒരു കായിക ഇനം എന്ന നിലവിട്ട് ‘മഹത്വവല്‍ക്കരിക്കപ്പെട്ട ചൂതാട്ട’വും, കള്ളപ്പണത്തിന്റെ അലക്കുകേന്ദ്രവും ഒക്കെയായ് ഐ പി എല്‍ ചീഞ്ഞുനാറുമ്പോഴും ആവും വിധം തരൂരിനെ അത്തറു പൂശാനാണ് നമ്മുടെ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. കള്ളപ്പണത്തിന്റെയും കമ്പനിനിയമലംഘനങ്ങളുടെയും കഥകളെ എഴുതിതള്ളാനാവാതെ വരുമ്പോഴും അവര്‍ മുന്നോട്ടുവെക്കുന്നത് മലയാളിയെ ഏറ്റവും എളുപ്പത്തില്‍ പറ്റിക്കാവുന്ന ഒരു വാദമാണ്, വികസനം. പുറം മോടികളില്‍ ഭ്രമിച്ചുപോവുന്ന ഇടത്തരക്കാരന്റെ സമൂഹമനസ്സിന് പൊക്കവും വണ്ണവും നിറവുമുള്ളതൊക്കെ അഭിലഷണീയമാണ്. കൂറ്റന്‍ കാര്‍ണിവലുകള്‍ക്കുവേണ്ടി ദാഹിക്കുന്ന അവന്റെ കോശങ്ങള്‍ക്ക് വേനല്‍മഴയാണ് ഐ പി എല്‍. അത്തരമൊരു ഭാഷ്യമുള്ളിടത്തോളം കാലം തരൂരിനെ രാഷ്ട്രീയകുതിരകച്ചവടങ്ങള്‍ക്കിടയില്‍ പെട്ടുപോയ ഒരു ബലിയാടിന്റെ പ്രതിരൂപം നല്‍കി കുളിപ്പിച്ചെടുക്കുകയെന്നത് മാധ്യമങ്ങള്‍ക്ക് എളുപ്പമാണ്. കാരണം അത്തരമൊന്ന് വിശ്വസിക്കാന്‍ നമ്മുടെ മധ്യവര്‍ഗമനസ്സ് മുങ്കൂര്‍ സജ്ജമാണെന്നതു തന്നെ.
ആഴത്തില്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കേരളസമൂഹത്തില്‍ ശശി തരൂര്‍ too good for politics ആണെന്ന് വരുത്തിത്തീര്‍ക്കുമ്പോള്‍ മാധ്യമങ്ങള്‍ ഒരജണ്ട കൂടി ഒപ്പം നടപ്പാക്കുന്നുണ്ട്. അത് ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ അധികാരത്തിന്റെ അവസാനവാക്കായിക്കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റുകളുടേതാണ്.അതിന്റെ ഭാഗമായാണവര്‍ക്ക് പരോക്ഷമായാണെങ്കിലും തിരഞ്ഞെടുപ്പിനെയും,അതിലൂടെ നടത്തിക്കപ്പെടുന്ന ജനാധികാരത്തെയും അതിന്റെ പ്രതിനിധികളെയും ഒക്കെ ഒരു ദൂഷിതവലയത്തിനുള്ളില്‍പ്പെടുത്തി കാണേണ്ടിവരുന്നത്.ജനാധിപത്യമെന്നത് ഒരു കുതിരക്കച്ചവടമാണെന്ന് വരുത്തിതീര്‍ക്കാനുള്ള അവസരങ്ങളൊക്കെയും അവര്‍ ആഘോഷിക്കുന്നതും മറ്റൊന്നും കൊണ്ടല്ല.അമേരിക്കയെന്ന പേര് ആഗോളവല്‍ക്കരിക്കപ്പെട്ട വര്‍ത്തമാനലോകത്ത് പ്രതിനിധാനം ചെയ്യുന്നത് ഒരു ഭൂപ്രദേശത്തെയ്വോ അവിടത്തെ മനുഷ്യരെയോ എന്നതിലുപരി കോര്‍പ്പറേറ്റ് കേന്ദ്രീകൃതമായ ഒരധികാരവ്യവസ്ഥയെയാണ്. ആ വ്യവസ്ഥയാവട്ടെ മനുഷ്യവംശത്തിന്റെ ബഹുസ്വരതയെ തീര്‍ത്തും അംഗീകരിക്കാത്ത ഒന്നും. ദേശീയഗാനാലാപനത്തിലൂടെ രാജ്യസ്നേഹം പ്രകടമാക്കാനുള്ള ഏകവഴി അമേരിക്കന്‍ മാതൃകയില്‍ നെഞ്ചോട് കൈ ചേര്‍ത്ത് വെക്കുകയാണെന്ന് പൊതുവേദിയില്‍ വച്ച് ശഠിക്കുന്നിടത്ത് തരുര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തെ വ്യക്തമാക്കുന്നത് താന്‍ അത്തരമൊരു കേന്ദ്രീകരണത്തിന്റെ പ്രതിനിധിയാണെന്നാണ് . ഏതു വിധേനയും ഒരു ഗ്രീന്‍ കാര്‍ഡ് സംഘടിപ്പിക്കുകയാണ് ജീവിതവിജയത്തിനുള്ള ഏകവും പരമവുമായ പോംവഴിയെന്ന് വിശ്വസിക്കുന്ന നമ്മുടെ മദ്ധ്യവര്‍ഗ്ഗ മനസ്സിനാവട്ടെ ഇതിനോടൊക്കെ സര്‍വാത്മനാ യോജിപ്പുമാണ്. ആ സമ്മതിയുടെ വിപണനമാണ് നമ്മുടെ മാധ്യമങ്ങള്‍ നടപ്പിലാക്കുന്നത്.
