Sunday, November 22, 2009

റിവേഴ്സ് ഗിയർ

മലയാളി അവന്റെ ചരിത്രത്തിലൂടെ പിന്നോട്ട്‌ നടക്കുകയാണ്‌. എണ്‍പതുകള്‍ വരെ മന്ദഗതിയിലായിരുന്ന ഈ അധോഗമനം തൊണ്ണൂറുകളോടെ ഗതിവേഗമാര്‍ജ്ജിച്ച് സമൂഹത്തിന്റെ എല്ലാ തുറകളിലും പ്രതിഫലിക്കുംവിധം പ്രകടമായിക്കൊണ്ടിരിക്കുകയാണ്. പരോക്ഷമായെങ്കിലും ഉത്തരാധുനിക സിദ്ധാന്തങ്ങള്‍ ഇതിനൊരു ദാര്‍ശനിക വ്യാഖ്യാനം ഉണ്ടാക്കുകയും ആശങ്കപ്പെടാനൊന്നുമില്ലാത്തവണ്ണം സ്വാഭാവികമാണ്‌ ഈ പരിണിതി എന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്തു.

നാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍,അയ്യങ്കാളി തുടങ്ങിയ നിരവധി സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ മുന്‍ നിരയില്‍നിന്നു നയിച്ച സാംസ്കാരിക നവോത്ഥാനത്തില്‍നിന്ന്‌ മൂല്യങ്ങളാര്‍ജ്ജിച്ചുകൊണ്ടാണ്‌ കേരളത്തില്‍ ആധുനികത രൂപപ്പെടുന്നത്‌. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുണ്ടായ ഇടത്‌-പുരോഗമനപ്രസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മ അതിന്‌ രാഷ്‌ട്രീയവും സാംസ്കാരികവുമായ ഒരു ദിശാബോധം നല്‍കി. കോണ്‍ഗ്രസ്സ്‌, കമ്മ്യൂണിസ്റ്റ്‌ എന്നിങ്ങനെയുള്ള വിഭജനങ്ങള്‍ക്കപ്പുറം അന്ന്‌ വിവിധ രാഷ്‌ട്രീയ വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവര്‍ക്കിടയിലും പൊതുവായൊരു പുരോഗമനോന്‍മുഖത ദൃശ്യമായിരുന്നു. പ്രതീക്ഷാനിര്‍ഭരരും കര്‍മോന്‍മുഖരുമായിരുന്ന യുവാക്കളുടെ പുതിയ തലമുറ യാഥാസ്ഥിതിക മൂല്യങ്ങളെയൊക്കെ ചോദ്യം ചെയ്തു. രാഷ്‌ട്രീയവും സാംസ്കാരികവുമായ പുത്തന്‍ ബോധ്യങ്ങളുടെ പരിശീലനക്കളരിയെന്ന നിലയില്‍ സജീവമായി ക്യാമ്പസ്സുകൾ.
ശാസ്ത്രബോധവും യുക്തിചിന്തയും പ്രബലമായിരുന്ന ആ കാലഘട്ടത്തില്‍ പോലും മലയാളിസമൂഹം നാസ്തികമൊന്നുമായിരുന്നില്ല. പക്ഷേ അന്ന്‌ നമ്മള്‍ പ്രാമുഖ്യം കല്‍പിച്ചിരുന്നത്‌ മതങ്ങളുടെ പുറംചട്ടയായ ആചാരാനുഷ്ഠാനങ്ങള്‍ക്കുപരിയായി അവ മുന്നൊട്ട്‌ വെക്കുന്ന മൂല്യങ്ങളുടെ പൊതുവായ സ്വീകാര്യതയ്ക്കായിരുന്നു. വിശ്വാസിസമൂഹമായിരിക്കുമ്പോഴും മതചിഹ്നങ്ങള്‍ പരസ്പരം വേര്‍തിരിക്കുന്ന മതിലുകളായി മുഖ്യധാരയിലേക്ക്‌ അന്ന് ഉയര്‍ന്നുവരാതിരുന്നതും, മത സാമുദായിക സംഘടനകള്‍ക്ക് പൊതുസമൂഹത്തില്‍ ഇന്നുള്ളതുപോലെ സ്വീകാര്യത ലഭിക്കാതിരുന്നതും അതുകൊണ്ടായിരുന്നു.

