Thursday, February 25, 2010

ആള്‍ദൈവങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യശാസ്ത്രവും (തുടര്‍ച്ച)

ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം ഇവിടെ വായിക്കാം.

ആത്മീയ ആള്‍ദൈവങ്ങള്‍ക്കപ്പുറം പ്രത്യക്ഷവും സത്വരവുമായ പ്രതിഫലനങ്ങള്‍ ഒരു ജനാധിപത്യസമൂഹത്തില്‍ ഉളവാക്കാന്‍ പോന്നവരാണ് രാഷ്ട്രീയ ആള്‍ദൈവങ്ങള്‍. കാരണം അവര്‍ പ്രതിപ്രവര്‍ത്തിക്കുന്നത് ഒരു ജനാധിപത്യവ്യവസ്ഥ അതിന്റെ നിലനില്‍പ്പിനായി ആശ്രയിക്കുന്ന ആ സമൂഹത്തിന്റെ ജനാധിപത്യ രാഷ്ട്രീയ ബോധങ്ങള്‍ക്കുമേലാണ് എന്നതുതന്നെ. തത്വത്തിലെങ്കിലും ജനങ്ങള്‍ അധികാരം കൈയാളുന്ന, നാം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ഉദാത്തമെന്ന് വിശേഷിപ്പിക്കാവുന്ന ഈ പങ്കാളിത്ത ഭരണവ്യവസ്ഥ അതിന്റെ ആത്മനാശത്തിനുള്ള ഒരൊറ്റ പഴുതേ പേറുന്നുള്ളൂ, അത് അധികാരിയായ ജനസമൂഹത്തിന്റെ അരാഷ്ട്രീയവല്‍ക്കരണമെന്ന സാധ്യതയാണ്. അതിലേക്കാണ് നമ്മുടെ ജനാധിപത്യത്തിലിന്ന് ഏറിവരുന്ന രാഷ്ട്രീയ ആള്‍ദൈവങ്ങള്‍ വിരല്‍ ചൂണ്ടുന്നതും.

ജനാധിപത്യം അതിന്റെ രക്ഷകരായി കാണുന്നത് ജനങ്ങളെയും ജനകീയാടിത്തറയുള്ള പ്രസ്ഥാനങ്ങളെയുമാണ്, വ്യക്തികളെയല്ല. ഇത്തരം ജനാധിപത്യപ്രസ്ഥാനങ്ങള്‍ ജനമധ്യേ വിശകലനം ചെയ്യപ്പെടേണ്ടതും വിലയിരുത്തപ്പെടേണ്ടതും അവ ആന്തരികമായ ഒരു ജനാധിപത്യത്തിലൂടെ രൂപപ്പെടുത്തിയെടുക്കുന്ന നയങ്ങളുടെയും നിലപാടുകളുടെയും ദര്‍ശനങ്ങളുടെയും അടിസ്ഥാനത്തിലും. ജനകീയപ്രസ്ഥാനങ്ങളുടെ നയരൂപീകരണത്തിലും പ്രവര്‍ത്തനത്തിലും ഉണ്ടായിരിക്കേണ്ട ജനാധിപത്യം കൂടി ഉള്‍ച്ചേരുന്നതാണ് ഉള്‍പ്പാര്‍ട്ടിജനാധിപത്യം എന്ന വിശാലസംജ്ഞ. ഇതുതന്നെയാണ് ഓരോ ജനകീയപ്രസ്ഥാനത്തിന്റെയും പ്രത്യയശാസ്ത്ര അടിത്തറയെത്തന്നെ കാലാകാലങ്ങളില്‍ വ്യാപിപ്പിക്കുകയും ഉറപ്പിക്കുകയും ചെയ്യേണ്ടത്. മതപ്രത്യയശാസ്ത്രങ്ങള്‍ ദൈവത്തിലുള്ള അചഞ്ചല വിശ്വാസത്തെയാണ് മുന്നോട്ടുവെക്കുന്നതെങ്കില്‍ രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങള്‍ മനുഷ്യനിലുള്ള അചഞ്ചലവിശ്വാസത്തെയാണ് പ്രതിനിധീ‍കരിക്കുന്നത്. അതുകൊണ്ടാണ് അത് ജൈവമായിരിക്കുന്നത്. പ്രത്യയശാസ്ത്രങ്ങളുടെ കാലം കഴിഞ്ഞുവെന്ന് പറയുന്നത് ഒരര്‍ത്ഥത്തില്‍ മനുഷ്യന്റെ കാലം കഴിഞ്ഞുവെന്ന് പറയുന്നതുപോലെ ഒരസംബന്ധമാവുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ മരണം പ്രഖ്യാപിക്കുന്നത് മനുഷ്യന്റെ രാഷ്ട്രീയ അസ്തിത്വത്തിന്റെ മരണം കൂടിയാണ്. ഇതുതന്നെയാണ് രാഷ്ട്രീയ ആള്‍ദൈവങ്ങളും മുന്നോട്ടുവെക്കുന്നത്. ഇനി നിങ്ങള്‍ക്കും നിങ്ങളുടെ പ്രസ്ഥാനങ്ങള്‍ക്കും ഒന്നും ചെയ്യാനില്ല, എല്ലാറ്റിനും എന്നിലേക്ക് ഉറ്റുനോക്കുക എന്നതല്ലാതെ!