അമ്മയെത്തല്ലിയാലെന്ന പോലെ തരൂര്‍ വിവാദത്തിനും രണ്ടു പക്ഷമുണ്ട്. അവ കോര്‍പ്പറേറ്റ് അനുകൂലവും അല്ലാത്തതുമാണ്. ഇതിലാര്‍ക്കും ഏത് പക്ഷവും പിടിക്കാം. പക്ഷേ ജനപക്ഷമെന്ന വ്യാജേന കോര്‍പ്പറേറ്റ് അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നല്ലെങ്കില്‍ നാളെ തിരീച്ചറിയപ്പെടുക തന്നെ ചെയ്യും.
Thursday, April 22, 2010
Subscribe to:
Post Comments (Atom)
6 comments:
നന്നായി എഴുതിയിട്ടുണ്ട്.
തരൂര്‍ വിവാദം എന്ന പ്രയോഗം അത്ര കൃത്യമല്ല. ലാവ്‌ലിന്‍ 'ഇടപാടും' തരൂര്‍ 'വിവാദവും' എന്ന ലേഖനത്തില്‍ പി.രാജീവ് മാധ്യമങ്ങള്‍ ആ പ്രയോഗത്തിലൂടെ അഴിമതി, അധികാര ദുര്‍വിനിയോഗം എന്ന വാക്കുകള്‍ക്കൊന്നും റിപ്പോര്‍ട്ടില്‍ ഇടംനല്‍കാതിരിക്കുന്നതിന് ശ്രദ്ധിച്ചതിനെക്കുറിച്ച് പറയുന്നുണ്ട്.
സുനന്ദയെയും വിശുദ്ധവല്‍ക്കരിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കൈയില്‍ കാശും വെളുത്ത തോലിയുമുണ്ടെങ്കില്‍ പിന്നെ ചെയ്യുന്നതൊന്നും അഴിമതിയാവില്ല
മൂര്‍ത്തീ,
ശരിയാണ്. ഈ വിഷയം കൈകാര്യം ചെയ്യാനായി മാധ്യമങ്ങള്‍ അവലംബിച്ച ഭാഷ തന്നെ അവരുടെ അജണ്ട വെളിവാക്കുന്നുണ്ട്. അത് ലേഖനത്തില്‍ ഉള്‍പ്പെടുത്താനാഗ്രഹിച്ചെങ്കിലും വിട്ടുപോയതാണ്. അവസാനഭാഗത്ത് തരൂര്‍ വിവാദമെന്ന് പ്രയോഗിച്ചത് വലിയൊരു അശ്രദ്ധ തന്നെയണ്. ഇനിയുണ്ടാവാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നതാണ്.
മാരാര്‍,
പൂര്‍ണമായും യോജിക്കുന്നു.
