Tuesday, November 30, 2010

ഷാഹിന കേസ്: ജനാധിപത്യത്തിന് ഒരു താക്കീത്

ഏഷ്യാനെറ്റിന്റെ മുന്‍ റിപ്പോര്‍ട്ടറും ഇപ്പോള്‍ തെഹല്‍കയുടെ ദക്ഷിണേന്ത്യന്‍ ലേഖികയുമായ കെ കെ ഷാഹിനക്കെതിരെ ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതി മദനിക്കെതിരായ സാക്ഷികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചുകൊണ്ട് കര്‍ണാടക പോലീസ് കേസെടുത്തു എന്ന വാര്‍ത്ത മാതൃഭൂമി പത്രം റിപ്പോര്‍ട്ടു ചെയ്തത് ഇക്കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതിയാണ്. ആ വാര്‍ത്തയിലെ ശരിതെറ്റുകളും വരികള്‍ക്കിടയിലെ നിക്ഷിപ്ത താല്പര്യങ്ങളും നമുക്ക് ഒടുവില്‍ ചര്‍ച്ച ചെയ്യാം. ഭരണകൂടങ്ങളുടെയും പോലീസുള്‍പ്പെടെയുള്ള ഭരണകൂട ഉപകരണങ്ങളുടെയും ഭാഷ്യങ്ങള്‍ക്കപ്പുറം കാര്യങ്ങളുടെ നിജസ്ഥിതി അറിയുകയെന്ന പൌരന്റെ ജനാധിപത്യ അവകാശത്തിന്മേലും അതിന് അവനെ സഹായിക്കുന്ന മാധ്യമങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്മേലും നടക്കുന്ന കടന്നുകയറ്റങ്ങള്‍ ആദ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ഇവിടെ ഷാഹിന ശ്രമിച്ചത് യുക്തിയുള്ള ആര്‍ക്കും പ്രഥമദൃഷ്ട്യാ മനസ്സിലാവും വിധം വ്യക്തമായ ചില പൊരുത്തക്കേടുകള്‍ പൊലീസ് മദനിക്കെതിരായ കേസ് കൈകാര്യം ചെയ്തതില്‍ കണ്ടതുകൊണ്ട് സ്വതന്ത്രമായ ഒരു അന്വേഷണം നടത്താനാണ്. അത് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളിലൊന്നായ പത്രസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. പൊലീസ് ഹാജരാക്കിയ ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പല സാക്ഷിമൊഴികളും കൃത്രിമമാണ് എന്ന ആരോപണം നിലനില്‍ക്കുന്നു. കൊച്ചിയില്‍ മദനി താമസിച്ചിരുന്ന വാടകവീട്ടിന്റെ ഉടമസ്ഥനായ ജോസ് വര്‍ഗീസിന്റേതായി പൊലീസ് ഉള്‍ക്കൊള്ളിച്ച മൊഴി തന്റേതല്ലെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നല്‍കിയ കേസ് കോടതിയുടെ പരിഗണനയിലാണ്. മദനിയുടെ സഹോദരന്റേതായി ചേര്‍ക്കപ്പെട്ട മൊഴി വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹവും കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പൊലീസിന്റെ അന്വേഷണം നിഷ്പക്ഷമല്ലെന്നും അവര്‍ക്ക് അതിലെന്തൊക്കെയോ താല്പര്യങ്ങളുണ്ടെന്നും കാണാന്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ മൂന്നാം കണ്ണൊന്നും വേണ്ട എന്നിരിക്കെ ഷാഹിന മദനിക്കേസില്‍ തല്പരയായത് എന്തുകൊണ്ട് എന്നതിന് ഒരുപാട് വിശദീകരണമൊന്നും വേണ്ടെന്ന് തോന്നുന്നു.