മതങ്ങളിലെ സനാതനമായ അംശം അവ മുന്നോട്ട്‌ വെക്കുന്ന മൂല്യവ്യവസ്ഥയാണ്‌. ആചാരാനുഷ്ഠാനങ്ങളാവട്ടെ, കാലികവും, അധികാരം, രാഷ്‌ട്രീയം തുടങ്ങിയ പല ഘടകങ്ങളുമായി ബന്ധപ്പെട്ട്‌ നിലനില്‍ക്കുന്നവയുമാണ്‌. വിശ്വാസിസമൂഹങ്ങള്‍ക്കൊക്കെ അതുകൊണ്ട്‌ തന്നെ ഇവയെ കാലികമായി പരിഷ്കരിക്കുകയോ കാലഹരണപ്പെട്ടതായി ബോധ്യപ്പെട്ടവയെ തിരസ്കരിക്കുകയോ ചെയ്യേണ്ടിവരും. പക്ഷേ കേന്ദ്രീകൃതങ്ങളായ മതസ്ഥാപനങ്ങള്‍ക്ക്‌ ഇത്തരമൊരു സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കാനാവുമായിരുന്നില്ല. തങ്ങളുടെ മതങ്ങള്‍ അന്യൂനങ്ങളാണെന്നും അവയ്ക്കുള്ളില്‍തന്നെ ആദര്‍ശപരമായൊരു രാഷ്‌ട്രീയം നിലനില്‍ക്കുന്നുണ്ടെന്നും ഒരു മതരാഷ്‌ട്രത്തിന്റെ നിര്‍മിതിയിലൂടെ മാത്രമേ ആ ആദര്‍ശരാഷ്ട്രീയത്തെ സാക്ഷാത്കരിക്കനാവുകയുള്ളൂ എന്നുമുള്ള വാദങ്ങളിലൂടെ വ്യത്യസ്തമതങ്ങള്‍ പങ്കുവെക്കുന്ന മൂല്യങ്ങളുടെ തലത്തെ തമസ്കരിക്കാനും ആചാരാനുഷ്ഠാനങ്ങളില്‍ കേന്ദ്രീകരിച്ചുകൊണ്ട്‌ അവയ്ക്കിടയിലെ വൈജാത്യങ്ങളെ പെരുപ്പിച്ച്‌ കാട്ടാനും അവര്‍ ശ്രമിക്കുന്നത് അതുകൊണ്ടാണ്‌. നമ്മുടേതുപോലുള്ള ഒരു ബഹുസ്വരസമൂഹത്തെ സംബന്ധിച്ചേടത്തോളം ഇത്തരം വാദങ്ങളുടെ പ്രചാരം ആത്മഹത്യാപരമാണെന്നതിന്‌ ഏറെ വിശദീകരണം വേണമെന്നു തോന്നുന്നില്ല.

കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രം ലോകത്തെമ്പാടും അനുഭാവികളെ സൃഷ്ടിച്ചുവെങ്കില്‍ കമ്യൂണിസ്റ്റ്‌ ഭരണകൂടങ്ങള്‍ വിരുദ്ധരെയും സൃഷ്ടിച്ചു. വികാസപ്രക്രിയകളിലൂടെ സചേതനമായിരിക്കേണ്ടതെന്ന്‌ മാര്‍ക്സ്‌ വിഭാവനം ചെയ്ത പ്രത്യയശാസ്ത്രം കെട്ടിക്കിടക്കാന്‍ തുടങ്ങി. കമ്യൂണിസ്റ്റ്‌ ഭരണകൂടങ്ങള്‍ ഒന്നൊന്നായി തകര്‍ന്നു വീഴുകയോ വലതുവല്‍ക്കരിക്കപ്പെടുകയോ ചെയ്യുന്നത്‌ കൂടി കണ്ടുകൊണ്ടായിരുന്നു ആധുനികതയുടെ അന്ത്യം. എന്നാല്‍ ലോകം ഇന്നുവരെ കണ്ടവയില്‍ വെച്ച്‌ ഏറ്റവും കൂടുതല്‍ മനുഷ്യപക്ഷം ചേര്‍ന്നു നില്‍ക്കുന്ന ഒന്ന്‌ എന്ന നിലയില്‍ കമ്മ്യൂണിസത്തിന്റെ തുടര്‍ന്നുള്ള വികാസം കാലത്തിന്റെ ആവശ്യമായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, ഉത്തരാധുനിക ദാര്‍ശനികര്‍ പ്രത്യയശാസ്ത്രത്തെ ഒട്ടാകെ നിരാകരിച്ചു. ഈ നിരാസം സമൂഹത്തില്‍ പ്രതിഫലിച്ചത്‌ പടര്‍ന്നുപിടിക്കുന്ന അരാഷ്ട്രീയതയായിട്ടായിരുന്നു. കൂട്ടായ്മയുടെ തണലുകളൊക്കെ നഷ്ടപ്പെട്ട്‌ കമ്പോളത്തിന്റെ നിഷ്ഠൂരമായ മത്സരക്രമങ്ങളിലേക്ക്‌ ഇറക്കിവിടപ്പെട്ടവനായി ഉത്തരാധുനിക മനുഷ്യന്‍. സുഹൃത്തുക്കളോടും സഹോദരങ്ങളോട്‌ പോലും മത്സരിക്കാതെ നിലനില്‍പില്ല എന്ന ബോധ്യത്തിലേക്ക്‌ അവന്റെ സൂക്ഷ്മസ്വത്വം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. പിടിക്കാനൊരു തോളോ ചാരാനൊരു മുതുകോ ഇല്ലാതെ അണുകുടുംബങ്ങളില്‍ക്കിടന്ന്‌ വീര്‍പ്പുമുട്ടിയ അവന്റെ അരക്ഷിതത്വബോധം തുറന്നിട്ട ഇടത്തിലേക്കാണ് ഉച്ചാടനം ചെയ്യപ്പെട്ടവരെന്ന്‌ നാം വിശ്വസിച്ചിരുന്ന ആള്‍ ദൈവങ്ങളും മന്ത്രവാദികളും ഉൾ‍പ്പെടെയുള്ള സാമൂഹ്യതിന്‍മകള്‍ തിരികെ കയറിപ്പറ്റിയത്‌. ഇവരെയും ഉപകരണമാക്കാം എന്നതുകൊണ്ട്‌ തന്നെ ആധുനിക മതങ്ങള്‍പോലും ഇത് പ്രോത്സാഹിപ്പിക്കുകയോ ചുരുങ്ങിയ പക്ഷം വളരാനനുവദിച്ചുകൊണ്ട്‌ കണ്ടില്ലെന്നു നടിക്കുകയോ ചെയ്തു.അങ്ങനെയാണ്‌ നമ്മുടെ സമൂഹത്തില്‍ അമൃതാനന്ദമയിമാരും ധ്യാനകേന്ദ്രങ്ങളും തങ്ങള്‍മാരുമൊക്കെ സ്വയം പ്രഖ്യാപിത ആത്മീയകേന്ദ്രങ്ങളായി മാറിയത്‌.

ബൃഹതാഖ്യാനത്തിന്റെ നിരാസമെന്ന ഉത്തരാധുനിക ആശയത്തിന്റെ പ്രത്യയശാസ്ത്രതലത്തിലുള്ള ഉപോല്‍പന്നമാണ്‌ സ്വത്വരാഷ്ട്രീയം. സമഗ്രമായ കാഴ്ചപ്പാടുകളില്ലാതെ കേവലം പ്രശ്നാധിഷ്ഠിതം മാത്രമായി ഉയര്‍ന്നുവരുന്ന സമരങ്ങള്‍ അവയുണ്ടാക്കുന്ന തത്വദീക്ഷയില്ലാത്ത കൂട്ടുകെട്ടുകള്‍ ഒക്കെ ഇതിന്റെ ഭാഗമാണ്‌. ദളിത്‌, സ്ത്രീപക്ഷ,പാരിസ്ഥിതിക,നവസാമ്പത്തിക പ്രസ്ഥാനങ്ങള്‍ക്കൊക്കെ മുന്നോട്ട്‌ വെക്കുവാന്‍ തനത്‌ സവിശേഷതകളുള്ള സജീവപരിഗണനയര്‍ഹിക്കുന്ന പ്രശ്നങ്ങളുണ്ടെങ്കിലും അവയൊക്കെ സമഗ്രമായ മാനവികതയുടെ വിശാലമായ ഒരിടത്തുവെച്ച്‌ ഏകോപിപ്പിക്കപ്പെടേണ്ടതുണ്ട്‌. ഇവിടെയാണ്‌ പ്രത്യയശാസ്ത്രത്തിന്റെ പ്രസക്തി. അതിന്റെ നിരാസത്തിലൂടെ നാം ഒരുക്കുന്നത് ആഗോള മൂലധനതാല്‍പര്യങ്ങള്‍ക്ക്‌ എളുപ്പത്തില്‍ ഒളിച്ചുകയറാനും ഇത്തരം പ്രസ്ഥാനങ്ങളെ മുഴുവനായും ഹൈജാക്ക്‌ ചെയ്യാനുമുള്ള അവസരമാണ്‌. ഇതിനുള്ള തെളിവുകള്‍ നവസാമൂഹ്യപ്രസ്ഥാനങ്ങളുടെ വര്‍ത്തമാനചരിത്രത്തില്‍നിന്നു തന്നെ കണ്ടെടുക്കാവുന്നതാണ്.

