Thursday, February 25, 2010

ആള്‍ദൈവങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യശാസ്ത്രവും (തുടര്‍ച്ച)

ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം ഇവിടെ വായിക്കാം.

ആത്മീയ ആള്‍ദൈവങ്ങള്‍ക്കപ്പുറം പ്രത്യക്ഷവും സത്വരവുമായ പ്രതിഫലനങ്ങള്‍ ഒരു ജനാധിപത്യസമൂഹത്തില്‍ ഉളവാക്കാന്‍ പോന്നവരാണ് രാഷ്ട്രീയ ആള്‍ദൈവങ്ങള്‍. കാരണം അവര്‍ പ്രതിപ്രവര്‍ത്തിക്കുന്നത് ഒരു ജനാധിപത്യവ്യവസ്ഥ അതിന്റെ നിലനില്‍പ്പിനായി ആശ്രയിക്കുന്ന ആ സമൂഹത്തിന്റെ ജനാധിപത്യ രാഷ്ട്രീയ ബോധങ്ങള്‍ക്കുമേലാണ് എന്നതുതന്നെ. തത്വത്തിലെങ്കിലും ജനങ്ങള്‍ അധികാരം കൈയാളുന്ന, നാം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ഉദാത്തമെന്ന് വിശേഷിപ്പിക്കാവുന്ന ഈ പങ്കാളിത്ത ഭരണവ്യവസ്ഥ അതിന്റെ ആത്മനാശത്തിനുള്ള ഒരൊറ്റ പഴുതേ പേറുന്നുള്ളൂ, അത് അധികാരിയായ ജനസമൂഹത്തിന്റെ അരാഷ്ട്രീയവല്‍ക്കരണമെന്ന സാധ്യതയാണ്. അതിലേക്കാണ് നമ്മുടെ ജനാധിപത്യത്തിലിന്ന് ഏറിവരുന്ന രാഷ്ട്രീയ ആള്‍ദൈവങ്ങള്‍ വിരല്‍ ചൂണ്ടുന്നതും.

ജനാധിപത്യം അതിന്റെ രക്ഷകരായി കാണുന്നത് ജനങ്ങളെയും ജനകീയാടിത്തറയുള്ള പ്രസ്ഥാനങ്ങളെയുമാണ്, വ്യക്തികളെയല്ല. ഇത്തരം ജനാധിപത്യപ്രസ്ഥാനങ്ങള്‍ ജനമധ്യേ വിശകലനം ചെയ്യപ്പെടേണ്ടതും വിലയിരുത്തപ്പെടേണ്ടതും അവ ആന്തരികമായ ഒരു ജനാധിപത്യത്തിലൂടെ രൂപപ്പെടുത്തിയെടുക്കുന്ന നയങ്ങളുടെയും നിലപാടുകളുടെയും ദര്‍ശനങ്ങളുടെയും അടിസ്ഥാനത്തിലും. ജനകീയപ്രസ്ഥാനങ്ങളുടെ നയരൂപീകരണത്തിലും പ്രവര്‍ത്തനത്തിലും ഉണ്ടായിരിക്കേണ്ട ജനാധിപത്യം കൂടി ഉള്‍ച്ചേരുന്നതാണ് ഉള്‍പ്പാര്‍ട്ടിജനാധിപത്യം എന്ന വിശാലസംജ്ഞ. ഇതുതന്നെയാണ് ഓരോ ജനകീയപ്രസ്ഥാനത്തിന്റെയും പ്രത്യയശാസ്ത്ര അടിത്തറയെത്തന്നെ കാലാകാലങ്ങളില്‍ വ്യാപിപ്പിക്കുകയും ഉറപ്പിക്കുകയും ചെയ്യേണ്ടത്. മതപ്രത്യയശാസ്ത്രങ്ങള്‍ ദൈവത്തിലുള്ള അചഞ്ചല വിശ്വാസത്തെയാണ് മുന്നോട്ടുവെക്കുന്നതെങ്കില്‍ രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങള്‍ മനുഷ്യനിലുള്ള അചഞ്ചലവിശ്വാസത്തെയാണ് പ്രതിനിധീ‍കരിക്കുന്നത്. അതുകൊണ്ടാണ് അത് ജൈവമായിരിക്കുന്നത്. പ്രത്യയശാസ്ത്രങ്ങളുടെ കാലം കഴിഞ്ഞുവെന്ന് പറയുന്നത് ഒരര്‍ത്ഥത്തില്‍ മനുഷ്യന്റെ കാലം കഴിഞ്ഞുവെന്ന് പറയുന്നതുപോലെ ഒരസംബന്ധമാവുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ മരണം പ്രഖ്യാപിക്കുന്നത് മനുഷ്യന്റെ രാഷ്ട്രീയ അസ്തിത്വത്തിന്റെ മരണം കൂടിയാണ്. ഇതുതന്നെയാണ് രാഷ്ട്രീയ ആള്‍ദൈവങ്ങളും മുന്നോട്ടുവെക്കുന്നത്. ഇനി നിങ്ങള്‍ക്കും നിങ്ങളുടെ പ്രസ്ഥാനങ്ങള്‍ക്കും ഒന്നും ചെയ്യാനില്ല, എല്ലാറ്റിനും എന്നിലേക്ക് ഉറ്റുനോക്കുക എന്നതല്ലാതെ!