കേസിലെ രണ്ട് നിര്‍ണായകസാക്ഷികളായ യോഗാനന്ദയെയും റഫീക്കിനെയും നേരിട്ടുകണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ഷാഹിന കുടകിലെത്തിയത്. പൊലീസെടുത്ത കേസാവട്ടെ സാക്ഷികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും. സാക്ഷികളുടെ പരാതിപ്രകാരമാണോ നടപടിയെന്ന ചോദ്യത്തിന് അവര്‍ക്ക് മറുപടിയില്ല. കുടകില്‍ വെച്ച് മദനിയെ കണ്ടുവെന്ന് പറയപ്പെടുന്ന യോഗാനന്ദ താന്‍ മദനിക്കെതിരായ കേസില്‍ സാക്ഷിയാണെന്ന് അറിയുന്നതു തന്നെ ഇപ്പോഴാണെന്ന് ഷാഹിന തെഹല്‍കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, റഫീക്ക് കടുത്ത മര്‍ദ്ദനത്തെയും തീവ്രവാദക്കേസില്‍ പ്രതിയാക്കുമെന്ന ഭീഷണിയെയും തുടര്‍ന്നാണ് അധികാരികള്‍ കല്പിച്ച മൊഴിയില്‍ ഒപ്പുവെച്ചതെന്നും. അധികാരത്തിനും ഭരണകൂടത്തിനും എതിരേയുള്ള ഇത്തരം വെളിപ്പെടുത്തലുകള്‍ മാറുന്നതും വീണ്ടും മാറുന്നതും ‘ഐസ്ക്രീം പാര്‍ലര്‍ കേസ്’ തൊട്ട്, ഒരുപക്ഷേ അതിനും മുന്‍പേ നമുക്ക് പരിചയമുള്ളതാണ്; ഇനിയും മാറിയേക്കാം . പക്ഷേ അപ്പൊഴും ഷാഹിന കുറെ പീ ഡി പി പ്രവര്‍ത്തകരേയും കൂട്ടി നടത്തിയ ഭീഷണിയുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍ ഉണ്ടായതെന്ന് അന്നും വിശ്വസിക്കാന്‍ അവരുടെ നാളിതുവരെയുള്ള മാധ്യമജീവിതം കണ്ടുപരിചയമുള്ളവര്‍ക്ക് അസാദ്ധ്യമായിരിക്കും .കാരണം കണ്ണടയല്ല, തിമിരമില്ലായ്മയാണ്. അതറിയാവുന്ന പൊലീസിന്റെ പ്രകോപനത്തിനും, അവര്‍ ചെലുത്തിയ ‘സമ്മര്‍ദ്ദ’ത്തിനും വേറെ കാരണമൊന്നും തിരയേണ്ടല്ലോ.

മദനിയുടേതുള്‍പ്പെടെയുള്ള നിരവധി തീവ്രവാദ കേസുകളില്‍ പൊലീസ് നടത്തിയതും നടത്തിവരുന്നതുമായ അന്വേഷണങ്ങളിലെ പൊരുത്തക്കേടുകളും വൈരുദ്ധ്യങ്ങളും വിരല്‍ ചൂണ്ടുന്നത് എന്തിലേക്കാണ്? തീവ്രവാദമെന്ന ഭീഷണിയെ ഫലപ്രദമായി നേരിടുന്നതിലും വേരോളമെത്തി അതിനെ പറിച്ചുമാറ്റുന്നതിലും നമ്മുടെ ഭരണകൂടങ്ങള്‍ പരാജയപ്പെടുന്നുവെന്നതിനേക്കാള്‍ അവര്‍ക്കതില്‍ താല്പര്യമില്ല എന്നതല്ലേ വാസ്തവം? നാം ചര്‍ച്ച ചെയ്യുന്ന കേസില്‍ മദനി കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും പൊതുസമൂഹത്തിന്റെ മുന്നില്‍ താന്‍ ഇരയാക്കപ്പെടുകയാണ് എന്ന വാദം അയാള്‍ക്ക് നിഷ്പ്രയാസം മുന്നോട്ടുകൊണ്ടുപോകാനാവും. അതിനയാള്‍ക്ക് നിരത്താന്‍ നിരവധി വസ്തുതകള്‍ പൊലീസ് തന്നെ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. വേണ്ടത്ര സൂക്ഷ്മതയും അവധാനതയും ഇല്ലാതെ മുന്‍ വിധികളുടെയോ മുന്‍ കൂര്‍‍ അജണ്ടകളുടെയോ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന അന്വേഷണങ്ങള്‍ കുറ്റവാളികളിലേക്ക് എത്തുകയില്ല എന്ന് മാത്രമല്ല, എന്തിനെ ചെറുക്കാനാണോ ശ്രമിക്കുന്നത് അതിനു തന്നെ വളമായി തീരുകയും ചെയ്യും.