ഒരു ജനാധിപത്യരാഷ്ട്രം ഭരിക്കേണ്ടത് പ്രസ്ഥാനങ്ങളോ അവയുള്‍പ്പെടുന്ന മുന്നണികളോ ആണ്, വ്യക്തികളല്ല. ഇന്ത്യ ഭരിക്കുന്നത് മന്മോഹന്‍സിങ്ങെന്ന വ്യക്തിയല്ല, യു പി എയാണ്. കേരളം ഭരിക്കുന്നത് അച്ചുതാനന്ദനല്ല, എല്‍ ഡി എഫാണ്. പ്രസ്ഥാനങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും അപ്പുറത്തേക്ക് ഞാനാണ് പ്രസ്ഥാനം, ഞാന്‍ തന്നെ പ്രത്യയശാസ്ത്രവും എന്ന് ധരിക്കും വിധം വ്യക്തികളെ വളര്‍ത്തുന്നത് ഒരു സമൂഹത്തെ കൊണ്ടെത്തിക്കുക സ്വാതന്ത്ര്യവും അവകാശങ്ങളുമുള്‍പ്പെടെ എല്ലാം നിഷേധിക്കപ്പെടുന്ന ഒരു സാമൂഹ്യാവസ്ഥയിലേക്കാവാം എന്നതിന് നിരവധി തെളിവുകള്‍ ചരിത്രത്തില്‍ കണ്ടെത്താനാവും. ജനകീയ പ്രസ്ഥാനങ്ങള്‍ക്കുമേല്‍ മാത്രമേ ജനങ്ങള്‍ക്ക് നിയന്ത്രണാധികാരമുള്ളൂ, വ്യക്തികള്‍ക്കുമേല്‍ അതില്ല. അതുകൊണ്ടുതന്നെയാണ് പ്രസ്ഥാനത്തിനുമപ്പുറത്തേക്കുള്ള ഒരു വ്യക്തിയുടെ വളര്‍ച്ച ആ പ്രസ്ഥാനത്തെതെന്നെ തകര്‍ക്കുമെന്നു പറയുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്സിന്റെ ചരിത്രം പരിശോധിച്ചാല്‍ അത് അതിന്റെ ജനകീയ അടിത്തറ കെട്ടിപ്പടുത്തിരിക്കുന്നത് ഒരു ജനകീയപ്രത്യയശാസ്ത്രത്തിലപ്പുറം വ്യക്തികളില്‍ കേന്ദ്രീകരിച്ചാണെന്നു കാണാം. നെഹ്രുകുടുംബത്തിന്റെ അപ്രമാദിത്വത്തിന്റെ തണലില്ലാത്തപ്പോഴൊക്കെ അതിലേക്ക് കടന്നുവരുന്ന അരാജകത്വം തന്നെ ഇതിനു തെളീവ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സില്‍ പ്രസ്ഥാനത്തിനും പ്രത്യയശാസ്ത്രത്തിനും അപ്പുറത്തേക്ക് വളര്‍ന്നുനില്‍ക്കുന്ന വിരാട് രൂപങ്ങളെ കാലാകാലങ്ങളില്‍ കണ്ടെത്താനാവും. അടിയന്തിരാവസ്ഥക്കാലത്ത് ഇന്ത്യ ഭരിച്ചിരുന്നത് കോണ്‍ഗ്രസ്സെന്ന രാഷ്ട്രീയപ്രസ്ഥാനത്തിലുപരി ഇന്ദിരാഗാന്ധിയെന്ന ഉരുക്കുവനിതയായിരുന്നു. അവര്‍ക്കുമേല്‍ അവരുടെ പ്രസ്ഥാനത്തിനോ പ്രത്യയശാസ്ത്രത്തിനോ അന്നെങ്കിലും നിയന്ത്രണാധികാരമില്ലായിരുന്നു(മറിച്ചാണെന്ന് ഇന്ന് പറയണമെങ്കില്‍ ചരിത്രത്തെയും വസ്തുതകളെയും തത്വദീക്ഷയില്ലാതെ വളച്ചൊടിക്കണം, അല്ലെങ്കില്‍ കോണ്‍ഗ്രസ്സിന്റെ പ്രത്യയശാസ്ത്രം ഫാസിസത്തിന്റേതു കൂടിയാണെന്ന് സമ്മതിക്കണം). അതിന് കോണ്‍ഗ്രസ്സിനെ വോട്ട് ചെയ്ത് ജയിപ്പിച്ച ജനത കൊടുക്കേണ്ടിവന്ന വിലയെന്തായിരുന്നുവെന്ന് നമുക്കറിയാം. ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തെ വളര്‍ത്തിയെടുക്കുന്ന അവധാനതയോടെ തന്റെ രാഷ്ട്രീയപ്രതിച്ഛായയെ വളര്‍ത്തിയെടുക്കുന്ന രാഹുല്‍ഗാന്ധിയും അയാളില്‍ എല്ലാ പ്രതീക്ഷകളും അര്‍പ്പിച്ചിരിക്കുന്ന പ്രസ്ഥാനവും ഒരു നല്ലപങ്ക് ജനതയും ആ പഴയ അപകടത്തിലേക്കുതന്നെ വീണ്ടും നടന്നെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സ്റ്റാറ്റ്യൂട്ടറി റേഷനിംഗ് സംവിധാനം ഘട്ടംഘട്ടമായി തകര്‍ക്കുകയും അതിലൂടെ ഇന്ന് സാധാരണക്കാരുടെ വയറ്റത്തടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയെയാണ് ഇതേ ‘സാധാരണക്കാര്‍’ മുണ്ട് മുറുക്കിയുടുത്ത് രക്ഷകായെന്ന് ആര്‍ത്തുവിളിക്കുന്നത്. ഇവിടെ സംഭവിക്കുന്നത് തങ്ങള്‍ക്കുകൂടി പങ്കാളിത്തവും നിയന്ത്രണാധികാരവുമുള്ള രാഷ്ട്രീയപ്രത്യയശാസ്ത്രം പിറകിലേക്ക് തള്ളിമാറ്റപ്പെടുകയും ഒരു മനുഷ്യന്റെ മാന്ത്രികവ്യക്തിത്വത്തിലേക്ക് ആ ജനതതന്നെ കുടുങ്ങിപ്പോവുകയുമാണ്.