ഒരു ജനാധിപത്യരാഷ്ട്രം ഭരിക്കേണ്ടത് പ്രസ്ഥാനങ്ങളോ അവയുള്‍പ്പെടുന്ന മുന്നണികളോ ആണ്, വ്യക്തികളല്ല. ഇന്ത്യ ഭരിക്കുന്നത് മന്മോഹന്‍സിങ്ങെന്ന വ്യക്തിയല്ല, യു പി എയാണ്. കേരളം ഭരിക്കുന്നത് അച്ചുതാനന്ദനല്ല, എല്‍ ഡി എഫാണ്. പ്രസ്ഥാനങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും അപ്പുറത്തേക്ക് ഞാനാണ് പ്രസ്ഥാനം, ഞാന്‍ തന്നെ പ്രത്യയശാസ്ത്രവും എന്ന് ധരിക്കും വിധം വ്യക്തികളെ വളര്‍ത്തുന്നത് ഒരു സമൂഹത്തെ കൊണ്ടെത്തിക്കുക സ്വാതന്ത്ര്യവും അവകാശങ്ങളുമുള്‍പ്പെടെ എല്ലാം നിഷേധിക്കപ്പെടുന്ന ഒരു സാമൂഹ്യാവസ്ഥയിലേക്കാവാം എന്നതിന് നിരവധി തെളിവുകള്‍ ചരിത്രത്തില്‍ കണ്ടെത്താനാവും. ജനകീയ പ്രസ്ഥാനങ്ങള്‍ക്കുമേല്‍ മാത്രമേ ജനങ്ങള്‍ക്ക് നിയന്ത്രണാധികാരമുള്ളൂ, വ്യക്തികള്‍ക്കുമേല്‍ അതില്ല. അതുകൊണ്ടുതന്നെയാണ് പ്രസ്ഥാനത്തിനുമപ്പുറത്തേക്കുള്ള ഒരു വ്യക്തിയുടെ വളര്‍ച്ച ആ പ്രസ്ഥാനത്തെതെന്നെ തകര്‍ക്കുമെന്നു പറയുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്സിന്റെ ചരിത്രം പരിശോധിച്ചാല്‍ അത് അതിന്റെ ജനകീയ അടിത്തറ കെട്ടിപ്പടുത്തിരിക്കുന്നത് ഒരു ജനകീയപ്രത്യയശാസ്ത്രത്തിലപ്പുറം വ്യക്തികളില്‍ കേന്ദ്രീകരിച്ചാണെന്നു കാണാം. നെഹ്രുകുടുംബത്തിന്റെ അപ്രമാദിത്വത്തിന്റെ തണലില്ലാത്തപ്പോഴൊക്കെ അതിലേക്ക് കടന്നുവരുന്ന അരാജകത്വം തന്നെ ഇതിനു തെളീവ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സില്‍ പ്രസ്ഥാനത്തിനും പ്രത്യയശാസ്ത്രത്തിനും അപ്പുറത്തേക്ക് വളര്‍ന്നുനില്‍ക്കുന്ന വിരാട് രൂപങ്ങളെ കാലാകാലങ്ങളില്‍ കണ്ടെത്താനാവും. അടിയന്തിരാവസ്ഥക്കാലത്ത് ഇന്ത്യ ഭരിച്ചിരുന്നത് കോണ്‍ഗ്രസ്സെന്ന രാഷ്ട്രീയപ്രസ്ഥാനത്തിലുപരി ഇന്ദിരാഗാന്ധിയെന്ന ഉരുക്കുവനിതയായിരുന്നു. അവര്‍ക്കുമേല്‍ അവരുടെ പ്രസ്ഥാനത്തിനോ പ്രത്യയശാസ്ത്രത്തിനോ അന്നെങ്കിലും നിയന്ത്രണാധികാരമില്ലായിരുന്നു(മറിച്ചാണെന്ന് ഇന്ന് പറയണമെങ്കില്‍ ചരിത്രത്തെയും വസ്തുതകളെയും തത്വദീക്ഷയില്ലാതെ വളച്ചൊടിക്കണം, അല്ലെങ്കില്‍ കോണ്‍ഗ്രസ്സിന്റെ പ്രത്യയശാസ്ത്രം ഫാസിസത്തിന്റേതു കൂടിയാണെന്ന് സമ്മതിക്കണം). അതിന് കോണ്‍ഗ്രസ്സിനെ വോട്ട് ചെയ്ത് ജയിപ്പിച്ച ജനത കൊടുക്കേണ്ടിവന്ന വിലയെന്തായിരുന്നുവെന്ന് നമുക്കറിയാം. ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തെ വളര്‍ത്തിയെടുക്കുന്ന അവധാനതയോടെ തന്റെ രാഷ്ട്രീയപ്രതിച്ഛായയെ വളര്‍ത്തിയെടുക്കുന്ന രാഹുല്‍ഗാന്ധിയും അയാളില്‍ എല്ലാ പ്രതീക്ഷകളും അര്‍പ്പിച്ചിരിക്കുന്ന പ്രസ്ഥാനവും ഒരു നല്ലപങ്ക് ജനതയും ആ പഴയ അപകടത്തിലേക്കുതന്നെ വീണ്ടും നടന്നെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സ്റ്റാറ്റ്യൂട്ടറി റേഷനിംഗ് സംവിധാനം ഘട്ടംഘട്ടമായി തകര്‍ക്കുകയും അതിലൂടെ ഇന്ന് സാധാരണക്കാരുടെ വയറ്റത്തടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയെയാണ് ഇതേ ‘സാധാരണക്കാര്‍’ മുണ്ട് മുറുക്കിയുടുത്ത് രക്ഷകായെന്ന് ആര്‍ത്തുവിളിക്കുന്നത്. ഇവിടെ സംഭവിക്കുന്നത് തങ്ങള്‍ക്കുകൂടി പങ്കാളിത്തവും നിയന്ത്രണാധികാരവുമുള്ള രാഷ്ട്രീയപ്രത്യയശാസ്ത്രം പിറകിലേക്ക് തള്ളിമാറ്റപ്പെടുകയും ഒരു മനുഷ്യന്റെ മാന്ത്രികവ്യക്തിത്വത്തിലേക്ക് ആ ജനതതന്നെ കുടുങ്ങിപ്പോവുകയുമാണ്.

കേരളത്തില്‍ അച്ചുതാനന്ദനെന്ന ജനനേതാവിനെയും മുഖ്യമന്ത്രിയെയും ഈയൊരു വീക്ഷണകോണില്‍നിന്ന് വെവ്വേറെ പരിശോധിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. അച്ചുതാനന്ദന്‍ നയിച്ച ജനകീയസമരങ്ങള്‍ ഒരു വ്യക്തിയുടെ ധര്‍മ്മസമരങ്ങളായിരുന്നില്ല. അതിനുപിന്നില്‍ ഒരു പ്രത്യയശാസ്ത്രവും പ്രസ്ഥാനവുമുണ്ടായിരുന്നു. പക്ഷേ ഇടക്കാലത്തെങ്കിലും നമ്മള്‍ അതിനെ കണ്ടത് വ്യക്തികേന്ദ്രീകൃതമായായിരുന്നു. അത്തരമൊരു മായക്കാഴ്ചയുടെ സൃഷ്ടിക്കും പ്രചാരത്തിനും പിന്നില്‍ നമ്മുടെ കോര്‍പ്പറേറ്റ്മാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹം മുഖ്യമന്ത്രിയായതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. ഇതിനോടകം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞ പാര്‍ട്ടിക്കും മുന്നണിക്കുമപ്പുറമുള്ള തന്റെ പ്രതിച്ഛായയെ ഉന്മത്തമായി ആസ്വദിക്കുന്ന ഒരു ഭരണാധികാരിയെയാണ് പിന്നെ നാം കണ്ടത്. ഇതുകൊണ്ടൊക്കെ സര്‍ക്കാരിനും അതിന്റെ തലവനായ മുഖ്യമന്ത്രിക്കും ഉണ്ടായ നേട്ടമോ? ഇതുണ്ടാക്കിയ ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനു ചെയ്യാനായ കാര്യങ്ങള്‍ പോലും ജനങ്ങളിലേക്കെത്തിക്കാനാവാത്ത അവസ്ഥയും! .