ഇസ്ലാം = തീവ്രവാദം എന്ന സമവാക്യത്തിന്റെ ഇന്ത്യയിലെ മുഖ്യപ്രയോക്താക്കള്‍ സംഘപരിവാര്‍ ശക്തികളാണ്. തീവ്രവാദത്തിനെതിരെ നടക്കുന്ന പല അന്വേഷണങ്ങളും തീവ്രവാദികളിലേക്കുള്ള വഴിയില്‍നിന്ന് അറിഞ്ഞോ അറിയാതെയോ തെറ്റി മേല്പറഞ്ഞ സമവാക്യത്തെയും അതിന്റെ ഇരകളെയും മാത്രം നിരന്തരം ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഓരോ മുസ്ലിം നാമധാരിയും അവന്റെ/ളുടെ പ്രത്യക്ഷ വൈയക്തിക അനുഭവങ്ങള്‍ക്കപ്പുറം ഇര എന്നൊരു പൊതുബോധത്തിലേക്ക് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ വെച്ചും പടിയിറക്കി വിടപ്പെടുന്നു എന്നത് സംഘി സ്പോണ്‍സേര്‍ഡ് ദേശാഭിമാന-രാജ്യസ്നേഹ രോഗങ്ങള്‍ക്കപ്പുറം ആരോഗ്യകരമായ ജനാധിപത്യബോധം വെച്ച് പുലര്‍ത്തുന്ന മനുഷ്യരെയൊക്കെ ഒരുപോലെ വ്യാകുലപ്പെടുത്തേണ്ടതാണ്. ഷാഹിനക്കെതിരെ കര്‍ണാടക പൊലീസ് എടുത്ത കേസ് ഉണര്‍ത്തുന്ന നിരവധി ആശങ്കകളില്‍ ഒന്ന് തീര്‍ച്ചയായും അതു തന്നെ.

ഇസ്ലാമിനെ മുഖ്യശത്രുവായി കണ്ടുകൊണ്ടുള്ള ഹിന്ദുത്വവാദികളുടെ പ്രചാരവേലക്ക് അവരുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ഇതിനോടൊപ്പമാണ് അന്നുതൊട്ടേ‍ അവര്‍ രാജ്യസ്നേഹത്തെയും ഘടിപ്പിച്ചിരിക്കുന്നത്. മുംബൈ ആക്രമണമുള്‍പ്പെടെയുള്ള ദേശീയദുരന്തങ്ങള്‍ തീവ്രവാദമെന്ന അടിയന്തിരഭീഷണിക്കപ്പുറം ഇസ്ലാമിക തീവ്രവാദമെന്ന കൂട്ടിവായനയിലേക്ക് മാത്രം ഒതുങ്ങിപ്പോയതിലും അതും കടന്ന് മുസ്ലിമായി പിറന്നവരുടെയൊക്കെ ദേശസ്നേഹം ഉരച്ചുനോക്കേണ്ടതുണ്ടെന്ന പതിവിലേക്ക് വളര്‍ന്നതിലും ഈ ദുഷ്പ്രേരിതമായ പഴഞ്ചന്‍ ഏച്ചുകെട്ടിന് വലിയ പങ്കുണ്ട്. എളുപ്പം ചിലവാകുന്ന ഒന്നെന്ന നിലയ്ക്ക് ബി ജെ പിയിതര ഭരണകൂടങ്ങള്‍ പോലും ഇത്തരം ഏച്ചുകെട്ടലുകളെയും കൂട്ടിവായനകളെയും ചെറുക്കുന്നതിനേക്കാള്‍ ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ ഇവയെയൊക്കെ ചെറുക്കാന്‍ ബാധ്യതപ്പെട്ട മാധ്യമങ്ങളില്‍ നിന്നെങ്കിലും വേറിട്ടുള്ളൊരു സമീപനം ‘സ്യൂഡോസെക്കുലറിസ്റ്റ്’ എന്ന ബഹുമതി (അദ്വാനി ഋണാത്മകമായ അര്‍ത്ഥത്തില്‍ ഉപയോഗിച്ച നാമവിശേഷണത്തെ ഒരു ജനാധിപത്യവിശ്വാസി ബഹുമതിയായല്ലെങ്കില്‍ പിന്നെ എങ്ങനെയാണെടുക്കേണ്ടത്?) പേറുന്ന മനുഷ്യര്‍ ആഗ്രഹിക്കും. ആ ആഗ്രഹത്തിന്റെ തകര്‍ച്ചയാണ് കാവിക്കണ്ണട വെച്ച മാതൃഭൂമി പോലുള്ള പത്രങ്ങളിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്.