സോഷ്യോപൊളിറ്റിക്കലായ ഒരു വീക്ഷണകോണില്‍നിന്നും ഇത്തരം പ്രശ്നങ്ങളെ സമീപിക്കുകയും അവയുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌ നിരന്തരജാഗ്രത പുലര്‍ത്തുന്നതുമായ ഒരു സാംസ്കാരിക മണ്ഡലം വര്‍ത്തമാനസമൂഹത്തിന്റെ അടിയന്തിരാവശ്യമാണ്‌. പ്രതിഭയുടെ സ്പര്‍ശം കൊണ്ട് സൂക്ഷ്മാഖ്യാനങ്ങളെ സമഗ്രമായ ഒരു സാര്‍വജനീനതയിലേക്ക് ഉയര്‍ത്താനായ ചില എഴുത്തുകാരും രചനകളും ഉണ്ടായിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ നമ്മുടെ ചിന്താലോകത്തിന്‌ അത്തരമൊരു പൊതുപരിപ്രേക്ഷ്യം നഷ്ടമായിരിക്കുന്നു. സാംസ്കാരികരംഗത്ത് ഈ ദിശയിലുള്ള ഇടപെടലുകള്‍ ഏതാനും ചിലരിലേക്ക് ഒതുങ്ങിയിരിക്കുന്നു. ഇത്തരം വ്യക്തികളും ഈയൊരു പരിപ്രേക്ഷ്യം തന്നെയും പഴഞ്ചനായി പരിഹസിക്കപ്പെടുന്നു. ഈ സാംസ്കാരികപരിസരത്തിലെക്കാണ് നാമൊരു റിവേഴ്സ്‌ ഗിയറിലാണെന്ന്‌ തിരിച്ചറിഞ്ഞുകൊണ്ട്‌ തന്നെ നമുക്ക് ഇടപെടേണ്ടതുള്ളത്. അത്തരം ശ്രമങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായി സമര്‍പ്പിക്കുന്നു, ഈ ബ്ളോഗ്‌.

2 comments:

secular politics said...

Delete Comment From: REVERSE GEAR

Blogger secular politics said...

മലയാളി അവന്റെ ചരിത്രത്തിലൂടെ പിന്നോട്ട്‌ നടക്കുകയാണ്‌. എണ്‍പതുകള്‍ വരെ മന്ദഗതിയിലായിരുന്ന ഈ അധോഗമനം തൊണ്ണൂറുകളോടെ ഗതിവേഗമാര്‍ജ്ജിച്ച് സമൂഹത്തിന്റെ എല്ലാ തുറകളിലും പ്രതിഫലിക്കുംവിധം പ്രകടമായിക്കൊണ്ടിരിക്കുകയാണ്. പരോക്ഷമായെങ്കിലും ഉത്തരാധുനിക സിദ്ധാന്തങ്ങള്‍ ഇതിനൊരു ദാര്‍ശനിക വ്യാഖ്യാനം ഉണ്ടാക്കുകയും ആശങ്കപ്പെടാനൊന്നുമില്ലാത്തവണ്ണം സ്വാഭാവികമാണ്‌ ഈ പരിണിതി എന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്തു. ഈ ഒരു അന്തരീക്ഷത്തിൽ നിന്നുകൊണ്ട് കേരളീയ രാഷ്‌ട്രീയ സാമുദായിക പശ്ച്ചാത്തലത്തെ ഒരു പുനർവായനക്ക് ക്ഷണിക്കുകയാണ് റിവേഴ്സ് ഗീർ.

മനോഹര്‍ മാണിക്കത്ത് said...

വിജയി എല്ലായ്പ്പോഴും ചരിത്രമെഴുതുന്നു.
വെടിയുണ്ടക്കിടയില്‍ അകപ്പെട്ട ജനതയുടെ പങ്കും
അവരുടെ ദയനീയാവസ്ഥയും രേഖപ്പെടുത്തുവാന്‍
ചരിത്രകാരന്‍ വളരെക്കഴിഞ്ഞേ എത്താറുള്ളൂ.
ഒരു ജനതയും അവന്റെ ചരിത്രത്തിലൂടെ
പിന്നോട്ട്‌ നടക്കാതിരുക്കാന്‍ നമുക്ക് കൂട്ടമായ് ശ്രമിക്കാം
ഇത് അതിന് ഒരു തുടക്ക മാകട്ടെ
ശക്തമായ ചര്‍ച്ചകള്‍ ഇവിടെ ഉണ്ടാകട്ടേ....