ഒരു രാഷ്ട്രീയവ്യവസ്ഥയായ സ്റ്റേറ്റിനെ അരാഷ്ട്രീയമായി പുനസംഘടിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ വ്യത്യസ്തമേഖലകളില്‍ സജീവമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ക്ഷേമരാഷ്ട്രമെന്ന സങ്കല്പം തന്നെ ഘട്ടംഘട്ടമായി ഇല്ലാതാവുകയും ഭരണകൂടം അത്തരം ചുമതലകള്‍ ഒന്നൊന്നായി രാഷ്ട്രീയേതരസന്നദ്ധസംഘടനകളിലേക്ക് കൈയൊഴിയുകയും ചെയ്യുന്നു. ഭരണമെന്നത് പോലീസിന്റെയും പട്ടാളത്തിന്റെയും നടത്തിപ്പായി ചുരുക്കണമെന്ന ലോകബാങ്ക് തിട്ടൂരങ്ങള്‍ നടപ്പാക്കാന്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധിതമാവുന്നു. കോര്‍പ്പറേറ്റ് മൂലധനശക്തികളുടെ താല്പര്യത്തിനനുസരിച്ച് ഒരു ജനതയുടെ രാഷ്ട്രീയം തന്നെ പുനര്‍നിര്‍മിക്കപ്പെടുന്ന അവസ്ഥ. ഇതിനായി അവരുപയോഗിക്കുന്ന ഉപകരണമാവട്ടെ മതാന്ധത, യുക്തിരാഹിത്യം, യാഥാസ്ഥിതികത, വ്യക്തികേന്ദ്രീകരണം, അരാഷ്ട്രീയവല്‍ക്കരണം തുടങ്ങിയ ജീര്‍ണ്ണതകള്‍ക്കൊക്കെ ബൌദ്ധികപരിവേഷം ചാര്‍ത്തിക്കൊടുക്കുന്ന ഉത്തരാധുനികപ്രത്യയശാസ്ത്രവും. സമഗ്രതയെന്ന ആശയംതന്നെ അപ്രായോഗികമെന്ന് മുദ്രകുത്തി മാറ്റിവെക്കപ്പെടുന്നതോടെ കേവലം പ്രശ്നാധിഷ്ഠിതം മാത്രമായി ചുരുങ്ങിപ്പോവുന്ന ഒരു വീക്ഷണകോണില്‍നിന്ന് എന്തും ന്യായീകരിക്കപ്പെടാവുന്ന ഒരവസ്ഥ സംജാതമാവുന്നു. ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ പേരില്‍ അമൃതാനന്ദമയിയടക്കമുള്ള ആള്‍ദൈവങ്ങള്‍ ന്യായീകരിക്കപ്പെടുന്നത് ഇങ്ങനെയാണ്. മന്ത്രവാദമുള്‍പ്പെടെയുള്ള സാമൂഹ്യതിന്മകളൊന്നും, അവ നിലനില്‍ക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നതുകൊണ്ടുതന്നെ തള്ളിക്കളയാനാവുന്നവയല്ലെന്ന് തുടങ്ങുന്ന വാദം ചെന്നുനില്‍ക്കുന്നത് അഥര്‍വവേദം സര്‍വകലാശാലകളില്‍ പാഠ്യവിഷയമാക്കണമെന്ന ആവശ്യത്തിലാണ്! ജ്യോതിഷം, വാസ്തുശാസ്ത്രം തുടങ്ങിയവക്കൊക്കെ ഇന്നു കിട്ടുന്ന അംഗീകാരവും അതിന്മേലുള്ള കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും ഒക്കെ സൂചിപ്പിക്കുന്നത് ഇന്നത്തെ ഈ സാമൂഹ്യാവസ്ഥ സാന്ദര്‍ഭികമായി ഉണ്ടായതല്ല, ഉല്പാദിപ്പിക്കപ്പെട്ടതുതന്നെയാണ് എന്നാണ്. ഇതില്‍ പ്രത്യക്ഷമോ പരോക്ഷമോ ആയി കോര്‍പ്പറേറ്റ് മൂലധനശക്തികളാല്‍ സ്പോണ്‍സര്‍ ചെയ്യപ്പെടുന്ന മത-രാഷ്ട്രീയ ആള്‍ദൈവങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്സീമവും.

Friday, February 19, 2010

ആള്‍ദൈവങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യശാസ്ത്രവും

ഇരിട്ടി എം ജി കോളേജിലെ ഭാഷാധ്യാപകന്‍ (മലയാളമോ ഇംഗ്ലീഷോ!)പ്രമോദ് വെള്ളച്ചാലിനെ ക്ലാസ്സെടുത്തുകൊണ്ടിരിക്കെ ഒരു സംഘം ആര്‍ എസ് എസ്- ബി ജെ പി പ്രവര്‍ത്തകര്‍ കോളേജില്‍ കയറി ആക്രമിച്ച സംഭവത്തെ 24 മണിക്കൂര്‍ പിന്നിടും മുന്‍പെ തങ്ങളുടെ തനത് റിപ്പോര്‍ട്ടിംഗ് തന്ത്രങ്ങളിലൂടെ നമ്മുടെ മാധ്യമങ്ങള്‍, പ്രത്യേകിച്ച് മാതൃഭൂമി ഒരു വഴിത്തിരിവിലെത്തിച്ചിരിക്കുന്നു. ‘മാതാ അമൃതാനന്ദമയിയെയും ഹൈന്ദവാരാധനാലയങ്ങളെയും ആക്ഷേപിച്ച് ക്ലാസെടുത്തെന്ന് ആരോപിച്ച് ഇരിട്ടി എം.ജി കോളേജ് അധ്യാപകന്‍ പ്രമോദ് വെള്ളച്ചാലിനെ ഒരുസംഘം ആക്രമിച്ചു’ എന്ന ഈ വാര്‍ത്തയില്‍ പല ധ്വനികള്‍ അടങ്ങിയിരിക്കുന്നു. സംഭവത്തെതുടര്‍ന്ന് ‘കോളേജിലെത്തിയ പോലീസ് മൂന്ന് ആര്‍.എസ്.എസ്, ബി.ജെ.പി. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു’ എന്ന് ഇതേ റിപ്പോര്‍ട്ടില്‍ തന്നെ പിന്നീട് പറയുന്ന ലേഖകന് മുകളിലെ വാചകത്തില്‍ അത് ഒരു സംഘം മാത്രമാണ്. ഒരധ്യാപകനെതിരെ കോളേജില്‍ കയറി നടത്തപ്പെട്ട അതിക്രമം എന്ന നിലയില്‍ തുടങ്ങിയ റിപ്പോര്‍ട്ടിംഗ് മെല്ലെ മെല്ലെ ഊന്നല്‍ അമൃതാനന്ദമയിയെയും ഹൈന്ദവാരാധനാലയങ്ങളെയും ആക്ഷേപിച്ച അവിശ്വാസിയിലേക്ക് നീക്കുന്ന ക്രാഫ്റ്റ് ഒന്നു കാണേണ്ടതു തന്നെ!

