Friday, December 11, 2009

മതാഭിമാനത്തിന്റെ പ്രച്ഛന്നവേഷങ്ങള്‍

മലയാളിയുടെ സമൂഹമനസ്സിലാകെ മുസ്ലിംനാമധാരികള്‍ ഭീകരരൂപമാര്‍ജ്ജിച്ചതിന് ജി പി രാമചന്ദ്രന്‍ തന്റെ "ലേഖനത്തില്‍"സൂചിപ്പിച്ചതുപോലെ സുദീര്‍ഘമായ ഒരു ചരിത്രം തന്നെയുണ്ട്. ഒരു മതേതരവാദിയായിരിക്കുകയെന്നത് ഒരു സമൂഹത്തിലും ആര്‍ക്കും എളുപ്പത്തില്‍ ആര്‍ജ്ജിക്കാവുന്ന ഒരു ഗുണമല്ല. സ്ത്രീവാദവും ദളിതവാദവുമുള്‍പ്പെടെയുള്ള മാനവികതയുടെ ഉത്തരാധുനികപരിപ്രേക്ഷ്യങ്ങള്‍ സ്വന്തം കാഴ്ചയിലേക്കും ചിന്തയിലേക്കും ആവാഹിക്കുവാന്‍ ഓരോ മനുഷ്യനും നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. ഇതിലുണ്ടാവുന്ന നേരിയ ഉദാസീനതകള്‍ പോലും നമ്മെ യാഥാസ്ഥിതികതയുടെ പിന്തിരിപ്പന്‍ ധാരകളിലേക്ക് പിടിച്ചുതള്ളിയേക്കാം. പരോക്ഷമായി സംഭവിക്കുന്ന ഇത്തരം അധപതനങ്ങള്‍ നമ്മള്‍ തിരിച്ചറിയുന്നതിനു മുന്‍പെ നമ്മളുള്‍പ്പെടെയുള്ള ഒരു ബഹുസ്വരസമൂഹത്തിന്റെ വിധിയെത്തന്നെ മാറ്റിമറിച്ചേക്കാം. മനസ്സിലാക്കിയാലും ഇല്ലെങ്കിലും ലൌജിഹാദ് വിവാദം നമ്മുടെ സമൂഹത്തില്‍ നടത്തുന്നത് അത്തരമൊരു ഇടപെടലാണ്.

2005ന് ശേഷമുള്ള നാലുവര്‍ഷത്തിനിടയില്‍ നാലായിരത്തോളം നിര്‍ബന്ധിതമതപരിവര്‍ത്തനങ്ങള്‍ പ്രണയസംബന്ധിയായി നടന്നിട്ടുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ടെന്ന് ഇക്കഴിഞ്ഞ ദിവസം കോടതി വെളിപ്പെടുത്തുകയുണ്ടായി. അങ്ങനെയെങ്കില്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും ഉന്നയിക്കാവുന്ന ഒരു സംശയം പ്രഥമദൃഷ്ട്യാതന്നെ പൌരാവകാശ ലംഘനമായി വെളിപ്പെടാവുന്ന അത്തരം കുറ്റകൃങ്ങള്‍ എന്തുകൊണ്ട് കേസായി രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല എന്നതാണ്. ഇനി അഥവാ അങ്ങനെ ധാരാളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ 2009ന് മുന്‍പുതന്നെ ഇതില്‍ തുടരന്വേഷണവും തീര്‍പ്പും ഉണ്ടാവേണ്ട്തായിരുന്നില്ലേ? കഴിഞ്ഞ ഏ താനും മാസങ്ങള്‍ക്ക് മുന്‍പ് വരെ ഇത്തരം ചര്‍ച്ചകള്‍ ഒരു മാധ്യമത്തിലും പ്രത്യക്ഷപ്പെടാതിരുന്നതെന്ത്?

3000നും 4000നും ഇടയില്‍ നിരബന്ധിതമതപരിവര്‍ത്തനങ്ങള്‍ നടന്നു എന്ന് ഉത്തരവാദപ്പെട്ട ഒരു പോലീസ്മേധാവി തന്റെ റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്ത അതേ മാധ്യമങ്ങള്‍ ഇവയില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് പരാതികളായി രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്നും പറയുന്നു. അപ്പോള്‍ ബാക്കി ആയിരക്കണക്കിന് കേസുകളോ? ഇതില്‍നിന്നൊക്കെ നമുക്ക് പരമാവധി ഊഹിച്ചെടുക്കാവുന്നത് ഇക്കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ നാലായിരത്തോളം ഹിന്ദു-കൃസ്ത്യന്‍ യുവതികള്‍ വിവാഹത്തോടനുബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കാം എന്നു മാത്രമാണ്. അത്തരം കേസുകളൊക്കെ കുറ്റകൃത്യങ്ങളാണെന്നു വന്നാല്‍ മിശ്രവിവാഹവും മതം മാറ്റവുമൊക്കെ ഒപ്പം കുറ്റങ്ങളാവുന്നു. സ്നേഹിച്ച പുരുഷനോ സ്ത്രീക്കോവേണ്ടി സ്വമേധയാ തന്റെ മതം ഉപേക്ഷിക്കാന്‍ ഒരു വ്യക്തിയെടുക്കുന്ന തീരുമാനം അയാളുടെ പൌരാവകാശങ്ങളുടെ പരിധി കടന്ന് സാമൂഹ്യമായ ഒരു കുറ്റമായി തീരുന്നു. മതപരമായ മിഥ്യാഭിമാനങ്ങള്‍ വെച്ച് പുലര്‍ത്തുന്ന മൌലികവാദികള്‍ക്കല്ലാതെ ആര്‍ക്കാണിത് ഒരു ഭീഷണിയായും ക്രമസമാധാനപ്രശ്നമായും കാണാനാവുക?

കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കില്‍കൂടി ഹിന്ദുമുസ്ലിം പ്രണയങ്ങളിലൂടെ ഇസ്ലാമില്‍നിന്ന് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരെയും നമ്മുടെ ചുറ്റുവട്ടത്ത് നിന്നു തന്നെ ധാരാളമായി എണ്ണിയെടുക്കാവുന്നതാണ്. അവയെയൊക്കെയപ്പോള്‍ എന്ത് ജിഹാദായി എണ്ണണം?

ഒരു മനുഷ്യന്റെ പൌരാവകാശത്തിനുമേലുള്ള കടന്നുകയറ്റമെന്ന നിലയില്‍ നിര്‍ബന്ധിതമതപരിവര്‍ത്തനം നമ്മുടെ ഭരണഘടനാപ്രകാരം ഇപ്പോള്‍തന്നെ ഒരു കുറ്റകൃത്യമാണെന്നിരിക്കെ ഇതിനെ തടയാന്‍ പുതിയ നിയമം വേണമെന്ന വാദം ഏതു ദിശയിലേക്കാണ് സഞ്ചരിക്കുന്നത്? നിര്‍ബന്ധിതമതം മാറ്റം നിലവില്‍ നിയമാനുസൃതമാണോ? അങ്ങനെയാണെങ്കില്‍ നമ്മുടെ ഭരണഘടന നമുക്ക് ആവര്‍ത്തിച്ചുറപ്പുനല്‍കുന്ന മനുഷ്യാവകാശങ്ങള്‍ക്ക് എന്ത് വിലയാണുള്ളത്? അല്ലെങ്കില്‍ പിന്നെ നിര്‍ബന്ധിതമതപരിവര്‍ത്തനത്തിനെതിരെ നിര്‍മ്മിക്കപ്പെടേണ്ടതുണ്ടെന്ന് പറയപ്പെടുന്ന ഈ അധികനിയമം ഗുജറാത്തിലെയും മറ്റും പോലെ ഫലത്തില്‍ മതമ്മാറ്റത്തിനെതിരെയുള്ളൊരു നിയമം തന്നെയായിത്തീരില്ലേ?