ഉവ്വുവ്വ്! പൊതുമുതലു തിന്നു ചീര്‍ക്കുന്ന എലക്‍റ്റഡ് കന്നാലികളെക്കാള്‍ സ്വകാര്യമുതല്‍ തിന്നാന്‍ കൂട്ടു നിന്നവന്‍ ഭേദമാണെന്ന് യുവമാദ്ധ്യമപ്രവര്‍ത്തകരെങ്കിലും വിശ്വസിച്ചതു കൊണ്ടൊന്നുമല്ല തരൂര് വെള്ളയടിക്കപ്പെട്ടത്. ആംഗലേയപ്രാവീണ്യം കണ്ട് കണ്ണുതള്ളിപ്പോയ മധ്യവര്‍ഗ്ഗമാണല്ലേ പ്രതി. :-) അല്ലെങ്കിലും സര്‍ക്കാറോഫീസിലെ പേപ്പര്‍വര്‍ക്ക് ശരിയാക്കാന്‍ ഫോണ്‍ ചെയ്തു ശുപാര്‍ശ ചെയ്യുന്നതാണല്ലോ നമ്മുടെ നാട്ടിലെ വിലയേറിയ രാഷ്ട്രീയപ്രവര്‍ത്തനം. അതിലപ്പുറമെന്താ. കോര്‍പ്പറേറ്റ് കേന്ദ്രീകൃത വ്യവസ്ഥ നടപ്പിലാക്കാന്‍ യു എന്നും അമേരിക്കയും രഹസ്യയോഗം കൂടി പറഞ്ഞുവിട്ട ആളാണ് തരൂര് എന്നും വ്യാഖ്യാനം വരും. അതിശയമില്ല.
’നമ്മളെ ഭരിക്കാനായി നമ്മള്‍ തന്നെ തെരഞ്ഞെടുത്തവരുടെ അവസ്ഥ’ എന്നു പറഞ്ഞല്ലോ. അതു തന്നെയാവും ആ അവസ്ഥക്കു വഴി വച്ചവര്‍ക്ക് ചാനലു മാറിയ ചിലതു കാണുമ്പോ കണ്ണുരുണ്ടു പോകുന്നത്.
സനാതനമായ സാംസ്കാരിക ഉന്നമനമോ? അതെ, അതാണ് വഴി മാറി നടക്കാന്‍ ഇത്ര പ്രയാസം. :-)
ബൈ ദ വേ, സ്റ്റാര്‍ ഹോട്ടല്‍ താമസം തുടങ്ങിയ ചില വേണ്ടാത്തീനങ്ങള് നടത്തിയെന്നതു നേര്. തമസിക്കതെ പിന്നെ, മാതൃക കാണിച്ച് ഗുരുസ്ഥാനത്ത് കൃഷ്ണയെപ്പോലത്തെ ഉന്നത കോണ്‍ഗ്രസ്സ് നേതൃപുംഗവരും ഉണ്ടല്ലോ.
കാശ്മീര്‍ പ്രശ്നത്തില്‍ സൌദിക്ക് ‘ഇന്റര്‍ലൊക്യൂട്ടര്‍‘ ആകാന്‍പറ്റും എന്നതും വളരെ ആസൂത്രിതമായ ഒരു പ്രസ്ഥാവനയാണ്. ഇന്ത്യയും പാക്കിസ്ഥാനും 60 വര്‍ഷമായി പരിഹാരമില്ലാതെ ഉഴറുകയല്ലേ, അതുകൊണ്ട് മൂന്നാമതൊരു കക്ഷിയെ ഇടപെടുത്തിയാലെന്താ എന്ന് ഈ പുതിയ ‘ചിന്തിക്കുന്ന’ മധ്യവര്‍ഗ്ഗത്തിനിടയില്‍ അഭിപ്രായരൂപീകരണം ഉണ്ടാക്കണം. ശശി തരൂര്‍ ഇങ്ങനെ അവരുടെ വൊക്കാബുലറി ഡെവലപ്പ് ചെയ്യുന്ന തരത്തില്‍ അത് പറഞ്ഞാല്‍ അവരങ്ങനെ ചിന്തിക്കയും ചെയ്യും.
മൂന്നാതൊരു കക്ഷി എന്ന് പറയുമ്പോള്‍ അത് ഒരിക്കലും സൌദി ആവില്ല. ഇത്തരം ഇടപെടലുകള്‍ നടത്തുന്ന ഒരു രാജ്യമല്ല അത്. പിന്നെ ആരായിരിക്കും?
പപ്പൂസ്,
മറുപടി വൈകിയതില്‍ ക്ഷമിക്കുക.
'പൊതുമുതലു തിന്നു ചീര്‍ക്കുന്ന എലക്‍റ്റഡ് കന്നാലികളെക്കാള്‍ സ്വകാര്യമുതല്‍ തിന്നാന്‍ കൂട്ടു നിന്നവന്‍ ഭേദമാണെന്ന് യുവമാദ്ധ്യമപ്രവര്‍ത്തകരെങ്കിലും വിശ്വസിച്ചതു കൊണ്ടൊന്നുമല്ല തരൂര് വെള്ളയടിക്കപ്പെട്ടത്.'