മേല്‍പറഞ്ഞ റിപ്പോര്‍ട്ടില്‍ പ്രകടമാവുന്നതു പോലെ അമൃതാനന്ദമയിയെയും സായിബാബയെയും പോലുള്ള ആള്‍ദൈവങ്ങളെയും സിദ്ധന്മാരെയും സ്വകാര്യനടത്തിപ്പിനു കീഴിലുള്ള ധ്യാനകേന്ന്ദ്രങ്ങളെയുമൊക്കെ മതപരമായ ദൈവവിശ്വാസവുമായി സമീകരിക്കുന്ന തരത്തിലുള്ള ഒരു പൊതുബോധം നമുക്കിടയില്‍ ഉല്പാദിപ്പിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. തന്നെ ചൂഴ്ന്ന് നില്‍ക്കുന്ന നിസ്സഹായതകളോടുള്ള മനശ്ശാസ്ത്രപരമായ ഒരു ചെറുത്തുനില്‍പ്പ് എന്ന നിലക്ക് മനുഷ്യന്റെ ഭാവന സൃഷ്ടിച്ച സര്‍വശക്തനും സര്‍വവ്യാപിയുമായ രക്ഷകനെന്ന മഹാസങ്കല്പം ഇത്തരം വ്യക്തികളിലേക്കോ സ്ഥാപനങ്ങളിലേക്കോ ചുരുങ്ങിപ്പോവുന്നതിന്റെ പിന്നില്‍ സാമൂഹ്യവും മനശ്ശാസ്ത്രപരവുമായ പരിണാമങ്ങളുടെ ഒരു ചരിത്രം തന്നെയുണ്ട്. ദൈവമെന്ന അതിവിശാലമായ ഒരു സങ്കല്പത്തിലേക്ക് നേരിട്ടെത്തിപ്പെടാന്‍ ഭാവനാസമ്പന്നരും ധിഷണാശാലികളുമായ ചില യുഗപ്രഭാവന്മാര്‍ക്കല്ലാതെ എല്ലാവര്‍ക്കും കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് മതങ്ങളില്‍ കൃത്യമായ അധികാരശ്രേണികള്‍ നിലനിര്‍ത്തിക്കൊണ്ടോ അല്ലാതെയോ ഉള്ള പുരോഹിതരുടെയോ പണ്ഡിതരുടെയോ ശൃംഘലകള്‍ നിലവില്‍ വരുന്നത്. കൃസ്തുമതത്തെ സംബന്ധിച്ചിടത്തോളം ആത്മീയസമസ്യകളില്‍ വഴികാട്ടിയാവാന്‍ അച്ചന്‍ തൊട്ട് പോപ്പ് വരെ നീളുന്ന ഒരു പൌരോഹിത്യശ്രേണിയുണ്ടെങ്കില്‍ ഇതിനെ നിഷേധിക്കുന്ന ഇസ്ലാം മതത്തില്‍ ദൈവവചനം വിശ്വാസികള്‍ക്കുവേണ്ടി വ്യാഖ്യാനിക്കുക, സംശയങ്ങള്‍ നിവര്‍ത്തിക്കുക, തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്പിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ കൈയാളുന്നത് അതാതു വിഭാഗങ്ങളിലെ മതപണ്ഡിതരാണ്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒരു മതമല്ലെങ്കില്‍പോലും ഹിന്ദുമതത്തിലും ധാരാളമായുള്ള പണ്ഡിതരുടെയും പൂജാരിമാരുടെയും ധര്‍മ്മവും മറ്റൊന്നല്ല.

വിശ്വാസത്തിന് നിലനില്‍ക്കാന്‍ പലപ്പോഴും ദൈവങ്ങളും ആരാധനാലയങ്ങളും പുരോഹിതരും മാത്രം പോര. അതിനാഘോഷിക്കാനും ആവേശം കൊള്ളാനും ദിവ്യാത്ഭുതങ്ങളും വേണം. ഇത് സ്ഥാപനവല്‍ക്കരിക്കപ്പെട്ടതോ അല്ലാത്തതോ ആയ എല്ലാ മതങ്ങളും തിരിച്ചറിയുന്നുമുണ്ട്. എന്നാല്‍ കേന്ദ്രീകൃതഘടനയുള്ള മതങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം അത്ഭുതങ്ങളുടെ കാലികമായ ആവര്‍ത്തനങ്ങള്‍ കൃത്യമായ പഠനത്തിലും മേല്‍നോട്ടത്തിലുമല്ലാതെ അനുവദിക്കാനാവില്ല. ഈ ഇടം മുതലെടുത്തുകൊണ്ടാണ് എല്ലാ മതങ്ങളിലേക്കും ആള്‍ദൈവങ്ങള്‍ കടന്നുവരുന്നത്. ഇത്തരത്തില്‍ കടന്നുവരുന്ന ഓരോരുത്തരുടെയും പ്രചാരത്തിന്റെ ഘട്ടങ്ങള്‍ പരിശോധിച്ചാല്‍ ദിവ്യാത്ഭുതങ്ങളുടെ ഒരു പരമ്പര തന്നെ കാണാം. ആര്‍ക്കും അത്ഭുതം കാണിക്കാമെന്നു വന്നാല്‍ അത് അവരുടെ ചട്ടക്കൂടിനെതന്നെ തകര്‍ക്കുമെന്നതു കൊണ്ട് മതങ്ങള്‍ക്ക് ഇവരെ പ്രത്യക്ഷത്തില്‍ അംഗീകരിക്കാനാവില്ല. മുരിങ്ങൂര്‍ ധ്യാനകേന്ദ്രം പോലുള്ള സ്ഥാപനങ്ങളെ ചര്‍ച്ച് ഔപചാരികമായി അംഗീകരിക്കാത്തത് അതുകൊണ്ടാണ്. എന്നാല്‍ എതിര്‍ക്കേണ്ടത് എന്ന് തോന്നുന്നവയെ കൃത്യമായി എതിര്‍ക്കാനും തകര്‍ക്കാനുമറിയാവുന്ന മതസ്ഥാപനങ്ങള്‍ ഇവിടെ മൃദുസമീപനം കൈക്കൊള്ളുന്നതിന് കാരണം ഇത്തരം ആള്‍ദൈവങ്ങള്‍ക്കും ധ്യാനകേന്ദ്രങ്ങള്‍ക്കും ഏറിവരുന്ന ജനപിന്തുണ കൂടിയാണെന്നു കാണേണ്ടതുണ്ട്. ധര്‍മ്മസംസ്ഥാപനാര്‍ത്ഥം അവതാരങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുമെന്ന് ഉല്‍ബോധിപ്പിക്കുന്ന ഹിന്ദുമതത്തെ സംബന്ധിച്ചിടത്തോളം താന്‍ അവതാരപുരുഷനാണെന്ന് അവകാശപ്പെടുന്ന സായിബാബയെപ്പോലുള്ളവരെ താത്വികമായിപോലും നിഷേധിക്കാനാവില്ല. വിശുദ്ധന്മാരെയും വിശുദ്ധകളെയും കാലാകാലങ്ങളായി അംഗീകരിച്ചുകൊണ്ടിരിക്കുന്ന കൃസ്തുമതത്തിനും തനിക്ക് അത്ഭുതസിദ്ധികളുണ്ടെന്ന ഒരാ‍ളിന്റെ വാദത്തിന് ചില നിബന്ധനകള്‍ കല്പിച്ചുകൊടുക്കാമെന്നല്ലാതെ തള്ളിക്കളയാനാവില്ല. അത്തരമൊരു സാധ്യത തത്വത്തിലെങ്കിലും നിലനില്‍ക്കുന്ന ഇസ്ലാമില്‍ പോലും ഇത്രയധികം സിദ്ധന്മാരുണ്ടെന്നതോടെ വിളിപ്പുറത്തുള്ള ഇന്ദ്രിയഗോചരരായ അല്‍ഭുതപുരുഷന്മാര്‍ക്കുവേണ്ടിയുള്ള മനുഷ്യന്റെ ദാഹം മതാതീതമാകുന്നു.