ലൌ ജിഹാദ്, റോമിയൊ ജിഹാദ് തുടങ്ങിയ പേരുകളില്‍ ഒരു സംഘടനയും നിലനില്‍ക്കുന്നില്ലെന്ന് ഒരിടത്ത് ഉറപ്പ് നല്‍കുകയും മറ്റൊരിടത്ത് നിര്‍ബന്ധിതമതപരിവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് സൂചിപ്പിക്കുകയും ചെയ്യുന്ന അന്വേഷണ ഏജന്‍സികള്‍ യഥാര്‍ത്ഥത്തില്‍ സൃഷ്ടിക്കുന്നത് ആഴമുള്ള ആശയക്കുഴപ്പങ്ങളാണ്. സതിയും സാവിത്രിയും ഫാത്തിമയും ജമീലയുമായി മാറുന്നതില്‍, കുങ്കുമക്കുറി വിളങ്ങേണ്ട അവരുടെ നെറ്റികള്‍ തട്ടമിട്ട് മറയ്ക്കപ്പെടുന്നതില്‍ വേദനിക്കുകയും ആശങ്കപ്പെടുകയും ചെയ്യുന്ന മതാഭിമാനത്തിന്റെ അളവ് ഏറുന്നതിനനുസരിച്ച് അതൊരു ക്രമസമാധാനപ്രശ്നമായി മാറിയേക്കാം. പക്ഷേ അതിന് ഒത്താശചെയ്യുംവണ്ണം നിയമനിര്‍മാണം തന്നെ വേണമെന്ന ശാഠ്യങ്ങള്‍ക്ക് പിന്നിലുള്ളത് ഹിന്ദുത്വാജണ്ടകള്‍ക്ക് വശപ്പെട്ട മനസ്സ് തന്നെയാണ്. നാളെ പരിസരത്തെ പള്ളിയില്‍ നിന്നുയരുന്ന ബാങ്ക് വിളിയും പെന്തക്കോസ്ത്കാരന്റെ മുട്ടിപ്രാര്‍ത്ഥനയും ഒക്കെ ഇത്തരം ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കിയാല്‍ അവിടെയും നിയമം മേല്പറഞ്ഞതരത്തില്‍ ഇടപെടുമോ?

നിര്‍ബന്ധിതമതപരിവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ അത് കുറ്റകരമാണ് എന്ന നേര്‍ബുദ്ധി കൊണ്ട് വിശകലനം ചെയ്യാനാവുന്നതിലും വലിയ അജണ്ടകള്‍ ഇത്തരം വിവാദങ്ങള്‍ക്ക് പിന്നിലുണ്ട്. അവയുടെ പ്രവര്‍ത്തനപദ്ധതികള്‍ സങ്കീര്‍ണ്ണവും പരോക്ഷവുമാണ്. അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ബാധ്യതയുള്ള പോലീസിന്റെയും കോടതിയുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും അതിനോടുള്ള നിലപാടുകളും നിലപാടില്ലായ്മയും അശുഭകരങ്ങളായ എന്തിനെയൊക്കെയോ സൂചിപ്പിക്കുന്നില്ലേ?

25 comments:

ഉറുമ്പ്‌ /ANT said...

എന്തു മാനദണ്ഡത്തിലാണ് ഇത്രയധികം നിർബന്ധിത മതപരിവർത്തനം നടന്നതെന്ന് ഇവർ വ്യക്തമാക്കേണ്ടതാണ്.
ഒരു ഹിന്ദു മുസ്ലീമിനെയോ തിരിച്ചോ വിവാഹം ചെയ്യുകയും അവരുടേതു മാത്രമായ കാരണങ്ങളാൽ മത പരിവർത്തനം നടത്തുകയും ചെയ്താൽ അതിനെയും നിർബന്ധിത മതപരിവർത്തനമാണെന്നു പറയും ഇവർ. അതിനു ചൂട്ടുപിടിക്കാൻ കോടതികളും..കഷ്ടം.

chithrakaran:ചിത്രകാരന്‍ said...

ഇതിന്റെ കണക്കുകള്‍ കിട്ടാന്‍ വഴിയുണ്ടോ എന്നാണ് ആദ്യം അന്വേഷിക്കേണ്ടത്. വിവാഹമാകുംബോള്‍ നിര്‍ബന്ധിത പരിവര്‍ത്തനത്തിന്റെ നിയമക്കുരുക്കില്‍ നിന്നും രക്ഷപ്പടാം എന്നത് ആര്‍ക്കാണറിയാത്തത്? സ്വന്തം മക്കളുടെ സമാധാനമോര്‍ത്ത് പ്രശ്നം കേസാക്കാതെ ഒരു ദുര്‍വിധിയെന്ന് സമാധാനിക്കുകയാണ് പതിവ്. ഇസ്ലാം മതാനുയായികള്‍ പന്നി പെറുന്നതുപോലെ പെറ്റുകൂട്ടണമെന്ന് മത നിര്‍ദ്ദേശങ്ങളുണ്ടായിരുന്നു.അതിനും നിര്‍ദ്ദേശിച്ചവരെക്കുറിച്ചുള്ള തെളിവൊന്നും ലഭിക്കണമെന്നില്ല.പക്ഷേ ഒരോ വീട്ടിലും കുറഞ്ഞത് അര ഡസന്‍ കുട്ടികളെങ്കിലും ഉണ്ടെന്ന് കാണാവുന്നതാണ്. പ്രത്യേകിച്ച് ജമാ അത്തെ ഇസ്ലാമി,എന്‍.ഡി.എഫ്.അനുഭാവമുള്ളവരുടെ വീടുകളില്‍.
മതം ഇത്തരം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുംബ് അതിനെ രാഷ്ട്രീയമായി നേരിടുകതന്നെയാണ് വേണ്ടത്. അതില്‍ പ്രീണനവുമായി പുറകെ നടക്കുന്നത് ബുദ്ധിശൂന്യതയാണെന്ന് തിരിച്ചറിയാന്‍ 10 വര്‍ഷമെങ്കിലും സമയമെടുക്കും.

Anonymous said...

അധാര്‍മ്മികമായി മതം മാറ്റല്‍ നടക്കുന്ന രാജ്യത്ത് അതിനെതിരെ കോടതി വിധിച്ചാലും ചീത്ത പറയണം. അത് തന്നെ അല്ലെ സെക്കുലറിസം!! മതം മാറ്റിക്കാന്‍ ഇനി സെക്കുലര്‍-കാര്‍ തെരുവിലും കൂടി ഇറങ്ങട്ടെ..

secular politics said...