തരൂരപ്പോള്‍ ‘ഇലക്റ്റഡ് കന്നാലി’യല്ലല്ലേ! സ്വകാര്യമുതല്‍ തിന്നാന്‍ കൂട്ടുനിന്നവനെന്ന് പറഞ്ഞത് മനസ്സിലായില്ല. തരൂരുമായി ബന്ധപ്പെട്ട് മോഷണത്തിന് കൂട്ടുനിന്നെന്ന കുറ്റമൊന്നും ആരും ആരോപിച്ചതായറിയില്ല.
‘അല്ലെങ്കിലും സര്‍ക്കാറോഫീസിലെ പേപ്പര്‍വര്‍ക്ക് ശരിയാക്കാന്‍ ഫോണ്‍ ചെയ്തു ശുപാര്‍ശ ചെയ്യുന്നതാണല്ലോ നമ്മുടെ നാട്ടിലെ വിലയേറിയ രാഷ്ട്രീയപ്രവര്‍ത്തനം.’
അപ്പോള്‍പിന്നെ നയരൂപീകരണവും നിയമനിര്‍മാണവുമൊക്കെ ബ്യൂറോക്രാറ്റുകള്‍ സ്വന്തം നിലയ്ക്ക് ചെയ്യുന്നതാണെന്നാണോ അഭിപ്രായം?
‘കോര്‍പ്പറേറ്റ് കേന്ദ്രീകൃത വ്യവസ്ഥ നടപ്പിലാക്കാന്‍ യു എന്നും അമേരിക്കയും രഹസ്യയോഗം കൂടി പറഞ്ഞുവിട്ട ആളാണ് തരൂര് എന്നും വ്യാഖ്യാനം വരും.’
ഇതിന് വ്യാഖ്യാനത്തിന്റെയൊന്നും ആവശ്യമില്ല. തരൂര്‍ എന്തിനുവേണ്ടി നിലക്കൊള്ളുന്നുവെന്നത് അയാളുടെ വാക്കുകളിലും പ്രവൃത്തികളിലും പ്രകടമാണ്.
‘’നമ്മളെ ഭരിക്കാനായി നമ്മള്‍ തന്നെ തെരഞ്ഞെടുത്തവരുടെ അവസ്ഥ’ എന്നു പറഞ്ഞല്ലോ. അതു തന്നെയാവും ആ അവസ്ഥക്കു വഴി വച്ചവര്‍ക്ക് ചാനലു മാറിയ ചിലതു കാണുമ്പോ കണ്ണുരുണ്ടു പോകുന്നത്.’
കണ്ണുരുണ്ടുപോകാന്‍ തക്കവണ്ണം എന്താണാവോ ഇയാള്‍ ചാനലുമാറി ചെയ്തത്? ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഐ പി എല്‍ കച്ചവടത്തില്‍ പങ്കെടുത്തതോ? അതോ ട്വിറ്ററിലും അല്ലാതെയുമായി കൃത്യമായ ഇടവേളകളില്‍ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടതോ?
‘സനാതനമായ സാംസ്കാരിക ഉന്നമനമോ? അതെ, അതാണ് വഴി മാറി നടക്കാന്‍ ഇത്ര പ്രയാസം.’
വിരുദ്ധോക്തി മനസ്സിലാവാത്തതോ അങ്ങനെ നടിക്കുന്നതോ ഈ ചോദ്യത്തിനു കാരണം?
ആഗോളവല്‍ക്കരണവും കോര്‍പ്പറേറ്റ് വല്‍ക്കരണവുമൊന്നും കേവലം ഭൌതികതലത്തില്‍ മാത്രം നടക്കുന്ന പ്രതിഭാസങ്ങളല്ല. ഇവയുടെ ഉല്പന്നമായ ഒരു പുത്തന്‍ മൂല്യവ്യവസ്ഥ ലോകത്തെമ്പാടുമുള്ള മധ്യവര്‍ഗങ്ങളുടെ വീക്ഷണകോണുകളെ അപ്പാടെ മാറ്റിമറിച്ചിട്ടുണ്ട്. അതുകൊണ്ട് അവരുടെ മാറിയ പരിപ്രേക്ഷ്യത്തില്‍ തരൂരിനെ പോലുള്ളവര്‍ എന്നും വിശുദ്ധരായിരിക്കും.
ജിവീ,
തരൂരിന്റെ അമേരിക്കന്‍ ചായ്‌വ് വ്യക്തമാണല്ലോ. താങ്കള്‍ പറഞ്ഞതുപോലുള്ള ഒരു അജണ്ടക്ക് എല്ലാ സാധ്യതയുമുണ്ട്.
Post a Comment