കൂട്ടുകുടുംബത്തില്‍നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം മുതല്‍ ആഗോളവല്‍ക്കരണം പ്രചാരത്തില്‍കൊണ്ടുവന്ന മത്സരാധിഷ്ഠിതമായ കമ്പോളസംസ്കാരംവരെയുള്ള വിവിധഘടകങ്ങള്‍ ആധുനിക മനുഷ്യനില്‍ ആത്മീയവും ഭൌതികവുമായ ഒരുതരം അന്യതാബോധം വളര്‍ത്തിയിട്ടുണ്ട്(ഫ്യൂഡല്‍ വേരുകളുള്ള കൂട്ടുകുടുംബം പോലുള്ള ഒരു സമ്പ്രദായം തകര്‍ന്നുപോയതാണ് ആധുനികലോകത്തിന്റെ സമസ്തപ്രശ്നങ്ങള്‍ക്കും കാരണമെന്ന പാരമ്പര്യവാദികളുടെ വാദത്തോടൊപ്പം നില്‍ക്കുകയോ അതിനെ ആദര്‍ശവല്‍ക്കരിക്കുകയോ അല്ല, മറിച്ച് സാമൂഹ്യവികാസത്തിന്റെ ഒരു ഘട്ടമെന്ന നിലക്ക് അതിനെക്കുറിച്ച് പരാമര്‍ശിക്കുക മാത്രമാണിവിടെ). മുതലാളിത്തവ്യവസ്ഥിതി അംഗീകരിക്കുന്ന ഒരേയൊരു മൂല്യം ലാഭമാണ്. അതിനെ മുന്‍നിര്‍ത്തി മറ്റേത് മൂല്യത്തേയും നിഷേധിക്കാനോ വെള്ളം ചേര്‍ക്കാനോ അതിന് പ്രത്യയശാസ്ത്രപരമായ വിലക്കുകളൊന്നുമില്ല. ഈ വ്യവസ്ഥിതി ആഗോളതലത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യക്രമം അന്തിമമാണെന്ന് അംഗീകരിച്ചുകൊടുക്കുന്നു ഉത്തരാധുനികതയും അതിന്റെ ചിന്താപദ്ധതികളും. ചരിത്രം അവസാനിച്ചു, പ്രത്യയശാസ്ത്രങ്ങള്‍ അസ്തമിച്ചു, സമഗ്രതയെന്ന ആശയം തന്നെ അപ്രസക്തമായി തുടങ്ങിയ വാദങ്ങള്‍ സൂചിപ്പിക്കുന്നത് മറ്റൊന്നല്ല. ഇത്തരമൊരു സാമൂഹ്യക്രമത്തിന്റെ ഉല്പന്നമായിത്തീരുന്ന മനുഷ്യന്‍ വര്‍ഗബോധമോ സാമൂഹ്യബോധം തന്നെയുമോ ഇല്ലാത്ത പൂര്‍ണമായും അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട വ്യക്തി മാത്രമായിപ്പോകുന്നതില്‍ എന്തതിശയമാണുള്ളത്?

ജീവിതം മുഴുവനൊരു മത്സരഓട്ടമായി കാണുന്ന, അതുകൊണ്ടുതന്നെ ഒരുതരം കൂട്ടായ്മയിലും വിശ്വസിക്കാന്‍ കഴിയാതെപോകുന്ന മനുഷ്യരില്‍ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന അന്തമില്ലാത്ത മത്സരക്ഷമത തന്നെ പരോക്ഷമായി ചില പ്രശ്നങ്ങളെ ഉല്പാദിപ്പിക്കുന്നുമുണ്ട്. കൂടിവരുന്ന സ്ട്രസ്സ് ഫാക്റ്റര്‍ എന്നൊക്കെ നാം ഓമനപ്പേരിട്ട് വിളിക്കുന്നത് ഇവയെയാണ്. ജീവിതത്തില്‍ വന്‍ വിജയമായി കഴിഞ്ഞ മനുഷ്യര്‍ക്ക് പോലും ജീവനകല അഭ്യസിക്കേണ്ടിവരുന്നതില്‍ ഒരു വൈരുദ്ധ്യമൊക്കെയില്ലേ? മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വൈരുദ്ധ്യമല്ല. ആ വ്യവസ്ഥിതിയുടെ ഇരകളായ മനുഷ്യര്‍ക്ക് അതിനുള്ളില്‍നിന്നു തന്നെ അത് പരിഹാരവും നിര്‍ദ്ദേശിക്കുന്നു. കമ്പോളവല്‍ക്കരിക്കപ്പെട്ട സമൂഹം ഓടിത്തളരുന്ന മനുഷ്യര്‍ക്ക് അത്താണിയായി വെച്ചുനീട്ടുന്നത് രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ക്ലാസ്സുകള്‍ മുതല്‍ അമൃതാനന്ദമയിയുടെയും സായിബാബയുടെയും ആശ്രമങ്ങളും നിത്യേന ദിവ്യാല്‍ഭുതങ്ങള്‍ അരങ്ങേറുന്ന ധ്യാനകേന്ദ്രങ്ങളും വരെയാണ്. യുക്തിബോധമുള്‍പ്പെടെയുള്ള പുരോഗമനാദര്‍ശങ്ങള്‍ ഒക്കെ പഴഞ്ചനായെന്നും നിലനില്‍ക്കുന്ന എന്തിനെയും നിലനില്‍ക്കുന്നുവെന്ന ഒറ്റ കാരണം കൊണ്ട് അംഗീകരിക്കേണ്ടതുണ്ടെന്നുമൊക്കെയുള്ള ഉത്തരാധുനിക സിദ്ധാന്തങ്ങളാണ് അവര്‍ ഇതിനെ ന്യായീകരിക്കാനായി ഉപയോഗിക്കുന്നത്. കമ്പോളം ഇത്തരത്തിലുള്ള മനുഷ്യരെ കൂടുതല്‍ കൂടുതല്‍ ഉല്പാദിപ്പിക്കുന്നതിനനുസരിച്ച് ആര്‍ട്ട് ഓഫ് ലിവിംഗും ആശ്രമങ്ങളുമൊക്കെ മുടക്കില്ലാതെ ലാഭം കൊയ്യാവുന്ന മറ്റൊരു കമ്പോളമായി സ്വയം മാറുന്നതോടുകൂടി വൃത്തം പൂര്‍ണ്ണമാവുന്നു.