ചിത്രകാരന്‍,
ലേഖനം ഉന്നയിക്കുന്ന പ്രശ്നവും കണക്കുകളുടേത് തന്നെയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകരമാണെന്നിരിക്കെ 3000 - 4000 നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത്രത്തോളം, അല്ലെങ്കില്‍ അതിന്റെ പകുതി, പോട്ടെ നാലിലൊന്ന് കേസുകളെങ്കിലും രജിസ്റ്റര്‍ ചെയ്യപ്പെടണം. അതുണ്ടാവാത്ത സ്ഥിതിക്ക് ഇസ്ലാം മതത്തിലേക്ക് വിവാഹം മുഖേന പരിവര്‍ത്തനം ചെയ്യപ്പെട്ടവരൊക്കെ അവരുടെ ഇംഗിതങ്ങള്‍ക്ക് വിരുദ്ധമായാണ് അത് ചെയ്തതെന്ന് പോലീസ് അനുമാനിക്കുകയാണ്. ഈ പോലീസിന് മതപരമായ മിഥ്യാഭിമാനത്താല്‍ വിജൃംഭിതരായ ഹിന്ദുത്വവാദികളുടെ മനസ്സാണ്. അതാണ് ലേഖനം ഉന്നയിക്കുന്ന പ്രശ്നവും.

secular politics said...

“സ്വന്തം മക്കളുടെ സമാധാനമോര്‍ത്ത് പ്രശ്നം കേസാക്കാതെ ഒരു ദുര്‍വിധിയെന്ന് സമാധാനിക്കുകയാണ് പതിവ്.“
പ്രണയമോ പ്രണയേതരമോ ആയ കാരണങ്ങളാല്‍ ഒരാള്‍ മതം മാറാന്‍ തീരുമാനിച്ചാല്‍ അത് അയാളുടെ വ്യക്തിപരമായ തീരുമാനമാണ് എന്നു കാണാന്‍ മക്കള്‍ തങ്ങളുടെ സ്വകാര്യസ്വത്താണെന്ന് വിശ്വസിക്കുന്ന, അവരുടെ വ്യക്തിത്വത്തെ അംഗീകരിക്കാത്ത അച്ഛനമ്മമാര്‍ക്ക് കഴിയില്ല. അവര്‍ക്ക് അതൊരുപക്ഷേ നിര്‍ബന്ധിതപരിവര്‍ത്തനമായി തോന്നിയേക്കാം. അതിനു കാരണവും മേല്പറഞ്ഞ മിഥ്യാഭിമാനം തന്നെ.

“ഇസ്ലാം മതാനുയായികള്‍ പന്നി പെറുന്നതുപോലെ പെറ്റുകൂട്ടണമെന്ന് മത നിര്‍ദ്ദേശങ്ങളുണ്ടായിരുന്നു.അതിനും നിര്‍ദ്ദേശിച്ചവരെക്കുറിച്ചുള്ള തെളിവൊന്നും ലഭിക്കണമെന്നില്ല.പക്ഷേ ഒരോ വീട്ടിലും കുറഞ്ഞത് അര ഡസന്‍ കുട്ടികളെങ്കിലും ഉണ്ടെന്ന് കാണാവുന്നതാണ്. പ്രത്യേകിച്ച് ജമാ അത്തെ ഇസ്ലാമി,എന്‍.ഡി.എഫ്.അനുഭാവമുള്ളവരുടെ വീടുകളില്‍.“
ഈയൊരു മനോഭാവത്തിന്റെ കാരണമെന്തെന്നറിയാന്‍ ലേഖനത്തില്‍ സൂചിപ്പിച്ച ജി പി രാമചന്ദ്രന്റെ ലേഖനം മനസ്സിരുത്തിയൊന്ന് വായിച്ചാല്‍ മതി.

മതന്യൂനപക്ഷങ്ങളെ താറടിക്കാന്‍ കച്ചകെട്ടിയിരിക്കുന്ന ഹിന്ദുത്വവാദികള്‍ അതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകളെ പൊതുവെ വിളിക്കുന്ന പേരാണ് പ്രീണനമെന്നും കപടമതേതരവാദമെന്നുമൊക്കെ.ഹിന്ദുയുവതികളെ പ്രണയിക്കുന്ന അന്യമതസ്ഥരെ ചെറുക്കുന്ന അതേ മനോഭാവത്തോടെയാണ് സവര്‍ണ്ണയുവതികളെ പ്രണയിക്കുന്ന ദളിതയുവാക്കളെയും നേരിടുന്നതെന്ന് താങ്കള്‍ ഓര്‍ത്താല്‍ നന്ന്.
തൊട്ടുമുന്‍പത്തെ ലേഖനത്തില്‍ സൂചിപ്പിച്ചതുപൊലെ മിശ്രവിവാഹങ്ങളെ മുഴുവന്‍ ചെറുക്കാന്‍ യാഥാസ്ഥിതികത നാളെ ഉപയോഗിക്കാന്‍ പോകുന്ന ആയുധമാവും ഈ വിവാദം എന്നത് സവര്‍ണ്ണമേധാവിത്വത്തിനെതിരെ ശക്തമായ നിലപാടുകള്‍ എടുത്തിട്ടുള്ള ഒരു വ്യക്തിയെന്ന നിലയില്‍ താങ്കള്‍ തിരിച്ചറിയേണ്ടതിണ്ട്.

secular politics said...

സത,
എന്താണീ അധാര്‍മികമായ മതം മാറ്റം?
സ്വന്തം ഇഷ്ടപ്രകാരമുള്ള മതമ്മാറ്റം ഒരു വ്യക്തിയുടെ പൌരാവകാശമാണ്. സ്വേച്ഛപ്രകാരമല്ലെങ്കില്‍ അത് കുറ്റകൃത്യവും.ഇതിനിടയിലെവിടെയാണ് ഈ അധാര്‍മികമായ മതം മാറ്റം?
അന്യമതസ്ഥര്‍ ഹിന്ദുമതം സ്വീകരിക്കുകയാണെങ്കില്‍ അത് ധാര്‍മികമായ മതം മാറ്റവും മറിച്ചാണെങ്കില്‍ അത് അധാര്‍മികമായ മതം മാറ്റവും എന്നാണെങ്കില്‍ സുഹൃത്തേ...നല്ല നമസ്കാരം...
മതം മാറ്റലും തിരിച്ച് മാറ്റലുമൊന്നും സെക്കുലറിസ്റ്റുകളുടെ പണിയല്ല. അതിനു വേണ്ടി തെരുവിലിറങ്ങുന്നതും കാഹളം മുഴക്കുന്നതും ആരാണെന്ന് സമീപകാല പത്രമാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും.

മുക്കുവന്‍ said...

അന്യമതസ്ഥര്‍ ഹിന്ദുമതം സ്വീകരിക്കുകയാണെങ്കില്‍ അത് ധാര്‍മികമായ മതം മാറ്റവും മറിച്ചാണെങ്കില്‍ അത് അധാര്‍മികമായ മതം മാറ്റവും എന്നാണെങ്കില്‍ സുഹൃത്തേ...നല്ല നമസ്കാരം....


അതാണു ശരി.. അമൃതാനന്ദമയി..സത്യസായി ബാബാ.. രവിശങ്കർ എന്നിവർക്ക് പുറം നാട്ടിൽ നിന്ന് ഒരു ഭക്തൻ വരെ ഇല്ലാ.... അവിടെ നിയമം കൊണ്ട് വരുമോ ആവോ?