കേരളത്തില്‍ അച്ചുതാനന്ദനെന്ന ജനനേതാവിനെയും മുഖ്യമന്ത്രിയെയും ഈയൊരു വീക്ഷണകോണില്‍നിന്ന് വെവ്വേറെ പരിശോധിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. അച്ചുതാനന്ദന്‍ നയിച്ച ജനകീയസമരങ്ങള്‍ ഒരു വ്യക്തിയുടെ ധര്‍മ്മസമരങ്ങളായിരുന്നില്ല. അതിനുപിന്നില്‍ ഒരു പ്രത്യയശാസ്ത്രവും പ്രസ്ഥാനവുമുണ്ടായിരുന്നു. പക്ഷേ ഇടക്കാലത്തെങ്കിലും നമ്മള്‍ അതിനെ കണ്ടത് വ്യക്തികേന്ദ്രീകൃതമായായിരുന്നു. അത്തരമൊരു മായക്കാഴ്ചയുടെ സൃഷ്ടിക്കും പ്രചാരത്തിനും പിന്നില്‍ നമ്മുടെ കോര്‍പ്പറേറ്റ്മാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹം മുഖ്യമന്ത്രിയായതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. ഇതിനോടകം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞ പാര്‍ട്ടിക്കും മുന്നണിക്കുമപ്പുറമുള്ള തന്റെ പ്രതിച്ഛായയെ ഉന്മത്തമായി ആസ്വദിക്കുന്ന ഒരു ഭരണാധികാരിയെയാണ് പിന്നെ നാം കണ്ടത്. ഇതുകൊണ്ടൊക്കെ സര്‍ക്കാരിനും അതിന്റെ തലവനായ മുഖ്യമന്ത്രിക്കും ഉണ്ടായ നേട്ടമോ? ഇതുണ്ടാക്കിയ ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനു ചെയ്യാനായ കാര്യങ്ങള്‍ പോലും ജനങ്ങളിലേക്കെത്തിക്കാനാവാത്ത അവസ്ഥയും! .