(തുടരും...)

Monday, February 15, 2010

ഭാഷയില്‍ മേയുന്ന കറുത്തു തടിച്ച എരുമകള്‍

ചലച്ചിത്രതാരം ജയറാമിന്റെ ‘കറുത്ത് തടിച്ച് എരുമയെപ്പോലെയുള്ള ഒരു തമിഴത്തി’ എന്ന പരാമര്‍ശത്തെതുടര്‍ന്ന് ‘നാം തമിഴരെ’ന്നൊരു സംഘടന അദ്ദേഹത്തിന്റെ വീടും ഓഫീസും തല്ലിത്തകര്‍ത്തത് ഈയിടെ വിവാദമായിരുന്നല്ലോ. ജനങ്ങള്‍ സംഘം ചേര്‍ന്ന് നീതി നടപ്പിലാക്കുന്നതിന്റെ മറ്റൊരുദാഹരണം കൂടി. ആവര്‍ത്തിച്ചുവരുന്ന ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ അത്യന്തം അപകടകരവും അരാഷ്ട്രീയവുമായ ഒരാള്‍ക്കൂട്ടമനശ്ശാസ്ത്രം പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ആശങ്കാജനകം തന്നെയാണ്. ഇത് തനതായൊരു സാമൂഹ്യപ്രശ്നമായി കണ്ട് അടിയന്തിരപഠനങ്ങളും പരിഹാരനിര്‍ദ്ദേശങ്ങളും ഉണ്ടാവേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഇതും നമ്മുടെ ജനാധിപത്യവ്യവസ്ഥക്കെതിരെ കനംകൊണ്ടുവരുന്ന പ്രവണതകളില്‍ ഒന്നായി മാറിയേക്കാം. അതേ സമയം ഈ സംഭവം മറ്റൊരു കോണില്‍നിന്നു കൂടി വീക്ഷിക്കപ്പെടേണ്ടതുണ്ടെന്നു തോന്നുന്നു;ഭാഷാപരമായ ഒന്ന്.

ദ്രാവിഡഭാഷയിലോ സംസ്കാരത്തിലൊ കറുത്ത, കുറിയ, തടിച്ച തുടങ്ങിയ വിശേഷണങ്ങള്‍ നാമങ്ങള്‍ക്ക് അപമാനകരമായി മാറേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ ഇവ ദ്രാവിഡന്റെ ജനിതകപരമായ സവിശേഷതകള്‍ തന്നെയാണ്. പക്ഷേ ദ്രാവിഡഭാഷകളിലൊന്നായ മലയാളത്തിന്റെ ലാവണ്യശീലങ്ങള്‍ക്ക് പുറത്തുതന്നെയായിരുന്നു എന്നും ഇവയ്ക്ക് സ്ഥാനം. മാത്രമല്ല, നമ്മുടെ ഭാഷാപരവും സൌന്ദര്യശാസ്ത്രപരവുമായ പൊതുബോധം പലപ്പോഴും അവയെ അയല്‍ക്കാരനായ തമിഴനുമേല്‍ കെട്ടിവച്ച് രസിക്കുകയും ചെയ്യുന്നു. ഇതെങ്ങനെ സംഭവിക്കുന്നു? ഭാഷയെന്ന നിലയ്ക്കുള്ള വികാസത്തില്‍ മലയാളം അതിന്റെ ദ്രാവിഡമൂലരൂപത്തേക്കാള്‍ ആശ്രയിച്ചത് ആര്യഭാഷയായ സംസ്കൃതത്തെ ആണെന്നതും സംസ്കാരികവികാസത്തിനായി മലയാളിയുടെ പൊതുബോധം സ്വാംശീകരിച്ചത് ദ്രാവിഡസംസ്കൃതിയേക്കാള്‍ ആര്യന്മാരുടെ സവര്‍ണ ബ്രാഹ്മണിക മൂല്യങ്ങളാണെന്നതുമൊക്കെ തന്നെയാവണം ഇതിനു കാരണം. അതായത് സവര്‍ണ ബ്രാഹ്മണിക അധിനിവേശത്തിന്റെ ഇരകളാണ് ഇന്നും നമ്മുടെ ഭാഷയും സംസ്കാരവും സൌന്ദര്യബോധവും ഒക്കെ.

ദ്രാവിഡവിരുദ്ധമെന്ന നിലക്ക് വംശീയവും ദളിതവിരുദ്ധമെന്ന നിലക്ക് ജാതീയവും ആയ നിരവധി വാക്കുകളും പ്രയോഗങ്ങളും ദ്രാവിഡഭാഷകളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന മലയാളത്തിലേക്ക് കടന്നുകൂടിയതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. കേവലം ഭാഷാപ്രയോഗങ്ങള്‍ എന്ന നിലക്ക് ഒട്ടൊക്കെ ‘നിഷ്കളങ്കമായി’തന്നെ ഇത്തരം പല പ്രയോഗങ്ങളും നമ്മുടെ നിത്യവ്യവഹാരങ്ങളില്‍ കടന്നുവരാറുണ്ട്. ‘പാണ്ടിലുക്ക്’, ‘കൊറവന്‍ കൊല്ലത്ത് പോയ പോലെ’ തുടങ്ങി ഇപ്പോള്‍ വിവാദമായ ‘കറുത്ത് തടിച്ച് എരുമയെ പോലൊരു തമിഴത്തി’ വരെ ഇതിനുദാഹരണങ്ങളാണ്.