...പ്രേമിക്കുന്നവനു ഇത് മുൻപേ അറിയാവുന്നതല്ലേ....

അല്ല എന്തിനീ മതം മാറണം? കുളത്തിൽ നിന്ന് കടലിലേക്ക് ചാടണോ?

Anonymous said...

എന്താണ് അധാര്‍മ്മിക മതം മാറ്റം എന്ന് താങ്കള്‍ ചോദിക്കുമ്പോള്‍ തന്നെ മതം മാറ്റാന്‍ സംഘടിത മതങ്ങള്‍ കാട്ടുന്ന വൃത്തികേടുകള്‍ ഒന്നും അറിയില്ല എന്ന് സമ്മതിക്കുന്നു.. ഇതൊക്കെ അറിയാതെ ആണോ സുഹൃത്തേ ലേഖനങ്ങള്‍ എഴുതുന്നത്‌?
എന്റെ അവസാന പോസ്റ്റ്‌ വായിക്കുമല്ലോ.. അതില്‍ മതം മാറ്റാന്‍ എന്തെല്ലാം പണികള്‍ മതങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് ചെറുതായെങ്കിലും പരാമര്‍ശിക്കുന്നുണ്ട്..
പണം കൊടുത്തും സഹായം കൊടുത്തും പാവപ്പെട്ടവരേയും ഒക്കെ ചാക്കില്‍ ആക്കുന്നതും അവന്റെ വിശാസങ്ങളെയും ഒക്കെ അവഹേളിക്കുന്ന രീതിയില്‍ പബ്ലിക്കായി പോലും പ്രസംഗങ്ങള്‍ വരെ നടത്തുന്നു.. വിവരമില്ലാത്തവര്‍ ആണെങ്കില്‍ കണ്കെട്ട് പോലും പ്രയോഗിക്കും.. അവര്‍ക്കൊക്കെ എങ്ങനെയും പാവങ്ങളെ സ്വന്തം വിശ്വാസത്തില്‍ എത്തിച്ചു 'രക്ഷപെടുത്തണമല്ലോ'!!
ഇനി ഒരു ഗുടായിപ്പും ചെയ്തില്ലേലും വലിയ എണ്ണത്തില്‍ ജനങ്ങളെ മതം മാറ്റുമ്പോള്‍ ആ സമൂഹത്തില്‍ സ്പര്‍ധ വര്‍ധിക്കും.. എന്തിനു ഇതൊക്കെ? സ്വന്തം ഇഷ്ട്ടതോടെ മതത്തില്‍ ആകൃഷ്ട്ടരായാല്‍ മതം മാറുന്നതിനെ ആരും എതിര്‍ക്കുന്നില്ല.. മിശ്ര വിവാഹം നടത്തുന്നവര്‍ മതം മാറിയാലും എതിര്‍പ്പില്ല.. എന്നാല്‍ എന്തും മതം മാറ്റിക്കാനുള്ള മറയാക്കുന്ന ആര്‍ക്കും അതിനു സൗകര്യം ചെയ്തു കൊടുക്കാന്‍ കഴിയാത്ത വിധം നിയമം കൊണ്ടുവന്നാല്‍ ആരുടെ മതേതരം ആണ് തകരുക?

മനോഹര്‍ മാണിക്കത്ത് said...

സ്നേഹവും, പ്രണയവുമെല്ലാം വര്‍ഗ്ഗീകരിക്കപ്പെടുന്നത് ഇന്നത്തെ പുതിയ കാഴ്ചകള്‍. ഒരു മുസ്‌ലിം ഹിന്ദുവിന് കൈ കൊടുത്താല്‍ ആ കൈകള്‍ വെട്ടിമാറ്റാന്‍ വര്‍ഗ്ഗീയക്കോമരങ്ങള്‍ പാഞ്ഞടുക്കുന്നു. വ്യത്യസ്ത മതത്തിലുള്ള സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ സംസാരിച്ചാല്‍ അതിനെ നേരിടാന്‍ പുതിയ രാക്ഷസസേന ഇറങ്ങിയിരിക്കുന്നു. മുസ്‌ലിം യുവാവ് മറ്റു മതത്തിലുള്ള പെണ്‍കുട്ടിയെ പ്രണയിച്ചാല്‍ അത് ലൌ ജിഹാദാണെന്ന്, (മലയാള ഭാഷക്ക് പുതിയ വാക്കുകള്‍) നമുക്കെല്ലാം തോന്നാവുന്ന സൌഹൃദവും,
സ്നേഹവും പ്രണയവുമെല്ലാം വര്‍ഗ്ഗീയമാവുകയാണ്.
എല്ലാത്തിനും നിയമം കൊണ്ട് തടയിടുക. അതും കൊള്ളാം

secular politics said...

മുക്കുവാ,
താങ്കള്‍ എന്താണുദ്ദേശിക്കുന്നതെന്ന് മനസ്സിലായില്ല.
മതം മാറുന്നതെന്തിന് എന്നു ചോദിച്ചാല്‍ അതിന് ഓരോരുത്തര്‍ക്കും അവരുടേതായ കാരണങ്ങളുണ്ടാവും. അതില്‍ മറ്റാര്‍ക്കും പരാതിയോ കെറുവോ ഉണ്ടായിട്ട് കാര്യമില്ല. ഇക്കാര്യത്തില്‍ എന്റെ നിലപാട് വ്യക്തമായി ലേഖനത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്.

secular politics said...