ഷാഹിനക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തത് ഒരു വാര്‍ത്തയാണ്. ഒരു പത്രമെന്ന നിലയില്‍ മാതൃഭൂമി അത് നല്‍കണ്ടേ എന്ന ചോദ്യം പ്രസക്തവുമാണ്. പക്ഷേ അതിനുള്ള മറുപടി ‘മഅദനിക്കെതിരായ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം; അഞ്ചുപേര്‍ക്കെതിരെ കേസ്’ എന്ന തലക്കെട്ടു തൊട്ട് ‘സേ്ഫാടനപരമ്പരക്കേസിന്റെ വിചാരണ ഒരു മാസത്തിനുള്ളില്‍ ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ തുടങ്ങാനിരിക്കെയാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.’ എന്ന നിഗമനം വരെയുള്ള വരികള്‍ ചേര്‍ത്തു വായിച്ചെടുക്കണമെന്നു മാത്രം. മാധ്യമലോകത്തിന് ചിരപരിചിതയായ ഷാഹിനയെപ്പോലുള്ളൊരു പത്രപ്രവര്‍ത്തകയെ നിര്‍ദ്ദയം സംശയത്തിന്റെ നിഴലില്‍ ഉപേക്ഷിച്ചുകൊണ്ടുള്ള ഇത്തരമൊരു റിപ്പോര്‍ട്ട് ഒരു മുഖ്യധാരാ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത് അവരുടെ അജണ്ടകളെ തന്നെയാണ് സൂചിപ്പിക്കുന്നത്. അത് വെറും വിപണി താല്പര്യമാണോ അതിനപ്പുറമാണോ എന്നതിനെക്കുറിച്ച് സംശയമുള്ളവര്‍ക്ക് തര്‍ക്കിക്കാമെന്നു മാത്രം.

ഷാഹിനയുടെ വാക്കുകള്‍ക്കുമപ്പുറം ഈ കേസ് പൊലീസ് ചുട്ടെടുക്കുന്ന കഥകളെ അതുപോലെ വിഴുങ്ങാന്‍ തയ്യാറാവാത്ത ഒരു വ്യക്തിക്കോ പത്രപ്രവര്‍ത്തകസമൂഹത്തിനോ ഉള്ള ഒരു താക്കീത് മാത്രമല്ല, അത് മുഴുവന്‍ ജനാധിപത്യവിശ്വാസികള്‍ക്കുമുള്ള ഒരു താക്കീതാണ്. തങ്ങളുടെ ഭാഷ്യങ്ങളെ ചോദ്യം ചെയ്യാന്‍ മുതിരുന്നവരെ നിലയ്ക്കുനിര്‍ത്താന്‍ ‍ഇരുതല മൂര്‍ച്ചയുള്ള ആയുധങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും, വേണ്ടപ്പോള്‍ അവയെടുത്ത് പ്രയോഗിക്കുന്നതില്‍നിന്ന് തങ്ങളെ വിലക്കാന്‍ നിങ്ങള്‍ ജനാധിപത്യവിശ്വാസികള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ഈ വ്യവസ്ഥയിലും ആരുമുണ്ടാവില്ലെന്നും അധികാരം ജനാധിപത്യത്തിനു നല്‍കുന്ന താക്കീത്.

3 comments:

paarppidam said...

ചില മദനി ആരാധകരും മതത്തിന്റെ പേരില്‍ മദനിയെ സപ്പോര്‍ട് ചെയ്യുന്നവരും ഷാഹിന എന്ന പേരും ജനിച്ച മതവും ചേര്‍ത്ത് മദനിയ്ക്കൊപ്പം കൂട്ടിവെക്കുന്നതിന്റെ അജണ്ട ഷാഹിനയും അവര്‍ക്ക് പിന്തുണ നല്‍കുവാന്‍ തയ്യാറാകുന്നവരും ദയവായി തിരിച്ചറിയുക. എന്തിനെ പേരിലായാലും മദനിയ്ക്കൊപ്പം ചേര്‍ത്തുവെക്കുവാന്‍ ഉള്ളതല്ല ഷാഹിനയെന്ന മാധ്യമപ്രവര്‍ത്തകയുടേയും വ്യക്തിയുടേയും പേര്. ഇക്കാര്യത്തില്‍ മറ്റാരേക്കാളും ഷാഹിനയാണ് ജാഗ്രത പാലിക്കേണ്ടത്. മ്ദനിയെ മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധിയോട് ഉപമിച്ച വിഭാഗം ഒരു പക്ഷെ അവസരം ഒത്തുവന്നാല്‍ എം.കെ. ഗാന്ധിയും ഗോഡ്സേയും ഹിന്ദുക്കള്‍ ആയിരുന്നു എന്നും പറഞ്ഞേക്കാം. മദനിയേയും ഷാഹിനയേയും “മുസ്ലീം“ എന്ന ഒരു ഘടകത്തിലൂടെ ഉപമിക്കുവാന്‍ ശ്രമിക്കുന്നത് മേല്പറഞ്ഞ ഉപമയ്ക്കും അതീതമായിരിക്കും.