ഭാഷ ഒരു സാമൂഹ്യനിര്‍മിതിയാണ് എന്നതുകൊണ്ടുതന്നെ അതിന്റെ വ്യവഹാരങ്ങള്‍ക്ക് വലിയ വൈകാരികപ്രസക്തിയുണ്ട്. ഒരു സാംസ്കാരികപശ്ചാത്തലത്തില്‍ നിര്‍ദ്ദോഷമായി കാണപ്പെടുന്ന ഒരു വാക്കോ പ്രയോഗമോ മറ്റൊരിടത്ത് സ്ഫോടനാത്മകമായി മാറാം. പഴയ ഹര്‍ഭജന്‍ - സൈമണ്‍സ് വിവാദത്തില്‍ സംഭവിച്ചത് അത്തരമൊന്നാണ്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഹിന്ദിയില്‍ വിളിക്കാവുന്ന ഏറ്റവും വലിയ തെറിയായ ‘മാ കീ ചൂത്’ ആണ് ഹര്‍ഭജന്‍ സൈമണ്‍സിനെതിരെ കാച്ചിയത്. പുള്ളി കേട്ടതോ എല്ലാം കൂടെ ചേര്‍ത്ത് ‘മങ്കി’യെന്നും. ഏയ് നിന്റെ തള്ളയ്ക്കാ ഞാന്‍ വിളിച്ചത്, അല്ലാതെ കൊരങ്ങനെന്നൊന്നുമല്ല! ഇതൊരു തമാശയാവുന്നത് നമുക്കാണ്. നാഴികക്ക് നാല്പതുവട്ടം ‘ഫക്ക്’ പ്രയോഗിക്കുന്ന സായിപ്പിന് ‘മാ കീ ചൂത്’ ഒരു പ്രശ്നമല്ല, പാക്കിസ്ഥാനിക്ക് ‘ബഹന്‍ ചൂത്’എന്ന പോലെ. പക്ഷേ ‘മങ്കി’പ്രയോഗം ഓസ്ട്രേലിയന്‍ ആദിവാസിവംശജനായ സൈമണ്‍സിന് വംശീയാധിക്ഷേപമാണ്. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, ഭാഷ എന്നത് സാമൂഹ്യമായ ഒരു വിനിമയോപാധിയായിരിക്കെ നാം പറയുന്ന ഓരോ വാക്കിനെയും വാചകത്തെയും സംബന്ധിച്ചേടത്തോളം നാം എന്തുദ്ദേശിക്കുന്നു എന്നതുപോലെ, അല്ലെങ്കില്‍ അതിലുപരി പ്രസക്തമാണ് കേള്‍ക്കുന്നവര്‍ക്ക് അതെന്തായി അനുഭവപ്പെടുമെന്നത്. അത്തരമൊരു വീക്ഷണകോണില്‍നിന്നുകൂടി സ്വന്തം ഭാഷയെ നോക്കിക്കാണാന്‍ ഒരു സമൂഹജീവിയെന്ന നിലയില്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്.

വ്യത്യസ്ത വംശങ്ങളും ജാതി-മതങ്ങളും ലിംഗങ്ങളും ഉള്‍പ്പെടുന്ന ഒരു ബഹുസ്വരസമൂഹത്തില്‍ ജീവിക്കുന്ന ഒരാളിന്റെ ഭാഷ വംശ,ജാതി,മത,ലിംഗവിവേചനങ്ങളില്‍നിന്ന് സ്വതന്ത്രമായിരിക്കേണ്ടതുണ്ട്. ഇവിടെയാണ് നിര്‍ദ്ദോഷമായി പറഞ്ഞുപോയ ഒരു വാചകം എന്ന ആനുകൂല്യം തന്റെ ഭാഷയ്ക്കായി ആവശ്യപ്പെടുന്ന ഏതൊരാളും അവനവനോടുതന്നെ ചെയ്യുന്നത് അക്ഷന്തവ്യമായ ഉത്തരവാദിത്തമില്ലായ്മയാവുന്നത്. തന്റെ ഭാഷ തന്നില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. ആത്മഗതം, ആത്മഭാഷണം തുടങ്ങിയ ആഖ്യാനോപാധികളെ വിസ്മരിക്കാതെ തന്നെ പറയട്ടെ, അതിന്റെ പ്രസക്തി പൂര്‍ണ്ണമായും സാമൂഹികമാണ്. ആ നിലക്ക് വാവിട്ട വാക്കും കൈവിട്ട കല്ലും എന്ന പഴഞ്ചൊല്ല് താക്കീത് ചെയ്യും വിധമുള്ള അവധാനതയെങ്കിലും ഓരോരുത്തരും അവനവന്റെ ഭാഷയോട് പുലര്‍ത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ തന്റെ ഭാഷ പ്രതിനിധാനം ചെയ്യുന്ന അധികാരവ്യവസ്ഥക്കും രാഷ്ട്രീയത്തിനും ഒപ്പം നില്‍ക്കുന്നതാണ് തന്റെ സാംസ്കാരികമൂലധനമെന്ന് അവനോ അവള്‍ക്കോ സമ്മതിക്കേണ്ടിവരും. അല്ലെങ്കില്‍ ജയറാം ചെയ്തതുപോലെ ഒരു വാചകം ചെയ്ത കേടു മാറ്റാന്‍ മറ്റൊരു പത്രസമ്മേളനം തന്നെ നടത്തേണ്ടിവരും.

Monday, February 8, 2010

ഭൂതങ്ങള്‍ പാഡ് കെട്ടുമ്പോള്‍

പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തു കാര്യമെന്നു ചോദിക്കുന്നതുപോലെ ഐപി എല്‍ നടക്കുന്നിടത്ത് ശിവസേനക്കെന്ത് കാര്യമെന്ന് ചോദിച്ചുകളയരുത്. കളി നടക്കുന്നത് ഇന്ത്യയിലാണെങ്കില്‍ കളിക്കാരായോ കാണികളായോ ഇന്ത്യാക്കാരുണ്ടെങ്കില്‍ ശിവസേനക്കതില്‍ കാര്യമുണ്ട്. അത് പവാറിനറിയാം,ബി സി സി ഐക്കറിയാം, നമ്മുടെ കേന്ദ്രസര്‍ക്കാരിനുമറിയാം. അതുകൊണ്ടാണല്ലോ നിലവിലെ ഭക്ഷ്യവകുപ്പുമന്ത്രിയും കോണ്‍ഗ്രസ്സിലും എന്‍ സി പിയിലുമായി പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്പര്യമുള്ളയാളും, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കറുമൊക്കെയായ സാക്ഷാല്‍ ശരത്പവാര്‍ തന്നെ ശിവസൈന്യാധിപന്റെ കാലുപിടിക്കാന്‍ ബാന്ദ്രയിലെ ‘മാതോശ്രീ’യില്‍ എത്തിയത്.

ഇന്ത്യകാര്‍ക്കെതിരെയുള്ള ഒരധിക്ഷേപവും പൊറുക്കാനാവില്ലെന്നും കളിയല്ല, ഭാരതമാണ് തനിക്ക് മുഖ്യമെന്നും വാര്‍ദ്ധക്യത്തിലും ധാര്‍മികരോഷം കൊള്ളുന്ന ‘താക്കറെ പ്രഭുവിനെ’ ഒന്നു മയപ്പെടുത്താന്‍ പവാര്‍ ദൂതിന് കഴിഞ്ഞിട്ടുണ്ടെന്നു വേണം അനുമാനിക്കാന്‍. ഓരോ ടീമിലും എത്ര ഓസ്ട്രേലിയക്കാര്‍ വീതമുണ്ട്, അതിലോരോരുത്തരും എത്ര പേരുടെ ഗുണം ചെയ്യും എന്നതൊക്കെ ചേര്‍ത്ത് വിശദമായൊരു റിപ്പോര്‍ട്ടെഴുതിക്കൊടുത്താല്‍ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ അത് വായിച്ചിട്ട് ഓസ്ട്രേലിയക്കാരിവിടെ കളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അവസാനവാക്ക് പറയാമെന്ന് ബാല്‍താക്കറെ പറയുമ്പോള്‍ പവാര്‍ജിയുടെയും ബിസിസിഐയുടെയും ഐ പി എല്‍ കച്ചവടക്കാരുടെയുമൊക്കെ കണ്ണുകള്‍ പ്രതീക്ഷ കൊണ്ട് ഉരുണ്ടുതള്ളി ഫുട്ബാള്‍ പരുവമാ‍കുന്നു.