സത,
ലേഖനമെഴുത്തും വായനയും വായിപ്പിക്കലും ഒക്കെ തുടങ്ങുന്നതിനു മുന്‍പ് കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ ഒരു മിനിമം ധാരണയുണ്ടാക്കുന്നത് നന്നായിരിക്കും(പറയുന്നത് കള്ളമാണെന്നറിഞ്ഞുകൊണ്ടുള്ള പ്രചാരവേലയല്ലെങ്കില്‍).
മതം മാറ്റലും മതം മാറലും രണ്ടാണ്. എന്ത് പ്രലോഭനങ്ങള്‍ ആരോപിച്ചാലും നിലനില്‍ക്കുന്ന മതത്തില്‍നിന്ന് നീതി കിട്ടാത്തവരാണ് മറ്റു മതങ്ങള്‍ വാഗ്ദാനം ചെയ്തത് സ്വീകരിച്ചുകൊണ്ട് മതം മാറുന്നത്. അതുകൊണ്ടു തന്നെ അത് മതം മാറ്റലല്ല. എന്ത് ചൂഷണവും പീഢനങ്ങളുമുണ്ടായാലും അതൊക്കെ സഹിച്ചുകൊണ്ട് അവന്‍ അതില്‍തന്നെ തുടരണമെന്ന് പുറത്തുനിന്ന് ശഠിക്കുന്നത് മനുഷ്യാവകാശങ്ങളെക്കുറിച്ച് ബോധമുള്ള ഒരു സമൂഹത്തില്‍ വിലപ്പോവില്ല. എന്നെ ഒരു മനുഷ്യനായിപ്പോലും പരിഗണിക്കാത്ത ഒരു മതത്തില്‍നിന്ന് ഞാന്‍ എനിക്ക് തോന്നുന്ന മതത്തിലേക്ക് മാറും. അതുകണ്ട് ‘സ്പര്‍ധ’യുണ്ടായി തെരുവിലേക്കിറങ്ങുന്നവരെ നേരിടാനാണ് ഒരു പരിഷ്കൃതസമൂഹത്തില്‍ നിയമം ഉണ്ടാവേണ്ടത്. കാരണം ഏതൊരു വ്യക്തിയേയും തന്റേതായ കാരണങ്ങളാല്‍ മതം മാറാന്‍ ഇവിടത്തെ മതേതരഭരണഘടന അനുവദിക്കുന്നുണ്ട്.
‘സ്വന്തം ഇഷ്ട്ടതോടെ മതത്തില്‍ ആകൃഷ്ട്ടരായാല്‍ മതം മാറുന്നതിനെ ആരും എതിര്‍ക്കുന്നില്ല.. മിശ്ര വിവാഹം നടത്തുന്നവര്‍ മതം മാറിയാലും എതിര്‍പ്പില്ല.. എന്നാല്‍ എന്തും മതം മാറ്റിക്കാനുള്ള മറയാക്കുന്ന ആര്‍ക്കും അതിനു സൗകര്യം ചെയ്തു കൊടുക്കാന്‍ കഴിയാത്ത വിധം നിയമം കൊണ്ടുവന്നാല്‍ ആരുടെ മതേതരം ആണ് തകരുക?’
ആരെന്ത് മറയാക്കിയാലും മതം മാറാനുള്ള തീരുമാനം സ്വേച്ഛപ്രകാരം ഒരാള്‍ എടുത്തതായിരിക്കുന്നേടത്തോളം കാലം അതില്‍ മറ്റൊരാള്‍ അസ്വസ്ഥനായിട്ട് കാര്യമില്ല. അത്തരം അസ്വാസ്ഥ്യങ്ങള്‍ക്ക് പിന്നിലുള്ള മതാഭിമാനത്തില്‍ ഊന്നിയുള്ള ഹിന്ദുത്വാജണ്ട വാക്കുകള്‍ കൊണ്ട് എത്ര മലക്കം മറിഞ്ഞാലും പുറത്തുവരിക തന്നെ ചെയ്യും. ഇത് അടിസ്ഥാനപരമായി ഒരു മനുഷ്യാവകാശപ്രശ്നമാണ്. ഹിന്ദുത്വവാദികളുടെ കുപ്രചരണങ്ങള്‍ക്ക് വശംവദരായി നിയമനിര്‍മാണംനടത്താന്‍ തുനിഞ്ഞാല്‍ അതില്ലാതാക്കുക ഭരണഘടന അഭിമാനപൂര്‍വം ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വമായിരിക്കും. അതാരുടെ മതേതരത്വം എന്നു ചോദിച്ചിട്ട് കാര്യമില്ല,ഒരു മൌലികവാദിക്കും അതിനുള്ള മറുപടി മനസ്സിലാവില്ല.

നഗ്നന്‍ said...

തങ്ങളുടെ മതത്തിലെ എത്ര പെൺകുട്ടികൾ പ്രേമം വഴി മറ്റേ മതത്തിലോട്ട് ഒലിച്ചുപ്പോയെന്ന് കൂലങ്കഷമായി ചിന്തിച്ചവശരാകുന്ന
മഹാന്മാരുടെ മാനസികാവസ്ഥയെയൊന്നു ധ്യാനിച്ചാൽമാത്രം മതി അവരെ തീവ്രമായൊന്ന് വെളിപ്പെട്ടുകിട്ടുവാ‍ൻ.

chithrakaran:ചിത്രകാരന്‍ said...

പ്രിയ സത,
3000ത്തിനും 4000ത്തിനും ഇടയില്‍ ഹിന്ദു-ക്രൈസ്തവ പെണ്‍കുട്ടികള്‍ ഇസ്ലാം മതത്തിലേക്ക് ഈ കാലയളവില്‍ മതം മാറിയതിന് തെളിവുണ്ടെങ്കില്‍ ലൌ ജിഹാദ് എന്നൊരു മത വ്യാപന തന്ത്രം ആസൂത്രിതമായി നടപ്പാക്കപ്പെടുന്നുണ്ടെന്ന് വിശ്വസിക്കുന്നതില്‍ അപാകതയില്ല. കേസുകളൊന്നും വേണ്ട. അങ്ങനെ മതം മാറിയവരുടെ വസ്തുനിഷ്ടമായ കണക്കുകള്‍ (ദംബതികളുടെ പേരും,സ്ഥലവും,മതം മാറിയ തിയ്യതിയും മതമ്മാറ്റ സ്ഥാപനത്തിന്റെ പേരും) മത സംഘടനകള്‍ക്കോ,പോലീസിനോ സംഘടിപ്പിക്കാനായെങ്കില്‍ നമ്മുടെ സമൂഹത്തില്‍ ലൌ ജിഹാദെന്നപേരില്‍ ഒരു മതയുദ്ധം സത്യത്തില്‍ നടക്കുന്നുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാമായിരുന്നു.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

പ്രിയ മതേതര രാഷ്ട്രീയക്കാരാ...

ഇവിടെ പ്രണയത്തിനെ മതത്തിന്റെ മേലങ്കിയിൽ അണിയിച്ചൊരുക്കാനുള്ള ശ്രമം ആരു തന്നെ നടത്തിയാലും പ്രതിഷേധാർഹമാണു. പക്ഷെ, ഒന്നു ചോദിച്ചോട്ടെ, പ്രണയിനിക്കൊപ്പം അവളുടെ കൂട്ടുകാരിയേയും കടത്തിക്കൊണ്ട് പോയി മതം മാറ്റുന്ന ‘പ്രണയം’ ഏതു വകുപ്പിലാ? ഞാൻ സ്നേഹിക്കുന്ന് പെൺകുട്ടിക്കു ഞാൻ പ്രേമലേഖനം അല്ലെ കൊടുക്കുക. അല്ലാതെ ഭഗവത്ഗീതയും രാമായണവുമല്ല..(തമാശ ;)) ഒരു വിവാഹത്തിന്റെ പേരിൽ മതം മാറ്റപ്പെടുന്നതു സ്വാഭാവികപ്രക്രിയമാത്രമായിരിക്കാം.. പക്ഷെ ആസൂത്രിതമായ പ്രക്രിയകളിലൂടെ വിശുദ്ധമായ പ്രണയത്തിലും വിഷം കലർത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന ഇത്തരം പ്രവർത്തനങ്ങൾ തടഞ്ഞില്ലെങ്കിൽ അപകടം തന്നെയല്ലേ..