വിശാഖ് ശങ്കര്‍ said...

മദനിയും ഷാഹിനയും തമ്മിലൊരു താരതമ്യമായിരുന്നില്ല ഈ പോസ്റ്റിലെ വിഷയം എന്ന് തോന്നുന്നു.അത് അധികാരം ജനാധ്പത്യത്തെ തന്നെ അതിനെതിരായ് ഉപയോഗിക്കുന്നതിനെക്കുറിച്ചായിഒരുന്നു.മദനി തന്റെ ഭൂതകാലത്തിലെ തെറ്റുകള്‍ ഒരു പൊതുസമൂഹത്തിനുമുന്‍പില്‍ ഏറ്റുപറഞ്ഞ ആളാണ്.എന്നിട്ടും അയാളെ അയാളുടെ ഭൂതകാലം കൊണ്ട് വേട്ടയാടാന്‍ ഭരണകൂടം ശ്രമിക്കുന്നു.( ഒന്‍പതുവര്‍ഷം നീണ്ട ഒരു മനുഷ്യാവകാശലംഘനം കൊണ്ടും കലിയടങ്ങാതെ!)അതിനു വ്യാജമായ സാക്ഷികളേയും, തെളിവുകളേയും നിര്‍മ്മിക്കുന്നു.മറുപുറത്താവട്ടെ ഇതിലും വലിയ തെറ്റുകള്‍ ചെയ്തവരെ തൊടാന്‍ പോലും ആര്‍ജ്ജവമില്ലാതെ ഇതേ ഭരണകൂടവും പൊലീസുള്‍പ്പെടുയുള്ള അതിന്റെ ഉപകരണങ്ങളും നില്‍ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ജനാധിപത്യവിശ്വാസികളുടേതായ ഒരു സമൂഹം ആര്‍ക്കൊപ്പം നില്‍ക്കും എന്നതിനെക്കുറിച്ച് ഒരു ചര്‍ച്ച വന്നാലും അത് വിഷയത്തില്‍നിന്നുള്ളൊരു വ്യതിചലനമൊന്നും ആവില്ലെന്ന് തോന്നുന്നു.

വിശാഖ് ശങ്കര്‍ said...

മദനിയും ഷാഹിനയും തമ്മിലൊരു താരതമ്യമായിരുന്നില്ല ഈ പോസ്റ്റിലെ വിഷയം എന്ന് തോന്നുന്നു.അത് അധികാരം ജനാധ്പത്യത്തെ തന്നെ അതിനെതിരായ് ഉപയോഗിക്കുന്നതിനെക്കുറിച്ചായിഒരുന്നു.മദനി തന്റെ ഭൂതകാലത്തിലെ തെറ്റുകള്‍ ഒരു പൊതുസമൂഹത്തിനുമുന്‍പില്‍ ഏറ്റുപറഞ്ഞ ആളാണ്.എന്നിട്ടും അയാളെ അയാളുടെ ഭൂതകാലം കൊണ്ട് വേട്ടയാടാന്‍ ഭരണകൂടം ശ്രമിക്കുന്നു.( ഒന്‍പതുവര്‍ഷം നീണ്ട ഒരു മനുഷ്യാവകാശലംഘനം കൊണ്ടും കലിയടങ്ങാതെ!)അതിനു വ്യാജമായ സാക്ഷികളേയും, തെളിവുകളേയും നിര്‍മ്മിക്കുന്നു.മറുപുറത്താവട്ടെ ഇതിലും വലിയ തെറ്റുകള്‍ ചെയ്തവരെ തൊടാന്‍ പോലും ആര്‍ജ്ജവമില്ലാതെ ഇതേ ഭരണകൂടവും പൊലീസുള്‍പ്പെടുയുള്ള അതിന്റെ ഉപകരണങ്ങളും നില്‍ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ജനാധിപത്യവിശ്വാസികളുടേതായ ഒരു സമൂഹം ആര്‍ക്കൊപ്പം നില്‍ക്കും എന്നതിനെക്കുറിച്ച് ഒരു ചര്‍ച്ച വന്നാലും അത് വിഷയത്തില്‍നിന്നുള്ളൊരു വ്യതിചലനമൊന്നും ആവില്ലെന്ന് തോന്നുന്നു.