പറയുന്നതില്‍ കാര്യമുണ്ടെങ്കില്‍ ഏത് ശിവസേനക്കാരന്‍ പറയുന്നതും കേള്‍ക്കണമെന്നാണല്ലോ. ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടക്കുന്ന വംശീയാതിക്രമങ്ങള്‍ ഏതൊരിന്ത്യാക്കാരനെയും വ്യാകുലപ്പെടുത്തുംവിധം തുടര്‍ക്കഥയായിരിക്കുന്നു. പക്ഷേ ഇവിടെ വംശീയം എന്ന വാക്കാണ് പ്രശ്നം. ശിവസേനക്കാര്‍ അതെടുത്ത് പ്രയോഗിക്കുമ്പോള്‍ കേള്‍വിക്കാരനത് ഗാന്ധി പീസ് ഫൌണ്ടേഷന്‍കാരുടെ സിമ്പോസിയത്തില്‍ ഗോഡ്സെ പേപ്പറവതരിപ്പിക്കുമ്പോലെ തോന്നും. ആധുനിക മുംബൈയുടെ സൃഷ്ടിക്കുപിന്നില്‍ മദ്രാസിയുടെയും ഉത്തരേന്ത്യക്കാരന്റെയും ഉള്‍പ്പെടെ ഒരുപാടുപേരുടെ അധ്വാനമുണ്ടെന്നതുപോലും ഓര്‍ക്കാതെ മണ്ണിന്റെമക്കള്‍ വാദവുമായി കുന്തവും കുറുവടിയും കൊടുത്ത് ഭൂതഗണങ്ങളെ തെരുവിലേക്കിറക്കിവിട്ട അതേ ‘ദേശസ്നേഹി’ഫാമിലിതന്നെ കംഗാരുനാട്ടിലെ വംശീയപ്രശ്നങ്ങളെക്കുറിച്ച് വിലപിക്കണം! ഇന്ത്യാക്കാര്‍ക്കെതിരെയുള്ള ഒരധിക്ഷേപവും പൊറുക്കാനാവാത്ത മൂത്ത താക്കറെയുടെ കണക്കില്‍ ഇനി മറാഠികള്‍ മാത്രമാണാവോ ഇന്ത്യാക്കാര്‍? മൂന്നു താക്കറെമാരും തട്ടുകേടു വരുമ്പോഴൊക്കെ എടുത്തലക്കുന്ന മണ്ണിന്റെ മക്കള്‍ വാദത്തിനൊത്ത് മറാഠികള്‍ തുള്ളുന്നത് മനസ്സിലാക്കാം. പക്ഷേ ഇങ്ങ് കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലങ്ങോളമിങ്ങോളം ശിവസേനയെന്നും പറഞ്ഞ് കുറിയും തൊട്ട് നെഞ്ചും വിരിച്ച് നടക്കാന്‍ ചെറുപ്പക്കാരുണ്ടെന്നതാണതിശയം.

വെടിവയ്പും ബോംബുസ്ഫോടനവുമൊക്കെയായി നാട്ടിലാരും തിരിഞ്ഞുനോക്കാത്ത അവസ്ഥയില്‍ പാഡും ഗ്ലൌസുമൊക്കെ അഴിച്ചുവെച്ച് സുഖമായുറങ്ങുകയായിരുന്ന പാക്കിസ്ഥാനി കളിക്കാരെ വിളിച്ചുണര്‍ത്തി ഇവിടെ കൊണ്ടുവന്ന് ലേലംതീരുംവരെ നിര്‍ത്തിയിട്ട് ഒടുവില്‍ അത്താഴമില്ലെന്ന് പറഞ്ഞ ഐപിഎല്‍ നടപടി ശരിയായില്ലെന്ന് പ്രസ്താവിച്ച ഷാരൂഖ് ഖാനാണ് താക്കറെ ത്രയത്തെ അടുത്തിടെ ചൊടിപ്പിച്ച മറ്റൊരാള്‍. സംഗതി ന്യായമായാലും അന്യായമായാലും പാക്കിസ്ഥാനെ അനുകൂലിച്ച് ഒരു വാക്കുരിയാടുന്നത് ദേശാഭിമാനികള്‍ക്ക് ചേര്‍ന്നതല്ല എന്ന് ശഠിക്കുന്ന ത്രിമൂര്‍ത്തികള്‍ക്കും ഭൂതഗണങ്ങള്‍ക്കും വിറളി പിടിച്ചത് സ്വാഭാവികം. പ്രത്യേകിച്ച് പറഞ്ഞത് ഒരു മുസല്‍മാന്‍ കൂടിയാവുമ്പോള്‍. ഉടന്‍ വന്നു കിംഗ്ഖാനെ തേടി രാജ്യദ്രോഹി പട്ടം. തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഷാരൂഖ് ആവര്‍ത്തിച്ചിട്ടും ‘മൈ നെയിം ഈസ് ഖാന്റ്റെ’ പ്രദര്‍ശനം തടയുന്നതില്‍നിന്ന് പക്ഷേ സേന പിന്മാറി. ഇറ്റലിക്കാരിയുടെയും യുവരാജാവിന്റെയും ബലത്തില്‍ നീ സിനിമ കാണിച്ചോ, ഒന്നുമില്ലാത്ത കാര്യത്തിന് ഭൂതഗണങ്ങള്‍ എന്തിന് ചോര ചിന്തണം, ജയിലില്‍ കിടക്കണം എന്നൊക്കെ പറഞ്ഞുകൊണ്ടാണ് പിന്മാറ്റമെങ്കിലും ‘പല്ലിന്‍ശൌര്യം പണ്ടേപോലെ’ ഫലിക്കാത്തതാണെന്നും, അല്ല പണത്തിന് മീതെ സേനയും പറക്കാത്തതാണെന്നും ഒക്കെ കേള്‍ക്കുന്നുണ്ട് ചില അടുക്കളവര്‍ത്തമാനങ്ങള്‍.

കാര്യങ്ങളെന്തുതന്നെയായാലും ഇന്ത്യയിലെന്നു മാത്രമല്ല, ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം കാണാനാഗ്രഹിക്കുന്ന ഒരു ഇന്ത്യാ-പാക് പരമ്പരയോ ഇന്ത്യ-ഓസീസ് പരമ്പരയോ നമ്മുടെ മണ്ണില്‍ വെച്ച് നടക്കണമെങ്കില്‍ ശിവന്‍ കോവിലായ ശിവന്‍ കോവില്‍ മുഴുവന്‍ കയറിയിറങ്ങി ഭൂതഗണങ്ങളെ പ്രീതിപ്പെടുത്താനായി നേര്‍ച്ചയിട്ട് നോമ്പ് നോല്‍ക്കേണ്ടിവരും നമ്മള്‍. ശംഭോ മഹാദേവ!!!