പിന്നെ ഒരു സംഭവം (3 ആഴ്ചമുന്നെ എന്റെ നാട്ടിൽ- കൊടുങ്ങല്ലൂരിൽ- സംഭവിച്ചതു..)ചൂണ്ടിക്കാണിക്കട്ടെ..
----------------------------------------
മേത്തല എൽത്തുരുത്ത് ശിവദാസന്റെ മകൾ സജ്ന ആത്മഹത്യ ചെയ്തു. അവർ ചെയ്ത തെറ്റ് ഒരു മതഭ്രാന്തനെ (ഇസ്ലാമിനെ എന്നു പറയാൻ ആഗ്രഹിക്കുന്നില്ല..കാരണം ബന്ധങ്ങളിൽ മതമൌലികവാദത്തിന്റെ വിഷം പുരട്ടാത്ത അനേകം ഇസ്ലാമിക സുഹൃത്തുക്കൾ എനിക്കുണ്ട്.),ആനാപ്പുഴ പുതുപ്പള്ളി നാസറിനെ വിവാഹം കഴിച്ചതായിരുന്നു.. പ്രണയം നടിച്ചു വിവാഹം കഴിച്ചതിന്റെ തൊട്ടടുത്ത നാൾ മുതൽ അദ്ദേഹവും മാതാവു സുബൈദയും സജ്നയെ പീഡിപ്പിക്കൽ തുടങ്ങി.. നാസർ ക്രൂരമായി മർദ്ദിക്കുമായിരുന്നു.. പ്രണയത്തിന്റെ വിശുദ്ധിയെക്കുറിച്ച് ഇന്നു ഘോരഘോരം പ്രസംഗിക്കുന്നവർ ഇതൊന്നും കാണില്ലല്ലോ.

‘തന്നെ നിരന്തരം മതം മാറാൻ നിർബന്ധിക്കുകയും മർദ്ദിക്കുകയും ചെയ്യുന്നതിൽ മനം നൊന്ത് ആത്മഹത്യ ചെയ്യുന്നു”എന്ന് കുറിപ്പ് എഴുതി വച്ച് അവർ ആത്മഹത്യ ചെയ്തു. അധികകാലം മുന്നല്ല..രണ്ട് ആഴ്ച്ച മുൻപ്.

വിശ്വാസം മാറാൻ സമ്മതിക്കാത്ത സ്വന്തം ഭാര്യയെപോലും മർദ്ദിച്ചു കൊല്ലാൻ ലവലേശം മടിയില്ലാത്ത ഈ വർഗീയവിഷങ്ങളെ വെള്ളപൂശാൻ മതമൌലികവാദസംഘടനകൾ എത്ര പോസ്റ്ററിറക്കിയിട്ടും കാര്യമില്ല..വിശ്വാസം മുറുകെപ്പിടിക്കാൻ ശ്രമിച്ച ഒരു യുവതിക്കു വന്ന ഗതി കണ്ടില്ലേ..
-----------------------------------------------

ഇതൊക്കെ ഒറ്റപ്പെട്ട സംഭവമായിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം..

Anonymous said...

ചിത്രകാരന്‍,

ഇവിടുത്തെ മതേതരം ഒന്നാന്തരം 916 മാറ്റുള്ളതാണെന്നു തോന്നിയത് കൊണ്ടാണ് വീണ്ടും വരാന്‍ വൈകിയത്..
ദാ http://jifaas.blogspot.com/2009/12/blog-post_11.html ഇതൊന്നു നോക്കൂ.. അതില്‍ ഒരു ലിസ്റ്റ് കൊടുത്തിട്ടുണ്ട്‌.. എന്തായാലും വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ വന്ന ശേഷം ഒരു വ്യക്തത വരുത്താം എന്നാ നിലപാടില്‍ ആണ് ഞാന്‍. അതെ സമയം, അങ്ങനെ ഒന്നും നടക്കില്ല.. എന്ന് ഉറപ്പിച്ചു വാദിക്കുന്നവരോട് "നിങ്ങള്‍ക്കെങ്ങനെ അറിയാം?" എന്ന ചോദ്യം ചോദിക്കും, കാരണം ഡി ജി പ്പിയും കോടതിയും ഒക്കെ വര്‍ഗീയവാദികള്‍ ആവില്ലല്ലോ..

മുജീബ് കെ .പട്ടേൽ said...

ചിത്രകാര൯ വിവേചനബുദ്ധിയില്ലാതെ സംസാരിക്കുന്നു.

മനോഹര്‍ മാണിക്കത്ത് said...

ഇതിലെയൊക്കെ രാഷ്ട്രീയം മനസ്സിലാവണമെങ്കില്‍
കണക്കുകള്‍ മാത്രം പോരാ പ്രവീണേ...
ഇവിടേയാണ് നമ്മള്‍ നമ്മളാവേണ്ടതിന്റെ ആവശ്യകത
ഇപ്പോള്‍ വേണ്ടത്
ജനാധിപത്യ പ്രസ്ഥാനങ്ങളുടെ
നിരന്തരമായ ഇടപെടലുകളാണ്
അല്ലാതെ ഒറ്റപ്പെട്ട സംഭവങ്ങള്‍ കണ്ടെത്തി
ആ മത വിഭാഗത്തെ തിരഞ് പിടിച്ച്
ആക്രമിക്കുന്ന രീതി ശരിയാണോയെന്നതാണ്
ഈ ചര്‍ച്ചക്കാതാരം

CKLatheef said...

പ്രിയ സത,

വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ വന്ന ശേഷം വ്യക്തത വരുത്തണം എന്ന നിലപാടില്‍ തന്നെ നില്‍ക്കണം ട്ടോ. സത ലിസ്റ്റ് മാത്രമേ കണ്ടിട്ടുള്ളൂ. അതിന് ശേഷം എഴുതിയത് വായിച്ചിട്ടില്ലെന്ന് തോന്നുന്നു. കര്‍ണാടക പോലീസും കേരളപോലീസുമെല്ലാം റിപ്പോര്‍ട്ട് നല്‍കിയല്ലോ. ഇനി ആരാണാവോ വിശ്വസനീയമായ റിപ്പോര്‍ട്ടിന്റെ ഉറവിടം.

മനോഹര്‍ മാണിക്കത്ത് said...

പോലീസ് മനപ്പൂര്‍വ്വം കെട്ടിചമച്ച കേസാണിതെന്നും
ഒരു സമുദായത്തെ മാത്രം കേന്ദ്രീകരിച്ച് അന്യേഷണം
നടത്തുകയാണ് ഉണ്ടായതെന്നും ഹൈക്കോടതി
കണ്ടെത്തിയത് ഈ അവസരത്തില്‍ പ്രധാന്യ മര്‍ഹിക്കുന്നു.
ജസ്റ്റീസ് എം, ശശിധരന്‍ നമ്പ്യാര്‍ കണ്ടെത്തിയ
ഈ നീരീക്ഷണത്തിനോടൊപ്പം നില്‍ക്കുന്ന ഈ ലേഖനം
ഈ അവസരത്തില്‍ പ്രധാന്യമര്‍ഹിക്കുന്നു
ഇതുപോലുള്ള ഇടപെടലുകള്‍
തുടരുക എന്നതായിരിക്കണം ഈ ബ്ലോഗിന്റെ ധര്‍മ്മവും

പാം‌യു said...