ഒരു രാഷ്ട്രീയവ്യവസ്ഥയായ സ്റ്റേറ്റിനെ അരാഷ്ട്രീയമായി പുനസംഘടിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ വ്യത്യസ്തമേഖലകളില്‍ സജീവമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ക്ഷേമരാഷ്ട്രമെന്ന സങ്കല്പം തന്നെ ഘട്ടംഘട്ടമായി ഇല്ലാതാവുകയും ഭരണകൂടം അത്തരം ചുമതലകള്‍ ഒന്നൊന്നായി രാഷ്ട്രീയേതരസന്നദ്ധസംഘടനകളിലേക്ക് കൈയൊഴിയുകയും ചെയ്യുന്നു. ഭരണമെന്നത് പോലീസിന്റെയും പട്ടാളത്തിന്റെയും നടത്തിപ്പായി ചുരുക്കണമെന്ന ലോകബാങ്ക് തിട്ടൂരങ്ങള്‍ നടപ്പാക്കാന്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധിതമാവുന്നു. കോര്‍പ്പറേറ്റ് മൂലധനശക്തികളുടെ താല്പര്യത്തിനനുസരിച്ച് ഒരു ജനതയുടെ രാഷ്ട്രീയം തന്നെ പുനര്‍നിര്‍മിക്കപ്പെടുന്ന അവസ്ഥ. ഇതിനായി അവരുപയോഗിക്കുന്ന ഉപകരണമാവട്ടെ മതാന്ധത, യുക്തിരാഹിത്യം, യാഥാസ്ഥിതികത, വ്യക്തികേന്ദ്രീകരണം, അരാഷ്ട്രീയവല്‍ക്കരണം തുടങ്ങിയ ജീര്‍ണ്ണതകള്‍ക്കൊക്കെ ബൌദ്ധികപരിവേഷം ചാര്‍ത്തിക്കൊടുക്കുന്ന ഉത്തരാധുനികപ്രത്യയശാസ്ത്രവും. സമഗ്രതയെന്ന ആശയംതന്നെ അപ്രായോഗികമെന്ന് മുദ്രകുത്തി മാറ്റിവെക്കപ്പെടുന്നതോടെ കേവലം പ്രശ്നാധിഷ്ഠിതം മാത്രമായി ചുരുങ്ങിപ്പോവുന്ന ഒരു വീക്ഷണകോണില്‍നിന്ന് എന്തും ന്യായീകരിക്കപ്പെടാവുന്ന ഒരവസ്ഥ സംജാതമാവുന്നു. ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ പേരില്‍ അമൃതാനന്ദമയിയടക്കമുള്ള ആള്‍ദൈവങ്ങള്‍ ന്യായീകരിക്കപ്പെടുന്നത് ഇങ്ങനെയാണ്. മന്ത്രവാദമുള്‍പ്പെടെയുള്ള സാമൂഹ്യതിന്മകളൊന്നും, അവ നിലനില്‍ക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നതുകൊണ്ടുതന്നെ തള്ളിക്കളയാനാവുന്നവയല്ലെന്ന് തുടങ്ങുന്ന വാദം ചെന്നുനില്‍ക്കുന്നത് അഥര്‍വവേദം സര്‍വകലാശാലകളില്‍ പാഠ്യവിഷയമാക്കണമെന്ന ആവശ്യത്തിലാണ്! ജ്യോതിഷം, വാസ്തുശാസ്ത്രം തുടങ്ങിയവക്കൊക്കെ ഇന്നു കിട്ടുന്ന അംഗീകാരവും അതിന്മേലുള്ള കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും ഒക്കെ സൂചിപ്പിക്കുന്നത് ഇന്നത്തെ ഈ സാമൂഹ്യാവസ്ഥ സാന്ദര്‍ഭികമായി ഉണ്ടായതല്ല, ഉല്പാദിപ്പിക്കപ്പെട്ടതുതന്നെയാണ് എന്നാണ്. ഇതില്‍ പ്രത്യക്ഷമോ പരോക്ഷമോ ആയി കോര്‍പ്പറേറ്റ് മൂലധനശക്തികളാല്‍ സ്പോണ്‍സര്‍ ചെയ്യപ്പെടുന്ന മത-രാഷ്ട്രീയ ആള്‍ദൈവങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്സീമവും.

1 comment:

നന്ദന said...

ഞാൻ വിചാരിച്ചു ആൾ ദൈവങ്ങൾ എന്നുദ്ദേശിക്കുന്നത് മാതാ ശ്രീ ശ്രീ ബാബകളേ കുറിച്ചായിരിക്കുമെന്ന്, പക്ഷെ ഇതൊരു രാഷ്ട്രീയ പകപോക്കാലായോ??