ആളുകൾ കൊഴിയുന്നതിനനുസരിച്ച്‌ ദൈവങ്ങളുടെ ശക്തിയും കുറയുമെന്ന് പേടിച്ചിട്ടായിരിയ്ക്കും എല്ലാ മതങ്ങളും സ്വന്തം ആളുകളെ കെട്ടിയിട്ടിരിയ്ക്കുന്നത്‌. അതുപോലെ ആളെകൂട്ടിയാൽ ദൈവങ്ങൾക്ക്‌ ശക്തി കൂടുമെന്നുള്ള ധാരണയാലാകാം ആളുകളെ വശീകരിയ്ക്കാനും ശ്രമം (അങ്ങിനെ നടക്കുന്നുണ്ടെങ്കിൽ)നടക്കുന്നത്‌. രണ്ടും സ്വന്തം ദൈവങ്ങളുടെ സ്വത്വത്തെ വരിയുടക്കുന്നതിനു സമാനമായ 'പുണ്യ'കർമ്മം തന്നെ.

secular politics said...

പ്രവീണേ,
കാമുകിയുടെ കൂട്ടുകാരിയെയെന്നല്ല, കാമുകിയെത്തന്നെയായാലും നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും അതിനെ ആ നിലയ്ക്ക് നേരിടേണ്ടതുണ്ടെന്നും അതിനുള്ള വ്യവസ്ഥകള്‍ നമ്മുടെ നിയമത്തിലുണ്ടെന്നും ലേഖനത്തിലും കമന്റുകളിലുമായി പലവട്ടം വ്യക്തമാക്കിയതാണ്. ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം അതല്ല. താങ്കള്‍ പറഞ്ഞ കേസിലെ ആത്മഹത്യ ചെയ്ത പെണ്‍കുട്ടി എന്തുകൊണ്ടാണ് പോലീസിനെ സമീപിക്കാതിരുന്നത് എന്നാണ് അന്വേഷിക്കേണ്ടത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇരുപക്ഷത്തു നിന്നും ഉയര്‍ത്തിക്കാണിക്കാവുന്നതാണ്. വ്യത്യസ്തമായ കാരണങ്ങളാല്‍ നടക്കുന്ന സ്ത്രീപീഢനങ്ങളുടെയും മനുഷ്യാവകാശലംഘനങ്ങളുടെയും പോലും മതപരമായ അനുബന്ധം മാത്രം കാണുന്ന കണ്ണുകളെ കാവി ബാധിച്ചിരിക്കുന്നുവെന്നേ പറയാനുള്ളൂ.

Joker said...

ഒരു മതം ഒരു ജനതക്ക് പട്ടിണീയും, അവശതയും, അവഗണനയും, ഉച്ചനീചത്വങ്ങളും സമ്മാനിച്ചപ്പോള്‍ അവര്‍ തിരിച്ച് ചിന്തിച്ചു മറ്റു മതങ്ങളിലേക്ക് ചേക്കേറി. ചെറുമനും, പുലയനും, ചണ്ഡാളനും, മുക്കുവനും,തോട്ടിയും എന്നു വേണ്ട തുല്യരയ ചോരയും നീരുമുള്ള മനുഷ്യരായിരുന്നിട്ടും ജനങ്ങളെ ജാതികളും ഉപജാതികളും ആക്കി തിരിച്ചു. സവര്‍ണന് വീട്ടു വേല ചെയ്യാനും,അവര്‍ക്ക് സുരതം ചെയ്യാനുമുള്ള ഉപകരണങ്ങളായി അവര്‍ണന്‍ മാറി. ഈ വ്യവസ്ഥിതിക്ക് ഇതിന് സംസകാരം‍ എന്ന് പേരിട്ടു വിളിച്ചു. പൊറുതി മുട്ടിയ ജനം മറ്റ് മതങ്ങളിലേക്ക് മാറി തുടങ്ങി. തോന്നിവാസത്തിനും ഉച്ച നീചത്വങ്ങള്‍ക്കും തങ്ങള്‍ തയ്യാറല്ല എന്നായിരുന്നു ജനങ്ങളുടെ ഈ മാറ്റത്തിന് പിന്നിലെ മനോ ധര്‍മം. പട്ടിണീ മാറ്റാന്‍ ഭക്ഷണവും, വിദ്യഭ്യാസവും നല്‍കിയായിരുന്നു ഇവരെ ഒരു കൂട്ടര്‍ ആഘര്‍ഷിച്ചത്. ഇതിന് പ്രലോഭനം വഴിയുള്ള മത പരിവര്‍ത്തനം എന്ന് ആര്‍ഷ ഭാരതക്കാര്‍ ലേബലൊട്ടിച്ചു. എന്നാല്‍ ഈ പട്ടിണീ മാറ്റാനും , വിദ്യാബ്യാസം നല്‍കാനും ഇവര്‍ക്ക് കഴിഞ്ഞില്ല. ഇത് കിട്ടും വിധം ജനങ്ങള്‍ മാറിയപ്പോള്‍ അത് വര്‍ഗീയതയായി. ആര്‍സ്ജ ഭരതം സ്വതന്ത്ര മതം എന്നൊക്കെ പ്രസംഗിച്ചും നടന്നവര്‍ തനി സ്വഭാവം കാണിച്ചും. അവര്‍ണനും സവര്‍ണനും ജാത്യാചാരങ്ങളും ഇല്ലാ‍തെ ഹിന്ദുമതമില്ല. എന്ന സത്യം സനാതനക്കാര്‍ ഞെട്ടലോടെയാണ് മനസ്സിലാക്കിയത്. സവര്‍ണണ്ടെ വഴിയിലൂടെ നടന്ന അവര്‍ണ ബാലികയെ തീയിലെറിഞ്ഞത്. ഇന്ത്യയില്‍ ഈയടുത്താണ്. മാനസികവും ഭൌതികവുമായ അടിമതത്തത്തിനുള്ള മോചനം സനാതന ധര്‍മത്തില്‍ നിന്നും രക്ഷപ്പെടലാണെന്ന് മനസ്സിലാകിയവര്‍ പുതിയ മതങ്ങളിലേക്ക് മാറുന്നു. അങ്ങനെ വംശ നാശം സംഭവിച്ചു പോകുമോ എന്ന് സംശയിച്ച ഹിന്ദു സനാതനക്കാര്‍ തട്ടിക്കൂട്ടിയ പുതിയ പ്രോപ്പണ്ഡയായിരുന്നു. ലൌ ജിഹാദ്. എപ്പോഴും എന്തിനോടും ദേശീയത് കൂട്ടി ചേര്‍ത്താല്‍ അതിന് വല്ലാത്തൊരു മാര്‍ക്കറ്റ് കിട്ടും എന്ന് തിരിച്ചറിഞ്ഞവര്‍. പ്രേമം നടിച്ച് , മതം മാറ്റി, പര്‍ദ്ദയിടീച്ച്, ആളുകള്‍ക്ക് കാഴ്ചവെക്കുകയും , ജിഹാദികളാക്കി റിക്രൂട്ട് ചെയ്യുന്നു എന്നൂ പറാഞ്ഞുണ്ടാക്കി. കേരളത്തിലെ സ്ത്രീകള്‍ വെറും ‘ഞരമ്പുകള്‍’ എന്ന രീതിയിലായിരുന്നു പ്രചാരണങ്ങള്‍. മുസ്ലിം യുവാവ് ബൈക്കും ചുരിദാറും കാണിക്കുമ്പോള്‍ ഉടനെ പിന്നില്‍ കയറി പോകണമെങ്കില്‍ പെണ്ണ് ഞരമ്പായിരിക്കണമല്ലോ. 4000 യുവതികളെ ഇങ്ങനെ മതം മാറ്റി എന്ന് കുറെ മാധ്യമ നുണയന്‍ കമ്പനികള്‍ പറാണ്‍ഊണ്ടാക്കി.

പ്രമാദമായ ലൌ ജിഹാദ് കേസിലെ സില്‍ജ എന്ന പെണ്‍കുട്ടിയെ ലൌ ജിഹാദില്‍ പെടുത്തി എന്ന കേസില്‍ മാധ്യമ കമ്പനികള്‍ക്ക് വല്ലാത്ത ആഘോഷമായിരുന്നു. എന്നാല്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയത് എന്ന് പറഞ്ഞപ്പോഴും കോടാതി കേസ് തള്ളിയപ്പോഴും ആ വാര്‍ത്ത കൊടുക്കാനോ, അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനോ ഈ മാധ്യമങ്ങള്‍ ഒന്നും തയ്യാറായില്ല.

ഇപ്പോഴും പലരും 4000 കേസുകളില്‍ അള്ളിപ്പിടിച്ച് ഇരിപ്പാണ്. അതിന് കുഴലൂതാന്‍ കുറെ അവര്‍ണ വര്‍ഗ്ഗീയ പി ആര്‍ ഒ മാരും കൊണ്ടു പിടിച്ച് നടപ്പാണ്. അവസാനം വന്ന കോടതി വിധിയും ലൌ ജിഹാദ് ആരോപണങ്ങള്‍ക്ക് എതിരാ‍ണെന്ന് മനസ്സിലായപ്പോഴെങ്കിലും ഇതിലെ സത്യാവസ്ഥ മനസ്സിലാക്കാന്‍ ഈ പുണ്യ വാളന്‍മാര്‍ ശ്രമിക്കേണ്ടതായിരുന്നു. ലൌ ജിഹാദില്‍ മത നിരോധന നിയമം ചുട്ടെടുക്കാം എന്ന് കരുതിയവര്‍ക്ക് ഒരു ഇരുട്ടടിയായി കോടതി വിധി. ചില കൊടും വര്‍ഗ്ഗീയ വാദികള്‍ ആര്യം സമാജം വഴി ഹിന്ദുമതം സ്വീകരിക്കുന്ന കാര്യം അറിയുകയേ ഇല്ല എന്ന കള്ളത്തരങ്ങളുമായി നടാപ്പാണ്. അല്ലാത്തവര്‍ സംഭവങ്ങള്‍ഊടെ നിച സ്ഥിതി പുറത്ത് കൊണ്ടുവന്ന പത്രങ്ങള്‍ ‘ഭീകരവാദം ‘ പ്രോത്സാഹിപ്പിക്കുന്ന പത്രങ്ങളാണ് എന്ന് പറഞ്ഞു വാലിന് തീപ്പിടിച്ച് നടപ്പാണ്.

എല്ലാത്തിനും അവസാനം മുസ്ലിംഗളും , ഇടാത് പക്ഷവും ദേശസ്നേഹം തീരെ ഇല്ലാത്തവരായതിനാല്‍ ലൌ ജിഹാദ് സംഭവത്തില്‍ അവര്‍ ഒന്നിച്ചു എന്നും പറഞ്ഞ് ഇപ്പോള്‍ ഓടി നടക്കുകയാണ്. ദേശ സുരക്ഷയാണല്ലോ പ്രശ്നം. എന്ത് പ്രശ്നമുണ്ടാകുമ്പോഴും വിദേശ ബന്ധം ആരോപിക്കുന്ന വര്‍ഗ്ഗീയ വാദികളുടെ ഉന്നം മരുഭൂമിയില്‍ പോയി അധ്വാനിച്ച് മാസാ മാസം കേരളത്തിലേക്ക് അയക്കുന്ന പണാം അയക്കുന്ന പ്രവാസികളെയാണ് അതില്‍ ഭൂരിപക്ഷം മുസ്ലിംഗളെയും. ഇവര്‍ അവിടം വിട്ട് പോന്നാല്‍ ഈ പറയുന്നവര്‍ അണ്ണക്കിലേക്ക് വെള്ളം ഇറക്കില്ലെന്ന് ഇവര്‍ ആലോചിക്കില്ല അത് ആലോചിക്കാനുള്ള തലച്ചോറ് ഇവര്‍ക്കില്ല തലയില്‍ വര്‍ഗീയതയും, മനസ്സില്‍ ഉന്മദവുമാണ്.

ഇവരുടെയൊക്കെ മനസ്സില്‍ ആരോ ഇറ്റിച്ചു കൊടുത്ത വര്‍ഗ്ഗീയ വിഷം മുസല്‍മാന് ദേശസ്നേഹമില്ല എന്നാണല്ലോ. അത് ദഹിച്ച് വിമ്മിഷടപ്പെടുമ്പോള്‍ ഓക്കാനിക്കുന്നതാണ് ഇത്തരം വാദങ്ങള്‍. ഈ അസുഖവും ക്യമി കടികള്‍ക്കുമുള്ള ശിക്ഷ കാലം നിശ്ചയിക്കും.

secular politics said...

ജോക്കര്‍,
‘ലൌ ജിഹാദില്‍ മത നിരോധന നിയമം ചുട്ടെടുക്കാം എന്ന് കരുതിയവര്‍ക്ക് ഒരു ഇരുട്ടടിയായി കോടതി വിധി.’
ലൌ ജിഹാദ് വിവാദത്തിനുപിന്നിലുള്ള അജണ്ട മതനിരോധനനിയമം അല്ല, മതം മാറ്റനിരോധനനിയമമാണ്. അത് അപകടകരവും എതിര്‍ക്കപ്പെടേണ്ടതുമാണ്. എന്തുകൊണ്ടെന്നാല്‍ അത് പരോക്ഷമായാണെങ്കിലും ലക്ഷ്യം വെക്കുന്നത് ഏകപക്ഷീയവും ബഹുസ്വരതയെ അംഗീകരിക്കാത്തതുമായ മതരാഷ്ട്രത്തിന്റെ നിര്‍മ്മിതിയാണ്.

Joker said...

റിവേഴ്സ് ഗിയര്‍

ഞാന്‍ ഉദ്ദേശിച്ചതും മതം മാറ്റ നിരോധന നിയമം എന്ന് തന്നെയാണ്. ടൈപ്പിംഗ് പിശക് പറ്റിയതാണ്. തെറ്റ് ചൂണ്ടികാണിച്ചതിന് നന്ദി. “ഏകപക്ഷീയവും ബഹുസ്വരതയെ അംഗീകരിക്കാത്തതുമായ മതരാഷ്ട്രത്തിന്റെ നിര്‍മ്മിതി‘ എന്ന് പറഞ്ഞാല്‍ സനാതന ഹിന്ദു രാഷ്ട്രം. അല്ലെ ?

secular politics said...

ജോക്കര്‍,
ഏകപക്ഷീയവും ബഹുസ്വരതയെ അംഗീകരിക്കാത്തതുമായ മതരാഷ്ട്രത്തിന്റെ നിര്‍മ്മിതി എന്നു പറഞ്ഞാല്‍ സനാതനഹിന്ദുരാഷ്ട്രമുള്‍പ്പെടെയുള്ള എല്ലാ മതരാഷ്ട്രങ്ങളും എന്നാണുദ്ദേശിച്ചത്.